പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശന്തനു ഠാക്കൂര്‍ ജി, ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍, ജഗന്നാഥ് സര്‍ക്കാര്‍ ജി, സംസ്ഥാന ഗവണ്‍മെന്റിലെ മന്ത്രിമാരെ, മറ്റ് വിശിഷ്ട വ്യക്തികളെ, മാന്യന്മാര്‍രെ മഹതികളെ!
ഒരു വികസിത സംസ്ഥാനമാക്കി പശ്ചിമ ബംഗാളിനെ ഉയര്‍ത്തുന്നതിനുള്ള മറ്റൊരു മുന്നേറ്റവും ഇന്ന് അടയാളപ്പെടുത്തുകയാണ്. അരംബാഗില്‍ ഇന്നലെ ബംഗാളിനെ സേവിക്കാനുള്ള വിശേഷാവസരം എനിക്ക് ലഭിച്ചു, അവിടെ ഏകദേശം 7000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഞാന്‍ നിര്‍വഹിച്ചു. റെയില്‍വേ, തുറമുഖങ്ങള്‍, പെട്രോളിയം എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന പദ്ധതികള്‍ അവയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ന്, വീണ്ടും ഒരിക്കല്‍ കൂടി, ഏകദേശം 15,000 കോടി രൂപയുടെ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടിലും നിര്‍വഹിക്കാനായതിലൂടെ ഞാന്‍ ബഹുമാനിതനായി. മെച്ചപ്പെട്ട വൈദ്യുതി, റോഡ്, റെയില്‍വേ സൗകര്യങ്ങള്‍ ബംഗാളിലെ എന്റെ സഹോദരീ സഹോദരന്മാരുടെ ജീവിത നലവാരം ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. ഈ വികസന സംരംഭങ്ങള്‍ പശ്ചിമ ബംഗാളിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉള്‍പ്രേരകമാകുകയും യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സാദ്ധ്യമാക്കുകയും ചെയ്യും. ഈ സുപ്രധാന അവസരത്തില്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുകയും നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിന് ആധുനിക കാലഘട്ടത്തില്‍, വൈദ്യുതി ഒരു പരമപ്രധാനമായ ആവശ്യമാണ്. ഏതെങ്കിലും സംസ്ഥാനത്തിലെ വ്യവസായങ്ങളോ, ആധുനിക റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളോ, അല്ലെങ്കില്‍ നമ്മുടെ ദൈനംദിന ജീവിതവുമായി ഇഴചേര്‍ന്ന നൂതന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതോ, എന്തായാലും മതിയായ വൈദ്യുതി ലഭ്യതയില്ലാതെ ഒരു സംസ്ഥാനത്തിനും രാജ്യത്തിനും പുരോഗതി കൈവരിക്കാനാവില്ല. അതുകൊണ്ട്, നിലവിലെയും ഭാവിയിലെയും വൈദ്യുതി ആവശ്യകതകളില്‍ പശ്ചിമ ബംഗാള്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്നതിനാണ് ഞങ്ങള്‍ പ്രധാനമായും ശ്രമിക്കുന്നത്. ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ കീഴിലുള്ള രഘുനാഥ്പൂര്‍ താപവൈദ്യുത നിലയം-രണ്ടാംഘട്ട പദ്ധതിക്ക് തറക്കല്ലിടുന്നതോടെ ഇന്ന് ഈ ദിശയില്‍ ഒരു സുപ്രധാന മുന്നേറ്റം കുറിക്കുകയാണ്. ഈ പദ്ധതിക്കായി സംസ്ഥാനത്ത് 11,000 കോടി രൂപയിലധികം നിക്ഷേപം ആവശ്യമായി വരും, അത് ഇതിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ മാത്രമല്ല, ചുറ്റുമുള്ള പ്രദേശങ്ങളിലെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതും അഭിസംബോധന ചെയ്യും. അതിനുപുറമെ, ഈ താപവൈദ്യുത നിലയത്തിന്റെ ഉദ്ഘാടനത്തോടൊപ്പം, മെജിയ താപവൈദ്യുത നിലയത്തിലെ എഫ്.ജി.