“നാം അമൃതകാലത്തെ 'കർത്തവ്യകാലം' എന്നാണു വിളിക്കുന്നത്. പ്രതിജ്ഞകളിൽ നമ്മുടെ ആത്മീയ മൂല്യങ്ങളുടെ മാർഗനിർദേശവും ഭാവിയിലേക്കുള്ള തീരുമാനങ്ങളും ഉൾപ്പെടുന്നു”
“ആത്മീയ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പുനരുജ്ജീവനം നടക്കുമ്പോഴും, സാങ്കേതികവിദ്യയിലും സമ്പദ്‌വ്യവസ്ഥയിലും ഇന്ത്യ മുന്നിലാണ്”
“രാജ്യത്തു കണ്ട പരിവർത്തനം ഓരോ സാമൂഹിക വിഭാഗത്തിന്റെയും സംഭാവനകളുടെ ഫലമാണ്”
“എല്ലാ സന്ന്യാസിമാരും ആയിരക്കണക്കിനു വർഷങ്ങളായി ഇന്ത്യയിൽ 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന മനോഭാവം പരിപോഷിപ്പിച്ചിട്ടുണ്ട്”
“ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്, മതപരവും ആത്മീയവുമായ സ്ഥാപനങ്ങൾ എല്ലായ്പ്പോഴും സാമൂഹ്യ ക്ഷേമത്തിന്റെ കേന്ദ്രമാണ്”
“സത്യസായി ജില്ല സമ്പൂർണ ഡിജിറ്റലാക്കുമെന്നു നാം പ്രതിജ്ഞയെടുക്കണം”
“പരിസ്ഥിതി, സുസ്ഥിര ജീവിതശൈലി തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന നേതൃത്വത്തിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളിലും സത്യസായി ട്രസ്റ്റ് പോലുള്ള സാംസ്കാരികവും ആത്മീയവുമായ സ്ഥാപനങ്ങൾക്കു വലിയ പങ്കുണ്ട്”

സായ് റാം! ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ശ്രീ അബ്ദുള്‍ നസീര്‍ ജി, ശ്രീ ആര്‍.ജെ. രത്‌നാകര്‍ ജി, ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി, ശ്രീ കെ. ചക്രവര്‍ത്തി ജി, എന്റെ വളരെ പഴയ സുഹൃത്ത് ശ്രീ റ്യൂക്കോ ഹീര ജി, ഡോ. വി. മോഹന്‍ ജി, ശ്രീ എം.എസ്. നാഗാനന്ദ് ജി, ശ്രീ നിമിഷ് പാണ്ഡ്യ ജി, മറ്റു വിശിഷ്ടാതിഥികളെ, മഹതികളെ, മഹാന്‍മാരെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരിക്കല്‍ കൂടി സായ് റാം.

പുട്ടപര്‍ത്തി പലതവണ സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഒരിക്കല്‍കൂടി നിങ്ങളെ കാണാനും ഇടപഴകാനും അതോടൊപ്പം ഇന്ന് അവിടെ സന്നിഹിതനായി ഈ പരിപാടിയുടെ ഭാഗമാകാനും ഞാന്‍ ശരിക്കും ആഗ്രഹിച്ചു. എന്നിരുന്നാലും, എന്റെ തിരക്കുകള്‍ കാരണം എനിക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല. എന്നെ ക്ഷണിക്കുമ്പോള്‍ ഭായി രത്നാകര്‍ ജി പറഞ്ഞു, 'ഒരിക്കല്‍ വന്ന് അനുഗ്രഹിക്കണം' എന്ന്. രത്‌നാകര്‍ ജിയുടെ പ്രസ്താവന തിരുത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ തീര്‍ച്ചയായും അവിടെ വരും, പക്ഷേ അനുഗ്രഹം നല്‍കാനല്ല, അനുഗ്രഹം വാങ്ങാനാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഞാന്‍ ഇന്ന് നിങ്ങളുടെ എല്ലാവരുടെയും ഇടയില്‍ ഉണ്ട്. ഇന്നത്തെ ഈ പരിപാടിക്ക് ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളെയും സത്യസായി ബാബയുടെ എല്ലാ ഭക്തരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ മുഴുവന്‍ പരിപാടിയിലും ശ്രീ സത്യസായിയുടെ പ്രചോദനവും അനുഗ്രഹവും നമുക്കൊപ്പമുണ്ട്. ഈ പുണ്യ വേളയില്‍ ശ്രീ സത്യസായി ബാബയുടെ ദൗത്യം വിപുലീകരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ശ്രീ ഹീര ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന പേരില്‍ രാജ്യത്തിന് ഒരു പ്രധാന ചിന്താകേന്ദ്രം ലഭിക്കുന്നു. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ച ഷോര്‍ട്ട് ഫിലിമില്‍ ഈ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ചിത്രങ്ങളും അതിന്റെ ദൃശ്യങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ആധുനികതയുടെ സ്പര്‍ശനത്തോടൊപ്പം അത് ആത്മീയാനുഭവവും നല്‍കുന്നു. അത് സാംസ്‌കാരിക ദൈവികതയും ബൗദ്ധിക മഹത്വവും ഉള്‍ക്കൊള്ളുന്നു. ആത്മീയ സമ്മേളനങ്ങളുടെയും അക്കാദമിക പരിപാടികളുടെയും കേന്ദ്രമായി ഈ കേന്ദ്രം പ്രവര്‍ത്തിക്കും. ലോകത്തെ വിവിധ മേഖലകളില്‍ നിന്നുള്ള പണ്ഡിതരും വിദഗ്ധരും ഇവിടെ ഒത്തുചേരും. ഈ കേന്ദ്രം യുവാക്കള്‍ക്ക് വലിയ സഹായമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 

സുഹൃത്തുക്കളെ,
ഏതൊരു ചിന്തയും ഏറ്റവും ഫലപ്രദമാകുന്നത് അത് പുരോഗമിച്ച് കര്‍മരൂപത്തില്‍ പ്രകടമാകുമ്പോഴാണ്. യഥാര്‍ത്ഥ പ്രവൃത്തികള്‍ ചെയ്യുന്നതുപോലെ കേവലം വാക്കുകള്‍ കാര്യമായ സ്വാധീനം സൃഷ്ടിക്കുന്നില്ല. ഇന്ന് കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനത്തോടൊപ്പം ശ്രീ സത്യസായി ഗ്ലോബല്‍ കൗണ്‍സില്‍ ലീഡേഴ്സ് കോണ്‍ഫറന്‍സും ഇവിടെ ആരംഭിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രത്യേകിച്ചും, ഈ പരിപാടിക്കായി നിങ്ങള്‍ തെരഞ്ഞെടുത്ത പ്രമേയമായ 'പരിശീലിക്കുക, പ്രചോദിപ്പിക്കുക' എന്നത് ഒരേ സമയം സ്വാധീനമേറിയതും പ്രസക്തവുമാണ്. നമ്മുടെ രാജ്യത്ത് പലപ്പോഴും പറയാറുണ്ട്: യത് യത് ആചരതി ശ്രേഷ്ഠഃ, തത്-തത് ഏവ ഇതരഃ ജനഃ എന്ന്. അതിനര്‍ത്ഥം, ശ്രേഷ്ഠന്‍മാര്‍ പ്രവര്‍ത്തിക്കുമ്പോള്‍, സമൂഹം അതു തന്നെ പിന്തുടരുന്നു എന്നാണ്.

അതുകൊണ്ട് നമ്മുടെ പെരുമാറ്റം മറ്റുള്ളവര്‍ക്ക് ഏറ്റവും വലിയ പ്രചോദനമാണ്. സത്യസായി ബാബയുടെ ജീവിതം തന്നെ അതിന്റെ വ്യക്തമായ ഉദാഹരണമാണ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി കടമകള്‍ക്ക് മുന്‍ഗണന നല്‍കി ഇന്ത്യ ഇന്ന് മുന്നേറുകയാണ്. ആത്മീയ മൂല്യങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം മാത്രമല്ല, ഭാവിയിലേക്കുള്ള അഭിലാഷങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് നാം വിശ്വസിക്കുന്നതിനാല്‍ നമ്മുടെ 'അമൃത് കാല'ത്തിന് 'കര്‍തവ്യ കാലം' (ഉത്തരവാദിത്തങ്ങളുടെ കാലഘട്ടം) എന്ന് നാമകരണം ചെയ്തു. അത് പുരോഗതിയെയും പൈതൃകത്തെയും പ്രതിനിധാനം ചെയ്യുന്നു. രാജ്യത്ത് ആത്മീയ കേന്ദ്രങ്ങളുടെ പുനരുജ്ജീവനം നടക്കുമ്പോള്‍, സമ്പദ്വ്യവസ്ഥയുടെയും സാങ്കേതികവിദ്യയുടെയും കാര്യത്തിലും ഇന്ത്യ മുന്നിലാണ്. ഇന്ന്, ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ്വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യ. ഇന്ന് ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സംവിധാനമുണ്ട്. ഡിജിറ്റല്‍ ടെക്നോളജി, 5ജി തുടങ്ങിയ മേഖലകളില്‍ നാം പ്രമുഖ രാജ്യങ്ങളുമായി മത്സരിക്കുകയാണ്. ലോകമെമ്പാടുമുള്ള തല്‍സമയ ഓണ്‍ലൈന്‍ ഇടപാടുകളില്‍ 40 ശതമാനവും ഇന്ത്യയില്‍ മാത്രമാണ് നടക്കുന്നത്. സായിബാബയുടെ പേരുമായി ബന്ധപ്പെടുത്തി പുതുതായി രൂപീകരിച്ച പുട്ടപര്‍ത്തി ജില്ലയെ 100 ശതമാനം ഡിജിറ്റല്‍ ആക്കണമെന്ന് രത്‌നാകര്‍ ജിയോടും എല്ലാ സായി ഭക്തരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആയിരിക്കണം. ഈ ജില്ലയ്ക്ക് ലോകത്ത് തനതായ വ്യക്തിത്വം ലഭിക്കുന്നതു നിങ്ങള്‍ക്കു കാണാന്‍ കഴിയും. ബാബയുടെ അനുഗ്രഹത്തോടെ, എന്റെ സുഹൃത്ത് രത്‌നാകര്‍ ജി ഈ ഉത്തരവാദിത്തം ഏറ്റെടുത്താല്‍, ബാബയുടെ അടുത്ത ജന്മദിനത്തില്‍ നമുക്ക് കറന്‍സി നോട്ടുകള്‍ ആവശ്യമില്ലാത്ത സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ല സൃഷ്ടിക്കാന്‍ സാധിക്കും.

സുഹൃത്തുക്കളെ,
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തിലൂടെയാണ് മാറ്റം സംഭവിക്കുന്നത്. അതിനാല്‍, ഗ്ലോബല്‍ കൗണ്‍സില്‍ പോലുള്ള സംഭവങ്ങള്‍ ഇന്ത്യയെക്കുറിച്ച് പഠിക്കാനും ലോകത്തെ മറ്റ് രാജ്യങ്ങളുമായി ബന്ധിപ്പിക്കാനുമുള്ള ഫലപ്രദമായ മാര്‍ഗമാണ്.

സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തു സന്യാസിമാരെ പലപ്പോഴും ഒഴുകുന്ന വെള്ളത്തോട് ഉപമിക്കാറുണ്ട്. കാരണം അവര്‍ ഒരിക്കലും ചിന്തകളിലേക്ക് ഒതുങ്ങുകയോ പ്രവൃത്തികള്‍ അവസാനിപ്പിക്കുകയോ ചെയ്യുന്നില്ല. നിരന്തരമായ ഒഴുക്കും അശ്രാന്ത പരിശ്രമവുമാണ് അവരുടെ ജീവിതത്തിന്റെ സവിശേഷത. ഒരു സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഈ സന്യാസിമാര്‍ എവിടെ ജനിച്ചുവെന്നത് പ്രശ്‌നമല്ല. ഒരു യഥാര്‍ത്ഥ സന്യാസി അവന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും പ്രതിനിധാനം ചെയ്യുന്ന ഒരാളായി മാറുന്നു. അതുകൊണ്ട്, നമ്മുടെ സന്യാസിമാര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന ചൈതന്യം വളര്‍ത്തിയെടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയിലാണ് സത്യസായി ബാബ ജനിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികളും ആരാധകരും ലോകത്തിന്റെ എല്ലാ കോണുകളിലും കാണാം. ഇന്ന്, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സത്യസായിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ആശ്രമങ്ങളും ഉണ്ട്. എല്ലാ ഭാഷയില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നുമുള്ള ആളുകള്‍ ഒരു ദൗത്യമായിക്കണ്ടു പ്രശാന്തി നിലയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനെ ഒരു നൂലായി ഇഴചേര്‍ത്ത് ശാശ്വതമാക്കുന്നത് ഇന്ത്യയുടെ ബോധമാണ്. 

സുഹൃത്തുക്കളെ,

ശ്രീ സത്യസായി ???? ???, ????? ???????????, ???????? ????? ????? ?????? എന്നു പറയാറുണ്ടായിരുന്നു. അതായത് 'മനുഷ്യരാശിക്കുള്ള സേവനം ദൈവിക സേവനമാണ്.' മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, 'സേവ' (സേവനം) എന്ന രണ്ടക്ഷരങ്ങളില്‍ അനന്തമായ ശക്തി കുടികൊള്ളുന്നു. സത്യസായിയുടെ ജീവിതം ഈ ചൈതന്യത്തിന്റെ ജീവിക്കുന്ന മൂര്‍ത്തീഭാവമായിരുന്നു. സത്യസായി ബാബയുടെ ജീവിതം അടുത്ത് നിന്ന് നിരീക്ഷിക്കാനും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹത്തിന്റെ തണലില്‍ ജീവിക്കാനും അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. അദ്ദേഹം എപ്പോഴും എന്നോട് ഒരു പ്രത്യേക വാത്സല്യം പുലര്‍ത്തിയിരുന്നു, എനിക്ക് എപ്പോഴും അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചു. ഞാന്‍ അദ്ദേഹവുമായി സംഭാഷണത്തിലേര്‍പ്പെടുമ്പോഴെല്ലാം, അദ്ദേഹം വളരെ ലാളിത്യത്തോടെ ഗഹനമായ ചിന്തകള്‍ പങ്കുവെക്കുമായിരുന്നു. ഞാനും അദ്ദേഹത്തിന്റെ ഭക്തരും സത്യസായിയുടെ അത്തരം നിരവധി പാഠങ്ങള്‍ ഇന്നും ഓര്‍ക്കുന്നു. 'എല്ലാവരെയും സ്‌നേഹിക്കുക-എല്ലാവരെയും സേവിക്കുക', 'എപ്പോഴും സഹായിക്കുക, ഒരിക്കലും ഉപദ്രവിക്കരുത്', 'കുറച്ച് സംസാരിക്കുക-കൂടുതല്‍ ജോലി ചെയ്യുക', 'എല്ലാ അനുഭവങ്ങളും ഒരു പാഠമാണ്, ഓരോ നഷ്ടവും ഒരു നേട്ടമാണ്' തുടങ്ങി സത്യസായി നമുക്ക് ഒരുപാട് ജീവിതപാഠങ്ങള്‍ തന്നിട്ടുണ്ട്. അവയില്‍ സംവേദനക്ഷമതയും ജീവിതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഉള്‍ക്കാഴ്ചകളും അടങ്ങിയിരിക്കുന്നു. ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ അദ്ദേഹം എന്നെ പ്രത്യേകം വിളിച്ചത് ഞാന്‍ ഓര്‍ക്കുന്നു. സാധ്യമായ എല്ലാ വിധത്തിലും ദുരിതാശ്വാസവും സഹായവും നല്‍കുന്നതില്‍ അദ്ദേഹം വ്യക്തിപരമായി പങ്കാളിയായി. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഭുജിലെ ദുരിതബാധിത പ്രദേശങ്ങളില്‍ അദ്ദേഹത്തിന്റെ സംഘടനയിലെ ആയിരക്കണക്കിന് ആളുകള്‍ രാവും പകലും പ്രവര്‍ത്തിച്ചു. ഏതു വ്യക്തിയായാലും, തന്റേതെന്നപോലെ അവരുടെ ക്ഷേമത്തെ അദ്ദേഹം കരുതി. സത്യസായിയെ സംബന്ധിച്ചിടത്തോളം, 'മനുഷ്യരാശിക്കുള്ള സേവനം ദൈവത്തോടുള്ള സേവനമാണ്.' എല്ലാ മനുഷ്യരിലും നാരായണനെയും എല്ലാ ജീവജാലങ്ങളിലും ശിവനെയും കാണാനുള്ള ഈ ചൈതന്യം ആളുകളെ ദൈവികമാക്കുന്നു.

സുഹൃത്തുക്കളെ,
ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് മതപരവും ആത്മീയവുമായ സംഘടനകള്‍ എല്ലായ്‌പ്പോഴും സാമൂഹിക ഉന്നമനത്തില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന്, രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കി, അടുത്ത 25 വര്‍ഷത്തേക്കുള്ള ദൃഢനിശ്ചയങ്ങളുമായി 'അമൃത് കാല'ത്തിലേക്ക് ചുവടുവെച്ചിരിക്കുന്നു. പൈതൃകത്തിനും വികസനത്തിനും നാം ഊര്‍ജം പകരുമ്പോള്‍ സത്യസായി ട്രസ്റ്റ് പോലുള്ള സംഘടനകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ട്. ബാല വികാസ് (ശിശു വികസനം) പോലുള്ള പരിപാടികളിലൂടെ നിങ്ങളുടെ ആത്മീയ വിഭാഗം ഇന്ത്യയിലെ യുവതലമുറയുടെ സാംസ്‌കാരിക പൈതൃകം പരിപോഷിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സത്യസായി ബാബ മനുഷ്യത്വപരമായ സേവനത്തിനായി ആശുപത്രികള്‍ സ്ഥാപിച്ചു, പ്രശാന്തി നിലയത്തിലെ അത്യാധുനിക ആശുപത്രി അതിന്റെ സാക്ഷ്യപത്രമായി നിലകൊള്ളുന്നു. നിരവധി വര്‍ഷങ്ങളായി, സൗജന്യ വിദ്യാഭ്യാസത്തിനായി സത്യസായി ട്രസ്റ്റ് നല്ല സ്‌കൂളുകളും കോളേജുകളും നടത്തുന്നു. രാഷ്ട്രനിര്‍മ്മാണത്തിലും സമൂഹത്തെ ശാക്തീകരിക്കുന്നതിലും നിങ്ങളുടെ സംഘടനയുടെ പ്രയത്നങ്ങള്‍ ശ്ലാഘനീയമാണ്. സത്യസായിയുമായി ബന്ധപ്പെട്ട സംഘടനകളും രാജ്യം ആരംഭിക്കുന്ന സംരംഭങ്ങളില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നു. 'ജല്‍ ജീവന്‍ മിഷന്റെ' കീഴില്‍ രാജ്യം ഇന്ന് എല്ലാ ഗ്രാമങ്ങളെയും ശുദ്ധജല വിതരണ സംവിധാനവുമായി ബന്ധിപ്പിക്കുന്നു. സത്യസായി സെന്‍ട്രല്‍ ട്രസ്റ്റും വിദൂര ഗ്രാമങ്ങളില്‍ സൗജന്യമായി വെള്ളം നല്‍കിയും മറ്റും ഈ മഹത്തായ ഉദ്യമത്തില്‍ പങ്കാളിയാകുന്നതിലൂടെ മാനുഷിക പ്രവര്‍ത്തനത്തിന് സംഭാവനയര്‍പ്പിക്കുന്നു.

സുഹൃത്തുക്കളെ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍, കാലാവസ്ഥാ വ്യതിയാനം ലോകം മുഴുവന്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. മിഷന്‍ 'ലൈഫ്' പോലുള്ള ആഗോള പ്ലാറ്റ്ഫോമില്‍ ഇന്ത്യ നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയുടെ നേതൃത്വത്തെ ലോകം വിശ്വസിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഈ വര്‍ഷം ജി-20 പോലുള്ള ഒരു സുപ്രധാന കൂട്ടായ്മയുടെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ വഹിക്കുന്നു. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ഇന്ത്യയുടെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്രത്തിന്റെ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരിപാടി. ഇന്ത്യയുടെ കാഴ്ചപ്പാടുകളാല്‍ ലോകം സ്വാധീനിക്കപ്പെടുന്നു, ഇന്ത്യയോടുള്ള ആകര്‍ഷണം ലോകമെമ്പാടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ഒരു ലോകറെക്കോര്‍ഡ് സൃഷ്ടിക്കപ്പെടുന്നതുനു നിങ്ങള്‍ സാക്ഷ്യം വഹിച്ചു. ഒട്ടുമിക്ക രാജ്യങ്ങളിലെയും പ്രതിനിധികള്‍ ഒരേ സമയം യോഗയ്ക്കായി ഒരിടത്ത് ഒത്തുകൂടി. ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയാണ് യോഗ.
ഇന്ന്, ആളുകള്‍ ആയുര്‍വേദം സ്വീകരിക്കുകയും ഇന്ത്യയുടെ സുസ്ഥിരമായ ജീവിതശൈലിയില്‍ നിന്ന് പഠിക്കാന്‍ നോക്കുകയും ചെയ്യുന്നു. നമ്മുടെ സംസ്‌കാരം, പൈതൃകം, ഭൂതകാലം എന്നിവയിലുള്ള ജിജ്ഞാസയും വിശ്വാസവും തുടര്‍ച്ചയായി വളരുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി വിഗ്രഹങ്ങള്‍ ഇന്ത്യയിലേക്ക് തിരികെയെത്തിയിട്ടുണ്ട്. ഈ വിഗ്രഹങ്ങള്‍ 50-100 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ രാജ്യത്ത് നിന്ന് മോഷ്ടിക്കപ്പെട്ടതാണ്. ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വത്തിനും പിന്നില്‍ നമ്മുടെ സാംസ്‌കാരിക പ്രത്യയശാസ്ത്രം ഏറ്റവും വലിയ ശക്തിയായി നിലകൊള്ളുന്നു. അതുകൊണ്ട് സത്യസായി ട്രസ്റ്റ് പോലെയുള്ള സാംസ്‌കാരികവും ആത്മീയവുമായ സംഘടനകള്‍ അത്തരം എല്ലാ ശ്രമങ്ങളിലും കാര്യമായ പങ്ക് വഹിക്കുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി 'പ്രേമ തരു' (സ്‌നേഹവൃക്ഷം) നടുമെന്ന് നിങ്ങള്‍ പ്രതിജ്ഞയെടുത്തു. വൃക്ഷത്തൈ നടീല്‍ നടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഒപ്പം എന്റെ സുഹൃത്ത് ഭായ് ഹീര ii ഇവിടെ ഉള്ളപ്പോള്‍, ജപ്പാനില്‍ നിന്നുള്ള മിയാവാക്കി രീതി പോലെയുള്ള ചെറിയ വനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാങ്കേതികത ഉപയോഗിക്കാമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ട്രസ്റ്റിലെ ആളുകള്‍ അത് നടപ്പിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, കൂടാതെ രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളില്‍ ചെറിയ വനങ്ങള്‍ സൃഷ്ടിക്കുന്ന ഒരു മാതൃക നമുക്ക് അവതരിപ്പിക്കാം. പരസ്പരം ജീവനോടെ നിലനിര്‍ത്താനുള്ള ശക്തി ഉള്ളതിനാല്‍ അത് വളരെ വലിയ അളവില്‍ ചെയ്യണം. മറ്റൊരു ചെടിക്ക് ചെടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശക്തിയുണ്ട്. ഹീരാ ജിക്ക് ഇതില്‍ വൈദഗ്ധ്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു, എനിക്ക് ആത്മവിശ്വാസത്തോടെ അദ്ദേഹത്തെ ഏത് ജോലിയും ഏല്‍പ്പിക്കാന്‍ കഴിയും. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെയും വിവരം അറിയിച്ചത്. പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ എന്ന പ്രമേയം പരമാവധി ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് നടപ്പാക്കപ്പെടട്ടെ.

ശുദ്ധമായ ഊര്‍ജ്ജ ബദലുകളിലേക്ക് ആളുകളെ പ്രചോദിപ്പിക്കുന്നതിന് സൗരോര്‍ജ്ജം ആവശ്യമാണ്. സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് ആന്ധ്രയ്ക്ക് സമീപമുള്ള 40 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീ അന്ന റാഗി, ജാവ (മില്ലറ്റ്) എന്നിവയില്‍ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണം നല്‍കുന്നുണ്ടെന്ന് എന്നോട് പറയുകയും നിങ്ങളുടെ ഹ്രസ്വ വീഡിയോയില്‍ അതു കാണുകയും ചെയ്തു. ഇത് അഭിനന്ദനാര്‍ഹമായ ഒരു സംരംഭം കൂടിയാണ്. ഇത്തരം സംരംഭങ്ങളിലൂടെ മറ്റ് സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചാല്‍ രാജ്യത്തിന് വലിയ നേട്ടമാകും. ശ്രീ അന്ന പോഷകാഹാരം മാത്രമല്ല, നിരവധി സാധ്യതകളും വാഗ്ദാനം ചെയ്യുന്നു. ആഗോള തലത്തിലുള്ള ഇത്തരം ശ്രമങ്ങളെല്ലാം ഇന്ത്യയുടെ കഴിവുകള്‍ വര്‍ധിപ്പിക്കുകയും വ്യക്തിത്വം ശക്തിപ്പെടുത്തുകയും ചെയ്യും.

സുഹൃത്തുക്കളെ,
സത്യസായിയുടെ അനുഗ്രഹം നമുക്കെല്ലാവര്‍ക്കും ഉണ്ട്. ഈ ശക്തി ഉപയോഗിച്ച്, ഞങ്ങള്‍ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുകയും ലോകത്തെ മുഴുവന്‍ സേവിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം നിറവേറ്റുകയും ചെയ്യും. എനിക്ക് നിങ്ങളെ നേരില്‍ കാണാന്‍ കഴിഞ്ഞില്ല എങ്കിലും ഞാന്‍ തീര്‍ച്ചയായും ഭാവിയില്‍ വന്ന് നിങ്ങളുടെ ഇടയില്‍ ചെലവഴിച്ച മഹത്തായ നിമിഷങ്ങളെ നെഞ്ചിലേറ്റും. ഞാന്‍ ഇടയ്ക്കിടെ ഹിറാജിയെ കാണാറുണ്ട്. ഇന്ന് വരാന്‍ കഴിഞ്ഞില്ലെങ്കിലും ഭാവിയില്‍ തീര്‍ച്ചയായും വരുമെന്ന് ഇന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഈ വിശ്വാസത്തോടെ, നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നേരുന്നു. എല്ലാവര്‍ക്കും വളരെ നന്ദി. സായ് റാം!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage