

ഹരിയാനയിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ മനോഹർ ലാൽ ജി, റാവു ഇന്ദർജിത് സിംഗ് ജി, കൃഷൻ പാൽ ജി, ഹരിയാന ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ്, നിയമസഭ അംഗങ്ങൾ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ. ഹരിയാനയിലെ എന്റെ സഹോദരീ സഹോദരന്മാർക്ക് മോദിയുടെ ആശംസകൾ.
സുഹൃത്തുക്കളേ,
ഇന്ന്, സരസ്വതി മാതാവ് ഉത്ഭവിച്ച, ദേവി മന്ത്രം വസിക്കുന്ന, പഞ്ചമുഖങ്ങളുള്ള ഭഗവാൻ ഹനുമാൻ വസിക്കുന്ന, കപൽമോചന സാഹിബിന്റെ അനുഗ്രഹങ്ങൾ ലഭിക്കുന്ന, സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും ഭക്തിയുടെയും സംഗമസ്ഥാനമായ ഭൂമിയെ ഞാൻ വണങ്ങുന്നു. ഇന്ന് ബാബാസാഹേബ് അംബേദ്കർ ജിയുടെ 135-ാം ജന്മവാർഷികവുമാണ്. അംബേദ്കർ ജയന്തി ദിനത്തിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ബാബാസാഹേബിന്റെ ദർശനവും പ്രചോദനവും 'വികസിത ഭാരത'ത്തിന്റെ (വികസിത ഇന്ത്യ) യാത്രയിൽ നമ്മെ നയിക്കുന്നു.
സുഹൃത്തുക്കളേ,
യമുനാനഗരം വെറുമൊരു നഗരമല്ല - ഭാരതത്തിന്റെ വ്യാവസായിക ഭൂപടത്തിലെ ഒരു പ്രധാന ഭാഗവുമാണ്. പ്ലൈവുഡ് മുതൽ പിച്ചള, ഉരുക്ക് വരെ, ഈ മുഴുവൻ പ്രദേശവും ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. വാസ്തവത്തിൽ, കപാൽ മോചന മേളയുടെ അഭിമാനവും,ഋഷി വേദവ്യാസന്റെ തപശ്ചര്യ നിറഞ്ഞ നാടും, ഗുരു ഗോബിന്ദ് സിംഗ് ജിയുടെ ആയുധങ്ങളുടെ നാടും ഇവിടമാണ്.
സുഹൃത്തുക്കളേ,
ഇത് തന്നെ വലിയ അഭിമാനകരമായ കാര്യമാണ്. മനോഹർ ലാൽ ജിയും സൈനി ജിയും പറഞ്ഞതുപോലെ, യമുനാനഗറുമായി ബന്ധപ്പെട്ട നിരവധി പഴയ ഓർമ്മകൾ എനിക്കുണ്ട്. ഞാൻ ഹരിയാനയുടെ ചുമതല വഹിച്ചിരുന്നപ്പോൾ, പഞ്ച്കുലയ്ക്കും യമുനാനഗറിനും ഇടയിൽ ഞാൻ പലപ്പോഴും യാത്ര ചെയ്തിരുന്നു. ഇവിടെ നിരവധി സമർപ്പിതരായ പഴയകാല പാർട്ടി പ്രവർത്തകരോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. കഠിനാധ്വാനികളായ തൊഴിലാളികളുടെ ആ പാരമ്പര്യം ഇന്നും തുടരുന്നു.
