ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ജി, പ്രാദേശിക എം പി ശ്രീ സി ആര്‍ പാട്ടീല്‍ ജി, എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകരേ, രാജ്യത്തെ വജ്ര വ്യവസായത്തിലെ അറിയപ്പെടുന്ന എല്ലാ മുഖങ്ങള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ, നമസ്‌കാരം!
സൂറത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. സൂറത്തിന്റെ ശക്തമായ ചരിത്രം; അതിന്റെ വര്‍ത്തമാനത്തിലെ വളര്‍ച്ച; ഭാവിയെക്കുറിച്ചുള്ള അതിന്റെ ദര്‍ശനം- അതാണ് സൂറത്ത്! അത്തരം (വികസന) പ്രവര്‍ത്തനങ്ങളില്‍ ആരും ഒരു അവസരവും ഉപേക്ഷിക്കില്ല എന്നാണ് എന്റെ വിശ്വാസം. അതിനാല്‍, സൂറത്തിലെ ഒരു വ്യക്തി എല്ലാ മേഖലയിലും തിരക്കിലായിരിക്കാം, പക്ഷേ ഒരു ഭക്ഷണ ശാലയ്ക്ക് പുറത്ത് അര മണിക്കൂര്‍ ക്യൂവില്‍ നില്‍ക്കാനുള്ള ക്ഷമയുണ്ട്. ഉദാഹരണത്തിന്, കനത്ത മഴ പെയ്താലും മുട്ടോളം വെള്ളമുണ്ടായാലും ഒരു സൂരത്തി അപ്പോഴും ഒരു പക്കോഡ സ്റ്റാളിനു പുറത്ത് ഉണ്ടാകും. ശരദ് പൂര്‍ണിമ, ചണ്ഡി പദ്വ, ദിവസങ്ങളില്‍ എല്ലാവരും ടെറസിലേക്ക് പോകുന്നു, പക്ഷേ സൂരത്തി തന്റെ കുടുംബത്തോടൊപ്പം ഫുട്പാത്തില്‍ ഘരി (മധുരം) കഴിക്കുകയായിരിക്കും. അവന്‍ അടുത്തെങ്ങും പോകാതെ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും കറങ്ങുന്നു. ഏകദേശം 40-45 വര്‍ഷം മുമ്പ് സൗരാഷ്ട്രയില്‍ നിന്ന് ഒരാള്‍ സൂറത്ത് സന്ദര്‍ശിച്ചിരുന്നുവെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അപ്പോള്‍, ഞാന്‍ സൗരാഷ്ട്രയില്‍ നിന്നുള്ള ആ സുഹൃത്തിനോട് ചോദിച്ചു - നിങ്ങള്‍ക്ക് സൂറത്ത് എങ്ങനെ ഇഷ്ടമാണ്? അദ്ദേഹം പറഞ്ഞു, 'സൂറത്തും കത്തിയവാറും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്'. 40-45 വര്‍ഷം മുമ്പുള്ള കാര്യമാണ് ഞാന്‍ പറയുന്നത്്. അയാള്‍ ഒരു ഉദാഹരണം പോലെ പറഞ്ഞു, കത്തിയവാറില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാല്‍ അത് വൃത്തികെട്ട വഴക്കായി മാറും. എന്നാല്‍ സൂറത്തില്‍ ഇതുമായി ബന്ധ്‌പ്പെട്ടവര്‍ അത് ഇരു കൂട്ടരുടേയും തെറ്റായിരുന്നുവെന്നും അതുകൊണ്ട് ഈ വിഷയം ഇപ്പോള്‍ ഉപേക്ഷിക്കാമെന്നും പറയും. ഇതു തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
സുഹൃത്തുക്കളേ,
ഇന്ന് സൂറത്ത് നഗരത്തിന്റെ പ്രൗഢിയിലേക്ക് മറ്റൊരു വജ്രം കൂടി ചേര്‍ത്തിരിക്കുന്നു. അത് ലോകത്തിലെ ഏറ്റവും മികച്ചതാണ്. ഈ വജ്രം ലോകത്തിലെ ഏറ്റവും വലിയ ചില കെട്ടിടങ്ങളെ മറികടക്കുന്നു. കുറച്ച് മുമ്പ്, വല്ലഭ് ഭായ്, ലാല്‍ജി ഭായ് എന്നിവര്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ തികഞ്ഞ വിനയത്തോടെ അറിയിക്കുകയായിരുന്നു. ഒരു പക്ഷെ ഇത്രയും വലിയൊരു ദൗത്യം വിജയിച്ചതിനു പിന്നിലെ കാരണം അവരുടെ വിനയവും എല്ലാവരേയും ഒപ്പം കൂട്ടുന്ന സ്വഭാവവുമാണ്. എനിക്ക് അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. വല്ലഭായി പറഞ്ഞു, 'എനിക്ക് അഞ്ച് മിനിറ്റ് മാത്രമേ നല്‍കിയിട്ടുള്ളൂ'. എന്നാല്‍ വല്ലഭ് ഭായ്, നിങ്ങള്‍ 'കിരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു കിരണത്തിന് മുഴുവന്‍ സൂര്യനെയും മനസ്സിലാക്കാനുള്ള കഴിവുണ്ട്. അതുപോലെ, നിങ്ങളുടെ അപാരമായ ശക്തിയെ പരിചയപ്പെടാന്‍ അഞ്ച് മിനിറ്റ് പോലും ഞങ്ങളെ സഹായിക്കുന്നു!
ഇപ്പോള്‍ ലോകത്ത് ആരെങ്കിലും ഡയമണ്ട് ബോഴ്‌സിനെക്കുറിച്ച് പരാമര്‍ശിച്ചാല്‍, സൂറത്തും ഭാരതവും ചര്‍ച്ച ചെയ്യപ്പെടും. ഇന്ത്യന്‍ ഡിസൈന്‍, ഇന്ത്യന്‍ ഡിസൈനര്‍മാര്‍, ഇന്ത്യന്‍ മെറ്റീരിയലുകള്‍, ഇന്ത്യന്‍ ആശയങ്ങള്‍ എന്നിവയുടെ ശക്തി പ്രതിഫലിപ്പിക്കുന്നതാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സ്. പുതിയ ഭാരതത്തിന്റെ പുതിയ സാധ്യതകളുടെയും പുതിയ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് ഈ കെട്ടിടം. സൂറത്ത് ഡയമണ്ട് ബോഴ്സിനായി ഞാന്‍ വജ്ര വ്യവസായത്തെയും സൂററ്റിനെയും ഗുജറാത്തിനെയും രാജ്യത്തെ മുഴുവനും അഭിനന്ദിക്കുന്നു.
നിങ്ങളെല്ലാവരും എനിക്കായി അധികനേരം കാത്തിരിക്കരുതെന്ന് ഞാന്‍ ആഗ്രഹിച്ചതിനാല്‍ അതിന്റെ ഒരു ഭാഗം മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളൂ. പക്ഷേ അവര്‍ പഴയ സുഹൃത്തുക്കളായതിനാല്‍ ഞാന്‍ അവരോട് വേറെ ചില കാര്യങ്ങളും പറഞ്ഞു, പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താക്കളെ ക്ഷണിച്ച് ഹരിത കെട്ടിടം എന്താണെന്ന് കാണിക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആര്‍ക്കിടെക്ചര്‍ ആന്‍ഡ് സ്ട്രക്ചര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളോട് വന്ന് ആധുനിക രൂപത്തില്‍ കെട്ടിടങ്ങള്‍ എങ്ങനെ നിര്‍മ്മിക്കപ്പെടുന്നുവെന്ന് പഠിക്കാന്‍ ആവശ്യപ്പെടാനും ഞാന്‍ അവരോട് പറഞ്ഞു. ലാന്‍ഡ്സ്‌കേപ്പിംഗ് എങ്ങനെ ചെയ്യണം, പഞ്ചതത്ത്വത്തിന്റെ (5 ഘടകങ്ങള്‍) എന്താണ് എന്നറിയാന്‍ ലാന്‍ഡ്സ്‌കേപ്പ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെയും ക്ഷണിക്കണമെന്നും ഞാന്‍ പറഞ്ഞു.
സുഹൃത്തുക്കളേ,
ഇന്ന് സൂറത്തിലെ ജനങ്ങള്‍ക്കും ഇവിടുത്തെ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും രണ്ട് സമ്മാനങ്ങള്‍ കൂടി ലഭിക്കുന്നു. സൂറത്ത് വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഇന്ന് തന്നെ ഉദ്ഘാടനം ചെയ്തു. രണ്ടാമതായി സൂറത്ത് വിമാനത്താവളത്തിന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പദവി ലഭിച്ചു. സൂറത്തുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇന്ന് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഞാന്‍ മുമ്പ് ഇവിടെ വരുമ്പോള്‍, സൂറത്തിലെ വിമാനത്താവളത്തേക്കാള്‍ മികച്ചതായി ബസ് സ്റ്റേഷന്‍ കാണപ്പെട്ടുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. വിമാനത്താവളം ഒരു ചെറിയ കുടില്‍ പോലെ തോന്നി. എന്നാല്‍ ഇന്ന് നമ്മള്‍ വലിയ ഉയരങ്ങളില്‍ എത്തി, അത് സൂറത്തിന്റെ ശക്തിയെ ചിത്രീകരിക്കുന്നു.
സൂറത്തില്‍ നിന്ന് ദുബായിലേക്കുള്ള വിമാനം ഇന്ന് മുതല്‍ ആരംഭിക്കുന്നു, താമസിയാതെ ഹോങ്കോങ്ങിലേക്കുള്ള വിമാനവും ആരംഭിക്കും. സൂറത്ത് വിമാനത്താവളം നിര്‍മ്മിച്ചതിനാല്‍ ഇപ്പോള്‍ ഗുജറാത്തില്‍ 3 അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. വജ്രങ്ങള്‍ക്ക് പുറമെ, തുണി വ്യവസായം, ടൂറിസം വ്യവസായം, വിദ്യാഭ്യാസം, നൈപുണ്യ വ്യവസായം തുടങ്ങി എല്ലാ മേഖലകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഈ അത്ഭുതകരമായ ടെര്‍മിനലിനും അന്താരാഷ്ട്ര വിമാനത്താവളത്തിനും ഞാന്‍ സൂറത്തിലെ ജനങ്ങളെയും ഗുജറാത്തിലെ ജനങ്ങളെയും അഭിനന്ദിക്കുന്നു.
എന്റെ കുടുംബാംഗങ്ങളേ,
സൂറത്ത് നഗരത്തോട് എനിക്കുള്ള ഗാഢമായ ബന്ധം വാക്കുകളില്‍ പ്രകടിപ്പിക്കേണ്ട ആവശ്യമില്ല, കാരണം നിങ്ങള്‍ക്കത് നന്നായി അറിയാം. സൂറത്ത് എന്നെ ഒരുപാട് പഠിപ്പിച്ചു. എല്ലാവരും പരിശ്രമിക്കുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളികളെപ്പോലും നേരിടാന്‍ കഴിയുമെന്ന് സൂറത്ത് നമ്മെ പഠിപ്പിച്ചു. സൂറത്തിലെ മണ്ണിനെ മറ്റെല്ലാത്തില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഒരു കാര്യമുണ്ട്. സൂറത്തിലെ ജനങ്ങളുടെ കഴിവ് സമാനതകളില്ലാത്തതാണ്.
സൂറത്ത് നഗരത്തിന്റെ യാത്ര എത്രമാത്രം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇവിടുത്തെ പ്രൗഢി കണ്ടാണ് ബ്രിട്ടീഷുകാരും ആദ്യം സൂറത്തില്‍ എത്തിയത്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ നിര്‍മ്മിച്ചിരുന്നത് സൂറത്തില്‍ മാത്രമായിരുന്നു. സൂറത്തിന്റെ ചരിത്രത്തില്‍ നിരവധി വലിയ പ്രതിസന്ധികള്‍ ഉണ്ടായിരുന്നു, എന്നാല്‍ സൂറത്തിലെ ജനങ്ങള്‍ ഒന്നിച്ച് അവ ഓരോന്നും നേരിട്ടു. 84 രാജ്യങ്ങളുടെ കപ്പല്‍ പതാകകള്‍ ഇവിടെ പറന്നിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. 125 രാജ്യങ്ങളുടെ പതാകകള്‍ ഇവിടെ പാറിപ്പറക്കാന്‍ പോകുന്നുവെന്ന് ഇന്ന് മാത്തൂര്‍ ഭായ് പറഞ്ഞു.
ചിലപ്പോള്‍ സൂറത്ത് ചില ഗുരുതരമായ രോഗങ്ങളുടെ സ്വാധീനത്തിലായിരുന്നു; ചിലപ്പോള്‍ താപിയില്‍ വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. പലതരത്തിലുള്ള നിഷേധാത്മകത പ്രചരിക്കുകയും സൂറത്തിന്റെ വീര്യത്തെ വെല്ലുവിളിക്കുകയും ചെയ്ത ആ കാലഘട്ടം ഞാന്‍ അടുത്തു നിന്ന് കണ്ടിട്ടുണ്ട്. പക്ഷേ, സൂറത്ത് പ്രതിസന്ധിയില്‍ നിന്ന് കരകയറുമെന്ന് മാത്രമല്ല, പുതിയ ശക്തിയോടെ ലോകത്ത് അതിന്റെ സ്ഥാനം നേടുമെന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു. ഇന്ന്, ഈ നഗരം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന 10 നഗരങ്ങളില്‍ ഒന്നാണ്.
സൂറത്തിലെ തെരുവ് ഭക്ഷണം, സൂറത്തിലെ ശുചിത്വം, സൂറത്തിലെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍, എല്ലാം അതിശയകരമാണ്! സൂറത്ത് ഒരുകാലത്ത് സണ്‍ സിറ്റി എന്നറിയപ്പെട്ടിരുന്നു. ഇവിടുത്തെ ജനങ്ങള്‍ തങ്ങളുടെ കഠിനാധ്വാനം കൊണ്ടും ശക്തികൊണ്ടും വജ്ര നഗരവും പട്ടു നഗരവുമാക്കി. നിങ്ങളെല്ലാവരും കഠിനാധ്വാനം ചെയ്തു, സൂറത്ത് ഒരു പാല നഗരമായി മാറി. ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്ന നഗരമാണ് ഇന്ന് സൂറത്ത്. ഇപ്പോള്‍ സൂറത്ത് ഐടി മേഖലയിലും മുന്നേറുകയാണ്. ആധുനികവല്‍ക്കരിക്കപ്പെട്ട ഈ സൂറത്തിന് ഡയമണ്ട് ബോഴ്സിന്റെ രൂപത്തില്‍ ഇത്രയും വലിയ കെട്ടിടം ലഭിച്ചത് ചരിത്രപരമായ നേട്ടമാണ്.
സുഹൃത്തുക്കള്‍,
ഇക്കാലത്ത് നിങ്ങള്‍ എല്ലാവരും മോദിയുടെ ഉറപ്പിനെക്കുറിച്ച് ധാരാളം കേള്‍ക്കുന്നുണ്ടാകും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം ഈ ചര്‍ച്ച കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ സൂറത്തിലെ ജനങ്ങള്‍ക്ക് മോദിയുടെ ഉറപ്പിനെക്കുറിച്ച് പണ്ടേ അറിയാം. മോദിയുടെ ഉറപ്പ് യാഥാര്‍ത്ഥ്യമാകുന്നത് ഇവിടുത്തെ കഠിനാധ്വാനികളായ ജനങ്ങള്‍ കണ്ടു. ഈ സൂറത്ത് ഡയമണ്ട് ബോഴ്‌സും ഈ ഗ്യാരണ്ടിയുടെ ഒരു ഉദാഹരണമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളെപ്പോലുള്ള എന്റെ എല്ലാ സുഹൃത്തുക്കളും നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. വജ്രവ്യാപാരങ്ങളുമായി ബന്ധപ്പെട്ട കരകൗശല വിദഗ്ധരും ചെറുതോ വലുതോ ആയ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് ആളുകളുടെ ഒരു സമൂഹം മുഴുവന്‍ ഇവിടെയുണ്ട്. എന്നാല്‍ അവരുടെ പ്രധാന പ്രശ്നങ്ങളിലൊന്ന് മറ്റെല്ലാ കാര്യങ്ങള്‍ക്കും ദീര്‍ഘദൂരം സഞ്ചരിക്കേണ്ടിവരുമെന്നതാണ്. അസംസ്‌കൃത വജ്രങ്ങള്‍ പരിശോധിക്കാനും വാങ്ങാനും ഒരാള്‍ക്ക് വിദേശത്ത് പോകേണ്ടിവന്നാല്‍, അതിനും തടസ്സങ്ങളുണ്ടായിരുന്നു. വിതരണ, മൂല്യ ശൃംഖല പ്രശ്‌നങ്ങള്‍ മുഴുവന്‍ ബിസിനസിനെയും ബാധിച്ചു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വജ്ര വ്യവസായവുമായി ബന്ധപ്പെട്ട സുഹൃത്തുക്കള്‍ എന്നോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
ഈ പശ്ചാത്തലത്തില്‍, 2014-ല്‍ ഡല്‍ഹിയില്‍ വേള്‍ഡ് ഡയമണ്ട് കോണ്‍ഫറന്‍സ് നടന്നു. അപ്പോഴാണ് ഡയമണ്ട് മേഖലയ്ക്കായി ഒരു പ്രത്യേക വിജ്ഞാപിത സോണ്‍ രൂപീകരിക്കുമെന്ന് ഞാന്‍ പ്രഖ്യാപിച്ചത്. സൂറത്ത് ഡയമണ്ട് ബോഴ്‌സ് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇത് വഴിയൊരുക്കി. ഞങ്ങള്‍ നിയമത്തില്‍ ഭേദഗതികളും വരുത്തി. ഇപ്പോള്‍ സൂറത്ത് ഡയമണ്ട് ബോഴ്സിന്റെ രൂപത്തില്‍ അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഒരു വലിയ കേന്ദ്രം തയ്യാറായിക്കഴിഞ്ഞു. അസംസ്‌കൃത വജ്രമോ മിനുക്കിയ വജ്രമോ ലാബ് വികസിപ്പിച്ച വജ്രമോ റെഡിമെയ്ഡ് ആഭരണങ്ങളോ ആകട്ടെ, ഇന്ന് എല്ലാത്തരം ബിസിനസുകളും ഒരു മേല്‍ക്കൂരയില്‍ സാധ്യമായിരിക്കുന്നു. അത് ഒരു തൊഴിലാളിയോ, ഒരു കരകൗശല വിദഗ്ധനോ, അല്ലെങ്കില്‍ ഒരു ബിസിനസുകാരനോ ആകട്ടെ, സൂറത്ത് ഡയമണ്ട് ബോഴ്സ് എല്ലാവര്‍ക്കുമുള്ള ഏകീകൃത കേന്ദ്രമാണ്.
അന്താരാഷ്ട്ര ബാങ്കിംഗ് സൗകര്യങ്ങളും സുരക്ഷിത നിലവറകളും ഇവിടെ ലഭ്യമാണ്. റീട്ടെയില്‍ ജ്വല്ലറി ബിസിനസിനായി ഒരു ജ്വല്ലറി മാള്‍ ഉണ്ട്. സൂറത്തിലെ വജ്ര വ്യവസായം ഇതിനകം 8 ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു. സൂറത്ത് ഡയമണ്ട് ബോഴ്സ് വഴി ഇപ്പോള്‍ 1.5 ലക്ഷം പേര്‍ക്ക് ജോലി ലഭിക്കാന്‍ പോകുന്നു. ഈ വ്യവസായത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ രാപ്പകല്‍ അധ്വാനിച്ച വജ്രവ്യാപാരവുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ,
ഗുജറാത്തിനും രാജ്യത്തിനും സൂറത്ത് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, എന്നാല്‍ സൂറത്തിന് ഇതിലും കൂടുതല്‍ സാധ്യതകളുണ്ട്. എന്റെ അഭിപ്രായത്തില്‍, ഇതാണ് തുടക്കം; നമുക്ക് കൂടുതല്‍ മുന്നോട്ട് പോകേണ്ടതുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഭാരതം 10-ാം സ്ഥാനത്തുനിന്നും ലോകത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നുവെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. തന്റെ മൂന്നാം ഇന്നിംഗ്സില്‍ ഭാരതം തീര്‍ച്ചയായും ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഉള്‍പ്പെടുമെന്ന് ഇപ്പോള്‍ മോദി രാജ്യത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
വരുന്ന 25 വര്‍ഷത്തേക്കുള്ള ലക്ഷ്യവും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. അത് 5 ട്രില്യണ്‍ ഡോളറിന്റെ ലക്ഷ്യമായാലും അല്ലെങ്കില്‍ 10 ട്രില്യണ്‍ ഡോളറിന്റെ ലക്ഷ്യമായാലും, ഞങ്ങള്‍ ഇവയില്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ കയറ്റുമതി റെക്കോര്‍ഡ് ഉയരത്തിലെത്തിക്കാനും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, സൂറത്തിന്റെ, പ്രത്യേകിച്ച് സൂറത്തിന്റെ വജ്ര വ്യവസായത്തിന്റെ ഉത്തരവാദിത്തം പലമടങ്ങ് വര്‍ദ്ധിച്ചു. സൂറത്തിലെ എല്ലാ പ്രമുഖരും ഇവിടെയുണ്ട്. രാജ്യത്തിന്റെ വളരുന്ന കയറ്റുമതിയില്‍ പങ്കാളിത്തം എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നതിനെക്കുറിച്ചും സൂറത്ത് നഗരം ലക്ഷ്യം വെക്കണം.
വജ്രം, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഇതൊരു വെല്ലുവിളിയും അവസരവുമാണ്. നിലവില്‍ വജ്രാഭരണങ്ങളുടെ കയറ്റുമതിയില്‍ ഭാരതം ഏറെ മുന്നിലാണ്. സില്‍വര്‍ കട്ട് ഡയമണ്ട്‌സ്, ലാബ് ഗ്രോണ്‍ ഡയമണ്ട്‌സ് എന്നിവയിലും നാം മുന്‍നിരക്കാരാണ്. എന്നാല്‍ മുഴുവന്‍ രത്‌ന, ആഭരണ മേഖലയെ കുറിച്ചും പറഞ്ഞാല്‍, ലോകത്തിലെ മൊത്തം കയറ്റുമതിയില്‍ ഭാരതിന്റെ പങ്ക് 3.5 ശതമാനം മാത്രമാണ്. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ സൂറത്തിന് വളരെ വേഗം രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയില്‍ ഇരട്ട അക്കത്തിലെത്താം. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും സര്‍ക്കാര്‍ നിങ്ങളോടൊപ്പം നില്‍ക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.
കയറ്റുമതി പ്രോത്സാഹനത്തിനുള്ള ഒരു ഫോക്കസ് ഏരിയയായി ഞങ്ങള്‍ ഈ മേഖലയെ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. പേറ്റന്റുള്ള ഡിസൈനുകള്‍ പ്രോത്സാഹിപ്പിക്കുക, കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുക, മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് മികച്ച സാങ്കേതികവിദ്യ പര്യവേക്ഷണം ചെയ്യുക, ലാബ് കൃഷി അല്ലെങ്കില്‍ ഗ്രീന്‍ ഡയമണ്ട് എന്നിവ പ്രോത്സാഹിപ്പിക്കുക, കേന്ദ്ര ഗവണ്‍മെന്റ് ഇത്തരത്തില്‍ നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
പച്ച വജ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് ബജറ്റില്‍ പ്രത്യേക വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ എല്ലാ ശ്രമങ്ങളും നിങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഇന്ന്, നിങ്ങള്‍ ലോകമെമ്പാടും സഞ്ചരിക്കുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ഭാരതത്തിന് അനുകൂലമായ അന്തരീക്ഷം നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടാകും. ലോകത്തിന്റെ പല രാജ്യങ്ങളില്‍ നിന്നുള്ളവരും ഇവിടെയുണ്ട്. ഇന്ന് ലോകാന്തരീക്ഷം ഭാരതത്തിന് അനുകൂലമാണ്. ഇന്ന് ഭാരതത്തിന്റെ പ്രശസ്തി ലോകമെമ്പാടും അതിന്റെ ഉച്ചസ്ഥായിയിലാണ്. ഭാരതം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. 'മെയ്ഡ് ഇന്‍ ഇന്ത്യ' ഇപ്പോള്‍ ശക്തമായ ബ്രാന്‍ഡായി മാറിയിരിക്കുന്നു. നിങ്ങളുടെ ബിസിനസ്സിന് അതില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിക്കുമെന്ന് ഉറപ്പാണ്. ജ്വല്ലറി വ്യവസായത്തിനും നേട്ടമുണ്ടാകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് എല്ലാവരോടും ഞാന്‍ പറയും, ഒരു തീരുമാനം എടുത്ത് അത് നടപ്പിലാക്കുക!
സുഹൃത്തുക്കള്‍,
നിങ്ങളുടെ എല്ലാവരുടെയും കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനായി ഗവണ്‍മെന്റ്, സൂറത്ത് നഗരത്തിന്റെ സാധ്യതകള്‍ തുലനപ്പെടുത്തുന്നു. സൂറത്തില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് ഞങ്ങളുടെ ഗവണ്‍മെന്റ് പ്രത്യേക ഊന്നല്‍ നല്‍കുന്നു. ഇന്ന് സൂറത്തിന് സ്വന്തമായി ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ട്. ഇന്ന് സൂറത്തിന് സ്വന്തമായി മെട്രോ റെയില്‍ സര്‍വീസുണ്ട്. ഇന്ന് സൂറത്ത് തുറമുഖത്ത് പ്രധാനപ്പെട്ട പല ഉല്‍പ്പന്നങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ന് സൂറത്തില്‍ ഹസിറ തുറമുഖവും ആഴത്തിലുള്ള ജല എല്‍ എന്‍ ജി ടെര്‍മിനലും മള്‍ട്ടി കാര്‍ഗോ തുറമുഖവുമുണ്ട്. സൂറത്ത് അന്താരാഷ്ട്ര വ്യാപാര കേന്ദ്രങ്ങളുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നു. മാത്രമല്ല, ലോകത്തിലെ വളരെ കുറച്ച് നഗരങ്ങളില്‍ മാത്രമേ ഇത്തരത്തില്‍ അന്താരാഷ്ട്ര കണക്റ്റിവിറ്റിയുള്ളൂ. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി സൂറത്തിനെയും ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടെ, വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴിയുടെ പ്രവൃത്തിയും ദ്രുതഗതിയില്‍ നടക്കുന്നു. ഇത് സൂറത്തിന്റെ വടക്ക് കിഴക്കന്‍ ഭാരതത്തിലേക്കുള്ള റെയില്‍ കണക്റ്റിവിറ്റി ശക്തിപ്പെടുത്തും. ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേയും സൂറത്തിലെ ബിസിനസുകള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കാന്‍ പോകുന്നു.
ഒരു തരത്തില്‍ പറഞ്ഞാല്‍, ഇത്രയും ആധുനിക കണക്റ്റിവിറ്റിയുള്ള രാജ്യത്തെ ഏക നഗരം സൂറത്താണ്. നിങ്ങള്‍ എല്ലാവരും അത് പരമാവധി പ്രയോജനപ്പെടുത്തണം. സൂറത്ത് മുന്നോട്ട് നീങ്ങിയാല്‍ ഗുജറാത്ത് മുന്നോട്ട് പോകും, ഗുജറാത്ത് മുന്നോട്ട് പോയാല്‍ എന്റെ രാജ്യം മുന്നോട്ട് പോകും. ഇതുമായി ബന്ധപ്പെട്ട മറ്റു പല സാധ്യതകളും ഉണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുടെ സഞ്ചാരം അര്‍ത്ഥമാക്കുന്നത് അത് ഒരു തരത്തില്‍ ഒരു ആഗോള നഗരമായി മാറുന്നു എന്നാണ്. അതൊരു മിനി ഭാരതമായി മാറി.
അടുത്തിടെ, ജി-20 ഉച്ചകോടി നടന്നപ്പോള്‍, ആശയവിനിമയത്തിനായി ഞങ്ങള്‍ സാങ്കേതികവിദ്യ പൂര്‍ണ്ണമായും ഉപയോഗിച്ചു. ഡ്രൈവര്‍ക്ക് ഹിന്ദി അറിയാമെങ്കില്‍ കൂടെ ഇരിക്കുന്ന അതിഥിക്ക് ഫ്രഞ്ച് അറിയാമെങ്കില്‍ അവര്‍ എങ്ങനെ സംസാരിക്കുമായിരുന്നു? അങ്ങനെ ഞങ്ങള്‍ ഒരു മൊബൈല്‍ ആപ്പ് ഉണ്ടാക്കി. അവന്‍ ഫ്രഞ്ചില്‍ സംസാരിച്ചാല്‍, ഡ്രൈവര്‍ക്ക് അത് ഹിന്ദിയില്‍ കേള്‍ക്കാമായിരുന്നു, എന്നാല്‍ ഡ്രൈവര്‍ ഹിന്ദിയില്‍ സംസാരിച്ചാല്‍, അതിഥിക്ക് അത് ഫ്രഞ്ചില്‍ കേള്‍ക്കാമായിരുന്നു.
അതിനാല്‍ ലോകമെമ്പാടുമുള്ള ആളുകള്‍ ഞങ്ങളുടെ ഡയമണ്ട് ബോഴ്‌സിലേക്ക് വരാന്‍ പോകുന്നു. ഭാഷയുടെ കാര്യത്തില്‍ ആശയവിനിമയത്തിന് എന്ത് പിന്തുണ വേണമെങ്കിലും കേന്ദ്രസര്‍ക്കാര്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് നല്‍കും. ഭാഷിണി ആപ്പ് എന്ന മൊബൈല്‍ ആപ്പിലൂടെ നമുക്ക് ഇത് ലളിതമാക്കാനാകും.
ഇവിടുത്തെ നര്‍മ്മദ് സര്‍വകലാശാല വിവിധ ഭാഷകളില്‍ വ്യാഖ്യാതാക്കളെ തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നും ഇവിടുത്തെ കുട്ടികള്‍ക്ക് ലോകത്തിലെ വിവിധ ഭാഷകളില്‍ വ്യാഖ്യാനം അറിയാമെന്നും അതിലൂടെ ഇവിടുത്തെ യുവാക്കള്‍ക്ക് വ്യാഖ്യാന ജോലികള്‍ ലഭിക്കണമെന്നും ഞാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കും. ഇവിടെ വരുന്ന വ്യവസായികള്‍. ഒരു ആഗോള ഹബ് സൃഷ്ടിക്കുന്നതിനുള്ള ആവശ്യകതകളില്‍, ആശയവിനിമയം വളരെ പ്രധാന പങ്ക് വഹിക്കുന്നു. ഇന്ന് സാങ്കേതികവിദ്യ വളരെയധികം സഹായിക്കുന്നു, എന്നാല്‍ അതേ സമയം വ്യക്തിഗത വ്യാഖ്യാനങ്ങളും ഒരുപോലെ ആവശ്യമാണ്. നര്‍മദ് സര്‍വകലാശാലയിലൂടെയോ മറ്റേതെങ്കിലും സര്‍വകലാശാലയിലൂടെയോ ഭാഷാ വ്യാഖ്യാനത്തിന്റെ കോഴ്‌സുകള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സൂറത്ത് ഡയമണ്ട് ബോഴ്‌സിനും സൂറത്ത് എയര്‍പോര്‍ട്ടിന്റെ പുതിയ ടെര്‍മിനലിനും ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയും അടുത്ത മാസം നടക്കും. ഇതിനും ഗുജറാത്തിന് എല്ലാ ആശംസകളും നേരുന്നു. ഗുജറാത്തിന്റെ ഈ ശ്രമവും രാജ്യത്തെ സഹായിക്കുന്നു, അതുകൊണ്ടാണ് ഞാന്‍ ഗുജറാത്തിനെ പ്രത്യേകം അഭിനന്ദിക്കുന്നത്.
വികസനത്തിന്റെ ഈ ഉത്സവം ആഘോഷിക്കാന്‍ നിങ്ങളെല്ലാവരും ഇന്ന് വന്‍തോതില്‍ ഒത്തുചേര്‍ന്നു. എത്ര മാറ്റമാണ് സംഭവിച്ചതെന്ന് നോക്കൂ. രാജ്യത്തെ ഓരോ വ്യക്തിയും വികസനത്തിനായി പ്രതിജ്ഞാബദ്ധരാവുകയാണ്. ഭാരതം മുന്നോട്ടുപോകാനുള്ള ഏറ്റവും വലിയ ശുഭസൂചനയാണിത്. ഒരിക്കല്‍ കൂടി, വല്ലഭ് ഭായിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. എനിക്കറിയാം, അന്ന് കോവിഡ് ഞങ്ങളെ ബാധിച്ചില്ലായിരുന്നുവെങ്കില്‍, ഒരുപക്ഷേ ഞങ്ങള്‍ ഈ ജോലി നേരത്തെ പൂര്‍ത്തിയാക്കുമായിരുന്നു. എന്നാല്‍ കൊവിഡ് കാരണം ചില ജോലികള്‍ തടസ്സപ്പെട്ടു. എന്നാല്‍ ഇന്ന് ആ സ്വപ്നം സാക്ഷാത്കരിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!