എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകരായ ഡോ. ജിതേന്ദ്ര സിംഗ്, ശ്രീ പി.കെ. മിശ്ര ജി, ശ്രീ രാജീവ് ഗൗബ ജി, ശ്രീ ശ്രീനിവാസന്‍ ജി, ഈ പരിപാടിയില്‍ പങ്കെടുക്കുന്ന കര്‍മ്മയോഗി സുഹൃത്തുക്കളെ, മഹതികളെ, മഹാന്‍മാരെ! സിവില്‍ സര്‍വീസ് ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് ദിനം വളരെ പ്രധാനമാണ്. രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷം തികയുന്ന കാലഘട്ടമാണിത്. അടുത്ത 25 വര്‍ഷത്തെ ബൃഹത്തായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ രാജ്യം ദ്രുതഗതിയിലുള്ള ചുവടുവെപ്പുകള്‍ ആരംഭിച്ചിരിക്കുന്ന കാലഘട്ടമാണിത്. 15-20-25 വര്‍ഷം മുമ്പ് ജോലിക്കു ചേര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് രാജ്യത്തെ ഈ സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാലത്തിലേക്ക്' എത്തിക്കുന്നതില്‍ വലിയ പങ്കുണ്ട്. ഇനി, അടുത്ത 15-20-25 വര്‍ഷത്തേക്ക് സര്‍വീസില്‍ വരാന്‍ പോകുന്ന യുവ ഉദ്യോഗസ്ഥര്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. അതിനാല്‍, ഇന്ന് ഇന്ത്യയിലെ എല്ലാ സിവില്‍ സര്‍വീസ് ഓഫീസര്‍മാരോടും ഞാന്‍ പറയും, നിങ്ങള്‍ വളരെ ഭാഗ്യവാന്‍മാരാണെന്ന്. എന്റെ വാക്കുകളില്‍ നിങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരുപക്ഷേ, ചിലര്‍ തങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരല്ലെന്ന് വിശ്വസിക്കുന്നില്ല. സ്വന്തം ആശയങ്ങള്‍ക്ക് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
ഈ കാലയളവില്‍ രാജ്യത്തെ സേവിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചു. സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാലത്തില്‍' രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നമുക്ക് കുറച്ച് സമയമുണ്ട്, പക്ഷേ ധാരാളം സാധ്യതകളുണ്ട്. നമ്മുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഏറെ അധ്വാനിക്കണം; പക്ഷേ നമുക്ക് ആവേശക്കുറവില്ല. നമുക്ക് ഒരു മല കയറേണ്ടി വന്നേക്കാം, പക്ഷേ നമ്മുടെ ഉദ്ദേശ്യങ്ങള്‍ ആകാശത്തേക്കാള്‍ ഉയര്‍ന്നതാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ന് എത്തിയ ഇന്ത്യ, വളരെ വലിയ കുതിച്ചുചാട്ടത്തിന് നമ്മുടെ രാജ്യത്തെ ഒരുക്കിയിരിക്കുന്നു. നാട്ടിലെ ഉദ്യോഗസ്ഥ വൃന്ദം ഒന്നുതന്നെയാണെന്നും ഉദ്യോഗസ്ഥരും ജീവനക്കാരും ഒരുപോലെയാണെന്നും ഞാന്‍ പലപ്പോഴും പറയാറുണ്ട്. പക്ഷേ ഫലം മാറി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ആഗോളതലത്തില്‍ ഇന്ത്യ ഒരു പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും ദരിദ്രരായ പാവപ്പെട്ടവര്‍ക്ക് പോലും മികച്ച ഭരണത്തിന്റെ ആത്മവിശ്വാസം ലഭിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളുടെ കഠിനാധ്വാനം അതിലും ഫലം കണ്ടു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വികസനം പുതിയ കുതിപ്പ് നേടിയിട്ടുണ്ടെങ്കില്‍, നിങ്ങളുടെ പങ്കാളിത്തത്തോടെയല്ലാതെ അത് സാധ്യമല്ല. കൊറോണ എന്ന മഹാവിപത്തുണ്ടായിട്ടും, ഇന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്.
