വണക്കം! (ആശംസകള്‍)
നിങ്ങളെ കാത്തിരിക്കാന്‍ ഇടയാക്കികൊണ്ട് ഇവിടെ എത്താന്‍ വൈകിയതിന് നിങ്ങളോട് എല്ലാവരോടും ആദ്യമായും പ്രധാനമായും, ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഇന്ന് രാവിലെ നിശ്ചിയിച്ച സമയത്തുതന്നെയാണ് ഞാന്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്, എന്നാല്‍ വിവിധ പരിപാടികളുണ്ടായിരുന്നതില്‍ ഓരോന്നിനും 5 മുതല്‍ 10 മിനിറ്റ് വരെ കൂടുതലായതിനാല്‍, ഞാന്‍ വൈകി. അതിനാല്‍, വൈകിയതിന് എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.
സുഹൃത്തുക്കളെ,
സാങ്കേതികവിദ്യയുടെയും നൂതനാശയത്തിന്റെയും മണ്ഡലത്തില്‍ അത്തരം മനസ്സുകളുടെ ഒത്തുചേരലിനിടയില്‍ ഒപ്പമുണ്ടാകാനാകുന്നത് ശരിക്കും ഉന്മേഷദായകമാണ്. ഭാവി രൂപപ്പെടുത്തുന്ന ഒരു ലബോറട്ടറിയിലേക്ക് ഞാന്‍ കാലെടുത്തുവച്ചതുപോലെ തോന്നുന്നു. സാങ്കേതിക വിദ്യയില്‍, പ്രത്യേകിച്ച് ആഗോള വാഹന വ്യവസായത്തില്‍, തമിഴ്‌നാട് അതിന്റെ പ്രാഗത്ഭ്യം പ്രകടമാക്കിയിട്ടുണ്ട്. ഈ പരിപാടിക്ക് നിങ്ങള്‍ 'ഭാവി സൃഷ്ടിക്കല്‍' എന്ന ഉചിതമായ പേരു നല്‍കിയതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഭാവി സൃഷ്ടിക്കുന്നു - ഓട്ടോമോട്ടീവ് എം.എസ്.എം.ഇ സംരംഭകര്‍ക്ക് വേണ്ടി ഡിജിറ്റല്‍ മൊബിലിറ്റി! ഒരേ വേദിയില്‍ നിരവധി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളേയും (എം.എസ്.എം.ഇകള്‍) പ്രതിഭാധനരായ നിരവധി യുവജനങ്ങളെയും ഒന്നിച്ചുകൂട്ടിയതിന് ടി.വി.എസ് കമ്പനിക്ക് എന്റെ അഭിനന്ദനങ്ങള്‍. ഈ മുന്‍കൈ ഓട്ടോമോട്ടീവ് വ്യവസായത്തെ മുന്നോട്ട് നയിക്കുമെന്ന് മാത്രമല്ല, ഒരു വികസിത ഭാരതത്തിന്റെ സൃഷ്ടിക്ക് സംഭാവന നല്‍കുമെന്നും എനിക്ക് ഉറപ്പുണ്ട്. തത്സമയം വ്യാഖ്യാനം നല്‍കപ്പെടുന്നുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു.
സുഹൃത്തുക്കളെ,
സമ്പദ്‌വ്യവസ്ഥയുടെ ഗണ്യമായ ഭാഗമായ നമ്മുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജി.ഡി.പി) 7 ശതമാനം ഓട്ടോമൊബൈല്‍ വ്യവസായമാണ് സംഭാവനചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാം. ഗതാഗതം സുഗമമാക്കുന്നതില്‍ മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പുരോഗതിയെയും മുന്നോട്ട് കൊണ്ടുപോകുന്നതിലും വാഹനങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്കും അടിവരയിടുന്നതാണ് ഈ സംഭാവന. നിര്‍മ്മാണവും നൂതനാശയവും പ്രോത്സാഹിപ്പിക്കുന്നതിലും ഓട്ടോമൊബൈല്‍ വ്യവസായം നിര്‍ണായക പങ്ക് വഹിക്കുന്നു.
