നമസ്കാരം!
മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡേ ജി, ഉപമുഖ്യമന്ത്രി ഭായ് ദേവേന്ദ്ര ഫഡ്നാവിസ് ജി, അജിത് പവാര്‍ ജി, ശ്രീ മംഗള്‍ പ്രഭാത് ലോധ ജി, മറ്റു സംസ്ഥാന മന്ത്രിമാരെ, മഹതികളെ, മഹാന്‍മാരെ!
പൂണ്യപൂര്‍ണമായ നവരാത്രി മഹോത്സവം നടക്കുകയാണ്. മാതൃദേവിയുടെ അഞ്ചാമത്തെ രൂപമായ സ്‌കന്ദമാതാവിനെ നാം ആരാധിക്കുന്ന ദിവസമാണ് ഇന്ന്. എല്ലാ അമ്മമാരും തന്റെ കുഞ്ഞിന് എല്ലാ സന്തോഷവും പ്രശസ്തിയും നല്‍കണമെന്ന് ആഗ്രഹിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യത്തിലൂടെയും മാത്രമേ ഈ സന്തോഷവും പ്രശസ്തിയും കൈവരിക്കാന്‍ കഴിയൂ. ഇത്തരമൊരു സുപ്രധാന അവസരത്തിലാണ് മഹാരാഷ്ട്രയിലെ നമ്മുടെ മക്കളുടെ നൈപുണ്യ വികസനത്തിന് ഇത്തരമൊരു പ്രധാന പരിപാടി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. നൈപുണ്യ വികസനത്തിന്റെ പാതയില്‍ മുന്നേറാന്‍ തീരുമാനിച്ച എന്റെ മുന്നില്‍ ഇരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കള്‍ക്ക്, ഈ പ്രഭാതം അവരുടെ ജീവിതത്തില്‍ ശുഭകരമായി മാറിയെന്നു പറയേണ്ടിവരും.. മഹാരാഷ്ട്രയില്‍ 511 ഗ്രാമീണ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പോകുന്നു.
സുഹൃത്തുക്കളെ,
ഇന്ന് ലോകമെമ്പാടും ഭാരതത്തിലെ നൈപുണ്യമുള്ള യുവാക്കളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വളരെ കൂടുതലുള്ള നിരവധി രാജ്യങ്ങളുണ്ട്! അവിടെ പ്രായമായവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പരിശീലനം ലഭിച്ച യുവാക്കളെ കണ്ടെത്താന്‍ പ്രയാസവുമാണ്. ലോകത്തെ 16 രാജ്യങ്ങള്‍ ഏകദേശം 40 ലക്ഷം വൈദഗ്ധ്യമുള്ള യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേകള്‍ കാണിക്കുന്നു. ഈ രാജ്യങ്ങളില്‍ വിദഗ്ധരായ പ്രൊഫഷണലുകളുടെ അഭാവം മൂലം അവര്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നു. നിര്‍മ്മാണ മേഖല, ആരോഗ്യ പരിപാലന മേഖല, ടൂറിസം വ്യവസായം, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ നിരവധി മേഖലകള്‍ ഇന്ന് വിദേശ രാജ്യങ്ങളില്‍ ആവശ്യക്കാരേറെയാണ്. അതുകൊണ്ട്, ഇന്ന് ഭാരതം വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ രാജ്യത്തിനുവേണ്ടി മാത്രമല്ല, ലോകത്തിനായും ഒരുക്കുകയാണ്.
മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ സ്ഥാപിക്കാന്‍ പോകുന്ന ഈ പുതിയ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ യുവാക്കളെ ലോകമെമ്പാടുമുള്ള അവസരങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തരാക്കും. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട നൈപുണ്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ പഠിപ്പിക്കും. ആധുനിക രീതിയിലുള്ള കൃഷിയുമായി ബന്ധപ്പെട്ട നൈപുണ്യവും പഠിപ്പിക്കും. മഹാരാഷ്ട്രയിലെ മാധ്യമ-വിനോദ പ്രവര്‍ത്തനങ്ങള്‍ അത്ര ബൃഹത്തായ ജോലിയാണ്. ഇതിനായി പ്രത്യേക പരിശീലനം നല്‍കുന്ന നിരവധി കേന്ദ്രങ്ങളും സ്ഥാപിക്കും. ഇലക്ട്രോണിക്സിന്റെയും ഹാര്‍ഡ്വെയറിന്റെയും പ്രധാന കേന്ദ്രമായി ഇന്ന് ഇന്ത്യ മാറുകയാണ്. അത്തരമൊരു സാഹചര്യത്തില്‍, ഈ മേഖലയുമായി ബന്ധപ്പെട്ട കഴിവുകളും ഡസന്‍ കണക്കിന് കേന്ദ്രങ്ങളില്‍ പഠിപ്പിക്കും. ഈ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ക്ക് മഹാരാഷ്ട്രയിലെ യുവാക്കളെ അഭിനന്ദിക്കാനും അവര്‍ക്ക് എല്ലാവിധ ആശംസകളും നേരാനും ഞാന്‍ ആഗ്രഹിക്കുന്നു.
