വേദിയിലുള്ള ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ സി ആര്‍ പാട്ടീല്‍, ഗുജറാത്ത് ഗവണ്‍മെന്റിന്റെ മന്ത്രിമാര്‍, വ്യവസായ ലോകത്തെ പ്രമുഖരായ സുഹൃത്തുക്കളും മറ്റ് വിശിഷ്ട വ്യക്തികളും എന്റെ കുടുംബാംഗങ്ങളും ഇവിടെ സന്നിഹിതരായിട്ടുണ്ട്. 20 വര്‍ഷം മുമ്പ് നാം ഒരു ചെറിയ വിത്ത് വിതച്ചു. ഇന്ന് അത് വളരെ വലുതും ചടുലവുമായ ഒരു ആല്‍മരമായി വളര്‍ന്നിരിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ 20 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഇന്ന് നിങ്ങളുടെ ഇടയില്‍ ഉണ്ടായിരിക്കുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. വൈബ്രന്റ് ഗുജറാത്ത് ഒരു ബ്രാന്‍ഡിംഗ് മാത്രമല്ല, അതിലും പ്രധാനമായി അത് പരസ്പര ബന്ധം രൂപപ്പെടുത്തുന്ന ഒരു സംഭവമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരിക്കല്‍ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. ഈ വിജയകരമായ ഉച്ചകോടി ലോകത്തിന് ഒരു ബ്രാന്‍ഡായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് ശക്തമായ ഒരു ബന്ധത്തിന്റെ പ്രതീകമാണ്. ഇതാണ് ഞാനും ഗുജറാത്തിലെ 7 കോടി പൗരന്മാരും അവരുടെ കഴിവുകളും തമ്മിലുള്ള ബന്ധവും. എന്നോടുള്ള അവരുടെ അതിരറ്റ സ്‌നേഹത്തില്‍ അധിഷ്ഠിതമായ ബന്ധമാണിത്.
സുഹൃത്തുക്കളെ,
ഇന്ന് ഞാന്‍ വിവേകാനന്ദ സ്വാമിജിയുടെ വാക്കുകള്‍കൂടി ഓര്‍ക്കുകയാണ്. ഓരോ പ്രവൃത്തിയും മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകണമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ആദ്യം, ആളുകള്‍ അതിനെ പരിഹസിക്കുന്നു, തുടര്‍ന്ന് അതിനെ എതിര്‍ക്കുന്നു, തുടര്‍ന്ന് അംഗീകരിക്കുന്നു. പ്രത്യേകിച്ചും ആശയം കാലത്തിനുംമുന്നേ ഉള്ളതാകുമ്പോള്‍. 20 വര്‍ഷം ഒരു നീണ്ട കാലയളവാണ്. 2001ലെ വന്‍ ഭൂകമ്പത്തിന് ശേഷമുള്ള ഗുജറാത്തിലെ അവസ്ഥ ഇന്നത്തെ തലമുറയിലെ യുവാക്കള്‍ക്ക് അറിയില്ലായിരിക്കാം. ഭൂകമ്പത്തിന് മുമ്പ് തന്നെ ഗുജറാത്ത് വളരെക്കാലം കടുത്ത ക്ഷാമം നേരിട്ടിരുന്നു. തുടര്‍ന്നുണ്ടായ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചു. ലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിച്ചു, അവര്‍ക്ക് അവരുടെ വീടുകള്‍ വിട്ടുപോകേണ്ടിവന്നു. പട്ടിണിയും ഭൂകമ്പവും കൂടാതെ മറ്റൊരു പ്രധാന സംഭവവും ഗുജറാത്തില്‍ അതേ സമയത്ത് ഉണ്ടായി. മാധവ്പുര മെര്‍ക്കന്റൈല്‍ സഹകരണ ബാങ്ക് തകരുകയും 133 സഹകരണ ബാങ്കുകളെ കൂടി ബാധിക്കുകയും ചെയ്തു. ഗുജറാത്തിന്റെ മുഴുവന്‍ സാമ്പത്തിക ജീവിതത്തിലും അരാജകത്വം ഉണ്ടായിരുന്നു. ഒരു തരത്തില്‍ ഗുജറാത്തിന്റെ സാമ്പത്തിക മേഖല പ്രതിസന്ധിയിലായി. ആ സമയത്താണ് ഞാന്‍ ആദ്യമായി എംഎല്‍എ ആയത്. ആ വേഷം എനിക്കും പുതിയതായിരുന്നു. എനിക്ക് ഒരു ഭരണപരിചയവും ഉണ്ടായിരുന്നില്ല. എന്നാല്‍ വെല്ലുവിളി വളരെ വലുതായിരുന്നു. അതിനിടെ മറ്റൊരു സംഭവം കൂടി ഉണ്ടായി. ഹൃദയസ്പര്‍ശിയായ ഗോധ്ര സംഭവമാണ് അരങ്ങേറിയത്, തുടര്‍ന്നുള്ള സാഹചര്യങ്ങളില്‍ ഗുജറാത്ത് അക്രമാസക്തമായി. ഇത്രയും ദാരുണമായ ഒരു അവസ്ഥ ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അന്ന് മുഖ്യമന്ത്രി എന്ന നിലയില്‍ കാര്യമായ അനുഭവം ഇല്ലാതിരുന്നിട്ടും എനിക്ക് ഗുജറാത്തിലും എന്റെ ഗുജറാത്തിലെ ജനങ്ങളിലും അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. എങ്കിലും പ്രത്യേക അജണ്ട കൊണ്ടുനടക്കുന്നവര്‍ അക്കാലത്തും സംഭവങ്ങളെ തങ്ങളുടേതായ രീതിയില്‍ വിശകലനം ചെയ്യുന്ന തിരക്കിലായിരുന്നു. ഗുജറാത്തില്‍ നിന്നുള്ള യുവാക്കള്‍, ഗുജറാത്തില്‍ നിന്നുള്ള വ്യവസായങ്ങള്‍, ഗുജറാത്തില്‍ നിന്നുള്ള വ്യവസായികള്‍ എന്നിവരെല്ലാം പുറത്താകുമെന്നും കുടിയേറുമെന്നും ഗുജറാത്ത് തകര്‍ന്നുപോകുമെന്നും അത് രാജ്യത്തിന് വലിയ ഭാരമായി മാറുമെന്നും പറഞ്ഞിരുന്നു. ലോകത്തിന് മുന്നില്‍ ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന നടന്നു. നിരാശയുടെ അന്തരീക്ഷം സൃഷ്ടിക്കാനായിരുന്നു ശ്രമം. ഗുജറാത്തിന് ഒരിക്കലും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് പ്രചരണമുണ്ടായി. ആ പ്രതിസന്ധിയിലും, എന്ത് പ്രതികൂല സാഹചര്യമുണ്ടായാലും ഗുജറാത്തിനെ അതില്‍ നിന്ന് രക്ഷപ്പെടുത്തുുമെന്ന് ഞാന്‍ തീരുമാനിച്ചു. ഗുജറാത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് മാത്രമല്ല, അതിന്റെ ഭാവിയെക്കുറിച്ചും ഞങ്ങള്‍ ചിന്തിക്കുകയായിരുന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയെ ഞങ്ങള്‍ അതിനുള്ള ഒരു പ്രധാന മാധ്യമമാക്കി മാറ്റി. ഗുജറാത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്താനും അതിലൂടെ ലോകത്തോട് കണ്ണുതുറന്ന് സംസാരിക്കാനുമുള്ള മാധ്യമമായി ഇത് മാറി. ഗുജറാത്ത് ഗവണ്‍മെന്റിന്റെ തീരുമാനങ്ങളെടുക്കല്‍ പ്രക്രിയയും കേന്ദ്രീകൃതമായ സമീപനവും ലോകമെമ്പാടും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി ഇത് മാറി. ഗുജറാത്ത് ഉള്‍പ്പടെയുള്ള ഭാരതത്തിന്റെ വ്യാവസായിക സാധ്യതകള്‍ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാനുള്ള മാധ്യമമായി ഇത് മാറി. ഭാരതത്തില്‍ നിലവിലുള്ള വിവിധ മേഖലകളുടെ പരിധിയില്ലാത്ത സാധ്യതകള്‍ കാണിക്കാനുള്ള ഒരു മാധ്യമമായി അത് മാറി. ഭാരതത്തിന്റെ കഴിവുകള്‍ രാജ്യത്തിനകത്ത് ഉപയോഗപ്പെടുത്താനുള്ള ഒരു മാധ്യമമായി ഇത് മാറി. ഭാരതത്തിന്റെ ദൈവികതയും മഹത്വവും സാംസ്‌കാരിക പൈതൃകവും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള മറ്റൊരു മാധ്യമമായി ഇത് മാറി. വൈബ്രന്റ് ഗുജറാത്തിന്റെ സമയവും ഞങ്ങള്‍ എത്രമാത്രം അടുത്ത് പ്രവര്‍ത്തിച്ചിരുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു. ഗുജറാത്തില്‍ നവരാത്രിയും ഗര്‍ബയും നിറഞ്ഞുനിന്ന സമയത്താണ് ഞങ്ങള്‍ വൈബ്രന്റ് ഗുജറാത്ത് സംഘടിപ്പിച്ചത്. ഞങ്ങള്‍ അതിനെ ഗുജറാത്തിന്റെ വ്യാവസായിക വികസനത്തിന്റെ ഉത്സവമാക്കി മാറ്റി.
സുഹൃത്തുക്കളെ,
ഇന്ന് ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. 20 വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ മാധുര്യമേറിയതും ചവര്‍പ്പേറിയതുമായ എല്ലാ കാര്യങ്ങളും ഓര്‍മിക്കുക വളരെ സ്വാഭാവികമാണ്. വൈബ്രന്റ് ഗുജറാത്തിന്റെ വിജയത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നത്. എന്നാല്‍ ഗുജറാത്തിന്റെ വികസനത്തില്‍ അന്നത്തെ കേന്ദ്ര ഗവണ്‍മെന്റ് പോലും അനാസ്ഥ കാട്ടിയ സാഹചര്യത്തിലാണ് വൈബ്രന്റ് ഗുജറാത്ത് സംഘടിപ്പിക്കപ്പെട്ടത്. ഗുജറാത്തിന്റെ വികസനം രാജ്യത്തിന്റെ വികസനത്തിലേക്ക് നയിക്കുമെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്ന് കേന്ദ്രം ഭരിക്കുന്നവര്‍ ഗുജറാത്തിന്റെ വികസനത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിച്ചിരുന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ വിസമ്മതിക്കാറുണ്ടായിരുന്നു. വ്യക്തിപരമായി, അവര്‍ തീര്‍ച്ചയായും വരുമെന്ന് എന്നോട് പറയാറുണ്ടായിരുന്നു, എന്നാല്‍ പിന്നീട് ഉയര്‍ന്ന അധികാരികളുടെ സമ്മര്‍ദ്ദത്താല്‍ അവര്‍ ക്ഷണം നിരസിക്കും. സഹകരണം മറന്ന് അവര്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന തിരക്കിലായിരുന്നു. ഗുജറാത്തിലേക്ക് പോകരുതെന്ന് വിദേശ നിക്ഷേപകരെ ഭീഷണിപ്പെടുത്തി. ഇത്രയേറെ ഭീഷണിപ്പെടുത്തിയിട്ടും ഗുജറാത്തില്‍ പ്രത്യേക ആനുകൂല്യങ്ങളൊന്നും നല്‍കിയില്ലെങ്കിലും വിദേശ നിക്ഷേപകര്‍ ഗുജറാത്തിലെത്തി. സദ്ഭരണം, ന്യായമായ ഭരണം, നയപരമായ ഭരണം, തുല്യമായ വളര്‍ച്ചാ സംവിധാനം, സുതാര്യമായ ഭരണം എന്നിവ ദൈനംദിന ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് അവര്‍ ഇവിടെയെത്തിയത്. വൈബ്രന്റ് ഗുജറാത്ത് ആരംഭിച്ചപ്പോള്‍, ഇത്രയധികം വിദേശ അതിഥികള്‍ക്ക് താമസിക്കാന്‍ കഴിയുന്നത്ര വലിയ ഹോട്ടലുകള്‍ ഗുജറാത്തില്‍ ഉണ്ടായിരുന്നില്ലെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. എല്ലാ ഗവണ്‍മെന്റ് അതിഥി മന്ദിരങ്ങളും നിറഞ്ഞപ്പോള്‍ ബാക്കിയുള്ളവര്‍ എവിടെ താമസിക്കും എന്നതായിരുന്നു നമ്മുടെ മുന്നിലുള്ള ചോദ്യം. അത്തരമൊരു സാഹചര്യത്തില്‍, വിദേശ അതിഥികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ അവരുടെ അതിഥി മന്ദിരങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ഞാന്‍ ബിസിനസ്സ് സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നാം ഇവിടത്തെ സര്‍വ്വകലാശാലകളുടെ ഗസ്റ്റ് ഹൗസുകള്‍ വരെ ഉപയോഗിച്ചു. അതിഥികള്‍ക്ക് ആ ഗസ്റ്റ് ഹൗസുകളില്‍ താമസിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. ചിലര്‍ക്ക് ബറോഡയിലും താമസിക്കേണ്ടിവന്നു.
സുഹൃത്തുക്കളെ,
2009-ല്‍ വൈബ്രന്റ് ഗുജറാത്ത് സംഘടിപ്പിച്ചപ്പോള്‍ ലോകമെമ്പാടും മാന്ദ്യത്തിന്റെ അന്തരീക്ഷം ഉണ്ടായിരുന്നുവെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ലോകം മാന്ദ്യത്തിന്റെ പിടിയിലായി. നമ്മുടെ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരും എന്നോട് വൈബ്രന്റ് ഗുജറാത്ത് മാറ്റിവയ്ക്കാന്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. ആരും പങ്കെടുക്കാത്തതിനാല്‍ അത് പരാജയപ്പെടുമെന്ന് അവര്‍ വിശ്വസിച്ചു. പക്ഷേ ആ സമയത്തും ഞാന്‍ പറഞ്ഞു, 'ഇല്ല ഇത് നിര്‍ത്തില്ല. തുടര്‍ന്നും നടത്തും. പരാജയപ്പെട്ടാല്‍ പരമാവധി സംഭവിക്കാവുന്നത് വിമര്‍ശനമുയരും. എങ്കിലും തുടര്‍ച്ച നഷ്ടപ്പെടതരുത്.' അപ്പോഴും, ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരിക്കുമ്പോഴും 2009ലെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ വിജയത്തിന്റെ മറ്റൊരു പുതിയ അധ്യായം കൂട്ടിച്ചേര്‍ക്കപ്പെട്ടു.
സുഹൃത്തുക്കളെ,
വൈബ്രന്റ് ഗുജറാത്തിന്റെ വിജയം അതിന്റെ വികസന യാത്രയില്‍ നിന്ന് മനസ്സിലാക്കാം. 2003-ല്‍ നടന്ന ഈ ഉച്ചകോടിയില്‍ 100-ഓളം പങ്കാളികളും പ്രതിനിധികളും ബന്ധപ്പെട്ടിരുന്നു. ഇത് വളരെ ചെറിയ ഒരു പരിപാടിയായിരുന്നു. ഇന്ന് 40,000-ത്തിലധികം പങ്കാളികളും പ്രതിനിധികളും ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. 2003-ല്‍ ഈ ഉച്ചകോടിയില്‍ ഏതാനും രാജ്യങ്ങള്‍ മാത്രമാണ് പങ്കെടുത്തത്; ഇന്ന് 135 രാജ്യങ്ങള്‍ ഇതില്‍ പങ്കെടുക്കുന്നു. 2003-ലെ ഈ ഉച്ചകോടിയുടെ തുടക്കത്തില്‍ ഏകദേശം 30 പ്രദര്‍ശകര്‍ എത്തി; ഇപ്പോള്‍ 2000-ലധികം പ്രദര്‍ശകര്‍ ഈ ഉച്ചകോടിയില്‍ എത്തുന്നുണ്ട്.
സുഹൃത്തുക്കളെ,
വൈബ്രന്റ് ഗുജറാത്തിന്റെ വിജയത്തിന് പിന്നില്‍ നിരവധി പ്രത്യേക കാരണങ്ങളുണ്ട്. ആശയം, ഭാവന, നടപ്പാക്കല്‍ തുടങ്ങിയ കാതലായ ഘടകങ്ങള്‍ അതിന്റെ വിജയത്തില്‍ ഉള്‍പ്പെടുന്നു. ഈ ആശയത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നതെങ്കില്‍, വൈബ്രന്റ് ഗുജറാത്ത് അത്തരമൊരു സവിശേഷമായ ആശയമായിരുന്നു, ഭാരതത്തില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ അതിനെക്കുറിച്ച് കേട്ടിട്ടുള്ളൂ. എന്നാല്‍ കാലക്രമേണ നേടിയ വിജയത്തോടെ ആളുകള്‍ക്ക് അതിന്റെ പ്രാധാന്യം മനസ്സിലായി. കുറച്ചുകാലത്തിനുശേഷം, മറ്റ് സംസ്ഥാനങ്ങളും സ്വന്തം ബിസിനസ്സ്, നിക്ഷേപക ഉച്ചകോടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. മറ്റൊരു പ്രധാന ഘടകം ഭാവനയാണ്. വ്യത്യസ്തമായി ചിന്തിക്കാന്‍ നാം ധൈര്യപ്പെട്ടു. അക്കാലത്ത്, നാം സംസ്ഥാന തലത്തില്‍ വളരെ വലിയ ചിലതിനെപ്പറ്റി ചിന്തിക്കുകയായിരുന്നു; ദേശീയ തലത്തില്‍ പോലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍. ഒരു രാജ്യത്തെ നമ്മുടെ പങ്കാളിത്ത രാജ്യമാക്കാന്‍ നാം ധൈര്യം കാണിച്ചു. ഒരു വികസിത രാജ്യത്തെ പങ്കാളിത്ത രാജ്യമാക്കുന്ന ഒരു ചെറിയ സംസ്ഥാനം എന്ന ആശയം ഇന്ന് വിചിത്രമായി തോന്നാം. ആ സമയത്ത് എന്തായിരിക്കും സംഭവിക്കുക എന്ന് സങ്കല്‍പ്പിക്കുക? പക്ഷേ നാം അത് ചെയ്തു. രാജ്യത്തെ ഒരു സംസ്ഥാനത്തിന് ഇതൊരു വലിയ കാര്യമായിരുന്നു.
സുഹൃത്തുക്കള്‍,
ആശയവും ഭാവനയും എത്ര മികച്ചതാണെങ്കിലും, മുഴുവന്‍ സിസ്റ്റത്തെയും അണിനിരത്തി ഫലങ്ങള്‍ നല്‍കേണ്ടത് വളരെ പ്രധാനമാണ്. വിപുലമായ ആസൂത്രണം, ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിക്ഷേപം, എല്ലാ വിശദാംശങ്ങളിലേക്കും ശ്രദ്ധ, അശ്രാന്ത പരിശ്രമം എന്നിവ ആവശ്യമുള്ള ഒരു ദൗത്യമാണിത്, അതുവഴി ഈ സ്‌കെയിലില്‍ ഒരു പരിപാടി സംഘടിപ്പിക്കാന്‍ കഴിയും. ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്, അതേ ഓഫീസര്‍മാര്‍, അതേ വിഭവങ്ങള്‍, അതേ നിയന്ത്രണങ്ങള്‍ എന്നിവ ഉപയോഗിച്ച്, ആരും ചിന്തിക്കാത്ത ഒരു കാര്യം ഞങ്ങള്‍ ചെയ്തു!
സുഹൃത്തുക്കളെ,
വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ മറ്റൊരു സവിശേഷത എടുത്തുപറയേണ്ടതാണ്. ഒരു തവണ മാത്രം നടന്ന ഒരു സംഭവത്തില്‍ നിന്ന്, ഗവണ്‍മെന്റിനകത്തും പുറത്തും വര്‍ഷം മുഴുവനും സംവിധാനവും പ്രക്രിയയും സ്വയമേവ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായി വൈബ്രന്റ് ഗുജറാത്ത് മാറിയിരിക്കുന്നു. മുഖ്യമന്ത്രിമാര്‍ മാറി; മിക്കവാറും എല്ലാ പഴയ മുന്‍നിര ഉദ്യോഗസ്ഥരും വിരമിച്ചു. 2001ല്‍ ആദ്യമായി ഗുജറാത്തില്‍ എത്തിയ ഉദ്യോഗസ്ഥരാണ് ഇന്ന് ഗുജറാത്ത് നിയന്ത്രിക്കുന്നത്. അവര്‍ ഇപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരായി മാറിയിരിക്കുന്നു. കാലം മാറിയെങ്കിലും ഒന്നു മാറിയില്ല. ഓരോ തവണയും വൈബ്രന്റ് ഗുജറാത്ത് വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ തൊട്ടുകൊണ്ടിരുന്നു. നാം പ്രവര്‍ത്തനം സ്ഥാപനവല്‍ക്കരിച്ചതിനാലായിരിക്കാം ഇതു സംഭവിച്ചത്. ഈ കരുത്താണ് ഈ വിജയത്തിന്റെ സ്ഥിരതയ്ക്ക് അടിസ്ഥാനം. ഇതിനായി, അടിസ്ഥാന സൗകര്യവികസനത്തിനും അതേ ഊന്നല്‍ നല്‍കി. ചില അവസരങ്ങളില്‍, ടാഗോര്‍ ഹാളില്‍ പരിപാടികള്‍ നടന്നിരുന്നു, ചിലപ്പോള്‍ ഇവിടെ സയന്‍സ് സിറ്റിയില്‍ ടെന്റുകള്‍ സ്ഥാപിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്, ഇന്ന് നമുക്ക് അതേ പരിപാടികള്‍ക്കായി മഹാത്മാ മന്ദിരമുണ്ട്.
സുഹൃത്തുക്കളെ,
വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയെ നമ്മള്‍ മുന്നോട്ട് നയിച്ച ആവേശം നമ്മുടെ രാജ്യത്ത് വളരെ അപൂര്‍വമായി മാത്രമേ കാണാനാകൂ. നാം ഈ ഉച്ചകോടി ഗുജറാത്തിലാണു നടത്താറുള്ളതെങ്കിലും അതിലൂടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രയോജനം ലഭിക്കാന്‍ നാം ആഗ്രഹിക്കുന്നു. ഇന്നും നമ്മുടെ ആ ചിന്താഗതി മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ ചുരുക്കം. അവര്‍ സ്വയം വരച്ച വൃത്തങ്ങള്‍ക്കകത്തു ചുരുണ്ടുകൂടി ഇരിക്കുന്നു. അക്കാലത്ത് ഗുജറാത്തിലെ ഒരു മുഖ്യമന്ത്രി മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ഒരു ഉച്ചകോടി നടക്കുന്നതിനാല്‍ നിങ്ങളും നിങ്ങളുടെ സ്റ്റാളുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു; നിങ്ങള്‍ സെമിനാറുകള്‍ നടത്തണമെന്നും അഭ്യര്‍ഥിച്ചിരുന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും അവസരം ലഭിച്ചു. വരാനും അവരുടെ ഊര്‍ജം അതില്‍ ഉള്‍പ്പെടുത്താനും പ്രയോജനപ്പെടുത്താനും സംസ്ഥാനങ്ങളെ നാം ക്ഷണിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ക്കായുള്ള സെമിനാര്‍ നാം സംഘടിപ്പിച്ചിരുന്നു. അതില്‍ പല സംസ്ഥാനങ്ങളും പങ്കെടുക്കാറുണ്ടായിരുന്നു. വൈബ്രന്റ് ഉച്ചകോടിയുടെ സമയത്തും, ഒഡീഷ ഉച്ചകോടി, തെലുങ്ക് ഉച്ചകോടി, ഹരിയാന
ഉച്ചകോടി അല്ലെങ്കില്‍ ജമ്മു കശ്മീര്‍ ഉച്ചകോടി എന്നിങ്ങനെ വിവിധ ഉച്ചകോടികള്‍ നടക്കുന്നു. അതിനുപുറമെ, ഗുജറാത്തില്‍ ആയുര്‍വേദത്തിന്റെ ദേശീയ ഉച്ചകോടി, പുരോഗമന പങ്കാളികളുടെ ഒരു വലിയ ഉച്ചകോടി, അഖിലേന്ത്യാ അഭിഭാഷക ഉച്ചകോടി തുടങ്ങി വിവിധതരം ഉച്ചകോടികള്‍ നാം തുടര്‍ച്ചയായി സൃഷ്ടിച്ചു. ദേശീയ കാഴ്ചപ്പാടിന് കീഴിലാണ് നാം ഗുജറാത്തിനെ വികസിപ്പിക്കുന്നത്.
സുഹൃത്തുക്കളെ,
ഇരുപതാം നൂറ്റാണ്ടില്‍ ഗുജറാത്തിന്റെ സ്വത്വം എന്തായിരുന്നു? നാം ഒരു കച്ചവട രാഷ്ട്രമെന്നാണ് അറിയപ്പെട്ടിരുന്നത്. നാം ഒരിടത്ത് നിന്ന് വാങ്ങി മറ്റൊരിടത്ത് വില്‍ക്കുകയായിരുന്നു പതിവ്. ഈ പ്രക്രിയയില്‍ എന്ത് കമ്മീഷന്‍ കിട്ടുന്നുവോ അതുകൊണ്ട് അതിജീവിക്കുകയായിരുന്നു പതിവ്. ഇതായിരുന്നു നമ്മുടെ ചിത്രം. എന്നാല്‍ 20-ാം നൂറ്റാണ്ടിന്റെ ആ പ്രതിച്ഛായ മാറ്റിവെച്ച്, 21-ാം നൂറ്റാണ്ടില്‍ ഗുജറാത്ത് വ്യാപാരത്തോടൊപ്പം ഒരു കാര്‍ഷിക ശക്തികേന്ദ്രമായും സാമ്പത്തിക കേന്ദ്രമായും വികസിക്കുക വഴി വ്യാവസായികവും ഉല്‍പ്പാദനപരവുമായ ആവാസവ്യവസ്ഥ എന്ന നിലയില്‍ വ്യക്തിത്വം വികസിപ്പിച്ചെടുത്തു. ഇതുകൂടാതെ, ഗുജറാത്തിന്റെ വ്യാപാരാധിഷ്ഠിത പ്രശസ്തിയും വളരെ ശക്തമായി. ആശയങ്ങളുടെയും നവീകരണങ്ങളുടെയും വ്യവസായങ്ങളുടെയും ഇന്‍കുബേറ്ററായി പ്രവര്‍ത്തിക്കുന്ന വൈബ്രന്റ് ഗുജറാത്ത് പോലുള്ള സംഭവങ്ങളുടെ വിജയമാണ് ഇതിനെല്ലാം പിന്നില്‍. കഴിഞ്ഞ 20 വര്‍ഷമായി നമുക്ക് ആയിരക്കണക്കിന് വിജയഗാഥകളും കേസ് പഠനങ്ങളും ഉണ്ട്. ഫലപ്രദമായ നയരൂപീകരണവും കാര്യക്ഷമമായ പദ്ധതി നിര്‍വഹണവും കൊണ്ട് ഇത് സാധ്യമായി. ടെക്സ്റ്റൈല്‍, വസ്ത്ര വ്യവസായ മേഖലകളിലെ നിക്ഷേപത്തിലും തൊഴിലവസരങ്ങളിലും അഭൂതപൂര്‍വമായ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍, വിവിധ മേഖലകളില്‍ നാം പുതിയ ഉയരങ്ങളിലെത്തി. 2001 നെ അപേക്ഷിച്ച്, ഓട്ടോമൊബൈല്‍ മേഖലയിലെ നമ്മുടെ നിക്ഷേപം ഏകദേശം 9 മടങ്ങ് വര്‍ദ്ധിച്ചു. നമ്മുടെ ഉല്‍പ്പാദനം 12 മടങ്ങ് വര്‍ദ്ധിച്ചു. കെമിക്കല്‍ മേഖലയില്‍, രാജ്യത്തും ലോകമെമ്പാടുമുള്ള നിരവധി കമ്പനികളുടെ ഇഷ്ടപ്പെട്ട കേന്ദ്രമായി ഗുജറാത്ത് മാറിയിരിക്കുന്നു. ഇന്ന് ഭാരതത്തിന്റെ ചായങ്ങളുടെയും നിര്‍മാണ് വസ്തുക്കളുടെയും ഉല്‍പാദനത്തില്‍ ഗുജറാത്തിന്റെ സംഭാവന ഏകദേശം 75 ശതമാനമാണ്.
കാര്‍ഷിക, ഭക്ഷ്യ സംസ്‌കരണ വ്യവസായ മേഖലകളിലെ നിക്ഷേപത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പങ്ക് ഗുജറാത്തിലാണ്. ഇന്ന് ഗുജറാത്തില്‍ 30,000 ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍, ഗുജറാത്ത് നൂതനാശയാധിഷ്ഠിതവും വിജ്ഞാന കേന്ദ്രീകൃതവുമായ വ്യവസായ മേഖലയായി ഉയര്‍ന്നുവരുന്നു. ഗുജറാത്തിന് മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ 50 ശതമാനത്തിലധികം വിഹിതവും കാര്‍ഡിയാക് സ്റ്റെന്റ് നിര്‍മ്മാണത്തില്‍ 80 ശതമാനവും വിഹിതമുണ്ട്. രത്ന-ആഭരണ വ്യവസായത്തില്‍ ഗുജറാത്തിന്റെ വിജയം അതിശയകരമാണ്. ലോകത്ത് സംസ്‌കരിച്ച വജ്രത്തില്‍ 70 ശതമാനവും ഗുജറാത്തിലാണ് സംസ്‌കരിക്കപ്പെട്ടത്. ഭാരതത്തിന്റെ വജ്ര കയറ്റുമതിയില്‍ ഗുജറാത്തിന്റെ സംഭാവന 80 ശതമാനമാണ്. സെറാമിക് മേഖലയെ കുറിച്ച് പറയുകയാണെങ്കില്‍, ഗുജറാത്തിലെ മോര്‍ബി മേഖലയ്ക്ക് മാത്രം രാജ്യത്തെ സെറാമിക് വിപണിയില്‍ 90 ശതമാനം പങ്കാളിത്തമുണ്ട്. സെറാമിക് ടൈലുകള്‍, സാനിറ്ററി വെയര്‍, വിവിധ സെറാമിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഏകദേശം 10,000 നിര്‍മ്മാണ യൂണിറ്റുകള്‍ ഇവിടെയുണ്ട്. ഭാരതത്തിലെ ഏറ്റവും മികച്ച കയറ്റുമതി സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനം ഏകദേശം 2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വസ്തുക്കള്‍കയറ്റുമതി ചെയ്തു. വരും കാലങ്ങളില്‍ പ്രതിരോധ വസ്തുക്കളുടെ നിര്‍മ്മാണം ഒരു വലിയ മേഖലയാകും.
സുഹൃത്തുക്കളെ,
വൈബ്രന്റ് ഗുജറാത്ത് തുടങ്ങിയപ്പോള്‍ ഞങ്ങളുടെ ഉദ്ദേശം ഈ സംസ്ഥാനം രാജ്യത്തിന്റെ പുരോഗതിയുടെ വളര്‍ച്ചാ യന്ത്രമായി മാറണമെന്നായിരുന്നു. ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് മനസ്സിലായോ? ഞങ്ങള്‍ ഇവിടെ ജോലി ചെയ്യുമ്പോള്‍, ഞങ്ങള്‍ക്ക് ഒരു ദര്‍ശനം ഉണ്ടായിരുന്നു. ഗുജറാത്ത് രാജ്യത്തിന്റെ വളര്‍ച്ചാ യന്ത്രമായി മാറണമെന്ന് ഞങ്ങള്‍ വിശ്വസിച്ചു. കുറച്ച് ആളുകള്‍ക്ക് അത് മനസ്സിലായി എന്ന് കരുതുന്നു. ഈ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമായി മാറുന്നത് രാജ്യം കണ്ടു. 2014ല്‍, രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിച്ചപ്പോള്‍, ഞങ്ങളുടെ ലക്ഷ്യവും വികസിച്ചു, ഭാരതത്തെ ലോകത്തിന്റെ മുഴുവന്‍ വളര്‍ച്ചാ യന്ത്രമാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇന്ന് അന്താരാഷ്ട്ര ഏജന്‍സികളും വിദഗ്ധരും ഈ സ്വരത്തിലാണ് സംസാരിക്കുന്നത്. ഇന്ന് ഭാരതം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ്. ഭാരതം ആഗോള സാമ്പത്തിക ശക്തിയായി മാറാന്‍ പോകുന്ന ഒരു വഴിത്തിരിവിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്. ഇപ്പോള്‍ ഇത് ലോകത്തിനുള്ള ഭാരതത്തിന്റെ ഉറപ്പ്, നിങ്ങള്‍ക്കും എന്റെ ഉറപ്പ്. നിങ്ങളുടെ കണ്‍മുമ്പില്‍ നിങ്ങള്‍ കാണും; ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭാരതം ലോകത്തിലെ ഏറ്റവും വലിയ 3 സാമ്പത്തിക ശക്തികളില്‍ ഒന്നാകും. ഇതാണ് മോദിയുടെ ഉറപ്പ്. അതിനാല്‍, ഇവിടെ സന്നിഹിതരായ അതിഥികളോടും ഇന്ത്യന്‍ വ്യവസായത്തോടും ഒരു അഭ്യര്‍ത്ഥന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭാരതത്തിന് സ്വയം പുതിയ സാധ്യതകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന, അല്ലെങ്കില്‍ അതിന്റെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുന്ന മേഖലകളെക്കുറിച്ച് നിങ്ങള്‍ എല്ലാവരും ചിന്തിക്കണം. വൈബ്രന്റ് ഗുജറാത്തിന് എങ്ങനെ ഈ ദൗത്യത്തിന് ആക്കം കൂട്ടാന്‍ കഴിയുമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. സുസ്ഥിരതയുടെ കാര്യത്തില്‍ ഭാരതം ഇന്ന് ലോകത്തെ നയിക്കുന്നതുപോലെ, ഈ ഉച്ചകോടിയില്‍ നിന്ന് നമ്മുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് എങ്ങനെ പരമാവധി നേട്ടങ്ങള്‍ നേടാനാകുമെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ഇന്ന് കാര്‍ഷിക സാങ്കേതികവിദ്യം വളര്‍ന്നുവരുന്ന ഒരു മേഖലയാണ്. ഭക്ഷ്യ സംസ്‌കരണ മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ശ്രീ അന്നയുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തോടെ, നമ്മുടെ ചെറുധാന്യങ്ങള്‍ ഇന്ന് ലോകമെമ്പാടുമുള്ള തീന്‍മേശകളില്‍ അഭിമാനകരമായ ഇടം കണ്ടെത്തി. ശ്രീ അന്നയെ ഉപയോഗിച്ച് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സംസ്‌കരണം, പാക്കേജിംഗ്, ആഗോള വിപണിയില്‍ എത്തിക്കുന്നതിനുള്ള സാധ്യതകള്‍ എന്നിവയിലെ മാറ്റങ്ങള്‍ നിരവധി പുതിയ അവസരങ്ങള്‍ കൊണ്ടുവന്നു.
അങ്ങേയറ്റം ബന്ധിതമായ ഇന്നത്തെ ലോകത്ത്, സാമ്പത്തിക സഹകരണ സ്ഥാപനങ്ങളുടെ ആവശ്യകത അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിന് ഇതിനകം ഒരു ഗിഫ്റ്റ് നഗരമുണ്ട്, അതിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗിഫ്റ്റ് നഗരം നമ്മുടെ ഗവണ്‍മെന്റിന്റെ ആകെ സമീപനത്തെയും പ്രതിഫലിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച നിയന്ത്രിത സാഹചര്യം സൃഷ്ടിക്കാന്‍ ഇവിടെ കേന്ദ്ര, സംസ്ഥാന, ഐ.എഫ്.എസ്.സി. അധികാരികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ആഗോളതലത്തില്‍ മത്സരാധിഷ്ഠിത സാമ്പത്തിക വിപണിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നാം ഊര്‍ജിതമാക്കണം. ഇതിനായി നമ്മുടെ വലിയ തോതിലുള്ള ആഭ്യന്തര ആവശ്യകത പ്രയോജനപ്പെടുത്താം. ഗിഫ്റ്റ് നഗരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുക, അങ്ങനെ അതിന്റെ ആഗോള സാന്നിധ്യം വിപുലീകരിക്കുക എന്നതാണ് വൈബ്രന്റ് ഗുജറാത്തിന്റെ മുമ്പിലുള്ള ലക്ഷ്യം.
സുഹൃത്തുക്കളെ,
വൈബ്രന്റ് ഗുജറാത്തിന്റെ വിജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഇത് നിര്‍ത്താനുള്ള സമയമല്ലെന്ന് ഞാനും പറയും. കഴിഞ്ഞ 20 വര്‍ഷത്തേക്കാള്‍ പ്രാധാന്യമുള്ളതാണ് അടുത്ത 20 വര്‍ഷം. വൈബ്രന്റ് ഗുജറാത്ത് 40 വര്‍ഷം തികയുമ്പോള്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തോട് അടുക്കും. 2047-ഓടെ രാജ്യത്തെ ഒരു വികസിതവും സ്വയംപര്യാപ്തവുമായ രാഷ്ട്രമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്ന ഒരു റോഡ്മാപ്പ് ഭാരത് രൂപപ്പെടുത്തേണ്ട സമയമാണിത്. നിങ്ങള്‍ എല്ലാവരും തീര്‍ച്ചയായും ഈ ദിശയില്‍ പ്രവര്‍ത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും തീര്‍ച്ചയായും മുന്നോട്ട് വരികയും ചെയ്യുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. നിലവില്‍ വൈബ്രന്റ് ഉച്ചകോടി ജനുവരിയിലാണ് നടക്കാന്‍ പോകുന്നത്. സംസ്ഥാന ഗവണ്‍മെന്റും ഇവിടുത്തെ വ്യവസായ ലോകത്തുള്ള സുഹൃത്തുക്കളും ഇതില്‍ പൂര്‍ണ്ണമായ കരുത്തോടെ പങ്കാളികളായിരിക്കാം. പക്ഷേ ഇന്ന് നിങ്ങള്‍ എന്നെ ക്ഷണിച്ചപ്പോള്‍, ഞാന്‍ 20 വയസ്സ് ചെറുപ്പമായി മാറുകയും പഴയ ഓര്‍മ്മകള്‍ നിറയുകയും ചെയ്തു എന്നത് എനിക്ക് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. ആ ഭയാനകമായ നാളുകളില്‍ നിന്ന് ഗുജറാത്തിനെ എങ്ങനെയാണ് പുറത്തെത്തിച്ചത്, ഇന്ന് സംസ്ഥാനം എവിടെ എത്തി? ജീവിതത്തില്‍ ഇതിലും വലിയ സംതൃപ്തി മറ്റെന്തുണ്ട് സുഹൃത്തുക്കളെ? ഈ 20 വര്‍ഷം ആഘോഷിക്കുന്ന ഗുജറാത്ത് ഗവണ്‍മെന്റിനെ ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. നിങ്ങളുടെ ഇടയിലിരുന്ന് ആ പഴയകാലം വീണ്ടെടുക്കാന്‍ നിങ്ങള്‍ എനിക്ക് അവസരം നല്‍കി. അതിനാല്‍, ഞാന്‍ വളരെ നന്ദിയുള്ളവനാണ്. എന്റെ എല്ലാ വിധ ഭാവുകങ്ങളും!