സുഹൃത്തുക്കളെ,
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ പ്രാധാന്യം ഈ മേഖലയിലെ എം.എസ്.എം.ഇകള്‍ വഹിക്കുന്ന പങ്കില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രതിവര്‍ഷം ഏകദേശം 45 ലക്ഷം കാറുകള്‍, 2 കോടി ഇരുചക്ര വാഹനങ്ങള്‍, 10 ലക്ഷം വാണിജ്യ വാഹനങ്ങള്‍, 8.5 ലക്ഷം മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഭാരതം നിര്‍മ്മിക്കുന്നു. നിങ്ങള്‍ക്ക് നന്നായി അറിയാവുന്നതുപോലെ, ഏതൊരു യാത്രാ വാഹനവും 3000 മുതല്‍ 4000 വരെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അതായത് ഇത്തരം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഓരോ ദിവസവും ലക്ഷക്കണക്കിന് ഭാഗങ്ങള്‍ അല്ലെങ്കില്‍ ഘടകങ്ങള്‍ ആവശ്യമാണ്. ഈ ഘടകങ്ങളില്‍ പലതും വിതരണം ചെയ്യുന്നത് ഇന്ത്യന്‍ എം.എസ്.എം.ഇകളാണ്, പ്രധാനമായും ടയര്‍-1, ടയര്‍-2 നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്നവ. ഇന്ന്, ഇന്ത്യന്‍ എം.എസ്.എം.ഇകള്‍ നിര്‍മ്മിക്കുന്ന ഘടകങ്ങള്‍ ലോകമെമ്പാടുമുള്ള വാഹനങ്ങളില്‍ സംയോജിപ്പിച്ചിരിക്കുന്നു, ഇത് നിരവധി ആഗോള അവസരങ്ങളിലേക്കുള്ള വാതിലുകള്‍ തുറക്കുന്നതാണ്.
സുഹൃത്തുക്കളെ,
ആഗോള വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമായി സ്വയം സ്ഥാപിക്കാന്‍ നമ്മുടെ എം.എസ്.എം.ഇള്‍ക്ക് നിലവില്‍ മികച്ച അവസരമുണ്ട്. എന്നാല്‍, ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന്, നമ്മുടെ എം.എസ്.എം.ഇകള്‍ ആഗോള നിലവാരം പുലര്‍ത്തുന്നതിന് അവയുടെ ഗുണനിലവാരവും ഈടുതലവും വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കണം. ഭാരതം ലോക വേദിയില്‍ അതിന്റെ മുദ്ര പതിപ്പിക്കണമെങ്കില്‍, അത് പൂര്‍ണ്ണഹൃദയത്തോടെ ഒരു അടിസ്ഥാന തത്വം ഉള്‍ക്കൊള്ളണം: പൂജ്യം വൈകല്യം, പൂജ്യം പ്രഭാവം എന്ന് ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഒരിക്കല്‍ ഞാന്‍ പ്രസ്താവിച്ചിരുന്നു. വൈകല്യ ശൂന്യം എന്ന് പരാമര്‍ശിക്കുമ്പോള്‍, കുറ്റമറ്റ ഗുണനിലവാര മാനദണ്ഡങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യമാണ് ഞാന്‍ ഊന്നിപ്പറയുന്നത്, അതേസമയം ഉല്‍പാദന പ്രക്രിയകള്‍ക്ക് പ്രതികൂല പാരിസ്ഥിതിക ആഘാതം ഇല്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രഭാവശൂനത്യകൊണ്ട് അടിവരയിടുന്നതും. നമ്മുടെ വിജയത്തിന് ഈ അടിസ്ഥാന മന്ത്രം മുറുകെപിടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
സുഹൃത്തുക്കളെ,
ഓട്ടോമോട്ടീവ് എം.എസ്.എം.ഇ സംരംഭകര്‍ക്ക് വേണ്ടിയുള്ള ഡിജിറ്റല്‍ മൊബിലിറ്റി എന്ന മുന്‍കൈ രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ക്കായി ഒരു പുതിയ കോഴ്‌സ് ചാര്‍ട്ട് ചെയ്യാനും ഭാവിയിലേക്ക് ഒരുങ്ങാന്‍ അവരെ സജ്ജമാക്കുന്നതുമാണ്.
സുഹൃത്തുക്കളെ,
കോവിഡ് 19 മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും, ഭാരതത്തിന്റെ ചെറുകിട വ്യവസായങ്ങള്‍ അവരുടെ പ്രതിരോധശേഷിയും കാര്യശേഷിയും പ്രകടമാക്കി. മഹാമാരിക്കെതിരായ ഭാരതത്തിന്റെ വിജയത്തില്‍ അവരുടെ നിര്‍ണായക പങ്ക് എം.എസ്.എം.ഇ മേഖലയെ രാജ്യത്തിന്റെ ഭാവി സാദ്ധ്യതകളുടെ മുന്‍നിരയിലേക്ക് ഉയര്‍ത്തി. സാമ്പത്തിക പിന്തുണയും പ്രതിഭാ വികസനവും ഉള്‍പ്പെടെ എം.എസ്.എം.ഇകള്‍ക്ക് ലഭ്യമായ വിഭവങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്രമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പി.എം മുദ്ര യോജന, പി.എം വിശ്വകര്‍മ്മ യോജന തുടങ്ങിയ പദ്ധതികള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. മഹാമാരിയുടെ മൂര്‍ദ്ധന്യകാലത്ത്, പ്രതിസന്ധി ഘട്ടങ്ങളില്‍ ഈ മേഖലയുടെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നതില്‍ എം.എസ്.എം.ഇ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം നിര്‍ണായക പങ്ക് വഹിച്ചു,
സുഹൃത്തുക്കളെ,
വിവിധ മേഖലകളിലുടനീളം എം.എസ്.എം.ഇകള്‍ക്ക് താങ്ങാനാവുന്ന വായ്പകളുടെയും പ്രവര്‍ത്തന മൂലധനത്തിന്റെയും പ്രാപ്യത ഉറപ്പാക്കാനുളള ഒരു സംഘടിത ശ്രമം ഇന്ന്, നടക്കുന്നുണ്ട്. അവരുടെ വിഭവങ്ങള്‍ വികസിക്കുമ്പോള്‍, നൂതനാശയത്തിനുള്ള അവരുടെ ശേഷിയും വര്‍ദ്ധിക്കും. ചെറുകിട വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനും വളര്‍ന്നുവരുന്ന മേഖലകളില്‍ നൂതനാശയം പ്രോത്സാഹിപ്പിക്കുന്നതിനും ഞങ്ങളുടെ ഗവണ്‍മെന്റ് ഉയര്‍ന്ന ഊന്നല്‍ നല്‍കുന്നു. ഈ തുടര്‍ച്ചയായ നവീകരണവും നൂതനാശയത്തിലുള്ള ശ്രദ്ധയും നമ്മുടെ എം.എസ്.എം.ഇ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും. അതിനുപുറമെ, എം.എസ്.എം.ഇകള്‍ക്കുള്ളില്‍ സാങ്കേതിക പുരോഗതിയുടെയും നൈപുണ്യവികസനത്തിന്റെയും സെറ്റുകളുടെയും പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് പ്രത്യേക നൈപുണ്യ വികസന പരിപാടികളും പരിശീലന സ്ഥാപനങ്ങളും ഞങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. മുമ്പ് ഒരുസാധാര കാര്യമായാണ് കണ്ടിരുന്നത്, എന്നാല്‍ ഇപ്പോള്‍ നൈപുണ്യ വികസനം സമര്‍പ്പിത ശ്രദ്ധ നേടിയിട്ടുണ്ട്, എന്റെ ഭരണത്തിന്‍ കീഴില്‍ ഒരു പ്രത്യേക നൈപുണ്യ വികസന മന്ത്രാലയം സ്ഥാപിച്ചതിലൂടെ ഇത് വ്യക്തവുമാണ്. ഭാവി തലമുറയെ രൂപപ്പെടുത്തുന്നതില്‍ വൈദഗ്ധ്യം വഹിക്കുന്ന നിര്‍ണായക പങ്ക് ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ തിരിച്ചറിയുന്നു, ആധുനികവും തുടര്‍ച്ചയായി നവീകരിക്കപ്പെടുന്നതുമായ നൈപുണ്യ സര്‍വ്വകലാശാലകളുടെ ആവശ്യകതയും ഊന്നിപ്പറയുന്നു.
സുഹൃത്തുക്കളെ,
നിലവില്‍ ഗവണ്‍മെന്റ്് വൈദ്യുത വാഹനങ്ങഴെ (ഇ.വി) പ്രോത്സാഹിപ്പിക്കുന്നത് എം.എസ്.എം.ഇ മേഖലയ്ക്ക് പുതിയ വഴികള്‍ തുറക്കുകയാണ്. ഇ.വികളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യത്തിന് അനുസൃതമായി അവരവരുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇവിടെ ഒത്തുകൂടിയ എല്ലാ ചെറുകിട സംരംഭകരെയും ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങള്‍ക്കൊക്കെ അറിയാവുന്നതുപോലെ, പുരപ്പുറ സൗരോര്‍ജ്ജവുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവണ്‍മെന്റ് അടുത്തിടെ ഒരു സുപ്രധാന നയം അവതരിപ്പിച്ചു. ഈ മുന്‍കൈ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും അധിക വൈദ്യുതി വാങ്ങാനുള്ള ഓപ്ഷനും ഉള്‍പ്പെടെ ഗണ്യമായ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു. തുടക്കത്തില്‍ ഒരു കോടി വീടുകളുടെ ലക്ഷ്യമാണ് നിശ്ചയിച്ചിരിക്കുന്നത്. വ്യക്തികളുടെ വീടുകളില്‍ പുരപ്പുറ സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇ-വാഹന ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഈ നയം സഹായകമാകുമെന്ന് ഞങ്ങള്‍ വിഭാവനം ചെയ്യുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും മഹത്തായ ഒരു അവസരം നല്‍കികൊണ്ട് ഇത് ഗതാഗതചെലവ് പൂജ്യമായി പരിഭാഷപ്പെടുത്തുന്നു.
സുഹൃത്തുക്കളെ,
ഓട്ടോ, ഓട്ടോ ഘടകങ്ങളുടെ മേഖലയ്ക്കായി ഏകദേശം 26,000 കോടി രൂപയുടെ ഉല്‍പ്പാദന ബന്ധതി പ്രോത്സാഹന ആനുകൂല്യ (പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ)) പദ്ധതിക്ക് ഗവണ്‍മെന്റ് തുടക്കം കുറിച്ചിട്ടുണ്ട്. ഈ പദ്ധതി നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ഹൈഡ്രജന്‍ വാഹനങ്ങള്‍ക്ക് പ്രോത്സാഹന ആനുകൂല്യവും നല്‍കുകയും ചെയ്യുന്നു. 100-ലധികം അഡ്വാന്‍സ്ഡ് ഓട്ടോമോട്ടീവ് ടെക്‌നോളജീകളുടെ പ്രോത്സാഹനത്തിന് ഇത് സഹായകമായി. പുതിയ സാങ്കേതികവിദ്യകളുടെ അവതരണത്തോടെ, നമ്മുടെ എം.എസ്.എം.ഇകള്‍ക്ക് കാര്യമായ അവസരങ്ങള്‍ സമ്മാനിച്ചുകൊണ്ട്, അനുബന്ധ മേഖലകളില്‍ ആഗോള നിക്ഷേപങ്ങളുടെ കുത്തൊഴുക്ക് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍, നമ്മുടെ എം.എസ്.എം.ഇകള്‍ക്ക് കഴിവുകള്‍ വികസിപ്പിക്കാനും പുതിയ മേഖലകളിലേക്ക് കടക്കാനുമുള്ള അവസരത്തിന്റെ ഏറ്റവും നല്ല സമയമാണിത്.
സുഹൃത്തുക്കളെ,
അവസരങ്ങളുള്ളിടത്ത് വെല്ലുവിളികളും ഉയരും. ഡിജിറ്റല്‍വല്‍ക്കരണം, വൈദ്യുതീകരണം, ബദല്‍ ഇന്ധന വാഹനങ്ങള്‍ സ്വീകരിക്കല്‍, വിപണിയിലെ ചോദനയുടെ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങി നിരവധി വെല്ലുവിളികള്‍ നിലവില്‍, എം.എസ്.എം.ഇകള്‍ നേരിടുന്നു. സമയോചിതവും തന്ത്രപരവുമായ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ, ഈ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാന്‍ നമുക്ക് കഴിയും. ഈ വെല്ലുവിളികളെ നേരിടാന്‍ സ്വയം നവീകരണം അനിവാര്യമാണ്. അതിനുപുറമെ, എം.എസ്.എം.ഇകളെ ഔപചാരികമാക്കുന്നത് ഒരു പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നതുമാണ്. എം.എസ്.എം.ഇകളുടെ നിര്‍വചനം പരിഷ്‌കരിക്കുന്നതുള്‍പ്പെടെ നമ്മുടെ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ നിരവധി മുന്‍കൈകള്‍ കൈകൊണ്ടിട്ടുമുണ്ട്. ഈ തീരുമാനം വികസനത്തിന്റെ തടസ്സങ്ങള്‍ നീക്കി എം.എസ്.എം.ഇകളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി.
സുഹൃത്തുക്കളെ,
ഒരു വികസിത രാഷ്ട്രം നേടിയെടുക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് അതിന്റെ ഓരോ വ്യവസായത്തെയും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. മുമ്പ് വ്യവസായമായാലും വ്യക്തിയായാലും ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും ഗവണ്‍മെന്റ് ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നിരുന്നു. എന്നാല്‍, ഇന്ന് എല്ലാ മേഖലകളിലുമുള്ള ആശങ്കകള്‍ ഗവണ്‍മെന്റ് പരിഹരിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഞങ്ങള്‍ 40,000-ലധികം അനുവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുകയും വ്യാപാര സംബന്ധമായ നിരവധി ചെറിയ പിശകുകളെ കുറ്റവിമുക്തമാക്കുകയും ചെയ്തു. ആറ് മാസത്തിലൊരിക്കല്‍ ഫാക്ടറി ശുചിത്വമുറിയില്‍ പെയിന്റ് അടിച്ചില്ലെങ്കില്‍ തടവുശിക്ഷ വരെ ലഭിക്കാവുന്ന നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ നിലവിലുണ്ടെന്ന് അറിയുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. കാലഹരണപ്പെട്ട ഇത്തരം നിയന്ത്രണങ്ങള്‍ തിരുത്താന്‍ രാജ്യത്തിന് 75 വര്‍ഷം വേണ്ടിവന്നു.
സുഹൃത്തുക്കളെ,
പുതിയ ലോജിസ്റ്റിക്‌സ് നയമായാലും ജി.എസ്.ടിയായലും, ഈ നടപടികളെല്ലാം ചെറുകിട വ്യവസായങ്ങള്‍ക്ക്, പ്രത്യേകിച്ച് ഓട്ടോമൊബൈല്‍ മേഖലയില്‍ ഗുണം ചെയ്തു. പി.എം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിലൂടെ ഭാരതത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഗവണ്‍മെന്റ് കൃത്യമായ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. പി.എം. ഗതിശക്തിക്കുള്ളില്‍, 1500-ലധികം തലങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ഭാവിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു, ഇത് ബഹുമാതൃകാ ബന്ധിപ്പിക്കലില്‍ ഗണ്യമായ വര്‍ദ്ധനവ് വാഗ്ദാനം ചെയ്യുന്നു. എല്ലാ വ്യവസായത്തിനും പിന്തുണാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നു. ഈ പിന്തുണാ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനും നൂതനാശയവും മത്സരശേഷിയും മുന്നോട്ട് കൊണ്ടുപോകാനും ഓട്ടോമൊബൈല്‍ എം.എസ്.എം.ഇ മേഖലയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഗവണ്‍മെന്റ് നിങ്ങളുടെ പിന്നില്‍ ഉറച്ചു നില്‍ക്കും. ഇക്കാര്യത്തില്‍ ടി.വി.എസിന്റെ മുന്‍കൈ നിങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളെ,
നിങ്ങളുമായി കുറച്ച് പോയിന്റുകള്‍ കൂടി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കറിയാവുന്നതുപോലെ, വാഹനങ്ങള്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവണ്‍മെന്റ് ഒരു നയം നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ പഴയ വാഹനങ്ങളും ഒഴിവാക്കി പുതിയതും കൂടുതല്‍ ആധുനികവുമായ വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ വ്യവസായത്തിന് ഒരു സുപ്രധാന അവസരമാണ് ഇത് നല്‍കുന്നത്. ഈ സ്‌ക്രാപ്പേജ് നയം പ്രയോജനപ്പെടുത്താനും സ്‌ക്രാപ്പിംഗ് സംരംഭത്തിലേക്ക് സംഭാവന നല്‍കാനും വ്യവസായ പങ്കാളികളായ നിങ്ങളെ എല്ലാവരെയും ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു. കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോളതലത്തില്‍ നിലവില്‍, നമ്മുടെ രാജ്യം മുന്നിലാണ്. കപ്പല്‍ നിര്‍മ്മാണത്തില്‍ നിന്ന് പുനചംക്രമണം ചെയ്ത വസ്തുക്കള്‍ ഗണ്യമായ വിപണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നമുക്ക് സമഗ്രമായ ഒരു പദ്ധതി വികസിപ്പിക്കാനായാല്‍, നമ്മുടെ അയല്‍രാജ്യങ്ങളും വാഹനങ്ങള്‍ മാറ്റിസ്ഥാപിക്കുന്നത് അതിവേഗം നടക്കുന്ന ഗള്‍ഫ് രാജ്യങ്ങളും സ്‌ക്രാപ്പിനായി ഭാരതത്തിലേക്ക് തിരിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എം.എസ്.എം.ഇകള്‍ക്ക് വിവിധ രീതികളില്‍ പ്രയോജനം നല്‍കികൊണ്ട്. ഒരു സുപ്രധാന വ്യവസായം സ്ഥാപിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം, ഈ അവസരങ്ങള്‍ നമുക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?
അതിനുപുറമെ, ഗതാഗത മേഖലയുമായി ബന്ധപ്പെട്ട വ്യക്തികളും ഇവിടെയുണ്ടെന്ന് എനിക്കറിയാനായി. ഏതൊരു കാര്യവും ഞാന്‍ പരിഗണിക്കുമ്പോള്‍, അതിനെ സമഗ്രമായി വീക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന്, ഡ്രൈവര്‍മാരുടെ ക്ഷേമത്തെ അഭിസംബോധന ചെയ്യാതെ ചലനക്ഷമതയേയും ഗതാഗതത്തേയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് അപൂര്‍ണ്ണമായിരിക്കും. ഞങ്ങളുടെ പദ്ധതിയെക്കുറിച്ച് നിങ്ങള്‍ അടുത്തിടെ പത്രങ്ങളില്‍ വായിച്ചിരിക്കാം. ഒരു പൈലറ്റ് പദ്ധതി എന്ന നിലയില്‍, പ്രധാന ഹൈവേകളില്‍ 1000 വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. അപകടങ്ങള്‍ കുറയ്ക്കല്‍, വിശ്രമം, അവശ്യ സൗകര്യങ്ങള്‍ ഉറപ്പാക്കല്‍ എന്നിങ്ങനെയുള്ള സമഗ്രമായ സൗകര്യങ്ങള്‍ ഈകേന്ദ്രങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ആഗോള നിലവാരത്തില്‍ ഈ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ക്ക് ഞങ്ങള്‍ ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. ഗതാഗത മേഖലയിലെ എന്റെ സഹോദരീസഹോദരന്മാരെ, ഡ്രൈവര്‍മാരുടെ സുരക്ഷയും സംതൃപ്തിയും വര്‍ദ്ധിപ്പിക്കാനും പുതിയ ബിസിനസ്സ് അവസരങ്ങള്‍ സൃഷ്ടിക്കാനും ഈ മുന്‍കൈകള്‍ ലക്ഷ്യമിടുന്നു. എല്ലാ വശങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്.
സുഹൃത്തുക്കളെ,
നിങ്ങളുടെ എല്ലാവര്‍ക്കുമൊപ്പമുണ്ടാകുക എന്നത് ഒരു വിശേഷഭാഗ്യമാണ്. നിങ്ങള്‍ അഭിലാഷങ്ങളും സ്വപ്‌നങ്ങളും ഉള്‍ക്കൊള്ളുന്നു, എന്റെ സ്വന്തം തീരുമാനങ്ങളായി സ്വീകരിച്ചുകൊണ്ട് അവയെ യാഥാര്‍ത്ഥ്യമാക്കാന്‍ ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ പ്രതിജ്ഞാബദ്ധനാണ്. ഉറപ്പുനല്‍കുന്നു, അടുത്ത അഞ്ച് വര്‍ഷത്തേക്ക് നിങ്ങളുടെ പദ്ധതികള്‍ എന്തുതന്നെയായാലും, ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും , നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും മനസിലാക്കികൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക ഒരുമിച്ച്, നമുക്ക് രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാം. നിങ്ങളുടെ വിജയത്തിന് ആത്മാര്‍ത്ഥമായ ആശംസകളോടെ ഒരിക്കല്‍ കൂടി, ഞാന്‍ ഓരോരുത്തര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.