മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ രമേഷ് ബെയിന്‍സ് ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡേ ജി, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ് ജി, അജിത് ദാദാ പവാര്‍ ജി, മഹാരാഷ്ട്ര ഗവണ്‍മെന്റിലെ മറ്റ് മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ശ്രീ നരസയ്യ ആദം ജി, സോലാപൂരിലെ സഹോദരീസഹോദരന്മാരെ നമസ്‌കാരം!
ഞാന്‍ പണ്ഡര്‍പൂരിലെ ഭഗവാന്‍ വിത്തലിനെയും സിദ്ധേശ്വര് മഹാരാജിനെയും വണങ്ങുന്നു. ഈ കാലഘട്ടം നമുക്കെല്ലാവര്‍ക്കും ഭക്തി നിറഞ്ഞതാണ്. നമ്മുടെ ശ്രീരാമന്‍ തന്റെ മഹത്തായ ക്ഷേത്രത്തില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്ന ജനുവരി 22ന് ഒരു ചരിത്ര നിമിഷം ആസന്നമായിരിക്കുന്നു. നമ്മുടെ ആരാധനാമൂര്‍ത്തിയെ ഒരു കൂടാരത്തില്‍ ഒരു നോക്ക് കാണുന്നതിന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള വേദനയാണ് ഇപ്പോള്‍ അവസാനിക്കുന്നത്.
എന്റെ പ്രവര്‍ത്തനത്തില്‍ ചില സന്യാസിമാരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഞാന്‍ ശ്രദ്ധാപൂര്‍വം പിന്തുടരുകയും രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി എന്റെ വ്രതം കര്‍ശനമായി പാലിക്കുകയും ചെയ്യുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളോടെ ഈ 11 ദിവസങ്ങളില്‍ ഈ ആത്മീയ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതു സംബന്ധിച്ച ഒരു കാര്യത്തിലും വീഴ്ച വരുത്താതിരിക്കാന്‍ എനിക്കു കഴിയണം. ഈ പവിത്രമായ ഉദ്യമത്തില്‍ പങ്കെടുക്കാനുള്ള അവസരം നിങ്ങളുടെ അനുഗ്രഹങ്ങളുടെ സാക്ഷ്യമാണ് എന്നു മാത്രമല്ല, ഞാന്‍ അവിടേക്കു പോകുന്നത് നിങ്ങളോടുള്ള അളവറ്റ നന്ദിയോടുകൂടിയായിരിക്കും.
സുഹൃത്തുക്കളെ,
മഹാരാഷ്ട്രയിലെ നാസിക്കിലെ പഞ്ചവടി ദേശത്തു നിന്നാണ് എന്റെ വ്രതത്തിന്റെ തുടക്കം എന്നതും യാദൃച്ഛികമാണ്. രാമഭക്തി നിറഞ്ഞ ഈ അന്തരീക്ഷത്തില്‍ ഇന്ന് മഹാരാഷ്ട്രയിലെ ഒരു ലക്ഷത്തിലധികം കുടുംബങ്ങള്‍ അവരുടെ വീടുകളിലേക്ക് പ്രവേശിക്കുകയാണ്. ഇനി പറയൂ, എന്റെ സന്തോഷം പലമടങ്ങ് വര്‍ദ്ധിക്കുമോ ഇല്ലയോ? നിങ്ങളുടെ സന്തോഷം വര്‍ദ്ധിക്കുമോ ഇല്ലയോ? ജനുവരി 22 ന് മഹാരാഷ്ട്രയിലെ ഈ ഒരു ലക്ഷത്തിലധികം ദരിദ്ര കുടുംബങ്ങളും അവരുടെ വീടുകളില്‍ രാംജ്യോതി (വിളക്ക്) തെളിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാവരും വൈകുന്നേരം രാംജ്യോതി തെളിക്കുമോ? ഭാരതത്തിലുടനീളം നിങ്ങള്‍ അത് ചെയ്യുമോ?
ഇപ്പോള്‍, രാമന്റെ നാമത്തില്‍ നിങ്ങളുടെ മൊബൈല്‍ ഫോണുകളുടെ ഫ്‌ളാഷ്ലൈറ്റ് തെളിയിച്ച് രാംജ്യോതി കത്തിക്കാന്‍ പ്രതിജ്ഞയെടുക്കൂ. നിങ്ങളുടെ എല്ലാ മൊബൈല്‍ ഫോണുകളുടെയും ഫ്‌ളാഷ്ലൈറ്റ് തെളിക്കുക.. എല്ലാവരും. അകലെയുള്ളവര്‍ ഉള്‍പ്പെടെ എല്ലാവരുടെ കയ്യിലും മൊബൈല്‍ ഉണ്ടല്ലോ. ഇത്രയധികം ആള്‍ക്കൂട്ടമുണ്ടാവുമെന്നു ഞാന്‍ കരുതിയിരുന്നില്ല. ഫ്‌ളാഷ്ലൈറ്റ് ഓണായതിനാല്‍, വലിയ ആള്‍ക്കൂട്ടം ദൃശ്യമായി. 22ന് വൈകുന്നേരം രാംജ്യോതി തെളിക്കുമെന്ന് കൈകള്‍ ഉയര്‍ത്തി പറയൂ. കൊള്ളാംു!
ഇന്ന് മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങള്‍ക്കായി 2000 കോടി രൂപയുടെ ഏഴ് അമൃത് പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. സോലാപൂരിലെ നിവാസികള്‍ക്കും മഹാരാഷ്ട്രയിലെ എന്റെ സഹോദരങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഞാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറയുന്നത് കേള്‍ക്കുകയായിരുന്നു, പ്രധാനമന്ത്രി മോദി കാരണം മഹാരാഷ്ട്രയുടെ അഭിമാനം ഗണ്യമായി വര്‍ദ്ധിക്കുന്നുവെന്ന് അദ്ദേഹം പരാമര്‍ശിച്ചു. ശ്രീ ഷിന്‍ഡെ, അതു കേള്‍ക്കാന്‍ നല്ല രസമുണ്ട്, രാഷ്ട്രീയക്കാര്‍ ഇത്തരം പ്രസ്താവനകളെ പ്രത്യേകം അഭിനന്ദിക്കുന്നു. എന്നിരുന്നാലും, മഹാരാഷ്ട്രയിലെ ജനങ്ങളുടെയും താങ്കളേപ്പോലുള്ള പുരോഗമനാത്മക ഗവണ്‍മെന്റിന്റെയും കഠിനാധ്വാനം കൊണ്ടാണ് മഹാരാഷ്ട്രയുടെ പേര് തിളങ്ങുന്നത് എന്നതാണ് സത്യം. അതിനാല്‍, മഹാരാഷ്ട്ര മുഴുവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
സുഹൃത്തുക്കളെ,
നമ്മുടെ വാഗ്ദാനങ്ങളുടെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രീരാമന്‍ എപ്പോഴും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. സോലാപൂരിലെ ആയിരക്കണക്കിന് പാവപ്പെട്ട ആളുകള്‍ക്കും ആയിരക്കണക്കിന് സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ഞങ്ങള്‍ ചെയ്ത പ്രതിജ്ഞാബദ്ധത ഇപ്പോള്‍ ഫലവത്താകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മിച്ച രാജ്യത്തെ ഏറ്റവും വലിയ സൊസൈറ്റിയുടെ ഉദ്ഘാടനം ഇന്ന് നടന്നു. കണ്ടിട്ട് എനിക്കും തോന്നി 'എന്റെ കുട്ടിക്കാലത്ത് ഇങ്ങനെയൊരു വീട്ടില്‍ ജീവിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍' എന്ന്. ഇതൊക്കെ കാണുമ്പോള്‍ മനസ്സിന് വല്ലാത്ത സംതൃപ്തി കിട്ടും. ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമ്പോള്‍, അവരുടെ അനുഗ്രഹമാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്. ഈ പദ്ധതിക്ക് തറക്കല്ലിടാന്‍ വന്നപ്പോള്‍ നിങ്ങളുടെ വീടുകളുടെ താക്കോല്‍ നല്‍കാന്‍ ഞാന്‍ നേരിട്ട് വരുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പാണ് ഇന്ന് മോദി നിറവേറ്റിയിരിക്കുന്നത്. നിങ്ങള്‍ക്കറിയാമോ, മോദിയുടെ ഉറപ്പ് അര്‍ത്ഥമാക്കുന്നത് പൂര്‍ത്തീകരണത്തിന്റെ ഉറപ്പ് എന്നാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മോദിയുടെ ഉറപ്പ് അര്‍ത്ഥമാക്കുന്നത് പൂര്‍ത്തീകരണത്തിന്റെ പൂര്‍ണമായ ഉറപ്പ് എന്നാണ്.
ഇപ്പോള്‍, ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഈ വീടുകള്‍ നിങ്ങളുടെ സ്വത്താണ്. ഇന്ന് ഈ വീടുകള്‍ ലഭിച്ച ഭവനരഹിതരായ കുടുംബങ്ങളുടെ തലമുറകള്‍ സഹിച്ച എണ്ണമറ്റ കഷ്ടപ്പാടുകള്‍ എനിക്കറിയാം. ഈ വീടുകള്‍കൊണ്ട് കഷ്ടപ്പാടുകളുടെ കാലം അവസാനിക്കുമെന്നും നിങ്ങള്‍ സഹിച്ച ബുദ്ധിമുട്ടുകള്‍ നിങ്ങളുടെ കുട്ടികള്‍ വഹിക്കേണ്ടിവരില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ജനുവരി 22-ന് നിങ്ങള്‍ തെളിക്കുന്ന രാംജ്യോതി നിങ്ങളുടെ ജീവിതത്തില്‍ നിന്നു ദാരിദ്ര്യത്തിന്റെ അന്ധകാരം അകറ്റാന്‍ പ്രചോദനമാകും. നിങ്ങളുടെ ജീവിതം സന്തോഷത്താല്‍ നിറയട്ടെ എന്ന് ഞാന്‍ ശ്രീരാമനോട് പ്രാര്‍ത്ഥിക്കുന്നു.
റാം ജിയുടെ ഗംഭീരമായ പ്രസംഗം ഞാന്‍ കേട്ടു, ഞാന്‍ വളരെ സന്തോഷവാനാണ്. 2019 ല്‍ ഞാന്‍ നിങ്ങളെ കണ്ടുമുട്ടിയപ്പോള്‍, നിങ്ങള്‍ വളരെ മെലിഞ്ഞിരുന്നു. ഇപ്പോള്‍ നിങ്ങളെ നോക്കൂ, വിജയത്തിന്റെ ഫലം ആസ്വദിച്ചുകൊണ്ട് കാര്യമായ ഭാരം കൂടി. ഇതും മോദിയുടെ ഉറപ്പിന്റെ ഫലമാണ്. എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ ഈ വീടുകള്‍ സ്വീകരിക്കുകയും ജീവിതത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിക്കുകയും ചെയ്യുമ്പോള്‍, നിങ്ങളുടെ ജീവിതം സന്തോഷത്താല്‍ നിറയട്ടെ, അതാണ് ശ്രീരാമനോടുള്ള എന്റെ ആഗ്രഹം.
എന്റെ കുടുംബാംഗങ്ങളെ,
രാജ്യത്ത് സദ്ഭരണം സ്ഥാപിക്കാനും ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന സത്യസന്ധമായ ഭരണം സ്ഥാപിക്കാനും നമ്മുടെ ഗവണ്‍മെന്റ് ആദ്യ ദിവസം മുതല്‍ പരിശ്രമിക്കുന്നു. 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്നിവയ്ക്ക് പിന്നിലെ പ്രചോദനമായ രാമരാജ്യമാണിത്. രാമചരിതമാനസില്‍ വിശുദ്ധ തുളസീദാസ് ജി പറയുന്നു:
ജെഹി വിധി സുഖി ഹോഹിം പുര ലോകാ. കരഹിം കൃപാനിധി സോയി സംജോഗാ.
