ദ്വാരക അതിവേഗപാതയുടെ 19 കിലോമീറ്റർ നീളമുള്ള ഹരിയാന ഭാഗം ഉദ്ഘാടനം ചെയ്തു
“2024ൽ മൂന്നു മാസത്തിനുള്ളിൽ 10 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികൾ രാജ്യത്തിനു സമർപ്പിക്കുകയോ തറക്കല്ലിടുകയോ ചെയ്തു”
“പ്രശ്നങ്ങളെ സാധ്യതകളാക്കി മാറ്റുന്നതാണു മോദിയുടെ ഉറപ്പ്”
“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ വലിയ കാഴ്ചപ്പാടുകളുടെയും വലിയ ലക്ഷ്യങ്ങളുടെയും ഇന്ത്യയാണ്”
“നേരത്തെയുണ്ടായിരുന്നത് കാലതാമസമായിരുന്നു; ഇപ്പോൾ വിതരണമാണുള്ളത്; നേരത്തെ കാലതാമസമുണ്ടായിരുന്നു, ഇപ്പോൾ വികസനമുണ്ട്”

ഭാരത് മാതാ കീ- ജയ്!

ഭാരത് മാതാ കീ- ജയ്!

ഭാരത് മാതാ കീ- ജയ്!

ഹരിയാണ ഗവര്‍ണര്‍, ബണ്ഡാരു ദത്താത്രേയ ജി, സംസ്ഥാനത്തിന്റെ കഠിനാധ്വാനിയായ മുഖ്യമന്ത്രി ശ്രീ മനോഹര്‍ ലാല്‍ ജി, കേന്ദ്രത്തിലെ എന്റെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകര്‍, ശ്രീ നിതിന്‍ ഗഡ്കരി ജി, റാവു ഇന്ദ്രജീത് സി‌ങ്, കൃഷ്ണ പാല്‍ ഗുര്‍ജര്‍ ജി, ഹരിയാണ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ജി, ബിജെപിയുടെ സംസ്ഥാന പ്രസിഡന്റും പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനുമായ നായബ് സിങ് സൈനി ജി, മറ്റ് വിശിഷ്ടാതിഥികള്‍, ഇവിടെ വന്‍തോതില്‍ തടിച്ചുകൂടിയ എന്റെ പ്രിയ സഹോദരീസഹോദരന്മാരെ!

 

ആധുനിക സാങ്കേതിക സമ്പര്‍ക്കസൗകര്യം വഴി രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ദശലക്ഷക്കണക്കിനുപേർ ഞങ്ങളുടെ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി എനിക്ക് എന്റെ സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഒരു പരിപാടി നടക്കുകയും രാജ്യം മുഴുവന്‍ പങ്കെടുക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. കാലം മാറി, പരിപാടി ഇപ്പോള്‍ ഗുരുഗ്രാമില്‍ നടക്കുന്നു, രാജ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഹരിയാണ ഈ കഴിവ് പ്രകടമാക്കുന്നു. ഇന്ന്, ആധുനിക സമ്പര്‍ക്കസൗകര്യത്തിലേക്ക് രാജ്യം മറ്റൊരു സുപ്രധാന ചുവടുവയ്പ് നടത്തി. ദ്വാരക അതിവേഗ പാത ഇന്ന് രാഷ്ട്രത്തിന്  സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. 9,000 കോടിയിലധികം രൂപയാണ് ഈ അതിവേഗപാതയ്ക്കായി ചെലവഴിച്ചത്. ഇന്ന് മുതല്‍ ഡല്‍ഹിക്കും ഹരിയാണയ്ക്കും ഇടയിലുള്ള ഗതാഗത അനുഭവം എന്നെന്നേക്കുമായി മാറും. ഈ ആധുനിക അതിവേഗപാത വാഹനങ്ങളുടെ ഗതിവേഗം വർധിപ്പിക്കുക മാത്രമല്ല, ഡല്‍ഹി-എന്‍സിആറിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കുകയും ചെയ്യും. ഈ ആധുനിക അതിവേഗപാതയ്ക്ക് ഡല്‍ഹി-എന്‍സിആര്‍, ഹരിയാണ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

സുഹൃത്തുക്കളേ,

മുന്‍ ഗവണ്‍മെന്റുകള്‍ ചെറിയ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുകയും ഒരു ചെറിയ പരിപാടി നടത്തുകയും അഞ്ച് വര്‍ഷത്തേക്ക് അപ്രധാന കാര്യങ്ങൾ ചെയ്തു സമയം കളയുകയുമായിരുന്നു. അതേസമയം, പദ്ധതികളുടെ തറക്കല്ലിടലിനും ഉദ്ഘാടനത്തിനും സമയം തികയാത്ത വേഗത്തിലാണ് ബിജെപി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ളവർ മിടുക്കരാണ്, അതിനാല്‍ ശ്രദ്ധിക്കുക. ഇത് 2024 മാത്രമാണ്, ഇതുവരെ മൂന്ന് മാസം പോലും കടന്നുപോയിട്ടില്ല. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ 10 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയോ തറക്കല്ലിടുകയോ ചെയ്തു. ഞാന്‍ പറയുന്നത് ഞാന്‍ തന്നെ ഉള്‍പ്പെട്ട പദ്ധതികളെക്കുറിച്ച് മാത്രമാണ്. അതിനുപുറമെ, എന്റെ മന്ത്രിമാരും നമ്മുടെ മുഖ്യമന്ത്രിമാരും ചെയ്തത് വ്യത്യസ്തമാണ്.

2014 ന് മുമ്പുള്ള കാലം ഓര്‍ക്കുക. ഇന്നും രാജ്യത്താകമാനം ഒരു ലക്ഷം കോടിയിലധികം രൂപയുടെ നൂറിലധികം പദ്ധതികള്‍ ഒറ്റ ദിവസം കൊണ്ട് ഉദ്ഘാടനം ചെയ്യുകയോ തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ്, വടക്ക് ഹരിയാണ, പഞ്ചാബ്, ഉത്തര്‍പ്രദേശ്  എന്നിവിടങ്ങളിലെ വികസന പദ്ധതികള്‍, കിഴക്ക് ബിഹാറിനും പശ്ചിമ ബംഗാളിനുമുള്ള പദ്ധതികള്‍, പടിഞ്ഞാറ് മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അമൃത്‌സര്‍-ബഠിണ്ഡ-ജാംനഗര്‍ ഇടനാഴിയുടെ ദൈര്‍ഘ്യം രാജസ്ഥാനില്‍ 540 കിലോമീറ്ററായി നീട്ടും. ബെംഗളൂരു റിങ് റോഡിന്റെ വികസനം അവിടത്തെ ഗതാഗത പ്രശ്‌നങ്ങള്‍ ഗണ്യമായി കുറയ്ക്കും. ഈ നിരവധി വികസന പദ്ധതികള്‍ക്ക് കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും, വടക്ക് മുതല്‍ തെക്ക് വരെയുമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ദശലക്ഷക്കണക്കിന് പൗരന്മാരെ ഞാന്‍ അഭിനന്ദിക്കുന്നു.

 

സുഹൃത്തുക്കളേ,

ഒരു പ്രശ്‌നവും അവസരവും തമ്മിലുള്ള ഒരേയൊരു വ്യത്യാസം കാഴ്ചപ്പാടാണ്. പ്രശ്‌നങ്ങളെ അവസരങ്ങളാക്കി മാറ്റുക എന്നതാണ് മോദിയുടെ ഉറപ്പ്. ദ്വാരക അതിവേഗപാത തന്നെ ഇതിന് പ്രധാന ഉദാഹരണമാണ്. ഇന്ന് ദ്വാരക അതിവേഗപാതയുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഒരുകാലത്ത് സൂര്യാസ്തമയത്തിന് ശേഷം ആളുകള്‍ വരുന്നത് ഒഴിവാക്കിയിരുന്നു. ടാക്‌സി ഡ്രൈവര്‍മാര്‍ പോലും ഇവിടേക്ക് വരാന്‍ വിസമ്മതിച്ചിരുന്നു. ഈ പ്രദേശം മുഴുവന്‍ സുരക്ഷിതമല്ലെന്ന് കണക്കാക്കപ്പെട്ടു. എന്നിരുന്നാലും, ഇന്ന് നിരവധി വലിയ കമ്പനികള്‍ ഇവിടെ വന്ന് അവരുടെ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നു. ഈ പ്രദേശം എന്‍സിആറിന്റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളുടെ ഭാഗമായി മാറുകയാണ്. ഈ അതിവേഗപാത ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സമ്പര്‍ക്കസൗകര്യം മെച്ചപ്പെടുത്തും. ഇത് എന്‍സിആറിന്റെ സംയോജനം വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യും.

സുഹൃത്തുക്കളേ,

 

ദ്വാരക അതിവേഗപാത ഡല്‍ഹി-മുംബൈ അതിവേഗപാതയുമായി ബന്ധിപ്പിക്കുമ്പോള്‍, അത് പുതിയ അധ്യായത്തിന് തുടക്കമാകും. പടിഞ്ഞാറന്‍ ഭാരതത്തിലുടനീളമുള്ള വ്യവസായത്തിനും കയറ്റുമതിക്കും പുതിയ ഊര്‍ജം നല്‍കുന്നതിന് ഈ ഇടനാഴി പ്രവര്‍ത്തിക്കും. ഈ അതിവേഗപാതയുടെ നിര്‍മ്മാണത്തിനായുള്ള അര്‍പ്പണബോധത്തിന് ഹരിയാണ ഗവണ്മെന്റിനെ, പ്രത്യേകിച്ച് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ജിയെ ഞാന്‍ അഭിനന്ദിക്കേണ്ടതുണ്ട്. ഹരിയാണയുടെ വികസനത്തിനായി മനോഹര്‍ ലാല്‍ ജി അക്ഷീണം പ്രവര്‍ത്തിച്ച രീതി; ആധുനിക അടിസ്ഥാനസൗകര്യങ്ങളുടെ വലിയ ശൃംഖല അദ്ദേഹം സംസ്ഥാനത്ത് സ്ഥാപിച്ചു. ഞാനും മനോഹര്‍ ലാല്‍ ജിയും പഴയ സഹപ്രവര്‍ത്തകരാണ്; ഞങ്ങള്‍ ഒരുമിച്ച്  ജോലി ചെയ്തിരുന്നു. ‌ഒരേ നിലത്തു കിടന്നുറങ്ങിയിരുന്നു. മനോഹര്‍ ലാല്‍ ജിക്ക് ഒരു മോട്ടോര്‍ സൈക്കിള്‍ ഉണ്ടായിരുന്നു, എന്നെ പുറകിലിരുത്തി അദ്ദേഹം അത് ഓടിക്കുമായിരുന്നു. ഞങ്ങള്‍ റോഹ്തക്കില്‍ നിന്ന് ആരംഭിച്ച് ഗുരുഗ്രാമില്‍ നിര്‍ത്തും. ആ മോട്ടോര്‍സൈക്കിളില്‍ ഞങ്ങള്‍ തുടര്‍ച്ചയായി ഹരിയാണയില്‍ ചുറ്റിക്കറങ്ങാറുണ്ടായിരുന്നു. ഞങ്ങള്‍ മോട്ടോര്‍ സൈക്കിളില്‍ ഗുരുഗ്രാമില്‍ വന്നിരുന്ന ആ സമയങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു, റോഡുകള്‍ ഇടുങ്ങിയതായിരുന്നു, അത് തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു. ഇന്ന്, ഞങ്ങള്‍ ഒരുമിച്ചാണെന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്, നിങ്ങളുടെ ഭാവിയും ഞങ്ങളോടൊപ്പം സുരക്ഷിതമാണ്. മനോഹര്‍ ജിയുടെ നേതൃത്വത്തിലുള്ള ഹരിയാണ സംസ്ഥാന ഗവണ്‍മെന്റ് 'വികസിത് ഹരിയാണ, വികസിത് ഭാരത്' (വികസിത ഹരിയാണ, വികസിത ഇന്ത്യ) എന്ന അടിസ്ഥാന തത്വത്തെ നിരന്തരം ശാക്തീകരിക്കുകയാണ്.

 

സുഹൃത്തുക്കളേ,

 

21-ാം നൂറ്റാണ്ടിലെ ഭാരതം മഹത്തായ ദർശനങ്ങളുടെ രാഷ്ട്രമാണ്. ഉന്നതമായ ലക്ഷ്യങ്ങളുള്ള രാജ്യമാണിത്. പുരോഗതിയുടെ വേഗതയിൽ വിട്ടുവീഴ്ച ചെയ്യാൻ ഇന്നത്തെ ഭാരതത്തിന് കഴിയില്ല. നിങ്ങൾ എല്ലാവരും എന്നെ നന്നായി അറിയുകയും മനസ്സിലാക്കുകയും ചെയ്തു. എനിക്ക് ചെറുതായി ചിന്തിക്കാനോ സാധാരണ സ്വപ്നങ്ങൾ കാണാനോ നിസ്സാരമായ തീരുമാനങ്ങൾ എടുക്കാനോ കഴിയില്ലെന്ന് നിങ്ങൾ കണ്ടിരിക്കണം. ഞാൻ ചെയ്യേണ്ടതെന്തായാലും, അത് ഗംഭീരവും വിശാലവും വേഗത്തിലുള്ളതുമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം 2047-ഓടെ ഭാരതത്തെ വികസിത രാഷ്ട്രമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു സുഹൃത്തുക്കളേ. നിങ്ങളുടെ കുട്ടികൾക്ക് ശോഭനമായ ഭാവി ഉറപ്പാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനായിരിക്കണം.

സുഹൃത്തുക്കളേ,

ഈ ഗതിവേഗം ത്വരിതപ്പെടുത്തുന്നതിന്, ഡൽഹി-എൻസിആറിൽ സമഗ്രമായ കാഴ്ചപ്പാടോടെ അടിസ്ഥാനസൗകര്യ വികസനം ഞങ്ങൾ ആരംഭിച്ചു. നിർദിഷ്‌ട സമയപരിധിക്കുള്ളിൽ പ്രധാന പദ്ധതികൾ പൂർത്തിയാക്കാൻ ഞങ്ങൾ ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ദ്വാരക അതിവേഗപാതയോ പെരിഫറൽ അതിവേഗ പാതയോ കിഴക്കൻ പെരിഫറൽ അതിവേഗപാതയോ ഡൽഹി-മീററ്റ് അതിവേഗപാതയോ ഏതുമാകട്ടെ, നമ്മുടെ ഗവണ്മെന്റ് നിരവധി പ്രധാന പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധിക്കിടയിലും, രാജ്യത്തെ ഇത്ര വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾക്ക് കഴിഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ ഡൽഹി-എൻസിആറിൽ 230 കിലോമീറ്ററിലധികം പുതിയ മെട്രോ പാതകൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. ജേവറിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. 'DND Sohna Spur' പോലുള്ള പദ്ധതികളും നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ പദ്ധതികൾ ഗതാഗതം സുഗമമാക്കുക മാത്രമല്ല, ഡൽഹി-എൻസിആറിലെ മലിനീകരണം കുറയ്ക്കുകയും ചെയ്യും.

 

സുഹൃത്തുക്കളേ,

 

ഭാരതത്തിലെ ആധുനിക അടിസ്ഥാനസൗകര്യങ്ങളുടെ നിർമ്മാണവും രാജ്യത്തെ ദാരിദ്ര്യം കുറയ്ക്കലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിവേഗപാതകൾ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിക്കുമ്പോൾ, ഗ്രാമങ്ങളെ നല്ല റോഡുകളുമായി ബന്ധിപ്പിക്കുമ്പോൾ, ഗ്രാമങ്ങളിലെ ജനങ്ങളുടെ വാതിൽപ്പടിയിൽ നിരവധി പുതിയ അവസരങ്ങൾ എത്തുന്നു. മുമ്പ്, ഗ്രാമങ്ങളിൽ നിന്നുള്ള ജനങ്ങൾ പുതിയ അവസരങ്ങൾ തേടി നഗരങ്ങളിലേക്ക് കുടിയേറുകയായിരുന്നു. എന്നാൽ ഇപ്പോൾ, താങ്ങാനാകുന്ന ഡാറ്റയും ഡിജിറ്റൽ അടിസ്ഥാനസൗകര്യ സമ്പർക്കസംവിധാനങ്ങളും കാരണം, ഗ്രാമങ്ങളിൽ തന്നെ പുതിയ സാധ്യതകൾ ഉയർന്നുവരുന്നു. ആശുപത്രികളും ശൗചാലയങ്ങളും പൈപ്പ് വെള്ളവും വീടും അതിവേഗം നിർമിക്കപ്പെടുമ്പോൾ ദരിദ്രരായ വ്യക്തികൾ പോലും രാജ്യത്തിന്റെ വികസനത്തിൽ നിന്ന് പ്രയോജനം നേടുന്നു. കോളേജുകൾ, സർവകലാശാലകൾ, വ്യവസായങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുമ്പോൾ, അത് യുവാക്കൾക്ക് പുരോഗതിക്കുള്ള അസംഖ്യം അവസരങ്ങൾ നൽകുന്നു. ഇത്തരം ശ്രമങ്ങൾ മൂലം കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. ജനങ്ങളുടെ ഈ പുരോഗതിയുടെ ശക്തിയോടെ, 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി നാം മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ,

രാജ്യത്ത് നടക്കുന്ന ദ്രുതഗതിയിലുള്ള അടിസ്ഥാനസൗകര്യ വികസനം ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുക മാത്രമല്ല, നിരവധി തൊഴിലവസരങ്ങളും സ്വയംതൊഴിൽ അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യും. ഇത്രയും വലിയ തോതിൽ അടിസ്ഥാനസൗകര്യങ്ങൾ നിർമ്മിക്കുന്നതിനും ഹൈവേകളും അതിവേഗ പാതകളും നിർമ്മിക്കുന്നതിനും ധാരാളം എൻജിനിയർമാരും തൊഴിലാളികളും ആവശ്യമാണ്. അസംഖ്യം യുവാക്കൾക്ക് തൊഴിൽ നൽകുന്ന സിമന്റ്, സ്റ്റീൽ തുടങ്ങിയ വ്യവസായങ്ങളും ഇതിൽ നിന്ന് പ്രയോജനം നേടുന്നു. ഈ അതിവേഗ പാതകൾക്കൊപ്പം ഇന്ന് വ്യാവസായിക ഇടനാഴികളും വികസിപ്പിക്കുന്നുണ്ട്. വിദഗ്ധരായ യുവാക്കൾക്ക് ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നൽകുന്ന പുതിയ കമ്പനികളും ഫാക്ടറികളും ഉയർന്നുവരുന്നു. മാത്രമല്ല, നല്ല റോഡുകളുടെ സാന്നിധ്യം ഇരുചക്ര - നാലു ചക്ര വാഹന വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നു. ഇന്ന് യുവാക്കൾക്ക് നിരവധി പുതിയ തൊഴിലവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ഉൽപ്പാദന മേഖല ഗണ്യമായ ശക്തി പ്രാപിക്കുന്നുണ്ടെന്നും വ്യക്തമാണ്.

 

 

സുഹൃത്തുക്കളേ,

രാജ്യത്ത് ശതകോടികൾ വിലമതിക്കുന്ന ഈ വികസന പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ നേരിടുന്നത് കോൺഗ്രസും അതിന്റെ ‘ഘമണ്ഡിയ’ (ധാർഷ്ട്യമുള്ള) സഖ്യകക്ഷികളുമാണ്. അവരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. എത്രയെത്ര വികസന പ്രവർത്തനങ്ങൾ! അവർ ഒരു പദ്ധതിയെക്കുറിച്ചാണ് സംസാരിച്ചതെങ്കിൽ, മോദി 10 പദ്ധതികൾ കൂടി ചെയ്യുന്നു. ഇത്രയും വേഗത്തിൽ പണി പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശയക്കുഴപ്പത്തിലാണ് ഇവർ. അതുകൊണ്ടാണ് വികസനപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അവർക്ക് ഇപ്പോൾ ശക്തിയില്ലാത്തത്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ പണിയാണ് മോദി ചെയ്യുന്നതെന്ന് ഇക്കൂട്ടർ പറയുന്നത്. 10 വർഷം കൊണ്ട് രാജ്യം ഒരുപാട് മാറിയിരിക്കുന്നു. എന്നിട്ടും കോൺഗ്രസിന്റെയും സുഹൃത്തുക്കളുടെയും മുഖം മാറിയിട്ടില്ല. അവരുടെ ലെൻസ് നമ്പർ ഇപ്പോഴും സമാനമാണ് - 'എല്ലാം നെഗറ്റീവ്'! 'എല്ലാം നെഗറ്റീവ്'! നിഷേധാത്മകതയും നിഷേധാത്മകതയും മാത്രം, ഇത് കോൺഗ്രസ്-INDI സഖ്യകക്ഷികളുടെ സ്വഭാവമായി മാറിയിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഭരണം നടത്തിയവരാണ് ഇവർ. 2006-ൽ ദേശീയ പാത വികസന പദ്ധതിക്കു കീഴിൽ 1000 കിലോമീറ്റർ അതിവേഗപാതകൾ ൾ നിർമ്മിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. എന്നാൽ ഇവർ പ്രഖ്യാപനങ്ങളിൽ കുടുങ്ങി വെറുതെ ഇരുന്നു. കിഴക്കൻ പ്രാന്തപ്രദേശ അതിവേഗ പാതയെക്കുറിച്ചുള്ള ചർച്ചകൾ നടന്നത് 2008-ലാണ്. എന്നിരുന്നാലും, നമ്മുടെ ഗവണ്മെന്റ് 2018-ൽ ഇത് പൂർത്തിയാക്കി. ദ്വാരക അതിവേഗപാതയുടെയും നഗരത്തിലേക്കു നീളുന്ന റോഡിന്റെയും പണിയും 20 വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഞങ്ങളുടെ ഇരട്ട എൻജിൻ ഗവണ്മെന്റ് എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു, എല്ലാ പദ്ധതികളും പൂർത്തിയാക്കി.

ഇന്ന് നമ്മുടെ ഗവണ്മെന്റ് പദ്ധതികൾ ആരംഭിക്കാൻ മാത്രമല്ല, തെരഞ്ഞെടുപ്പുകൾ ഉണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ സമയബന്ധിതമായി പൂർത്തിയാക്കാനും കഠിനമായി പരിശ്രമിക്കുന്നു. നിങ്ങൾ തന്നെ നോക്കൂ... രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളെ തെരഞ്ഞെടുപ്പുകൾ ഉണ്ടായാലും ഇല്ലെങ്കിലും ആയിരക്കണക്കിന് കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് ഉണ്ടായാലും ഇല്ലെങ്കിലും രാജ്യത്തെ ചെറുപട്ടണങ്ങളിൽ ഇന്ന് വിമാനത്താവളങ്ങൾ പണിയുകയാണ്. തിരഞ്ഞെടുപ്പ് വന്നാലും ഇല്ലെങ്കിലും ഇന്ന് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. ഓരോ നികുതിദായകന്റെയും പണത്തിന്റെ മൂല്യം ഞങ്ങൾ മനസ്സിലാക്കുന്നു, അതുകൊണ്ടാണ് അനുവദിച്ച ബജറ്റിലും സമയപരിധിക്കുള്ളിലും ഞങ്ങൾ പദ്ധതികൾ പൂർത്തിയാക്കിയത്.

 

തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യ പ്രഖ്യാപനങ്ങളാണ് മുമ്പ് നടത്തിയിരുന്നത്. അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പൂർത്തീകരണമാണ് ഇപ്പോൾ തിരഞ്ഞെടുപ്പുകാലത്ത് ചർച്ച ചെയ്യുന്നത്. ഇതാണ് പുതിയ ഭാരതം. മുമ്പ്, കാലതാമസം ഉണ്ടായിരുന്നു, ഇപ്പോൾ ചെയ്തുകാണിക്കുന്നു. മുമ്പ്, നീട്ടിവയ്ക്കൽ ഉണ്ടായിരുന്നു, ഇപ്പോൾ വികസനമുണ്ട്. ഇന്ന്, രാജ്യത്ത് 9,000 കിലോമീറ്റർ അതിവേഗ ഇടനാഴികൾ നിർമ്മിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏകദേശം 4,000 കിലോമീറ്റർ അതിവേഗ ഇടനാഴികൾ ഇതിനകം നിർമ്മിച്ചിട്ടുണ്ട്. 2014 വരെ 5 നഗരങ്ങളിൽ മാത്രമാണ് മെട്രോ സൗകര്യം ലഭ്യമായിരുന്നത്. ഇന്ന് 21 നഗരങ്ങളിൽ മെട്രോ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പദ്ധതികൾക്ക് വിപുലമായ ആസൂത്രണവും മുഴുവൻ സമയവും കഠിനാധ്വാനവും ആവശ്യമാണ്. വികസനത്തിന്റെ കാഴ്ചപ്പാടാണ് ഈ പ്രവൃത്തികളെ നയിക്കുന്നത്. ഉദ്ദേശ്യങ്ങൾ ശരിയായിരിക്കുമ്പോഴാണ് ഈ പ്രവൃത്തികൾ സംഭവിക്കുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ വികസനത്തിന്റെ വേഗത വളരെ വേഗത്തിലാകും. ഏഴു പതിറ്റാണ്ടായി കോൺഗ്രസ് കുഴിച്ച കുഴികളാണ് ഇപ്പോൾ അതിവേഗം നികത്തുന്നത്. അടുത്ത 5 വർഷം ഈ അടിത്തറയിൽ ഉയരം കൂടിയ കെട്ടിടങ്ങൾ നിർമ്മിക്കും, ഇതാണ് മോദിയുടെ ഉറപ്പ്.

സുഹൃത്തുക്കളേ,

ഈ വികസന പദ്ധതിയുടെ കാര്യത്തിൽ ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. 2047 ആകുമ്പോഴേക്കും നമ്മുടെ രാജ്യം വികസിക്കണമെന്നതാണ് എന്റെ സ്വപ്നം. നിങ്ങൾ സമ്മതിക്കുന്നുണ്ടോ... രാജ്യം വികസിക്കണമോ... അത് നടക്കണമോ വേണ്ടയോ? നമ്മുടെ ഹരിയാണ വികസിക്കണമോ വേണ്ടയോ? നമ്മുടെ ഗുരുഗ്രാം വികസിക്കണമോ വേണ്ടയോ? നമ്മുടെ മാനേസർ വികസിക്കണോ വേണ്ടയോ? ഭാരതത്തിന്റെ ഓരോ മൂലയും വികസിക്കണം. ഭാരതത്തിലെ ഓരോ ഗ്രാമവും വികസിക്കണം. അതിനാൽ, വികസനത്തിന്റെ ഈ ആഘോഷത്തിനായി നിങ്ങളുടെ മൊബൈൽ ഫോണുകൾ എന്നോടൊപ്പം കൊണ്ടുവരിക... നിങ്ങളുടെ മൊബൈൽ ഫോണിന്റെ ഫ്ലാഷ്‌ലൈറ്റ് ഓണാക്കി വികസനത്തിന്റെ ഈ ഉത്സവത്തെ ക്ഷണിക്കുക. എല്ലായിടത്തും, സ്റ്റേജിൽ പോലും, മൊബൈൽ ഫോണുള്ളവർ വരട്ടെ... എല്ലാ മൊബൈൽ ഫോണിന്റെയും ഫ്ലാഷ്‌ലൈറ്റ് ഓണാക്കട്ടെ. ഇത് വികസനത്തിന്റെ ഉത്സവമാണ്; ഇതാണ് വികസനത്തിന്റെ ദൃഢനിശ്ചയം. നിങ്ങളുടെ ഭാവി തലമുറയുടെ ശോഭനമായ ഭാവിക്കായി കഠിനാധ്വാനം ചെയ്യാനുള്ള പ്രതിബദ്ധതയാണിത്. എന്നോടൊപ്പം പറയൂ -

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വളരെ നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi extends Hanukkah greetings to Benjamin Netanyahu
December 25, 2024

The Prime Minister, Shri Narendra Modi has extended Hanukkah greetings to Benjamin Netanyahu, the Prime Minister of Israel and all the people across the world celebrating the festival.

The Prime Minister posted on X:

“Best wishes to PM @netanyahu and all the people across the world celebrating the festival of Hanukkah. May the radiance of Hanukkah illuminate everybody’s lives with hope, peace and strength. Hanukkah Sameach!"

מיטב האיחולים לראש הממשלה
@netanyahu
ולכל האנשים ברחבי העולם חוגגים את חג החנוכה. יהיה רצון שזוהר חנוכה יאיר את חיי כולם בתקווה, שלום וכוח. חג חנוכה שמח