'മാ കാമാഖ്യ ദിവ്യ ലോക് പരിയോജന'യ്ക്ക് തറക്കല്ലിട്ടു
3400 കോടിയിലധികം രൂപയുടെ വിവിധ റോഡ് നവീകരണ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു
കായിക, വൈദ്യശാസ്ത്ര മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്ക് തറക്കല്ലിട്ടു
'കാമാഖ്യ മാതാവിന്റെ ദര്‍ശനത്തിനായി ഭക്തരുടെ വരവ് വര്‍ദ്ധിക്കുന്നതോടെ അസം വടക്കുകിഴക്കന്‍ മേഖലയിലെ വിനോദസഞ്ചാരത്തിന്റെ കവാടമായി മാറും'
'നമ്മുടെ നാഗരികതയുടെ ആയിരക്കണക്കിന് വര്‍ഷത്തെ യാത്രയുടെ മായാത്ത അടയാളങ്ങളാണ് നമ്മുടെ തീര്‍ത്ഥാടനങ്ങളും ക്ഷേത്രങ്ങളും വിശ്വാസ കേന്ദ്രങ്ങളും'
'ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ മുന്‍ഗണന ജീവിതം സുഗമമാക്കുക എന്നതാണ്'
'ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ വികസനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് പുതിയ പദ്ധതികള്‍ ആരംഭിക്കും'
'മോദിയുടെ ഉറപ്പ് എന്നാല്‍ പൂര്‍ത്തീകരണത്തിന്റെ ഉറപ്പാണ്'
'അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ വര്‍ഷം 11 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് ഗവണ്‍മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്'
'രാവും പകലും ജോലി ചെയ്യാനും താന്‍ നല്‍കുന്ന ഉറപ്പുകള്‍ നിറവേറ്റാനുമുള്ള ദൃഢനിശ്ചയം മോദിക്കുണ്ട്'
''ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും സന്തുഷ്ടവും സമൃദ്ധവുമായ ജീവിതം സൃഷ്ടിക്കുക, ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുക, 2047-ഓടെ ഇന്ത്യയെ വികസിത ഭാരതമാക്കി മാറ്റുക എന്നിവയാണ് ലക്ഷ്യം'

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

അസം ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സര്‍ബാനന്ദ സോനോവാള്‍ ജി, രാമേശ്വര്‍ തേലി ജി, അസം സര്‍ക്കാരിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, വിവിധ കൗണ്‍സിലുകളുടെ തലവന്മാര്‍, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!

നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍!

ഒരിക്കല്‍ കൂടി മാ കാമാഖ്യയുടെ അനുഗ്രഹത്തോടെ, അസമിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കാന്‍ ഞാന്‍ ഭാഗ്യവാനാണ്. 11,000 കോടി രൂപയുടെ പദ്ധതികളുടെ ശിലാസ്ഥാപനം/ ഉദ്ഘാടനം അല്‍പം മുമ്പ് നടന്നിരുന്നു. ഈ പദ്ധതികളെല്ലാം, അസം, നോര്‍ത്ത് ഈസ്റ്റ് എന്നിവയ്ക്കൊപ്പം ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളുമായും ബന്ധം ശക്തിപ്പെടുത്തും. ഈ പദ്ധതികള്‍ അസമിലെ ടൂറിസം മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കായിക പ്രതിഭകള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുകയും ചെയ്യും. ഈ പദ്ധതികള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും അസമിന്റെ പങ്ക് വിപുലീകരിക്കും. ഈ പദ്ധതികള്‍ക്ക് അസമിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും എന്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇന്നലെ വൈകുന്നേരമാണ് ഞാന്‍ ഇവിടെയെത്തിയത്, വഴിയിലുടനീളം ഗുവാഹത്തിയിലെ ജനങ്ങള്‍ എന്നെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു, കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരും എന്നെ അനുഗ്രഹിച്ചു, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങള്‍ ലക്ഷക്കണക്കിന് വിളക്കുകള്‍ കത്തിച്ചത് ഞാന്‍ ടിവിയില്‍ കണ്ടു. നിങ്ങളുടെ സ്‌നേഹവും വാത്സല്യവും എനിക്ക് വളരെ വിലപ്പെട്ട നിധിയാണ്. നിങ്ങളുടെ വാത്സല്യവും അനുഗ്രഹങ്ങളും എന്നെ നിരന്തരം ഊര്‍ജ്ജസ്വലനാക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ല.

