നമസ്‌കാരം!
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, ധര്‍മ്മേന്ദ്ര പ്രധാന്‍ ജി, രാജ്യത്തുടനീളമുള്ള ഗവര്‍ണര്‍മാര്‍, വിദ്യാഭ്യാസ മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങളേ, സ്ത്രീകളേ, മാന്യവ്യക്തികളേ!
ഒരു 'വികസിത് ഭാരത്' പ്രമേയങ്ങളെ സംബന്ധിച്ച് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. 'വികസിത് ഭാരത'വുമായി ബന്ധപ്പെട്ട ഈ ശില്‍പശാല സംഘടിപ്പിച്ചതിന് എല്ലാ ഗവര്‍ണര്‍മാരെയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. രാജ്യത്തെ യുവാക്കളെ നയിക്കാനുള്ള ഉത്തരവാദിത്തം വഹിക്കുന്ന എല്ലാ സഹപ്രവര്‍ത്തകരെയും നിങ്ങള്‍ ഒരു വേദിയില്‍ കൊണ്ടുവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വ്യക്തിഗത വികസനത്തിലേക്ക് നയിക്കുന്നു, രാഷ്ട്രം നിര്‍മ്മിക്കപ്പെടുന്നത് വ്യക്തിഗത വികസനത്തിലൂടെയാണ്. നിലവില്‍ ഇന്ത്യ സ്വയം കണ്ടെത്തുന്ന കാലഘട്ടത്തില്‍, വ്യക്തിഗത വികസനത്തിനായുള്ള കാമ്പയിന്‍ വളരെ നിര്‍ണായകമാണ്. വോയ്‌സ് ഓഫ് യൂത്ത് വര്‍ക്ക്‌ഷോപ്പിന്റെ വിജയത്തിനായി ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.
സുഹൃത്തുക്കളേ,
ഓരോ രാജ്യവും അതിന്റെ ചരിത്രത്തിലെ ഒരു ഘട്ടം അനുഭവിക്കുന്നത്, രാജ്യത്തിന്റെ വികസന യാത്രയെ ഒന്നിലധികം മടങ്ങ് മുന്നോട്ട് നയിക്കുമ്പോഴാണ്. അത് ആ രാഷ്ട്രത്തിന് അമൃത് കാലം പോലെയാണ്. ഭാരതത്തിനായി ഈ 'അമൃത് കാലം ' എത്തിയിരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു കുതിച്ചുചാട്ടം നടക്കാന്‍ പോകുന്ന കാലഘട്ടമാണിത്. ഒരു നിശ്ചിത ഘട്ടത്തില്‍, ഇത്തരത്തില്‍ ഒരു കുതിച്ചുചാട്ടം നടത്തി വികസിത രാഷ്ട്രങ്ങളായി മാറിയ രാജ്യങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, ഇപ്പോള്‍ ഭാരതത്തിന്റെ സമയമാണ്, ഇതാണ് ശരിയായ സമയം. ഈ അമൃത് കാലത്തിന്റെ ഓരോ നിമിഷവും നാം പരമാവധി പ്രയോജനപ്പെടുത്തണം; ഒരു നിമിഷം പോലും നഷ്ടപ്പെടുത്താന്‍ നമുക്ക് കഴിയില്ല.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യത്തിനായുള്ള നമ്മുടെ നീണ്ട പോരാട്ടം നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്. സ്വാതന്ത്ര്യം ആത്യന്തികലക്ഷ്യമായി കരുതി ആവേശത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ലക്ഷ്യവുമായി കളത്തിലിറങ്ങിയപ്പോള്‍ നാം വിജയിച്ചു. ഈ കാലഘട്ടത്തില്‍, സത്യാഗ്രഹത്തിലൂടെയോ, വിപ്ലവത്തിന്റെ പാതയിലൂടെയോ, സ്വദേശിയെക്കുറിച്ചുള്ള അവബോധത്തിലൂടെയോ, സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള അവബോധത്തിലൂടെയോ ആകട്ടെ, ഈ ധാരകളെല്ലാം ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയുടെ ഉറവിടമായി മാറി. ഈ കാലഘട്ടത്തിലാണ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ലഖ്നൗ യൂണിവേഴ്‌സിറ്റി, വിശ്വഭാരതി, ഗുജറാത്ത് വിദ്യാപീഠം, നാഗ്പൂര്‍ യൂണിവേഴ്‌സിറ്റി, അണ്ണാമലൈ യൂണിവേഴ്‌സിറ്റി, ആന്ധ്ര യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ അവബോധം ശക്തിപ്പെടുത്തുന്നതിന് സംഭാവന നല്‍കിയത്. യുവാക്കള്‍ക്കിടയില്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു പുതിയ അവബോധം എല്ലാ ധാരകളിലേക്കും വ്യാപിച്ച സമയമായിരുന്നു ഇത്. സ്വാതന്ത്ര്യത്തിന് വേണ്ടി അര്‍പ്പിതമായ ഒരു തലമുറ ഉടലെടുത്തു. എന്ത് ചെയ്യണമെങ്കിലും അത് സ്വാതന്ത്ര്യത്തിന് വേണ്ടിയായിരിക്കണം, അത് ഇപ്പോള്‍ ചെയ്യണം എന്നൊരു ചിന്ത രാജ്യത്ത് വളര്‍ന്നു. ആരെങ്കിലും ചക്രം കറക്കിയാല്‍ അതും സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. ആരെങ്കിലും വിദേശ സാധനങ്ങള്‍ ബഹിഷ്‌കരിച്ചാല്‍ അതും സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. ആരെങ്കിലും കവിത ചൊല്ലിയാല്‍ അതും സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. ആരെങ്കിലും പുസ്തകത്തിലോ പത്രത്തിലോ എഴുതിയാല്‍ അതും സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. ആരെങ്കിലും ലഘുലേഖകള്‍ വിതരണം ചെയ്താല്‍ അതും സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു.
അതുപോലെ, ഇന്ന്, ഓരോ വ്യക്തിയും, ഓരോ സ്ഥാപനവും, എല്ലാ സംഘടനകളും, ഞാന്‍ എന്ത് ചെയ്താലും അത് ഒരു 'വികസിത് ഭാരത്' എന്ന പ്രതിജ്ഞയോടെ മുന്നോട്ട് പോകണം. നിങ്ങളുടെ ലക്ഷ്യങ്ങള്‍, നിങ്ങളുടെ പ്രമേയങ്ങള്‍ എന്നിവയ്ക്ക് ഒരേയൊരു ലക്ഷ്യം മാത്രമായിരിക്കണം - 'വികസിത് ഭാരത്'. ഒരു അധ്യാപകനെന്ന നിലയില്‍, 'വികസിത് ഭാരത്' എന്ന ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്തെ സഹായിക്കാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് ചിന്തിക്കുക. ഒരു സര്‍വ്വകലാശാല എന്ന നിലയില്‍, ഭാരതത്തെ അതിവേഗം വികസിപ്പിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് ചിന്തിക്കുക. നിങ്ങള്‍ ഏത് മേഖലയിലാണെങ്കിലും, അത് എന്ത്, എങ്ങനെ ചെയ്യാമെന്ന് ചിന്തിക്കുക, അങ്ങനെ ഭാരതം അതിന്റെ വികസനത്തിലേക്കുള്ള പാതയില്‍ അതിവേഗം മുന്നേറും?
സുഹൃത്തുക്കളേ,
നിങ്ങള്‍ പ്രതിനിധീകരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിങ്ങളുടെ പങ്ക് യുവാക്കളുടെ ഊര്‍ജം ഈ ലക്ഷ്യത്തിലേക്ക് എത്തിക്കുക എന്നതാണ്. നിങ്ങളുടെ സ്ഥാപനങ്ങളില്‍ വരുന്ന ഓരോ യുവാക്കള്‍ക്കും ചില പ്രത്യേക സവിശേഷതകള്‍ ഉണ്ട്. അവരുടെ വൈവിധ്യമാര്‍ന്ന ചിന്തകള്‍ പരിഗണിക്കാതെ തന്നെ 'വികസിത് ഭാരത്' കെട്ടിപ്പടുക്കുന്ന ധാരയുമായി അവരെ ബന്ധിപ്പിക്കണം. വികസിത് ഭാരത്@2047-ന്റെ ദര്‍ശനത്തിലേക്ക് സംഭാവന നല്‍കാന്‍ നിങ്ങള്‍ എല്ലാവരും നിങ്ങളുടെ പരിധിക്കപ്പുറത്തും ചട്ടക്കൂടിന്് പുറത്തും ചിന്തിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ പ്രത്യേക കാമ്പെയ്നുകള്‍ നടത്തുകയും നേതൃത്വം നല്‍കുകയും ലളിതമായ ഭാഷയില്‍ കാര്യങ്ങള്‍ പ്രകടിപ്പിക്കുകയും വേണം, അതിലൂടെ രാജ്യത്തെ എല്ലാ കോളേജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നും കൂടുതല്‍ കൂടുതല്‍ യുവാക്കള്‍ക്ക് ഈ കാമ്പെയ്നില്‍ ചേരാനാകും. MyGov-ല്‍ വിക്ഷിത് ഭാരത്@2047 വിഭാഗം ആരംഭിച്ചു. ഒരു 'വികസിത് ഭാരത്' എന്ന കാഴ്ചപ്പാടുമായി ബന്ധപ്പെട്ട ആശയങ്ങള്‍ക്കായുള്ള ഒരു വിഭാഗം ഇതില്‍ ഉള്‍പ്പെടുന്നു. 'ഐഡിയ' എന്ന വാക്കിന്റെ തുടക്കം 'ഞാന്‍' എന്നതില്‍ തുടങ്ങുന്നതിനാല്‍, വ്യക്തികള്‍ക്ക് സ്വയം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ വിവരിക്കുന്ന ആശയങ്ങള്‍ വിഭാഗത്തിന് ആവശ്യമാണ്. ഐഡിയയില്‍ 'ഞാന്‍' ഒന്നാമതെത്തുന്നതുപോലെ ഇന്ത്യയിലും ഒന്നാമതെത്തുന്നു. അതിനര്‍ത്ഥം നമുക്ക് വിജയം നേടാനും ലക്ഷ്യങ്ങള്‍ നേടാനും ശരിയായ ഫലങ്ങള്‍ കൊണ്ടുവരാനും ആഗ്രഹിക്കുന്നുവെങ്കില്‍, എല്ലാം ആരംഭിക്കുന്നത് നമ്മുടെ സ്വന്തം 'ഞാന്‍' എന്നതില്‍ നിന്നാണ്. ഈ ഓണ്‍ലൈന്‍ ആശയ പോര്‍ട്ടലില്‍ --MyGov പ്ലാറ്റ്ഫോം -- അഞ്ച് വ്യത്യസ്ത തീമുകള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ നല്‍കാം. മികച്ച 10 നിര്‍ദ്ദേശങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാനും വ്യവസ്ഥയുണ്ട്.
സുഹൃത്തുക്കളെ,
ഞാന്‍ നിര്‍ദ്ദേശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ മുന്നില്‍ ആകാശം തുറന്നിരിക്കുന്നു. നേതൃത്വവും ദിശാബോധവും നല്‍കുന്ന, രാജ്യത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്ന ഒരു തലമുറയെ വരും വര്‍ഷങ്ങളില്‍ നാം ഒരുക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുകയും എല്ലാറ്റിനുമുപരിയായി അതിന്റെ കടമകള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്ന ഒരു യുവതലമുറയെ രാജ്യത്തിനായി നാം തയ്യാറാക്കേണ്ടതുണ്ട്. ഇത് വിദ്യാഭ്യാസത്തിലും നൈപുണ്യത്തിലും മാത്രം ഒതുങ്ങരുത്. പൗരന്മാര്‍ എന്ന നിലയില്‍, രാജ്യത്തെ പൗരന്മാരെ 24/7 എങ്ങനെ ജാഗരൂകരായി നിലനിര്‍ത്താം എന്നതിലേക്ക് നാം പരിശ്രമിക്കേണ്ടതുണ്ട്. ക്യാമറകള്‍ സ്ഥാപിച്ചാലും ഇല്ലെങ്കിലും ട്രാഫിക് സിഗ്‌നലുകള്‍ ചാടരുതെന്ന് സമൂഹത്തില്‍ അവബോധം വളര്‍ത്തേണ്ടതുണ്ട്. കൃത്യസമയത്ത് ഓഫീസിലെത്തി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കേണ്ട കടമബോധം ജനങ്ങള്‍ക്ക് ഉണ്ടാകണം. ഇവിടെ ഏത് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചാലും, അവയുടെ ഗുണനിലവാരം വളരെ മികച്ചതായിരിക്കണം, അതില്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ' എന്ന ലേബല്‍ കാണുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അഭിമാനം തോന്നണം.
രാജ്യത്തെ ഓരോ പൗരനും, അവരുടെ പങ്ക് പരിഗണിക്കാതെ, അവരുടെ കടമകള്‍ നിറവേറ്റാന്‍ തുടങ്ങുമ്പോള്‍, രാജ്യവും പുരോഗതി പ്രാപിക്കും. ഇപ്പോള്‍, ഉദാഹരണത്തിന്, പ്രകൃതി വിഭവങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. ജലസംരക്ഷണത്തിന്റെ ഗൗരവം കൂടുമ്പോള്‍, വൈദ്യുതി ലാഭിക്കുന്നതിനെക്കുറിച്ചുള്ള ഗൗരവം കൂടുമ്പോള്‍, ഭൂമി മാതാവിനെ രക്ഷിക്കാന്‍ രാസവസ്തുക്കളുടെ ഉപയോഗം കുറയുമ്പോള്‍, പൊതുഗതാഗതം കൂടുതല്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഗൗരവം ഉണ്ടാകുമ്പോള്‍, സമൂഹത്തിനും രാജ്യത്തിനും എല്ലാ മേഖലയ്ക്കും കാര്യമായ ഗുണപരമായ സ്വാധീനം ഉണ്ടാകും. അത്തരം പോസിറ്റീവ് ഇഫക്റ്റുകളുടെ നിരവധി ഉദാഹരണങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് നല്‍കാം.
ഇവ ചെറിയ കാര്യങ്ങളാണെന്നും എന്നാല്‍ അവയ്ക്ക് കാര്യമായ സ്വാധീനമുണ്ടെന്നും നിങ്ങള്‍ സമ്മതിക്കും. ശുചിത്വ പ്രസ്ഥാനത്തിന് എങ്ങനെ പുതിയ ഊര്‍ജം നല്‍കാം എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ നിര്‍ദ്ദേശങ്ങളും നിര്‍ണായകമാകും. ആധുനിക ജീവിതശൈലിയുടെ പാര്‍ശ്വഫലങ്ങളെ നമ്മുടെ യുവാക്കള്‍ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ നിര്‍ദ്ദേശങ്ങളും പ്രധാനമാണ്. മൊബൈല്‍ ഫോണുകളുടെ ലോകത്തിനുപുറമെ, നമ്മുടെ യുവാക്കള്‍ പുറംലോകവും പര്യവേക്ഷണം ചെയ്യണം; അത് ഒരുപോലെ അത്യാവശ്യമാണ്. ഒരു അധ്യാപകനെന്ന നിലയില്‍, നിങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ചിന്തകള്‍ നട്ടുപിടിപ്പിക്കേണ്ടതുണ്ട്, ഇന്നത്തെയും ഭാവിയിലെയും തലമുറകളില്‍. നിങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് നിങ്ങള്‍ ഒരു മാതൃകയാകുകയും വേണം. രാജ്യത്തെ പൗരന്മാര്‍ രാജ്യതാല്‍പ്പര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മാത്രമേ നമുക്ക് ശാക്തീകരിക്കപ്പെട്ട ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ കഴിയൂ. സമൂഹം ചിന്തിക്കുന്ന രീതി ഭരണത്തില്‍ പ്രതിഫലിക്കുമെന്നും നിങ്ങള്‍ക്കറിയാം. ഞാന്‍ വിദ്യാഭ്യാസ മേഖലയെ കുറിച്ച് പറഞ്ഞാല്‍, അതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളുണ്ട്. മൂന്നോ നാലോ വര്‍ഷത്തെ കോഴ്സിന് ശേഷം, ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റുകളും ബിരുദങ്ങളും നല്‍കുന്നു. എന്നാല്‍ ഓരോ വിദ്യാര്‍ത്ഥിക്കും ചില നിര്‍ബന്ധിത കഴിവുകള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതല്ലേ? ഈ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും അനുബന്ധ നിര്‍ദ്ദേശങ്ങളും ഒരു 'വികസിത് ഭാരത്' എന്നതിലേക്കുള്ള യാത്രയുടെ പാത വ്യക്തമായി നിര്‍വചിക്കും. അതിനാല്‍, സമഗ്രമായ ചര്‍ച്ചയുടെ ഭാഗമായി എല്ലാ കാമ്പസുകളിലും സ്ഥാപനങ്ങളിലും സംസ്ഥാന തലത്തിലും ഈ വിഷയങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ നിങ്ങള്‍ നയിക്കണം.
സുഹൃത്തുക്കളേ,
ഒരു 'വികസിത് ഭാരത്' കെട്ടിപ്പടുക്കുന്നതിനുള്ള ഈ 'അമൃത് കാലം' പരീക്ഷാ ദിവസങ്ങളില്‍ നാം പലപ്പോഴും കാണുന്ന തീവ്രമായ ശ്രദ്ധയ്ക്ക് സമാനമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പരീക്ഷാ പ്രകടനത്തില്‍ ആത്മവിശ്വാസമുണ്ട്, എന്നിട്ടും അവസാന നിമിഷം വരെ അവര്‍ ഒരു കല്ലും ഉപേക്ഷിക്കുന്നില്ല. ഓരോ വിദ്യാര്‍ത്ഥിയും എല്ലാം നിക്ഷേപിക്കുന്നു, ഓരോ നിമിഷവും ഒരൊറ്റ ലക്ഷ്യത്തില്‍ വിന്യസിക്കുന്നു. പരീക്ഷാ തീയതികള്‍ അടുക്കുമ്പോള്‍, തീയതികള്‍ പ്രഖ്യാപിക്കുമ്പോള്‍, മുഴുവന്‍ കുടുംബത്തിന്റെയും പരീക്ഷാ തീയതി വന്നതായി തോന്നുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല; മുഴുവന്‍ കുടുംബവും അച്ചടക്കത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ നമുക്കും പരീക്ഷാ തീയതി പ്രഖ്യാപിച്ചു. നമുക്ക് 25 വര്‍ഷത്തെ 'അമൃത് കാലം ' ഉണ്ട്. ഈ 'അമൃത് കാല'ത്തിനും 'വികസിത് ഭാരത'ത്തിന്റെ ലക്ഷ്യങ്ങള്‍ക്കുമായി നാം രാപ്പകലില്ലാതെ പ്രവര്‍ത്തിക്കണം. ഈ പരിതസ്ഥിതി നമ്മളെ കൂട്ടായി ഒരു കുടുംബമായി രൂപപ്പെടുത്താന്‍ ആവശ്യപ്പെടുന്നു, ഇത് നമുക്കെല്ലാവര്‍ക്കും ഒരു പങ്കുവയ്ക്കപ്പെട്ട ഉത്തരവാദിത്തമാണ്.
സുഹൃത്തുക്കളേ,
ഇന്ന്, ലോകജനസംഖ്യ അതിവേഗം വാര്‍ദ്ധക്യം പ്രാപിക്കുന്നു, ഇന്ത്യ അതിന്റെ യുവത്വത്താല്‍ ശാക്തീകരിക്കപ്പെടുന്നു. വരുന്ന 25-30 വര്‍ഷത്തിനുള്ളില്‍ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ കാര്യത്തില്‍ ഭാരതം മുന്നിലെത്തുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതിനാല്‍, ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ഭാരതത്തിന്റെ യുവത്വത്തിലാണ്. യുവത്വം മാറ്റത്തിന്റെ ഏജന്റ് മാത്രമല്ല, മാറ്റത്തിന്റെ ഗുണഭോക്താവുമാണ്. ഇന്നത്തെ കോളേജുകളിലെയും സര്‍വ്വകലാശാലകളിലെയും യുവ സഹപ്രവര്‍ത്തകരാണ് ഈ നിര്‍ണായക 25 വര്‍ഷങ്ങളില്‍ അവരുടെ തൊഴില്‍ മേഖല രൂപപ്പെടുത്തുന്നത്. ഈ യുവാക്കള്‍ പുതിയ കുടുംബങ്ങള്‍ കെട്ടിപ്പടുക്കുകയും ഒരു പുതിയ സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യും. അതിനാല്‍, നമുക്ക് ഏത് തരത്തിലുള്ള 'വികസിത് ഭാരത്' വേണമെന്ന് തീരുമാനിക്കുന്നത് നമ്മുടെ യുവാക്കളുടെ അവകാശമാണ്. ഈ മനോഭാവത്തോടെ, ഓരോ യുവാക്കളെയും ഒരു 'വികസിത് ഭാരത്' എന്ന പ്രവര്‍ത്തന പദ്ധതിയുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 'വികസിത് ഭാരത്' നയ ചട്ടക്കൂടില്‍ രാജ്യത്തെ യുവാക്കളുടെ ശബ്ദം ഉള്‍പ്പെടുത്താന്‍ അത് ആഗ്രഹിക്കുന്നു. നിങ്ങള്‍ യുവാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍, നിങ്ങളുടെ എല്ലാവരുടെയും സംഭാവന ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്.
സുഹൃത്തുക്കളേ,
നാം പുരോഗതിയുടെ വഴിത്താരയിലൂടെ നടക്കേണ്ടതുണ്ട്, അത് ഗവണ്‍മെന്റ് മാത്രം നിര്‍ണയിക്കുന്നതല്ല; രാഷ്ട്രം അതിനെ രൂപപ്പെടുത്തും. ഓരോ പൗരനും തന്റെ അഭിപ്രായം നല്‍കുകയും അതില്‍ സജീവമായി പങ്കെടുക്കുകയും വേണം. എല്ലാവരുടെയും പ്രയത്‌നം എന്നര്‍ത്ഥം വരുന്ന 'സബ്ക പ്രയാസ്' ഏറ്റവും വലിയ പ്രമേയങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റുന്ന ഒരു മന്ത്രമാണ്. അത് സ്വച്ഛ് ഭാരത് അഭിയാന്‍, ഡിജിറ്റല്‍ ഇന്ത്യ കാമ്പെയ്ന്‍, കോവിഡ്-19 കൈകാര്യം ചെയ്യുന്നതായാലും, വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന ആശയമായാലും, നാമെല്ലാവരും 'സബ്ക പ്രയാസിന്റെ' ശക്തിക്ക് സാക്ഷ്യം വഹിച്ചവരാണ്. സബ്ക പ്രയാസിലൂടെയാണ് ഒരു 'വികസിത് ഭാരത്' യാഥാര്‍ഥ്യമാകുന്നത്. അറിവുള്ള നിങ്ങളാണ് രാജ്യത്തിന്റെ വികസനത്തിന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതും യുവശക്തിയെ വഴിതിരിച്ചുവിടുന്നതും. അതിനാല്‍, നിങ്ങളില്‍ നിന്നുള്ള പ്രതീക്ഷകള്‍ എന്നത്തേക്കാളും കൂടുതലാണ്. രാഷ്ട്രത്തിന്റെ ഭാവി എഴുതാനുള്ള ഒരു വലിയ പ്രചാരണമാണിത്. നിങ്ങളുടെ ഓരോ നിര്‍ദ്ദേശവും ഒരു 'വികസിത് ഭാരത'ത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കും.
ഇന്നത്തെ വര്‍ക്ക്‌ഷോപ്പിന് ഒരിക്കല്‍ കൂടി എന്റെ ആശംസകള്‍ നേരുന്നു. ഇന്ന് ആരംഭിക്കുന്ന യാത്ര 2047-ഓടെ നമ്മെ ഒരു 'വികസിത് ഭാരത്' എന്നതിലേക്ക് നയിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ യാത്രയുടെ നേതൃത്വം അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൈകളിലാണ്. ഇത് രാഷ്ട്രത്തെയും തലമുറയെയും കെട്ടിപ്പടുക്കുന്ന കാലഘട്ടമാണ്. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു!