ഭാരത് മാതാ കി  ജയ്!

ഭാരത് മാതാ കി  ജയ്!

നമസ്‌കാരം! കേം ഛോ? വണക്കം! സത് ശ്രീ അകല്‍! ജിന്‍ ഡോബ്രെ!

ഈ കാഴ്ച ശരിക്കും അതിശയകരമാണ്, നിങ്ങളുടെ ആവേശവും അതിശയകരമാണ്. ഞാന്‍ ഇവിടെ വന്ന നിമിഷം മുതല്‍ നിങ്ങളാരും തളര്‍ന്നിട്ടില്ല. നിങ്ങള്‍ എല്ലാവരും പോളണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത ഭാഷകളും പ്രാദേശിക ഭാഷകളും പാചകരീതികളും ഉള്ളവരാണ്. എന്നാല്‍ എല്ലാവരും ഭാരതീയതയാല്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇത്രയും ഗംഭീരമായ ഒരു സ്വാഗതം നിങ്ങള്‍ എനിക്ക് ഇവിടെ നല്‍കി, ഈ സ്വീകരണത്തിന് നിങ്ങളോടും പോളണ്ടിലെ ജനങ്ങളോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ ഒരാഴ്ചയായി നിങ്ങളെല്ലാവരും ഇന്ത്യന്‍ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്. പോളണ്ടിലെ ആളുകളെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്, കൂടാതെ പോളണ്ടിനെ കുറിച്ചും ധാരാളം കാര്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു തലക്കെട്ടും പ്രചരിക്കുന്നുണ്ട്, 45 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടില്‍ വന്നതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഒരുപാട് നല്ല കാര്യങ്ങള്‍ എനിക്കായി വിധിച്ചിരിക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ഞാന്‍ ഓസ്ട്രിയയിലേക്ക് പോയി, അവിടെയും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചിട്ട് നാല് പതിറ്റാണ്ടുകളായി. പതിറ്റാണ്ടുകളായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും സന്ദര്‍ശിക്കാത്ത നിരവധി രാജ്യങ്ങളുണ്ട്. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. പതിറ്റാണ്ടുകളായി ഭാരതത്തിന്റെ നയം എല്ലാ രാജ്യങ്ങളില്‍ നിന്നും തുല്യ അകലം പാലിക്കുക എന്നതായിരുന്നു. എല്ലാ രാജ്യങ്ങളുമായും തുല്യമായ അടുപ്പം നിലനിര്‍ത്തുക എന്നതാണ് ഇന്നത്തെ ഭാരതത്തിന്റെ നയം. ഇന്നത്തെ ഭാരതം എല്ലാവരുമായും ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നു, ഇന്നത്തെ ഭാരതം എല്ലാവരുടെയും വികസനത്തെക്കുറിച്ച് സംസാരിക്കുന്നു, ഇന്നത്തെ ഭാരതം എല്ലാവരുടെയും ഒപ്പം നില്‍ക്കുന്നു, എല്ലാവരുടെയും താല്‍പ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. ഇന്ന് ലോകം ഭാരതത്തെ ഒരു 'വിശ്വ ബന്ധു' (ആഗോള സുഹൃത്ത്) ആയി ആദരിക്കുന്നതില്‍ നാം അഭിമാനിക്കുന്നു. നിങ്ങള്‍ ഇവിടെയും ഇത് അനുഭവിക്കുന്നു, അല്ലേ? എന്റെ വിവരങ്ങള്‍ ശരിയാണ്, അല്ലേ?

സുഹൃത്തുക്കളേ,

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ജിയോപൊളിറ്റിക്‌സിനെക്കുറിച്ചല്ല, മറിച്ച് മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ചാണ്. മറ്റൊരിടത്തും ഇടമില്ലാത്തവര്‍ക്ക് ഭാരതം ഹൃദയത്തിലും മണ്ണിലും ഇടം നല്‍കി. ഓരോ ഭാരതീയനും അഭിമാനിക്കുന്ന നമ്മുടെ പൈതൃകമാണിത്. ഭാരതത്തിന്റെ ഈ ശാശ്വത ചൈതന്യത്തിന് പോളണ്ട് സാക്ഷിയാണ്. ഇന്നും പോളണ്ടിലെ എല്ലാവര്‍ക്കും നമ്മുടെ ജാം സാഹെബിനെ 'ഡോബ്രെ' അല്ലെങ്കില്‍ നല്ല മഹാരാജാ എന്നാണ് അറിയുന്നത്. രണ്ടാം ലോകമഹായുദ്ധസമയത്ത് പോളണ്ട് പ്രതിസന്ധികളാല്‍ ചുറ്റപ്പെട്ടപ്പോള്‍, ആയിരക്കണക്കിന് പോളിഷ് സ്ത്രീകളും കുട്ടികളും അഭയം തേടി അലയുമ്പോള്‍, ജാം സാഹിബ്, ദിഗ്വിജയ് സിംഗ് രഞ്ജിത്‌സിംഗ് ജഡേജ മുന്നോട്ട് വന്നു. പോളിഷ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി അദ്ദേഹം ഒരു പ്രത്യേക ക്യാമ്പ് സ്ഥാപിച്ചു. ക്യാമ്പിലെ പോളിഷ് കുട്ടികളോട് ജാം സാഹിബ് പറഞ്ഞു, നവനഗറിലെ ജനങ്ങള്‍ എന്നെ 'ബാപ്പു' (അച്ഛന്‍) എന്ന് വിളിക്കുന്നതുപോലെ, ഞാനും നിങ്ങളുടെ 'ബാപ്പു' ആണ്.