 

സഹോദരീ സഹോദരന്മാരേ,

കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍, രാജ്യത്തിന്റെ പല പുണ്യസ്ഥലങ്ങളിലേക്കും ഒരു യാത്ര ആരംഭിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അയോധ്യയിലെ മഹത്തായ സംഭവത്തിന് ശേഷം, ഞാന്‍ ഇപ്പോള്‍ മാ കാമാഖ്യയുടെ വാതില്‍പ്പടിയിലാണ്. ഇന്ന്, മാ കാമാഖ്യ ദിവ്യ ലോക് പരിയോജനയ്ക്ക് തറക്കല്ലിടാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഈ ദിവ്യലോക് പദ്ധതിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് എന്നെ വിശദമായി അറിയിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തുനിന്നും ലോകമെമ്പാടുമുള്ള മാ കാമാഖ്യയുടെ ഭക്തര്‍ക്ക് അത് അളവറ്റ സന്തോഷം നല്‍കും. മാ കാമാഖ്യ ദിവ്യലോക് പരിയോജന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ എല്ലാ വര്‍ഷവും ഇവിടെയെത്താനാകും. മാ കാമാഖ്യയിലേക്കുള്ള തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരത്തിന്റെ കവാടമായി മാറുമെന്ന് എനിക്ക് കാണാന്‍ കഴിയും. ഇവിടെ വരുന്നവര്‍ മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ടൂറിസത്തിന് സംഭാവന നല്‍കും. ഒരു തരത്തില്‍ ഇത് ടൂറിസത്തിന്റെ കവാടമായി മാറും. ഇത്രയും വലിയൊരു പദ്ധതി ഈ ദിവ്യലോകുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മഹത്തായ പദ്ധതിക്ക് ഹിമന്ത ജിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, നമ്മുടെ ക്ഷേത്രങ്ങള്‍, നമ്മുടെ വിശ്വാസത്തിന്റെ ഇടങ്ങള്‍, എന്നിവ സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങള്‍ മാത്രമല്ല; ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ നാഗരികതയുടെ അനന്തമായ അടയാളങ്ങളാണ് അവ. എല്ലാ പ്രതിസന്ധികളെയും നേരിടാനുള്ള ഭാരതത്തിന്റെ കരുത്തിന് ഇവ സാക്ഷിയാണ്. ഒരു കാലത്ത് വളരെ സമ്പന്നമായിരുന്ന, ഇപ്പോള്‍ നാശത്തിലേക്ക് ചുരുങ്ങിപ്പോയ നാഗരികതകള്‍ നാം കണ്ടു. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം രാജ്യം ഭരിച്ചവരും ഈ പുണ്യസ്ഥലങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സ്വന്തം സംസ്‌കാരത്തെക്കുറിച്ച്, സ്വന്തം ഭൂതകാലത്തെക്കുറിച്ച് ലജ്ജിക്കുന്ന പ്രവണത അവര്‍ സ്ഥാപിച്ചു. ഒരു രാജ്യത്തിനും അതിന്റെ ഭൂതകാലം മായ്ച്ചു കളഞ്ഞോ, മറന്നുകൊണ്ടോ, വേരുകള്‍ വെട്ടിക്കളഞ്ഞുകൊണ്ടോ ഒരിക്കലും വികസിക്കാനാവില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭാരതത്തില്‍ സ്ഥിതിഗതികള്‍ മാറിയതില്‍ ഞാന്‍ സംതൃപ്തനാണ്. ബിജെപിയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ 'വികാസ്' (വികസനം), 'വിരാസത്' (പൈതൃകം) എന്നിവ അതിന്റെ നയത്തിന്റെ ഭാഗമാക്കി. ഇതിന്റെ ഫലമാണ് ഇന്ന് അസമിന്റെ വിവിധ ഭാഗങ്ങളില്‍ കാണുന്നത്. ആസാമിന്റെ വിശ്വാസം, ആത്മീയത, ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും ആധുനിക സൗകര്യങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. പൈതൃകം സംരക്ഷിക്കാനുള്ള പ്രചാരണത്തിനൊപ്പം വികസനത്തിന്റെ പ്രചാരണവും അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി നമ്മള്‍ പരിശോധിച്ചാല്‍, രാജ്യത്ത് റെക്കോര്‍ഡ് എണ്ണം കോളേജുകളും സര്‍വ്വകലാശാലകളും സ്ഥാപിതമാകുന്നത് നാം കണ്ടു. നേരത്തെ, വന്‍ നഗരങ്ങളില്‍ മാത്രമാണ് പ്രധാന സ്ഥാപനങ്ങള്‍ സ്ഥാപിച്ചിരുന്നത്. ഐഐടി, എയിംസ്, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളുടെ ശൃംഖല ഞങ്ങള്‍ രാജ്യത്തുടനീളം വിപുലീകരിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് അസമില്‍  6 മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്നു. ഇന്ന് അസമില്‍ 12 മെഡിക്കല്‍ കോളേജുകളുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കാന്‍സര്‍ ചികിത്സയുടെ പ്രധാന കേന്ദ്രമായി ഇന്ന് അസം മാറുകയാണ്.

 

സുഹൃത്തുക്കളേ,

നമ്മുടെ പൗരന്മാരുടെ ജീവിതം സുഗമമാക്കുക എന്നത് നമ്മുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണനയാണ്. 4 കോടിയിലധികം ദരിദ്ര കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ പക്കാ വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. എല്ലാ വീടുകളിലും വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നതിനുള്ള പ്രചാരണങ്ങളും ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉജ്ജ്വല പദ്ധതി ഇന്ന് അസമിലെ ലക്ഷക്കണക്കിന് സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും പുകയില്‍ നിന്ന് മോചനം നല്‍കി. സ്വച്ഛ് ഭാരത് അഭിയാന്‍ പ്രകാരം നിര്‍മ്മിച്ച ശൗചാലയങ്ങള്‍ അസമിലെ ലക്ഷക്കണക്കിന് സഹോദരിമാരുടെയും പെണ്‍മക്കളുടെയും അന്തസ്സ് സംരക്ഷിച്ചു.


സുഹൃത്തുക്കളേ,

വികസനത്തിലും പൈതൃകത്തിലും നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ നേരിട്ടുള്ള നേട്ടം രാജ്യത്തെ യുവജനങ്ങള്‍ക്ക് അനുഭവപ്പെട്ടു. ഇന്ന്, രാജ്യത്ത് വിനോദസഞ്ചാരത്തിനും തീര്‍ഥാടനത്തിനുമുള്ള ആവേശം വര്‍ദ്ധിച്ചുവരികയാണ്. കാശി ഇടനാഴിയുടെ വികസനത്തിന് ശേഷം, അവിടെ റെക്കോര്‍ഡ് എണ്ണത്തിലാണ് തീര്‍ഥാടകര്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം എട്ടര കോടിയിലധികം ആളുകള്‍ കാശി സന്ദര്‍ശിച്ചു. അഞ്ച് കോടിയിലധികം ആളുകള്‍ ഉജ്ജയിനിലെ മഹാകാല്‍ മഹാലോക് സന്ദര്‍ശിച്ചു. 19 ലക്ഷത്തിലധികം ആളുകള്‍ കേദാര്‍നാഥ് ധാമിലേക്കുള്ള യാത്ര ഏറ്റെടുത്തു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് അയോധ്യാ ധാമിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. വെറും 12 ദിവസത്തിനുള്ളില്‍ 24 ലക്ഷത്തിലധികം ആളുകള്‍ ഇതിനകം അയോധ്യ സന്ദര്‍ശിച്ചു. മാ കാമാഖ്യ ദിവ്യലോകം പൂര്‍ത്തിയാകുമ്പോള്‍ സമാനമായ തിരക്കിന് ഇവിടെ സാക്ഷ്യം വഹിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

 

സുഹൃത്തുക്കളേ,

തീര്‍ത്ഥാടകരും ഭക്തരും വരുമ്പോള്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ പോലും സമ്പാദിക്കുന്നു. റിക്ഷാ വലിക്കുന്നവരായാലും ടാക്‌സി ഡ്രൈവര്‍മാരായാലും ഹോട്ടലുടമകളായാലും വഴിയോര കച്ചവടക്കാരായാലും എല്ലാവരുടെയും വരുമാനം വര്‍ദ്ധിക്കുന്നു. അതുകൊണ്ടാണ് ഈ വര്‍ഷത്തെ ബജറ്റില്‍ ഞങ്ങള്‍ ടൂറിസത്തിന് വളരെയധികം ഊന്നല്‍ നല്‍കിയത്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ചരിത്ര സ്ഥലങ്ങളുടെ വികസനത്തിനായി പുതിയ കാമ്പയിന്‍ ആരംഭിക്കാന്‍ പോകുന്നു. അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന് ധാരാളം അവസരങ്ങളുണ്ട്. അതുകൊണ്ട് തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് ബിജെപി സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്.

