ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ശ്രീ ദേവവ്രത് ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഗുജറാത്ത് സംസ്ഥാന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റ് ശ്രീ സി ആര്‍ പാട്ടീല്‍, കൂടാതെ എല്ലാ ബഹുമാന്യ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, മന്ത്രിമാര്‍;പ്രാദേശിക പാര്‍ലമെന്റ് അംഗങ്ങളുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ രാജ്യത്തുടനീളം 700 ലധികം സ്ഥലങ്ങളില്‍ ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത് ഞാന്‍ സ്‌ക്രീനില്‍ കാണുന്നു. ഒരുപക്ഷെ ഭാരതത്തിന്റെ എല്ലാ കോണുകളിലും വ്യാപിച്ചുകിടക്കുന്ന ഇത്രയും വലിയൊരു സംഭവം റെയില്‍വേയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. 100 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ഈ മഹത്തായ സംഭവത്തിന് റെയില്‍വേയെ ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
'വികസിത ഭാരതത്തിനായുള്ള പുതിയ നിര്‍മ്മാണത്തിന്റെ തുടര്‍ച്ചയായ വിപുലീകരണം നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിലും പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നു, പുതിയ പദ്ധതികള്‍ ആരംഭിക്കുന്നു. ഞാന്‍ 2024-നെക്കുറിച്ച് പറയുകയാണെങ്കില്‍, അതായത് ഏകദേശം 75 ദിവസങ്ങള്‍, 2024 ലെ ഈ ഏകദേശം 75 ദിവസങ്ങളില്‍, 11 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങുകളും നടന്നു. കഴിഞ്ഞ 10-12 ദിവസങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ 7 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങുകളും നടന്നു. ഇന്ന്, 'വികസിത ഭാരതം' എന്ന ദിശയില്‍ രാജ്യം വളരെ സുപ്രധാനമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ഈ പരിപാടിയില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇപ്പോള്‍ നടന്നു.
നോക്കൂ, ഇന്ന് രാജ്യത്തിന് 85,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ റെയില്‍വേക്ക് വേണ്ടി മാത്രമാണ് ലഭിച്ചത്. ഇതൊക്കെയാണെങ്കിലും എനിക്ക് സമയക്കുറവുണ്ട്. വികസനത്തിന്റെ വേഗത കുറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഇന്ന് റെയില്‍വേയുടെ പരിപാടികളിലേക്ക് മറ്റൊരു പരിപാടി ചേര്‍ത്തിരിക്കുന്നത് - പെട്രോളിയം മേഖല. ഗുജറാത്തിലെ ദഹേജില്‍ 20,000 കോടിയിലേറെ രൂപ ചെലവില്‍ നിര്‍മിക്കുന്ന പെട്രോകെമിക്കല്‍ കോംപ്ലക്സിന്റെ ശിലാസ്ഥാപന ചടങ്ങും നടന്നു. ഹൈഡ്രജന്‍ ഉല്‍പാദനത്തില്‍ മാത്രമല്ല, രാജ്യത്തെ പോളിപ്രൊഫൈലിന്‍ ആവശ്യകത നിറവേറ്റുന്നതിലും ഈ പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കും. ഇന്ന് ഗുജറാത്തിലും മഹാരാഷ്ട്രയിലും ഏകതാ മാളുകളുടെ തറക്കല്ലിട്ടു. ഈ ഏകതാ മാളുകള്‍ ഭാരതത്തിന്റെ സമൃദ്ധമായ കുടില്‍ വ്യവസായത്തിന്റെ ദൗത്യം, കരകൗശലവസ്തുക്കള്‍, പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടിയുള്ള പ്രചാരണം എന്നിവ രാജ്യത്തിന്റെ എല്ലാ മുക്കുമൂലകളിലേക്കും കൊണ്ടുപോകാന്‍ സഹായിക്കും, കൂടാതെ 'ഏകഭാരതം, ശ്രേഷ്ഠ ഭാരതം' എന്നതിന്റെ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യും.
ഈ പദ്ധതികള്‍ക്ക് രാജ്യത്തെ പൗരന്മാരെ ഞാന്‍ അഭിനന്ദിക്കുന്നു. എന്റെ യുവ സഹപ്രവര്‍ത്തകരോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഭാരതം ഒരു യുവ രാജ്യമാണ്, രാജ്യത്ത് ധാരാളം യുവാക്കള്‍ താമസിക്കുന്നു. ഇന്ന് നടക്കുന്ന ഉദ്ഘാടനങ്ങള്‍ നിങ്ങളുടെ വര്‍ത്തമാനകാലത്തിനാണെന്നും, തറക്കല്ലിടല്‍ ചടങ്ങുകള്‍ നിങ്ങള്‍ക്ക് ശോഭനമായ ഭാവി ഉറപ്പാക്കുമെന്നും എന്റെ യുവ സഹപ്രവര്‍ത്തകരോട് ഞാന്‍ പ്രത്യേകിച്ച് പറയാന്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യാനന്തരം, ഗവണ്‍മെന്റുകള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. അതിന്റെ ഫലമായി ഇന്ത്യന്‍ റെയില്‍വേയ്ക്ക് വലിയ നഷ്ടമുണ്ടായി. 2014-ന് മുമ്പുള്ള 25-30 റെയില്‍ ബജറ്റുകള്‍ നോക്കൂ. റെയില്‍വേ മന്ത്രിമാര്‍ പാര്‍ലമെന്റില്‍ എന്താണ് പറഞ്ഞത്? ചില ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ വാഗ്ദാനം ചെയ്യും. ഒരു ട്രെയിനില്‍ 6 കോച്ചുകള്‍ ഉണ്ടെങ്കില്‍, അത് 8 ആക്കും. പാര്‍ലമെന്റിലും അത്തരം പ്രഖ്യാപനങ്ങളില്‍ അംഗങ്ങള്‍ കൈയടിക്കും. സ്റ്റോപ്പ് അനുവദിച്ചോ ഇല്ലയോ എന്നത് മാത്രമായിരുന്നു അവരുടെ ആശങ്ക. എന്റെ സ്റ്റേഷനില്‍ എത്തുന്ന ട്രെയിന്‍ നീട്ടിയിട്ടുണ്ടോ ഇല്ലയോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചിന്താഗതി ഇതായിരുന്നെങ്കില്‍ രാജ്യത്തിന്റെ സ്ഥിതി എന്താകും? ഞാന്‍ ആദ്യം ചെയ്തത് റെയില്‍വേയ്ക്കായി പ്രത്യേക ബജറ്റ് എന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെ ബജറ്റുമായി സംയോജിപ്പിക്കുക എന്നതാണ്, ഇത് കേന്ദ്ര ഗവണ്‍മെന്റിന്റെ ബജറ്റില്‍ നിന്നുള്ള ഫണ്ട് റെയില്‍വേയുടെ വികസനത്തിനായി നീക്കിവയ്ക്കാന്‍ കാരണമായി.
കഴിഞ്ഞ ദിവസങ്ങളില്‍, സമയത്തിന്റെ പരിമിതി നാം കണ്ടു; നിങ്ങള്‍ ഇവിടുത്തെ അവസ്ഥ കണ്ടല്ലോ. പ്ലാറ്റ്ഫോമില്‍ ഏത് ട്രെയിനാണ് ഉള്ളതെന്ന് അറിയാനല്ല ആളുകള്‍ സ്റ്റേഷനിലേക്ക് പോകുന്നത്; എത്ര വൈകിയെന്ന് ആളുകള്‍ കാണാനാണ്. ഇതായിരുന്നു പതിവ്; അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു. ട്രെയിന്‍ എത്ര വൈകിയെന്നറിയാന്‍ ഒരാള്‍ സ്റ്റേഷനില്‍ പോകണം. അവര്‍ ബന്ധുക്കളോട് പറയും, 'അവിടെ നില്‍ക്കൂ, ട്രെയിന്‍ എപ്പോള്‍ വരുമെന്ന് ആര്‍ക്കറിയാം, ഇല്ലെങ്കില്‍ വീട്ടില്‍ നിന്ന് വീണ്ടും വരേണ്ടിവരും' ഇതൊക്കെ പണ്ട് നടന്നിരുന്നു. ശുചിത്വം, സുരക്ഷ, സൗകര്യം, എല്ലാം യാത്രക്കാരന്റെ വിധിക്ക് വിട്ടുകൊടുത്തു.
2014-ല്‍, പത്ത് വര്‍ഷം മുമ്പ്, നമ്മുടെ രാജ്യത്ത്, തലസ്ഥാനങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ റെയില്‍വേയുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ആറ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുണ്ടായിരുന്നു. 2014-ല്‍ രാജ്യത്ത് 10,000-ത്തിലധികം റെയില്‍വേ ക്രോസിംഗുകള്‍ ഉണ്ടായിരുന്നു, അവ കൈകാര്യം ചെയ്യാന്‍ ആരുമില്ലായിരുന്നു, അപകടങ്ങള്‍ പതിവായി സംഭവിക്കുന്നു. അതുമൂലം നമ്മുടെ കഴിവുള്ള കുട്ടികളെ, യുവത്വത്തെ നമുക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു.
2014-ഓടെ രാജ്യത്ത് 35 ശതമാനം റെയില്‍വേ ലൈനുകള്‍ മാത്രമാണ് വൈദ്യുതീകരിച്ചത്. റെയില്‍വേ ലൈനുകള്‍ ഇരട്ടിപ്പിക്കുന്നതും മുന്‍ ഗവണ്‍മെന്റുകള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ആരാണ് ബുദ്ധിമുട്ടുകള്‍ സഹിച്ചത്? ആരാണ് പ്രശ്‌നങ്ങള്‍ നേരിട്ടത്? നമ്മുടെ രാജ്യത്തെ സാധാരണക്കാരന്‍, ഇടത്തരം കുടുംബങ്ങള്‍, ഭാരതത്തിലെ ചെറുകിട കര്‍ഷകര്‍, ഭാരതത്തിന്റെ ചെറുകിട സംരംഭകര്‍; റെയില്‍വേ റിസര്‍വേഷനുകളുടെ അവസ്ഥ ഓര്‍ക്കുക! നീണ്ട ക്യൂ, ബ്രോക്കറേജ്, കമ്മീഷന്‍, മണിക്കൂറുകളുടെ കാത്തിരിപ്പ്! ആളുകളും അവരുടെ വിധിയോട് രാജിയായി, രണ്ടോ നാലോ മണിക്കൂര്‍ യാത്ര സഹിക്കാമെന്ന് കരുതി. ഇതായിരുന്നു ജീവിതം. പിന്നെ, ഞാന്‍ എന്റെ ജീവിതം ആരംഭിച്ചത് റെയില്‍വേ ട്രാക്കില്‍ നിന്നാണ്. അതുകൊണ്ട് റെയില്‍വേയുടെ അവസ്ഥ എന്താണെന്ന് എനിക്ക് നന്നായി അറിയാം.
സുഹൃത്തുക്കളേ,
ഇന്ത്യന്‍ റെയില്‍വേയെ ആ നരകാവസ്ഥയില്‍ നിന്ന് കരകയറ്റാന്‍ നമ്മുടെ ഗവണ്‍മെന്റ് കാണിച്ച ദൃഢനിശ്ചയം ആവശ്യമാണ്. ഇപ്പോള്‍ റെയില്‍വേയുടെ വികസനം ഗവണ്‍മെന്റിന്റെ പ്രധാന മുന്‍ഗണനകളിലൊന്നാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, 2014-നെ അപേക്ഷിച്ച് ശരാശരി റെയില്‍വേ ബജറ്റ് ഞങ്ങള്‍ ആറ് മടങ്ങ് വര്‍ധിപ്പിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ അവര്‍ക്ക് സങ്കല്‍പ്പിക്കാനാകാത്ത പരിവര്‍ത്തനം ഉണ്ടാകുമെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നു. ഈ നിശ്ചയദാര്‍ഢ്യത്തിന്റെ ജീവിക്കുന്ന തെളിവാണ് ഇന്നത്തെ ദിനം. ഏതുതരം രാജ്യം വേണമെന്നും ഏതുതരം റെയില്‍വേ വേണമെന്നും രാജ്യത്തെ യുവാക്കള്‍ തീരുമാനിക്കും. ഈ 10 വര്‍ഷത്തെ അധ്വാനം വെറും ട്രെയിലര്‍ മാത്രം; എനിക്ക് ഇനിയും പോകണം. ഇന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ അവതരിപ്പിച്ചു. ഇതോടൊപ്പം രാജ്യത്ത് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകളുടെ സെഞ്ചുറി തികച്ചു. വന്ദേ ഭാരത് ട്രെയിനുകളുടെ ശൃംഖല ഇപ്പോള്‍ രാജ്യത്തെ 250 ലധികം ജില്ലകളിലേക്ക് എത്തിയിട്ടുണ്ട്. ജനവികാരം മാനിച്ച് ഗവണ്‍മെന്റ് വന്ദേഭാരത് ട്രെയിനുകളുടെ റൂട്ടുകള്‍ തുടര്‍ച്ചയായി വികസിപ്പിക്കുകയാണ്. അഹമ്മദാബാദ്-ജാംനഗര്‍ വന്ദേ ഭാരത് ട്രെയിന്‍ ഇനി ദ്വാരകയിലേക്ക് പോകും. ഞാന്‍ അടുത്തിടെ ദ്വാരക സന്ദര്‍ശിക്കുകയും അവിടെ മുങ്ങിക്കുളിക്കുകയും ചെയ്തു. അജ്മീര്‍-ഡല്‍ഹി സരായ് രോഹില്ല വന്ദേ ഭാരത് എക്സ്പ്രസ് ഇനി ചണ്ഡീഗഡ് വരെ പോകും. ഗോരഖ്പൂര്‍-ലക്നൗ വന്ദേ ഭാരത് എക്സ്പ്രസ് ഇനി പ്രയാഗ്രാജ് വരെ പോകും. ഇത്തവണ കുംഭമേള നടക്കാന്‍ പോകുന്നതിനാല്‍ അതിന്റെ പ്രാധാന്യം ഇനിയും കൂടും. തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടി.
സുഹൃത്തുക്കളേ,
ലോകമെമ്പാടും നാം എവിടെ നോക്കിയാലും, അഭിവൃദ്ധി പ്രാപിച്ച, വ്യാവസായികമായി പ്രാപ്തമായ രാജ്യങ്ങളില്‍, റെയില്‍വേ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതിനാല്‍, റെയില്‍വേയുടെ പരിവര്‍ത്തനം ഒരു 'വികസിത ഭാരതം' എന്ന ഉറപ്പ് കൂടിയാണ്. അഭൂതപൂര്‍വമായ പരിഷ്‌കാരങ്ങളാണ് ഇന്ന് റെയില്‍വേയില്‍ നടക്കുന്നത്. ദ്രുതഗതിയിലുള്ള പുതിയ റെയില്‍പ്പാതകളുടെ നിര്‍മ്മാണം, 1300 ലധികം റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം, വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് തുടങ്ങിയ പുതുതലമുറ ട്രെയിനുകള്‍, ആധുനിക റെയില്‍വേ എഞ്ചിനുകള്‍, കോച്ച് ഫാക്ടറികള്‍ - ഇതെല്ലാം 21ാം നൂറ്റാണ്ടിന് ഇന്ത്യന്‍ റെയില്‍വേയുടെ പ്രതിച്ഛായ മാറ്റുന്നു.
സുഹൃത്തുക്കളേ,
ഗതി ശക്തി കാര്‍ഗോ ടെര്‍മിനല്‍ നയത്തിന് കീഴില്‍, കാര്‍ഗോ ടെര്‍മിനലുകളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നു, ഇത് കാര്‍ഗോ ടെര്‍മിനല്‍ വികസനത്തിന് വേഗമേകി. ഭൂമി പാട്ട നയം കൂടുതല്‍ ലളിതമാക്കി. ഭൂമി പാട്ടത്തിനെടുക്കുന്ന നടപടികളും ഓണ്‍ലൈന്‍ ആക്കിയത് പ്രവൃത്തിയില്‍ സുതാര്യത കൊണ്ടുവന്നു. രാജ്യത്തെ ഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനായി റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍ ഗതി ശക്തി സര്‍വകലാശാലയും സ്ഥാപിച്ചു. ഇന്ത്യന്‍ റെയില്‍വേയെ നവീകരിക്കുന്നതിനും രാജ്യത്തിന്റെ എല്ലാ കോണുകളും റെയില്‍ വഴി ബന്ധിപ്പിക്കുന്നതിനും ഞങ്ങള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. റെയില്‍വേ ശൃംഖലയില്‍ നിന്ന് മനുഷ്യന്‍ പ്രവര്‍ത്തിപ്പിക്കുന്ന ലെവല്‍ ക്രോസിംഗുകള്‍ ഒഴിവാക്കി ഞങ്ങള്‍ ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നു. റെയില്‍വേയുടെ 100% വൈദ്യുതീകരണത്തിലേക്കും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിലേക്കും നമ്മള്‍ നീങ്ങുകയാണ്. സ്റ്റേഷനുകളില്‍ മിതമായ നിരക്കില്‍ മരുന്നുകള്‍ വാഗ്ദാനം ചെയ്യുന്ന ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ഞങ്ങള്‍ സ്ഥാപിക്കുകയാണ്.
ഒപ്പം സുഹൃത്തുക്കളേ,
ഈ ട്രെയിനുകളും പാളങ്ങകളും സ്റ്റേഷനുകളും നിര്‍മ്മിക്കുന്നത് മാത്രമല്ല, ' ഇന്ത്യയില്‍ നിര്‍മ്മിച്ച' ഒരു സമ്പൂര്‍ണ്ണ ആവാസവ്യവസ്ഥ രൂപപ്പെടുത്തുകയാണ്. രാജ്യത്ത് നിര്‍മ്മിക്കുന്ന ലോക്കോമോട്ടീവുകളോ ട്രെയിന്‍ കോച്ചുകളോ ആകട്ടെ, അവ ശ്രീലങ്ക, മൊസാംബിക്, സെനഗല്‍, മ്യാന്‍മര്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഭാരതത്തില്‍ നിര്‍മ്മിക്കുന്ന സെമി-ഹൈ-സ്പീഡ് ട്രെയിനുകളുടെ ആവശ്യം ആഗോളതലത്തില്‍ വര്‍ദ്ധിക്കുമ്പോള്‍, നിരവധി പുതിയ ഫാക്ടറികള്‍ ഇവിടെ സ്ഥാപിക്കപ്പെടും. റെയില്‍വേ മേഖലയിലെ ഈ ശ്രമങ്ങളെല്ലാം, റെയില്‍വേയുടെ പരിവര്‍ത്തനം, പുതിയ നിക്ഷേപങ്ങള്‍ മാത്രമല്ല, പുതിയ തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ ശ്രമങ്ങളെ തിരഞ്ഞെടുപ്പിന്റെ കണ്ണിലൂടെ കാണാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ വികസന പദ്ധതികള്‍ ഒരു ഗവണ്‍മെന്റ് രൂപീകരിക്കാനുള്ളതല്ല, മറിച്ച് രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ദൗത്യം മാത്രമാണ്. മുന്‍തലമുറകള്‍ സഹിച്ച ദുരിതങ്ങള്‍ നമ്മുടെ യുവാക്കള്‍ക്കും അവരുടെ കുട്ടികള്‍ക്കും വഹിക്കേണ്ടിവരില്ല. ഇത് മോദിയുടെ ഉറപ്പാണ്.
സുഹൃത്തുക്കളേ,
ബിജെപിയുടെ 10 വര്‍ഷത്തെ വികസന കാലഘട്ടത്തിന്റെ മറ്റൊരു ഉദാഹരണമാണ് കിഴക്കന്‍, പടിഞ്ഞാറന്‍ സമര്‍പ്പിത ചരക്ക് ഇടനാഴികള്‍. ചരക്ക് തീവണ്ടികള്‍ക്ക് പ്രത്യേക ട്രാക്കുകള്‍ വേണമെന്ന ആവശ്യം പതിറ്റാണ്ടുകളായി ഉയര്‍ന്നിരുന്നു.
ഇത് സംഭവിച്ചിരുന്നെങ്കില്‍, ചരക്ക് തീവണ്ടികളുടെയും യാത്രാ ട്രെയിനുകളുടെയും വേഗത കൂടുമായിരുന്നു! കൃഷി, വ്യവസായം, കയറ്റുമതി, വ്യാപാരം തുടങ്ങിയവയ്ക്ക് ഇത് വളരെ അത്യാവശ്യമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ഈ പദ്ധതി അനിശ്ചിതാവസ്ഥയില്‍ കിടക്കുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, കിഴക്കന്‍, പടിഞ്ഞാറന്‍ കടല്‍ത്തീരങ്ങളെ ബന്ധിപ്പിക്കുന്ന ചരക്ക് ഇടനാഴി ഏകദേശം പൂര്‍ത്തിയായി. ഏകദേശം 650 കിലോമീറ്റര്‍ ചരക്ക് ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന് നടന്നു. അഹമ്മദാബാദിലെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിന്റെ ഉദ്ഘാടനത്തിന് നിങ്ങള്‍ ഇപ്പോള്‍ സാക്ഷിയായി. ഗവണ്‍മെന്റിന്റെ ശ്രമഫലമായി ഈ ഇടനാഴിയിലെ ചരക്ക് തീവണ്ടികളുടെ വേഗത ഇപ്പോള്‍ ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്. ഈ ഇടനാഴിയില്‍ കൂടുതല്‍ ചരക്കുകള്‍ കൊണ്ടുപോകുന്ന വലിയ വാഗണുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷി ഇപ്പോള്‍ ഉണ്ട്. മുഴുവന്‍ ചരക്ക് ഇടനാഴിയിലും വ്യവസായ ഇടനാഴികളും വികസിപ്പിക്കുന്നു. ഇന്ന്, റെയില്‍വേ ഗുഡ്സ് ഷെഡുകള്‍, ഗതി ശക്തി മള്‍ട്ടിമോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍, ഡിജിറ്റല്‍ കണ്‍ട്രോള്‍ സ്റ്റേഷനുകള്‍, റെയില്‍വേ വര്‍ക്ക്ഷോപ്പുകള്‍, റെയില്‍വേ ലോക്കോമോട്ടീവ് ഷെഡുകള്‍, റെയില്‍വേ ഡിപ്പോകള്‍ എന്നിവയും നിരവധി സ്ഥലങ്ങളില്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഇത് ചരക്ക് ഗതാഗതത്തിലും വളരെ നല്ല സ്വാധീനം ചെലുത്തും.
സുഹൃത്തുക്കളേ,
ഇന്ത്യന്‍ റെയില്‍വേയും 'ആത്മനിര്‍ഭര ഭാരതം' എന്ന പുതിയ മാധ്യമമായി മാറുകയാണ്. തദ്ദേശീയമായത് പ്രോല്‍സാഹിപ്പിക്കുന്നതിന്റ പ്രചാരകര്‍ എന്ന നിലയില്‍, വോക്കല്‍ ഫോര്‍ ലോക്കലിന്റെ ശക്തമായ മാധ്യമമാണ് ഇന്ത്യന്‍ റെയില്‍വേ. നമ്മുടെ കൈത്തൊഴിലുകാര്‍, കരകൗശല വിദഗ്ധര്‍, കലാകാരന്മാര്‍, വനിതാ സ്വയം സഹായ സംഘങ്ങള്‍ എന്നിവരുടെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഇനി സ്റ്റേഷനുകളില്‍ വില്‍ക്കും. ഇതുവരെ റെയില്‍വേ സ്റ്റേഷനുകളില്‍ ' ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം' എന്നതിന്റെ 1500 സ്റ്റാളുകള്‍ തുറന്നിട്ടുണ്ട്. ഇത് നമ്മുടെ ആയിരക്കണക്കിന് പാവപ്പെട്ട സഹോദരീസഹോദരന്മാര്‍ക്ക് പ്രയോജനം ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യന്‍ റെയില്‍വേ, 'വിരാസത്' (പൈതൃകം), 'വികാസ്' (വികസനം) എന്നീ മന്ത്രങ്ങള്‍ സാക്ഷാത്കരിച്ചുകൊണ്ട് പ്രാദേശിക സംസ്‌കാരവും പാരമ്പര്യവുമായി ബന്ധപ്പെട്ട ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഇന്ന് രാമായണ സര്‍ക്യൂട്ട്, ഗുരു-കൃപ സര്‍ക്യൂട്ട്, ജൈന തീര്‍ത്ഥാടനം എന്നിവയിലൂടെ ഭാരത് ഗൗരവ് ട്രെയിനുകള്‍ ഓടുന്നു. ഇത് മാത്രമല്ല, ആസ്ത പ്രത്യേക ട്രെയിനുകള്‍ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ശ്രീരാമ ഭക്തരെ അയോധ്യയിലേക്ക് കൊണ്ടുപോകുന്നു. ഇതുവരെ, 350 ഓളം ആസ്ത ട്രെയിനുകള്‍ സര്‍വീസ് നടത്തി, 4.5 ലക്ഷത്തിലധികം ഭക്തര്‍ അയോധ്യയിലെ രാം ലല്ലയെ സന്ദര്‍ശിച്ചു.
സുഹൃത്തുക്കളേ,
ആധുനികതയുടെ വേഗതയില്‍ ഇന്ത്യന്‍ റെയില്‍വേ കുതിച്ചുയരുന്നത് തുടരും. ഇത് മോദിയുടെ ഉറപ്പാണ്. നാട്ടുകാരുടെ എല്ലാം പിന്തുണയോടെ, വികസനത്തിന്റെ ഈ ഉത്സവം തടസ്സമില്ലാതെ തുടരും. ഒരിക്കല്‍ കൂടി, എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു, കാരണം ഇത് എളുപ്പമുള്ള കാര്യമല്ല.
രാവിലെ 9-9.30 ന് ഈ പരിപാടി നടത്തുന്ന എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ബഹുമാനപ്പെട്ട ഗവര്‍ണര്‍മാര്‍ക്കും ഒപ്പം, 700-ലധികം സ്ഥലങ്ങളില്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്ന നിരവധി ആളുകള്‍ക്കും. രാജ്യത്തെ ജനങ്ങള്‍ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഒരാള്‍ക്ക് ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിയുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ന് 700-ലധികം ജില്ലകളിലായി ഇത്രയധികം വരുന്നവര്‍ വികസനത്തിന്റെ ഈ പുത്തന്‍ തരംഗം അനുഭവിക്കുകയാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ വളരെ നന്ദി പറയുന്നു. ഇപ്പോഴത്തേക്കു ഞാന്‍ നിങ്ങളോട് വിട പറയുകയാണ്. നമസ്്കാരം!