ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ആര്‍.എന്‍. രവി ജി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ജ്യോതിരാദിത്യ സിന്ധ്യ ജി, ഈ മണ്ണിന്റെ മകന്‍ എല്‍. മുരുകന്‍ ജി, തമിഴ്‌നാട് സര്‍ക്കാരിലെ മന്ത്രിമാരേ, എംപിമാരേ, എംഎല്‍എമാരേ, തമിഴ്‌നാട്ടിലെ എന്റെ കുടുംബാംഗങ്ങളേ!
വണക്കം (ആശംസകള്‍)!
2024 എല്ലാവര്‍ക്കും സമാധാനവും ഐശ്വര്യവും നിറഞ്ഞതായിരിക്കട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു. 2024-ല്‍ എന്റെ ആദ്യ പൊതുപരിപാടി തമിഴ്നാട്ടില്‍ നടക്കുന്നുവെന്നത് ഒരു ഭാഗ്യമാണ്. ഏകദേശം 20000 കോടി രൂപയുടെ ഇന്നത്തെ വികസന പദ്ധതികള്‍ തമിഴ്‌നാടിന്റെ പുരോഗതിയെ ശക്തിപ്പെടുത്തും. റോഡുകൾ റെയില്‍വേ, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഊര്‍ജം, പെട്രോളിയം പൈപ്പ്ലൈന്‍ എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതികള്‍ക്ക് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. ഈ പദ്ധതികളില്‍ പലതും യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
2023ലെ അവസാനത്തെ ഏതാനും ആഴ്ചകള്‍ തമിഴ്നാട്ടിലെ പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. കനത്ത മഴയില്‍ നമ്മുടെ സഹജീവികളില്‍ പലരെയും നമുക്ക് നഷ്ടപ്പെട്ടു. കാര്യമായ സ്വത്തു നാശവും ഉണ്ടായിട്ടുണ്ട്. ദുരിതബാധിതരായ കുടുംബങ്ങളുടെ അവസ്ഥ എന്നെ വല്ലാതെ സ്പര്‍ശിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണ്. സംസ്ഥാന സര്‍ക്കാരിന് സാധ്യമായ എല്ലാ പിന്തുണയും ഞങ്ങള്‍ നല്‍കുന്നുണ്ട്. കൂടാതെ, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തിരു വിജയകാന്ത് ജിയെ നമുക്ക് നഷ്ടമായി. സിനിമാ ലോകത്ത് മാത്രമല്ല രാഷ്ട്രീയത്തിലും അദ്ദേഹം ക്യാപ്റ്റന്‍ ആയിരുന്നു. സിനിമയിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ജനഹൃദയങ്ങളില്‍ ഇടം നേടിയത്. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍, എല്ലാറ്റിനും ഉപരിയായി അദ്ദേഹം എല്ലായ്‌പ്പോഴും ദേശീയ താല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കിയിരുന്നു. ഞാന്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും ഞാന്‍ എന്റെ അനുശോചനം അറിയിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ഇവിടെയായിരിക്കുമ്പോള്‍ തമിഴകത്തിന്റെ മറ്റൊരു മകന്‍ ഡോ.എം.എസ്. സ്വാമിനാഥന്‍ ജി. നമ്മുടെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ നമുക്ക് നഷ്ടമായി.
എന്റെ പ്രിയപ്പെട്ട തമിഴ് കുടുംബാംഗങ്ങളേ,
അടുത്ത 25 വര്‍ഷം നീണ്ടുനില്‍ക്കുന്ന 'ആസാദി കാ അമൃത്കാല്‍' യുഗം ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിന് സമര്‍പ്പിക്കപ്പെട്ടതാണ്. വികസിത ഭാരതത്തെ ഞാന്‍ പരാമര്‍ശിക്കുമ്പോള്‍ അത് സാമ്പത്തികവും സാംസ്‌കാരികവുമായ തലങ്ങളെ ഉള്‍ക്കൊള്ളുന്നു. ഈ യാത്രയില്‍ തമിഴ്‌നാടിന് വേറിട്ട പങ്കുണ്ട്. ഭാരതത്തിന്റെ സാംസ്‌കാരിക സമ്പത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമാണ് തമിഴ്നാട്. തമിഴ് ഭാഷയുടെയും ജ്ഞാനത്തിന്റെയും ഒരു പുരാതന ശേഖരം സംസ്ഥാനത്തിനുണ്ട്. വിശുദ്ധ തിരുവള്ളുവര്‍ മുതല്‍ സുബ്രഹ്‌മണ്യ ഭാരതി വരെ നിരവധി ഋഷിമാരും പണ്ഡിതന്മാരും ശ്രദ്ധേയമായ സാഹിത്യങ്ങള്‍ രചിച്ചിട്ടുണ്ട്. സി വി രാമന്‍ മുതല്‍ സമകാലിക വ്യക്തിത്വങ്ങള്‍ വരെയുള്ള ശാസ്ത്ര സാങ്കേതിക വൈഭവം ഈ മണ്ണില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. അതിനാല്‍, തമിഴ്നാട്ടിലേക്കുള്ള ഓരോ സന്ദര്‍ശനവും എന്നില്‍ നവോന്മേഷം നിറയ്ക്കുന്നു.
