ഛത്രപതി വീര്‍ ശിവാജി മഹാരാജ് കീ ജയ്!
ഛത്രപതി വീര്‍ സംഭാജി മഹാരാജ് കീ ജയ്!
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ രമേഷ് ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ശ്രീ രാജ്നാഥ് സിംഗ് ജി, ശ്രീ നാരായണ്‍ റാണെ ജി, ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, ശ്രീ അജിത് പവാര്‍ ജി, സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍ ജി, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, എന്റെ നാവികസേനാ സുഹൃത്തുക്കളേ, എന്റെ എല്ലാ കുടുംബാംഗങ്ങളേ!
ഡിസംബര്‍ 4-ലെ ഈ ചരിത്ര ദിനം, സിന്ധുദുര്‍ഗിലെ ഈ ചരിത്ര കോട്ട, മാല്‍വന്‍-തര്‍ക്കര്‍ലിയുടെ ഈ മനോഹരമായ തീരം, ഛത്രപതി വീര്‍ ശിവാജി മഹാരാജിന്റെ മഹത്വമേറിയ മഹത്വം, രാജ്കോട്ട് കോട്ടയില്‍ അദ്ദേഹത്തിന്റെ മഹത്തായ പ്രതിമ അനാച്ഛാദനം ചെയ്യുന്നു, നിങ്ങളുടെ ഊർജ്ജം ഓരോ ഭാരതീയനിലും ആവേശം നിറയ്ക്കുന്നു. ഇത് നിങ്ങള്‍ക്കു വേണ്ടി പറഞ്ഞതാണ്-
चलो नई मिसाल हो, बढ़ो नया कमाल हो,
झुको नही, रुको नही, बढ़े चलो, बढ़े चलो ।
(പുതിയ മാതൃകയുമായി മുന്നോട്ട് പോകുക, അത്ഭുതങ്ങള്‍ ചെയ്തുകൊണ്ട് മുന്നേറുക,
കുനിയരുത്, നിര്‍ത്തരുത്, മുന്നോട്ട് നീങ്ങുക, മുന്നോട്ട് പോകുക.)
നേവി ദിനത്തില്‍ നാവിക കുടുംബത്തിലെ എല്ലാ അംഗങ്ങളേയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. ഈ ദിനത്തില്‍, മാതൃരാജ്യത്തിന് വേണ്ടി പരമമായ ത്യാഗം സഹിച്ച ആ ധീരജവാന്മാരെയും നാം അഭിവാദ്യം ചെയ്യുന്നു.
സുഹൃത്തുക്കളെ ,
ഇന്ന്, സിന്ധുദുര്‍ഗിലെ ഈ യുദ്ധഭൂമിയില്‍ നിന്ന് നാവികസേനാ ദിനത്തില്‍ രാജ്യത്തുള്ളവരെ അഭിനന്ദിക്കുന്നത് തീര്‍ച്ചയായും അഭിമാനകരമാണ്. സിന്ധുദുര്‍ഗിലെ ചരിത്ര കോട്ട കണ്ട് ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു. ഏതൊരു രാജ്യത്തിനും നാവിക ശക്തി എത്ര പ്രധാനമാണെന്ന് ഛത്രപതി വീര്‍ ശിവജി മഹാരാജിന് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ മുദ്രാവാക്യം - ജല്‍മേവ് യസ്യ, ബല്‍മേവ് തസ്യ! അതായത്, 'കടലിനെ നിയന്ത്രിക്കുന്നവന്‍ സര്‍വ്വശക്തനാണ്.' അദ്ദേഹം ശക്തമായ ഒരു നാവികസേന കെട്ടിപ്പടുത്തു. കന്‍ഹോജി ആംഗ്രെ, മായാജി നായിക് ഭട്കര്‍, ഹിരോജി ഇന്ദുല്‍ക്കര്‍ എന്നിങ്ങനെയുള്ള നിരവധി യോദ്ധാക്കള്‍ ഇന്നും നമുക്ക് വലിയ പ്രചോദനമാണ്. ഇന്ന്, നാവികസേനാ ദിനത്തില്‍, രാജ്യത്തിന്റെ അത്തരം ധീരരായ യോദ്ധാക്കളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഛത്രപതി വീര്‍ ശിവാജി മഹാരാജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ന് ഭാരതം അടിമ മനോഭാവം ഉപേക്ഷിച്ച് മുന്നേറുകയാണ്. ഛത്രപതി വീര്‍ ശിവാജി മഹാരാജിന്റെ പൈതൃകത്തിന്റെ ഒരു നേര്‍ക്കാഴ്ച നമ്മുടെ നാവികസേനാ ഉദ്യോഗസ്ഥര്‍ ധരിക്കുന്ന തോള്‍മുദ്രകളിലും കാണാന്‍ പോകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പുതിയ 'തോള്‍മുദ്ര' ഇനി നാവികസേനയുടെ അധികാരചിഹ്നത്തിന് സമാനമായിരിക്കും.
കഴിഞ്ഞ വര്‍ഷം ഛത്രപതി വീര്‍ ശിവാജി മഹാരാജിന്റെ പൈതൃകവുമായി നാവിക പതാകയെ ബന്ധിപ്പിക്കാന്‍ അവസരം ലഭിച്ചത് ഞാന്‍ ഭാഗ്യവാനാണ്. ഛത്രപതി വീര്‍ ശിവാജി മഹാരാജിന്റെ പ്രതിബിംബം 'എപ്പൗലെറ്റുകളിലും' നമുക്കെല്ലാവര്‍ക്കും കാണാം. നമ്മുടെ പൈതൃകത്തിന്റെ അഭിമാനം ഉള്‍ക്കൊണ്ട് , മറ്റൊരു പ്രഖ്യാപനം നടത്താന്‍ കൂടി നടത്തുകയാണ്.. ഇന്ത്യന്‍ നാവികസേന ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ക്ക് അനുസൃതമായി റാങ്കുകള്‍ക്ക് പേരിടാന്‍ പോകുന്നു. സായുധ സേനയിലെ സ്ത്രീകളുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും നാം ഊന്നല്‍ നല്‍കുന്നു. ഒരു നാവിക കപ്പലില്‍ രാജ്യത്തെ ആദ്യത്തെ വനിതാ കമാന്‍ഡിംഗ് ഓഫീസറെ നിയമിച്ചതിന് നാവികസേനയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്നത്തെ ഭാരതം തനിക്കായി വലിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുകയും അവ നേടിയെടുക്കാന്‍ തന്റെ എല്ലാ ശക്തിയും ഉപയോഗിക്കുകയും ചെയ്യുന്നു. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഭാരതത്തിന് എല്ലാ ശേഷിയുമുണ്ട്. 140 കോടി ഇന്ത്യക്കാരുടെ വിശ്വാസത്തില്‍ നിന്നാണ് ഈ ശക്തി. ഈ ശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ശക്തി. ഇന്നലെ രാജ്യത്തെ 4 സംസ്ഥാനങ്ങളില്‍ ഈ ശക്തിയുടെ ഒരു നേര്‍ക്കാഴ്ച നിങ്ങള്‍ കണ്ടു. ജനങ്ങളുടെ പ്രമേയങ്ങള്‍ ഒന്നിക്കുമ്പോള്‍, ജനങ്ങളുടെ വികാരങ്ങള്‍ ഒരുമിച്ചു ചേരുമ്പോള്‍, ജനങ്ങളുടെ അഭിലാഷങ്ങള്‍ ഒത്തുചേരുമ്പോള്‍, നിരവധി നല്ല ഫലങ്ങള്‍ ഉണ്ടാകുന്നത് രാജ്യം കണ്ടു.
വ്യത്യസ്ത സംസ്ഥാനങ്ങള്‍ക്ക് വ്യത്യസ്ത മുന്‍ഗണനകളുണ്ട്; അവരുടെ ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ആദ്യം രാഷ്ട്രത്തിന്റെ ചൈതന്യത്താല്‍ ഉത്തേജിതമാണ്. ഞങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ്; രാജ്യം പുരോഗതി പ്രാപിച്ചാല്‍ നമ്മളും പുരോഗമിക്കും; ഓരോ പൗരനും ഇന്ന് ഈ മനോഭാവം പുലര്‍ത്തുന്നു. ഇന്ന്, രാജ്യം ചരിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ശോഭനമായ ഭാവിക്കായി ഒരു റോഡ്മാപ്പ് തയ്യാറാക്കുന്ന തിരക്കിലാണ്. നിഷേധാത്മക രാഷ്ട്രീയത്തെ പരാജയപ്പെടുത്തി എല്ലാ മേഖലയിലും മുന്നേറാന്‍ ജനങ്ങള്‍ പ്രതിജ്ഞയെടുത്തു. ഈ പ്രതിജ്ഞ നമ്മെ ഒരു വികസിത ഭാരതത്തിലേക്ക് നയിക്കും. ഈ പ്രതിജ്ഞ രാജ്യത്തിന്റെ അഭിമാനവും മഹത്വവും തിരികെ കൊണ്ടുവരും, അത് എല്ലായ്‌പ്പോഴും അര്‍ഹിക്കുന്നു.
സുഹൃത്തുക്കളേ,
ഭാരതത്തിന്റെ ചരിത്രം ആയിരം വര്‍ഷത്തെ അടിമത്തത്തിന്റെ ചരിത്രമല്ല; അത് പരാജയത്തിന്റെയും നിരാശയുടെയും ചരിത്രമല്ല. ഭാരതത്തിന്റെ ചരിത്രം വിജയത്തിന്റെ ചരിത്രമാണ്. ഭാരതത്തിന്റെ ചരിത്രം ധീരതയുടെ ചരിത്രമാണ്. ഭാരതത്തിന്റെ ചരിത്രം അറിവിന്റെയും ശാസ്ത്രത്തിന്റെയും ചരിത്രമാണ്. കലയുടെയും സൃഷ്ടിപരമായ കഴിവുകളുടെയും ചരിത്രമാണ് ഭാരതത്തിന്റെ ചരിത്രം. ഭാരതത്തിന്റെ ചരിത്രം നമ്മുടെ നാവിക ശക്തിയുടെ ചരിത്രമാണ്. നൂറുകണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്നത്തെപ്പോലെ സാങ്കേതിക വിദ്യയോ വിഭവങ്ങളോ ലഭ്യമല്ലാതിരുന്ന കാലത്ത്, കടല്‍ വീണ്ടെടുത്ത് സിന്ധുദുര്‍ഗ് പോലെയുള്ള നിരവധി കോട്ടകള്‍ ഞങ്ങള്‍ നിര്‍മ്മിച്ചു.
ഭാരതത്തിന്റെ സമുദ്രസാധ്യതയ്ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഗുജറാത്തിലെ ലോത്തലില്‍ കണ്ടെത്തിയ സിന്ധുനദീതട സംസ്‌കാരത്തിന്റെ തുറമുഖം ഇന്ന് നമ്മുടെ ഏറ്റവും വലിയ പൈതൃകമാണ്. ഒരു കാലത്ത് 80-ലധികം രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ സൂറത്ത് തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. ഭാരതത്തിന്റെ ഈ കടല്‍ ശക്തിയുടെ അടിസ്ഥാനത്തില്‍ ചോള സാമ്രാജ്യം തെക്കുകിഴക്കന്‍ ഏഷ്യയിലെ പല രാജ്യങ്ങളിലും വ്യാപാരം വ്യാപിപ്പിച്ചു.
അതിനാല്‍, വിദേശ ശക്തികള്‍ ഭാരതത്തെ ആക്രമിച്ചപ്പോള്‍, അവര്‍ ആദ്യം ലക്ഷ്യമിട്ടത് നമ്മുടെ രാജ്യത്തിന്റെ ഈ പ്രത്യേക ശക്തിയാണ്. ബോട്ടുകളും കപ്പലുകളും നിര്‍മ്മിക്കുന്നതില്‍ ഭാരതം പ്രശസ്തമായിരുന്നു. ആക്രമണം ഈ കലയേയും ഈ കഴിവിനേയും എല്ലാം നശിപ്പിച്ചു. കടലിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍, നമ്മുടെ തന്ത്രപരമായ-സാമ്പത്തിക ശക്തിയും നഷ്ടപ്പെട്ടു.
അതുകൊണ്ട് ഇന്ന് ഭാരതം വികസനത്തിലേക്ക് നീങ്ങുമ്പോള്‍ നമുക്ക് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇന്ന് നമ്മുടെ സര്‍ക്കാരും അതുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഇന്ന് ഭാരതം ബ്ലൂ എക്കണോമിക്ക് അഭൂതപൂര്‍വമായ ഉത്തേജനം നല്‍കുന്നു. ഇന്ന് ഭാരതം 'സാഗര്‍മാല'യുടെ കീഴില്‍ തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇന്ന്, 'മാരിടൈം വിഷന്‍' പ്രകാരം, ഭാരതം അതിന്റെ സമുദ്രങ്ങളുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിലേക്ക് അതിവേഗം നീങ്ങുകയാണ്. മര്‍ച്ചന്റ് ഷിപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് പുതിയ നിയമങ്ങളും രൂപീകരിച്ചിട്ടുണ്ട്. ഗവണ്‍മെന്റിന്റെ ശ്രമഫലമായി, കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ നാവികരുടെ എണ്ണത്തിലും 140 ശതമാനത്തിലധികം വര്‍ധനയുണ്ടായി.
എന്റെ സുഹൃത്തുക്കളേ,
ഇത് അഞ്ചോ പത്തോ വര്‍ഷത്തെ മാത്രമല്ല, വരും നൂറ്റാണ്ടുകളുടെ ഭാവി എഴുതാന്‍ പോകുന്ന ഭാരതത്തിന്റെ ചരിത്രത്തിന്റെ കാലഘട്ടമാണ്, 10 വര്‍ഷത്തില്‍ താഴെയുള്ള കാലയളവില്‍, ഭാരതം ലോകത്തിലെ 10-ാമത്തെ സാമ്പത്തിക ശക്തിയില്‍ നിന്ന് അഞ്ചാമത്തെ സ്ഥാനത്തേക്ക് മാറി. ഇപ്പോള്‍ ഭാരതം മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇന്ന് രാജ്യം വിശ്വാസവും ആത്മവിശ്വാസവും നിറഞ്ഞതാണ്. ഭാരതത്തില്‍ ഒരു ആഗോള സഖ്യകക്ഷിയുടെ ഉദയം ഇന്ന് ലോകം കാണുന്നു. ഇന്ന്, അത് ബഹിരാകാശമായാലും കടലായാലും, ലോകം എല്ലായിടത്തും ഭാരതത്തിന്റെ സാധ്യതകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ഇന്ന് ലോകം മുഴുവന്‍ സംസാരിക്കുന്നത് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെക്കുറിച്ചാണ്. പണ്ട് നമുക്ക് നഷ്ടപ്പെട്ട സ്‌പൈസ് റൂട്ട് ഇപ്പോള്‍ വീണ്ടും ഭാരതത്തിന്റെ അഭിവൃദ്ധിയുടെ ശക്തമായ അടിത്തറയായി മാറാന്‍ പോകുന്നു. ഇന്ന് ലോകമെമ്പാടും 'മെയ്ഡ് ഇന്‍ ഇന്ത്യ' ചര്‍ച്ച ചെയ്യപ്പെടുകയാണ്. തേജസ് വിമാനമായാലും കിസാന്‍ ഡ്രോണായാലും യുപിഐ സംവിധാനമായാലും ചന്ദ്രയാന്‍ 3 ആയാലും 'മെയ്ഡ് ഇന്‍ ഇന്ത്യ' എല്ലായിടത്തും എല്ലാ മേഖലയിലും വ്യാപിക്കുന്നു. ഇന്ന് നമ്മുടെ സൈന്യത്തിന്റെ മിക്ക ആവശ്യങ്ങളും നിര്‍വ്വഹിക്കുന്നത് 'മെയ്ഡ് ഇന്‍ ഇന്ത്യ' ആയുധങ്ങളാണ്. രാജ്യത്ത് ആദ്യമായാണ് ഗതാഗത വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നാവികസേനയില്‍ ഐഎന്‍എസ് വിക്രാന്ത് എന്ന തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ കമ്മീഷന്‍ ചെയ്തിരുന്നു. 'മേക്ക് ഇന്‍ ഇന്ത്യ'യുടെയും ആത്മനിര്‍ഭര്‍ ഭാരതിന്റെയും ശക്തമായ ഉദാഹരണമാണ് ഐഎന്‍എസ് വിക്രാന്ത്. അത്തരം കഴിവുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ന് ഭാരതം.
സുഹൃത്തുക്കളേ,
കാലക്രമേണ, മുന്‍ ഗവണ്‍മെന്റുകളുടെ മറ്റൊരു പഴയ ചിന്ത നാം മാറ്റി. അതിര്‍ത്തി പ്രദേശങ്ങളിലെയും കടല്‍ത്തീരങ്ങളിലെയും ഗ്രാമങ്ങളെയാണ് മുന്‍ സര്‍ക്കാരുകള്‍ അവസാന ഗ്രാമങ്ങളായി കണക്കാക്കിയിരുന്നത്. നമ്മുടെ പ്രതിരോധ മന്ത്രി ഇപ്പോഴേ സൂചിപ്പിച്ചു. ഈ ചിന്താഗതി മൂലം നമ്മുടെ തീരപ്രദേശങ്ങളുടെ വികസനം ഇല്ലാതായി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉണ്ടായിരുന്നു. തീരദേശത്ത് താമസിക്കുന്ന ഓരോ കുടുംബത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് ഇന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണന.
2019-ല്‍ ആദ്യമായി മത്സ്യമേഖലയ്ക്ക് പ്രത്യേക മന്ത്രാലയം രൂപീകരിച്ചത് ഞങ്ങളുടെ സര്‍ക്കാരാണ്. മത്സ്യമേഖലയില്‍ 40,000 കോടിയോളം രൂപ ഞങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്. തല്‍ഫലമായി, 2014 മുതല്‍ ഭാരതത്തിലെ മത്സ്യോത്പാദനം 80 ശതമാനത്തിലധികം വര്‍ദ്ധിച്ചു. ഭാരതത്തില്‍ നിന്നുള്ള മത്സ്യ കയറ്റുമതിയും 110 ശതമാനത്തിലധികം വര്‍ദ്ധിച്ചു. മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. നമ്മുടെ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ 2 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി.
രാജ്യത്ത് ആദ്യമായി മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യം ലഭിച്ചു. മത്സ്യമേഖലയിലെ മൂല്യശൃംഖല വികസനത്തിനും സര്‍ക്കാര്‍ വലിയ ഊന്നല്‍ നല്‍കുന്നുണ്ട്. ഇന്ന് സാഗര്‍മാല പദ്ധതിയിലൂടെ കടല്‍ തീരത്തുടനീളം ആധുനിക കണക്റ്റിവിറ്റിക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. ലക്ഷക്കണക്കിന് കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്, അതിനാല്‍ തീരദേശത്ത് പുതിയ വ്യവസായങ്ങളും പുതിയ ബിസിനസുകളും വരുന്നു.
മത്സ്യമായാലും മറ്റ് സമുദ്രവിഭവങ്ങളായാലും ലോകമെമ്പാടും ഇതിന് ആവശ്യക്കാരേറെയാണ്. അതിനാല്‍, മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് സമുദ്രവിഭവ സംസ്‌കരണവുമായി ബന്ധപ്പെട്ട വ്യവസായത്തിന് നാം ഊന്നല്‍ നല്‍കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടലില്‍ മത്സ്യം പിടിക്കാന്‍ കഴിയുന്ന തരത്തില്‍ ബോട്ടുകള്‍ നവീകരിക്കുന്നതിനുള്ള സഹായവും നല്‍കുന്നുണ്ട്.
സുഹൃത്തുക്കളേ,
കൊങ്കണിലെ ഈ പ്രദേശം അതിശയകരമായ സാധ്യതകളുള്ള ഒരു മേഖലയാണ്. ഈ പ്രദേശത്തിന്റെ വികസനത്തിനായി നമ്മുടെ സര്‍ക്കാര്‍ പൂര്‍ണ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു. സിന്ധുദുര്‍ഗ്, രത്‌നഗിരി, അലിബാഗ്, പര്‍ഭാനി, ധാരാശിവ് എന്നിവിടങ്ങളിലാണ് മെഡിക്കല്‍ കോളേജുകള്‍ തുറന്നത്. ചിപ്പി വിമാനത്താവളം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്. ഡല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴി മാങ്കോണുമായി ബന്ധിപ്പിക്കാന്‍ പോകുന്നു.
ഇവിടുത്തെ കശുവണ്ടി കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ജനവാസ മേഖലകളുടെ സംരക്ഷണത്തിനാണ് ഞങ്ങളുടെ മുന്‍ഗണന. ഇതിനായി കണ്ടല്‍ക്കാടുകളുടെ വിസ്തൃതി വിപുലീകരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നു. ഇതിനായി പ്രത്യേക മിഷ്തി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് കീഴില്‍, മഹാരാഷ്ട്രയിലെ മാല്‍വന്‍, ആചാര-രത്നഗിരി, ദിയോഗര്‍-വിജയദുര്‍ഗ് തുടങ്ങി നിരവധി സ്ഥലങ്ങള്‍ കണ്ടല്‍ പരിപാലനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
സുഹൃത്തുക്കളേ,
പൈതൃകവും വികസനവും - ഇതാണ് വികസിത ഭാരതത്തിലേക്കുള്ള നമ്മുടെ പാത. അതിനാല്‍, ഈ പ്രദേശത്തും നമ്മുടെ മഹത്തായ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് നടക്കുന്നു. ഛത്രപതി വീര്‍ ശിവാജി മഹാരാജിന്റെ കാലത്ത് നിര്‍മ്മിച്ച കോട്ടകള്‍ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തീരുമാനിച്ചു. കൊങ്കണ്‍ ഉള്‍പ്പെടെയുള്ള മഹാരാഷ്ട്രയിലെ ഈ പൈതൃകങ്ങളുടെ സംരക്ഷണത്തിനായി നൂറുകണക്കിന് കോടി രൂപയാണ് ചെലവഴിക്കുന്നത്. നമ്മുടെ ഈ മഹത്തായ പൈതൃകം കാണാന്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് നമ്മുടെ ശ്രമം. ഇത് ഈ മേഖലയില്‍ ടൂറിസം വികസിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങളും സ്വയം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
നാം ഇവിടെ നിന്ന് വികസിത ഭാരതത്തിലേക്കുള്ള യാത്ര ത്വരിതപ്പെടുത്തണം; സുരക്ഷിതവും സമൃദ്ധവും ശക്തവുമായൊരു വികസിത ഭാരതമാകാന്‍ നമ്മുടെ രാജ്യത്തിന് കഴിയും. സുഹൃത്തുക്കളേ, പൊതുവെ കരസേനാ ദിനം, വ്യോമസേന ദിനം, നാവികസേന ദിനം - ഈ അവസരങ്ങള്‍ ഡല്‍ഹിയില്‍ ആഘോഷിക്കപ്പെടുന്നു. ഡല്‍ഹിക്ക് ചുറ്റുമുള്ള ആളുകള്‍ ഇതിന്റെ ഭാഗമായിരുന്നു, മിക്ക പരിപാടികളും അതിന്റെ തലവന്മാരുടെ വീടുകളുടെ പുല്‍ത്തകിടിയിലായിരുന്നു. ആ പാരമ്പര്യം ഞാന്‍ മാറ്റി. കരസേനാ ദിനമായാലും നാവികസേനാ ദിനമായാലും വ്യോമസേനാ ദിനമായാലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത് ആഘോഷിക്കണമെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നാവികസേനയുടെ ഉത്ഭവസ്ഥാനമായ ഈ പുണ്യഭൂമിയിലാണ് ഇത്തവണ നേവി ദിനം ആചരിക്കുന്നത്.
ഇതു കാരണം കഴിഞ്ഞ ആഴ്ച മുതല്‍ ആയിരക്കണക്കിന് ആളുകള്‍ ഇവിടേക്കെത്തുകയാണ്. ഇനി ഈ പ്രദേശത്തെക്കുറിച്ച് രാജ്യത്തെ ജനങ്ങളുടെ ആകര്‍ഷണം വര്‍ദ്ധിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. സിന്ധു കോട്ടയിലേക്ക് ഒരു തീര്‍ത്ഥാടന മനോഭാവം ഉയരും. യുദ്ധരംഗത്ത് ഛത്രപതി ശിവാജി മഹാരാജ് എത്ര വലിയ സംഭാവനയാണ് നല്‍കിയത്. ഇന്ന് നാം അഭിമാനിക്കുന്ന നാവികസേനയുടെ ഉത്ഭവം ഛത്രപതി ശിവജി മഹാരാജില്‍ നിന്നാണ്. എല്ലാ രാജ്യക്കാരും ഇതില്‍ അഭിമാനിക്കും.
അതിനാല്‍, ഈ പരിപാടിക്ക് ഇത്തരമൊരു വേദി തിരഞ്ഞെടുത്തതിന് നാവികസേനയിലെ എന്റെ സുഹൃത്തുക്കളെയും നമ്മുടെ പ്രതിരോധ മന്ത്രിയെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. ഈ ക്രമീകരണങ്ങളെല്ലാം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, പക്ഷേ ധാരാളം ആളുകള്‍ പങ്കെടുക്കുന്നതിനാല്‍ ഈ സ്ഥലവും പ്രയോജനകരമാണ്, വിദേശത്ത് നിന്നുള്ള നിരവധി അതിഥികളും ഇന്ന് ഇവിടെയുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഛത്രപതി ശിവാജി മഹാരാജ് ആരംഭിച്ച നാവികസേന എന്ന സങ്കല്‍പം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ അവര്‍ക്ക് പുതിയതായിരിക്കും.
ഇന്ന് ജി-20 ഉച്ചകോടിക്കിടെ, ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം മാത്രമല്ല, ജനാധിപത്യത്തിന്റെ മാതാവ് കൂടിയാണ് എന്ന വസ്തുതയിലേക്ക് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടുവെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതുപോലെ, ഈ നാവികസേന എന്ന സങ്കല്‍പ്പത്തിന് ജന്മം നല്‍കിയതും അതിന് ശക്തി നല്‍കിയതും ഭാരതമാണെന്ന് ഇന്ന് ലോകം അംഗീകരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ സന്ദര്‍ഭം ലോക വേദിയിലും ഒരു പുതിയ ചിന്ത സൃഷ്ടിക്കാന്‍ പോകുന്നു.
ഇന്ന് ഒരിക്കല്‍ കൂടി, നാവികസേനാ ദിനത്തില്‍, രാജ്യത്തെ എല്ലാ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യവാസികള്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. നിങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് ഒരിക്കല്‍ എന്നോടു ഉറക്കെ പറയൂ -
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!