നമസ്‌കാരം,
ഇന്നത്തെ റോസ്ഗാര്‍ മേളയില്‍ ഗവണ്‍മെന്റ് സര്‍വീസുകളിലേക്കുള്ള നിയമന കത്തുകള്‍ ലഭിച്ച എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നിങ്ങളെല്ലാവരും കഠിനാധ്വാനത്തിന് ശേഷമാണ് ഈ വിജയം നേടിയത്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണു നിങ്ങളെ തിരഞ്ഞെടുത്തത്; അതിനാല്‍, ഈ വിജയത്തിന് നിങ്ങളുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്.
ഈ ദിവസങ്ങളില്‍ രാജ്യത്തുടനീളം ഗണേശ ചതുര്‍ത്ഥി ആഘോഷം ആഘോഷിക്കുകയാണ്. ഈ ശുഭവേളയില്‍, നിങ്ങളെല്ലാവരും നിങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. വിജയത്തിന്റെ ദേവനാണ് ഗണപതി. സേവനം ചെയ്യാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം രാജ്യത്തിന്റെ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിലേക്ക് നയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ന് നമ്മുടെ രാജ്യം ചരിത്ര നേട്ടങ്ങള്‍ക്കും ചരിത്രപരമായ തീരുമാനങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, രാജ്യത്തെ ജനസംഖ്യയുടെ പകുതി പേര്‍ക്കും നാരി ശക്തി വന്ദന്‍ അധീനിയത്തിന്റെ രൂപത്തില്‍ ശക്തമായ ഉത്തേജനം ലഭിച്ചു. 30 വര്‍ഷമായി മുടങ്ങിക്കിടന്ന വനിതാ സംവരണ വിഷയം റെക്കോര്‍ഡ് വോട്ടോടെയാണ് ഇരുസഭകളും പാസാക്കിയത്.
ഇത് എത്ര വലിയ നേട്ടമാണെന്നു ചിന്തിക്കുക! നിങ്ങളില്‍ ഭൂരിഭാഗവും ജനിക്കാത്ത കാലം മുതലുള്ളതാണ് ഈ ആവശ്യം. രാജ്യത്തെ പുതിയ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിലാണ് ഈ തീരുമാനം. ഒരു തരത്തില്‍ പറഞ്ഞാല്‍, പുതിയ പാര്‍ലമെന്റില്‍ രാജ്യത്തിന്റെ പുതിയ ഭാവി ആരംഭിച്ചിരിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ന്, ഈ റോസ്ഗര്‍ മേളയില്‍, നമ്മുടെ പെണ്‍മക്കള്‍ക്ക് ധാരാളം നിയമന കത്തുകള്‍ ലഭിച്ചു. ഇന്ന്, ഇന്ത്യയുടെ പെണ്‍മക്കള്‍ ബഹിരാകാശ മേഖല മുതല്‍ കായിക മേഖല വരെയായി നിരവധി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. സ്ത്രീശക്തിയുടെ ഈ വിജയത്തില്‍ ഞാന്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന് പുതിയ വാതിലുകള്‍ തുറന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക കൂടിയാണ് ഗവണ്‍മെന്റിന്റെ നയങ്ങള്‍. നമ്മുടെ പെണ്‍മക്കള്‍ ഇപ്പോള്‍ രാജ്യത്തിന്റെ സായുധ സേനയുടെ ഭാഗമാവുക വഴിയും രാജ്യത്തെ സേവിക്കുന്ന പാതയില്‍ മുന്നേറുകയാണ്. സ്ത്രീശക്തി എല്ലാ മേഖലകളിലും പുതിയ ഊര്‍ജത്തോടെ മാറ്റങ്ങള്‍ കൊണ്ടുവന്നത് നാമെല്ലാവരും അനുഭവിച്ചിട്ടുണ്ട്. നമ്മുടെ ജനസംഖ്യയുടെ 50% വരുന്ന ഈ വിഭാഗത്തിനായി ഭരണത്തിന്റെ പുതിയ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തി നിങ്ങള്‍ പ്രവര്‍ത്തിക്കണം.
സുഹൃത്തുക്കളെ,
ഇന്ന്, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ അഭിലാഷങ്ങള്‍ വളരെ ഉയര്‍ന്നതാണ്, നമ്മുടെ സമൂഹത്തിന്റെയും ഗവണ്‍മെന്റിന്റെയും പ്രതീക്ഷകളും വളരെ ഉയര്‍ന്നതാണ്. ഇന്ന് ഈ പുതിയ ഇന്ത്യയുടെ അത്ഭുതകരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും! ദിവസങ്ങള്‍ക്ക് മുമ്പ് ചന്ദ്രനില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ഇന്ത്യയാണിത്. ഈ പുതിയ ഇന്ത്യയുടെ സ്വപ്നങ്ങള്‍ വളരെ ഉയര്‍ന്നതാണ്. 2047-ഓടെ രാജ്യം ഒരു വികസിത രാജ്യമാകാന്‍ തീരുമാനിച്ചു.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നാം മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാന്‍ പോകുന്നു. ഇന്ന് നാട്ടില്‍ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നതിനാല്‍ ഓരോ ഗവണ്‍മെന്റ് ജീവനക്കാരന്റെയും പങ്കു വളരെയധികം വര്‍ദ്ധിക്കാന്‍ പോകുന്നു. നിങ്ങള്‍ എപ്പോഴും പൗരന്‍ ആദ്യമെന്ന മനോഭാവത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയ്‌ക്കൊപ്പം വളര്‍ന്നുവന്ന ഒരു തലമുറയുടെ ഭാഗമാണ് നിങ്ങള്‍. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ലാത്ത കളിപ്പാട്ടങ്ങള്‍ പോലുള്ള ഗാഡ്ജെറ്റുകള്‍ നിങ്ങള്‍ ഉപയോഗിച്ചു.
ഇപ്പോള്‍ നിങ്ങളുടെ ജോലിസ്ഥലത്ത് സാങ്കേതികവിദ്യയുടെ ഈ സൗകര്യം ഉപയോഗിക്കേണ്ടതുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭരണത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന വഴികള്‍ നാം കണ്ടെത്തണം. സാങ്കേതികവിദ്യയിലൂടെ ബന്ധപ്പെട്ട മേഖലകളിലെ നിങ്ങളുടെ കാര്യക്ഷമത എങ്ങനെ മെച്ചപ്പെടുത്താമെന്ന് നിങ്ങള്‍ ആലോചിക്കേണ്ടതുണ്ട്.
സുഹൃത്തുക്കള്‍,
സാങ്കേതിക പരിവര്‍ത്തനം കാരണം ഭരണം എങ്ങനെ എളുപ്പമായെന്ന് നിങ്ങള്‍ കഴിഞ്ഞ 9 വര്‍ഷമായി കണ്ടു. നേരത്തെ റെയില്‍വേ ടിക്കറ്റ് എടുക്കാന്‍ ബുക്കിംഗ് കൗണ്ടറുകളില്‍ നീണ്ട ക്യൂ ആയിരുന്നു. സാങ്കേതികവിദ്യ ഈ പ്രക്രിയ എളുപ്പമാക്കി. ആധാര്‍ കാര്‍ഡ്, ഡിജിറ്റല്‍ ലോക്കര്‍, ഇ-കെവൈസി എന്നിവ ഡോക്യുമെന്റേഷന്റെ സങ്കീര്‍ണ്ണത ഇല്ലാതാക്കി. ഗ്യാസ് സിലിണ്ടര്‍ ബുക്കിംഗ് മുതല്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നത് വരെ ഇപ്പോള്‍ ആപ്പുകള്‍ വഴിയാണ് നടക്കുന്നത്. ഡിബിടി വഴി സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴിലുള്ള ഫണ്ട് നേരിട്ട് ജനങ്ങളുടെ അക്കൗണ്ടില്‍ എത്തുന്നുണ്ട്. ഡിജി യാത്ര ഞങ്ങളുടെ യാത്ര എളുപ്പമാക്കി. അതായത് സാങ്കേതികവിദ്യ അഴിമതി കുറച്ചു, വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു, സങ്കീര്‍ണ്ണത കുറച്ചു, സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു.
ഈ ദിശയില്‍ നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പാവപ്പെട്ടവരുടെ എല്ലാ ആവശ്യങ്ങളും എളുപ്പത്തില്‍ നിറവേറ്റാനും സര്‍ക്കാരിന്റെ എല്ലാ ജോലികളും സാങ്കേതികവിദ്യയിലൂടെ എങ്ങനെ ലളിതമാക്കാനും കഴിയും? ഈ ജോലിക്കായി നിങ്ങള്‍ പുതിയ വഴികളും നൂതനമായ വഴികളും കണ്ടെത്തുകയും അത് മുന്നോട്ട് കൊണ്ടുപോകുകയും വേണം.
സുഹൃത്തുക്കളെ,
കഴിഞ്ഞ 9 വര്‍ഷങ്ങളില്‍, നമ്മുടെ നയങ്ങള്‍ ഇതിലും വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വഴിയൊരുക്കി. നമ്മുടെ നയങ്ങള്‍ ഒരു പുതിയ ചിന്താഗതി, നിരന്തരമായ നിരീക്ഷണം, ദൗത്യമാതൃകയില്‍ നടപ്പിലാക്കല്‍, ബഹുജന പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. 9 വര്‍ഷം കൊണ്ട് ഗവണ്‍മെന്റ് ദൗത്യമാതൃകയില്‍ നയങ്ങള്‍ നടപ്പാക്കി. അത് സ്വച്ഛ് ഭാരത് ആയാലും ജല്‍ ജീവന്‍ മിഷനായാലും ഈ പദ്ധതികളെല്ലാം 100 ശതമാനം പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഗവണ്‍മെന്റിന്റെ എല്ലാ തലങ്ങളിലും പദ്ധതികളുടെ നിരീക്ഷണം നടക്കുന്നുണ്ട്.
പ്രഗതി പ്ലാറ്റ്ഫോമിലൂടെയുള്ള പദ്ധതികളുടെ പുരോഗതി ഞാന്‍ വ്യക്തിപരമായി നിരീക്ഷിക്കുന്നു. ഈ ശ്രമങ്ങള്‍ക്കിടയില്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികള്‍ നടപ്പാക്കാനുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം നിങ്ങളെപ്പോലുള്ള പുതുതായി നിയമിതരായ എല്ലാ ഗവണ്‍മെന്റ് ജീവനക്കാരിലുമാണ്. നിങ്ങളെപ്പോലുള്ള ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ ഗവണ്‍മെന്റ് ജോലിയില്‍ ചേരുമ്പോള്‍, നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ വേഗതയും വ്യാപ്തിയും വര്‍ദ്ധിക്കുന്നു. ഇത് ഗവണ്‍മെന്റിനു പുറത്തും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇതുകൂടാതെ, പുതിയ തൊഴില്‍സംസ്‌കാരം വികസിപ്പിച്ചെടുത്തിട്ടുമുണ്ട്.
സുഹൃത്തുക്കളെ,
ഇന്ന്, ആഗോള സമ്പദ്വ്യവസ്ഥയിലെ വെല്ലുവിളികള്‍ക്കിടയില്‍, ഇന്ത്യയുടെ ജിഡിപി അതിവേഗം വളരുകയാണ്. നമ്മുടെ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും വന്‍ വര്‍ധനവുണ്ടായി. രാജ്യം ആധുനിക അടിസ്ഥാന സൗകര്യങ്ങളില്‍ ആദ്യമായി റെക്കോര്‍ഡ് നിക്ഷേപം നടത്തുകയാണ്. ഇന്ന് രാജ്യത്ത് പുതിയ മേഖലകള്‍ വികസിച്ചുകൊണ്ടിരിക്കുന്നു. പുനരുപയോഗിക്കാവുന്ന ഊര്‍ജം, ജൈവ കൃഷി, പ്രതിരോധം, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ന് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കാണുന്നത്.
മൊബൈല്‍ ഫോണുകള്‍ മുതല്‍ വിമാനവാഹിനിക്കപ്പല്‍ വരെ, കൊറോണ വാക്‌സിന്‍ മുതല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വരെ, ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ശക്തി എല്ലാവരുടെയും മുന്നിലുണ്ട്. 2025-ഓടെ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥ മാത്രം 60,000 കോടി രൂപയായി വളരുമെന്ന് വിശ്വസിക്കപ്പെടുന്നു. അതായത്, ഇന്ന് രാജ്യത്തെ യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങളും തൊഴില്‍ സാധ്യതകളും തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
സുഹൃത്തുക്കളെ,
'ആസാദി കാ അമൃത്കാല'ത്തിന്റെ അടുത്ത 25 വര്‍ഷം പോലെ തന്നെ പ്രധാനപ്പെട്ടതാണ് നിങ്ങളുടെ അടുത്ത 25 വര്‍ഷത്തെ ജോലി. സംഘംചേര്‍ന്നുള്ള പ്രവര്‍ത്തനത്തിനു നിങ്ങള്‍ മുന്‍ഗണന നല്‍കണം. വിജയകരമായി സംഘടിപ്പിച്ച ജി20 മീറ്റിംഗുകള്‍ ഈ മാസം ഈ രാജ്യത്ത് സമാപിച്ചത് നിങ്ങള്‍ കണ്ടു. ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ 60 നഗരങ്ങളിലായി 200-ലധികം യോഗങ്ങള്‍ സംഘടിപ്പിച്ചു.
ഈ സമയത്ത് വിദേശ അതിഥികള്‍ നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തിന്റെ വര്‍ണങ്ങള്‍ കണ്ടു. നമ്മുടെ പാരമ്പര്യവും ദൃഢനിശ്ചയവും ആതിഥ്യമര്യാദയും പ്രതിഫലിപ്പിക്കുന്ന ഒരു സംഭവമായി ജി20 മാറി. പൊതു-സ്വകാര്യ മേഖലകളിലെ വിവിധ വകുപ്പുകളുടെ വിജയം കൂടിയാണ് ജി20 ഉച്ചകോടിയുടെ വിജയം. ഈ പരിപാടിക്കായി എല്ലാവരും ഒരു ടീമായി പ്രവര്‍ത്തിച്ചു. ഇന്ന് നിങ്ങളും ഗവണ്‍മെന്റ് ജീവനക്കാരുടെ ടീം ഇന്ത്യയുടെ ഭാഗമാകാന്‍ പോകുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളെ,
രാജ്യത്തിന്റെ വികസന യാത്രയില്‍ ഗവണ്‍മെന്റുിന്റെ ഭാഗമായി നേരിട്ട് പ്രവര്‍ത്തിക്കാനുള്ള അവസരം നിങ്ങള്‍ക്കെല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ട്. ഈ യാത്രയില്‍ നിങ്ങളുടെ പഠന ശീലം നിലനിര്‍ത്താന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഓണ്‍ലൈന്‍ ലേണിംഗ് പോര്‍ട്ടലായ 'iGoT Karmayogi' വഴി നിങ്ങള്‍ക്ക് ഇഷ്ടമുള്ള കോഴ്‌സുകളില്‍ ചേരാം.
നിങ്ങള്‍ എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. ഇന്ത്യയുടെ ദൃഢനിശ്ചയം ഫലപ്രാപ്തിയിലെത്തിച്ചതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും എന്റെ ആശംസകളും ഹൃദയംഗമമായ അഭിനന്ദനങ്ങളും. നിങ്ങള്‍ സ്വയം പുരോഗമിക്കണം, ഈ 25 വര്‍ഷം നിങ്ങള്‍ക്കും രാജ്യത്തിനും അവകാശപ്പെട്ടതാണ്. അത്തരമൊരു അപൂര്‍വ ചേര്‍ച്ച ഒരാള്‍ക്ക് അപൂര്‍വ്വമായാണു ലഭിക്കുന്നത്. പക്ഷേ നിങ്ങള്‍ക്കത് ലഭിച്ചു.
വരൂ സുഹൃത്തുക്കളേ, നമുക്ക് പ്രതിജ്ഞയെടുത്തു മുന്നോട്ട് പോകാം. രാജ്യത്തിന് വേണ്ടി ജീവിക്കുക; രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക. ഞാന്‍ നിങ്ങള്‍ക്ക് എന്റെ ആശംസകള്‍ നേരുന്നു.
വളരെ നന്ദി.