പ്രിയ കുടുംബാംഗങ്ങളെ,
തിരുച്ചിറപ്പള്ളി നഗരം ഓരോ തിരിവിലും അതിന്റെ മഹത്തായ ചരിത്രത്തിന്റെ തെളിവുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുന്നു. പല്ലവ, ചോള, പാണ്ഡ്യ, നായക തുടങ്ങിയ വിവിധ രാജവംശങ്ങള്‍ സ്വീകരിച്ച സദ്ഭരണ മാതൃകയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പല തമിഴ് സുഹൃത്തുക്കളുമായും എന്റെ വ്യക്തിപരമായ പരിചയം കാരണം, എനിക്ക് തമിഴ് സംസ്‌കാരത്തെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ച ലഭിച്ചു. ആഗോളതലത്തില്‍ ഞാന്‍ എവിടെയൊക്കെ സഞ്ചരിച്ചാലും, തമിഴ്നാടിനെ കുറിച്ച് സംസാരിക്കാതിരിക്കാന്‍ പ്രയാസമാണ്.
സുഹൃത്തുക്കളേ,
തമിഴ്‌നാട്ടില്‍ നിന്ന് ഉരുത്തിരിഞ്ഞ സാംസ്‌കാരിക പ്രചോദനം രാജ്യത്തിന്റെ വികസനത്തിലേക്കും പൈതൃകത്തിലേക്കും തുടര്‍ച്ചയായി സമന്വയിപ്പിക്കുക എന്നതാണ് എന്റെ അഭിലാഷം. ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വിശുദ്ധ ചെങ്കോൽ സ്ഥാപിച്ചത് രാജ്യത്തെയാകെ സ്വാധീനിച്ച തമിഴ്നാടിന്റെ മാതൃകാ സദ്ഭരണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിന്റെ പ്രതീകമാണ്. കാശി-തമിഴ് സംഗമം, സൗരാഷ്ട്ര-തമിഴ് സംഗമം തുടങ്ങിയ സംരംഭങ്ങളും അതുതന്നെയാണ് ലക്ഷ്യമിടുന്നത്. ഈ പ്രചാരണങ്ങള്‍ രാജ്യത്തുടനീളമുള്ള തമിഴ് ഭാഷയോടും സംസ്‌കാരത്തോടുമുള്ള ആവേശം വര്‍ദ്ധിപ്പിച്ചു.
പ്രിയ കുടുംബാംഗങ്ങളേ,
കഴിഞ്ഞ പത്ത് വര്‍ഷമായി ഭാരതം ആധുനിക അടിസ്ഥാന സൗകര്യങ്ങളില്‍ ഗണ്യമായ നിക്ഷേപം നടത്തി. റോഡുകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, അധഃസ്ഥിതര്‍ക്കുള്ള പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം എന്നിങ്ങനെ ഭൌതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങളില്‍ ഭാരതം അഭൂതപൂര്‍വമായ നിക്ഷേപം നടത്തുന്നു. ഇന്ന്, ഭാരതം ആഗോളതലത്തില്‍ മികച്ച അഞ്ച് സമ്പദ്വ്യവസ്ഥകളുടെ പട്ടികയില്‍ ഇടംപിടിച്ചു, ഇത് ഒരു പുതിയ പ്രതീക്ഷയുടെ വെളിച്ചം പ്രദാനം ചെയ്യുന്നു. പ്രമുഖ ആഗോള നിക്ഷേപകരില്‍ നിന്നുള്ള ഗണ്യമായ നിക്ഷേപങ്ങള്‍ ഭാരതത്തിലേക്ക് ഒഴുകുന്നു, ഇത് തമിഴ്നാടിനും അവിടുത്തെ ജനങ്ങള്‍ക്കും നേരിട്ട് പ്രയോജനം ചെയ്യുന്നു.'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ പ്രമുഖ അംബാസഡറായി തമിഴ്നാട് ഉയര്‍ന്നുവരുന്നു.
പ്രിയ കുടുംബാംഗങ്ങളേ,
സംസ്ഥാന വികസനത്തിലൂടെ ദേശീയ വികസനം എന്ന തത്വം നമ്മുടെ സര്‍ക്കാര്‍ പാലിക്കുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിലെ 40-ലധികം മന്ത്രിമാര്‍ 400-ലധികം തവണ തമിഴ്നാട് സന്ദര്‍ശിച്ചു. തമിഴ്നാട്ടിലെ ദ്രുതഗതിയിലുള്ള വികസനം ഭാരതത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയെ മുന്നോട്ട് നയിക്കും. വികസനം, വ്യാപാരം, ബിസിനസ്സ്, പൊതുജനങ്ങള്‍ക്കുള്ള സൗകര്യം എന്നിവയില്‍ കണക്റ്റിവിറ്റി നിര്‍ണായക പങ്ക് വഹിക്കുന്നു. ഈ വികസന മനോഭാവമാണ് തിരുച്ചിറപ്പള്ളിയില്‍ ഇന്ന് പ്രകടമാകുന്നത്. ട്രിച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍, അതിന്റെ ശേഷി മൂന്നിരട്ടിയായി വര്‍ധിപ്പിക്കുന്നു, കിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, രാജ്യത്തിന്റെയും ലോകത്തിന്റെയും മറ്റ് ഭാഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തും. ഇത് വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകള്‍ക്ക് പ്രയോജനം ചെയ്യുന്ന വിശാലമായ സമീപ പ്രദേശങ്ങളില്‍ പുതിയ നിക്ഷേപ അവസരങ്ങളും ബിസിനസുകളും സൃഷ്ടിക്കും. വിമാനത്താവളത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന എലിവേറ്റഡ് റോഡും കാര്യമായ സൗകര്യം പ്രദാനം ചെയ്യും. ട്രിച്ചി എയര്‍പോര്‍ട്ട് പ്രാദേശിക കല, സംസ്‌കാരം, തമിഴ് പാരമ്പര്യങ്ങള്‍ എന്നിവ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
പ്രിയ കുടുംബാംഗങ്ങളേ,
തമിഴ്നാടിന്റെ റെയില്‍വേ കണക്റ്റിവിറ്റി ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള അഞ്ച് പുതിയ പദ്ധതികള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഈ സംരംഭങ്ങള്‍ യാത്രയും ഗതാഗതവും സുഗമമാക്കുക മാത്രമല്ല, ഈ മേഖലയിലെ വ്യവസായവും വൈദ്യുതി ഉല്‍പാദനവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട റോഡ് പദ്ധതികള്‍ ശ്രീരംഗം, ചിദംബരം, മധുരൈ, രാമേശ്വരം, വെല്ലൂര്‍ തുടങ്ങിയ നിര്‍ണായക സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു - ഭക്തി, ആത്മീയത, ടൂറിസം എന്നിവയുടെ പ്രധാന കേന്ദ്രങ്ങള്‍. ഇത് പൊതുജനങ്ങള്‍ക്കും തീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനം ചെയ്യും.
പ്രിയ കുടുംബാംഗങ്ങളേ,
കഴിഞ്ഞ ദശകത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുറമുഖ വികസനത്തില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചു. തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്നതിനും ഞങ്ങള്‍ വലിയ ശ്രമങ്ങള്‍ നടത്തി. മത്സ്യബന്ധനത്തിനായി പ്രത്യേക മന്ത്രാലയവും ബജറ്റും ആദ്യമായി രൂപീകരിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സൗകര്യം ആദ്യമായി മത്സ്യത്തൊഴിലാളികള്‍ക്കായി വ്യാപിപ്പിച്ചു. ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള ബോട്ടുകളുടെ നവീകരണത്തിന് സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന മത്സ്യമേഖലയിലുള്ളവര്‍ക്ക് കാര്യമായ സഹായം നല്‍കുന്നുണ്ട്.
