നമസ്കാരം!
സാമൂഹ്യനീതി മന്ത്രി ശ്രീ വീരേന്ദ്ര കുമാർ ജി, രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഗവൺമെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളേ, നമ്മുടെ ശുചിത്വ പ്രവർത്തകരായ സഹോദരീസഹോദരന്മാരേ, മറ്റു വിശിഷ്ട വ്യക്തികളേ, മഹതികളേ മാന്യരേ!
രാജ്യത്തെ 470 ജില്ലകളിൽ നിന്നുള്ള ഏകദേശം മൂന്നുലക്ഷത്തോളംപേർ ഈ പരിപാടിയിൽ നേരിട്ട് പങ്കാളികളാണ്. എല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു.
സുഹൃത്തുക്കളേ,
ദലിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെയും ക്ഷേമത്തിന്റെ ദിശയിൽ മറ്റൊരു സുപ്രധാന അവസരത്തിന് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് മുൻഗണനാ ബോധം അനുഭവപ്പെടുമ്പോൾ, പ്രവർത്തനങ്ങൾ എങ്ങനെ നടക്കുന്നു എന്ന് ഈ പരിപാടിയിൽ പ്രകടമാക്കപ്പെടുന്നു. ഇന്ന് പാർശ്വവത്കൃത സമൂഹത്തിൽപ്പെട്ട ഒരു ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 720 കോടി രൂപയുടെ ധനസഹായം നേരിട്ട് കൈമാറിയിട്ടുണ്ട്. 500ലധികം ജില്ലകളിലാണ് ഈ ഗുണഭോക്താക്കൾ ഉള്ളത്.
ഒരു ബട്ടൺ അമർത്തിയാൽ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം എത്തുമെന്ന് മുൻ ഗവൺമെന്റുകളുടെ കാലത്ത് ആരും കരുതിയിരിക്കില്ല. എന്നാൽ ഇത് മോദിയുടെ ഗവൺമെന്റ് ആണ്! ദരിദ്രർക്ക് നൽകേണ്ട പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്നു! ഞാൻ സൂരജ് പോർട്ടലും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഇപ്പോൾ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിൽ നിന്നുള്ളവർക്കു നേരിട്ട് സാമ്പത്തിക സഹായം നൽകാനാകും. അതായത്, മറ്റ് വിവിധ പദ്ധതികൾക്കുള്ള പണം പോലെ, ഈ പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക സഹായവും നിങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തും. ഇടനിലക്കാരില്ല, വെട്ടിക്കുറയ്ക്കില്ല, കമ്മീഷനില്ല, ശുപാർശകൾക്കായി ബുദ്ധിമുട്ടേണ്ട ആവശ്യമില്ല!
ഇന്ന്, വളരെ പ്രയാസകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന നമ്മുടെ മലിനജല- സെപ്റ്റിക് ടാങ്ക് തൊഴിലാളികൾക്ക് പി പി ഇ കിറ്റുകളും ആയുഷ്മാൻ ഹെൽത്ത് കാർഡുകളും നൽകുന്നു. അവർക്കും അവരുടെ കുടുംബത്തിനും ഇപ്പോൾ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നു. കഴിഞ്ഞ 10 വർഷമായി എസ്‌സി-എസ്‌ടി, ഒബിസി, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾ എന്നിവർക്കായി ഞങ്ങളുടെ ഗവൺമെന്റ് നടത്തിവരുന്ന സേവന പരിപാടിയുടെ വിപുലീകരണമാണ് ഈ പ്രയോജനകരമായ പദ്ധതികൾ. ഈ പദ്ധതികളുടെ ഗുണഭോക്താക്കളായ രാജ്യമെമ്പാടുമുള്ള നിങ്ങളെ എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
കുറച്ച് മുമ്പ്, എനിക്ക് ചില ഗുണഭോക്താക്കളുമായി സംസാരിക്കാൻ അവസരം ലഭിച്ചു. ഗവൺമെന്റ് പദ്ധതികൾ ദലിതരിലേക്കും പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കും പിന്നാക്ക സമുദായങ്ങളിലേക്കും എത്തുന്ന രീതിയും അവരുടെ ജീവിതം ഈ പദ്ധതികളാൽ എങ്ങനെ രൂപാന്തരപ്പെടുന്നു എന്നതും വ്യക്തിപരമായി എനിക്ക് മനസ്സിന് സമാധാനം നൽകുകയും എന്നെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്യുന്നു. ഞാൻ നിങ്ങളിൽ നിന്ന് ദൂരെയല്ല; നിങ്ങളിൽ ഞാൻ എന്റെ കുടുംബത്തെ കാണുന്നു. അതുകൊണ്ട് തന്നെ പ്രതിപക്ഷ അംഗങ്ങൾ എന്നെ അപമാനിക്കുമ്പോൾ, മോദിക്ക് കുടുംബമില്ല എന്ന് പറയുമ്പോൾ ആദ്യം എന്റെ മനസ്സിൽ വരുന്നത് നിങ്ങളെയൊക്കെയാണ്. നിങ്ങളെപ്പോലെയുള്ള സഹോദരീസഹോദരന്മാരുള്ളപ്പോൾ എനിക്ക് കുടുംബമില്ലെന്ന് ഒരാൾക്ക് എങ്ങനെ പറയാൻ കഴിയും? ദശലക്ഷക്കണക്കിന് ദളിതരും പാർശ്വവൽക്കരിക്കപ്പെട്ടവരും പൗരന്മാരും എന്റെ കുടുംബമാണ്. "ഞാൻ മോദിയുടെ കുടുംബത്തിലേയാണ് " എന്ന് നിങ്ങൾ പറയുമ്പോൾ ഞാൻ ഭാഗ്യവാനാണെന്ന് കരുതുന്നു.
സുഹൃത്തുക്കളേ,
2047-ഓടെ ഭാരതത്തെ വികസിത രാഷ്ട്രമാക്കാൻ ഞങ്ങൾ ലക്ഷ്യം സൃഷ്ടിച്ചു. ആ ലക്ഷ്യത്തിലേക്ക് ഞങ്ങൾ ദൃഷ്ടിവച്ചു. പതിറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ട് കഴിയുന്ന വർഗത്തിന്റെ വികസനമില്ലാതെ ഭാരതത്തിന് വികസിക്കാനാവില്ല. കോൺഗ്രസ് ഗവൺമെന്റുകൾക്ക് ഭാരതത്തിന്റെ വികസനത്തിന് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രാധാന്യം ഒരിക്കലും മനസ്സിലായിട്ടില്ല. ആ ഗവൺമെന്റുകൾ അവരെപ്പറ്റി ഒരിക്കലും ചിന്തിച്ചില്ല. ഇക്കൂട്ടർക്ക് കോൺഗ്രസ് എന്നും സൗകര്യങ്ങൾ നിഷേധിക്കുകയായിരുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിനുപേരെ അവരുടെ വിധിക്കു വിട്ടുകൊടുത്തു. പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം, അവർ എങ്ങനെയും അത്തരം ബുദ്ധിമുട്ടുകളിൽ ജീവിക്കണം; ഈ മാനസികാവസ്ഥ നിലനിന്നിരുന്നു. അതിന്റെ ഫലമായി ഗവൺമെന്റുകൾക്കെതിരെ ഒരു പരാതിയും ഉണ്ടായില്ല. ആ മാനസിക തടസ്സം ഞാൻ തകർത്തു. ഇന്ന് സമ്പന്നരുടെ വീടുകളിൽ ഗ്യാസ് അടുപ്പുണ്ടെങ്കിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വീടുകളിലും ഗ്യാസ് സ്റ്റൗ ഉണ്ടാകും. സമ്പന്ന കുടുംബങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കിൽ, ദരിദ്രരുടെയും ദലിതരുടെയും പിന്നോക്കക്കാരുടെയും ഗോത്രജനതയുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാകും.
സുഹൃത്തുക്കളേ,
ഈ വിഭാഗത്തിൽപ്പെട്ട പല തലമുറകളും അവരുടെ ജീവിതകാലം മുഴുവൻ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ചെലവഴിച്ചു. 2014-ൽ ഞങ്ങളുടെ ഗവൺമെന്റ് ‘എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം’ എന്ന കാഴ്ചപ്പാടോടെ പ്രവർത്തിക്കാൻ തുടങ്ങി. ഗവൺമെന്റിൽനിന്ന് പ്രതീക്ഷ നഷ്ടപ്പെട്ടവരെ, സമീപിച്ച് കൊണ്ട് ഗവൺമെന്റ് അവരെ രാജ്യ വികസനത്തിൽ പങ്കാളികളാക്കി.
ഓർക്കുക സുഹൃത്തുക്കളേ, പണ്ട് റേഷൻ കടയിൽ നിന്ന് റേഷൻ കിട്ടാൻ എത്ര ബുദ്ധിമുട്ടായിരുന്നു. ആരാണ് ഈ ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്? ഈ പ്രയാസം സഹിച്ചവർ ഒന്നുകിൽ നമ്മുടെ ദളിത് സഹോദരീസഹോദരന്മാരോ, അല്ലെങ്കിൽ നമ്മുടെ പിന്നാക്ക സഹോദരീസഹോദരന്മാരോ, അല്ലെങ്കിൽ നമ്മുടെ ഒബിസി സഹോദരീസഹോദരന്മാരോ, അല്ലെങ്കിൽ നമ്മുടെ ഗോത്ര വർഗ സഹോദരീസഹോദരന്മാരോ ആയിരുന്നു. ഇന്ന്, 80 കോടി ദരിദ്രജനവിഭാഗത്തിനു ഞങ്ങൾ സൗജന്യ റേഷൻ നൽകുമ്പോൾ, ഏറ്റവും വലിയ ഗുണഭോക്താക്കൾ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൽ പെട്ടവരാണ്.
ഇന്ന്, 5 ലക്ഷം രൂപ വരെ സൗജന്യ ചികിൽസയ്ക്ക് ഞങ്ങൾ ഗ്യാരന്റി നൽകുമ്പോൾ, രക്ഷിക്കപ്പെടുന്നത് ഇതേ സഹോദരങ്ങളുടെ ജീവനാണ്. ഈ പണം ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ഉപയോഗപ്രദമാണെന്ന് തെളിയിക്കുന്നു. രാജ്യത്ത് ദലിത്, ഗോത്ര, പിന്നാക്ക കുടുംബങ്ങളിലെ കൂടുതൽപേരും ചേരികളിലും കുടിലുകളിലും തുറസ്സായ സ്ഥലങ്ങളിലും ജീവിക്കാൻ നിർബന്ധിതരായതിന് കാരണം മുൻകാലങ്ങളിൽ ആരും ഇവരെ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ്.
കഴിഞ്ഞ പത്തുവർഷത്തിനിടെ ദശലക്ഷക്കണക്കിന് പാവപ്പെട്ടവർക്കായി മോദി അടച്ചുറപ്പുള്ള വീടുകൾ നിർമിച്ചുനൽകിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് വീടുകളിൽ മോദി ശൗചാലയം നിർമ്മിച്ചു. അമ്മമാരും സഹോദരിമാരും മലമൂത്ര വിസർജനത്തിനായി തുറസ്സായ സ്ഥലങ്ങളിൽ പോകേണ്ടി വന്ന കുടുംബങ്ങൾ ഏതാണ്? ഈ വേദന ഏറ്റവും കൂടുതൽ അനുഭവിച്ചത് ഈ സമൂഹമാണ്. നമ്മുടെ ദലിത്, ഗോത്രവർഗ, ഒബിസി, പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്കാണ് ഇത് സഹിക്കേണ്ടി വന്നത്. ഇന്ന് അവർക്ക് ‘ഇസ്സത് ഘർ’ (ശൗചാലയങ്ങൾ) ലഭിച്ചു; അവർക്ക് ബഹുമാനം ലഭിച്ചു.
സുഹൃത്തുക്കളേ,
മുമ്പ് ആരുടെ വീടുകളിലാണ് ഗ്യാസ് അടുപ്പുകൾ ഉണ്ടായിരുന്നതെന്നും നിങ്ങൾക്കറിയാം. ഗ്യാസ് അടുപ്പ് ഇല്ലാത്തവർ ആരാണെന്നും എല്ലാവർക്കും അറിയാം. മോദി, ഉജ്ജ്വല പദ്ധതിക്ക് തുടക്കം കുറിക്കുകയും സൗജന്യ ഗ്യാസ് കണക്ഷനുകൾ നൽകുകയും ചെയ്തു. മോദി നൽകിയ ഈ സൗജന്യ ഗ്യാസ് കണക്ഷനുകൾ കൊണ്ട് ആർക്കാണ് നേട്ടമുണ്ടായത്? എന്റെ പാർശ്വവൽക്കരിക്കപ്പെട്ട സഹോദരീസഹോദരന്മാർക്കെല്ലാം പ്രയോജനം ലഭിച്ചിട്ടുണ്ട്. ഇന്ന് എന്റെ പാർശ്വവൽക്കരിക്കപ്പെട്ട സമുദായത്തിലെ അമ്മമാരും സഹോദരിമാരും പോലും വിറക് ഉപയോഗിച്ച് പാചകം ചെയ്യുന്നതിൽ നിന്ന് മോചിതരായിരിക്കുന്നു. ഇപ്പോൾ, ഈ പദ്ധതികൾ 100% പൂർത്തീകരണം കൈവരിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു. നൂറുപേർക്ക് പ്രയോജനം ലഭിക്കാൻ ഉണ്ടെങ്കിൽ നൂറുപേർക്കും പ്രയോജനം ലഭിക്കണം.
നാടോടികളും അർദ്ധ നാടോടികളുമായ ധാരാളം സമൂഹങ്ങളും രാജ്യത്തുണ്ട്. അവരുടെ ക്ഷേമത്തിനായി നിരവധി പരിപാടികൾ നടത്തുന്നുണ്ട്. നമ്മുടെ ശുചിത്വ തൊഴിലാളി സഹോദരങ്ങളുടെ ജീവിതം നമസ്‌തേ (യന്ത്രവൽകൃത ശുചിത്വ ആവാസവ്യവസ്ഥയ്ക്കായുള്ള ദേശീയ പ്രവർത്തനങ്ങൾ - National Action for Mechanised Sanitation Ecosystem - NAMASTE) പദ്ധതിയിലൂടെ മെച്ചപ്പെടുന്നു. തോട്ടിപ്പണി എന്ന മനുഷ്യത്വരഹിതമായ പ്രവർത്തനം അവസാനിപ്പിക്കുന്നതിലും നാം വിജയിക്കുകയാണ്. ഈ പ്രയാസം സഹിക്കുന്നവർക്ക് മാന്യമായി ജീവിക്കാനുള്ള ക്രമീകരണങ്ങളും ഞങ്ങൾ ഒരുക്കുന്നുണ്ട്. ഈ ശ്രമത്തന്റെ ഭാഗമായി ഏകദേശം 60,000 പേർക്ക് ധനസഹായം നൽകിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
എസ്‌സി-എസ്‌ടി, ഒബിസി, പാർശ്വവൽകൃതർ എന്നീ സമുദായങ്ങളുടെ ഉന്നമനത്തിനായി ഞങ്ങളുടെ ഗവൺമെന്റ് എല്ലാ വിധത്തിലും പരിശ്രമിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കായി വിവിധ സംഘടനകൾക്ക് നൽകുന്ന സഹായം കഴിഞ്ഞ 10 വർഷത്തിനിടെ ഇരട്ടിയായി വർധിപ്പിച്ചു. പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി ഈ വർഷം മാത്രം 1,60,000 കോടി രൂപയാണ് ഗവൺമെന്റ് വകയിരുത്തിയത്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി കേട്ടിരുന്നു. ദലിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും ക്ഷേമത്തിനും രാജ്യത്തിന്റെ വികസനത്തിനും വേണ്ടിയാണ് ഞങ്ങളുടെ ഗവൺമെന്റ് ഈ പണം ചെലവഴിക്കുന്നത്.
എസ്‌സി-എസ്‌ടി, ഒബിസി വിഭാഗങ്ങളിലെ യുവാക്കൾക്ക് നൽകുന്ന സ്‌കോളർഷിപ്പുകളും വർധിപ്പിച്ചിട്ടുണ്ട്. അഖിലേന്ത്യാ ക്വാട്ടയിൽ മെഡിക്കൽ സീറ്റുകളിൽ ഒബിസിക്കാർക്ക് 27 ശതമാനം സംവരണം ഞങ്ങളുടെ ഗവൺമെന്റ് നടപ്പാക്കിയിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ ഒബിസിക്കാർക്കും ഞങ്ങൾ വഴിയൊരുക്കിയിട്ടുണ്ട്. വിദേശത്ത് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ചെയ്യാൻ ആഗ്രഹിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലെ കുട്ടികൾക്ക് നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് വഴി സഹായം നൽകുന്നുണ്ട്.
ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണം ചെയ്യുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഫെലോഷിപ്പിന്റെ തുകയും വർദ്ധിപ്പിച്ചിട്ടുണ്ട്. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾ വിജയിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
ബാബാസാഹേബ് അംബേദ്കറുടെ ജീവിതവുമായി ബന്ധപ്പെട്ട ‘പഞ്ചതീർഥ’ത്തിന്റെ (അഞ്ച് തീർത്ഥാടന കേന്ദ്രങ്ങൾ) വികസനത്തിന് സംഭാവന നൽകാൻ ഞങ്ങൾക്ക് അവസരം ലഭിച്ചതും ഭാഗ്യമായി കരുതുന്നു.
സുഹൃത്തുക്കളേ,
പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിലെ യുവാക്കൾക്ക് തൊഴിലിനും സ്വയംതൊഴിൽ അവസരങ്ങൾക്കും ബിജെപി ഗവൺമെന്റ് മുൻഗണന നൽകുന്നു. നമ്മുടെ ഗവൺമെന്റിന്റെ മുദ്ര യോജന പ്രകാരം ഏകദേശം 30 ലക്ഷം കോടി രൂപ പാവപ്പെട്ടവർക്ക് സഹായമായി നൽകിയിട്ടുണ്ട്. ഈ സഹായത്തിന്റെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും പട്ടികജാതി, പട്ടികവർഗ്ഗ, ബിസി വിഭാഗങ്ങളിൽ പെട്ടവരാണ്. സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കിടയിൽ സംരംഭകത്വത്തെ പ്രോത്സാഹിപ്പിച്ചു. ഞങ്ങളുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് പദ്ധതി വഴിയും ഈ വിഭാഗങ്ങൾക്ക് സഹായം ലഭിച്ചിട്ടുണ്ട്. ദലിതർക്കിടയിലെ സംരംഭകത്വം മനസ്സിൽ വച്ച്, ഞങ്ങളുടെ ഗവൺമെന്റ്, അംബേദ്കർ സാമൂഹ്യ നവീകരണ-നൂതനാശയ ഉത്ഭവ ദൗത്യവും ആരംഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
ദരിദ്രർക്കുവേണ്ടിയുള്ള ഞങ്ങളുടെ ഗവൺമെന്റിന്റെ ക്ഷേമപദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ദളിതരും ഗോത്ര ജനതയും ഒബിസികളും സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ടവരുമാണ്. എന്നാൽ ദലിതുകളുടെയും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെയും സേവനത്തിനായി മോദി എന്തെങ്കിലും ചെയ്യുമ്പോഴെല്ലാം, ഐ എൻ ഡി ഐ സഖ്യവുമായി ബന്ധപ്പെട്ടവരാണ് ഏറ്റവും കൂടുതൽ പ്രകോപിതരാകുന്നത്. ദലിതർക്കും പിന്നോക്കക്കാർക്കും ഗോത്ര വിഭാഗത്തിനും ജീവിതം എളുപ്പമാകണമെന്ന് കോൺഗ്രസിലുള്ളവർ ഒരിക്കലും ആഗ്രഹിക്കുന്നില്ല. നിങ്ങൾ അവരെ ആശ്രയിക്കാൻ അക്കൂട്ടർ ആഗ്രഹിക്കുന്നു.
ഏതെങ്കിലും പദ്ധതി നോക്കൂ; നിങ്ങൾക്കായി ശൗചാലയം നിർമ്മിക്കുക എന്ന ആശയത്തെ അവർ പരിഹസിച്ചു. ജൻധൻ യോജനയെയും ഉജ്ജ്വല യോജനയെയും അവർ എതിർത്തു. സംസ്ഥാനങ്ങളിൽ അവരുടെ ഗവൺമെന്റുകൾ അധികാരത്തിലിരിക്കുന്നിടത്ത്, പല പദ്ധതികളും നടപ്പാക്കുന്നതിൽ നിന്ന് നാളിതുവരെ അവർ തടഞ്ഞു. ദലിതരും പാർശ്വവൽക്കരിക്കപ്പെട്ടവരും പിന്നാക്കക്കാരും ഈ എല്ലാ സമുദായങ്ങളും അവരുടെ യുവാക്കളും പുരോഗതി പ്രാപിച്ചാൽ അവരുടെ കുടുംബ കേന്ദ്രീകൃത രാഷ്ട്രീയം അവസാനിക്കുമെന്ന് അവർക്കറിയാം.
ഇവർ സാമൂഹ്യനീതിക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശവാദമുന്നയിക്കുന്നു. എന്നാൽ സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കുന്നതിൽ ഏർപ്പെടുന്നു. എന്നാൽ അവർ യഥാർത്ഥ സാമൂഹിക നീതിയെ എതിർക്കുന്നു. അവരുടെ ട്രാക്ക് റെക്കോർഡ് നോക്കൂ; ഡോ. ബാബാസാഹെബ് അംബേദ്കറെ എതിർത്തത് കോൺഗ്രസാണ്. വി.പി. സിംഗിന്റെ ലോഹ്യയെയും മണ്ഡൽ കമ്മീഷനെയും അവർ എതിർത്തു. കർപ്പൂരി ഠാക്കുറിനെയും അവർ നിരന്തരം അനാദരിച്ചു. ഞങ്ങൾ അദ്ദേഹത്തിന് ഭാരതരത്‌നം നൽകിയപ്പോൾ INDI സഖ്യത്തിലെ ആളുകൾ അതിനെ എതിർത്തു. അവർ തങ്ങളുടെ കുടുംബാംഗങ്ങൾക്ക് ഭാരതരത്‌നം നൽകാറുണ്ടായിരുന്നു, പക്ഷേ പതിറ്റാണ്ടുകളായി ഒരിക്കലും ഡോ. ബാബാസാഹെബിന് അത് നൽകാൻ അവർ അനുവദിച്ചില്ല. ബിജെപിയുടെ പിന്തുണയുള്ള ഗവൺമെന്റ് ആണ് അദ്ദേഹത്തിന് ഈ ബഹുമതി സമ്മാനിച്ചത്.
രാം നാഥ് കോവിന്ദിനെപ്പോലെ ദളിത് സമുദായത്തിൽ നിന്നും ദ്രൗപദി മുർമുവിനെപ്പോലെ ഗോത്ര വിഭാഗത്തിൽ നിന്നുമുള്ള വ്യക്തികൾ രാഷ്ട്രപതിയാകണമെന്ന് ഇക്കൂട്ടർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിൽ അവരെ പരാജയപ്പെടുത്താൻ INDI സഖ്യത്തിലെ അംഗങ്ങൾ എല്ലാ ശ്രമങ്ങളും നടത്തി. പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ളവർ ഉന്നത സ്ഥാനങ്ങളിലെത്താൻ ബിജെപിയുടെ ശ്രമങ്ങൾ തുടരും. പാർശ്വവൽക്കരിക്കപ്പെട്ടവരെ ബഹുമാനിക്കാനും നീതി ഉറപ്പാക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണിത്.
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വികസനത്തിനും അന്തസ്സിനുമുള്ള പരിപാടികൾ വരുന്ന അഞ്ച് വർഷത്തിനുള്ളിൽ കൂടുതൽ വേഗത്തിലാകുമെന്ന് മോദി നിങ്ങൾക്ക് ഈ ഉറപ്പ് നൽകുന്നു. നിങ്ങളുടെ വികസനത്തിലൂടെ ഞങ്ങൾ ഒരു ‘വികസിത് ഭാരത്’ (വികസിത ഇന്ത്യ) എന്ന സ്വപ്നം സാക്ഷാത്കരിക്കും. ഇത്രയധികം ആളുകളെ വിദൂരദൃശ്യസംവിധാനത്തിലൂടെ കാണാൻ സാധിച്ചത് ഭാഗ്യമാണ്. നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
വളരെ നന്ദി.