നമസ്കാരം സുഹൃത്തുക്കളെ,
പാർലമെന്റിന്റെ ഈ സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ പൊതു-ദേശീയ താൽപ്പര്യങ്ങൾക്കായി നിരവധി പരിപാടികൾ സംഘടിപ്പിച്ചും സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചും ഇന്ത്യയിലുടനീളമുള്ള സാധാരണ പൗരന്മാർ രംഗത്തുണ്ട്. ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ നല്ല സൂചനയാണ് ഇവ.
അടുത്തിടെ, ഭരണഘടനാ ദിനത്തിൽ രാജ്യം മുഴുവൻ പുതിയ ദൃഢനിശ്ചത്തിലൂടെ ഭരണഘടനയുടെ പൊരുള്‍ നിറവേറ്റുന്നതിനായി പ്രതിജ്ഞയെടുത്തു . ഈ സാഹചര്യത്തിൽ, ഈ സമ്മേളനവും തുടർന്നുള്ള പാർലമെന്റ് സമ്മേളനങ്ങളും രാജ്യതാൽപ്പര്യം മുൻനിർത്തി ചർച്ചകൾ നടത്താനും, സ്വാതന്ത്ര്യസമര സേനാനികളുടെയും സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെയും മനോഭാവത്തിനനുസരിച്ച് രാജ്യത്തിന്റെ വികസനത്തിന് പുതിയ വഴികൾ കണ്ടെത്താനും നാമെല്ലാവരും , രാജ്യത്തെ ഓരോ പൗരനും, ആഗ്രഹിക്കുന്നു. ഈ സമ്മേളനം ആശയങ്ങളാൽ സമ്പന്നമായിരിക്കണം കൂടാതെ നല്ല സംവാദങ്ങൾ ദൂരവ്യാപകമായ സ്വാധീനം ചെലുത്തണം. പാർലമെന്റ് ബലപ്രയോഗത്തിലൂടെ തടസ്സപ്പെടുത്തിയത് ആരെന്നതിനേക്കാൾ പാർലമെന്റ് എപ്രകാരം പ്രവർത്തിക്കുന്നുവെന്നും അതിന്റെ പ്രധാന സംഭാവനകളും വിലയിരുത്തപ്പെടണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് മാനദണ്ഡമാക്കാൻ കഴിയില്ല. പാർലമെന്റ് എത്ര മണിക്കൂർ പ്രവർത്തിച്ചു, എത്ര പോസിറ്റീവ് ജോലി ചെയ്തു എന്നതായിരിക്കണം മാനദണ്ഡം. എല്ലാ വിഷയങ്ങളും തുറന്ന മനസ്സോടെ ചർച്ച ചെയ്യാൻ ഗവണ്മെന്റ് തയ്യാറാണ്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഗവണ്മെന്റ് തയ്യാറാണ്. പാർലമെന്റിൽ ചോദ്യങ്ങളുണ്ടാകണമെന്നും സമാധാനം നിലനിൽക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.
ഗവണ്മെന്റ് നയങ്ങൾക്കെതിരായ ശബ്ദങ്ങൾ ശക്തമായിരിക്കണം എന്നാൽ പാർലമെന്റിന്റെയും അധ്യക്ഷയുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കണം. യുവതലമുറയെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം നാം നിലനിർത്തണം. കഴിഞ്ഞ സമ്മേളനത്തിനു ശേഷം മുതൽ, രാജ്യം 100 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ നൽകി, ഇപ്പോൾ നാം 150 കോടി എന്ന കണക്കിലേക്ക് അതിവേഗം നീങ്ങുകയാണ്. പുതിയ വകഭേദത്തെക്കുറിച്ച് നാം ജാഗ്രത പാലിക്കണം. പാർലമെന്റിലെ എല്ലാ അംഗങ്ങളോടും നിങ്ങളോടും ജാഗ്രത പുലർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു, കാരണം ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരുടെയും ആരോഗ്യമാണ് നമ്മുടെ മുൻഗണന.
ഈ കൊറോണ കാലഘട്ടത്തിൽ രാജ്യത്തെ 80 കോടിയിലധികം പൗരന്മാർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയ്ക്ക് കീഴിൽ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുന്ന പദ്ധതി നടന്നുവരികയാണ്. ഇപ്പോൾ അത് 2022 മാർച്ച് വരെ നീട്ടിയിരിക്കുന്നു. ഏകദേശം 2.60 ലക്ഷം കോടി രൂപ ചെലവ് വരുന്ന പദ്ധതി രാജ്യത്തെ 80 കോടിയിലധികം ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചതിനാൽ പാവപ്പെട്ടവരുടെ അടുപ്പ് കത്തിക്കൊണ്ടിരിക്കും. ഈ സമ്മേളനത്തിൽ രാജ്യതാൽപ്പര്യം കണക്കിലെടുത്ത് ഞങ്ങൾ ഒരുമിച്ച് വേഗത്തിലുള്ള തീരുമാനങ്ങൾ എടുക്കുമെന്നും സാധാരണക്കാരന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും നിറവേറ്റുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഇതാണ് എന്റെ പ്രതീക്ഷ. വളരെയധികം നന്ദി.