സുഹൃത്തുക്കളേ,
ഇരട്ട എഞ്ചിൻ ഗവണ്മെൻ്റിനു കീഴിൽ ഹരിയാന തുടർച്ചയായി മൂന്നാം തവണയും വികസനത്തിന്റെ ഇരട്ടി വേഗത കൈവരിക്കുന്നു. ഇപ്പോൾ, സൈനി ജി പറഞ്ഞതുപോലെ, ഇത് ഒരു ട്രിപ്പിൾ ഗവൺമെന്റ് പോലെയാണ്. 'വികസിത ഭാരതം' (വികസിത ഇന്ത്യ) എന്നതിനായുള്ള 'വികസിത ഹരിയാന'- അതാണ് ഞങ്ങളുടെ ദൃഢനിശ്ചയം. ഈ ദൃഢനിശ്ചയം നിറവേറ്റുന്നതിനും, ഹരിയാനയിലെ ജനങ്ങളെ സേവിക്കുന്നതിനും, അവിടുത്തെ യുവജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഞങ്ങൾ കൂടുതൽ വേഗത്തിലും വലിയ തോതിലും പ്രവർത്തിക്കുന്നു. ഇന്ന് ഇവിടെ ആരംഭിച്ച വികസന പദ്ധതികൾ ഇതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. ഈ വികസന സംരംഭങ്ങൾക്ക് ഹരിയാനയിലെ ജനങ്ങളെ ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
സുഹൃത്തുക്കളേ,
ബാബാസാഹേബിന്റെ ചിന്തകൾ ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ ഗവണ്മെൻ്റ് മുന്നോട്ട് പോകുന്നതിൽ എനിക്ക് അഭിമാനമുണ്ട്. സാമൂഹിക നീതിയിലേക്കുള്ള ഒരു പാതയായി ബാബാസാഹേബ് അംബേദ്കർ വ്യാവസായിക വികസനത്തെ കണ്ടു. ഭാരതത്തിലെ ചെറുകിട ഭൂവുടമകളുടെ പ്രശ്നം ബാബാസാഹേബ് തിരിച്ചറിഞ്ഞു. ദളിതർക്ക് കൃഷി ചെയ്യാൻ ആവശ്യത്തിന് ഭൂമി ഇല്ലെന്നും അതിനാൽ വ്യവസായങ്ങൾ അവർക്ക് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുമെന്നും ബാബാസാഹേബ് പറഞ്ഞു. വ്യവസായങ്ങൾ ദളിതർക്ക് കൂടുതൽ തൊഴിൽ സൃഷ്ടിക്കുകയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നായിരുന്നു ബാബാസാഹേബിന്റെ ദർശനം. ഭാരതത്തിലെ വ്യവസായവൽക്കരണത്തിനായി രാജ്യത്തെ ആദ്യത്തെ വ്യവസായ മന്ത്രി ഡോ. ശ്യാമ പ്രസാദ് മുഖർജിയോടൊപ്പം ബാബാസാഹേബ് പ്രവർത്തിച്ചു.
സുഹൃത്തുക്കളേ,
വ്യവസായവൽക്കരണവും ഉൽപ്പാദനവും തമ്മിലുള്ള ഐക്യത്തെ ഗ്രാമീണ അഭിവൃദ്ധിയുടെ അടിത്തറയായി ദീൻബന്ധു ചൗധരി ഛോട്ടു റാം ജിയും കണക്കാക്കിയിരുന്നു. കൃഷിയിലൂടെ മാത്രമല്ല, ചെറുകിട വ്യവസായങ്ങളിലൂടെയും കർഷകർ വരുമാനം വർദ്ധിപ്പിക്കുമ്പോഴാണ് ഗ്രാമങ്ങൾക്ക് യഥാർത്ഥ അഭിവൃദ്ധി കൈവരിക്കുന്നതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഗ്രാമങ്ങളുടെയും കർഷകരുടെയും ക്ഷേമത്തിനായി ജീവിതം സമർപ്പിച്ച ചൗധരി ചരൺ സിംഗ് ജിയുടെ ദർശനവും വ്യത്യസ്തമായിരുന്നില്ല. വ്യാവസായിക വികസനം കൃഷിയ്ക്ക് പൂരകമാകണമെന്ന് ചൗധരി സാഹിബ് പറഞ്ഞു - രണ്ടും നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ സ്തംഭംങ്ങളാണ്.