കൂടാതെ അവരുടെ നൈപുണ്യ വികസനത്തിനായി പരിശീലനം നല്‍കുന്നതിന് കുറച്ച് സമയം ചെലവഴിക്കാന്‍ ഗവണ്‍മെന്റിനോടും ഷിന്‍ഡേ ജിയോടും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതില്‍, നമ്മുടെ യുവാക്കള്‍ക്ക് വിദേശത്തേക്ക് പോകാന്‍ അവസരം ലഭിക്കുകയാണെങ്കില്‍, ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന 10-20 വാക്യങ്ങള്‍ അവരെ പഠിപ്പിക്കണം. ഭാഷാ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അവരെ എഐ ഉപയോഗിച്ചു പരിഭാഷപ്പെടുത്താന്‍ പഠിപ്പിക്കണം. വിദേശത്തേക്ക് പോകുന്നവര്‍ക്ക് ഈ കാര്യങ്ങള്‍ വളരെ ഉപകാരപ്രദമാണ്. ഈ രീതിയില്‍ പ്രവര്‍ത്തിക്കാന്‍, ഇതിനകം തയ്യാറായവരെ, കമ്പനികള്‍ അവരെ വേഗത്തില്‍ റിക്രൂട്ട് ചെയ്യുന്നു, അങ്ങനെ അവര്‍ അവിടെ പോയ ഉടന്‍ തന്നെ ജോലിക്ക് യോഗ്യത നേടുന്നു. അതിനാല്‍, നൈപുണ്യ പരിശീലനത്തിനും ചില വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു; ഓണ്‍ലൈന്‍ മൊഡ്യൂളുകള്‍ വികസിപ്പിക്കണം; ബാക്കിയുള്ള സമയങ്ങളില്‍ ഈ കുട്ടികള്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുന്നത് തുടരണം, അങ്ങനെ അവര്‍ പ്രത്യേക തരം വൈദഗ്ദ്ധ്യം വികസിപ്പിക്കുന്നു.
സുഹൃത്തുക്കളെ,
വളരെക്കാലത്തോളമായി, മുന്‍ ഗവണ്‍മെന്റുകള്‍ക്ക് നൈപുണ്യ വികസനം സംബന്ധിച്ച് ഇതേ ഗൗരവമോ ദീര്‍ഘവീക്ഷണമോ ഉണ്ടായിരുന്നില്ല. ഇതുമൂലം നമ്മുടെ യുവാക്കള്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നു. വ്യവസായമേഖലയില്‍ ജീവനക്കാര്‍ക്ക് ആവശ്യക്കാരുണ്ടെങ്കിലും ഒപ്പം യുവാക്കള്‍ക്കു കഴിവുണ്ടെങ്കിലും, നൈപുണ്യ വികസനത്തിന്റെ അഭാവം മൂലം യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ യുവാക്കള്‍ക്കിടയില്‍ നൈപുണ്യ വികസനത്തിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്നതിന്റെ ഗൗരവം നമ്മുടെ ഗവണ്‍മെന്റ് മനസ്സിലാക്കിയിട്ടുണ്ട്. നൈപുണ്യ വികസനത്തിനായി ഞങ്ങള്‍ ഒരു പ്രത്യേക മന്ത്രാലയം സൃഷ്ടിച്ചു. ഭാരതത്തില്‍ ആദ്യമായി ഈ ഒരൊറ്റ വിഷയത്തിനായി ഒരു മന്ത്രാലയം ഉണ്ട്. അതായത് രാജ്യത്തെ യുവജനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഒരു പുതിയ മന്ത്രാലയമുണ്ട്. ഞങ്ങള്‍ ബജറ്റില്‍ വകയിരുത്തല്‍ നടത്തുകയും വിവിധ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൗശല്‍ വികാസ് യോജനയ്ക്ക് കീഴില്‍ ഇതുവരെ 1 കോടി 30 ലക്ഷത്തിലധികം യുവാക്കള്‍ക്ക് വിവിധ ട്രേഡുകളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. രാജ്യത്തുടനീളം നൂറുകണക്കിന് പ്രധാനമന്ത്രി കൗശല്‍ കേന്ദ്രങ്ങളും ഗവണ്‍മെന്റ് സ്ഥാപിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