 

സുഹൃത്തുക്കളേ,

ജാം സാഹിബിന്റെ കുടുംബവുമായി എനിക്ക് അടുത്ത ബന്ധമുണ്ട്, അവര്‍ എന്നോട് അതിരറ്റ വാത്സല്യം കാണിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഞാന്‍ ഇപ്പോഴത്തെ ജാം സാഹിബിനെ കാണാന്‍ പോയിരുന്നു. പോളണ്ടുമായി ബന്ധപ്പെട്ട ഒരു ചിത്രം ഇപ്പോഴും അദ്ദേഹത്തിന്റെ മുറിയിലുണ്ട്. ജാം സാഹിബ് സ്ഥാപിച്ച പാത പോളണ്ട് സജീവമാക്കി നിലനിര്‍ത്തുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. രണ്ട് പതിറ്റാണ്ട് മുമ്പ് ജാംനഗര്‍ ഉള്‍പ്പടെയുള്ള ഗുജറാത്തില്‍ വിനാശകരമായ ഭൂകമ്പം ഉണ്ടായപ്പോള്‍, സഹായവുമായി ആദ്യം രംഗത്തെത്തിയ രാജ്യങ്ങളിലൊന്നാണ് പോളണ്ട്. പോളണ്ടിലെ ജനങ്ങള്‍ ജാം സാഹിബിനും കുടുംബത്തിനും വലിയ ബഹുമാനമാണ് നല്‍കിയത്. വാര്‍സോയിലെ 'ഗുഡ് മഹാരാജ സ്‌ക്വയറി'ല്‍ ഈ പ്രണയം വ്യക്തമായി കാണാം. കുറച്ച് മുമ്പ്, ഡോബ്രെ മഹാരാജ സ്മാരകവും കോലാപ്പൂര്‍ സ്മാരകവും സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഈ അവിസ്മരണീയ നിമിഷത്തില്‍, ചില വിവരങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭാരത് ജാം സാഹിബ് മെമ്മോറിയല്‍ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ആരംഭിക്കാന്‍ പോകുന്നു. ഈ പരിപാടിക്ക് കീഴില്‍, ഓരോ വര്‍ഷവും 20 പോളിഷ് യുവാക്കളെ ഭാരതത്തിലേക്ക് ക്ഷണിക്കും. ഇത് പോളിഷ് യുവാക്കള്‍ക്ക് ഭാരതത്തെ മനസ്സിലാക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കും.

സുഹൃത്തുക്കളേ,

പോളണ്ടിലെ ജനങ്ങള്‍ക്ക് കോലാപൂരിലെ മഹത്തായ രാജകുടുംബത്തോടുള്ള ആദരവ് കൂടിയാണ് ഇവിടെയുള്ള കോലാപൂര്‍ സ്മാരകം. മഹാരാഷ്ട്രയിലെയും മറാത്തി സംസ്‌കാരത്തിലെയും പൗരന്മാരോട് പോളണ്ടിലെ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന ബഹുമാനമാണിത്. മറാഠി സംസ്‌കാരത്തില്‍, മാനവികതയുടെ അഭ്യാസത്തിനാണ് ഏറ്റവും മുന്‍തൂക്കം. ഛത്രപതി ശിവജി മഹാരാജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കോലാപ്പൂരിലെ രാജകുടുംബം പോളിഷ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വാലിവാഡെയില്‍ അഭയം നല്‍കി. അവിടെ വലിയ ക്യാമ്പും ഒരുക്കിയിരുന്നു. പോളിഷ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ രാവും പകലും പ്രവര്‍ത്തിച്ചു.

സുഹൃത്തുക്കളേ,

ഇന്ന് മോണ്ടെ കാസിനോ മെമ്മോറിയലില്‍ ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എനിക്കും അവസരം ലഭിച്ചു. ആയിരക്കണക്കിന് ഇന്ത്യന്‍ സൈനികരുടെ ത്യാഗത്തെയും ഈ സ്മാരകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ലോകത്തിന്റെ എല്ലാ കോണിലും ഇന്ത്യക്കാര്‍ തങ്ങളുടെ കടമകള്‍ നിറവേറ്റിയതിന്റെ തെളിവാണിത്.

സുഹൃത്തുക്കളേ,

പൗരാണിക മൂല്യങ്ങളിലും പൈതൃകത്തിലും അഭിമാനിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതം വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ്. ഭാരതീയര്‍ ലോകത്തിന് മുന്നില്‍ തെളിയിച്ച ഗുണങ്ങളുടെ പേരിലാണ് ഇന്ന് ലോകം ഭാരതത്തെ അംഗീകരിക്കുന്നത്. നമ്മള്‍ ഇന്ത്യക്കാര്‍ ഞങ്ങളുടെ പരിശ്രമങ്ങള്‍ക്കും മികവിനും സഹാനുഭൂതിക്കും പേരുകേട്ടവരാണ്. ലോകത്ത് എവിടെ പോയാലും നമ്മള്‍ ഇന്ത്യക്കാര്‍ പരമാവധി പരിശ്രമിക്കുന്നത് കാണാം. അത് സംരംഭകത്വമോ, പരിചരണം നല്‍കുന്നവരോ, ഞങ്ങളുടെ സേവന മേഖലയോ ആകട്ടെ, ഇന്ത്യക്കാര്‍ തങ്ങളുടെ പ്രയത്‌നത്താല്‍ തങ്ങള്‍ക്കും അവരുടെ രാജ്യത്തിനും പേരുനല്‍കുന്നു. ഞാന്‍ നിങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഞാന്‍ ഒരു മൂന്നാം രാജ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിങ്ങള്‍ കരുതിയേക്കാം. ലോകമെമ്പാടുമുള്ള അവരുടെ മികവിന് ഇന്ത്യക്കാര്‍ക്കും അംഗീകാരമുണ്ട്. ഐടി മേഖലയായാലും ഇന്ത്യന്‍ ഡോക്ടര്‍മാരായാലും എല്ലാവരും അവരുടെ മികവുകൊണ്ട് തിളങ്ങി നില്‍ക്കുന്നു. ഒരു വലിയ സംഘം എന്റെ മുന്നില്‍ തന്നെയുണ്ട്.

 

സുഹൃത്തുക്കളേ,

ഇന്ത്യക്കാരുടെ മറ്റൊരു ഐഡന്റിറ്റി നമ്മുടെ സഹാനുഭൂതിയാണ്. ഏത് രാജ്യത്തും പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ആദ്യം സഹായഹസ്തം നീട്ടുന്നത് ഭാരതമാണ്. 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിപത്തായ കൊവിഡ് ആഞ്ഞടിച്ചപ്പോള്‍ ഭാരതം പറഞ്ഞു, 'മനുഷ്യത്വം ആദ്യം.' ഞങ്ങള്‍ 150ലധികം രാജ്യങ്ങളിലേക്ക് മരുന്നുകളും വാക്‌സിനുകളും അയച്ചു. ലോകത്ത് എവിടെയും ഭൂകമ്പം ഉണ്ടാകുമ്പോഴോ പ്രകൃതി ദുരന്തം സംഭവിക്കുമ്പോഴോ ഭാരതത്തിന്റെ മന്ത്രം 'മനുഷ്യത്വം ആദ്യം' എന്നതാണ്. അത് യുദ്ധമായാലും 'മനുഷ്യത്വം ആദ്യം' എന്ന് ഭാരതം പറയുന്നു, ഈ ആത്മാവോടെ ഭാരതം ലോകമെമ്പാടുമുള്ള ആളുകളെ സഹായിക്കുന്നു. ഭാരതം എപ്പോഴും ആദ്യ പ്രതികരണമായി ഉയര്‍ന്നുവരുന്നു.

സുഹൃത്തുക്കളേ,

ബുദ്ധന്റെ പൈതൃകത്തിന്റെ നാടാണ് ഭാരതം. ബുദ്ധന്റെ കാര്യം വരുമ്പോള്‍, അത് സമാധാനത്തെക്കുറിച്ചാണ്, യുദ്ധത്തെ കുറിച്ചല്ല. അതിനാല്‍, ഈ മേഖലയില്‍ ശാശ്വതമായ സമാധാനത്തിനായുള്ള ശക്തമായ വക്താവാണ് ഭാരതം. ഭാരതത്തിന്റെ നിലപാട് വളരെ വ്യക്തമാണ്  ഇത് യുദ്ധകാലമല്ല. മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണികളെ നേരിടാന്‍ ഒന്നിക്കേണ്ട സമയമാണിത്. അതിനാല്‍, ഭാരതം നയതന്ത്രത്തിനും സംഭാഷണത്തിനും ഊന്നല്‍ നല്‍കുന്നു.

സുഹൃത്തുക്കളേ,

ഉക്രെയ്‌നില്‍ കുടുങ്ങിപ്പോയ നമ്മുടെ കുട്ടികളെ നിങ്ങള്‍ സഹായിച്ച രീതി നാം എല്ലാവരും കണ്ടു. നിങ്ങള്‍ അവരെ നന്നായി സേവിച്ചു. നിങ്ങള്‍ ലംഗറുകള്‍ സജ്ജീകരിച്ചു, നിങ്ങളുടെ വീടുകള്‍ തുറന്നു, നിങ്ങളുടെ ഭക്ഷണശാലകള്‍ പോലും. പോളിഷ് സര്‍ക്കാര്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിയന്ത്രണങ്ങള്‍ പോലും ഒഴിവാക്കി. പോളണ്ട് നമ്മുടെ കുട്ടികള്‍ക്കായി പൂര്‍ണ്ണഹൃദയത്തോടെ വാതിലുകള്‍ തുറന്നിട്ടു. ഇന്നും, ഉക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടികളെ ഞാന്‍ കാണുമ്പോള്‍, അവര്‍ പോളണ്ടിലെ ജനങ്ങളെയും നിങ്ങളെയും വളരെയധികം പ്രശംസിക്കുന്നു. അതിനാല്‍, 140 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെയും പോളണ്ടിലെ ജനങ്ങളെയും ഇന്ന് അഭിനന്ദിക്കുന്നു. ഞാന്‍ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു.

സുഹൃത്തുക്കളെ,

ഭാരതത്തിലെയും പോളണ്ടിലെയും സമൂഹങ്ങള്‍ തമ്മില്‍ നിരവധി സമാനതകളുണ്ട്. ഒരു പ്രധാന സമാനത നമ്മുടെ ജനാധിപത്യമാണ്. ഭാരതം ജനാധിപത്യത്തിന്റെ മാതാവ് മാത്രമല്ല, പങ്കാളിത്തവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യം കൂടിയാണ്. ഭാരതത്തിലെ ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ അചഞ്ചലമായ വിശ്വാസമുണ്ട്. ഈ വിശ്വാസമാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാം കണ്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. അടുത്തിടെ, യൂറോപ്യന്‍ യൂണിയനിലും തെരഞ്ഞെടുപ്പുകള്‍ ഉണ്ടായിരുന്നു, അവിടെ ഏകദേശം 180 ദശലക്ഷം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. ഭാരതത്തില്‍, ഏകദേശം 640 ദശലക്ഷം വോട്ടര്‍മാര്‍, അതിന്റെ മൂന്നിരട്ടിയിലധികം പേര്‍ പങ്കെടുത്തു. ഭാരതത്തിലെ ഈ തെരഞ്ഞെടുപ്പുകളില്‍ ആയിരക്കണക്കിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തു. എണ്ണായിരത്തോളം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 5 ദശലക്ഷത്തിലധികം വോട്ടിംഗ് മെഷീനുകള്‍, 1 ദശലക്ഷത്തിലധികം പോളിംഗ് സ്‌റ്റേഷനുകള്‍, 15 ദശലക്ഷത്തിലധികം ജീവനക്കാര്‍, മാനേജ്‌മെന്റിന്റെ തോത്, കാര്യക്ഷമത, തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസമാണ് ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തി. ലോകമെമ്പാടുമുള്ള ആളുകള്‍ ഈ സംഖ്യകള്‍ കേള്‍ക്കുമ്പോള്‍, അവര്‍ അത്ഭുതപ്പെടുന്നു.

സുഹൃത്തുക്കളേ,

വൈവിധ്യങ്ങളോടെ എങ്ങനെ ജീവിക്കണമെന്നും അത് എങ്ങനെ ആഘോഷിക്കണമെന്നും ഇന്ത്യക്കാര്‍ക്ക് അറിയാം. അതുകൊണ്ടാണ് നമ്മള്‍ ഏത് സമൂഹത്തിലും എളുപ്പത്തില്‍ ലയിക്കുന്നത്. പോളണ്ടില്‍, ഭാരതത്തെക്കുറിച്ച് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ഒരു ദീര്‍ഘകാല പാരമ്പര്യമുണ്ട്. ഇവിടുത്തെ സര്‍വകലാശാലകളിലും ഇത് പ്രകടമാണ്. നിങ്ങളില്‍ പലരും വാര്‍സോ സര്‍വകലാശാലയുടെ പ്രധാന ലൈബ്രറി സന്ദര്‍ശിച്ചിരിക്കണം. അവിടെ, ഭഗവദ് ഗീതയില്‍ നിന്നും ഉപനിഷത്തുകളില്‍ നിന്നുമുള്ള ഉദ്ധരണികള്‍ നമ്മെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. തമിഴ്, സംസ്‌കൃതം തുടങ്ങിയ ഇന്ത്യന്‍ ഭാഷകള്‍ പഠിക്കുന്ന ധാരാളം ആളുകള്‍ ഇവിടെയുണ്ട്. ഇവിടുത്തെ മികച്ച സര്‍വകലാശാലകളില്‍ ഇന്ത്യന്‍ പഠനവുമായി ബന്ധപ്പെട്ട ചെയറുകളുമുണ്ട്. പോളണ്ടിനും ഇന്ത്യക്കാര്‍ക്കും കബഡിയിലൂടെ ബന്ധമുണ്ട്. ഭാരതത്തിലെ എല്ലാ ഗ്രാമങ്ങളിലും കബഡി കളിക്കാറുണ്ടെന്ന് നിങ്ങള്‍ക്കറിയാം. ഈ ഗെയിം ഭാരതത്തില്‍ നിന്ന് പോളണ്ടിലെത്തി, പോളണ്ടിലെ ജനങ്ങള്‍ കബഡിയെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചു. തുടര്‍ച്ചയായി രണ്ട് വര്‍ഷം യൂറോപ്യന്‍ കബഡി ചാമ്പ്യന്മാരാണ് പോളണ്ട്. ആഗസ്റ്റ് 24 മുതല്‍ വീണ്ടും ഒരു കബഡി ചാമ്പ്യന്‍ഷിപ്പ് നടക്കാന്‍ പോകുന്നുവെന്നും ആദ്യമായി പോളണ്ട് അതിന് ആതിഥേയത്വം വഹിക്കുന്നുവെന്നും എന്നെ അറിയിച്ചിട്ടുണ്ട്. പോളിഷ് കബഡി ടീമിന് നിങ്ങളിലൂടെ എന്റെ ആശംസകള്‍ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

 

സുഹൃത്തുക്കളേ,

നിങ്ങള്‍ അടുത്തിടെ ഇവിടെ സ്വാതേ്രന്ത്യാത്സവം ആഘോഷിച്ചു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വാതന്ത്ര്യ സമര കാലത്ത് സമൃദ്ധമായ ഒരു ഭാരതം സ്വപ്നം കണ്ടു. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇന്ന് ഓരോ ഇന്ത്യക്കാരനും അശ്രാന്ത പരിശ്രമത്തിലാണ്. 2047ഓടെ 'വികസിത ഭാരതം' (വികസിത ഇന്ത്യ) ആകുക എന്ന ലക്ഷ്യമാണ് ഭാരതം മുന്നോട്ടുവച്ചത്. നമ്മുടെ രാജ്യം ആ ദിശയിലേക്കാണ് നീങ്ങുന്നത്. അതിനാല്‍, ഇന്നത്തെ ഭാരതം അഭൂതപൂര്‍വമായ അളവിലും വേഗതയിലും പരിഹാരങ്ങളിലും പ്രവര്‍ത്തിക്കുന്നു. ഭാരതത്തില്‍ സംഭവിക്കുന്ന പരിവര്‍ത്തനത്തിന്റെ തോതും വേഗതയും നിങ്ങളെ അഭിമാനം കൊള്ളിക്കും. ഞാന്‍ നിങ്ങളോട് പറയട്ടെ? കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭാരതത്തിലെ 250 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി.  250 ദശലക്ഷം  എന്നത്, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ എന്നിവയുടെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണ്. 10 വര്‍ഷത്തിനുള്ളില്‍, പാവപ്പെട്ടവര്‍ക്കായി 40 ദശലക്ഷം ഉറപ്പുളള വീടുകള്‍ നിര്‍മ്മിച്ചു, ഞങ്ങള്‍ 30 ദശലക്ഷം വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ പോകുന്നു. പോളണ്ടില്‍ ഇന്ന് 14 ദശലക്ഷം കുടുംബങ്ങളുണ്ടെങ്കില്‍, ഒരു ദശാബ്ദത്തിനുള്ളില്‍ ഏകദേശം മൂന്ന് പുതിയ പോളണ്ടുകള്‍ക്ക് തുല്യമായ അളവില്‍ നാം നിര്‍മ്മാണം നടത്തി. സാമ്പത്തിക ഉള്‍പ്പെടുത്തലിനെ നാം അടുത്ത ഘട്ടത്തിലേക്ക് നയിച്ചു. 10 വര്‍ഷത്തിനുള്ളില്‍ 500 ദശലക്ഷം ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ ഞങ്ങള്‍ ഭാരതത്തില്‍ തുറന്നിട്ടുണ്ട്. ഈ സംഖ്യ യൂറോപ്യന്‍ യൂണിയനിലെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ കൂടുതലാണ്. യുപിഐ വഴിയുള്ള ഭാരതത്തിലെ പ്രതിദിന ഡിജിറ്റല്‍ ഇടപാടുകള്‍ യൂറോപ്യന്‍ യൂണിയന്റെ ജനസംഖ്യയ്ക്ക് തുല്യമാണ്. യൂറോപ്യന്‍ യൂണിയനിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് സര്‍ക്കാരില്‍ നിന്ന് 5,00,000 രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുന്നു. കഴിഞ്ഞ ദശകത്തില്‍ ഭാരതത്തിലെ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം 60 ദശലക്ഷത്തില്‍ നിന്ന് 940 ദശലക്ഷമായി ഉയര്‍ന്നു. നിങ്ങള്‍ യൂറോപ്പിലെയും യു.എസ്.എയിലെയും ജനസംഖ്യ കൂട്ടിച്ചേര്‍ത്താല്‍, ഇന്ന് ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്ന ഭാരതത്തിലെ ആളുകളുടെ എണ്ണം ഏകദേശം വരും. കഴിഞ്ഞ ദശകത്തില്‍ ഏകദേശം 7,00,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ചു. ഭൂമിയെ എഴുപത് തവണ വലം വയ്ക്കാന്‍ ഇത് മതിയാകും. രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലയിലും ഭാരത് 5ജി നെറ്റ്‌വര്‍ക്കുകള്‍ കൊണ്ടുവന്നു. ഇപ്പോള്‍, ഞങ്ങള്‍ മെയ്ഡ് ഇന്‍ ഇന്ത്യ 6ജി നെറ്റ്‌വര്‍ക്കുകള്‍ക്കായി പ്രവര്‍ത്തിക്കുന്നു.

സുഹൃത്തുക്കളേ, 

ഭാരതത്തിലെ പരിവര്‍ത്തനത്തിന്റെ തോത് പൊതുഗതാഗതത്തിലും പ്രകടമാണ്. 2014ല്‍ ഭാരതത്തിലെ 5 നഗരങ്ങളില്‍ പ്രവര്‍ത്തനക്ഷമമായ മെട്രോകള്‍ ഉണ്ടായിരുന്നു. ഇന്ന് 20 നഗരങ്ങളില്‍ പ്രവര്‍ത്തനക്ഷമമായ മെട്രോകളുണ്ട്. ഭാരതത്തില്‍ ദിവസവും മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം പോളണ്ടിലെ ജനസംഖ്യയുടെ മൂന്നിലൊന്നിന് തുല്യമാണ്.

സുഹൃത്തുക്കളേ, 

ഭാരതം എന്ത് ചെയ്താലും അത്  പുതിയ ഒരു റെക്കോർഡ് സൃഷ്ടിക്കുന്നു, അത് ചരിത്രം സൃഷ്ടിക്കുന്നു. ഭാരതം ഒരേസമയം 100-ലധികം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത് നിങ്ങൾ കണ്ടു, അത് തന്നെ ഒരു റെക്കോർഡാണ്.  രണ്ട് ദിവസം കഴിഞ്ഞ്, ഓഗസ്റ്റ് 23-ന് ദേശീയ ബഹിരാകാശ ദിനമാണ്. നിങ്ങൾക്കും അറിയാം, അല്ലേ? നിങ്ങൾ ഓർക്കുന്നുണ്ടോ? ഈ ദിവസം തന്നെയാണ് ഭാരതത്തിന്റെ ചന്ദ്രയാൻ ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. മറ്റൊരു രാജ്യവും എത്താത്ത സ്ഥലത്താണ് ഭാരതം എത്തിയിരിക്കുന്നത്. ആ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടു. ഭാരതമാണ് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം.

 

സുഹൃത്തുക്കളേ, 

ലോകജനസംഖ്യയില്‍ ഭാരതത്തിന്റെ പങ്ക് ഏകദേശം 16-17 ശതമാനമാണ്, എന്നാല്‍ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ആഗോള വളര്‍ച്ചയില്‍ ഭാരതത്തിന്റെ പങ്ക് മുമ്പത്തെപ്പോലെ കാര്യമായിരുന്നില്ല. ഇപ്പോള്‍ സ്ഥിതിഗതികള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ആഗോള വളര്‍ച്ചയില്‍ ഭാരതത്തിന്റെ പങ്ക് 2023ല്‍ 16 ശതമാനം കവിഞ്ഞു. ഇന്ന്, എല്ലാ ആഗോള ഏജന്‍സികളും സ്ഥാപനങ്ങളും ഭാരതത്തിന് ശോഭനമായ ഭാവി പ്രവചിക്കുന്നു, ഇവര്‍ ജ്യോതിഷികളല്ല; അവരുടെ കണക്കുകൂട്ടലുകള്‍ സ്ഥിതിവിവരക്കണക്കുകളും അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറുന്നത് വിദൂരമല്ല. എന്റെ മൂന്നാം ടേമില്‍ ഭാരതം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ഞാന്‍ എന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഭാരതത്തിന്റെ വന്‍ സാമ്പത്തിക ഉയര്‍ച്ചയ്ക്ക് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം കാരണം ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഭാരത് 8 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് നാസ്‌കോം കണക്കാക്കുന്നു. അടുത്ത 34 വര്‍ഷത്തിനുള്ളില്‍ ഭാരതിന്റെ ആന്തരിക വിപണി 30-35 ശതമാനം വേഗതയില്‍ വളരുമെന്ന് നാസ്‌കോമും ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും കണക്കാക്കുന്നു. ഭാരതത്തെ സംബന്ധിച്ച് അഭൂതപൂര്‍വമായ പോസിറ്റിവിറ്റി എല്ലായിടത്തും ഉണ്ട്. അര്‍ദ്ധചാലക ദൗത്യം, ഡീപ് ഓഷ്യന്‍ മിഷന്‍, നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍, നാഷണല്‍ ക്വാണ്ടം മിഷന്‍, എ ഐ മിഷന്‍ എന്നിവയില്‍ ഭാരതം ഇന്ന് പ്രവര്‍ത്തിക്കുന്നു. ഭാരതവും സമീപഭാവിയില്‍ ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യന്‍ നിര്‍മിത ഗഗന്‍യാനില്‍ ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ ബഹിരാകാശയാത്രികരെ നിങ്ങള്‍ കാണുന്ന ദിവസം വിദൂരമല്ല.

സുഹൃത്തുക്കളേ, 

ഭാരതത്തിന്റെ ഇന്നത്തെ മുഴുവന്‍ ശ്രദ്ധയും ഗുണമേന്മയുള്ള ഉല്‍പ്പാദനത്തിലും ഗുണനിലവാരമുള്ള മനുഷ്യശക്തിയിലുമാണ്. ആഗോള വിതരണ ശൃംഖലയ്ക്ക് വളരെ അത്യാവശ്യമായ രണ്ട് കാര്യങ്ങളാണ് ഇവ. സമീപകാല ബജറ്റില്‍, നമ്മുടെ യുവാക്കള്‍ക്കുള്ള നൈപുണ്യത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഞങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. നമ്മുടെ യുവാക്കളില്‍ വലിയൊരു വിഭാഗം വിദ്യാഭ്യാസത്തിനായി ഇവിടെയുണ്ട്. ഭാരതത്തെ വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങള്‍ എന്നിവയുടെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റാനും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

സുഹൃത്തുക്കളേ, 

സാങ്കേതികവിദ്യ, വൈദ്യ പരിചരണം, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാ മേഖലകളിലും ലോകത്തിന് നൈപുണ്യമുള്ള മനുഷ്യശേഷി സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം ഭാരതം ഏറ്റെടുത്തു. ആരോഗ്യമേഖലയില്‍ നിന്ന് ഒരു ഉദാഹരണം പറയാം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭാരതത്തില്‍ 300ലധികം പുതിയ മെഡിക്കല്‍ കോളേജുകള്‍ ഞങ്ങള്‍ സ്ഥാപിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭാരതത്തിലെ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം ഇരട്ടിയായി. 10 വര്‍ഷം കൊണ്ട് ഇരട്ടി! ഈ 10 വര്‍ഷത്തിനുള്ളില്‍ 75,000 പുതിയ സീറ്റുകള്‍ നമ്മുടെ മെഡിക്കല്‍ സംവിധാനത്തില്‍ ചേര്‍ത്തു. ഇപ്പോള്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 75,000 മെഡിക്കല്‍ സീറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ഭാരതത്തിന്റെ പങ്ക് ഇത് ശക്തിപ്പെടുത്തും. നമുക്ക് ലോകത്തിന് ഒരു സന്ദേശമേ ഉള്ളൂ  ഉടന്‍ തന്നെ ഞങ്ങള്‍ പറയും, 'ഇന്ത്യയില്‍ സുഖം പ്രാപിക്കുക.' അതിനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍.

സുഹൃത്തുക്കളേ, 

നവീകരണവും യുവത്വവുമാണ് ഭാരതത്തിന്റെയും പോളണ്ടിന്റെയും വികസനത്തിന് പിന്നിലെ ഊര്‍ജ്ജം. ഇന്ന് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നത് വളരെ നല്ല വാര്‍ത്തയുമായാണ്. ഭാരതവും പോളണ്ടും ഒരു സാമൂഹിക സുരക്ഷാ കരാറില്‍ സമ്മതിച്ചിട്ടുണ്ട്, അത് നിങ്ങളെപ്പോലുള്ള സുഹൃത്തുക്കള്‍ക്ക് പ്രയോജനം ചെയ്യും.

സുഹൃത്തുക്കളേ, 

ഭാരതത്തിന്റെ ജ്ഞാനം ആഗോളമാണ്, ഭാരതത്തിന്റെ ദര്‍ശനം ആഗോളമാണ്, ഭാരതത്തിന്റെ സംസ്‌കാരം ആഗോളമാണ്, ഭാരതത്തിന്റെ കരുതലും അനുകമ്പയും ആഗോളമാണ്. 'വസുധൈവ കുടുംബകം' (ലോകം ഒരു കുടുംബം) എന്ന മന്ത്രം നമ്മുടെ പൂര്‍വ്വികര്‍ നമുക്ക് നല്‍കി. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായാണ് നാം എപ്പോഴും കണക്കാക്കുന്നത്. ഇത് ഭാരതത്തിന്റെ ഇന്നത്തെ നയങ്ങളിലും തീരുമാനങ്ങളിലും പ്രതിഫലിക്കുന്നു. ജി20 കാലത്ത് ഭാരതം ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നിവയ്ക്കായി ആഹ്വാനം ചെയ്തു. ഈ ഉത്സാഹം 21-ാം നൂറ്റാണ്ടിലെ ലോകത്തിന് മികച്ച ഭാവി ഉറപ്പ് നല്‍കുന്നു. ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ് എന്ന ആശയവുമായി ലോകത്തെ ബന്ധിപ്പിക്കാന്‍ ഭാരതം ആഗ്രഹിക്കുന്നു. ഒരു ഭൂമി, ഒരു ആരോഗ്യം എന്നത്, ഭാരതം ആരോഗ്യകരമായ ലോകത്തിന്റെ ഉറപ്പായി കാണുന്നു. ഒരു ആരോഗ്യം എന്നാല്‍ നമ്മുടെ മൃഗങ്ങള്‍, സസ്യങ്ങള്‍, എല്ലാവരുടെയും ആരോഗ്യം എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ക്ഷേമ സമീപനമാണ് അര്‍ത്ഥമാക്കുന്നത്. നിലവിലെ ആഗോള സാഹചര്യം കണക്കിലെടുക്കുമ്പോള്‍, ഒരു ആരോഗ്യം എന്ന തത്വം കൂടുതല്‍ നിര്‍ണായകമായി മാറിയിരിക്കുന്നു. മിഷന്‍ ലൈഫ്പരിസ്ഥിതിക്കുള്ള ജീവിതശൈലി എന്ന മാതൃകയാണ് ഭാരതം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ഭാരതത്തില്‍ നടക്കുന്ന ഒരു വലിയ പ്രചാരണത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അത്  ഏക് പേട് മാ കേ നാം (ഒരാളുടെ അമ്മയുടെ പേരില്‍ ഒരു മരം നട്ടുപിടിപ്പിക്കുന്ന പ്രചാരണം). ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അവരുടെ അമ്മമാരുടെ പേരില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു, അത് മാതാവിനെ സംരക്ഷിക്കുന്നു.

 

സുഹൃത്തുക്കളേ, 

സമ്പദ്‌വ്യവസ്ഥയെയും പരിസ്ഥിതിശാസ്ത്രത്തെയും സന്തുലിതമാക്കുക എന്നത് ഭാരതത്തിന് ഇന്ന് മുന്‍ഗണനയാണ്. ഒരു വികസിത രാഷ്ട്രവും നെറ്റ്‌സീറോ രാഷ്ട്രവും എന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുന്നത് ഭാരതമാണ്. ഹരിത ഭാവിക്കായി 360 ഡിഗ്രി സമീപനത്തിലാണ് ഭാരതം പ്രവര്‍ത്തിക്കുന്നത്. ഗ്രീന്‍ മൊബിലിറ്റി ഇതിന് ഒരു പ്രധാന ഉദാഹരണമാണ്. പെട്രോളില്‍ 20 ശതമാനം എത്തനോള്‍ കലര്‍ത്തി ഉപയോഗിക്കുന്നതിന് വളരെ അടുത്താണ്. ഭാരതം അതിവേഗം ഇലക്ട്രിക് മൊബിലിറ്റി വിപുലീകരിക്കുകയാണ്. ഇന്ന് ഭാരതത്തില്‍ ഓരോ വര്‍ഷവും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന അതിവേഗം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം ഭാരതത്തില്‍ ഇ വി വില്‍പ്പനയില്‍ 40 ശതമാനത്തിലധികം വളര്‍ച്ചയുണ്ടായി. ഇ വി നിര്‍മ്മാണത്തിന്റെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമായി ഭാരതം മാറുന്ന ദിവസം വിദൂരമല്ല. സമീപഭാവിയില്‍ ഹരിത ഹൈഡ്രജന്റെ പ്രധാന ആഗോള കേന്ദ്രമായി ഭാരതം ഉയര്‍ന്നുവരുന്നതും നിങ്ങള്‍ കാണും.

സുഹൃത്തുക്കളെ,

ഭാരതവും പോളണ്ടും തമ്മിലുള്ള പങ്കാളിത്തം പുതിയ സാങ്കേതികവിദ്യ, ശുദ്ധ ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ തുടര്‍ച്ചയായി വളരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഇവിടെ നിക്ഷേപം നടത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. നിരവധി പോളിഷ് കമ്പനികള്‍ ഭാരതത്തില്‍ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നാളെ, ഞാന്‍ പ്രസിഡന്റ് ഡൂഡയുമായും പ്രധാനമന്ത്രി ടസ്‌കുമായും കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചകള്‍ ഭാരതവും പോളണ്ടും തമ്മിലുള്ള മികച്ച പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തും. പ്രധാനമന്ത്രി ടസ്‌ക് ഭാരതിന്റെ നല്ല സുഹൃത്താണ്. അദ്ദേഹം യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ പലതവണ കണ്ടിട്ടുണ്ട്.

സുഹൃത്തുക്കളെ,

ഇന്നത്തെ ഭാരതം ഒരു വികസിത ഭാവി എഴുതാന്‍ ഒരേ ശബ്ദത്തിലും ഒരു വികാരത്തിലും പ്രവര്‍ത്തിക്കുന്നു. ഇന്ന് ഭാരതം അവസരങ്ങളുടെ നാടാണ്. നിങ്ങളും ഭാരതത്തിന്റെ വളര്‍ച്ചയുടെ കഥയുമായി കൂടുതല്‍ കൂടുതല്‍ ബന്ധിപ്പിക്കണം. കൂടാതെ നിങ്ങള്‍ ഭാരതത്തിന്റെ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാകുകയും വേണം. എന്താണ് അതിനര്‍ത്ഥം? അതിനര്‍ത്ഥം താജ്മഹലിന് മുന്നില്‍ ഇരുന്നുകൊണ്ട് നിങ്ങളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണം എന്നാണ്. ഒരു ബ്രാന്‍ഡ് അംബാസഡര്‍ ആയിരിക്കുക എന്നതിനര്‍ത്ഥം നിങ്ങള്‍ ഓരോ വര്‍ഷവും കുറഞ്ഞത് അഞ്ച് പോളിഷ് കുടുംബങ്ങളെയെങ്കിലും ഭാരതത്തിലേക്ക് അയക്കണമെന്നാണ്. നിങ്ങള്‍ അത് ചെയ്യുമോ? ഇത്രയും ഗൃഹപാഠമെങ്കിലും ഞാന്‍ നിങ്ങള്‍ക്ക് നല്‍കണം, അല്ലേ? നിങ്ങളുടെ ഓരോ ശ്രമവും നിങ്ങളുടെ ഭാരതത്തെ 'വികസിത് ഭാരതം' ആക്കുന്നതിന് സഹായിക്കും.

സുഹൃത്തുക്കളേ,

ഒരിക്കല്‍ കൂടി, ഇവിടെ വന്നതിനും ഈ അത്ഭുതകരമായ സ്വാഗതത്തിനും എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു. എന്നോടൊപ്പം പറയൂ:

ഭാരത് മാതാ കീ  ജയ്!

ഭാരത് മാതാ കീ  ജയ്!

ഭാരത് മാതാ കീ  ജയ്!

വളരെ നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Government announces major projects to boost capacity at Kandla Port with Rs 57,000-crore investment

Media Coverage

Government announces major projects to boost capacity at Kandla Port with Rs 57,000-crore investment
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
President of the European Council, Antonio Costa calls PM Narendra Modi
January 07, 2025
PM congratulates President Costa on assuming charge as the President of the European Council
The two leaders agree to work together to further strengthen the India-EU Strategic Partnership
Underline the need for early conclusion of a mutually beneficial India- EU FTA

Prime Minister Shri. Narendra Modi received a telephone call today from H.E. Mr. Antonio Costa, President of the European Council.

PM congratulated President Costa on his assumption of charge as the President of the European Council.

Noting the substantive progress made in India-EU Strategic Partnership over the past decade, the two leaders agreed to working closely together towards further bolstering the ties, including in the areas of trade, technology, investment, green energy and digital space.

They underlined the need for early conclusion of a mutually beneficial India- EU FTA.

The leaders looked forward to the next India-EU Summit to be held in India at a mutually convenient time.

They exchanged views on regional and global developments of mutual interest. The leaders agreed to remain in touch.