സുഹൃത്തുക്കളേ,
'മെയ്ക്ക് ഇൻ ഇന്ത്യ'യുടെയും 'ആത്മനിർഭർ ഭാരതി' (സ്വാശ്രയ ഇന്ത്യ)ൻ്റെയും കാതലാണ് ഈ വികാരം, ഈ ആശയം, ഈ പ്രചോദനം. അതുകൊണ്ടാണ് നമ്മുടെ ഗവണ്മെൻ്റ് ഭാരതത്തിലെ ഉൽപ്പാദനത്തിന് ഇത്രയധികം ഊന്നൽ നൽകുന്നത്. ഈ വർഷത്തെ ബജറ്റിൽ, ദളിത്, പിന്നാക്ക, അടിച്ചമർത്തപ്പെട്ട,സമുദായങ്ങളിലെ യുവജനങ്ങൾക്ക് പരമാവധി തൊഴിൽ നൽകുക; യുവജനങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകുക; ബിസിനസ് ചെലവുകൾ കുറയ്ക്കുക; എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്തുക; വ്യവസായങ്ങൾക്ക് സാങ്കേതികവിദ്യയുടെ പ്രയോജനം ഉറപ്പാക്കുക; നമ്മുടെ ഉൽപ്പന്നങ്ങൾ ലോകത്തിലെ ഏറ്റവും മികച്ചതാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ഈ ലക്ഷ്യങ്ങളെല്ലാം കൈവരിക്കുന്നതിന്, രാജ്യം വൈദ്യുതി ക്ഷാമം നേരിടുന്നില്ല എന്നത് വളരെ പ്രധാനമാണ്. ഊർജ്ജത്തിലും നാം സ്വയംപര്യാപ്തരാകണം. അതുകൊണ്ടാണ് ഇന്നത്തെ പരിപാടി വളരെ പ്രധാനമായിരിക്കുന്നത്. ഇന്ന്, ദീൻബന്ധു ചൗധരി ഛോട്ടു റാം തെർമൽ പവർ പ്ലാന്റിന്റെ മൂന്നാമത്തെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇത് യമുനാനഗറിനും അതിന്റെ വ്യവസായങ്ങൾക്കും ഗുണം ചെയ്യും. ഭാരതത്തിലെ പ്ലൈവുഡ് ഉൽപാദനത്തിന്റെ പകുതിയോളം നടക്കുന്നത് ഇവിടെ യമുനാനഗറിലാണ്. അലുമിനിയം, ചെമ്പ്, പിച്ചള പാത്രങ്ങൾ എന്നിവയുടെ വലിയ തോതിലുള്ള നിർമ്മാണം ഇവിടെ നടക്കുന്നു. ഇവിടെ നിർമ്മിക്കുന്ന പെട്രോകെമിക്കൽ പ്ലാന്റുകൾക്കുള്ള ഉപകരണങ്ങൾ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു. വൈദ്യുതി ഉൽപ്പാദനം വർദ്ധിക്കുന്നതോടെ ഈ മേഖലകളെല്ലാം പ്രയോജനപ്പെടും, ഇത് ഇവിടുത്തെ നിർമാണ ദൗത്യത്തിന് ഒരു ഉത്തേജനം നൽകും.
സുഹൃത്തുക്കളേ,
ഒരു 'വികസിത ഭാരതം' കെട്ടിപ്പടുക്കുന്നതിൽ വൈദ്യുതി ഒരു പ്രധാന പങ്ക് വഹിക്കാൻ പോകുന്നു. വൈദ്യുതി ലഭ്യത വർദ്ധിപ്പിക്കുന്നതിന് നമ്മുടെ ഗവണ്മെൻ്റ് എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നു. ഒരു രാഷ്ട്രം-ഒരു ഗ്രിഡ് സംരംഭമായാലും, പുതിയ കൽക്കരി വൈദ്യുത നിലയങ്ങളായാലും, സൗരോർജ്ജമായാലും, അല്ലെങ്കിൽ ആണവ മേഖലയുടെ വിപുലീകരണമായാലും - വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം, അങ്ങനെ വൈദ്യുതിയുടെ അഭാവം രാഷ്ട്രനിർമ്മാണത്തിൽ ഒരു തടസ്സമാകില്ല.
പക്ഷേ സുഹൃത്തുക്കളേ,
കോൺഗ്രസ് ഭരണകാലത്തെ കുറിച്ച് നമ്മൾ മറക്കരുത്. 2014-ന് മുമ്പ്, കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ, രാജ്യമെമ്പാടും വൈദ്യുതി തടസ്സപ്പെട്ട ദിവസങ്ങൾ നാം കണ്ടു - മുഴുവൻ പ്രദേശങ്ങളിലും വൈദ്യുതി ഇല്ലാതാകുമായിരുന്നു. കോൺഗ്രസ് ഗവണ്മെൻ്റ് തുടർന്നിരുന്നെങ്കിൽ, രാജ്യം ഇന്നും അത്തരം വൈദ്യുതി തടസ്സങ്ങൾ നേരിടുമായിരുന്നു. ഫാക്ടറികൾ പ്രവർത്തിക്കില്ല, ട്രെയിനുകൾ ഓടില്ല, വയലുകളിൽ വെള്ളം എത്തില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കോൺഗ്രസ് ഇപ്പോഴും അധികാരത്തിലിരുന്നെങ്കിൽ, അത്തരം പ്രതിസന്ധികൾ തുടരുമായിരുന്നു, രാജ്യം വിഭജിക്കപ്പെടുകയും സ്തംഭിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ വർഷങ്ങളുടെ പരിശ്രമത്തിനുശേഷം, ഇന്ന് സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, ഭാരതം അതിന്റെ വൈദ്യുതി ഉൽപാദന ശേഷി ഇരട്ടിയാക്കി. ഇന്ന്, ഭാരതം സ്വന്തം ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, അയൽ രാജ്യങ്ങളിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നു. വൈദ്യുതി ഉൽപാദനത്തിൽ ബിജെപി ഗവണ്മെൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഹരിയാനയ്ക്കും ഗുണം ചെയ്തിട്ടുണ്ട്. ഇന്ന്, ഹരിയാന 16,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. സമീപഭാവിയിൽ ഈ ശേഷി 24,000 മെഗാവാട്ടായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.
സുഹൃത്തുക്കളേ,
ഒരു വശത്ത്, ഞങ്ങൾ താപവൈദ്യുത നിലയങ്ങളിൽ നിക്ഷേപിക്കുന്നു, മറുവശത്ത്, രാജ്യത്തെ ജനങ്ങളെ തന്നെ വൈദ്യുതി ഉല്പപാദകരാക്കി മാറ്റുകയാണ്. ഞങ്ങൾ പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന ആരംഭിച്ചു. മേൽക്കൂരകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ, ആളുകൾക്ക് അവരുടെ വൈദ്യുതി ബില്ലുകൾ പൂജ്യമായി കുറയ്ക്കാൻ കഴിയും. മാത്രമല്ല, അധികമായി ഉത്പാദിപ്പിക്കുന്ന ഏത് വൈദ്യുതിയും അധിക വരുമാനത്തിനായി വിൽക്കാനും കഴിയും. ഇതുവരെ, രാജ്യത്തുടനീളമുള്ള 1.25 കോടിയിലധികം ആളുകൾ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിയാനയിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകൾ ഈ സംരംഭത്തിൽ ചേരാൻ അപേക്ഷിച്ചിട്ടുണ്ടെന്ന് പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ പദ്ധതി വികസിച്ചുകൊണ്ടിരിക്കുന്നു, ഇതിന് ചുറ്റുമുള്ള സേവന ആവാസവ്യവസ്ഥയും വളരുകയാണ്. സൗരോർജ്ജ മേഖലയിൽ പുതിയ കഴിവുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എംഎസ്എംഇകൾക്കായി പുതിയ അവസരങ്ങൾ തുറക്കപ്പെടുന്നു, യുവജനങ്ങൾക്കായി നിരവധി സാധ്യതകൾ സൃഷ്ടിക്കപ്പെടുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ ചെറുപട്ടണങ്ങളിലെ ചെറുകിട വ്യവസായങ്ങൾക്ക് ആവശ്യത്തിന് വൈദ്യുതി ഉറപ്പാക്കുന്നതിനൊപ്പം, അവയ്ക്ക് ആവശ്യമായ സാമ്പത്തിക സ്രോതസ്സുകൾ ഉറപ്പാക്കുന്നതിലും ഗവണ്മെൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കോവിഡ് കാലഘട്ടത്തിൽ, എം.എസ്.എം.ഇകളെ രക്ഷിക്കുന്നതിനായി ഗവണ്മെൻ്റ് ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായം നൽകി. ചെറുകിട ബിസിനസുകൾക്ക് ഭയമില്ലാതെ വികസിക്കാൻ കഴിയുന്ന തരത്തിൽ എം.എസ്.എം.ഇകളുടെ നിർവചനവും ഞങ്ങൾ മാറ്റി. ഇപ്പോൾ ചെറുകിട വ്യവസായങ്ങൾക്ക് വളർന്നാലുടൻ ഗവണ്മെൻ്റ് പിന്തുണ നഷ്ടപ്പെടുമെന്ന് ആശങ്കയില്ല. ഇപ്പോൾ, ചെറുകിട വ്യവസായങ്ങൾക്കായി ഗവണ്മെൻ്റ് പ്രത്യേക ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിക്കുന്നു. ക്രെഡിറ്റ് ഗ്യാരണ്ടി കവറേജും വിപുലീകരിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മുദ്ര യോജന 10 വർഷം പൂർത്തിയാക്കി. കഴിഞ്ഞ 10 വർഷത്തിനിടെ, ബിസിനസ്സിലേക്കും വ്യവസായത്തിലേക്കും ആദ്യമായി കാലെടുത്തുവയ്ക്കുന്ന സാധാരണ പൗരന്മാർക്ക് ഈ പദ്ധതി പ്രകാരം 33 ലക്ഷം കോടി രൂപ യാതൊരു ഈടും കൂടാതെ വായ്പയായി വിതരണം ചെയ്തിട്ടുണ്ടെന്ന് അറിയുമ്പോൾ നിങ്ങൾ സന്തോഷിക്കും - ഒരുപക്ഷേ ആശ്ചര്യപ്പെടും. ഗ്യാരണ്ടി ഇല്ലാതെ 33 ലക്ഷം കോടി രൂപ! ഈ പദ്ധതിയുടെ ഗുണഭോക്താക്കളിൽ 50% ത്തിലധികം പേരും എസ്‌സി/എസ്ടി/ഒബിസി സമൂഹങ്ങളിൽ പെട്ടവരാണ്. നമ്മുടെ യുവജനങ്ങളുടെ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഈ ചെറുകിട സംരംഭങ്ങളെ ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യം.
സുഹൃത്തുക്കളേ,
ഹരിയാനയിലെ നമ്മുടെ കർഷക സഹോദരീ സഹോദരന്മാരുടെ കഠിനാധ്വാനം ഓരോ ഇന്ത്യക്കാരന്റെയും തളികയിൽ കാണാം. നമ്മുടെ കർഷകരുടെ സന്തോഷത്തിലും ദുഃഖത്തിലും ഏറ്റവും വലിയ കൂട്ടാളി ബിജെപിയുടെ ഇരട്ട എഞ്ചിൻ ഗവണ്മെൻ്റാണ്. ഹരിയാനയിലെ കർഷകരുടെ ശക്തിയും ശേഷിയും വർദ്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. ഇന്ന്, ഹരിയാനയിലെ ബിജെപി ഗവണ്മെൻ്റ് കുറഞ്ഞ താങ്ങ് വിലയിൽ (എംഎസ്പി) 24 വിളകൾ സംഭരിക്കുന്നു. പ്രധാനമന്ത്രി ഫസൽ ബീമ യോജനയിൽ നിന്ന് ഹരിയാനയിലെ ലക്ഷക്കണക്കിന് കർഷകർക്കും പ്രയോജനം ലഭിച്ചു. ഈ പദ്ധതി പ്രകാരം, 9,000 കോടിയിലധികം രൂപയുടെ ക്ലെയിമുകൾ നൽകി. അതുപോലെ, പ്രധാനമന്ത്രി-കിസാൻ സമ്മാൻ നിധി വഴി 6,500 കോടി രൂപ നേരിട്ട് ഹരിയാനയിലെ കർഷകരുടെ പോക്കറ്റിലെത്തി.
സുഹൃത്തുക്കളേ,
ബ്രിട്ടീഷ് കാലം മുതൽ തുടർന്നുവന്നിരുന്ന ഒരു സമ്പ്രദായമായ ആബിയാന (കനാൽ വെള്ള നികുതി) ഹരിയാന ഗവണ്മെൻ്റ് നിർത്തലാക്കി. ഇപ്പോൾ, നിങ്ങൾ കനാൽ വെള്ളത്തിന് നികുതി നൽകേണ്ടതില്ല, കൂടാതെ ആബിയാനയ്ക്ക് കീഴിലുള്ള 130 കോടിയിലധികം രൂപയുടെ കുടിശ്ശികയും എഴുതിത്തള്ളി.
സുഹൃത്തുക്കളേ,
ഡബിൾ എഞ്ചിൻ ഗവണ്മെൻ്റിൻ്റെ ശ്രമങ്ങൾക്ക് നന്ദി, കർഷകർക്കും കന്നുകാലി ഉടമകൾക്കും പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടുന്നു. ഗോബർധൻ യോജന കർഷകർക്ക് മാലിന്യം കൈകാര്യം ചെയ്യുന്നതിനൊപ്പം വരുമാന അവസരങ്ങളും സൃഷ്ടിക്കുന്നു. ചാണകം, വിള അവശിഷ്ടങ്ങൾ, മറ്റ് ജൈവ മാലിന്യങ്ങൾ എന്നിവയിൽ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നു. ഈ വർഷത്തെ ബജറ്റിൽ രാജ്യത്തുടനീളം 500 ഗോബർധൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു. ഇന്ന്, യമുനാനഗറിൽ ഒരു പുതിയ ഗോബർധൻ പ്ലാന്റും ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഇത് മുനിസിപ്പൽ കോർപ്പറേഷന് എല്ലാ വർഷവും ഏകദേശം 3 കോടി രൂപ ലാഭിക്കും. ഗോബർധൻ യോജന സ്വച്ഛ് ഭാരത് മിഷനിലേക്കും സംഭാവന ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഹരിയാന ഇപ്പോൾ വികസനത്തിന്റെ പാതയിലൂടെ കുതിച്ചുയരുകയാണ്. ഇവിടെ വരുന്നതിനുമുമ്പ്, ഹിസാറിൽ ജനങ്ങളെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. അയോധ്യ ധാമിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഇപ്പോൾ അവിടെ നിന്നാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ന്, റെവാരിയിലെ ജനങ്ങൾക്ക് ഒരു പുതിയ ബൈപാസ് സമ്മാനമായി ലഭിച്ചു. ഇത് കമ്പോളങ്ങൾ, കവലകൾ, റെയിൽവേ ക്രോസിംഗുകൾ എന്നിവയിലെ ഗതാഗതക്കുരുക്കിൽ നിന്ന് അവരെ മോചിപ്പിക്കും. ഈ നാലുവരി ബൈപാസ് നഗരത്തെ സുഗമമായി മറികടക്കാൻ വാഹനങ്ങളെ അനുവദിക്കും. ഡൽഹിയിൽ നിന്ന് നാർനൗലിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂർ കുറയ്ക്കും. ഈ വികസനത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ഞങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം അധികാരം ആസ്വദിക്കുന്നതിനല്ല, മറിച്ച് സേവനത്തിനുള്ള ഒരു മാധ്യമമാണ് - ജനസേവനവും രാഷ്ട്രസേവനവും. അതുകൊണ്ടാണ് ബിജെപി പറയുന്നത് ധൈര്യത്തോടെ ചെയ്യുന്നത്. ഹരിയാനയിൽ മൂന്നാം തവണയും ഗവണ്മെൻ്റ് രൂപീകരിച്ചതിനുശേഷം, ഞങ്ങൾ നിങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിരന്തരം നിറവേറ്റിക്കൊണ്ടിരിക്കുന്നു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്താണ് സംഭവിക്കുന്നത്? പൊതുജന വിശ്വാസത്തെ പൂർണ്ണമായും വഞ്ചിച്ചു. നമ്മുടെ അയൽ സംസ്ഥാനമായ ഹിമാചലിലേക്ക് നോക്കൂ - ജനങ്ങൾ വളരെയധികം കഷ്ടപ്പെടുന്നു. എല്ലാ വികസന, ക്ഷേമ പ്രവർത്തനങ്ങളും സ്തംഭിച്ചിരിക്കുന്നു. കർണാടകയിൽ, വൈദ്യുതി മുതൽ പാൽ വരെ, ബസ് ചാർജ് മുതൽ വിത്തുകൾ വരെ - എല്ലാം കൂടുതൽ ചെലവേറിയതായി മാറുന്നു. കർണാടകയിലെ കോൺഗ്രസ് ഗവണ്മെൻ്റ് പലതരം നികുതികൾ ചുമത്തുകയും വില വർദ്ധിപ്പിക്കുകയും ചെയ്തതെങ്ങനെയെന്ന് ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടു. സോഷ്യൽ മീഡിയയിലെ ആളുകൾ ഇത് എ മുതൽ ഇസെഡ് വരെയുള്ള പട്ടികയിലൂടെ സർഗാത്മകമായി തുറന്നുകാട്ടിയിട്ടുണ്ട് - അക്ഷരമാലയിലെ ഓരോ അക്ഷരവും വ്യത്യസ്ത തരം നികുതി വർദ്ധനവുമായി ജോടിയാക്കി, കോൺഗ്രസ് ഗവണ്മെൻ്റിൻ്റെ പ്രവർത്തനങ്ങളുടെ യാഥാർത്ഥ്യം വെളിപ്പെടുത്തുന്നു. മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ പോലും കോൺഗ്രസ് കർണാടകയെ അഴിമതിയിൽ ഒന്നാമതെത്തിച്ചതായി സമ്മതിക്കുന്നു.
സുഹൃത്തുക്കളേ,
മറ്റൊരു പ്രധാന വിഷയത്തെക്കുറിച്ച് നിങ്ങളോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്നലെ രാജ്യം ബൈശാഖി ഉത്സവം ആഘോഷിച്ചു. ഇന്നലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് 106 വർഷങ്ങൾ പിന്നിട്ടു. ആ കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മകൾ ഇന്നും നമ്മോടൊപ്പം നിലനിൽക്കുന്നു. ബ്രിട്ടീഷുകാരുടെ ക്രൂരതയ്ക്കും ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ രക്തസാക്ഷികളായ ദേശസ്നേഹികളുടെ ത്യാഗത്തിനും പുറമെ, വളരെക്കാലം അന്ധകാരത്തിൽ സൂക്ഷിച്ച മറ്റൊരു വശമുണ്ട്. മനുഷ്യത്വത്തോടൊപ്പം, രാഷ്ട്രത്തോടൊപ്പം നിൽക്കുന്നതിന്റെ ചൈതന്യത്തെ ഈ വശം പ്രതിഫലിപ്പിക്കുന്നു. ഈ ചൈതന്യവുമായി ബന്ധപ്പെട്ട പേര് ശങ്കരൻ നായർ എന്നാണ്. നിങ്ങളിൽ പലരും ഈ പേര് കേട്ടിട്ടുണ്ടാകില്ല, പക്ഷേ ഇന്ന്, അദ്ദേഹത്തെക്കുറിച്ച് ധാരാളം സംസാരിക്കപ്പെടുന്നു. ശങ്കരൻ നായർ ജി ഒരു പ്രശസ്ത അഭിഭാഷകനായിരുന്നു, ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ബ്രിട്ടീഷ് ഗവണ്മെൻ്റിൽ ഒരു ഉയർന്ന സ്ഥാനം വഹിച്ചിരുന്നു. അധികാരത്തിനടുത്ത് നിന്നുകൊണ്ട് അദ്ദേഹത്തിന് സുഖകരവും ആഡംബരപൂർണ്ണവുമായ ജീവിതം നയിക്കാമായിരുന്നു. എന്നാൽ വിദേശ ഭരണത്തിന്റെ ക്രൂരതയും ജാലിയൻവാലാബാഗ് സംഭവവും അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു, ബ്രിട്ടീഷുകാർക്കെതിരെ ശബ്ദമുയർത്താൻ അദ്ദേഹം മുന്നോട്ടുവന്നു. അദ്ദേഹം തന്റെ അഭിമാനകരമായ സ്ഥാനം ധൈര്യത്തോടെ രാജിവച്ച് രാജ്യത്തോടൊപ്പം നിൽക്കാൻ തീരുമാനിച്ചു. കേരളത്തിൽ നിന്നുള്ളയാളാണെങ്കിലും സംഭവം നടന്നത് പഞ്ചാബിലാണ് എങ്കിലും, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ കേസ് അദ്ദേഹം വ്യക്തിപരമായി ഏറ്റെടുക്കാൻ തീരുമാനിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ തന്നെ ഇളക്കിമറിച്ചുകൊണ്ട് അദ്ദേഹം സ്വയം പോരാടി. 'സൂര്യൻ അസ്തമിക്കാത്ത' ബ്രിട്ടീഷ് സാമ്രാജ്യം - ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ പേരിൽ ശങ്കരൻ നായർ ജി അവരെ കോടതിയിൽ കൊണ്ടുവന്ന് അവരെ കൊണ്ട് ഉത്തരവാദിത്തം ഏറ്റെടുപ്പിച്ചു.
സുഹൃത്തുക്കളേ,
ഇത് മനുഷ്യത്വത്തോടൊപ്പം നിൽക്കുക എന്നതിന്റെ മാത്രം കാര്യമല്ലായിരുന്നു. 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' (ഒരു ഇന്ത്യ, മഹത്തായ ഇന്ത്യ) എന്നതിന്റെ തിളക്കമാർന്ന ഉദാഹരണം കൂടിയായിരുന്നു അത്. പഞ്ചാബിൽ നടന്ന ഒരു കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് ഭരണത്തിനെതിരെ വിദൂരമായ കേരളത്തിൽ നിന്നുള്ള ഒരാൾ എങ്ങനെ നിലകൊണ്ടു - ഇതാണ് നമ്മുടെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായ യഥാർത്ഥ ചൈതന്യം. ഇന്നും, 'വികസിത ഭാരത'ത്തിലേക്കുള്ള നമ്മുടെ യാത്രയിൽ അതേ ചൈതന്യം ഒരു വലിയ ശക്തിയാണ്. കേരളത്തിലെ ശങ്കരൻ നായർ ജിയുടെ സംഭാവനയെക്കുറിച്ച് നമ്മൾ പഠിക്കണം, പഞ്ചാബ്, ഹരിയാന, ഹിമാചൽ എന്നിവിടങ്ങളിലെ ഓരോ കുട്ടിയും അദ്ദേഹത്തെക്കുറിച്ച് അറിയണം.
സുഹൃത്തുക്കളേ,
ദരിദ്രർ, കർഷകർ, യുവജനങ്ങൾ, സ്ത്രീകൾ എന്നീ നാല് പ്രധാന സ്തംഭങ്ങളെ ശാക്തീകരിക്കുന്നതിനായി ഇരട്ട എഞ്ചിൻ ഗവണ്മെൻ്റ് നിരന്തരം പ്രവർത്തിക്കുന്നു. നമ്മുടെ എല്ലാവരുടെയും പരിശ്രമത്താൽ ഹരിയാന തീർച്ചയായും വികസിക്കും. എനിക്ക് അത് എന്റെ സ്വന്തം കണ്ണുകളാൽ കാണാൻ കഴിയും - ഹരിയാന അഭിവൃദ്ധി പ്രാപിക്കുകയും രാഷ്ട്രത്തിന് മഹത്വം കൊണ്ടുവരുകയും ചെയ്യും. ഈ നിരവധി വികസന പദ്ധതികൾക്ക് നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. രണ്ട് കൈകളും ഉയർത്തി എന്നോടൊപ്പം പൂർണ്ണ ഊർജ്ജത്തോടെ പറയുക:
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വളരെ നന്ദി!