ജയ് മാതാ നൈനാ ദേവി !
(പ്രാദേശിക ഭാഷയില്‍ ദസറ ആശംസകള്‍)
ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി; ഹിമാചല്‍ പ്രദേശിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ജയ് റാം താക്കൂര്‍ ജി; ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍, ഞങ്ങളുടെ വഴികാട്ടിയും ഈ മണ്ണിന്റെ മകനുമായ ശ്രീ ജെ പി നദ്ദ ജി; കേന്ദ്രമന്ത്രിസഭയില്‍ എന്റെ സഹപ്രവര്‍ത്തകനും നമ്മുടെ എംപിയുമായ ശ്രീ അനുരാഗ് താക്കൂര്‍ ജി; ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷനും പാര്‍ലമെന്റില്‍ എന്റെ സഹപ്രവര്‍ത്തകനുമായ സുരേഷ് കശ്യപ് ജി; പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകരായ കിഷന്‍ കപൂര്‍ ജി, സഹോദരി ഇന്ദു ഗോസ്വാമി ജി, ഡോ സിക്കന്ദര്‍ കുമാര്‍ ജി; മറ്റ് മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കാന്‍ കൂട്ടത്തോടെ എത്തിയ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ! വിജയദശമിയുടെ ഈ വേളയില്‍ നിങ്ങള്‍ക്കും എല്ലാ ദേശവാസികള്‍ക്കും ആശംസകള്‍!
എല്ലാ തിന്മകളെയും അതിജീവിച്ച് രാജ്യം 'അമൃതകാല'ത്തിനായി എടുത്ത അഞ്ച് 'പ്രാണങ്ങള്‍' അല്ലെങ്കില്‍ പ്രതിജ്ഞകള്‍ പൂര്‍ത്തീകരിക്കാനുള്ള പാതയില്‍ മുന്നേറാന്‍ ഈ മഹത്തായ ഉത്സവം നമുക്ക് ഒരു പുത്തന്‍ ഊര്‍ജ്ജം നല്‍കും. വിജയദശമി ദിനത്തില്‍, ആയിരക്കണക്കിന് കോടി രൂപയുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. യാദൃശ്ചികമായി, വിജയദശമി ആയതിനാല്‍ വിജയത്തിന്റെ മുഴക്കങ്ങള്‍ മുഴങ്ങാന്‍ നമുക്ക് അവസരവും ലഭിച്ചിരിക്കുന്നു. മാത്രമല്ല, ഭാവിയിലെ എല്ലാ വിജയങ്ങളുടെയും തുടക്കം കുറിക്കുന്നു. ബിലാസ്പൂരിന് രണ്ട് സമ്മാനങ്ങളാണു ലഭിക്കുന്നത്; ഒന്ന് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതും മറ്റൊന്ന് ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടതുമാണ്. ഒന്ന് ഹൈഡ്രോ കോളേജ്, മറ്റൊന്ന് എയിംസ്.
സഹോദരീ സഹോദരന്‍മാരേ,
ജയറാം ജി സൂചിപ്പിച്ചതുപോലെ, ഈ വികസന പദ്ധതികള്‍ ഇവിടെ നിങ്ങള്‍ക്ക് കൈമാറിയ ശേഷം, മറ്റൊരു സാംസ്‌കാരിക പൈതൃകത്തിന് സാക്ഷ്യം വഹിക്കാനാണ് ഞാന്‍ പോകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി കുളു ദസറയുടെ ഭാഗമാകാനുള്ള ഭാഗ്യം എനിക്കുണ്ടാകും. ഭഗവാന്‍ രഘുനാഥ് ജിയുടെയും നൂറുകണക്കിന് മറ്റ് ദേവതകളുടെയും ദസറ രഥയാത്രയില്‍ പങ്കെടുത്ത് ഞാന്‍ രാജ്യത്തിന് അനുഗ്രഹം തേടും. ഇന്ന് ഞാന്‍ ഇവിടെ ബിലാസ്പൂരില്‍ എത്തിയപ്പോള്‍ എന്റെ പഴയ ഓര്‍മ്മകള്‍ പുതുക്കി. ഞങ്ങള്‍ ഈ പ്രദേശത്ത് കറങ്ങി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ചിലപ്പോള്‍ ഞാനും ധുമല്‍ ജിയും നദ്ദ ജിയും ചന്തയിലൂടെ നടക്കുമായിരുന്നു. ഞങ്ങള്‍ ബിലാസ്പൂരിലെ തെരുവുകളിലൂടെ ഒരു വലിയ രഥയാത്ര പരിപാടിയുമായി കടന്നുപോയി. തുടര്‍ന്ന് സ്വര്‍ണജയന്തി രഥയാത്രയും പ്രധാന അങ്ങാടിയിലൂടെ കടന്ന് പൊതുസമ്മേളനം നടത്തി. പിന്നെ ഞാന്‍ പലതവണ ഇവിടെ വന്നിട്ടുണ്ട്, നിങ്ങളുടെ എല്ലാവരുടെയും ഇടയില്‍ ഉണ്ടായിരുന്നു.
ഹിമാചലില്‍ ജോലി ചെയ്യുമ്പോള്‍ തുടര്‍ച്ചയായി ഹിമാചലിന്റെ വികസന പ്രയാണത്തിന് സാക്ഷിയാകാന്‍ എനിക്ക് അവസരം ലഭിച്ചു. ഞാന്‍ മുമ്പത്തെ പ്രസംഗങ്ങള്‍ കേള്‍ക്കുകയായിരുന്നു. മോദി ജി ഇത് ചെയ്തു, അത് ചെയ്തു എന്ന് അനുരാഗ് ജി വളരെ ആവേശത്തോടെ സംസാരിച്ചു. നദ്ദാജിയും നമ്മുടെ മുഖ്യമന്ത്രി ജയറാം ജിയും പോലും മോദിജി ഇതും ചെയ്തുവെന്നും പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ഞാന്‍ സത്യം പറയട്ടെ. ആരാണ് ഈ കാര്യങ്ങള്‍ ചെയ്തത്? ഞാന്‍ പറയണോ? ഇന്ന് എന്ത് സംഭവിച്ചാലും നിങ്ങളൊക്കെ കാരണമാണ്. നിങ്ങള്‍ അത് ചെയ്തു. നിങ്ങള്‍ കാരണമാണ് അത് സംഭവിച്ചത്. നിങ്ങള്‍ ഡല്‍ഹിയില്‍ മോദിജിക്ക് മാത്രം അനുഗ്രഹം ചൊരിയുകയും മോദിജിയുടെ ഹിമാചല്‍ പ്രദേശിലെ സഹപ്രവര്‍ത്തകര്‍ക്കുമേല്‍ ഉണ്ടാകാതിരിക്കുകയുമായിരുന്നു എങ്കില്‍, ഇവിടുത്തെ എല്ലാ പ്രവൃത്തികള്‍ക്കും പദ്ധതികള്‍ക്കും തടസ്സങ്ങളും തടസ്സങ്ങളും ഉണ്ടാകുമായിരുന്നു. ഡല്‍ഹിയില്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ ഇവിടെ അതിവേഗം നടപ്പാക്കുന്നത് ജയറാം ജിയും സംഘവും കാരണമാണ്. അതുകൊണ്ടാണ് ഈ മാറ്റം സംഭവിക്കുന്നത്. നിങ്ങളുടെ 'ഓരോ വോട്ടിന്റെയും' ശക്തി കൊണ്ടാണ് ഈ എയിംസ് നിര്‍മ്മിച്ചത്.
ഒരു തുരങ്കം നിര്‍മ്മിക്കപ്പെട്ടാല്‍ അത് നിങ്ങളുടെ വോട്ടിന്റെ ശക്തി കൊണ്ടാണ്; ഹൈഡ്രോ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ വോട്ടിന്റെ ശക്തിയാണ്; ഒരു മെഡിക്കല്‍ ഉപകരണ പാര്‍ക്ക് സ്ഥാപിക്കുകയാണെങ്കില്‍, അത് വീണ്ടും നിങ്ങളുടെ ശക്തി മൂലമാണ്. 'ഓരോ ഒറ്റ വോട്ടിനും' അധികാരമുണ്ട്. അതുകൊണ്ട് ഇന്ന് ഹിമാചല്‍ പ്രദേശിന്റെ പ്രതീക്ഷകള്‍ കണക്കിലെടുത്ത് ഞാന്‍ ഒന്നിന് പുറകെ ഒന്നായി വികസന പദ്ധതികള്‍ ആരംഭിക്കുകയാണ്.
വികസനവുമായി ബന്ധപ്പെട്ട് വികലമായ ചിന്താഗതി രാജ്യത്ത് നിലനില്‍ക്കുന്നത് ഏറെക്കാലമായി നാം കണ്ടു. എന്തായിരുന്നു ഈ ചിന്ത? 'നല്ല റോഡുകള്‍ ഏതാനും സംസ്ഥാനങ്ങളിലും ചില വലിയ നഗരങ്ങളിലും ഡല്‍ഹിക്ക് ചുറ്റുമായി മാത്രമേ ഉണ്ടാകാവൂ; എല്ലാ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളും വന്‍ നഗരങ്ങളിലായിരിക്കണം; എല്ലാ നല്ല ആശുപത്രികളും ഡല്‍ഹിയിലായിരിക്കണം, മറ്റെവിടെയുമല്ല; വന്‍കിട വ്യവസായങ്ങളും ബിസിനസ്സുകളും വലിയ നഗരങ്ങളില്‍ സ്ഥാപിക്കണം'. വാസ്തവത്തില്‍, രാജ്യത്തിന്റെ മലയോര മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഒടുവില്‍ എത്തിച്ചേരുന്നത്. ആ പഴയ ചിന്തയുടെ ഫലം, അത് രാജ്യത്ത് വികസനത്തിന്റെ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിച്ചു എന്നതാണ്. ഇതുമൂലം രാജ്യത്തിന്റെ വലിയൊരു ഭാഗം അസൗകര്യത്തിലാണ് ജീവിച്ചത്.
കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍, രാജ്യം ഇപ്പോള്‍ ആ പഴയ ചിന്തയെ ഉപേക്ഷിച്ച് ഒരു പുതിയ ചിന്തയുമായി, ആധുനിക ചിന്തയുമായി മുന്നോട്ട് പോകുന്നു. ഞാന്‍ ഇവിടെ വരുമ്പോഴെല്ലാം, ഇവിടെയുള്ള ആളുകള്‍ ഒരു സര്‍വകലാശാലയെ മാത്രം ആശ്രയിക്കുന്നത് ഞാന്‍ നിരന്തരം ശ്രദ്ധിക്കാറുണ്ടായിരുന്നു. ചികിത്സയുടെയോ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയോ കാര്യത്തില്‍, ആളുകള്‍ ഐജിഎംസി ഷിംലയെയോ ടാറ്റ മെഡിക്കല്‍ കോളേജിനെയോ ആശ്രയിച്ചു. ഗുരുതരമായ രോഗങ്ങളെക്കുറിച്ചോ വിദ്യാഭ്യാസത്തെക്കുറിച്ചോ ജോലിയെക്കുറിച്ചോ പറഞ്ഞാല്‍, ഹിമാചലിലെ ജനങ്ങള്‍ ചണ്ഡീഗഡിലേക്കും ഡല്‍ഹിയിലേക്കും പോകാന്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ നമ്മുടെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് ഹിമാചലിന്റെ വികസന ഗാഥയെ ഒരു പുതിയ മാനത്തിലേക്ക് കൊണ്ടുപോയി. ഇന്ന് ഹിമാചലില്‍ കേന്ദ്ര സര്‍വകലാശാല, ഐഐടി, ഐഐഐടി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) എന്നിവയും ഉണ്ട്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനമായ എയിംസ് ബിലാസ്പൂരിലെയും ഹിമാചലിലെയും ജനങ്ങളുടെ അഭിമാനം വര്‍ധിപ്പിക്കുന്നു.
മറ്റൊരു മാറ്റത്തിന്റെ പ്രതീകം കൂടിയാണ് ബിലാസ്പൂര്‍ എയിംസ്. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ ഗ്രീന്‍ എയിംസ് എന്നാണ് ഇത് അറിയപ്പെടുക. കഴിഞ്ഞ സര്‍ക്കാരുകള്‍ തറക്കല്ലിടുകയും തെരഞ്ഞെടുപ്പിന് ശേഷം അതെല്ലാം മറക്കുകയും ചെയ്തിരുന്നതായി നമ്മുടെ സഹപ്രവര്‍ത്തകരെല്ലാം അല്‍പം മുമ്പ് സൂചിപ്പിച്ചിരുന്നു. തറക്കല്ലിട്ടിട്ടും പണി നടക്കാത്ത എല്ലാ പദ്ധതികളും കണ്ടെത്താന്‍ ധുമാല്‍ ജി ഒരിക്കല്‍ ഒരു ഡ്രൈവ് സംഘടിപ്പിച്ചിരുന്നു.
ഞാന്‍ ഒരിക്കല്‍ റെയില്‍വേയെ അവലോകനം ചെയ്തിരുന്നതായി ഇപ്പോഴും ഓര്‍ക്കുന്നു. ഉനയ്ക്ക് സമീപം ഒരു റെയില്‍വേ ലൈന്‍ സ്ഥാപിക്കേണ്ടതായിരുന്നു. 35 വര്‍ഷം മുമ്പാണ് തീരുമാനം. പാര്‍ലമെന്റില്‍ പ്രഖ്യാപനമുണ്ടായെങ്കിലും ഫയല്‍ അടച്ചുപൂട്ടി. ആരാണ് ഹിമാചലിനെ ചോദ്യം ചെയ്യുക? പക്ഷേ ഹിമാചലിന്റെ മകനായ തനിക്ക് ഹിമാചലിനെ മറക്കാനാവില്ല. ഒരു പദ്ധതിയുടെ തറക്കല്ലിട്ടാല്‍ അതിന്റെ ഉദ്ഘാടനവും നടക്കുമെന്നതാണ് നമ്മുടെ ഗവണ്‍മെന്റിന്റെ പ്രത്യേകത. മുടങ്ങിക്കിടന്നതും മന്ദഗതിയിലുള്ളതുമായ പദ്ധതികളുടെ യുഗം ഇല്ലാതായി.
സുഹൃത്തുക്കളേ,
രാഷ്ട്ര പ്രതിരോധത്തില്‍ ഹിമാചലിന് എന്നും വലിയ സംഭാവനയുണ്ട്. രാഷ്ട്രത്തെ സംരക്ഷിക്കുന്ന വീരന്മാരുടെ പേരില്‍രാജ്യമെമ്പാടും അറിയപ്പെടുന്ന ഹിമാചല്‍, അതേ ഹിമാചല്‍ ഇപ്പോള്‍ ഈ എയിംസ് ഉപയോഗിച്ച് ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ പോകുന്നു. 2014 വരെ ഹിമാചലില്‍ 3 മെഡിക്കല്‍ കോളേജുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതില്‍ 2 എണ്ണം ഗവണ്‍മെന്റ് ഉടമസ്ഥയില്‍ ആയിരുന്നു. കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഹിമാചലില്‍ 5 പുതിയ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചു. 