പ്രിയ കുടുംബാംഗങ്ങളേ,
സാഗര്‍മാല പദ്ധതി പ്രകാരം, തമിഴ്നാട്ടിലേതുള്‍പ്പെടെ രാജ്യത്തെ വിവിധ തുറമുഖങ്ങളെ നന്നായി നിര്‍മ്മിച്ച റോഡുകളിലൂടെ ബന്ധിപ്പിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ കാരണം, ഭാരതത്തിന്റെ തുറമുഖ ശേഷിയും കപ്പല്‍ തിരിയുന്ന സമയവും ഗണ്യമായി മെച്ചപ്പെട്ടു. ഇന്ന് രാജ്യത്ത് ഏറ്റവും വേഗത്തില്‍ വികസിക്കുന്ന തുറമുഖങ്ങളില്‍ ഒന്നാണ് കാമരാജര്‍ തുറമുഖം. നമ്മുടെ ഗവണ്‍മെന്റ് അതിന്റെ ശേഷി ഏതാണ്ട് ഇരട്ടിയാക്കി. ജനറല്‍ കാര്‍ഗോ ബെര്‍ത്ത്-രണ്ടിന്റെയും ക്യാപിറ്റല്‍ ഡ്രെഡ്ജിംഗ് ഘട്ടം-അഞ്ചിന്റെയും ഉദ്ഘാടനത്തിലൂടെ തമിഴ്നാടിന്റെ ഇറക്കുമതി-കയറ്റുമതി കഴിവുകള്‍ വര്‍ദ്ധിപ്പിക്കും, പ്രത്യേകിച്ച് ഓട്ടോമൊബൈല്‍ മേഖലയ്ക്ക് ഗുണം ചെയ്യും. ആണവ റിയാക്ടറും വാതക പൈപ്പ് ലൈനുകളും തമിഴ്‌നാട്ടില്‍ വ്യവസായവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കും.
പ്രിയ കുടുംബാംഗങ്ങളേ,
നിലവില്‍ തമിഴ്‌നാടിന്റെ വികസനത്തിന് റെക്കോഡ് തുകയാണ് കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. നമ്മുടെ സര്‍ക്കാര്‍ കഴിഞ്ഞ ദശകത്തില്‍ സംസ്ഥാനങ്ങള്‍ക്കായി 120 ലക്ഷം കോടി രൂപ അനുവദിച്ചു. 2014-ന് മുമ്പുള്ള 10 വര്‍ഷത്തിനിടയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ 2.5 മടങ്ങ് കൂടുതല്‍ ഫണ്ട് നമ്മുടെ സര്‍ക്കാര്‍ തമിഴ്നാടിന് നല്‍കിയിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് നമ്മുടെ സര്‍ക്കാര്‍ തമിഴ്നാട്ടില്‍ ദേശീയ പാതകള്‍ നിര്‍മ്മിക്കുന്നതിന് മൂന്നിരട്ടി കൂടുതല്‍ ചെലവഴിച്ചു. അതുപോലെ, 2014-ന് മുമ്പുള്ളതിനേക്കാള്‍ 2.5 മടങ്ങ് കൂടുതലാണ് തമിഴ്നാട്ടിലെ റെയില്‍വേ നവീകരണത്തിനായി ഞങ്ങള്‍ നിക്ഷേപിക്കുന്നത്. ഇന്ന് തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സൗജന്യ റേഷനും ആരോഗ്യ പരിരക്ഷയും ലഭിക്കുന്നു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച സമ്പൂര്‍ണ ഭവനങ്ങള്‍, കക്കൂസുകള്‍, ടാപ്പ്-വാട്ടര്‍ കണക്ഷനുകള്‍, ഗ്യാസ് കണക്ഷനുകള്‍ തുടങ്ങി വിവിധ സൗകര്യങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ ഇവിടെയുള്ള ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രിയ കുടുംബാംഗങ്ങളേ,
വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണ്. തമിഴ്‌നാട്ടിലെ ജനങ്ങളുടെയും യുവാക്കളുടെയും കഴിവുകളില്‍ എനിക്ക് അചഞ്ചലമായ വിശ്വാസമുണ്ട്. തമിഴ്‌നാട്ടിലെ യുവാക്കള്‍ക്കിടയില്‍ പുതിയ ആശയങ്ങളും ആവേശവും ഉയര്‍ന്നുവരുന്നത് എനിക്ക് കാണാന്‍ കഴിയും. ഈ ആവേശം ഒരു വികസിത ഭാരതത്തിന്റെ പ്രേരകശക്തിയായിരിക്കും. ഈ വികസന പദ്ധതികള്‍ക്ക് ഒരിക്കല്‍ കൂടി എല്ലാവരേയും അഭിനന്ദിക്കുന്നു.
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വണക്കം!