ഡി സംവിധാനവും ഞാന്‍ അനാച്ഛാദനം ചെയ്തിട്ടുണ്ട്. ഈ സംവിധാനം പരിസ്ഥിതി സംരക്ഷണത്തോടുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുകയും പ്രദേശത്തെ മലിനീകരണം ഗണ്യമായി ലഘൂകരിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തിന്റേയും മറ്റ് പല സംസ്ഥാനങ്ങളുടേയും കിഴക്കന്‍ കവാടമായാണ് പശ്ചിമ ബംഗാള്‍ വര്‍ത്തിക്കുന്നത്. ഈ കവാടത്തിലൂടെ പുരോഗതിക്കുള്ള ധാരാളംഅവസരങ്ങള്‍ കിഴക്കന്‍ മേഖലയിലേക്ക് ഒഴുകും. അതിനാല്‍, പശ്ചിമ ബംഗാളിലെ റോഡുകള്‍, റെയില്‍വേ, വ്യോമയാനപാതകള്‍, ജലപാതകള്‍ എന്നിവയുടെ ബന്ധിപ്പിക്കല്‍ നവീകരിക്കുന്നതിനായി നമ്മുടെ ഗവണ്‍മെന്റ് ദൃഢചിത്തതയോടെ നിലകൊള്ളുകയാണ്. ഏകദേശം 2000 കോടി രൂപ മുതല്‍മുടക്കില്‍ ഫറാക്കയെയും റായ്ഗഞ്ചിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത-12ആയ എന്‍.എച്ച് 12, ഇന്ന് ഞാന്‍ ഉദ്ഘാടനം ചെയ്തു. ഈ ഹൈവേ ബംഗാളിലെ ജനങ്ങളുടെ യാത്രാവേഗം ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും, ഫറാക്കയില്‍ നിന്ന് റായ്ഗഞ്ചിലേക്കുള്ള യാത്രാ സമയം മുന്‍പുണ്ടായിരുന്ന 4 മണിക്കൂറില്‍ നിന്ന് പകുതിയായി കുറയ്ക്കുകയും ചെയ്യും. അതിനുപുറമെ, കാലിയാചക്, സുജാപൂര്‍, മാള്‍ഡ ടൗണ്‍ തുടങ്ങിയ നഗരപ്രദേശങ്ങളിലെ ഗതാഗത സാഹചര്യം ഇത് മെച്ചപ്പെടുത്തുകയും ചെയ്യും. വ്യവസായ പ്രവര്‍ത്തനങ്ങളും ഗതാഗത കാര്യക്ഷമതയോടൊപ്പം വര്‍ദ്ധിക്കുക്കുകയു, ആത്യന്തികമായി അത് പ്രാദേശിക കര്‍ഷകര്‍ക്ക് ഗുണകരമാകുകയും ചെയ്യും.
സുഹൃത്തുക്കളെ,
അടിസ്ഥാനസൗകര്യ പരിപ്രേക്ഷ്യത്തില്‍, റെയില്‍വേ പശ്ചിമ ബംഗാളിന്റെ മഹത്തായ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നിരുന്നാലും, ഇക്കാര്യത്തില്‍ ബംഗാളിന് ചരിത്രപരമായ നേട്ടമുണ്ടായിരുന്നിട്ടും, സ്വാതന്ത്ര്യാനന്തരം അത് ഫലപ്രദമായി മുതലാക്കിയില്ല. സമൃദ്ധമായ സാദ്ധ്യതകളുണ്ടായിട്ടും ബംഗാള്‍ പിന്നിലാകാനുള്ള കാരണം ഈ ഉപേക്ഷയാണ്. ഈ അസമത്വം പരിഹരിക്കുന്നതിനായി കഴിഞ്ഞ ദശകത്തില്‍, റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഞങ്ങള്‍ ഗണ്യമായ ഊന്നല്‍ നല്‍കി. മുമ്പത്തേക്കാള്‍ ഇരട്ടിയിലധികം തുകയാണ് ബംഗാളിന്റെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിന് ഇപ്പോള്‍ നമ്മുടെ ഗവണ്‍മെന്റ് അനുവദിക്കുന്നത്. ഇന്ന്, ഞാന്‍ ബംഗാളില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ നാല് റെയില്‍വേ പദ്ധതികള്‍ ഒരേസമയം ഉദ്ഘാടനം ചെയ്യുകയാണ്. ആധുനികവും വികസിതവുമായ ബംഗാള്‍ എന്ന നമ്മുടെ കാഴ്ചപ്പാട് നിറവേറ്റുന്നതില്‍ ഈ വികസന മുന്‍കൈകള്‍ നിര്‍ണ്ണായക പങ്ക് വഹിക്കും. പത്തുമിനിറ്റ് അകലെ ധാരാളം ജനങ്ങള്‍ എനിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ പരിപാടി ഇനിയും നീട്ടികൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവിടെ തുറന്ന് വിശാലമായി അവരോട് സംസാരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുകയാണ്. അതുകൊണ്ട്, എന്റെ അഭിപ്രായങ്ങള്‍ അവിടെ അറിയിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം. അതിനാല്‍ നമ്മുടെ നടപടിക്രമങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നു. ഈ അഭിനന്ദനാര്‍ഹമായ പദ്ധതികള്‍ക്ക് ഒരിക്കല്‍ കൂടി എല്ലാവരേയും അഭിനന്ദിക്കുന്നു.
നന്ദി!