ഇന്ന് ഇന്ത്യ ഫിന്‍ടെക് ലോകത്ത് ആധിപത്യം പുലര്‍ത്തുന്നു, ഡിജിറ്റല്‍ പേയ്മെന്റിന്റെ കാര്യത്തില്‍ അത് ഒന്നാം സ്ഥാനത്താണ്. മൊബൈല്‍ ഡാറ്റ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ലോകത്തിലെ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാണ് ഇന്ത്യക്കുള്ളത്. ഇന്ന്, രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥ വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. 2014നെ അപേക്ഷിച്ച് 10 മടങ്ങ് വേഗത്തിലാണ് രാജ്യത്ത് റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണം നടക്കുന്നത്. 2014നെ അപേക്ഷിച്ച് ഇരട്ടി വേഗത്തിലാണ് ഇന്ന് രാജ്യത്ത് ദേശീയപാതകള്‍ നിര്‍മിക്കുന്നത്. 2014നെ അപേക്ഷിച്ച് രാജ്യത്തെ തുറമുഖങ്ങളിലെ ശേഷി വര്‍ധിപ്പിക്കല്‍ ഏതാണ്ട് ഇരട്ടിയായി. 2014നെ അപേക്ഷിച്ച് ഇന്ന് രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി. ഇന്ന് ഇവിടെ നല്‍കുന്ന അവാര്‍ഡുകള്‍ രാജ്യത്തിന്റെ വിജയത്തില്‍ നിങ്ങളുടെ പങ്കാളിത്തം തെളിയിക്കുകയും നിങ്ങളുടെ സേവനബോധം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. അവാര്‍ഡ് നേടിയ എല്ലാ സഹപ്രവര്‍ത്തകരെയും ഒരിക്കല്‍ കൂടി ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ നിന്നുള്ള എന്റെ പ്രസംഗത്തിനിടെ, ഞാന്‍ 'പഞ്ച് പ്രാണ്‍' (അഞ്ച് പ്രതിജ്ഞകള്‍) പ്രഖ്യാപിച്ചു. അവ വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുക, അടിമത്തത്തിന്റെ എല്ലാ മാനസികാവസ്ഥയില്‍ നിന്നും മുക്തി നേടുക, ഇന്ത്യയുടെ പൈതൃകത്തില്‍ അഭിമാനം കൊള്ളുക, രാജ്യത്തിന്റെ ഐക്യവും ഐക്യദാര്‍ഢ്യവും തുടര്‍ച്ചയായി ശക്തിപ്പെടുത്തുക, കടമകള്‍ പാലിക്കുക എന്നിവയാണ്. പരമപ്രധാനമായ ഈ 'പഞ്ചപ്രാണ'ങ്ങളുടെ പ്രചോദനത്തില്‍ നിന്നുയരുന്ന ഊര്‍ജം നമ്മുടെ രാജ്യത്തെ എക്കാലവും അര്‍ഹിക്കുന്ന ഉയരത്തിലെത്തിക്കും. ഈ വര്‍ഷം സിവില്‍ സര്‍വീസ് ദിനത്തിന്റെ പ്രമേയം 'വികസിത ഇന്ത്യ' എന്നായി നിങ്ങള്‍ നിശ്ചയിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. വികസിത ഇന്ത്യ സൃഷ്ടിക്കുന്നതിന്റെ പിന്നിലെ ചിന്ത എന്താണെന്ന് ഇപ്പോള്‍ പുറത്തിറങ്ങിയ പുസ്തകത്തിലും പ്രതിഫലിക്കുന്നു. വികസിത ഇന്ത്യ എന്നത് ആധുനിക അടിസ്ഥാന സൗകര്യങ്ങളിലോ ആധുനിക നിര്‍മ്മാണത്തിലോ മാത്രം ഒതുങ്ങുന്നില്ല. വികസിത ഇന്ത്യയില്‍ ഇന്ത്യയുടെ ഗവണ്‍മെന്റ് സംവിധാനം ഓരോ പൗരന്റെയും അഭിലാഷങ്ങളെ പിന്തുണയ്‌ക്കേണ്ടത് ആവശ്യമാണ്. ഇന്ത്യയിലെ ഓരോ ഗവണ്‍മെന്റ് ജീവനക്കാരനും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ജനങ്ങളെ സഹായിക്കേണ്ടത് ഒരു വികസിത ഇന്ത്യയ്ക്ക് ആവശ്യമാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിലെ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടിരുന്ന നിഷേധാത്മകതയെ അനുകൂലമാക്കി മാറ്റേണ്ടതും നമ്മുടെ സംവിധാനം രാജ്യവാസികളുടെ പങ്കാളിയെന്ന നിലയില്‍ അതിന്റെ പങ്ക് നിറവേറ്റേണ്ടതും ഒരു വികസിത ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണ്.
സുഹൃത്തുക്കളെ,
പദ്ധതികള്‍ എത്ര മികച്ചതാണെങ്കിലും, രൂപരേഖ കടലാസില്‍ എത്ര മനോഹരമാണെങ്കിലും, നടപ്പാക്കുന്നതു മെച്ചപ്പെടുത്തിയില്ലെങ്കില്‍, പ്രതീക്ഷിച്ച ഫലങ്ങള്‍ കൈവരിക്കാന്‍ കഴിയില്ല എന്നതാണ് സ്വാതന്ത്ര്യത്തിനു ശേഷം നമുക്കുള്ള ദശാബ്ദങ്ങളുടെ പഴക്കമുള്ള അനുഭവം. രാജ്യത്ത് നാല് കോടിയിലധികം വ്യാജ ഗ്യാസ് കണക്ഷനുകള്‍ ഉണ്ടായിരുന്നത് നേരത്തെയുള്ള സംവിധാനം മൂലമാണെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. രാജ്യത്ത് നാല് കോടിയിലധികം വ്യാജ റേഷന്‍ കാര്‍ഡുകള്‍ ഉണ്ടായിരുന്നത് നേരത്തെയുള്ള സംവിധാനമാണ്. രാജ്യത്തെ ഒരു കോടി സാങ്കല്‍പ്പിക സ്ത്രീകളെയും കുട്ടികളെയും വനിതാ ശിശു വികസന മന്ത്രാലയം സഹായിക്കുന്നത് മുന്‍കാല സമ്പ്രദായം മൂലമാണ്. 30 ലക്ഷത്തോളം വ്യാജ യുവാക്കള്‍ക്ക് ന്യൂനപക്ഷകാര്യ മന്ത്രാലയം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് മുന്‍കാല സമ്പ്രദായം മൂലമാണ്. എംഎന്‍ആര്‍ഇജിഎ പ്രകാരം രാജ്യത്ത് ലക്ഷക്കണക്കിന് വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെടുകയും നിലവിലില്ലാത്ത ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പണം കൈമാറുകയും ചെയ്ത മുന്‍കാല സംവിധാനത്തിന്റെ ഫലവും ഇതാണ്. ഒരിക്കലും ജനിക്കാത്ത, കടലാസില്‍ മാത്രം ജനിച്ച ഒരു വലിയ ആവാസവ്യവസ്ഥ കോടിക്കണക്കിന് വ്യാജ പേരുകളുടെ മറവില്‍ അഴിമതിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു എന്നു നിങ്ങള്‍ സങ്കല്‍പ്പിക്കുക. ഇന്ന്, രാജ്യത്തിന്റെയും നിങ്ങളുടെ എല്ലാവരുടെയും പ്രയത്നത്താല്‍, ഈ സമ്പ്രദായം മാറി, രാജ്യത്തിന്റെ ഏകദേശം മൂന്ന് ലക്ഷം കോടി രൂപ അനര്‍ഹമായ കൈകളിലേക്ക് പോകാതെ സംരക്ഷിക്കപ്പെട്ടു. ഈ നേട്ടത്തിന് നിങ്ങളെല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. ഇന്ന് ഈ പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നു, അവരുടെ ജീവിതം എളുപ്പമാക്കുന്നു.
സുഹൃത്തുക്കളെ,
സമയം പരിമിതമാകുമ്പോള്‍, നമ്മുടെ ദിശ എന്തായിരിക്കുമെന്നും നമ്മുടെ പ്രവര്‍ത്തന ശൈലി എന്തായിരിക്കുമെന്നും തീരുമാനിക്കേണ്ടത് വളരെ പ്രധാനമാണ്. ഇന്നത്തെ വെല്ലുവിളി നിങ്ങള്‍ എത്രത്തോളം കാര്യക്ഷമമാണ് എന്നതല്ല, എന്നാല്‍ ആ പോരായ്മ എങ്ങനെ ഇല്ലാതാക്കാം എന്നുള്ളതാണ് വെല്ലുവിളി. നമ്മുടെ ദിശ ശരിയാണെങ്കില്‍, കാര്യക്ഷമതയുടെ ശക്തി വര്‍ദ്ധിക്കുകയും നാം മുന്നോട്ട് പോകുകയും ചെയ്യും. എന്നാല്‍ കുറവുണ്ടായാല്‍ നമുക്ക് ആവശ്യമുള്ള ഫലം ലഭിക്കില്ല. പോരായ്മയുടെ മറവില്‍ എല്ലാ മേഖലയിലും ഏറ്റവും ചെറിയ കാര്യം പോലും നിയന്ത്രിക്കാന്‍ പുതിയ രീതികള്‍ നേരത്തെ കണ്ടുപിടിച്ചതായി നിങ്ങള്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇന്ന് അതേ കുറവ് കാര്യക്ഷമതയായി മാറിയിരിക്കുന്നു. ഇന്ന്, അതേ കാര്യക്ഷമതയാണ് നയങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയ തടസ്സങ്ങള്‍ തിരിച്ചറിയുന്നത്, അതുവഴി അവ നീക്കം ചെയ്യാനാകും. 'ഗവണ്‍മെന്റ് എല്ലാം ചെയ്യും' എന്ന സമീപനമാണ് നേരത്തെ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 'ഗവണ്‍മെന്റ് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും' എന്ന ചിന്തയാണ്.
'എല്ലാവര്‍ക്കും വേണ്ടി' പ്രവര്‍ത്തിക്കുക എന്ന മനോഭാവത്തോടെ ഇപ്പോള്‍ ഗവണ്‍മെന്റ് സമയവും വിഭവങ്ങളും കാര്യക്ഷമമായി ഉപയോഗിക്കുന്നു. ഇന്നത്തെ ഗവണ്‍മെന്റിന്റെ മുദ്രാവാക്യം രാഷ്ട്രം പ്രഥമ പൗരന്‍ എന്നതാണ്. അധഃസ്ഥിതര്‍ക്ക് മുന്‍ഗണന നല്‍കുക എന്നതിനാണ് ഇന്നത്തെ ഗവണ്‍മെന്റിന്റെ മുന്‍ഗണന. ഇന്ന് വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ക്കും ബ്ലോക്കുകള്‍ക്കും വരെ ഭരണസംവിധാനത്തിന്റെ പിന്‍തുണ ലഭിക്കുന്നു. ഇന്നത്തെ ഗവണ്‍മെന്റ് രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളെ മുഖ്യധാരയില്‍നിന്നു വേറിട്ടുനില്‍ക്കുന്ന ഗ്രാമങ്ങളായി കണക്കാക്കാതെ പ്രഥമ പരിഗണന നല്‍കേണ്ട ഗ്രാമങ്ങളായി കണക്കാക്കി വൈബ്രന്റ് വില്ലേജ് പദ്ധതി നടത്തിവരികയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ ഗവണ്‍മെന്റിനുള്ള ഒരു പ്രധാന നേട്ടമാണ് ഇത്. എന്നാല്‍ നമ്മള്‍ എപ്പോഴും ഒരു കാര്യം ഓര്‍ക്കണം. നാം കൂടുതല്‍ കഠിനാധ്വാനം ചെയ്യണം, 100% ഫലപ്രാപ്തിക്കായി നൂതനമായ പരിഹാരങ്ങള്‍ നിരന്തരം ആവശ്യമാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ ഇത്രയും വലിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോള്‍ നമ്മുടെ പക്കലുണ്ട്, അത്രയും വലിയ അളവിലുള്ള ഡാറ്റ നമ്മുടെ പക്കലുണ്ട്, എന്നിട്ടും എല്ലാ വകുപ്പുകളും ഒരേ വിവരങ്ങളും അതേ രേഖകളും ആവശ്യപ്പെടുന്നത് നാം കാണുന്നു, അവ ഇതിനകം തന്നെ ചില വിവര ശേഖരങ്ങളില്‍ ഉണ്ട്. .
എന്‍.ഒ.സി., സര്‍ട്ടിഫിക്കറ്റുകള്‍, ക്ലിയറന്‍സുകള്‍ എന്നിവ നല്‍കുന്നതിന് ധാരാളം ഭരണപരമായ സമയം ചെലവഴിക്കുന്നു. നാം അതിനു പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ജീവിതം സുഗമമാവുകയുള്ളൂ. അപ്പോള്‍ മാത്രമേ ബിസിനസ് ചെയ്യുന്നത് എളുപ്പമായിത്തീരുകയുള്ളൂ. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന്റെ ഉദാഹരണം കൂടി നിങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിന് കീഴില്‍, എല്ലാ തരം അടിസ്ഥാന സൗകര്യവുമായും ബന്ധപ്പെട്ട വിവിധ തലങ്ങളിലെ വിവര ശേഖരങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. അത് നമ്മള്‍ പരമാവധി പ്രയോജനപ്പെടുത്തണം. സാമൂഹ്യമേഖലയില്‍ മികച്ച ആസൂത്രണത്തിനും നിര്‍വ്വഹണത്തിനും പ്രധാനമന്ത്രി ഗതിശക്തിയെ നാം പരമാവധി ഉപയോഗിക്കുകയും വേണം. ഇത് ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനും നിര്‍വ്വഹണത്തിലെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനും സഹായിക്കും. ഇത് വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയവും ജില്ലകളും ബ്ലോക്കുകളും തമ്മിലുള്ള ആശയവിനിമയവും കൂടുതല്‍ ലളിതമാക്കും. ഇത് നമുക്ക് കൂടുതല്‍ വഴികള്‍ തേടുന്നത് എളുപ്പമാക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ ഈ 'അമൃത് കാലം' ഇന്ത്യയിലെ എല്ലാ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും നിരവധി അവസരങ്ങള്‍ ലഭ്യമാക്കി. പക്ഷേ അത് ഒരുപോലെ വെല്ലുവിളി നിറഞ്ഞതാണ്. ഇത്രയധികം നേട്ടങ്ങള്‍ ഉണ്ടായിട്ടും, ദ്രുതഗതിയിലുള്ള പുരോഗതി ഉണ്ടായിട്ടും, എന്തുകൊണ്ടാണ് ഞാന്‍ അതിനെ ഒരു വെല്ലുവിളി എന്ന് വിളിക്കുന്നത്? നിങ്ങളും ഇത് മനസ്സിലാക്കണം എന്ന് ഞാന്‍ കരുതുന്നു. ഇന്ന്, ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ വളരെ വേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വികസിത ഇന്ത്യയ്ക്കും വ്യവസ്ഥിതി മാറുന്നതിനുമായി ഇനിയും കാത്തിരിക്കാന്‍ രാജ്യക്കാര്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തെ ജനങ്ങളുടെ ഈ അഭിലാഷം സാക്ഷാത്കരിക്കാന്‍, നാമെല്ലാവരും സര്‍വ്വശക്തിയുമുപയോഗിച്ച് അണിനിരക്കേണ്ടതുണ്ട്. തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കുകയും ആ തീരുമാനങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ നടപ്പിലാക്കുകയും വേണം. ഇത് ഞാന്‍ പറയുന്നത് കൊണ്ടല്ല എന്ന് നിങ്ങള്‍ ഓര്‍ക്കണം. ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും വളരെയധികം വര്‍ദ്ധിച്ചുവെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടാകണം.
ലോകമെമ്പാടുമുള്ള വിദഗ്ധരും വിവിധ അന്താരാഷ്ട്ര സംഘടനകളും ഇന്ത്യയുടെ സമയം വന്നിരിക്കുന്നുവെന്ന് പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥ സംവിധാനം ഒരു നിമിഷം പോലും നഷ്ടപ്പെടുത്തേണ്ടതില്ല. ഇന്ന്, ഇന്ത്യയിലെ ഉദ്യോഗസ്ഥ സംവിധാനത്തോടും ഇന്ത്യയിലെ എല്ലാ ഗവണ്‍മെന്റ് ജീവനക്കാരോടും, അത് സംസ്ഥാന ഗവണ്‍മെന്റുകളിലേതായാലും കേന്ദ്ര ഗവണ്‍മെന്റിലേതായാലും, ഒരു അഭ്യര്‍ത്ഥന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യം നിങ്ങളില്‍ വളരെയധികം വിശ്വാസമര്‍പ്പിക്കുകയും നിങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, ആ വിശ്വാസത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങളുടെ സേവനത്തില്‍, നിങ്ങളുടെ തീരുമാനങ്ങളുടെ അടിസ്ഥാനം രാജ്യത്തിന്റെ താല്‍പ്പര്യം മാത്രമായിരിക്കണമെന്ന് ഞാന്‍ പലപ്പോഴും നിങ്ങളോട് പറയാറുണ്ട്. ഒരു വ്യക്തിക്ക് വേണ്ടിയോ ഒരു ഗ്രൂപ്പിന് വേണ്ടിയോ നിങ്ങള്‍ ഒരു തീരുമാനമെടുക്കേണ്ട ഒരു സാഹചര്യം നിങ്ങള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ട്, എന്നാല്‍ നിങ്ങളുടെ തീരുമാനം ചെറുതാണെങ്കില്‍പ്പോലും അത് എങ്ങനെയായിരിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിങ്ങള്‍ക്കുള്ള മാനദണ്ഡം ദേശതാല്‍പ്പര്യമായിരിക്കണം. ഇന്ത്യയുടെ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ഈ മാനദണ്ഡത്തിലേക്ക് ഒരു കാര്യം കൂടി ചേര്‍ക്കാന്‍ ഇന്നു ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഈ മാനദണ്ഡം പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളെ,
ഏതൊരു ജനാധിപത്യത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ വളരെ പ്രധാനമാണ്, അത് ആവശ്യമാണ്. ജനാധിപത്യത്തിന്റെ സൗന്ദര്യവും ഇതാണ്. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടേതായ പ്രത്യയശാസ്ത്രമുണ്ട്, ഭരണഘടന എല്ലാ പാര്‍ട്ടികള്‍ക്കും അതിനായുള്ള അവകാശം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍, ഒരു ഗവണ്‍മെന്റ് ജീവനക്കാരന്‍ എന്ന നിലയില്‍, ഇപ്പോള്‍ നിങ്ങളുടെ ഓരോ തീരുമാനത്തിലും ചില ചോദ്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അധികാരത്തില്‍ വന്ന രാഷ്ട്രീയ പാര്‍ട്ടി നികുതിദായകരുടെ പണം പാര്‍ട്ടിക്കുവേണ്ടിയാണോ അതോ രാജ്യത്തിന്റെ നേട്ടത്തിനാണോ ഉപയോഗിക്കുന്നത്? സുഹൃത്തുക്കളേ, നിങ്ങള്‍ അത് ശ്രദ്ധിക്കേണ്ടതുണ്ട്. ആ രാഷ്ട്രീയ പാര്‍ട്ടി പൊതു പണം പാര്‍ട്ടി വിപുലീകരണത്തിനാണോ രാജ്യത്തിന്റെ വികസനത്തിനാണോ ഉപയോഗിക്കുന്നത്? സ്വന്തം വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ വേണ്ടി ആ രാഷ്ട്രീയ പാര്‍ട്ടി പൊതുപണം ദുരുപയോഗം ചെയ്യുകയാണോ അതോ എല്ലാവരുടെയും ജീവിതം എളുപ്പമാക്കാന്‍ പ്രവര്‍ത്തിക്കുകയാണോ? ആ രാഷ്ട്രീയ പാര്‍ട്ടി പൊതു പണം ഉപയോഗിച്ച് സ്വയം പ്രചരിപ്പിക്കുകയാണോ, അതോ സത്യസന്ധമായി ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയാണോ? ആ രാഷ്ട്രീയ പാര്‍ട്ടി സ്വന്തം പ്രവര്‍ത്തകരെ വിവിധ സംഘടനകളില്‍ നിയോഗിക്കുകയാണോ അതോ എല്ലാവര്‍ക്കും സുതാര്യമായി ജോലി ലഭിക്കാന്‍ തുല്യ അവസരം നല്‍കുകയാണോ? യജമാനന്മാര്‍ക്ക് കള്ളപ്പണത്തിന്റെ പുതിയ വഴികള്‍ സൃഷ്ടിക്കാന്‍ ആ രാഷ്ട്രീയ പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തുന്നില്ലേ? ഓരോ തീരുമാനവും എടുക്കുന്നതിന് മുമ്പ് ഈ ചോദ്യങ്ങളെല്ലാം നിങ്ങള്‍ പരിഗണിക്കണം. ഇന്ത്യയുടെ ഉരുക്ക് ചട്ടക്കൂട് എന്ന് സര്‍ദാര്‍ പട്ടേല്‍ വിളിച്ചിരുന്ന ഉദ്യോഗസ്ഥ സംവിധാനം അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരേണ്ടതുണ്ട്. കാരണം, ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടും, നികുതിദായകരുടെ പണം നശിപ്പിക്കപ്പെടും, രാജ്യത്തെ യുവാക്കളുടെ സ്വപ്നങ്ങള്‍ തകരും.
സുഹൃത്തുക്കളെ,
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലോ കഴിഞ്ഞ ദശകത്തിലോ രാജ്യത്തെ സിവില്‍ സര്‍വീസില്‍ ചേര്‍ന്ന യുവജനങ്ങളോട് ചില കാര്യങ്ങള്‍ പ്രത്യേകം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജീവിതം നയിക്കാന്‍ രണ്ട് വഴികളുണ്ടെന്ന് നിങ്ങള്‍ക്കറിയാം. ആദ്യത്തേത് 'കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുക', രണ്ടാമത്തേത് 'കാര്യങ്ങള്‍ നടക്കാന്‍ അനുവദിക്കുക'. ആദ്യത്തേത് സജീവമായ മനോഭാവത്തിന്റെ പ്രതിഫലനമാണ്, രണ്ടാമത്തേത് നിഷ്‌ക്രിയ മനോഭാവമാണ്. ആദ്യ വഴി തിരഞ്ഞെടുക്കുന്നയാള്‍ അതെ, മാറ്റം വരാം എന്ന് കരുതുന്നു. രണ്ടാമത്തെ രീതിയില്‍ വിശ്വസിക്കുന്ന ഒരാള്‍ പറയുന്നു, 'ശരി, നില്‍ക്കട്ടെ, എല്ലാം ഇങ്ങനെ പോകുന്നു, ഇത് മുമ്പ് നടന്നിരുന്നു, ഇത് അങ്ങനെ തന്നെ തുടരും, അത് സ്വയം സംഭവിക്കും, ശരിയാകും'. അതേസമയം, കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണമെന്ന് വിശ്വസിക്കുന്നവര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് പോകുന്നു. ഒരു ടീമില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുമ്പോള്‍, അവര്‍ ചാലകശക്തിയായി മാറുന്നു. ആളുകളുടെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കാനുള്ള അത്തരമൊരു ജ്വലിക്കുന്ന ആഗ്രഹത്തോടെ, നിങ്ങള്‍ ഒരു പൈതൃകം അവശേഷിപ്പിക്കും, അത് പലരും ഓര്‍മ്മിക്കും. ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍ നിങ്ങളുടെ വിജയം അളക്കുന്നത് നിങ്ങള്‍ സ്വയം നേടിയതിന്റെ അടിസ്ഥാനത്തിലല്ലെന്നും നിങ്ങള്‍ ഓര്‍ക്കണം. നിങ്ങളുടെ ജോലി മറ്റുള്ളവരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ വിജയം അളക്കുന്നത്. നിങ്ങളുടെ പ്രവര്‍ത്തനത്താല്‍ ആരുടെയൊക്കെ ജീവിതം മെച്ചപ്പെടാനിടയായോ അവര്‍ നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്? അതുകൊണ്ട്, നല്ല ഭരണമാണ് പ്രധാനം എന്ന് നിങ്ങള്‍ എപ്പോഴും ഓര്‍ക്കണം.
ജനകേന്ദ്രീകൃത ഭരണം ഉണ്ടാകുമ്പോള്‍, വികസനോന്മുഖമായ ഭരണം ഉണ്ടാകുമ്പോള്‍, അത് പ്രശ്‌നങ്ങള്‍ പരിഹരിക്കുക മാത്രമല്ല, മികച്ച ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. നല്ല ഭരണത്തിനു പൊതുജനങ്ങളോട് ഉത്തരവാദിത്തമുണ്ട്. ഒരു ജില്ല അതേ സംസ്ഥാനത്തുതന്നെയുള്ള മറ്റൊരു ജില്ലയെ അപേക്ഷിച്ചു മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും മറ്റൊന്ന് അങ്ങനെ ചെയ്യാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ സദ്ഭരണത്തിലെ വ്യത്യാസമാണ് അതിനുള്ള യഥാര്‍ത്ഥ കാരണം. വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. ആവേശഭരിതരായ രാജ്യത്തെ യുവ ഉദ്യോഗസ്ഥരെ അവിടെ നിയമിക്കുകയും നല്ല ഭരണത്തിന് അവരെ പ്രചോദിപ്പിക്കുകയും ചെയ്തപ്പോള്‍ അതിന്റെ ഫലങ്ങളും മികച്ചതായിരുന്നു. ഇന്ന്, രാജ്യത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് വികസന മാനദണ്ഡങ്ങളുടെ കാര്യത്തില്‍ വികസനം കാംക്ഷിക്കുന്ന പല ജില്ലകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ജനപങ്കാളിത്തത്തില്‍ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, പൊതുജനങ്ങള്‍ക്കിടയില്‍ ഉടമസ്ഥാവകാശ ബോധം ശക്തമാകും. ഒരു പദ്ധതിയുടെ ഉടമസ്ഥാവകാശം ജനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍, അഭൂതപൂര്‍വമായ ഫലങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. സ്വച്ഛ് ഭാരത് അഭിയാന്‍, അമൃത് സരോവര്‍ അഭിയാന്‍, ജല്‍ ജീവന്‍ മിഷന്‍ മുതലായ രൂപങ്ങളില്‍ നിങ്ങള്‍ക്ക് ഉദാഹരണങ്ങളുണ്ട്. അവയുടെ വിജയത്തിന്റെ പ്രധാന അടിസ്ഥാനം പൊതുജനങ്ങളുടെ ഉടമസ്ഥതയാണ്.
സുഹൃത്തുക്കളെ,
നിങ്ങളുടെ ജില്ലയുടെ അഭിലാഷങ്ങള്‍ കണക്കിലെടുത്ത് നിങ്ങള്‍ ഒരു ജില്ലാ വിഷന്‍@100 തയ്യാറാക്കുകയാണെന്ന് എന്നോട് പറഞ്ഞു. പഞ്ചായത്ത് തലം വരെ ഇതേ കാഴ്ചപ്പാട് ഉണ്ടാകണം. നമ്മുടെ ഗ്രാമപഞ്ചായത്ത്, നമ്മുടെ ബ്ലോക്ക്, നമ്മുടെ ജില്ല, നമ്മുടെ സംസ്ഥാനം എന്നിവയില്‍ ഏതൊക്കെ മേഖലകളിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്? നിക്ഷേപം ആകര്‍ഷിക്കാന്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണം? നമ്മുടെ ജില്ലയിലോ ബ്ലോക്കിലോ പഞ്ചായത്തിലോ കയറ്റുമതി ചെയ്യാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെയാണ്? ഇവയെക്കുറിച്ച് നമുക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കണം. നിങ്ങളുടെ പ്രദേശത്തെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് എം.എസ്.എം.ഇകളെയും സ്വയം സഹായ ഗ്രൂപ്പുകളെയും ബന്ധിപ്പിക്കാം. പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും പ്രാദേശിക സംരംഭകത്വത്തെ പിന്തുണയ്ക്കാനും സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും നിങ്ങളെല്ലാം പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു.
സുഹൃത്തുക്കളെ,
ഞാന്‍ ഗവണ്‍മെന്റിന്റെ തലവനായിട്ട് 20 വര്‍ഷത്തിലേറെയായി. നിങ്ങളില്‍ പലരും വര്‍ഷങ്ങളായി എന്നോടൊപ്പം പ്രവര്‍ത്തിക്കുന്നു. നിങ്ങളെപ്പോലുള്ള സഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണെന്ന് ഞാന്‍ പറയും. ശേഷി വര്‍ധിപ്പിക്കുന്നതിനു ഞാന്‍ എപ്പോഴും എത്രമാത്രം ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാം. ഇന്ന് 'മിഷന്‍ കര്‍മ്മയോഗി' എല്ലാ സിവില്‍ സര്‍വീസുകാര്‍ക്കിടയിലും ഒരു വലിയ പ്രചാരണമായി മാറിയതില്‍ എനിക്ക് സന്തോഷമുണ്ട്. 'മിഷന്‍ കര്‍മയോഗി'യുടെ ലക്ഷ്യം സിവില്‍ സര്‍വീസ് ജീവനക്കാരുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുക എന്നതാണ്. ശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള കമ്മീഷന്‍ ഈ പദ്ധതി പൂര്‍ണ്ണ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുന്നു. പരിശീലനവും പഠനവും ഏതാനും മാസത്തേക്ക് ഒരു ഔപചാരികതയായി തുടരരുതെന്നു ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍, പരിശീലനവും പഠനവുമായി ബന്ധപ്പെട്ട ഗുണനിലവാരമുള്ള വസ്തുക്കള്‍ എല്ലായിടത്തും എല്ലായ്പ്പോഴും ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനാണ് ഐഗോട്ട പ്ലാറ്റ്ഫോം സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ എല്ലാ പുതിയ റിക്രൂട്ട്മെന്റുകളും ഐഗോട്ടിലെ 'കര്‍മയോഗി പ്രാരംഭ്' എന്ന ഓറിയന്റേഷന്‍ മോഡ്യൂള്‍ ഉപയോഗിച്ചാണു പരിശീലിപ്പിക്കപ്പെടുന്നത്.
സുഹൃത്തുക്കളെ,
കാലക്രമേണ, ഗവണ്‍മെന്റ് ഉദ്യോഗസ്ഥവൃന്ദത്തെ മറ്റൊരു ചങ്ങലയില്‍ നിന്ന് മോചിപ്പിച്ചു. ഇത് പ്രോട്ടോക്കോളിന്റെയും ശ്രേണിയുടെയും ബന്ധമാണ്. അധികാരശ്രേണിയുടെ ചങ്ങലകള്‍ ഞാന്‍ തന്നെ തകര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. സെക്രട്ടറിമാരുമായും അസിസ്റ്റന്റ് സെക്രട്ടറിമാരുമായും ഞാന്‍ നിരന്തരം കാണാറുണ്ട്. ട്രെയിനി ഓഫീസര്‍മാരുമായും ഞാന്‍ കൂടിക്കാഴ്ച നടത്തി. പുതിയ ആശയങ്ങള്‍ക്കും വകുപ്പിനുള്ളില്‍ എല്ലാവരുടെയും പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമായി കേന്ദ്ര ഗവണ്‍മെന്റില്‍ ആലോചനാ യോഗങ്ങള്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ ശ്രമങ്ങള്‍ കാരണം മറ്റൊരു വലിയ മാറ്റം വന്നിരിക്കുന്നു. നേരത്തെ കേന്ദ്ര ഗവണ്‍മെന്റില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തതിന്റെ അനുഭവപരിചയം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നത് സംസ്ഥാനങ്ങളില്‍ ഗണ്യമായ സമയം ചെലവഴിച്ച ശേഷമായിരുന്നു. ഈ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റില്‍ പ്രവര്‍ത്തിച്ച പരിചയമില്ലെങ്കില്‍ പിന്നെ എങ്ങനെ കേന്ദ്രത്തിന്റെ പരിപാടികള്‍ നടപ്പാക്കുമെന്ന് ആരും ചിന്തിച്ചില്ല. അസിസ്റ്റന്റ് സെക്രട്ടറി പ്രോഗ്രാമിലൂടെ ഈ വിടവ് നികത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. ഇപ്പോള്‍, യുവ ഐഎഎസുകാര്‍ക്കു കേന്ദ്ര ഗവണ്‍മെന്റില്‍ ജോലി ചെയ്യാനും തന്റെ കരിയറിന്റെ ആദ്യ വര്‍ഷത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ജോലികളില്‍ പരിജ്ഞാനം നേടാനും അവസരം ലഭിക്കുന്നു. മുതിര്‍ന്ന ആളുകളില്‍ നിന്ന് അയാള്‍ക്ക് എന്തെങ്കിലും പഠിക്കാന്‍ കഴിയും. അത്തരം നൂതനാശയങ്ങള്‍ നാം മുന്നോട്ട് കൊണ്ടുപോകുകയും ഈ ശ്രമങ്ങളെ ഫലങ്ങള്‍ വിജയത്തിലെത്തിക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തുകയും വേണം.
സുഹൃത്തുക്കളെ,
25 വര്‍ഷത്തെ 'അമൃത് യാത്ര' ഒരു വികസിത ഇന്ത്യയുടെ കടമയായി രാജ്യം കണക്കാക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി, രാജ്യത്തിന്റെ സുവര്‍ണ്ണ നൂറ്റാണ്ട്- നമ്മുടെ കടമകള്‍ക്ക് നാം പ്രഥമ പരിഗണന നല്‍കും. കര്‍ത്തവ്യം നമുക്ക് വഴികളില്‍ ഒന്നല്ല, മറിച്ച് ഒരു ദൃഢനിശ്ചയമാണ്. പെട്ടെന്നുള്ള മാറ്റത്തിന്റെ സമയമാണിത്. നിങ്ങളുടെ പങ്കു നിര്‍ണ്ണയിക്കുന്നത് നിങ്ങളുടെ അവകാശങ്ങളല്ല, മറിച്ച് നിങ്ങളുടെ കടമകളും നിങ്ങളുടെ പ്രകടനവുമാണ്. പുതിയ ഇന്ത്യയില്‍ രാജ്യത്തെ പൗരന്മാരുടെ ശക്തി വര്‍ദ്ധിച്ചു, അതുപോലെ ഇന്ത്യയുടെ ശക്തിയും. വളര്‍ന്നുവരുന്ന ഈ പുതിയ ഇന്ത്യയില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷത്തിനു ശേഷം ചരിത്രം ഒരു വിലയിരുത്തല്‍ നടത്തുമ്പോള്‍, നിങ്ങളുടെ പേര് അതില്‍ പ്രധാനമായി ഇടംപിടിക്കാനുള്ള അവസരമുണ്ട്. രാജ്യത്തിന് പുതിയ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിലും സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും താങ്കള്‍ക്ക് പങ്കുണ്ട് എന്ന് അഭിമാനത്തോടെ പറയാം. രാഷ്ട്രനിര്‍മ്മാണത്തില്‍ നിങ്ങളുടെ പങ്ക് വിപുലീകരിക്കുന്നതു നിങ്ങളെല്ലാവരും തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഓരോ നിമിഷവും നമുക്കും നമ്മുടെ സഹപ്രവര്‍ത്തകര്‍ക്കും സംവിധാനത്തിനും വേണ്ടിയുള്ള നമ്മുടെ പരിശ്രമമായിരിക്കണം ശേഷി വര്‍ദ്ധിപ്പിക്കല്‍. പുതിയ ഉയരങ്ങള്‍ മറികടക്കാനുള്ള ശ്രമങ്ങള്‍ നാം തുടര്‍ന്നുകൊണ്ടേയിരിക്കും. സിവില്‍ സര്‍വീസ് ദിനം ഒരു വാര്‍ഷിക ആചാരമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സിവില്‍ സര്‍വീസ് ദിനം തീരുമാനങ്ങളുടെ സമയമാണ്. ഈ സിവില്‍ സര്‍വീസ് ദിനം പുതിയ തീരുമാനങ്ങളുടെ സമയമാണ്. തീരുമാനങ്ങള്‍ ഉത്സാഹത്തോടെയും ഊര്‍ജസ്വലതയോടെയും നിശ്ചിത സമയത്ത് നടപ്പാക്കാനുള്ള അവസരമാണിത്. ഈ അവസരത്തില്‍ നിന്ന് ഒരു പുതിയ ഊര്‍ജ്ജം, പുതിയ പ്രചോദനം, പുതിയ ശക്തി, പുതിയ ദൃഢനിശ്ചയം എന്നിവയുമായി മുന്നോട്ട് പോയാല്‍, തീര്‍ച്ചയായും ആഗ്രഹിക്കുന്നതു നാം നേടിയെടുക്കും. ഈ വിശ്വാസത്തോടെ, ഞാന്‍ നിങ്ങള്‍ക്ക് ഒരുപാട് ആശംസകള്‍ നേരുന്നു.