

വെട്രിവേൽ മുരുകന്... ഹരോ ഹര!
പ്രസിഡണ്ട് പ്രബോവോ, മുരുകൻ ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ പാ ഹാഷിം, മാനേജിംഗ് ട്രസ്റ്റി ഡോ. കോബാലൻ, തമിഴ്‌നാട്ടിലെയും ഇന്തോനേഷ്യയിലെയും പ്രമുഖർ, പുരോഹിതന്മാർ, ആചാര്യന്മാർ, ഇന്ത്യൻ പ്രവാസികൾ, ഇന്തോനേഷ്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാ പൗരന്മാരേ, ഈ ശുഭ മുഹൂർത്തത്തിൻ്റെ ഭാഗമായ പൗരന്മാരേ, ഈ മഹത്തായ ക്ഷേത്രം ഒരു യാഥാർത്ഥ്യമാക്കി മാറ്റിയ എല്ലാ പ്രതിഭാധനൻമാരായ കലാകാരൻമാരേ!
ജക്കാർത്തയിലെ മുരുകൻ ക്ഷേത്രത്തിലെ മഹാ കുംഭാഭിഷേകത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് എൻ്റെ വലിയ ഭാഗ്യമാണ്. എൻ്റെ സഹോദരൻ പ്രസിഡൻ്റ് പ്രബോവോ അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിലൂടെ ഈ പരിപാടി കൂടുതൽ സവിശേഷമാക്കിയിരിക്കുന്നു. ജക്കാർത്തയിൽ നിന്ന് ഞാൻ ശാരീരികമായി നൂറുകണക്കിന് കിലോമീറ്റർ അകലെയാണെങ്കിലും, ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം പോലെ എൻ്റെ ഹൃദയം ഇതിനോട് അടുത്താണ്! ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്, 140 കോടി ഇന്ത്യക്കാരുടെ സ്നേഹവും പേറി പ്രസിഡൻ്റ് പ്രബോവോ ഭാരതത്തിൽ നിന്ന് മടങ്ങിയത്.
അദ്ദേഹത്തിലൂടെ നിങ്ങൾ എല്ലാവരും ഭാരതത്തിൻ്റെ ശുഭാശംസകൾ അവിടെ അനുഭവിച്ചതായി ഞാൻ വിശ്വസിക്കുന്നു.
ജക്കാർത്ത ക്ഷേത്രത്തിലെ മഹാ കുംഭാഭിഷേകത്തിൻ്റെ ശുഭകരമായ അവസരത്തിൽ, നിങ്ങൾക്കും, ഭാരതത്തിലും ഇന്തോനേഷ്യയിലുമടക്കം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുരുക ഭക്തർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. തിരുപ്പുഗലിൻ്റെ സ്തുതിഗീതങ്ങളിലൂടെ മുരുകൻ മഹത്വപ്പെടട്ടെ, സ്കന്ദ ഷഷ്ടി കവചം എന്ന മന്ത്രം എല്ലാ ആളുകളെയും സംരക്ഷിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കഠിനാധ്വാനത്തിലൂടെ ക്ഷേത്രം പണിയുക എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന് ഡോ.കോബാലനെയും സംഘത്തെയും അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ഭാരതത്തിലെയും ഇന്തോനേഷ്യയിലെയും ജനങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ ബന്ധം ഭൗമരാഷ്ട്രീയത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു നാഗരികതയാൽ നാം ബന്ധിക്കപ്പെട്ടിരിക്കുന്നു. പൈതൃകത്തിലും അറിവിലും വിശ്വാസത്തിലുമാണ് നമ്മുടെ ബന്ധം നിലകൊള്ളുന്നത്. ഞങ്ങളുടെ ബന്ധം പരസ്പര വിശ്വാസവും ആത്മീയവുമാണ്. ഞങ്ങളുടെ ബന്ധം മുരുകനോടും ശ്രീരാമനോടും ഉള്ളതാണ്, ഞങ്ങളുടെ ബന്ധം ഭഗവാൻ ബുദ്ധനുമായുള്ളതാണ്. അതുകൊണ്ടാണ് സുഹൃത്തുക്കളേ, ഇന്ത്യയിൽ നിന്നുള്ള ആരെങ്കിലും ഇന്തോനേഷ്യയിലെ പ്രംബനൻ ക്ഷേത്രം സന്ദർശിച്ച് കൈകൾ കൂപ്പിയാൽ അവർക്ക് കാശിയിലും കേദാർനാഥിലുമുള്ള ആത്മീയാനുഭൂതി അനുഭവപ്പെടുന്നു. കാകവിനേയും സെരാത് രാമായണത്തേയും കുറിച്ച് കേൾക്കുമ്പോൾ ഭാരതത്തിലെ ജനങ്ങൾക്ക് വാൽമീകി രാമായണം, കമ്പ രാമായണം, രാമചരിതമാനസ് എന്നിവയിലെ പോലെ തന്നെ തോന്നും.
ഇപ്പോൾ ഇന്ത്യയിലെ അയോധ്യയിലും ഇന്തോനേഷ്യൻ രാമലീല അവതരിപ്പിക്കുന്നുണ്ട്. അതുപോലെ, ബാലിയിലെ "ഓം സ്വസ്തി-അസ്തു" എന്ന വാക്കുകൾ കേൾക്കുമ്പോൾ, ഭാരതത്തിലെ വേദപണ്ഡിതർ ചൊല്ലിയ സ്വസ്തി വചനമാണ് നമ്മുടെ ഓർമ്മയിലേക്ക് വരുന്നത്. ഇന്തോനേഷ്യയിലെ ബോറോബുദൂർ സ്തൂപം ഭാരതത്തിലെ സാരാനാഥിലും ബോധഗയയിലും നാം അനുഭവിക്കുന്ന ബുദ്ധൻ്റെ അതേ സാരോപദേശങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഇന്നും ഒഡീഷയിൽ ബാലി ജാത്ര ആഘോഷിക്കപ്പെടുന്നു. വാണിജ്യപരമായും സാംസ്കാരികമായും ഇന്ത്യയെയും ഇന്തോനേഷ്യയെയും ബന്ധിപ്പിച്ചിരുന്ന പുരാതന സമുദ്ര യാത്രകളുമായി ഈ ആഘോഷം ബന്ധപ്പെട്ടിരിക്കുന്നു. ഇന്നും ഇന്ത്യയിൽ നിന്നുള്ള ആളുകൾ വിമാനയാത്രയ്ക്കായി 'ഗരുഡ ഇന്തോനേഷ്യ'യിൽ കയറുമ്പോൾ, അതിൽ നമ്മുടെ പങ്കിട്ട സംസ്കാരത്തിൻ്റെ പ്രതിഫലനങ്ങൾ അവർ കാണുന്നു.
സുഹൃത്തുക്കളേ,
ഞങ്ങളുടെ ബന്ധം വളരെ ശക്തമായ നൂലുകൾ കൊണ്ട് നെയ്തതാണ്. പ്രസിഡൻ്റ് പ്രബോവോ അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ, ഈ പരസ്പര പൈതൃകത്തിൻ്റെ പല വശങ്ങളും ഞങ്ങൾ ഇരുവരും ചർച്ച ചെയ്യുകയും വിലമതിക്കുകയും ചെയ്തു. ഇന്ന്, ജക്കാർത്തയിലെ ഈ മഹത്തായ മുരുക ക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തോടെ, നമ്മുടെ പുരാതന പൈതൃകത്തിലേക്ക് ഒരു പുതിയ സുവർണ്ണ അദ്ധ്യായം കൂട്ടിച്ചേർക്കപ്പെടുകയാണ്. ഈ ക്ഷേത്രം നമ്മുടെ വിശ്വാസത്തിൻ്റെ കേന്ദ്രം മാത്രമല്ല, നമ്മുടെ സാംസ്കാരിക മൂല്യങ്ങളുടെ കേന്ദ്രവുമാകുമെന്ന് എനിക്ക് തികഞ്ഞ വിശ്വാസമുണ്ട്.
സുഹൃത്തുക്കളേ,
മുരുകനോടൊപ്പം മറ്റ് നിരവധി ദേവീദേവന്മാരെയും ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ടെന്ന് എന്നെ അറിയിച്ചിട്ടുണ്ട്. ഈ വൈവിധ്യം - ഈ ബഹുസ്വരത - നമ്മുടെ സംസ്കാരത്തിൻ്റെ അടിത്തറയാണ്. ഇന്തോനേഷ്യയിൽ, ഈ തത്ത്വചിന്തയെ ഭിന്നേക തുംഗൽ ഇക്ക എന്ന് വിളിക്കുന്നു. ഭാരതത്തിൽ നാം അതിനെ നാനാത്വത്തിൽ ഏകത്വം എന്ന് വിളിക്കുന്നു. ഇന്തോനേഷ്യയിലും ഭാരതത്തിലും യോജിപ്പോടെ ജീവിക്കാൻ വിവിധ സമുദായങ്ങളിലെ ആളുകളെ അനുവദിക്കുന്നത് നാനാത്വത്തെ ലളിതമായി ഉൾക്കൊള്ളുന്ന മനസ് ഉള്ളതു കൊണ്ടാണ്. അതു കൊണ്ടാണ് ഇന്നത്തെ വിശുദ്ധ സന്ദർഭത്തിലും നാനാത്വത്തിൽ ഏകത്വം നമ്മെ പ്രചോദിപ്പിക്കുന്നത്.
സുഹൃത്തുക്കളേ,
നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ, നമ്മുടെ പൈതൃകം, നമ്മുടെ പാരമ്പര്യം ഇവയെല്ലാം, ഇന്ന് ഇന്തോനേഷ്യയ്ക്കും ഭാരതത്തിനും ഇടയിലുള്ള ആളുകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ്. പ്രംബനൻ ക്ഷേത്രം സംയുക്തമായി സംരക്ഷിക്കാൻ ഞങ്ങൾ മുൻകൈ എടുത്തിട്ടുണ്ട്. ബൊറോബുദൂർ ബുദ്ധക്ഷേത്രത്തിനായുള്ള ഒരു പരസ്പര പ്രതിബദ്ധതയും ഞങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. അയോധ്യയിലെ ഇന്തോനേഷ്യൻ രാമലീല പ്രകടനങ്ങളെക്കുറിച്ചാണ് ഞാൻ പരാമർശിച്ചത്- ഇത്തരം പരിപാടികൾ ഇനിയും പ്രോത്സാഹിപ്പിക്കണം. പ്രസിഡൻറ് പ്രബോവോയ്‌ക്കൊപ്പം ഞങ്ങൾ ഈ ദിശയിൽ മികച്ച വേഗതയിൽ മുന്നേറുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ ഭൂതകാലം ഒരു സുവർണ്ണ ഭാവിയുടെ അടിത്തറയായി വർത്തിക്കും. ഒരിക്കൽ കൂടി, പ്രസിഡണ്ട് പ്രബോവോയ്ക്ക് എൻ്റെ നന്ദി അറിയിക്കുന്നു, ക്ഷേത്രത്തിലെ മഹാ കുംഭ അഭിഷേകത്തിൽ ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.
വളരെ നന്ദി!