അര്‍ഥമാക്കുന്നത്, ശ്രീരാമന്‍ ജനങ്ങളെ സന്തോഷിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്നാണ്. ജനങ്ങളെ സേവിക്കുന്നതിന് ഇതിലും വലിയ പ്രചോദനം മറ്റെന്തുണ്ട്? അതുകൊണ്ട് 2014ല്‍ ഞങ്ങളുടെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞത് എന്റെ ഗവണ്‍മെന്റിനെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സമര്‍പ്പിക്കുന്നു എന്നാണ്. അതിനാല്‍, പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും അവരുടെ ജീവിതം എളുപ്പമാക്കുന്നതിനുമുള്ള പദ്ധതികള്‍ ഞങ്ങള്‍ ഒന്നിനുപുറകെ ഒന്നായി നടപ്പിലാക്കി.
സുഹൃത്തുക്കളെ,
വീടും ശൗചാലയവും ഇല്ലാത്തതിനാല്‍ പാവപ്പെട്ടവര്‍ ഓരോ ഘട്ടത്തിലും അപമാനം നേരിട്ടു. ഇത് പ്രത്യേകിച്ചും നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഗുരുതരമായ ശിക്ഷയായിരുന്നു. അതുകൊണ്ട് തന്നെ പാവപ്പെട്ടവര്‍ക്ക് വീടും ശൗചാലയവും നിര്‍മിക്കുന്നതിലായിരുന്നു ഞങ്ങളുടെ ആദ്യ ശ്രദ്ധ. ഞങ്ങള്‍ ദരിദ്രര്‍ക്ക് 10 കോടിയിലധികം ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കി. ഇവ വെറും ശൗചാലയങ്ങളല്ല; ഇവ 'ഇജ്ജത്ത് ഘര്‍' ആണ്. ഞങ്ങള്‍ ബഹുമാനത്തിന്റെ ഉറപ്പ് നല്‍കിയിട്ടുണ്ട്; പ്രത്യേകിച്ച് എന്റെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും.
പാവപ്പെട്ടവര്‍ക്ക് 4 കോടിയിലധികം വീടുകള്‍ ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഊഹിക്കാം... ഇവിടെ വീടുകള്‍ ലഭിച്ചവരോട് ചോദിക്കൂ, ജീവിതത്തില്‍ എത്രമാത്രം സംതൃപ്തിയുണ്ട് എന്ന്. ഇവര്‍ മുപ്പതിനായിരം പേര്‍; നാല് കോടിയിലധികം ആളുകള്‍ക്ക് ഞങ്ങള്‍ വീടുകള്‍ നല്‍കിയിട്ടുണ്ട്... അവരുടെ ജീവിതത്തില്‍ എത്രമാത്രം സംതൃപ്തി ഉണ്ടായിരിക്കണം! രണ്ട് തരത്തിലുള്ള ചിന്തകളുണ്ട്. ഒന്ന് - നേരിട്ടുള്ള രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആളുകളെ പ്രേരിപ്പിക്കുക. ഞങ്ങളുടെ സമീപനം അധ്വാനത്തിന്റെ അന്തസ്സാണ്, ഞങ്ങളുടെ സമീപനം സ്വാശ്രയ തൊഴിലാളികളെ സംബന്ധിച്ചുള്ളതാണ്, ഞങ്ങളുടെ സമീപനം പാവപ്പെട്ടവരുടെ ക്ഷേമമാണ്. പുതിയ വീടുകളില്‍ താമസിക്കാന്‍ പോകുന്നവരോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നതു വലിയ സ്വപ്നങ്ങള്‍ കാണുക, ചെറിയ സ്വപ്നം കാണരുത് എന്നാണ്. നിങ്ങളുടെ സ്വപ്നങ്ങളായിരിക്കും എന്റെ തീരുമാനമാകുകയെന്ന മോദിയുടെ ഉറപ്പാണിത്.
പണ്ട് നഗരങ്ങളില്‍ ചേരികളാണ് ഉണ്ടാക്കിയിരുന്നതെങ്കില്‍ ഇന്ന് ചേരികളില്‍ താമസിക്കുന്നവര്‍ക്ക് നല്ല വീട് നല്‍കാനുള്ള ശ്രമത്തിലാണ്. ഉപജീവനത്തിനായി ഗ്രാമങ്ങളില്‍ നിന്ന് വരുന്ന ആളുകള്‍ക്ക് നഗരങ്ങളിലെ ചേരികളില്‍ വാടകയ്ക്കു കഴിയേണ്ടിവരില്ലെന്നും ഉറപ്പാക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഇന്ന്, നഗരങ്ങളില്‍ കോളനികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. അവിടെ അത്തരം സുഹൃത്തുക്കള്‍ക്ക് ന്യായമായ വാടകയ്ക്ക് അനുയോജ്യമായ താമസസൗകര്യം നല്‍കാം. ഞങ്ങള്‍ വലിയ പദ്ധതിയാണ് നടത്തുന്നത്. ആളുകള്‍ ജോലി ചെയ്യുന്ന സ്ഥലത്തിന് ചുറ്റും പാര്‍പ്പിട ക്രമീകരണങ്ങള്‍ ഉണ്ടാക്കാനാണ് ഞങ്ങളുടെ ശ്രമം.
കുടുംബാംഗങ്ങളെ,
നമ്മുടെ രാജ്യത്ത് വളരെക്കാലം 'ഗരീബി ഹഠാവോ' (ദാരിദ്ര്യം തുടച്ചുനീക്കുക) മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ മുദ്രാവാക്യങ്ങള്‍ ഉണ്ടായിട്ടും ദാരിദ്ര്യം കുറഞ്ഞില്ല. 'നമ്മള്‍ പകുതി റൊട്ടി കഴിക്കും' എന്ന മട്ടിലുള്ള ആഖ്യാനങ്ങള്‍ നിലനിന്നിരുന്നു. എന്തിനായിരുന്നു സഹോദരാ? 'ഞങ്ങള്‍ പകുതി റൊട്ടി കഴിച്ച് നിങ്ങള്‍ക്ക് ഞങ്ങളുടെ വോട്ട് തരാം' എന്നാണ് ആളുകള്‍ പറയുന്നത്. എന്തിനാണ് പകുതി റൊട്ടി കഴിക്കുന്നത്? നിങ്ങള്‍ക്കു സമ്പൂര്‍ണ ഭക്ഷണം ഉണ്ടെന്ന് മോദി ഉറപ്പ് വരുത്തും. ഇതാണ് ജനങ്ങളുടെ സ്വപ്നം, ഇതാണ് ദൃഢനിശ്ചയം... ഇതാണ് വ്യത്യാസം.
ഒപ്പം സുഹൃത്തുക്കളെ,
സോലാപൂര്‍ തൊഴിലാളികളുടെ നഗരമാണ് എന്നതുപോലെയാണ്, അഹമ്മദാബാദിന്റെ കാര്യവും. അതും തൊഴിലാളികളുടെ, പ്രത്യേകിച്ച് തുണിത്തൊഴിലാളികളുടെ നഗരമാണ്. അഹമ്മദാബാദും സോലാപൂരും തമ്മില്‍ അത്രയേറെ അടുത്ത ബന്ധമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം സോലാപൂരുമായുള്ള ബന്ധം കൂടുതല്‍ അടുത്തതാണ്. അഹമ്മദാബാദില്‍, ഇവിടെ നിന്നുള്ള കുടുംബങ്ങള്‍, പ്രത്യേകിച്ച് പത്മശാലീയര്‍ താമസിക്കുന്നു. എന്റെ ആദ്യകാല ജീവിതത്തില്‍ പത്മശാലിയ കുടുംബങ്ങളില്‍നിന്നു മാസത്തില്‍ മൂന്നോ നാലോ തവണ ഭക്ഷണം ലഭിച്ചിരുന്ന ഭാഗ്യവാനായിരുന്നു ഞാന്‍. മൂന്ന് പേര്‍ക്ക് ഇരിക്കാന്‍ മതിയായ ഇടമില്ലാതിരുന്ന ചെറിയ താമസസ്ഥലത്താണ് അവര്‍ താമസിച്ചിരുന്നത്, പക്ഷേ അവര്‍ എന്നെ ഒരിക്കലും വിശന്ന് ഉറങ്ങാന്‍ അനുവദിച്ചില്ല. സംഭവം നടന്നു വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ അദ്ദേഹത്തിന്റെ പേര് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല; ഒരു ദിവസം സോലാപൂരില്‍ നിന്നുള്ള ഒരു മാന്യ വ്യക്തി ഒരു മനോഹരമായ ചിത്രം എനിക്ക് അയച്ചുതന്നത് എന്നെ അത്ഭുതപ്പെടുത്തി. എന്റെ ജീവിതം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മഹാരാഷ്ട്രയിലെ സത്താറയില്‍ നിന്നുള്ള 'വക്കില്‍ സാഹേബ്' എന്നറിയപ്പെടുന്ന ലക്ഷ്മണ്‍ റാവു ഇനാംദാര്‍ അയച്ച, വൈദഗ്ധ്യത്തോടെ നെയ്തതും മനോഹരമായി തയ്യാറാക്കിയതുമായ ചിത്രമായിരുന്നു അത്. തന്റെ കഴിവുകൊണ്ട് അദ്ദേഹം അത് കലാപരമായി ചിത്രീകരിക്കുകയും അത്ഭുതകരമായ ചിത്രം എനിക്ക് അയച്ചുതന്നു. ഇന്നും സോലാപൂരിന് എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്.
എന്റെ കുടുംബാംഗങ്ങളെ,
നമ്മുടെ രാജ്യത്ത് 'ഗരീബി ഹഠാവോ' (ദാരിദ്ര്യം തുടച്ചുനീക്കുക) എന്ന മുദ്രാവാക്യം വളരെക്കാലമായി മുഴങ്ങുന്നു, പക്ഷേ ഈ മുദ്രാവാക്യങ്ങള്‍ ഉണ്ടായിട്ടും ദാരിദ്ര്യം കുറഞ്ഞില്ല. പാവപ്പെട്ടവരുടെ പേരില്‍ പദ്ധതികള്‍ ഉണ്ടാക്കിയപ്പോള്‍ യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണം. മുന്‍ ഗവണ്‍മെന്റുകളില്‍, പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി ഉദ്ദേശിച്ച പണം പലപ്പോഴും പാതിവഴിയില്‍ അപഹരിക്കപ്പെട്ടു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മുന്‍ ഗവണ്‍മെന്റുകളുടെ ഉദ്ദേശ്യങ്ങളും നയങ്ങളും അര്‍പ്പണബോധവും സംശയാസ്പദമായിരുന്നു. ഞങ്ങളുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാണ്, ദരിദ്രരെ ശാക്തീകരിക്കുക എന്നതാണ് ഞങ്ങളുടെ നയം. നമ്മുടെ സമര്‍പ്പണം രാജ്യത്തോടുള്ളതാണ്. 'വികസിത ഭാരതം' വികസിപ്പിക്കുന്നതിനാണ് ഞങ്ങളുടെ പ്രതിബദ്ധത.
അതുകൊണ്ടാണ് ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ ഇടനിലക്കാരില്ലാതെ ഗുണഭോക്താക്കളില്‍ നേരിട്ട് എത്തുമെന്ന് മോദി ഉറപ്പുനല്‍കിയത്. ഗുണഭോക്താക്കളുടെ വഴിയിലെ ഇടനിലക്കാരെ നീക്കം ചെയ്യാന്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചു. അവിഹിത സമ്പാദ്യത്തിന്റെ ഉറവിടം അറ്റുപോയതാണ് ഇന്ന് ചിലര്‍ ഒച്ചവെക്കാന്‍ കാരണം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 30 ലക്ഷം കോടിയിലധികം രൂപ ഞങ്ങള്‍ ഗുണഭോക്താക്കളായ പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. ജന്‍ധന്‍, ആധാര്‍, മൊബൈല്‍ സുരക്ഷ എന്നിവ സൃഷ്ടിച്ചതിലൂടെ, നിലവിലില്ലാത്തതും നിങ്ങളുടെ ക്ഷേമത്തിനായി ഉദ്ദേശിച്ച ഫണ്ടുകള്‍ ഉപയോഗിക്കുന്നതുമായ ഏകദേശം 10 കോടി വ്യാജ ഗുണഭോക്താക്കളെ ഞങ്ങള്‍ ഇല്ലാതാക്കി. ജനിക്കാത്തവരെ രോഗികളായി കാണിച്ച് പണം തട്ടിയെടുത്തതുപോലെ എത്രയോ സംഭവങ്ങള്‍ നടന്നിരുന്നു.
സുഹൃത്തുക്കളെ,
നമ്മുടെ ഗവണ്‍മെന്റ് പാവപ്പെട്ടവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുകയും അവരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ അതിന്റെ ഫലം പ്രകടമാണ്. നമ്മുടെ ഗവണ്‍മെന്റിന്റെ ഒമ്പത് വര്‍ഷത്തിനുള്ളില്‍ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. ഇതൊരു ചെറിയ കണക്കല്ല; പത്തുവര്‍ഷത്തെ സമര്‍പ്പണത്തിന്റെ ഫലമാണത്. പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ദൃഢനിശ്ചയത്തിന്റെ ഫലമാണിത്. നിങ്ങള്‍ ശരിയായ ഉദ്ദേശ്യത്തോടും സമര്‍പ്പണത്തോടും സമഗ്രതയോടും കൂടി പ്രവര്‍ത്തിക്കുമ്പോള്‍, ഫലങ്ങള്‍ നിങ്ങളുടെ കണ്‍മുന്നില്‍ ദൃശ്യമാകും. ദാരിദ്ര്യത്തെ പരാജയപ്പെടുത്താന്‍ തങ്ങള്‍ക്കും കഴിയുമെന്ന ആത്മവിശ്വാസം ഇത് നമ്മുടെ സഹപൗരന്മാരില്‍ പകര്‍ന്നു.
സുഹൃത്തുക്കളെ,
25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തെ അതിജീവിക്കുന്നതില്‍ വിജയിച്ചത് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ നേട്ടമാണ്. ദരിദ്രര്‍ക്ക് വിഭവങ്ങളും മാര്‍ഗങ്ങളും നല്‍കിയാല്‍ ദാരിദ്ര്യത്തെ മറികടക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടാകുമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ സൗകര്യങ്ങള്‍ നല്‍കുകയും വിഭവങ്ങള്‍ നല്‍കുകയും രാജ്യത്തെ ദരിദ്രരുടെ എല്ലാ ആശങ്കകളും ലഘൂകരിക്കാന്‍ സത്യസന്ധമായ ശ്രമം നടത്തുകയും ചെയ്തത്. ദരിദ്രരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്ക ഒരു ദിവസം രണ്ടു നേരം നല്ല ഭക്ഷണം എന്നതായിരുന്നു. ഇന്ന് നമ്മുടെ ഗവണ്‍മെന്റ് സൗജന്യ റേഷന്‍ നല്‍കി രാജ്യത്തെ പാവപ്പെട്ടവരെ പല ആശങ്കകളില്‍ നിന്നും മോചിപ്പിച്ചിരിക്കുന്നു, ആരും പകുതി ഭക്ഷണം മാത്രം കഴിക്കുക എന്ന മുദ്രാവാക്യം വിളിക്കേണ്ടതില്ല.
കൊറോണയുടെ കാലത്ത് ആരംഭിച്ച പദ്ധതി ഇപ്പോള്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. രാജ്യത്തെ പൗരന്മാര്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു. 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതില്‍ ഞാന്‍ സംതൃപ്തനാണ്. ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയവര്‍ക്ക് ഒരു കാരണവശാലും ദാരിദ്ര്യത്തിലേക്ക് മടങ്ങിപ്പോകാതിരിക്കാനും വീണ്ടും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനും അടുത്ത അഞ്ച് വര്‍ഷത്തേക്ക് പിന്തുണ നല്‍കേണ്ടതുണ്ടെന്നും എനിക്കറിയാം. അതിനാല് നിലവിലുള്ള പദ്ധതികളുടെ ഗുണഫലങ്ങള് അവരിലേക്ക് എത്തിക്കൊണ്ടിരിക്കും. സത്യത്തില്‍, ഇന്ന് അവര്‍ക്ക് കൂടുതല്‍ നല്‍കാന്‍ എനിക്ക് തോന്നുന്നു, കാരണം അവര്‍ എന്റെ പ്രമേയം ധൈര്യത്തോടെ നിറവേറ്റാന്‍ എന്റെ കൂട്ടാളികളായി മാറിയിരിക്കുന്നു. അമ്പത് കോടി ആയുധങ്ങള്‍ ഇപ്പോള്‍ എന്റെ കൂട്ടാളികളാണ്.
ഒപ്പം സുഹൃത്തുക്കളെ,
ഞങ്ങള്‍ സൗജന്യ റേഷന്‍ വിതരണം ക്രമീകരിക്കുക മാത്രമല്ല, റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തു. മുമ്പ് ഒരിടത്ത് ഉണ്ടാക്കിയ റേഷന്‍ കാര്‍ഡിന് മറ്റൊരു സംസ്ഥാനത്ത് സാധുതയുണ്ടായിരുന്നില്ല. ആരെങ്കിലും ജോലിക്കായി അന്യസംസ്ഥാനത്തേക്ക് പോയാല്‍ അവിടെ റേഷന്‍ കിട്ടാന്‍ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. ഞങ്ങള്‍ 'ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്' സംവിധാനം നടപ്പിലാക്കി. അതായത് ഒരു റേഷന്‍ കാര്‍ഡ് രാജ്യത്തുടനീളം ഉപയോഗിക്കാം. സോലാപ്പൂരില്‍ നിന്നുള്ള ഒരാള്‍ ചെന്നൈയില്‍ പോയി ഉപജീവനമാര്‍ഗം കണ്ടെത്തുകയാണെങ്കില്‍, പുതിയ റേഷന്‍ കാര്‍ഡ് എടുക്കേണ്ട ആവശ്യമില്ല. ഇതേ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് അവര്‍ക്ക് ചെന്നൈയില്‍ ഭക്ഷണം തുടര്‍ന്നും ലഭിക്കും, ഇതാണ് മോദിയുടെ ഉറപ്പ്.
സുഹൃത്തുക്കളെ,
ഓരോ പാവപ്പെട്ടവനും എപ്പോഴും അസുഖം വന്നാല്‍ വൈദ്യചികിത്സ എങ്ങനെ താങ്ങുമെന്ന് ആശങ്കയുണ്ട്. ഒരു ദരിദ്ര കുടുംബത്തില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍, ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും തകരുന്നു; അസുഖം ചികിത്സിക്കുന്നതിനുള്ള ചെലവുകള്‍ കാരണം അവര്‍ വീണ്ടും ദാരിദ്ര്യത്തില്‍ കുടുങ്ങുന്നു. അതോടെ കുടുംബം മുഴുവന്‍ പ്രതിസന്ധിയിലാകുന്നു. ഈ പ്രശ്‌നം തിരിച്ചറിഞ്ഞ്, നമ്മുടെ ഗവണ്‍മെന്റ് ആയുഷ്മാന്‍ ഭാരത് യോജന ആരംഭിച്ചു. ഇതിലൂടെ അഞ്ചു ലക്ഷം രൂപ വരെ ചെലവു വരുന്ന ചികില്‍സ സൗജന്യമായി നല്‍കുന്നു. ഇന്ന്, ഈ പദ്ധതി പാവപ്പെട്ടവരെ ഒരു ലക്ഷം കോടി രൂപയുടെ ചെലവില്‍ നിന്ന് രക്ഷിച്ചു.
ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ഞാന്‍ പ്രഖ്യാപിച്ചാല്‍, ആറേഴു ദിവസം പത്രങ്ങളിലും ടെലിവിഷനിലും അത് പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. എന്നാല്‍ മോദിയുടെ ഉറപ്പിന്റെ ശക്തി മറ്റൊന്നാണ്. ഈ പദ്ധതി നിങ്ങളുടെ പോക്കറ്റിലെ ഒരു ലക്ഷം കോടി രൂപ ലാഭിച്ചു, കൂടാതെ നിരവധി ജീവനുകള്‍ രക്ഷിച്ചു. ഇന്ന്, പിഎം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി ഗവണ്‍മെന്റ് 80% വിലക്കുറവില്‍ മരുന്നുകള്‍ നല്‍കുന്നു. ഇതിലൂടെ പാവപ്പെട്ടവര്‍ 30,000 കോടി രൂപ ലാഭിക്കുകയും ചെയ്തു. അഴുക്കുവെള്ളം പാവപ്പെട്ട കുടുംബങ്ങളിലെ രോഗത്തിന് ഒരു പ്രധാന കാരണമാണ്. അതിനാല്‍, നമ്മുടെ ഗവണ്‍മെന്റ് ജല്‍ ജീവന്‍ മിഷന്‍ നടപ്പിലാക്കുന്നു. അതിലൂടെ എല്ലാ വീടുകളും ഒരു വാട്ടര്‍ കണക്ഷനുമായി ബന്ധിപ്പിക്കുന്നു.
സുഹൃത്തുക്കളെ,
ഈ പദ്ധതികളുടെ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ പിന്നാക്ക, ആദിവാസി വിഭാഗങ്ങള്‍ക്കിടയിലാണ്. പാവപ്പെട്ട ഒരാള്‍ക്ക് ഒരു വീട്, ഒരു ശൗചാലയം, അവരുടെ വീട്ടില്‍ വൈദ്യുതി കണക്ഷന്‍, ജലവിതരണം അങ്ങനെയുള്ള എല്ലാ സൗകര്യങ്ങളും നല്‍കുക എന്നതൊക്കെയാണ് മോദിയുടെ ഉറപ്പിലെ സാമൂഹ്യനീതിയുടെ യഥാര്‍ഥ വശങ്ങള്‍. സാമൂഹ്യനീതി സംബന്ധിച്ച ഈ സ്വപ്നം വിശുദ്ധ രവിദാസാണ് വിഭാവനം ചെയ്തത്. വിവേചനരഹിതമായ ഒരു അവസരം എന്ന ആശയം കബീര്‍ ദാസ് പറഞ്ഞു. ജ്യോതിബ ഫൂലെ, സാവിത്രിഭായ് ഫൂലെ, ബാബാസാഹേബ് അംബേദ്കര്‍ എന്നിവര്‍ സാമൂഹിക നീതിയുടെ പാത കാട്ടിത്തന്നു.
എന്റെ കുടുംബാംഗങ്ങളെ,
ദരിദ്രരില്‍ ദരിദ്രനുപോലും സാമ്പത്തിക ഭദ്രതയുടെ കവചം ലഭിക്കുന്നു; ഇതും മോദിയുടെ ഉറപ്പാണ്. 10 വര്‍ഷം മുമ്പ് വരെ ഒരു പാവപ്പെട്ട കുടുംബത്തിന് ലൈഫ് ഇന്‍ഷുറന്‍സിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഇന്ന്, അവര്‍ക്ക് അപകടങ്ങള്‍ക്കുള്ള കവറേജും 2 ലക്ഷം രൂപ വരെ ലൈഫ് ഇന്‍ഷുറന്‍സും ഉണ്ട്. ഈ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയ ശേഷമുള്ള, 16,000 കോടി എന്ന കണക്കും നിങ്ങളെ സന്തോഷിപ്പിക്കും. ഈ തുക ഇന്‍ഷുറന്‍സ് ഇനത്തില്‍ പ്രതിസന്ധി നേരിടുന്ന പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റി.
സുഹൃത്തുക്കളെ,
ബാങ്കുകള്‍ക്ക് ഗ്യാരണ്ടിയായി ഒന്നും നല്‍കാനില്ലാത്തവര്‍ക്കാണ് ഇന്ന് മോദിയുടെ ഗ്യാരന്റി ഏറ്റവും വലിയ മാറ്റമുണ്ടാക്കുന്നത്. ഈ ഒത്തുചേരലിലും 2014 വരെ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത എത്രയോ കൂട്ടുകാരുണ്ട്. ബാങ്ക് അക്കൗണ്ട് ഇല്ലാതിരുന്നപ്പോള്‍ എങ്ങനെ ബാങ്കുകളില്‍ നിന്ന് വായ്പ കിട്ടും? ജന്‍ധന്‍ യോജന നടപ്പാക്കുന്നതിലൂടെ നമ്മുടെ ഗവണ്‍മെന്റ് 50 കോടി പാവപ്പെട്ട ജനങ്ങളെ രാജ്യത്തെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചു. ഇന്ന്, പിഎം-സ്വാനിധി പദ്ധതിയുടെ 10,000 ഗുണഭോക്താക്കള്‍ക്കും ബാങ്കുകളുടെ സഹായം ലഭിച്ചിട്ടുണ്ട്. കൂടാതെ എനിക്ക് ഇവിടെ ചില ഉദാഹരണങ്ങള്‍ അവതരിപ്പിക്കാനുണ്ട്.
രാജ്യത്തുടനീളമുള്ള വണ്ടികളിലും നടപ്പാതകളിലും പണിയെടുക്കുന്നവര്‍; ഹൗസിങ് സൊസൈറ്റികളില്‍ പച്ചക്കറി, പാല്‍, പത്രങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്നവര്‍, കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നവര്‍, റോഡുകളില്‍ പൂക്കള്‍ വില്‍ക്കുന്നവര്‍... ലക്ഷക്കണക്കിന് ആളുകളെ മുമ്പ് ആരും ശ്രദ്ധിച്ചിരുന്നില്ല. ഒരിക്കലും ശ്രദ്ധിക്കാത്തവരെയാണ് മോദി ആദരിച്ചത്. ഇന്ന്, ആദ്യമായി മോദി അവരെ സംരക്ഷിച്ചു; അവരെ സഹായിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നു. മുമ്പ്, ഈ കൂട്ടാളികള്‍ക്ക് ബാങ്കുകള്‍ക്ക് നല്‍കാന്‍ ഗ്യാരണ്ടി ഇല്ലാത്തതിനാല്‍ വിപണിയില്‍ നിന്ന് ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പ എടുക്കേണ്ടി വന്നു. മോദി അവരുടെ ഗ്യാരന്റി ഏറ്റെടുത്തു... ഞാന്‍ ബാങ്കുകളോട് പറഞ്ഞു, ഇതാണ് എന്റെ ഗ്യാരണ്ടി, അവര്‍ക്ക് പണം നല്‍കൂ, ഈ പാവങ്ങള്‍ തിരിച്ചടയ്ക്കും... പാവങ്ങളെ ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് ഈ വഴിയോരക്കച്ചവടക്കാര്‍ യാതൊരു ജാമ്യവുമില്ലാതെ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നു. ആയിരക്കണക്കിന് കോടി രൂപയാണ് ഇത്തരം കൂട്ടാളികള്‍ക്ക് ഇതുവരെ സഹായമായി ലഭിച്ചത്.
എന്റെ കുടുംബാംഗങ്ങളെ,
സോലാപൂര്‍ ഒരു വ്യവസായ നഗരമാണ്, കഠിനാധ്വാനികളായ തൊഴിലാളി സഹോദരങ്ങളുടെ നഗരമാണ്. ഇവിടെയുള്ള നിരവധി സഹയാത്രികര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ചെറുകിട, കുടില്‍ വ്യവസായങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു. രാജ്യത്തും ലോകത്തും തുണി വ്യവസായത്തിന് പേരുകേട്ടതാണ് സോലാപൂര്‍. സോലാപുരി ചദ്ദാറിനെ കുറിച്ച് ആര്‍ക്കാണ് അറിയാത്തത്? യൂണിഫോം നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ എംഎസ്എംഇ കൂട്ടം് സോലാപൂരിലാണ്. വിദേശത്തുനിന്നും ഗണ്യമായ എണ്ണം യൂണിഫോം ഓര്‍ഡറുകള്‍ വരുന്നുണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.
സുഹൃത്തുക്കളെ,
വസ്ത്രങ്ങള്‍ തുന്നുന്ന ജോലി തലമുറകളായി ഇവിടെ നടക്കുന്നുണ്ട്. തലമുറകള്‍ മാറി, ഫാഷന്‍ മാറി. എന്നാല്‍ വസ്ത്രം തുന്നുന്ന കൂട്ടാളികളെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ അവരെ എന്റെ വിശ്വകര്‍മ സഹചാരിമാരായി കണക്കാക്കുന്നു. ഈ കരകൗശല വിദഗ്ധരുടെ ജീവിതം മാറ്റിമറിക്കാന്‍ ഞങ്ങള്‍ പ്രധാനമന്ത്രി വിശ്വകര്‍മ യോജന സൃഷ്ടിച്ചു. ചിലപ്പോള്‍ നിങ്ങള്‍ എന്റെ ജാക്കറ്റുകള്‍ കാണുന്നുണ്ടാവും. ആ ജാക്കറ്റുകളില്‍ ചിലത് സോലാപൂരില്‍ നിന്നുള്ള ഒരു സുഹൃത്ത് നിര്‍മ്മിച്ചതാണ്. ഞാന്‍ വിസമ്മതിക്കുമ്പോഴും അദ്ദേഹം അവ എനിക്ക് അയച്ചുകൊണ്ടിരിക്കും. ഒരിക്കല്‍ ഞാന്‍ ഫോണിലൂടെ അദ്ദേഹത്തെ ശകാരിച്ചു, 'സഹോദരാ, ഇനി എന്നെ അയക്കരുത്.' അദ്ദേഹം മറുപടി പറഞ്ഞു, 'ഇല്ല, സര്‍, നിങ്ങള്‍ കാരണമാണ് ഞാന്‍ വിജയം കണ്ടെത്തിയത്. വാസ്തവത്തില്‍, അതു നിങ്ങളുടെ അടുക്കല്‍ എത്തിക്കുകയാണു ഞാന്‍ ചെയ്യുന്നത്.'
സുഹൃത്തുക്കളെ,
വിശ്വകര്‍മ യോജനയ്ക്ക് കീഴില്‍, ഈ കൂട്ടുകാര്‍ക്ക് പരിശീലനം നല്‍കുകയും അവര്‍ക്ക് ആധുനിക ഉപകരണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. തങ്ങളുടെ ജോലി മുന്നോട്ട് കൊണ്ടുപോകാന്‍, യാതൊരു ജാമ്യവുമില്ലാതെ ബാങ്കുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വായ്പയും അവര്‍ സ്വീകരിക്കുന്നു. അതിനാല്‍, സോലാപൂരിലെ എല്ലാ വിശ്വകര്‍മ സഹോദരങ്ങളും ഈ പദ്ധതിയില്‍ വേഗത്തില്‍ ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇക്കാലത്ത്, വികസിത് ഭാരത് സങ്കല്‍പ് യാത്ര എല്ലാ ഗ്രാമങ്ങളിലും അയല്‍പക്കങ്ങളിലും എത്തിച്ചേരുന്നു. മോദിയുടെ ഉറപ്പുള്ള വാഹനവും ഈ യാത്രയെ അനുഗമിക്കുന്നുണ്ട്. ഇതിലൂടെ നിങ്ങള്‍ക്ക് പിഎം വിശ്വകര്‍മ ഉള്‍പ്പെടെ എല്ലാ ഗവണ്‍മെന്റ് പദ്ധതികളുമായും ബന്ധപ്പെടാം.
എന്റെ കുടുംബാംഗങ്ങളെ,
ഒരു സ്വാശ്രയ ഭാരതം വികസിപ്പിക്കുക എന്നത് 'വികസിത ഭാരത'ത്തിന് അത്യന്താപേക്ഷിതമാണ്. നമ്മുടെ ചെറുകിട, ഇടത്തരം, കുടില്‍ വ്യവസായങ്ങളുടെ സജീവമായ പങ്കാളിത്തം 'ആത്മനിര്‍ഭര്‍ ഭാരത്' എന്നതിന് നിര്‍ണായകമാണ്. അതിനാല്‍, കേന്ദ്ര സര്‍ക്കാര്‍ എംഎസ്എംഇകളെ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. കൊവിഡ്-19 മഹാമാരിയുടെ വെല്ലുവിളി നിറഞ്ഞ കാലത്ത്, എംഎസ്എംഇകള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍, ഗവണ്‍മെന്റ് അവര്‍ക്ക് ലക്ഷക്കണക്കിന് കോടികളുടെ സഹായം നല്‍കി. ചെറുകിട വ്യവസായ മേഖലയില്‍ സംഭവിക്കുമായിരുന്ന വലിയ തോതിലുള്ള തൊഴില്‍നഷ്ടം ഇല്ലാതാക്കാന്‍ ഇത് സഹായിച്ചു.
ഒരു ജില്ല ഒരു ഉല്‍പ്പന്നം' എന്ന പദ്ധതിയാണ് ഇന്ന് രാജ്യത്തെ എല്ലാ ജില്ലയിലും ഗവണ്‍മെന്റ് നടപ്പാക്കുന്നത്. 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന പ്രചരണ പദ്ധതി ചെറുകിട വ്യവസായങ്ങളെ സംബന്ധിച്ചു ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. ഭാരതത്തിന്റെ സ്വാധീനം ആഗോളതലത്തില്‍ വളരുന്ന രീതി കണക്കിലെടുക്കുമ്പോള്‍, 'ഇന്ത്യയില്‍ നിര്‍മ്മിച്ച' ഉല്‍പ്പന്നങ്ങള്‍ക്കു കൂടുതല്‍ സാധ്യതകളുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ പ്രചാരണങ്ങളെല്ലാം സോലാപൂരിലെ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ട്, ഇത് ഇവിടുത്തെ പ്രാദേശിക വ്യവസായങ്ങളെ ഗുണപരമായി ബാധിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ,
നമ്മുടെ കേന്ദ്ര ഗവണ്‍മെന്റിന്റെ മൂന്നാമത് അവസരത്തില്‍ ആഗോളതലത്തില്‍ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിലൊന്നായി മാറാന്‍ ഭാരതം ഒരുങ്ങുകയാണ്. എന്റെ വരാനിരിക്കുന്ന കാലയളവില്‍, ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളില്‍ ഭാരതത്തെ എത്തിക്കാനായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ ഉറപ്പ് മോദി നല്‍കിയതാണ്, നിങ്ങളുടെ പിന്തുണയോടെ എന്റെ ഉറപ്പ് നിറവേറ്റപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളുടെ അനുഗ്രഹമാണ് ഇതിനു പിന്നിലെ ശക്തി. മഹാരാഷ്ട്രയിലെ സോലാപൂര്‍ പോലുള്ള നഗരങ്ങള്‍ക്ക് സമ്പദ്വ്യവസ്ഥയുടെ വികാസത്തില്‍ കാര്യമായ പങ്കുണ്ട്.
ഈ നഗരങ്ങളിലെ വെള്ളവും മലിനജലവും പോലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. മികച്ച റോഡുകള്‍, റെയില്‍വേ, വ്യോമപാതകള്‍ എന്നിവയിലൂടെ നഗരങ്ങളെ അതിവേഗം ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സന്ത് ജ്ഞാനേശ്വര്‍ മഹാരാജ് പാല്‍ഖി മാര്‍ഗോ സന്ത് തുക്കാറാം പാല്‍ഖി മാര്‍ഗോ ആകട്ടെ, ഈ വഴികളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. രത്നഗിരി, കോലാപ്പൂര്‍, സോലാപൂര്‍ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള നാലുവരിപ്പാതയുടെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകും. എന്റെ കുടുംബാംഗങ്ങളായ നിങ്ങളെല്ലാവരും ഇത്തരം വികസന ശ്രമങ്ങള്‍ക്ക് ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു.
അനുഗ്രഹങ്ങള്‍ ഈ രീതിയില്‍ തുടരട്ടെ. ഈ വിശ്വാസത്തോടെ, ഇപ്പോള്‍ സ്വന്തമായി നല്ല വീടുകള്‍ ലഭിച്ച സുഹൃത്തുക്കളെ ഞാന്‍ അഭിനന്ദിക്കുന്നു. രണ്ടു കൈകളും ഉയര്‍ത്തി എന്നോട് പറയുക:
'ഭാരത് മാതാ കീ ജയ്' - ഈ മന്ത്രം മഹാരാഷ്ട്രയിലുടനീളം എത്തണം.
ഭാരത് മാതാ കീ -- ജയ്
ഭാരത് മാതാ കീ -- ജയ്
ഭാരത് മാതാ കീ -- ജയ്
നിങ്ങളുടെ ആഹ്ലാദപ്രകടനങ്ങള്‍ക്ക് രാജ്യത്തെ എല്ലാ പാവപ്പെട്ടവരിലും പുതിയ ആത്മവിശ്വാസം വളര്‍ത്താന്‍ കഴിയും.
ഒത്തിരി നന്ദി.