ഇത്തരം നൈപുണ്യ വികസന ശ്രമങ്ങള്‍ മൂലം സാമൂഹ്യനീതിയും വളരെയധികം ഉത്തേജനം നേടിയിട്ടുണ്ട്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ നൈപുണ്യ വികസനത്തിന് ബാബാ സാഹിബ് അംബേദ്കറും വലിയ ഊന്നല്‍ നല്‍കിയിരുന്നു. ബാബാ സാഹിബിന്റെ ചിന്തകള്‍ അടിസ്ഥാന സത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ദലിത്, നിരാലംബ സഹോദരങ്ങള്‍ക്ക് മതിയായ ഭൂമിയില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും മാന്യമായ ജീവിതം ഉറപ്പാക്കാന്‍ അദ്ദേഹം വ്യവസായവല്‍ക്കരണത്തിന് വലിയ ഊന്നല്‍ നല്‍കിയിരുന്നു. വ്യവസായങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള ഏറ്റവും അത്യാവശ്യം നൈപുണ്യമാണ്. മുന്‍കാലങ്ങളില്‍, സമൂഹത്തിലെ ഈ വിഭാഗങ്ങളില്‍ വലിയൊരു വിഭാഗത്തിനു കഴിവുകളുടെ അഭാവം മൂലം നല്ല ജോലി നിഷേധിക്കപ്പെട്ടു. എന്നാല്‍, ദരിദ്രരും ദലിതരും പിന്നാക്കക്കാരും ആദിവാസി കുടുംബങ്ങളുമാണ് ഇന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ നൈപുണ്യ പദ്ധതികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രയോജനം നേടുന്നത്.
സുഹൃത്തുക്കളെ,
മാതാ സാവിത്രിഭായ് ഫൂലെ ഭാരതത്തില്‍ സ്ത്രീ വിദ്യാഭ്യാസത്തിനായുള്ള സാമൂഹിക പ്രതിബന്ധങ്ങള്‍ തകര്‍ക്കാനുള്ള വഴി കാണിച്ചുതന്നു. അറിവും കഴിവും ഉള്ളവര്‍ക്കേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്ന അചഞ്ചലമായ വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. മാതാ സാവിത്രിഭായിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ഗവണ്‍മെന്റ് തുല്യമായ ഊന്നല്‍ നല്‍കുന്നു. ഇന്ന് ഗ്രാമങ്ങള്‍ തോറും സ്വയം സഹായ സംഘങ്ങള്‍ വഴി സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. സ്ത്രീശാക്തീകരണ പരിപാടിക്ക് കീഴില്‍ 3 കോടിയിലധികം സ്ത്രീകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ രാജ്യം ഡ്രോണുകള്‍ വഴി കൃഷിയും വിവിധ ജോലികളും പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി ഗ്രാമങ്ങളില്‍ താമസിക്കുന്ന സഹോദരിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
സുഹൃത്തുക്കളെ,
തലമുറകളിലേക്ക് അവരുടെ കഴിവുകള്‍ കൈമാറുന്ന അത്തരം കുടുംബങ്ങള്‍ എല്ലാ ഗ്രാമങ്ങളിലും നമുക്കുണ്ട്. ക്ഷുരകര്‍, ചെരുപ്പ് നിര്‍മ്മാതാക്കള്‍, വസ്ത്രങ്ങള്‍ കഴുകുന്നവര്‍, കല്‍പണിക്കാര്‍, ആശാരിമാര്‍, കുശവന്‍മാര്‍, തട്ടാന്‍മാര്‍, സ്വര്‍ണ്ണപ്പണിക്കാര്‍ തുടങ്ങി തൊഴില്‍വൈദഗ്ധ്യങ്ങളുള്ള കുടുംബങ്ങള്‍ ഇല്ലാത്ത ഒരു ഗ്രാമം പോലുമില്ല. അത്തരം കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് പ്രധാനമന്ത്രി വിശ്വകര്‍മ യോജനയും ആരംഭിച്ചിട്ടുണ്ട്. അതേക്കുറിച്ചാണ് അജിത് ദാദ ഇപ്പോള്‍ സൂചിപ്പിച്ചത്. ഇതിന് കീഴില്‍, പരിശീലനം നല്‍കുന്നതിനു മുതല്‍ ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനു വരെ എല്ലാ തലങ്ങളിലും ഗവണ്‍മെന്റ് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. 13,000 കോടി രൂപയാണ് ഇതിനായി കേന്ദ്ര ഗവണ്‍മെന്റ് ചെലവഴിക്കുന്നത്. മഹാരാഷ്ട്രയില്‍ സ്ഥാപിക്കാന്‍ പോകുന്ന 500-ലധികം ഗ്രാമീണ നൈപുണ്യ വികസന കേന്ദ്രങ്ങളും പ്രധാനമന്ത്രി വിശ്വകര്‍മ പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിന് മഹാരാഷ്ട്ര ഗവണ്‍മെന്റിനെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
നൈപുണ്യ വികസനത്തിനായുള്ള ഈ ശ്രമങ്ങള്‍ക്കിടയില്‍, നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നത് രാജ്യത്തെ ഏതെല്ലാം മേഖലകളെ ശക്തിപ്പെടുത്തുമെന്നതിനെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഇന്ന് ഉല്‍പാദന മേഖലയില്‍, രാജ്യത്തിന് നല്ല ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ആവശ്യമാണ്. ന്യൂനതകളൊന്നുമില്ലാത്ത ഉല്‍പന്നങ്ങളാണ് ആവശ്യം. ഇന്‍ഡസ്ട്രി 4.0 ന് പുതിയ നൈപുണ്യങ്ങള്‍ ആവശ്യമാണ്. സേവന മേഖല, വിജ്ഞാന സമ്പദ്വ്യവസ്ഥ, ആധുനിക സാങ്കേതികവിദ്യ എന്നിവ കണക്കിലെടുത്ത് ഗവണ്‍മെന്റുകള്‍ പുതിയ കഴിവുകള്‍ക്ക് ഊന്നല്‍ നല്‍കേണ്ടിവരും. ഏതുതരം ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം നമ്മെ സ്വാശ്രയത്വത്തിലേക്ക് നയിക്കുമെന്ന് കണ്ടറിയണം. അത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ കഴിവുകള്‍ നാം പ്രോത്സാഹിപ്പിക്കണം.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്കും ഇന്ന് പുതിയ വൈദഗ്ധ്യം ആവശ്യമാണ്. രാസകൃഷി മൂലം നമ്മുടെ കൃഷിഭൂമിക്ക് നാശം സംഭവിച്ചിരിക്കുന്നു. ഭൂമിയെ രക്ഷിക്കാന്‍ ജൈവകൃഷി ആവശ്യമാണ്, അതിനുള്ള നൈപുണ്യങ്ങളും ആവശ്യമാണ്. കൃഷിയില്‍ ജലത്തിന്റെ സന്തുലിത ഉപയോഗം ഉറപ്പാക്കാന്‍ പുതിയ നൈപുണ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതും ആവശ്യംതന്നെ. കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംസ്‌കരിക്കുന്നതിനും അവയുടെ മൂല്യം കൂട്ടുന്നതിനും പാക്കേജ് ചെയ്യുന്നതിനും ബ്രാന്‍ഡ് ചെയ്യുന്നതിനും ഓണ്‍ലൈന്‍ ലോകത്ത് എത്തിക്കുന്നതിനും നമുക്ക് പുതിയ നൈപുണ്യങ്ങള്‍ ആവശ്യമാണ്. അതിനാല്‍, രാജ്യത്തെ വിവിധ ഗവണ്‍മെന്റുകള്‍ അവരുടെ നൈപുണ്യ വികസനത്തിന്റെ വ്യാപ്തി വിപുലീകരിക്കേണ്ടതുണ്ട്. നൈപുണ്യ വികസനത്തെക്കുറിച്ചുള്ള ഈ അവബോധം 'സ്വാതന്ത്ര്യത്തിന്റെ അമൃതകാല'ത്തില്‍ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഷിന്‍ഡെ ജിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനെയും ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുകയും അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു. നൈപുണ്യത്തിന്റെ പാതയിലൂടെ യാത്ര ആരംഭിച്ചതോ അല്ലെങ്കില്‍ അതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയതോ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നതോ ആയ ചെറുപ്പക്കാരായ മക്കള്‍ ശരിയായ പാത തിരഞ്ഞെടുത്തുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരുടെ കഴിവുകളിലൂടെയും നൈപുണ്യങ്ങളിലൂടെയും അവര്‍ക്ക് അവരുടെ കുടുംബത്തിനും രാജ്യത്തിനും ധാരാളം സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയും. ആ മക്കള്‍ക്കു ഞാന്‍ പ്രത്യേകിച്ച് ആശംസകള്‍ നേരുന്നു.
ഞാനൊരു അനുഭവം നിങ്ങളുമായി പങ്കുവെക്കട്ടെ. ഒരിക്കല്‍ ഞാന്‍ സിംഗപ്പൂരില്‍ പോയി. സിംഗപ്പൂര്‍ പ്രധാനമന്ത്രിക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നു. എന്നാല്‍ എനിക്കു സമയക്കുറവ് ഉണ്ടായിരുന്നു. എങ്കിലും സമയം കണ്ടെത്തണമെന്നു സിംഗപ്പൂര്‍ പ്രധാനമന്ത്രി നിര്‍ബന്ധിച്ചു. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയായതിനാല്‍ പരിപാടികളില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ സമ്മതിച്ചു. ഞാനും ഞങ്ങളുടെ ടീമും ആലോചിച്ച്ു വഴി കണ്ടെത്തി. എന്തിനാണ് അദ്ദേഹം എന്നോട് സമയം മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത് എന്നറിയാമോ? സിംഗപ്പൂരിലെ സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ എന്നെ കാണിക്കാന്‍. നമുക്ക് ഇവിടെയുള്ള ഐടിഐക്ക് സമാനമാണ് അത്. വളരെ അഭിമാനത്തോടെയാണ് അവിടെ അദ്ദേഹം എന്നെ കാണിച്ചത്. ഒത്തിരി സ്‌നേഹത്തോടെ പണിതതാണെന്ന് പറഞ്ഞുകൊണ്ടിരുന്നു. ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തില്‍ ചേരുന്നത് ആളുകള്‍ക്ക് സാമൂഹികമായി മാന്യമല്ലാത്ത ഒരു കാലമുണ്ടായിരുന്നു. അവര്‍ക്ക് ലജ്ജ തോന്നിയിരുന്നു. കുട്ടി കോളേജില്‍ പോകാതെ പകരം ഈ സ്ഥാപനത്തില്‍ പോകുന്നതിലും അവര്‍ക്ക് നാണക്കേടായിരുന്നു. എന്നാല്‍ ഈ നൈപുണ്യ കേന്ദ്രം വികസിപ്പിച്ചതോടെ സ്വാധീനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ കുട്ടികള്‍ക്കു നൈപുണ്യ വികസനത്തിനായി ഇവിടെ പ്രവേശനം നേടാന്‍ ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും, അദ്ദേഹം ആ സ്ഥാപനത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തുകയും അതിന്റെ പ്രശസ്തി വര്‍ദ്ധിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തും, നമ്മുടെ നൈപുണ്യമുള്ള മനുഷ്യശക്തിയായ 'ശ്രമേവ് ജയതേ' എന്ന അധ്വാനത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്.
ഒരിക്കല്‍ കൂടി, ഈ യുവാക്കളെയെല്ലാം ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുകയും അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു. ഈ ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ നിങ്ങളുടെ പരിപാടിയില്‍ വരാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ മംഗള്‍ പ്രഭാത് ജിക്കും ഷിന്‍ഡേ ജിയുടെ മുഴുവന്‍ ടീമിനും ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. എനിക്ക് എല്ലായിടത്തും യുവാക്കളെ മാത്രമേ കാണാനാകുന്നുള്ളൂ. എല്ലാ ചെറുപ്പക്കാരെയും കാണാന്‍ അവസരം തന്നതിന് നന്ദി.
നമസ്കാരം!