സുഹൃത്തുക്കളേ,

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ റെക്കോര്‍ഡ് എണ്ണത്തിലാണ് വിനോദസഞ്ചാരികള്‍ നോര്‍ത്ത് ഈസ്റ്റ് സന്ദര്‍ശിക്കുന്നത്.   ഇത് എങ്ങനെ സംഭവിച്ചു? ഈ വിനോദസഞ്ചാര കേന്ദ്രങ്ങളും വടക്കുകിഴക്കന്‍ മേഖലയിലെ മനോഹരമായ പ്രദേശങ്ങളും മുമ്പും ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് അത്രയധികം സഞ്ചാരികള്‍ ഇവിടെ എത്തിയിരുന്നില്ല. അക്രമം, അടിസ്ഥാന സൗകര്യമില്ലായ്മ, സൗകര്യങ്ങളുടെ അഭാവം എന്നിവയ്ക്കിടയില്‍ ആരാണ് ഇവിടെ വരാന്‍ ഇഷ്ടപ്പെടുന്നത്? 10 വര്‍ഷം മുമ്പ് അസമിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും സ്ഥിതിയും നിങ്ങള്‍ക്കറിയാം. മുഴുവന്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും റെയില്‍, വിമാന യാത്രകള്‍ വളരെ പരിമിതമായിരുന്നു. റോഡുകള്‍ ഇടുങ്ങിയതും മോശവുമായിരുന്നു. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യുക എന്നതിലുപരി ഒരു ജില്ലയില്‍ നിന്ന് മറ്റൊന്നിലേക്ക് യാത്ര ചെയ്യാന്‍ മണിക്കൂറുകളെടുക്കുമായിരുന്നു. ഇന്ന് ബി.ജെ.പി.യുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരായ എന്‍.ഡി.എ സര്‍ക്കാര്‍ ഈ വ്യവസ്ഥകളെല്ലാം മാറ്റിമറിച്ചിരിക്കുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ 10 വര്‍ഷത്തിനിടെ നമ്മുടെ സര്‍ക്കാര്‍ ഇവിടെ വികസനത്തിനുള്ള ചെലവ് നാലിരട്ടി വര്‍ധിപ്പിച്ചു. 2014 മുതല്‍ റെയില്‍വേ ട്രാക്കുകളുടെ നീളം 1900 കിലോമീറ്ററിലധികം വര്‍ദ്ധിച്ചു. 2014-നെ അപേക്ഷിച്ച് റെയില്‍വേ ബജറ്റ് ഏകദേശം 400 ശതമാനം വര്‍ധിച്ചിട്ടുണ്ട്. അന്ന് നിങ്ങളുടെ അസമില്‍ നിന്നാണ് പ്രധാനമന്ത്രി തിരഞ്ഞെടുക്കപ്പെട്ടത്, എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നത് നിങ്ങളുടെ സഹപ്രവര്‍ത്തകനാണ്. 2014 വരെ ഇവിടെ 10,000 കിലോമീറ്റര്‍ ദേശീയ പാത മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ മാത്രം ആറായിരം കിലോമീറ്റര്‍ പുതിയ ദേശീയ പാതകള്‍ ഞങ്ങള്‍ നിര്‍മ്മിച്ചു. ഇന്ന് രണ്ട് പുതിയ റോഡ് പദ്ധതികള്‍ കൂടി ഉദ്ഘാടനം ചെയ്തു. ഇത് ഇറ്റാനഗറിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തും, നിങ്ങളുടെ എല്ലാവരുടെയും ബുദ്ധിമുട്ടുകള്‍ കുറയും.

 

സുഹൃത്തുക്കളേ,

മോദിയുടെ ഗ്യാരന്റി എന്നാല്‍ ഒരു ഉറപ്പിന്റെ പൂര്‍ത്തീകരണം എന്നാണ് ഇന്ന് രാജ്യം മുഴുവന്‍ പറയുന്നത്. പാവപ്പെട്ടവര്‍ക്കും, സ്ത്രീകള്‍ക്കും, യുവാക്കള്‍ക്കും, കര്‍ഷകര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഞാന്‍ ഒരു ഗ്യാരണ്ടി നല്‍കിയിട്ടുണ്ട്, ഇന്ന് ഈ ഉറപ്പുകളില്‍ ഭൂരിഭാഗവും നിറവേറ്റപ്പെടുന്നു. 'വികസിത് ഭാരത് സങ്കല്‍പ് യാത്ര'യിലും നമ്മള്‍ ഇത് കണ്ടതാണ്. സര്‍ക്കാര്‍ പദ്ധതികള്‍ മുടങ്ങിയവര്‍ക്കാണ് മോദിയുടെ ഉറപ്പുള്ള വാഹനം എത്തിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 20 കോടിയോളം ആളുകള്‍ 'വികസിത് ഭാരത് സങ്കല്‍പ് യാത്ര'യില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അസമിലെ വലിയൊരു വിഭാഗം ആളുകള്‍ക്കും ഈ യാത്രയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഓരോ ഗുണഭോക്താവിലും എത്തിക്കാന്‍ ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഓരോ പൗരന്റെയും ജീവിതം എളുപ്പമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, മൂന്ന് ദിവസം മുമ്പ് പ്രഖ്യാപിച്ച ബജറ്റില്‍ ഈ ശ്രദ്ധ വ്യക്തമാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായി 11 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ഒരു പ്രധാന തുകയാണ്, മറ്റൊരു വീക്ഷണകോണില്‍ നിന്ന് ഇത് വിലയിരുത്താം. എന്റെ സഹോദരീ സഹോദരന്മാരേ, ഈ കണക്ക് ഓര്‍ക്കുക: 2014 ന് മുമ്പുള്ള 10 വര്‍ഷത്തില്‍, അടിസ്ഥാന സൗകര്യ വികസനത്തിന്റെ മൊത്തം ബജറ്റ് 12 ലക്ഷം കോടി രൂപയായിരുന്നു, അതിനര്‍ത്ഥം 10 വര്‍ഷം കൊണ്ട് 12 ലക്ഷം കോടി. അതായത്, നമ്മുടെ സര്‍ക്കാര്‍ അടുത്ത വര്‍ഷം ചെലവഴിക്കാന്‍ പോകുന്ന തുക മുന്‍ കേന്ദ്രസര്‍ക്കാര്‍ 10 വര്‍ഷം ചെലവഴിച്ചതിന് തുല്യമാണ്. രാജ്യത്ത് എത്ര വിപുലമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. നിര്‍മ്മാണ പദ്ധതികളില്‍ ഇത്രയും വലിയ തുക നിക്ഷേപിക്കുമ്പോള്‍, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, വ്യവസായങ്ങള്‍ക്ക് പുതിയ വേഗത ലഭിക്കും.

സുഹൃത്തുക്കളേ,

ഈ വര്‍ഷത്തെ ബജറ്റില്‍ മറ്റൊരു വലിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കാന്‍ ഞങ്ങള്‍ ഒരു കാമ്പയിന്‍ നടത്തി. ഇപ്പോള്‍, അസമിലെയും രാജ്യത്തെയും സഹോദരങ്ങള്‍ക്ക് വൈദ്യുതി ബില്ല് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. പുരപ്പുറ സൗരോര്‍ജത്തിനായുള്ള പ്രധാന പദ്ധതി സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം, സോളാര്‍ റൂഫ്ടോപ്പ് പാനലുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തുടക്കത്തില്‍ ഒരു കോടി കുടുംബങ്ങളെ സഹായിക്കും. ഇത് അവരുടെ വൈദ്യുതി ബില്ലും പൂജ്യമാക്കും, ഇതു വഴി സാധാരണ കുടുംബങ്ങള്‍ വീട്ടില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വിറ്റ് വരുമാനമുണ്ടാക്കും.

 

സുഹൃത്തുക്കളേ,

രാജ്യത്ത് 2 കോടി സഹോദരിമാരെ 'ലക്ഷാധിപതി' ആക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കിയിരുന്നു. എനിക്കുള്ള പ്രാഥമിക വിവരമനുസരിച്ച്, നമ്മുടെ ഒരു കോടി സഹോദരിമാര്‍ ഇതിനകം 'ലക്ഷാധിപതി ദീദികള്‍' ആയിക്കഴിഞ്ഞു. സ്വാശ്രയ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോടി സഹോദരിമാര്‍ 'ലക്ഷപതി ദീദികള്‍' ആകുമ്പോള്‍, താഴെയുള്ള നില ഗണ്യമായി മാറുന്നു സുഹൃത്തുക്കളെ. ഇപ്പോള്‍, ബജറ്റില്‍ 'ലക്ഷാധിപതി ദീദികള്‍' ആക്കുകയെന്ന ലക്ഷ്യം ഞങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നു. രണ്ട് കോടിക്ക് പകരം ഇനി മൂന്ന് കോടി സഹോദരിമാരെ 'ലക്ഷാധിപതി ദീദികള്‍' ആക്കും. ഇത് ആസാമിലെ ലക്ഷക്കണക്കിന് എന്റെ സഹോദരിമാര്‍ക്കും തീര്‍ച്ചയായും പ്രയോജനം ചെയ്യും. ഇവിടെ, ഭാവിയില്‍ സ്വാശ്രയ സംഘങ്ങളുമായി ബന്ധപ്പെട്ട എല്ലാ സഹോദരിമാര്‍ക്കും അവസരങ്ങള്‍ ഉണ്ടാകും, കൂടാതെ ഇത്രയും ഗണ്യമായ അമ്മമാരും സഹോദരിമാരും ഇവിടെയുണ്ട്, തീര്‍ച്ചയായും അവരില്‍ ചില 'ലക്ഷപതി ദീദികളും' ഉണ്ടാകും. നമ്മുടെ സര്‍ക്കാര്‍ ഈ ബജറ്റില്‍ ആയുഷ്മാന്‍ പദ്ധതിയുടെ പരിധിയില്‍ അംഗന്‍വാടി, ആശാ സഹോദരിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അവര്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ സൗകര്യം നല്‍കും. സഹോദരിമാരുടെയും പെണ്‍മക്കളുടെയും ജീവിതം എളുപ്പമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാകുമ്പോള്‍, അനുകമ്പ പ്രവര്‍ത്തിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

മോദി ഉറപ്പ് നല്‍കുമ്പോള്‍, രാപ്പകല്‍ അധ്വാനിച്ച് അവ നിറവേറ്റാനുള്ള ദൃഢനിശ്ചയവും മോദിക്കുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് വടക്കുകിഴക്കന്‍ മേഖലയില്‍ മോദിയുടെ ഉറപ്പില്‍ വിശ്വാസമുണ്ട്. ഇന്ന് അസമിലേക്ക് നോക്കൂ, വര്‍ഷങ്ങളായി അസ്വസ്ഥമായിരുന്ന പ്രദേശങ്ങളില്‍ സ്ഥിരമായ സമാധാനം സ്ഥാപിക്കപ്പെടുന്നു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇവിടെ പത്തിലധികം പ്രധാന സമാധാന കരാറുകള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, വടക്കുകിഴക്കന്‍ മേഖലയിലെ ആയിരക്കണക്കിന് യുവാക്കള്‍ അക്രമത്തിന് പകരം വികസനത്തിന്റെ പാത തിരഞ്ഞെടുത്തു. ഞാന്‍ വര്‍ഷങ്ങളായി അസമില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ ഇവിടുത്തെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്, ഗുവാഹത്തിക്കുള്ളില്‍ റോഡ് ബ്ലോക്കുകളും ഷട്ട്ഡൗണ്‍ കോളുകളും ബോംബ് സ്ഫോടനങ്ങളും കാരണം യാത്ര തടസ്സപ്പെട്ടിരുന്ന സമയം ഞാന്‍ ഓര്‍ക്കുന്നു. ഇന്ന് അത് ചരിത്രമായി മാറിയിരിക്കുന്നു സുഹൃത്തുക്കളേ, ഇന്ന് ആളുകള്‍ സമാധാനത്തോടെ ജീവിക്കുന്നു. രാജ്യത്തിന്റെ വികസന യാത്രയില്‍ പങ്കാളികളാകുമെന്ന് പ്രതിജ്ഞയെടുത്തു അസമില്‍ 7,000-ത്തിലധികം യുവാക്കള്‍ ആയുധം താഴെവച്ചു. പല ജില്ലകളിലും AFSPA എടുത്തുകളഞ്ഞു. അക്രമം ബാധിച്ച പ്രദേശങ്ങള്‍ ഇപ്പോള്‍ അവരുടെ അഭിലാഷങ്ങള്‍ക്കനുസൃതമായി വികസിച്ചുകൊണ്ടിരിക്കുന്നു, സര്‍ക്കാര്‍ അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു.

സുഹൃത്തുക്കളേ,

ചെറിയ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് ദ്രുതഗതിയിലുള്ള വികസനം കൈവരിക്കാന്‍ ഒരു രാജ്യത്തിനും ഒരു സംസ്ഥാനത്തിനും കഴിയില്ല. മുന്‍ സര്‍ക്കാരുകള്‍ വലിയ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുകയോ ആ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വേണ്ടത്ര പരിശ്രമിക്കുകയോ ചെയ്തില്ല. മുന്‍ സര്‍ക്കാരുകളുടെ സമീപനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ലോകം കിഴക്കന്‍ ഏഷ്യയെ കാണുന്നത് പോലെ വടക്കുകിഴക്ക് വികസിക്കുന്നത് എനിക്ക് കാണാന്‍ കഴിയും. ഇന്ന്, ദക്ഷിണേഷ്യയുമായും കിഴക്കന്‍ ഏഷ്യയുമായുള്ള ബന്ധം വടക്കുകിഴക്ക് വഴി വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്, സൗത്ത് ഏഷ്യ സബ് റീജിയണല്‍ ഇക്കണോമിക് കോ-ഓപ്പറേഷന്റെ (SASEC) ചട്ടക്കൂടിന് കീഴില്‍ നിരവധി റോഡുകള്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ കണക്ടിവിറ്റി പദ്ധതികളെല്ലാം പൂര്‍ത്തിയാകുമ്പോള്‍, ഈ പ്രദേശം എത്ര വലിയ വ്യാപാര-വാണിജ്യ കേന്ദ്രമായി മാറുമെന്ന് സങ്കല്‍പ്പിക്കുക. അസമിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഓരോ യുവാക്കളും കിഴക്കന്‍ ഏഷ്യയെപ്പോലെയുള്ള വികസനം ഇവിടെ കാണാന്‍ സ്വപ്നം കാണുന്നുവെന്ന് എനിക്കറിയാം. ആസാമിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഓരോ യുവാക്കളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, നിങ്ങളുടെ സ്വപ്നം മോദിയുടെ ദൃഢനിശ്ചയമാണെന്ന്. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ മോദി സാധ്യമായതെല്ലാം ചെയ്യും. ഇത് മോദിയുടെ ഉറപ്പാണ്.

 

സഹോദരീ സഹോദരന്മാരേ,

ഇന്ന് നടക്കുന്ന എല്ലാ പ്രവൃത്തികള്‍ക്കും ഒരേയൊരു ലക്ഷ്യമേയുള്ളു. ഭാരതത്തിനും ഇന്ത്യക്കാര്‍ക്കും സന്തോഷവും സമൃദ്ധവുമായ ജീവിതമാണ് ലക്ഷ്യം. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റുകയാണ് ലക്ഷ്യം. 2047-ഓടെ ഭാരതത്തെ വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് ലക്ഷ്യം. അസമിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. ഒരിക്കല്‍ കൂടി, ഈ വികസന പദ്ധതികളില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഇപ്പോള്‍, മാ കാമാഖ്യയുടെ അനുഗ്രഹങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കാന്‍ പോകുന്നു. അതുകൊണ്ടാണ് എന്റെ സുഹൃത്തുക്കളേ, അസമിന്റെ ഗംഭീരവും ദൈവികവുമായ ചിത്രം എനിക്ക് കാണാന്‍ കഴിയുന്നത്. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും, ഞങ്ങള്‍ അത് ഞങ്ങളുടെ സ്വന്തം കണ്ണുകൊണ്ട് കാണും, ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി. നിങ്ങളുടെ രണ്ടു കൈകളും ഉയര്‍ത്തി എന്നോടൊപ്പം പറയുക

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

വളരെ നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi