പിഎം-കിസാൻ പദ്ധതി പ്രകാരം ഏകദേശം 21,000 കോടി രൂപയുടെ 16-ാം ഗഡു തുക അനുവദിച്ചു; ‘നമോ ശേത്കരി മഹാസമ്മാൻ നിധി’യുടെ കീഴിൽ ഏകദേശം 3800 കോടി രൂപയുടെ 2ഉം 3ഉം ഗഡുക്കളും വിതരണം ചെയ്തു
മഹാരാഷ്ട്രയിലുടനീളമുള്ള 5.5 ലക്ഷം വനിതാ സ്വയംസഹായസംഘങ്ങൾക്ക് 825 കോടി രൂപയുടെ റിവോൾവിങ് ഫണ്ട് വിതരണം ചെയ്തു
മഹാരാഷ്ട്രയിലുടനീളം ഒരു കോടി ആയുഷ്മാൻ കാർഡുകളുടെ വിതരണത്തിനു തുടക്കം കുറിച്ചു
മോദി ആവാസ് ഘർകുൽ യോജന ആരംഭിച്ചു
യവത്മാൽ നഗരത്തിൽ പണ്ഡിത് ദീൻദയാൽ ഉപാധ്യായയുടെ പ്രതിമ ഉദ്ഘാടനം ചെയ്തു
വിവിധ റോഡ്-റെയിൽ-ജലസേചന പദ്ധതികൾ സമർപ്പിച്ചു
“ഞങ്ങൾ ഛത്രപതി ശിവാജിയിൽനിന്നു പ്രചോദനം ഉൾക്കൊള്ളുന്നു”
“ഇന്ത്യയുടെ എല്ലാ കോണുകളും വികസിതമാക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ ശരീരത്തിലെ ഓരോ കണികയും എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഈ തീരുമാനത്തിനായി സമർപ്പിച്ചിരിക്കുന്നു”
“കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചെയ്തതെല്ലാം അടുത്ത 25 വർഷത്തേക്കുള്ള അടിത്തറയിടുന്നു”
“ദരിദ്രർക്ക് ഇന്ന് അർഹമായ വിഹിതം ലഭിക്കുന്നു”
“വികസിതഭാരതം സൃഷ്ടിക്കുന്നതിനു ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്”
“പണ്ഡിത് ദീൻദയാൽ ഉപാധ്യായ അന്ത്യോദയയുടെ പ്രചോദനമാണ്. ജീവിതം മുഴുവൻ അദ്ദേഹം ദരിദ്രർക്കായി സമർപ്പിച്ചു”

ജയ് ഭവാനി, ജയ് ഭവാനി, ജയ് സേവാലാൽ! ജയ് ബിർസ!

എല്ലാവർക്കും ആശംസകൾ!

മഹാരാഷ്ട്ര ഗവർണർ ശ്രീ രമേഷ് ബൈസ് ജി, മുഖ്യമന്ത്രി ശ്രീ ഏക്നാഥ് ഷിന്ദേ ജി, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌ണവീസ് ജി, അജിത് പവാർ ജി, വേദിയിൽ സന്നിഹിതരായിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളേ.

ഇന്ന്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നമ്മുടെ കർഷക സഹോദരീസഹോദരന്മാരും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്, അവരെയും ഞാൻ സ്വാഗതം ചെയ്യുന്നു.

 

സഹോദരീ സഹോദരന്മാരേ, ഛത്രപതി ശിവാജി മഹാരാജിന്റെ ഈ പുണ്യഭൂമിയെ ഞാൻ ആദരപൂർവം അഭിവാദ്യം ചെയ്യുന്നു. മഹാരാഷ്ട്രയുടെ മകനും രാജ്യത്തിന്റെ അഭിമാനവുമായ ഡോ. ബാബാസാഹേബ് അംബേദ്കറിനും ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. യവത്മാൽ-വാഷിം മേഖലയിലെ ധീരരായ ബഞ്ജാര സഹോദരീസഹോദരന്മാർക്കു റാം റാം.

സുഹൃത്തുക്കളേ,

10 വർഷം മുമ്പ് “ചായ് പർ ചർച്ച” പരിപാടിയ്ക്കായി ഞാൻ യവത്മാലിൽ വന്നപ്പോൾ, നിങ്ങൾ എന്നെ സമൃദ്ധമായി അനുഗ്രഹിച്ചു. 300ൽ അധികം സീറ്റുകളാണ് രാജ്യത്തെ ജനങ്ങൾ എൻഡിഎയ്ക്ക് നൽകിയത്. തുടർന്ന്, 2019 ഫെബ്രുവരിയിൽ ഞാൻ വീണ്ടും യവത്മാൽ സന്ദർശിച്ചു. ഒരിക്കൽ കൂടി, നിങ്ങൾ ഞങ്ങളിൽ സ്‌നേഹം വർഷിച്ചു. രാജ്യം എൻഡിഎയ്ക്ക് 350-ലധികം സീറ്റുകൾ നൽകി. ഇപ്പോൾ, 2024 ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള വികസനത്തിന്റെ ആഘോഷത്തിൽ ഞാൻ ചേരുമ്പോൾ, ഒരു ഏകീകൃത ശബ്ദം രാജ്യത്തുടനീളം പ്രതിധ്വനിക്കുന്നു. ഇത്തവണ... 400നുമപ്പുറം (സീറ്റ്), ഇത്തവണ 400നുമപ്പുറം (സീറ്റ്)... ഇത്തവണ... 400നുമപ്പുറം (സീറ്റ്)! എന്നെ അനുഗ്രഹിക്കാനായി വന്ന ഇത്രയധികം അമ്മമാരെയും സഹോദരിമാരെയും ഞാൻ ഇവിടെ മുന്നിൽ കാണുന്നു. ജീവിതത്തിൽ ഇതിലും വലിയ ഭാഗ്യം മറ്റെന്തുണ്ട്? ഗ്രാമങ്ങളിലെ ഈ അമ്മമാർക്കും സഹോദരിമാർക്കും ഞാൻ പ്രത്യേകം ആദരം അർപ്പിക്കുന്നു. യവത്മാൽ, വാഷിം, ചന്ദ്രപുർ, വിദർഭ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ഈ വലിയ അനുഗ്രഹം വിജയത്തെ മുൻകൂട്ടി നിശ്ചയിച്ചുകഴിഞ്ഞു ... എൻഡിഎ ഗവൺമെന്റ്... 400-നപ്പുറം (സീറ്റുകൾ)! എൻഡിഎ ഗവൺമെന്റ്... 400ന് (സീറ്റുകൾ) അപ്പുറം!

 

 

സുഹൃത്തുക്കളേ,

ഛത്രപതി ശിവാജി മഹാരാജിനെ മാതൃകയായി കാണുന്നവരാണ് ഞങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലം കഴിഞ്ഞിട്ട്   350 വർഷമായി. അധികാരത്തിലേറിയപ്പോൾ അദ്ദേഹത്തിന് എല്ലാം ലഭ്യമായിരുന്നു, അധികാരം സുഖമായി ആസ്വദിക്കാമായിരുന്നു. എന്നാൽ അദ്ദേഹം  അധികാരത്തിന്റെ സൗകര്യത്തിൽ മുഴുകിയില്ല; പകരം, അദ്ദേഹം രാഷ്ട്രത്തിന്റെ പ്രജ്ഞയും ശക്തിയും ഉയരങ്ങളിൽ എത്തിച്ചു. ജീവിച്ചിരുന്ന കാലമത്രയും അതിനായി പ്രവർത്തിച്ചു. അദ്ദേഹത്തെപ്പോലെ, രാഷ്ട്രം കെട്ടിപ്പടുക്കാനും പൗരന്മാരുടെ ജീവിതം മാറ്റാനുമുള്ള ദൗത്യവുമായി ഞങ്ങളും പുറപ്പെട്ടു. അതിനാൽ, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഞങ്ങൾ ചെയ്തത് അടുത്ത 25 വർഷത്തേക്കുള്ള അടിത്തറ പാകുക എന്നതാണ്. ഭാരതത്തിന്റെ എല്ലാ കോണുകളും വികസിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ ശരീരത്തിലെ ഓരോ കോശവും, എന്റെ ജീവിതത്തിലെ ഓരോ നിമിഷവും, ഈ പ്രതിബദ്ധതയുടെ വിജയത്തിനായി നിങ്ങളുടെ എല്ലാവരുടെയും സേവനത്തിനായി സമർപ്പിക്കുന്നു. ഭാരതത്തെ വികസിതമാക്കുന്നതിനുള്ള നാല് പ്രധാന മുൻഗണനകൾ -- ദരിദ്രർ, കർഷകർ, യുവജനങ്ങൾ, സ്ത്രീശാക്തീകരണം എന്നിവയാണ്. ഈ നാലുപേരും ശാക്തീകരിക്കപ്പെട്ടാൽ, രാജ്യത്തെ എല്ലാ സമൂഹവും, എല്ലാ വിഭാഗവും, എല്ലാ കുടുംബങ്ങളും ശാക്തീകരിക്കപ്പെടും.

സുഹൃത്തുക്കളേ,

ഇന്ന്, യവത്മാലിലെ ദരിദ്രരെയും കർഷകരെയും യുവാക്കളെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിന് സുപ്രധാനമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. മഹാരാഷ്ട്രയുടെ വികസനവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും നടന്നു. ഇന്ന്, കർഷകർക്ക് ജലസേചന സൗകര്യം ലഭിക്കുന്നു, പാവപ്പെട്ടവർക്ക് ഉറപ്പുള്ള വീടുകൾ ലഭിക്കുന്നു, ഗ്രാമങ്ങളിലെ എന്റെ സഹോദരിമാർക്ക് സാമ്പത്തിക സഹായം നൽകുന്നു, യുവാക്കളുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നു. വിദർഭയിലെയും മറാഠ്‌വാഡയിലെയും റെയിൽ ഗതാഗതസൗകര്യം  മെച്ചപ്പെടുത്തുന്നതിനും പുതിയ ട്രെയിനുകൾക്കുമുള്ള പദ്ധതികൾക്കാണ് ഇന്ന് തുടക്കമായത്. ഈ നേട്ടങ്ങൾക്കെല്ലാം എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ നിങ്ങളെ എല്ലാവരെയും ഞാൻ അറിയിക്കുന്നു.

 

സുഹൃത്തുക്കളേ,

കേന്ദ്രത്തിൽ ഐ എൻ ഡി ഐ സഖ്യം അധികാരത്തിലിരുന്ന കാലത്തെ സാഹചര്യം ഓർക്കുക. അന്ന് കൃഷിമന്ത്രി മഹാരാഷ്ട്രക്കാരനായിരുന്നു. അന്ന് ഡൽഹിയിൽ നിന്ന് വിദർഭയിലെ കർഷകർക്കായി പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫണ്ട് പാതിവഴിയിൽ അപഹരിക്കപ്പെട്ടു. ഗ്രാമങ്ങൾക്കും ദരിദ്രർക്കും കർഷകർക്കും ഗോത്ര സമൂഹങ്ങൾക്കും ഒന്നും ലഭിച്ചില്ല. ഇന്നത്തെ സാഹചര്യം നോക്കൂ: ഞാൻ ഒരു ബട്ടൺ അമർത്തി, ചുരുങ്ങിയ സമയത്തിനുള്ളിൽ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് കീഴിലുള്ള 21,000 കോടി രൂപ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കർഷകരുടെ അക്കൗണ്ടുകളിൽ എത്തി. 21,000 കോടി രൂപ എന്നത് ചെറിയ കണക്കല്ല. ഇതാണ് മോദിയുടെ ഉറപ്പ്. കോൺഗ്രസ് ഗവൺമെന്റ്   അധികാരത്തിലിരുന്നപ്പോൾ ഡൽഹിയിൽ നിന്ന് അനുവദിച്ച ഒരു രൂപയിൽ 15 പൈസ മാത്രമാണ് ഗുണഭോക്താക്കൾക്ക് ലഭിച്ചത്. ഇന്ന് കോൺഗ്രസ് അധികാരത്തിലിരുന്നെങ്കിൽ നിങ്ങൾക്ക് ലഭിച്ച 21,000 കോടിയിൽ 18,000 കോടിയും ഇതിനിടയിൽ തിരിമറി നടന്നേനെ. എന്നാൽ ബിജെപി ഗവൺമെന്റ്, പാവപ്പെട്ടവരുടെ ഓരോ ചില്ലിക്കാശും അവരിലേക്ക് എത്തിക്കുന്നു. ഇതാണ് മോദിയുടെ ഉറപ്പ് -- ഓരോ ഗുണഭോക്താവിനും അദ്ദേഹത്തിന്റെ  മുഴുവൻ അവകാശവും ലഭിക്കുന്നു. ഓരോ ചില്ലിക്കാശും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പോകുന്നു.

സുഹൃത്തുക്കളേ,

മഹാരാഷ്ട്രയിലെ കർഷകർക്ക് ഇരട്ട എൻജിൻ (ഗവൺമെന്റ്) ഉപയോഗിച്ച് ഇരട്ട ഗ്യാരന്റിയുണ്ട്. അടുത്തിടെ മഹാരാഷ്ട്രയിലെ കർഷകർക്ക് 3800 കോടി രൂപ അധികമായി കൈമാറി. അതായത് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം മഹാരാഷ്ട്രയിലെ കർഷകർക്ക് പ്രതിവർഷം 12,000 രൂപ ലഭിക്കുന്നു.

 

സുഹൃത്തുക്കളേ,

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് കീഴിൽ, രാജ്യത്തുടനീളമുള്ള 11 കോടി കർഷകരുടെ അക്കൗണ്ടുകളിൽ ഇതുവരെ 3 ലക്ഷം കോടിയിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഇതുവഴി മഹാരാഷ്ട്രയിലെ കർഷകർക്ക് 30,000 കോടി രൂപയും യവത്മാലിലെ കർഷകർക്ക് 900 കോടി രൂപയും ലഭിച്ചു. ചെറുകിട കർഷകർക്ക് ഈ പണം എത്രത്തോളം പ്രയോജനം ചെയ്യുന്നുവെന്ന് ആലോചിച്ചു നോക്കൂ. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഞങ്ങളുടെ ഗവൺമെന്റ് ഗണ്യമായ ആദായം ലഭിക്കുംവിധം കരിമ്പിന്റെ  വിലയിൽ റെക്കോർഡ് വർദ്ധന വരുത്തി. ഇപ്പോൾ കരിമ്പിന് ക്വിന്റലിന് 340 രൂപ എന്ന ആദായകരമായ തുകയാണ്. ഇത് മഹാരാഷ്ട്രയിലെ ദശലക്ഷക്കണക്കിന് കരിമ്പ് കർഷകർക്കും അനുബന്ധ   തൊഴിലാളികൾക്കും ഗുണം ചെയ്യും. നമ്മുടെ ഗ്രാമങ്ങളിൽ ധാന്യ സംഭരണശാലകൾ നിർമ്മിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ പദ്ധതി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ചു. ഈ സംഭരണശാലകൾ നമ്മുടെ കർഷക സഹകരണ സംഘങ്ങൾ കൈകാര്യം ചെയ്യും. ഇത് ചെറുകിട കർഷകർക്ക് ഏറെ ഗുണം ചെയ്യും. ഇതിലൂടെ അവർക്ക്   കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ, നിർബന്ധിതമായി വിൽക്കേണ്ടി വരില്ല

സുഹൃത്തുക്കളേ,

‘വികസിത് ഭാരതി’നായി ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തമാകേണ്ടത് നിർണായകമാണ്. അതിനാൽ, കഴിഞ്ഞ 10 വർഷമായി, ഗ്രാമങ്ങളിൽ താമസിക്കുന്ന ഓരോ കുടുംബത്തിന്റെയും പ്രശ്നങ്ങൾ ലഘൂകരിക്കാനും അവർക്ക് സാമ്പത്തിക സ്ഥിരത നൽകാനുമാണ് ഞങ്ങളുടെ നിരന്തര ശ്രമം. ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദർഭയെക്കാൾ നന്നായി ആർക്കറിയാം? അത് കുടിവെള്ളമായാലും ജലസേചനത്തിനുള്ള വെള്ളമായാലും 2014-ന് മുമ്പ് രാജ്യത്തെ ഗ്രാമങ്ങളിൽ പ്രതിസന്ധി ഉണ്ടായിരുന്നു. എന്നിരുന്നാലും, അന്നത്തെ INDI കൂട്ടുകെട്ടിന്റെ ഗവൺമെന്റിന് അതിൽ ആശങ്കയേതുമുണ്ടായില്ല. ഒന്നാലോചിച്ചു നോക്കൂ, സ്വാതന്ത്ര്യലബ്ധി മുതൽ 2014 വരെ രാജ്യത്തെ ഗ്രാമങ്ങളിൽ 100ൽ 15 എണ്ണം കുടുംബങ്ങൾക്ക് മാത്രമേ പൈപ്പ് വഴി ജലവിതരണം നടത്തിയിരുന്നുള്ളൂ. അവരിൽ ഭൂരിഭാഗവും ദരിദ്രരും ദളിതരും പിന്നാക്കക്കാരും ഗോത്ര കുടുംബങ്ങളുമാണ്. ഇത് നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും വലിയ പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യം പരിഹരിക്കുന്നതിനും നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പ്രതിസന്ധി ഒഴിവാക്കുന്നതിനുമായി മോദി ചുവപ്പുകോട്ടയിൽനിന്ന് ‘ഹർ ഘർ ജൽ’ (എല്ലാ വീട്ടിലും വെള്ളം) ഉറപ്പ് നൽകി. അതിനുശേഷം 4-5 വർഷത്തിനുള്ളിൽ 100 ഗ്രാമീണ കുടുംബങ്ങളിൽ 75 ഓളം കുടുംബങ്ങളിലും ഇന്ന് പൈപ്പ് വെള്ളം എത്തി. 50 ലക്ഷത്തിൽ താഴെ കുടുംബങ്ങൾക്ക് പൈപ്പ്‌ലൈനിലൂടെ വെള്ളം ലഭിച്ചിരുന്ന മഹാരാഷ്ട്രയിലും ഇന്ന് പൈപ്പിലൂടെ ഏകദേശം 1.25 കോടി കുടിവെള്ള കണക്ഷനുകളുണ്ട്. അതുകൊണ്ടാണ് രാജ്യം പറയുന്നത് - മോദിയുടെ ഗ്യാരന്റി എന്നാൽ പൂർത്തീകരണത്തിന്റെ ഉറപ്പ് എന്ന്.

 

സുഹൃത്തുക്കളേ,

രാജ്യത്തെ കർഷകർക്ക് മോദി മറ്റൊരു ഉറപ്പ് നൽകിയിരുന്നു. കോൺഗ്രസ് ഗവൺമെന്റുകൾ 100 ഓളം വൻകിട ജലസേചന പദ്ധതികൾ പതിറ്റാണ്ടുകളായി പൂർത്തിയാക്കാതെ അവശേഷിപ്പിച്ചു. ഇപ്പോൾ അവയിൽ 60 ലധികം പൂർത്തീകരിച്ചു, ബാക്കിയുള്ളവ പുരോഗമിക്കുകയാണ്. മുടങ്ങിക്കിടക്കുന്ന ഈ ജലസേചന പദ്ധതികളിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ് ഉള്ളത് -26 പദ്ധതികൾ. മഹാരാഷ്ട്രയിലെ, പ്രത്യേകിച്ച് വിദർഭയിലെ ഓരോ കർഷക കുടുംബത്തിനും അവരുടെ തലമുറ ആരുടെ പാപങ്ങൾ ആണ് സഹിക്കേണ്ടിവന്നത് എന്ന് അറിയാനുള്ള അവകാശമുണ്ട്. മുടങ്ങിക്കിടക്കുന്ന ഈ 26 പദ്ധതികളിൽ 12 എണ്ണം പൂർത്തീകരിച്ചു, ബാക്കിയുള്ളവയുടെ നിർമ്മാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. ഈ ബിജെപി ഗവൺമെന്റ് ആണ് 50 വർഷത്തിന് ശേഷം നിൽവണ്ഡേ അണക്കെട്ട് പദ്ധതി പൂർത്തിയാക്കിയത്. കൃഷ്ണ കൊയ്‌ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും ടെംഭൂ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും പതിറ്റാണ്ടുകൾക്ക് ശേഷം പൂർത്തീകരിച്ചു. ഗോസീഖുർദ് പദ്ധതിയുടെ ഭൂരിഭാഗം ജോലികളും ഞങ്ങളുടെ ഗവൺമെന്റ്  പൂർത്തിയാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി കൃഷി സിഞ്ചായി, ബലിരാജ ജൽ സഞ്ജീവനി പദ്ധതികൾക്ക് കീഴിൽ വിദർഭയിലും മറാഠ്‌വാഡയിലുമായി 51 പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്തു. ഇതിലൂടെ 80,000 ഹെക്ടറിലധികം ഭൂമിയിൽ ജലസേചന സൗകര്യം ലഭിക്കും.

സുഹൃത്തുക്കളേ,

ഗ്രാമങ്ങളിലെ സഹോദരിമാരെ ‘ലഖ്പതി ദീദിമാരാക്കും’ എന്ന ഉറപ്പും മോദി നൽകിയിട്ടുണ്ട്. ഇതുവരെ രാജ്യത്തെ ഒരു കോടി സഹോദരിമാർ ‘ലഖ്പതി ദീദി’മാരായി. ഈ വർഷത്തെ ബജറ്റിൽ മൂന്ന് കോടി സഹോദരിമാരെ ‘ലഖ്പതി ദീദിമാർ’ ആക്കുക എന്ന ലക്ഷ്യമാണ് ഞങ്ങൾ പ്രഖ്യാപിച്ചത്. ഇപ്പോൾ, ഈ ലക്ഷ്യം കൈവരിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. ഇന്ന് സ്വയംസഹായ സംഘങ്ങളിലെ സഹോദരിമാരുടെയും പെൺമക്കളുടെയും എണ്ണം 10 കോടി കവിഞ്ഞു. ഈ സഹോദരിമാർക്ക് ബാങ്കുകളിൽ നിന്ന് 8 ലക്ഷം കോടി രൂപ ലഭിച്ചു. കേന്ദ്ര ഗവൺമെന്റ് 40,000 കോടിരൂപയുടെ പ്രത്യേക ഫണ്ട് അനുവദിച്ചു. മഹാരാഷ്ട്രയിൽ, സേവിംഗ്സ് സംഘങ്ങളുമായി ബന്ധപ്പെട്ട സഹോദരിമാർക്കും കാര്യമായ പ്രയോജനം ലഭിച്ചു. ഇന്ന് ഈ സംഘങ്ങൾക്ക് 800 കോടിയിലധികം രൂപ സഹായം ലഭിച്ചിട്ടുണ്ട്. യവത്മാൽ ജില്ലയിൽ നിരവധി സഹോദരിമാർക്ക് ഇ-റിക്ഷകൾ നൽകിയിട്ടുണ്ട്. ഷിന്ദേ ജി, ദേവേന്ദ്ര ജി, അജിത് ദാദ എന്നിവരുൾപ്പെടെ മഹാരാഷ്ട്രയിലെ മുഴുവൻ ഗവൺമെന്റിനെയും ഈ സംരംഭത്തിന് ഞാൻ അഭിനന്ദിക്കുന്നു.

 

കൂടാതെ സുഹൃത്തുക്കളേ,

ഇപ്പോൾ, സഹോദരിമാർ ഇ-റിക്ഷകൾ ഓടിക്കുന്നുണ്ടെങ്കിലും താമസിയാതെ അവരും ഡ്രോണുകൾ പറത്തും. നമോ ഡ്രോൺ ദീദി പദ്ധതിക്ക് കീഴിൽ, ഡ്രോൺ പൈലറ്റുമാർക്കുള്ള പരിശീലനം സഹോദരിമാരുടെ സംഘങ്ങൾക്ക്  നൽകുന്നു. അതിനുശേഷം, ഈ സഹോദരിമാർക്ക് ഗവൺമെന്റ്   ഡ്രോണുകൾ നൽകും, അത് കൃഷിയിൽ ഉപയോഗിക്കും.

 

സുഹൃത്തുക്കളേ,

ഇന്ന് പണ്ഡിത് ദീൻദയാൽ ഉപാധ്യായ ജിയുടെ പ്രതിമയുടെ ഉദ്ഘാടനവും ഇവിടെ നടന്നു. പണ്ഡിത് ജി, അന്ത്യോദയയ്ക്ക് (അവസാനത്തെ വ്യക്തിയുടെയും ഉന്നമനം) പ്രചോദനമായ വ്യക്തിയാണ്. അദ്ദേഹം ജീവിതം മുഴുവൻ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സമർപ്പിച്ചു. പണ്ഡിത് ജിയുടെ ചിന്തകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ് നാമെല്ലാവരും. കഴിഞ്ഞ 10 വർഷം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമായിരുന്നു. ഇതാദ്യമായാണ് സൗജന്യ റേഷൻ ഉറപ്പ് നൽകുന്നത്. ആദ്യമായാണ് സൗജന്യ ആരോഗ്യപരിരക്ഷയ്ക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇന്ന് മഹാരാഷ്ട്രയിലെ ഒരു കോടി കുടുംബങ്ങൾക്ക് ആയുഷ്മാൻ കാർഡ് നൽകാനുള്ള പരിപാടി ആരംഭിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് പാവങ്ങൾക്ക് ആദ്യമായി ഉറപ്പുള്ള വീടുകൾ നിർമ്മിച്ചു നൽകി. ഒ.ബി.സി കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന് ഇന്ന് പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ഒബിസി കുടുംബങ്ങൾക്കായി 10 ലക്ഷം അടച്ചുറപ്പുള്ള വീടുകൾ നിർമ്മിക്കും.

സുഹൃത്തുക്കളേ,

ഒരിക്കലും പരിഗണിക്കപ്പെടാതിരുന്നവരെ മോദി പരിഗണിച്ചു, അവരെ ആരാധിച്ചു. വിശ്വകർമ, ബലുതേദാർ സമുദായങ്ങൾക്കായി കാര്യമായ ഒരു പദ്ധതിയും ഉണ്ടായിട്ടില്ല. ആദ്യമായി 13,000 കോടി ബജറ്റിൽ ഉൾപ്പെടുത്തിക്കൊണ്ട്  പ്രധാനമന്ത്രി വിശ്വകർമ യോജനയ്ക്കു മോദി തുടക്കമ‌ിട്ടു. കോൺഗ്രസിന്റെ കാലത്ത് ഗോത്ര സമൂഹം സൗകര്യങ്ങൾ  ലഭിക്കാതെ എല്ലായ്‌പ്പോഴും ഏറ്റവും താഴേത്തട്ടിലായിരുന്നു. എന്നാൽ ഗോത്രസമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെയും മോദി ശ്രദ്ധിച്ചു. അവരുടെ വികസനത്തിനായി ആദ്യമായി 23,000 കോടി ചെലവിൽ പ്രധാനമന്ത്രി ജൻമൻ യോജന ആരംഭിച്ചു. ഈ പദ്ധതി മഹാരാഷ്ട്രയിലെ കാത്കരി, കോലാം, മാഡിയ തുടങ്ങിയ നിരവധി ഗോത്ര സമൂഹങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം പ്രദാനം ചെയ്യും. ദരിദ്രരെയും കർഷകരെയും യുവാക്കളെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിനുള്ള ഈ പരിപാടിയ്ക്ക് കൂടുതൽ ശക്തി ലഭിക്കാൻ പോകുന്നു. അടുത്ത അഞ്ച് വർഷം ഇതിലും വേഗത്തിലുള്ള വികസനത്തിന് സാക്ഷ്യം വഹിക്കും. അടുത്ത അഞ്ച് വർഷം വിദർഭയിലെ എല്ലാ കുടുംബങ്ങളുടെയും ജീവിതം മികച്ചതാക്കും. ഒരിക്കൽ കൂടി, ഏവർക്കും, എല്ലാ കർഷക കുടുംബങ്ങൾക്കും അഭിനന്ദനങ്ങൾ.

എനിക്കൊപ്പം പറയൂ:

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

 

വളരെ നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
25% of India under forest & tree cover: Government report

Media Coverage

25% of India under forest & tree cover: Government report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi