വിശിഷ്ടരേ,
നമസ്കാരം
ഈ സംരംഭം തുടർന്ന് കൊണ്ടുപോകുന്നതിൽ പ്രസിഡൻ്റ് യൂൻ സുക് യോളിന് ഞാൻ നന്ദി പറയുന്നു. ജനാധിപത്യ രാജ്യങ്ങൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും പരസ്പരം പഠിക്കുകയും ചെയ്യുന്ന ഒരു പ്രധാന വേദിയായി ''സമ്മിറ്റ് ഫോർ ഡെമോക്രസി'' ഉയർന്നുവന്നിരിക്കുന്നു.
വിശിഷ്ടരേ,
ഇനി ഏതാനും ആഴ്ചകൾക്കുള്ളിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന് ലോകം സാക്ഷ്യം വഹിക്കും. ഏകദേശം ഒരു ബില്യൺ വോട്ടർമാർ വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയാണ്. ഇന്ത്യയിലെ ജനങ്ങൾ ജനാധിപത്യത്തിലുള്ള വിശ്വാസം ഒരിക്കൽ കൂടി ഉറപ്പിക്കും. ജനാധിപത്യത്തിൻ്റെ പുരാതനവും അഭേദ്യവുമായ സംസ്കാരമാണ് ഇന്ത്യയ്ക്കുള്ളത്. അത് ഇന്ത്യൻ നാഗരികതയുടെ ജീവരക്തമാണ്. സമവായ രൂപീകരണവും തുറന്ന സംവാദവും സ്വതന്ത്ര ചർച്ചയും ഇന്ത്യയുടെ ചരിത്രത്തിലുടനീളം പ്രതിധ്വനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എൻ്റെ സഹയാത്രികർ ഇന്ത്യയെ ജനാധിപത്യത്തിൻ്റെ മാതാവായി കണക്കാക്കുന്നത്.
വിശിഷ്ടരേ,
കഴിഞ്ഞ ദശകത്തിൽ, ഇന്ത്യ ''സബ്കാ സാഥ് സബ്കാ വികാസ് സബ്കാ വിശ്വാസ് സബ്കാ പ്രയാസ്''- അതായത് സമഗ്രമായ വളർച്ചയ്ക്കുള്ള കൂട്ടായ പരിശ്രമം എന്ന മന്ത്രവുമായാണ് മുന്നേറിയത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും, പ്രത്യേകിച്ച് ദരിദ്രരിലേക്കും, സ്ത്രീകളിലേക്കും, യുവജനങ്ങളിലേക്കും, കർഷകരിലേക്കും എത്തിച്ചേരുക എന്നതാണ് ഉൾച്ചേർക്കൽ എന്ന മനോഭാവത്തിലൂന്നിയ ഞങ്ങളുടെ മുൻഗണന. ദൗർലഭ്യം, അഴിമതി, വിവേചനം എന്നിവയ്ക്കു പകരം സുതാര്യത, ഉത്തരവാദിത്തം, അവസരം എന്നിവ കൊണ്ടുവന്ന, പ്രവർത്തിയിൽ ഊന്നിയ ഭരണത്തിലേക്ക് ഞങ്ങൾ മാറിയിരിക്കുന്നു. ഈ ശ്രമങ്ങളിൽ, സാങ്കേതികവിദ്യ ഒരു വലിയ സഹായഹസ്തം നൽകി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി പൊതുസേവന വിതരണത്തിലും സാമ്പത്തിക ഉൾപ്പെടുത്തലിലും വിപ്ലവം സൃഷ്ടിച്ചു. യുവാക്കളുടെയും സാങ്കേതികവിദ്യയുടെയും കരുത്തിൽ ഇന്ത്യ അതിവേഗം ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി വികസിച്ചു. താഴെത്തട്ടിൽ തിരഞ്ഞെടുക്കപ്പെട്ട 1.4 ദശലക്ഷത്തിലധികം വനിതാ പ്രതിനിധികൾ സ്ത്രീകളുടെ നേതൃത്വ വികസനത്തിനായുള്ള ഞങ്ങളുടെ മാറ്റത്തിൻ്റെ ഏജൻ്റുമാരാണ്.
വിശിഷ്ടരേ,
ഇന്ന്, ഇന്ത്യ അതിൻ്റെ 1.4 ബില്യൺ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക മാത്രമല്ല, ജനാധിപത്യമെന്നാൽ ഫലംനൽകലും ശാക്തീകരിക്കലുമാണെന്ന പ്രതീക്ഷ ലോകത്തിന് നൽകുകയും ചെയ്യുന്നു. വനിതാ നിയമസഭാംഗങ്ങൾക്ക് കുറഞ്ഞത് മൂന്നിലൊന്ന് പ്രാതിനിധ്യം ഉറപ്പാക്കാൻ ഇന്ത്യൻ പാർലമെൻ്റ് നിയമം പാസാക്കിയപ്പോൾ, അത് ജനാധിപത്യ ലോകത്തെ മുഴുവൻ സ്ത്രീകൾക്കും പ്രതീക്ഷ നൽകുന്ന ഒന്നായി. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യ 250 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയപ്പോൾ, അത് നല്ല മാറ്റത്തിൻ്റെ പ്രതിഫലനം എന്ന തരത്തിൽ ജനാധിപത്യത്തിലുള്ള ആഗോള വിശ്വാസം ശക്തിപ്പെടുത്തി. 150-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ കോവിഡ് മരുന്നുകളും വാക്‌സിനുകളും എത്തിച്ചപ്പോൾ അത് ജനാധിപത്യത്തിൻ്റെ രോഗശാന്തി ശക്തിയെയാണ് പ്രതിഫലിപ്പിച്ചത്. ഇന്ത്യ ചന്ദ്രയാൻ വിജയകരമായി ചന്ദ്രനിൽ ഇറക്കിയപ്പോൾ അത് ഇന്ത്യക്ക് മാത്രമായ അഭിമാന നിമിഷമായിരുന്നില്ല, മറിച്ച് ജനാധിപത്യത്തിൻ്റെ ആകെ വിജയം കൂടിയായിരുന്നു. ഇന്ത്യ അതിൻ്റെ ജി-20 പ്രസിഡൻസിയുടെ കാലത്ത് ഗ്ലോബൽ സൗത്തിനായി ശബ്ദമുയർത്തിയപ്പോൾ, അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ കൂട്ടായ തീരുമാനങ്ങൾ എടുക്കുന്നതിൻ്റെ പ്രാധാന്യം അത് കാണിച്ചു. ഇപ്പോൾ, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള പാതയിലാണ് ഇന്ത്യ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ശോഭനമായ ഭാവിക്കുള്ള പ്രതീക്ഷയാണ് ഇത്. 2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറാൻ തീരുമാനിക്കുമ്പോൾ, ജനാധിപത്യത്തിന് ആഗ്രഹിക്കാനും പ്രചോദിപ്പിക്കാനും നേട്ടങ്ങൾ കൈവരിക്കാനും കഴിയുമെന്ന് ഇത് കാണിക്കുന്നു.
വിശിഷ്ടരേ,
പ്രക്ഷുബ്ധതയുടെയും പരിവർത്തനങ്ങളുടെയും കാലഘട്ടത്തിൽ, ജനാധിപത്യം നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ഇത് നേരിടാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര സംവിധാനങ്ങളും സ്ഥാപനങ്ങളും കൂടുതൽ ഉൾക്കൊള്ളുന്നതും ജനാധിപത്യപരവും പങ്കാളിത്തപരവും നീതിയുക്തവുമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ജനാധിപത്യ രാജ്യങ്ങൾ നേതൃത്വം നൽകണം. ഇത്തരം കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ നമ്മുടെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ നമുക്ക് കഴിയൂ. കൂടാതെ, വരും തലമുറകൾക്ക് സുരക്ഷിതവും സുസ്ഥിരവും സമൃദ്ധവുമായ ഭാവിയുടെ അടിത്തറ ഒരുക്കാനും നമുക്ക് സാധ്യമാകൂ. ഈ പരിശ്രമത്തിൽ ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളുമായും സ്വന്തം അനുഭവം പങ്കിടാൻ ഇന്ത്യ തയ്യാറാണ്.
നന്ദി.