ഛത്തീസ്ഗഡ് ഗവര്‍ണര്‍ ശ്രീ വിശ്വഭൂഷണ്‍ ഹരിചന്ദന്‍ ജി, മുഖ്യമന്ത്രി ശ്രീ ഭൂപേഷ് ബാഗേല്‍ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ നിതിന്‍ ഗഡ്കരി ജി, മന്‍സുഖ് മാണ്ഡവ്യ ജി, രേണുക സിംഗ് ജി, സംസ്ഥാന ഉപമുഖ്യമന്ത്രിമാരായ ശ്രീ ടി.എസ്. സിംഗ് ദിയോ ജി, ശ്രീ രമണ്‍ സിംഗ് ജി, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ! ഛത്തീസ്ഗഢിന്റെ വികസന യാത്രയില്‍ ഈ ദിവസം വളരെ നിര്‍ണായകമാണ്.
7000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് ഇന്ന് ഛത്തീസ്ഗഡിന് സമ്മാനമായി ലഭിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കും കണക്ടിവിറ്റിക്കുമാണ് ഈ സമ്മാനം. ഛത്തീസ്ഗഢിലെ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനും ഇവിടുത്തെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ സമ്മാനം. കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ പദ്ധതികള്‍ക്കൊപ്പം നിരവധി പുതിയ തൊഴിലവസരങ്ങളും ഇവിടെ സൃഷ്ടിക്കപ്പെടും. നെല്‍കര്‍ഷകര്‍, ധാതു സമ്പത്തുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍, ഇവിടുത്തെ ടൂറിസം എന്നിവയ്ക്കും ഈ പദ്ധതികളുടെ പ്രയോജനം ലഭിക്കും. ഏറ്റവും പ്രധാനമായി, ഇവയിലൂടെ ആദിവാസി മേഖലകളില്‍ സൗകര്യങ്ങളിലേക്കും വികസനത്തിലേക്കും ഒരു പുതിയ യാത്ര ആരംഭിക്കും. ഈ പദ്ധതികള്‍ക്കെല്ലാം ഞാന്‍ ഛത്തീസ്ഗഢിലെ ജനങ്ങളെ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയിലെ നമ്മുടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള അനുഭവം അനുസരിച്ച്, അടിസ്ഥാന സൗകര്യങ്ങള്‍ ദുര്‍ബലമായിരുന്നിടത്തെല്ലാം വികസനം ഒരുപോലെ വൈകിയാണ് എത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ വികസനത്തിന്റെ ഓട്ടത്തില്‍ പിന്നാക്കം പോയ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലാണ് ഇന്ത്യ ഇന്ന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടിസ്ഥാന സൗകര്യം എന്നാല്‍ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സൗകര്യം, അടിസ്ഥാന സൗകര്യം എന്നാല്‍ വ്യവസായം ചെയ്യാനുള്ള എളുപ്പം, അടിസ്ഥാന സൗകര്യം എന്നാല്‍ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നാല്‍ ദ്രുതഗതിയിലുള്ള വികസനം. ഇന്ന് ഇന്ത്യയില്‍ ആധുനിക അടിസ്ഥാന സൗകര്യം വികസിച്ചുകൊണ്ടിരിക്കുന്ന രീതി ഛത്തീസ്ഗഡിലും പ്രതിഫലിക്കുകയാണ്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ, പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയ്ക്ക് കീഴില്‍ ഛത്തീസ്ഗഡിലെ ആയിരക്കണക്കിന് ആദിവാസി ഗ്രാമങ്ങളില്‍ റോഡുകള്‍ എത്തിയിട്ടുണ്ട്. ഏകദേശം 3,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ പാതയുടെ പദ്ധതികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 3000 കിലോമീറ്ററോളം വരുന്ന പദ്ധതികളും പൂര്‍ത്തിയായി. ഇതിനോടനുബന്ധിച്ച് റായ്പൂര്‍-കോഡെബോഡ്, ബിലാസ്പൂര്‍-പത്രപാലി ഹൈവേകള്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. ഗതാഗത സൗകര്യങ്ങള്‍ക്കും വേണ്ടി കഴിഞ്ഞ 9 വര്‍ഷത്തിനിടെ കേന്ദ്ര ഗവണ്‍മെന്റ് ഛത്തീസ്ഗഢില്‍ അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
സുഹൃത്തുക്കളേ,
ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ മറ്റൊരു പ്രധാന നേട്ടമുണ്ട്, അത് സാധാരണയായി വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ആധുനിക അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക നീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകളായി അനീതിയും അസൗകര്യങ്ങളും അനുഭവിച്ചവര്‍ക്കാണ് കേന്ദ്ര ഗവണ്‍മെന്റ് ഈ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇന്ന് ഈ റോഡുകളും റെയില്‍പ്പാതകളും പാവപ്പെട്ടവരുടെയും ദലിതരുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും വാസസ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു. ഈ ദുഷ്‌കരമായ പ്രദേശങ്ങളില്‍ താമസിക്കുന്ന രോഗികള്‍ക്കും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഇന്ന് എളുപ്പത്തില്‍ ആശുപത്രിയില്‍ എത്താനുള്ള സൗകര്യം ലഭിക്കുന്നു. ഇവിടുത്തെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നേരിട്ട് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ഇതിന്റെ മറ്റൊരു ഉദാഹരണമാണ് മൊബൈല്‍ കണക്റ്റിവിറ്റി. ഒമ്പത് വര്‍ഷം മുമ്പ്, ഛത്തീസ്ഗഡിലെ 20 ശതമാനത്തിലധികം ഗ്രാമങ്ങളിലും ഒരു തരത്തിലുള്ള മൊബൈല്‍ കണക്റ്റിവിറ്റിയും ഇല്ലായിരുന്നു. ഇന്നത് ഏകദേശം 6 ശതമാനമായി കുറഞ്ഞു. ഇവയില്‍ ഭൂരിഭാഗവും നക്‌സല്‍ അക്രമം ബാധിച്ച ആദിവാസി ഗ്രാമങ്ങളും ഗ്രാമങ്ങളുമാണ്. ഈ ഗ്രാമങ്ങള്‍ക്കും നല്ല 4G കണക്റ്റിവിറ്റി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, കേന്ദ്ര ഗവണ്‍മെന്റ് 700-ലധികം മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുകയാണ്. ഇതില്‍ മുന്നൂറോളം ടവറുകള്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അവിടെ എത്തുമ്പോള്‍ ത്തന്നെ മൊബൈല്‍ ഫോണുകളുടെ നെറ്റ്വര്‍ക്ക് നഷ്ടപ്പെടുന്ന ആദിവാസി ഗ്രാമങ്ങളില്‍ ഇന്ന് മൊബൈല്‍ റിംഗ്ടോണുകള്‍ പ്രതിധ്വനിക്കുന്നു. മൊബൈല്‍ കണക്റ്റിവിറ്റിയുടെ വരവോടെ, ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ നിരവധി ജോലികള്‍ സുഗമമായി ലഭിക്കുന്നു. ഇതുതന്നെയാണ് സാമൂഹിക നീതി. ' എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്' എന്ന ആശയവും ഇതാണ്.
സുഹൃത്തുക്കളേ,
ഇന്ന് ഛത്തീസ്ഗഡ് രണ്ട് സാമ്പത്തിക ഇടനാഴികളുമായി ബന്ധിപ്പിക്കുന്നു - റായ്പൂര്‍-ധന്‍ബാദ് സാമ്പത്തിക ഇടനാഴി, റായ്പൂര്‍-വിശാഖപട്ടണം സാമ്പത്തിക ഇടനാഴി. ഇവ ഈ പ്രദേശത്തിന്റെയാകെ ഭാഗ്യം മാറ്റാന്‍ പോകുന്നു. ഈ സാമ്പത്തിക ഇടനാഴികള്‍ ഒരു കാലത്ത് പിന്നാക്കം എന്ന് വിളിക്കപ്പെട്ടിരുന്ന, അക്രമവും അരാജകത്വവും നിലനിന്നിരുന്ന വികസനാഭിലാഷ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന്, കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള ആ ജില്ലകളില്‍ വികസനത്തിന്റെ ഒരു പുതിയ കഥ എഴുതുകയാണ്. ഇന്ന് പണി ആരംഭിച്ച റായ്പൂര്‍-വിശാഖപട്ടണം സാമ്പത്തിക ഇടനാഴി ഈ മേഖലയുടെ പുതിയ ജീവരേഖയായി മാറാന്‍ പോകുന്നു.
ഈ ഇടനാഴിയിലൂടെ റായ്പൂരിനും വിശാഖപട്ടണത്തിനും ഇടയിലുള്ള യാത്ര പകുതിയായി കുറയും. ഈ ആറുവരിപ്പാത ധംതാരിയിലെ നെല്ലുമേഖലയെയും കാങ്കറിലെ ബോക്സൈറ്റ് മേഖലയെയും കരകൗശലവസ്തുക്കളാല്‍ സമ്പന്നമായ കൊണ്ടഗോണിനെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡായി മാറും. പിന്നെ അതില്‍ ഒരു കാര്യം കൂടി എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. വന്യജീവി മേഖലയിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. അതിനാല്‍ വന്യജീവികളുടെ സൗകര്യാര്‍ത്ഥം തുരങ്കങ്ങളും മൃഗപാതകളും ഉണ്ടാക്കും. ദല്ലി രാജ്ഹാരയില്‍ നിന്ന് ജഗ്ദല്‍പൂരിലേക്കുള്ള റെയില്‍പ്പാതയും അന്തഗഢില്‍ നിന്ന് റായ്പൂരിലേക്കുള്ള നേരിട്ടുള്ള ട്രെയിന്‍ സര്‍വീസും ദൂരെയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കും.
സുഹൃത്തുക്കളേ,
പ്രകൃതി സമ്പത്ത് എവിടെയുണ്ടോ അവിടെയെല്ലാം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം, അവിടെ കൂടുതല്‍ വ്യവസായങ്ങള്‍ സ്ഥാപിക്കണം എന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണ്. കഴിഞ്ഞ 9 വര്‍ഷമായി ഈ ദിശയില്‍ കേന്ദ്ര ഗവണ്‍മെന്റ് നടത്തിയ ശ്രമങ്ങള്‍ ഛത്തീസ്ഗഢിലെ വ്യവസായവല്‍ക്കരണത്തിന് പുതിയ ഉത്തേജനം നല്‍കി. കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കൊപ്പം, ഛത്തീസ്ഗഢിനും വരുമാനത്തിന്റെ രൂപത്തില്‍ കൂടുതല്‍ പണം ലഭിച്ചു. പ്രത്യേകിച്ച് മൈന്‍സ് ആന്‍ഡ് മിനറല്‍ നിയമത്തില്‍ വന്ന മാറ്റത്തിന് ശേഷം ഛത്തീസ്ഗഢിന് റോയല്‍റ്റി ഇനത്തില്‍ കൂടുതല്‍ പണം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. 2014-ന് മുമ്പുള്ള നാല് വര്‍ഷങ്ങളില്‍ ഛത്തീസ്ഗഢിന് 1300 കോടി രൂപ റോയല്‍റ്റിയായി ലഭിച്ചിരുന്നു. 2015-16 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ ഛത്തീസ്ഗഡിന് ഏകദേശം 2800 കോടി രൂപ റോയല്‍റ്റിയായി ലഭിച്ചു. ജില്ലാ മിനറല്‍ ഫണ്ടിന്റെ തുക വര്‍ധിപ്പിച്ചതോടെ ധാതു സമ്പത്തുള്ള ജില്ലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലായി. കുട്ടികള്‍ക്കുള്ള സ്‌കൂളുകളോ ലൈബ്രറികളോ റോഡുകളോ ജലസംവിധാനമോ ആകട്ടെ, ജില്ലാ മിനറല്‍ ഫണ്ടിന്റെ പണം ഇത്തരം നിരവധി പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നുണ്ട്.
സുഹൃത്തുക്കളേ,
കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റൊരു ശ്രമത്തിലൂടെ ഛത്തീസ്ഗഢിന് ഏറെ പ്രയോജനം ലഭിച്ചു. ഛത്തീസ്ഗഡില്‍ 1 കോടി 60 ലക്ഷത്തിലധികം ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു. ഇന്ന് 6000 കോടിയിലധികം രൂപ ഈ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. സുരക്ഷിതമല്ലാത്ത കൈകളില്‍ പണം സൂക്ഷിക്കാന്‍ നിര്‍ബന്ധിതരായ പാവപ്പെട്ട കുടുംബങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും പണമാണിത്. ഇന്ന് ഈ ജന്‍ധന്‍ അക്കൗണ്ടുകള്‍ മൂലം പാവപ്പെട്ടവര്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് നേരിട്ട് സഹായം ലഭിക്കുന്നു. ഛത്തീസ്ഗഡിലെ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ ചെയ്യണമെങ്കില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ അവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് അക്ഷീണം പ്രവര്‍ത്തിക്കുന്നു. മുദ്ര യോജനയ്ക്ക് കീഴില്‍ ഛത്തീസ്ഗഡിലെ യുവാക്കള്‍ക്ക് 40,000 കോടിയിലധികം രൂപയുടെ സഹായം നല്‍കിയിട്ടുണ്ട്. കൂടാതെ ബാങ്ക് ഗ്യാരണ്ടി ഇല്ലാതെയാണ് പണം നല്‍കിയത്. ഈ സഹായത്തോടെ നമ്മുടെ ആദിവാസി യുവാക്കളും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള യുവാക്കളും ഛത്തീസ്ഗഢിലെ ഗ്രാമങ്ങളില്‍ സ്വന്തം വ്യവസായം ആരംഭിച്ചിട്ടുണ്ട്. കൊറോണ കാലത്ത് രാജ്യത്തെ ചെറുകിട വ്യവസായങ്ങളെ സഹായിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ലക്ഷക്കണക്കിന് കോടി രൂപയുടെ പ്രത്യേക പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ഛത്തീസ്ഗഢിലെ രണ്ട് ലക്ഷത്തോളം സംരംഭങ്ങള്‍ക്ക് ഏകദേശം 5000 കോടി രൂപയുടെ സഹായം ലഭിച്ചു.
സുഹൃത്തുക്കളേ,
നമ്മുടെ രാജ്യത്ത്, നമ്മുടെ വഴിയോരക്കച്ചവടക്കാരെക്കുറിച്ച് ഒരു ഗവണ്‍മെന്റും ഇതുവരെ ചിന്തിച്ചിട്ടില്ല. ഇവരില്‍ ഭൂരിഭാഗവും ഗ്രാമങ്ങളില്‍ നിന്ന് വന്ന് നഗരങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഓരോ തെരുവ് കച്ചവടക്കാരെയും കേന്ദ്ര ഗവണ്‍മെന്റ് അതിന്റെ പങ്കാളിയായി കണക്കാക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ അവര്‍ക്കായി ആദ്യമായി പ്രധാനമന്ത്രി സ്വാനിധി യോജന ഉണ്ടാക്കിയതും ബാങ്ക് ഗ്യാരണ്ടി ഇല്ലാതെ അവര്‍ക്ക് വായ്പ നല്‍കിയതും. ഛത്തീസ്ഗഡില്‍ 60,000-ത്തിലധികം ഗുണഭോക്താക്കളുമുണ്ട്. ഗ്രാമങ്ങളില്‍ എംജിഎന്‍ആര്‍ഇജിഎ പ്രകാരം മതിയായ തൊഴില്‍ നല്‍കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഛത്തീസ്ഗഢിന് 25,000 കോടിയിലധികം രൂപ അനുവദിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ പണം ഗ്രാമങ്ങളിലെ തൊഴിലാളികളുടെ പോക്കറ്റില്‍ എത്തിയിരിക്കുന്നു.
സുഹൃത്തുക്കളേ,
അല്‍പസമയം മുമ്പ് ഇവിടെ 75 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. അതായത്, ഈ പാവപ്പെട്ട ആദിവാസി സഹോദരങ്ങള്‍ക്ക് വര്‍ഷം തോറും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയുടെ ഗ്യാരണ്ടി ലഭിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ 1500-ലധികം പ്രധാന ആശുപത്രികളില്‍ അവര്‍ക്ക് ചികിത്സ ലഭിക്കും. ദരിദ്രരുടെയും ആദിവാസികളുടെയും പിന്നോക്കക്കാരുടെയും ദളിത് കുടുംബങ്ങളുടെയും ജീവന്‍ രക്ഷിക്കാന്‍ ആയുഷ്മാന്‍ യോജന വളരെയധികം സഹായിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കൂടാതെ ഈ സ്്കീമിന്റെ മറ്റൊരു പ്രധാന സവിശേഷത കൂടിയുണ്ട്. ഛത്തീസ്ഗഡില്‍ നിന്നുള്ള ഒരു ഗുണഭോക്താവ് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തിലാണെങ്കില്‍, അവിടെ എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടെങ്കില്‍, ആ വ്യത്യസ്ത സംസ്ഥാനത്ത് പോലും ആ ആനുകൂല്യങ്ങളെല്ലാം നേടാന്‍ ഈ കാര്‍ഡിന് അവരെ സഹായിക്കാനാകും. ഈ കാര്‍ഡില്‍ അപാരമായ ശക്തിയുണ്ട്. ഛത്തീസ്ഗഡിലെ എല്ലാ കുടുംബങ്ങളെയും ഒരേ സേവന മനോഭാവത്തോടെ കേന്ദ്ര ഗവണ്‍മെന്റ് തുടര്‍ന്നും സേവിക്കുമെന്ന് ഞാന്‍ നിങ്ങളുടെ പേരില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. എന്റെ എല്ലാ വിധ ഭാവുകങ്ങളും! നന്ദി!