“വിശുദ്ധ മീരാബായിയുടെ 525-ാംജന്മവാർഷികം ​വെറുമൊരു ജന്മവാർഷികം മാത്രമല്ല; മറിച്ച്, ഇന്ത്യയിലെ സംസ്കാരത്തിന്റെയാകെയും സ്നേഹത്തിന്റെ പാരമ്പര്യത്തിന്റെയും ആഘോഷമാണ്”
“ഭക്തിയിലൂടെയും ആത്മീയതയിലൂടെയും മീരാബായി ഇന്ത്യയുടെ ചേതനയെ പരിപോഷിപ്പിച്ചു”
“യുഗങ്ങളായി ഭാരതം നാരീശക്തിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു”
“വികസനക്കുതിപ്പിൽ മഥുരയും ബ്രജും പിന്നിലാകില്ല”
“ബ്രജ് മേഖലയിലെ വികസനങ്ങൾ രാജ്യത്തിന്റെ പുനരുജ്ജീവന ബോധത്തിന്റെ മാറ്റത്തിന്റെ പ്രതീകങ്ങളാണ്”

രാധേ-രാധേ! ജയ് ശ്രീകൃഷ്ണ!

പരിപാടിയില്‍ പങ്കെടുക്കുന്ന ബ്രജിലെ ബഹുമാന്യരായ സന്യാസിമാര്‍, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, നമ്മുടെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍, നിരവധി മന്ത്രിസഭാംഗങ്ങള്‍, മഥുരയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ഹേമമാലിനി ജി, കൂടാതെ എന്റെ പ്രിയ ബ്രജ് നിവാസികളേ!

ആദ്യമായി, രാജസ്ഥാനിലെ ഒരു തിരഞ്ഞെടുപ്പ് റാലിയുടെ തിരക്കിലായതിനാല്‍ ഇവിടെ വരാന്‍ വൈകിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ അവിടെ നിന്ന് നേരിട്ട് ഈ ഭക്തിയുടെ അന്തരീക്ഷത്തിലേക്ക് വന്നിരിക്കുകയാണ്. ബ്രജിന് പ്രണാമം അര്‍പ്പിക്കാനും ഇന്ന് ബ്രജിലെ ജനങ്ങളെ കാണാനും കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്, കാരണം ശ്രീകൃഷ്ണനും രാധയും വിളിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ കഴിയുകയുള്ളൂ. ഇത് സാധാരണ ഭൂമിയല്ല. ഞങ്ങളുടെ 'ശ്യാമ-ശ്യാം ജു'യുടെ വാസസ്ഥലമാണ് ബ്രജ്. ലാല്‍ ജിയുടെയും ലാഡ്ലി ജിയുടെയും പ്രണയത്തിന്റെ പ്രതീകമാണ് ബ്രജ്. ബ്രജിന്റെ ഈ സത്തയെ ലോകമെമ്പാടും ആരാധിക്കുന്നു. ബ്രജിന്റെ എല്ലാ കണങ്ങളിലും രാധാ റാണി വസിക്കുന്നു. ഇവിടെയുള്ള ഓരോ പൊട്ടിലും പൊടിയിലും കൃഷ്ണന്‍ ഉണ്ട്. അതിനാല്‍, നമ്മുടെ വേദങ്ങള്‍ 'സപ്ത ദ്വീപേഷു യത് തീര്‍ത്ഥം, ഭ്രമണാത് ച യത് ഫലം. പ്രാപ്യതേ ച അധികം തസ്മാത്, മഥുരാ ഭ്രമണീയതേ' എന്ന് പറയുന്നു. അതായത്, മഥുരയും ബ്രജും മാത്രം സന്ദര്‍ശിച്ചാല്‍ ലഭിക്കുന്ന നേട്ടങ്ങള്‍ ലോകത്തിലെ എല്ലാ തീര്‍ത്ഥാടനങ്ങളിൽ നിന്നും ലഭിക്കുന്ന നേട്ടങ്ങളെക്കാള്‍ വലുതാണ്. ഇന്ന്, എനിക്ക് ഒരിക്കല്‍ കൂടി ബ്രജില്‍ നിങ്ങളുടെ ഒപ്പമിരിക്കുവാന്‍ അവസരം ലഭിച്ചതിന് ബ്രജ് രാജ് മഹോത്സവത്തിനും വിശുദ്ധ മീരാ ബായ് ജിയുടെ 525-ാം ജന്മവാര്‍ഷിക ആഘോഷത്തിനും ഞാൻ നന്ദി പറയുന്നു.  ഭഗവാന്‍ ശ്രീകൃഷ്ണനെയും ബ്രജിലെ രാധാ റാണിയെയും ഞാന്‍ സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടെ വണങ്ങുന്നു. മീരാ ബായ് ജിയുടെയും ബ്രജിലെ എല്ലാ വിശുദ്ധരുടെയും പാദങ്ങളിലും ഞാന്‍ ശ്രദ്ധാഞ്ജലികൾ അര്‍പ്പിക്കുന്നു. പാര്‍ലമെന്റ് അംഗം ഹേമമാലിനി ജിയെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അവര്‍ എംപി എന്ന നിലയില്‍ ബ്രജ് റാസ് മഹോത്സവം സംഘടിപ്പിക്കുന്നതില്‍ പൂര്‍ണ്ണമായും ശ്രദ്ധയർപ്പിച്ചിരിക്കുകയാണ് എന്നു മാത്രമല്ല, കൃഷ്ണഭക്തിയില്‍ സ്വയം മുഴുകികൊണ്ട് ആഘോഷത്തിന്റെ പ്രൗഢി വര്‍ദ്ധിപ്പിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

എന്റെ കുടുംബാംഗങ്ങളേ,

എന്നെ സംബന്ധിച്ചിടത്തോളം, ഈ പരിപാടിയില്‍ പങ്കെടുക്കുക എന്നതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഗുജറാത്തും ബ്രജും തമ്മില്‍ കൃഷ്ണന്‍ മുതല്‍ മീരാ ബായി വരെ നീളുന്ന ഒരു അതുല്യമായ ബന്ധമുണ്ട്. മഥുരയിലെ കന്ഹ ഗുജറാത്തില്‍ മാത്രമാണ് ദ്വാരകാധീഷ് ആയത്. രാജസ്ഥാനില്‍ നിന്നു വന്ന് മഥുര-വൃന്ദാവനത്തില്‍ സ്‌നേഹം പ്രസരിപ്പിച്ച വിശുദ്ധ മീരാ ബായ് ജി ദ്വാരകയിലാണ് അവസാന വര്‍ഷങ്ങള്‍ ചിലവഴിച്ചത്. വൃന്ദാവനം കൂടാതെ മീരയുടെ ഭക്തി അപൂര്‍ണ്ണമാണ്. വൃന്ദാവന ഭക്തിയില്‍ മതിമറന്ന് വിശുദ്ധ മീരാ ബായ് പറഞ്ഞു,  'ആലി റി മോഹേ ലാഗേ വൃന്ദാവന്‍ നീക്കോ...ഘര്‍-ഘര്‍ തുളസി ഠാകുര്‍ പൂജ, ദർശൻ ഗോവിന്ദ് ജി കോ..' അതുകൊണ്ട്, ഗുജറാത്തിലെ ജനങ്ങള്‍ക്ക് യുപിയിലും രാജസ്ഥാനിലും വ്യാപിച്ചുകിടക്കുന്ന ബ്രജ് സന്ദര്‍ശിക്കാനുള്ള പ്രത്യേക അവസരം ലഭിക്കുമ്പോള്‍, ഞങ്ങള്‍ ദ്വാരകാധീഷിന്റെ അനുഗ്രഹമായി അതിനെ കണക്കാക്കുന്നു. എന്നെ മാ ഗംഗ വിളിച്ചിരിക്കുകയാണ്. ദ്വാരകാധീഷ് ഭഗവാന്റെ കൃപയാല്‍, 2014 മുതല്‍ നിങ്ങളുടെ സേവനത്തിനായി ഞാന്‍ നിങ്ങളുടെ ഇടയിലുണ്ട്.

 

എന്റെ കുടുംബാംഗങ്ങളേ,

മീരാ ബായിയുടെ 525-ാം ജന്മദിനം ഒരു സന്യാസിയുടെ ജന്മദിനം മാത്രമല്ല. ഇത് ഭാരതത്തിന്റെ മുഴുവന്‍ സംസ്‌കാരത്തിന്റെയും ആഘോഷമാണ്. ഭാരതത്തിന്റെ പ്രണയ പാരമ്പര്യത്തിന്റെ ആഘോഷമാണിത്. അദ്വൈതമെന്നറിയപ്പെടുന്ന മനുഷ്യനും ദൈവവും ജീവനും ശിവനും ഭക്തനും ദേവനുമായ ഏകത്വത്തെ കാണുന്ന ദ്വൈതരഹിതമായ ചിന്തയുടെ ആഘോഷം കൂടിയാണിത്. ഇന്ന്, വിശുദ്ധ മീരാ ബായിയുടെ സ്മരണയ്ക്കായി ഒരു നാണയവും ടിക്കറ്റും പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. രാജ്യത്തിന്റെ അഭിമാനത്തിനും സംസ്‌കാരത്തിനും വേണ്ടി അപാരമായ ത്യാഗങ്ങള്‍ സഹിച്ച രാജസ്ഥാൻ എന്ന ധീരദേശത്താണ് മീരാ ബായി ജനിച്ചത്. 84 'കോസ്' (ഏകദേശം 250 കിലോമീറ്റര്‍) വ്യാപിച്ചു കിടക്കുന്ന ഈ ബ്രജ് മണ്ഡലം ഉത്തര്‍പ്രദേശിനെയും രാജസ്ഥാനെയും ഉള്‍ക്കൊള്ളുന്നു. ഭക്തിയിലൂടെയും ആത്മീയതയിലൂടെയും മീരാ ബായി ഭാരതത്തിന്റെ ബോധത്തെ സമ്പന്നമാക്കി. മീരാ ബായി ഭക്തി, സമര്‍പ്പണം, വിശ്വാസം എന്നിവ ലളിതമായ ഭാഷയില്‍ വിശദീകരിച്ചു - 'മീരാം കെ പ്രഭു ഗിരധര്‍ നഗര്‍, സഹജ് മിലേ അബിനാസി, റേ..' മീരാ ബായിയുടെ ഭക്തിയില്‍ സംഘടിപ്പിച്ച ഈ പരിപാടി ഭാരതത്തിന്റെ ഭക്തിയെ മാത്രമല്ല, ഭാരതത്തിന്റെ വീര്യത്തെയും ത്യാഗത്തെയും കൂടി ഓര്‍മ്മിപ്പിക്കുന്നു. മീരാ ബായിയുടെ കുടുംബവും രാജസ്ഥാനും നമ്മുടെ വിശ്വാസ കേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി എല്ലാം ത്യജിച്ചു, അതുവഴി ഭാരതത്തിന്റെ ആത്മാവും ബോധവും സംരക്ഷിക്കാന്‍ ശ്രമിച്ചു. ഇന്നത്തെ ഈ പരിപാടി മീരാ ബായിയുടെ പ്രണയത്തിന്റെ പാരമ്പര്യം മാത്രമല്ല, അവരുടെ ധീരതയുടെ പാരമ്പര്യവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇതാണ് ഭാരതത്തിന്റെ സ്വത്വം. കൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുന്നതും, അതേസമയം സുദര്‍ശന ചക്രം ചൂണ്ടുന്ന വാസുദേവന്റെ ദര്‍ശനവും നാം കാണുന്നു.

എന്റെ കുടുംബാംഗങ്ങളേ,

നമ്മുടെ ഭാരതം എല്ലായ്പ്പോഴും 'നാരി ശക്തി' (സ്ത്രീശക്തി) ആദരിക്കുന്ന ഒരു രാജ്യമാണ്. ബ്രജ് നിവാസികള്‍ ഇത് മറ്റാരെക്കാളും നന്നായി മനസ്സിലാക്കുന്നു. ഇവിടെ, കനയ്യയുടെ നഗരത്തില്‍ എന്ന പോലെ 'ലാഡ്ലി സര്‍ക്കാരിന് ആദ്യ പരിഗണനയുണ്ട്. ഇവിടെ പരസ്പരം സംബോധന ചെയ്യാനും, സംഭാഷണത്തിനും ബഹുമാനം സൂചിപ്പിക്കാനുമെല്ലാം രാധേ-രാധേ ഉപയോഗിക്കുന്നു. കൃഷ്ണന്റെ പേര് പൂര്‍ണ്ണമാകുന്നത് രാധയെ അതിനു മുമ്പില്‍ പരാമര്‍ശിക്കുമ്പോൾ മാത്രമാണ്. അതിനാല്‍, നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ എല്ലായ്‌പ്പോഴും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും സമൂഹത്തെ നിരന്തരം മുന്നോട്ടു നയിക്കുകയും ചെയ്തു പോരുന്നു. മീരാ ബായി അതിന്റെ ഉജ്ജ്വല ഉദാഹരണമാണ്. മീരാ ബായ് പറഞ്ഞു - 'ജേതായ് ദീസേ ധരണി ഗഗന്‍ വിച്, തേതാ സബ് ഉഠ ജാസി, ഈ ദേഹി കാ ഗരബ് നാ കരണാ, മതി മേം മില്‍ ജാസി.' അതായത്, ഈ ഭൂമിക്കും ആകാശത്തിനും ഇടയില്‍ കാണുന്നതെല്ലാം ഒരു ദിവസം നശിക്കും. ഈ പ്രസ്താവനയുടെ ഗൗരവം നമുക്കെല്ലാവര്‍ക്കും മനസ്സിലാകും.

 

സുഹൃത്തുക്കളേ,

സമൂഹത്തിന് മാർഗ്ഗനിർദ്ദേശംഏറ്റവും ആവശ്യമായിരുന്ന പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തില്‍ വിശുദ്ധ മീരാ ബായ് ജി ഒരു പാത കാണിച്ചുകൊടുത്തു. ഭാരതത്തിലെ അത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍, ഒരു സ്ത്രീയുടെ ആത്മാഭിമാനത്തിന് ലോകത്തെ മുഴുവന്‍ നയിക്കാനുള്ള ശക്തിയുണ്ടെന്ന് മീരാ ബായി തെളിയിച്ചു. അവള്‍ സന്ത് രവിദാസിനെ തന്റെ ഗുരുവായി കണക്കാക്കിക്കൊണ്ട് തുറന്നു പറഞ്ഞു - 'ഗുരു മില്ലിയാ സന്ത ഗുരു രവിദാസ് ജി, ദീന്‍ഹി ജ്ഞാന കി ഗുട്ടകി'. അതുകൊണ്ട്, മീരാ ബായി മധ്യകാലഘട്ടത്തിലെ ഒരു മഹാവനിത മാത്രമായിരുന്നില്ല; ഏറ്റവും വലിയ സാമൂഹിക പരിഷ്‌കര്‍ത്താവും വഴികാട്ടിയും കൂടിയായിരുന്നു.

സുഹൃത്തുക്കളേ,

മീരാ ബായിയും അവരുടെ വരികളും ഓരോ കാലഘട്ടത്തിലും ഓരോ യുഗത്തിലും പ്രസക്തമായ ഒരു വെളിച്ചമാണ്. വര്‍ത്തമാനകാലത്തെ വെല്ലുവിളികള്‍ നോക്കുകയാണെങ്കില്‍, വാർപ്പുമാതൃകകളിൽ നിന്ന് മോചിതരാകാനും നമ്മുടെ മൂല്യങ്ങളുമായി ബന്ധം പുലര്‍ത്താനും മീരാ ബായി നമ്മെ പഠിപ്പിക്കുന്നു. മീരാ ബായ് പറയുന്നു - മീരാം കെ പ്രഭു സദാ സഹായി, രാഖേ വിഘന്‍ ഹതയ്. ഭജന ഭാവത്തില്‍ മസ്ത് ഡോളതി, ഗിരധര്‍ പൈ ബലി ജയ്.' അവരുടെ ഭക്തി ലളിതവും എന്നാല്‍ ദൃഢവുമാണ്. മീരാ ബായി ഒരു തടസ്സങ്ങളെയും ഭയപ്പെടുന്നില്ല; തങ്ങളുടെ ശ്രമങ്ങള്‍ തുടരാന്‍ എല്ലാവരേയും അവർ പ്രചോദിപ്പിക്കുന്നു.

എന്റെ കുടുംബാംഗങ്ങളേ,

ഈ അവസരത്തില്‍, ഭാരത ഭൂമിയുടെ മറ്റൊരു പ്രത്യേകത കൂടി ഞാന്‍ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ മണ്ണിന് അവിശ്വസനീയമായ ഒരു കഴിവുണ്ട്. അതിന്റെ ബോധം ആക്രമിക്കപ്പെടുമ്പോഴോ, ദുര്‍ബലമാകുമ്പോഴോ എല്ലാം, രാജ്യത്ത് എവിടെയെങ്കിലും ഉണര്‍ന്നിരിക്കുന്ന ഒരു ഊര്‍ജ്ജസ്രോതസ്സ് ദൃഢനിശ്ചയമെടുത്ത് ഭാരതത്തിന് ദിശ കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതാണത്. അവരിൽ ചിലര്‍ യോദ്ധാക്കളായി, മറ്റുള്ളവര്‍ ഈ പുണ്യ പ്രവൃത്തിക്കായി വിശുദ്ധരായി. ഭക്തിപ്രസ്ഥാന കാലത്തെ നമ്മുടെ സന്യാസിമാര്‍ ഇതിന് സമാനതകളില്ലാത്ത ഉദാഹരണമാണ്. അവര്‍ ത്യാഗത്തിന്റെയും നിസംഗത്വത്തിന്റെയും അടിത്തറ കെട്ടിപ്പടുക്കുകയും അതേ സമയം നമ്മുടെ ഭാരതത്തെ കോട്ടകെട്ടി ഉറപ്പിക്കുകയും ചെയ്തു. ഭാരതത്തെ മൊത്തത്തില്‍ നോക്കൂ: ദക്ഷിണേന്ത്യയില്‍ ആള്‍വാറെയും നായനാരെയും പോലുള്ള സന്യാസിമാരും രാമാനുജാചാര്യരെപ്പോലുള്ള പണ്ഡിതന്മാരും ഉണ്ടായിരുന്നു! വടക്കേയിന്ത്യയിൽ തുളസീദാസ്, കബീര്‍, രവിദാസ്, സൂര്‍ദാസ് തുടങ്ങിയ സന്യാസിമാരുണ്ടായിരുന്നു! പഞ്ചാബില്‍ ഗുരുനാനാക്ക് ദേവ് ഉണ്ടായിരുന്നു. കിഴക്ക്, ബംഗാളിലെ ചൈതന്യ മഹാപ്രഭുവിനെപ്പോലുള്ള സന്യാസിമാര്‍ ഇപ്പോഴും ആഗോളതലത്തില്‍ പ്രകാശം പരത്തുന്നു. പടിഞ്ഞാറ്, ഗുജറാത്തില്‍ നര്‍സിന്‍ മേത്തയെപ്പോലുള്ള സന്യാസിമാര്‍ ഉണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ തുക്കാറാം, നാംദേവ് തുടങ്ങിയ സന്യാസിമാര്‍ ഉണ്ടായിരുന്നു! ഓരോരുത്തര്‍ക്കും വ്യത്യസ്ത ഭാഷകളും ഭാഷാഭേദങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും ഉണ്ടായിരുന്നു. എന്നിരുന്നാലും, അവരുടെ സന്ദേശം ഒന്നുതന്നെയായിരുന്നു, അവരുടെ ലക്ഷ്യം ഒന്നുതന്നെയായിരുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭക്തിയുടെയും വിജ്ഞാനത്തിന്റെയും ധാരകള്‍ ഉയര്‍ന്നുവന്നുവെങ്കിലും, മുഴുവന്‍ ഭാരതത്തെയും പരസ്പരം ബന്ധിപ്പിക്കാന്‍ അവര്‍ ഒരുമിച്ചു നിന്നു.

സുഹൃത്തുക്കളേ,

മഥുര പോലെയുള്ള ഒരു പുണ്യസ്ഥലം ഭക്തി പ്രസ്ഥാനത്തിന്റെ വിവിധ ധാരകളുടെ സംഗമസ്ഥാനമാണ്. മാലൂക്ദാസ്, ചൈതന്യ മഹാപ്രഭു, മഹാപ്രഭു വല്ലഭാചാര്യ, സ്വാമി ഹരിദാസ്, സ്വാമി ഹിത് ഹരിവംശ് പ്രഭു തുടങ്ങി നിരവധി സന്യാസിമാര്‍ ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്! അവര്‍ ഇന്ത്യന്‍ സമൂഹത്തിന് ഒരു പുതിയ അവബോധം കൊണ്ടുവന്നു, അതില്‍ പുതിയ ജീവന്‍ സന്നിവേശിപ്പിച്ചു! ഈ ഭക്തിനിര്‍ഭരമായ യാഗം, ഭഗവാന്‍ ശ്രീകൃഷ്ണന്റെ തുടര്‍ച്ചയായ അനുഗ്രഹങ്ങളാല്‍ ഇന്നും തുടരുന്നു.

എന്റെ കുടുംബാംഗങ്ങളേ,

നമ്മുടെ സന്യാസിമാര്‍ ബ്രജിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് - വൃന്ദാവന്‍ സൌം വന്‍ നഹീം, നന്ദഗാംവ സൌം ഗാംവ. ബംശീവറ്റ് സൗം വട് നഹീം, കൃഷ്ണ നാമം സൗം നാന്‍വ്.' മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വൃന്ദാവനം പോലെ ഒരു പുണ്യവനം മറ്റൊരിടത്തും ഇല്ല. നന്ദഗാവ് പോലെ ഒരു പുണ്യ ഗ്രാമമില്ല. ബന്‍ഷി വട് പോലെ ഒരു ആല്‍മരം ഇല്ല. പിന്നെ കൃഷ്ണന്റേത് പോലെ മംഗളകരമായ മറ്റൊരു നാമവുമില്ല. ബ്രജ് പ്രദേശം ഭക്തിയുടെയും സ്‌നേഹത്തിന്റെയും മാത്രമല്ല, നമ്മുടെ സാഹിത്യം, സംഗീതം, സംസ്‌കാരം, നാഗരികത എന്നിവയുടെ കേന്ദ്രം കൂടിയാണ്. പ്രയാസകരമായ സമയങ്ങളില്‍ പോലും ഈ പ്രദേശം രാജ്യത്തെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എന്നിരുന്നാലും, രാജ്യം സ്വതന്ത്രമായപ്പോള്‍, നിര്‍ഭാഗ്യവശാല്‍, ഈ വിശുദ്ധ തീര്‍ത്ഥാടനത്തിന് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ല. ഭാരതത്തെ അതിന്റെ ഭൂതകാലത്തില്‍ നിന്ന് വേര്‍പെടുത്താന്‍ ആഗ്രഹിച്ചവര്‍ക്കും ഭാരതത്തിന്റെ സംസ്‌കാരത്തോടും ആത്മീയ സ്വത്വത്തോടും നിസ്സംഗത പുലര്‍ത്തിയവര്‍ക്കും സ്വാതന്ത്ര്യത്തിനു ശേഷവും അടിമ മനോഭാവം ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ബ്രജ് ഭൂമിയുടെ വികസനം തന്നെ ഇല്ലാതാക്കി. 

 

സഹോദരീ സഹോദരന്മാരേ,

സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാലില്‍' ആദ്യമായി അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് രാജ്യം ഇന്ന് പുറത്തുകടന്നിരിക്കുന്നു. നമ്മള്‍ ചെങ്കോട്ടയില്‍ നിന്ന് 'പഞ്ചപ്രാണ' പ്രതിജ്ഞയെടുത്തു. നമ്മുടെ പൈതൃകത്തില്‍ അഭിമാനം കൊള്ളിച്ചുകൊണ്ടാണ് നാം മുന്നേറുന്നത്. കാശിയിലെ വിശ്വനാഥന്റെ പുണ്യസ്ഥലം ഇന്ന് അതിമനോഹരമായ രൂപത്തിലാണ് നമ്മുടെ മുന്നിലുള്ളത്. ഇന്ന്, ഉജ്ജയിനിലെ മഹാകാല്‍ മഹാലോകില്‍ നാം മഹത്വത്തോടൊപ്പം ദിവ്യത്വത്തിനും സാക്ഷ്യം വഹിക്കുന്നു. ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ കേദാര്‍നാഥില്‍ അനുഗ്രഹം തേടുന്നു. ഇപ്പോഴിതാ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ തീയതിയും വന്നിരിക്കുന്നു. വികസനത്തിന്റെ ഈ കുതിപ്പിൽ മഥുരയും ബ്രജും ഇനി പിന്നിലാകില്ല. ബ്രജ് മേഖലയിലും പ്രൗഢിയുണ്ടാകുന്ന ദിവസം വിദൂരമല്ല. ബ്രജിന്റെ വികസനത്തിനായി 'ഉത്തര്‍പ്രദേശ് ബ്രജ് തീര്‍ഥ് വികാസ് പരിഷത്ത്' സ്ഥാപിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഭക്തജനങ്ങളുടെ സൗകര്യത്തിനും തീര്‍ഥാടന കേന്ദ്രങ്ങളുടെ വികസനത്തിനുമായി ഈ കൗണ്‍സില്‍ വിവിധ പ്രവൃത്തികൾ ചെയ്തുവരുന്നു. 'ബ്രജ് രാജ് മഹോത്സവ്' പോലുള്ള പരിപാടികളും ഈ മേഖലയുടെ വികസനത്തിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.

സുഹൃത്തുക്കളേ,

ഈ പ്രദേശം മുഴുവന്‍ കൃഷ്ണന്റെ ലീലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മഥുര, വൃന്ദാവന്‍, ഭരത്പൂര്‍, കരൗലി, ആഗ്ര, ഫിറോസാബാദ്, കസ്ഗഞ്ച്, പല്‍വാല്‍, ബല്ലഭ്ഗഡ് തുടങ്ങിയ പ്രദേശങ്ങള്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് കീഴിലാണ്. ഈ പ്രദേശങ്ങൾ മുഴുവന്‍ വികസിപ്പിക്കുന്നതിന് വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ഗവണ്മെന്റ്.

സുഹൃത്തുക്കളേ,

ബ്രജ് മേഖലയിലും രാജ്യത്തും സംഭവിക്കുന്ന മാറ്റങ്ങളും വികസനവും വ്യവസ്ഥിതിയുടെ പരിവര്‍ത്തനം മാത്രമല്ല. അവ നമ്മുടെ രാഷ്ട്രത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വഭാവത്തിന്റെ പ്രതീകമാണ്, അതിന്റെ പുനരുജ്ജീവന ബോധത്തിന്റെ സൂചകമാണ്. ഭാരതത്തിന്റെ പുനരുജ്ജീവനം ഉണ്ടാകുമ്പോഴെല്ലാം, ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹം നിസ്സംശയമായും ഉണ്ടാകുമെന്നതിന്റെ തെളിവാണ് മഹാഭാരതം. ആ അനുഗ്രഹത്തിന്റെ ശക്തിയോടെ, ഞങ്ങള്‍ ഞങ്ങളുടെ തീരുമാനങ്ങള്‍ നിറവേറ്റുകയും ഒരു 'വികസിത് ഭാരത്' സൃഷ്ടിക്കുന്നതിന് വേണ്ട സംഭാവനകൾ നല്‍കുകയും ചെയ്യും. ഒരിക്കല്‍ കൂടി, വിശുദ്ധ മീരാ ബായിയുടെ 525-ാം ജന്മവാര്‍ഷികത്തില്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ ഞാന്‍ അര്‍പ്പിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി!

രാധേ-രാധേ! ജയ് ശ്രീകൃഷ്ണ!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian economy ends 2024 with strong growth as PMI hits 60.7 in December

Media Coverage

Indian economy ends 2024 with strong growth as PMI hits 60.7 in December
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government