2014 വരെ 500 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ബിരുദ-ബിരുദാനന്തര മെഡിക്കല്‍ കോഴ്സുകളില്‍ പഠിക്കാന്‍ കഴിയുമായിരുന്നുള്ളൂ, ഇന്ന് ഈ എണ്ണം 1200-ലധികമായി വര്‍ദ്ധിച്ചു, അതായത് ഇരട്ടിയിലധികം. എല്ലാ വര്‍ഷവും നിരവധി പുതിയ ഡോക്ടര്‍മാര്‍ എയിംസില്‍ നിന്ന് പുറത്തുവരും, നഴ്സിംഗുമായി ബന്ധപ്പെട്ട യുവജനങ്ങള്‍ക്ക് ഇവിടെ പരിശീലനം ലഭിക്കും. ജയറാം ജിയുടെ ടീമിനെയും ജയറാം ജിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും ആരോഗ്യ മന്ത്രാലയത്തെയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. നദ്ദ ജി ആരോഗ്യമന്ത്രിയായിരിക്കെ ഞങ്ങള്‍ ഈ തീരുമാനം എടുത്തിരുന്നു. അതിനാല്‍, അദ്ദേഹത്തിന് വലിയ ഉത്തരവാദിത്തമുണ്ടായിരുന്നു. ഇവിടെ തറക്കല്ലിട്ടതും ഞാനായിരുന്നു. ഭയങ്കരമായ കൊറോണ മഹാമാരിയുടെ കാലഘട്ടമായിരുന്നു അത്. എല്ലാത്തിനുമുപരി, മലകളില്‍ ഓരോന്നും കൊണ്ടുവന്ന് ഹിമാചലില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് നമുക്കറിയാം. സമതലങ്ങളില്‍ ഒരു മണിക്കൂര്‍ കൊണ്ട് തീര്‍ക്കുന്ന ജോലി ഇവിടെ മലനിരകളില്‍ പൂര്‍ത്തിയാക്കാന്‍ ഒരു ദിവസമെടുക്കും. എന്നിരുന്നാലും, കൊറോണ മഹാമാരി ഉണ്ടായിട്ടും, കേന്ദ്ര ആരോഗ്യ മന്ത്രാലയവും ജയറാം ജിയുടെ കീഴിലുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ സംഘവും എയിംസ് വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് എയിംസും പ്രവര്‍ത്തനം തുടങ്ങി.
മെഡിക്കല്‍ കോളേജ് മാത്രമല്ല, ഞങ്ങള്‍ മറ്റൊരു ദിശയിലേക്കും നീങ്ങി. മരുന്നുകളുടെയും ജീവന്‍രക്ഷാ വാക്സിനുകളുടെയും നിര്‍മ്മാതാവെന്ന നിലയിലുള്ള ഹിമാചലിന്റെ പങ്ക് വളരെയധികം വിപുലീകരിക്കുകയാണ്. ബള്‍ക്ക് ഡ്രഗ് പാര്‍ക്ക് സ്‌കീമിലേക്ക് രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളെ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളൂ, അവയിലൊന്ന് ഏത് സംസ്ഥാനമാണ്? അതെ, ഹിമാചല്‍ ആണ്. അതില്‍ നിങ്ങള്‍ക്ക് അഭിമാനമുണ്ടോ ഇല്ലയോ? ഇത് നിങ്ങളുടെ കുട്ടികളുടെ ശോഭനമായ ഭാവിയുടെ അടിത്തറയാണോ അല്ലയോ? ഇത് നിങ്ങളുടെ കുട്ടികള്‍ക്ക് ശോഭനമായ ഭാവിയുടെ ഉറപ്പാണോ അല്ലയോ? ഇന്നത്തെ തലമുറയ്ക്കുവേണ്ടി മാത്രമല്ല, വരും തലമുറയ്ക്കുവേണ്ടിയും ഞങ്ങള്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നു.
അതുപോലെ, വൈദ്യശാസ്ത്രത്തില്‍ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണ പാര്‍ക്കിനായി 4 സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തു. പ്രത്യേക തരം ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ രാജ്യത്ത് നാല് സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യ വലിയ ജനസംഖ്യയുള്ള ഒരു വലിയ രാജ്യമാണ്. അതേസമയം ഹിമാചല്‍ വളരെ ചെറിയ സംസ്ഥാനമാണ്. പക്ഷേ, ഇത് വീരന്മാരുടെ നാടാണ്, എന്റെ വിഹിതം ഈ സ്ഥലത്ത് ഞാന്‍ കഴിച്ചിട്ടുണ്ട്. അതിനാല്‍, എനിക്ക് അതു തിരികെ നല്‍കണം. നാലാമത്തെ മെഡിക്കല്‍ ഉപകരണ പാര്‍ക്ക് എവിടെയാണ് നിര്‍മ്മിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? സുഹൃത്തുക്കളേ, നാലാമത്തെ മെഡിക്കല്‍ ഉപകരണ പാര്‍ക്ക് ഹിമാചലില്‍ നിര്‍മ്മിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ വമ്പന്മാരും ഇവിടെയെത്തും. ഈ പദ്ധതിയുടെ ഭാഗമാണ് നാലഗഡിലെ ഈ മെഡിക്കല്‍ ഉപകരണ പാര്‍ക്കിന്റെ ശിലാസ്ഥാപനം. ഈ ഉപകരണ പാര്‍ക്കിന്റെ നിര്‍മാണത്തിനായി ആയിരക്കണക്കിന് കോടി രൂപ ഇവിടെ നിക്ഷേപിക്കും. ഇതുമായി ബന്ധപ്പെട്ട നിരവധി ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സമീപത്ത് വികസിക്കും. ഇത് ആയിരക്കണക്കിന് യുവാക്കള്‍ക്ക് ഇവിടെ തൊഴിലവസരങ്ങള്‍ നല്‍കും.
സുഹൃത്തുക്കളേ,
വികസനത്തിന്റെ അനന്ത സാധ്യതകള്‍ മറഞ്ഞിരിക്കുന്ന ഹിമാചലിന്റെ മറ്റൊരു വശമുണ്ട്, അതാണ് മെഡിക്കല്‍ ടൂറിസം. ഇവിടുത്തെ കാലാവസ്ഥ, അന്തരീക്ഷം, പരിസ്ഥിതി, ഔഷധസസ്യങ്ങള്‍ എന്നിവ നല്ല ആരോഗ്യത്തിന് അനുയോജ്യമാണ്. മെഡിക്കല്‍ ടൂറിസത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇന്ന് ലോകത്തിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രമായി മാറുകയാണ്. രാജ്യത്തെയും ലോകത്തെയും ആളുകള്‍ വൈദ്യചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുമ്പോള്‍, ഈ സ്ഥലത്തിന്റെ പ്രകൃതി സൗന്ദര്യം കാരണം അവര്‍ ഇവിടം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. ഒരു വിധത്തില്‍ പറഞ്ഞാല്‍, അവര്‍ക്ക് രണ്ട് തരത്തില്‍ പ്രയോജനം ലഭിക്കും, ഒന്ന് ആരോഗ്യം, മറ്റൊന്ന് വിനോദസഞ്ചാരം. അതിനാല്‍, ഹിമാചല്‍ രണ്ട് വഴികളിലും ലാഭമുണ്ടാക്കുന്നു.
സുഹൃത്തുക്കളേ,
പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ചികിത്സാച്ചെലവ് പരമാവധി കുറയ്ക്കാനും ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടാനും അടുത്തടുത്ത് ചികിത്സ ലഭ്യമാക്കാനുമാണ് കേന്ദ്രഗവണ്‍മെന്റു ശ്രമിക്കുന്നത്. അതുകൊണ്ട് ഇന്ന് ഞങ്ങള്‍ എയിംസ് മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രികളിലെ ക്രിട്ടിക്കല്‍ കെയര്‍ സൗകര്യങ്ങള്‍, ഗ്രാമങ്ങളില്‍ ആരോഗ്യ, പരിരക്ഷാ കേന്ദ്രങ്ങള്‍ എന്നിവ നിര്‍മ്മിച്ച് തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി പ്രവര്‍ത്തിക്കുന്നു. ഈ വശങ്ങള്‍ ഇപ്പോള്‍ ഊന്നിപ്പറയുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ഹിമാചലിലെ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയാണ് ലഭിക്കുന്നത്.
ഈ പദ്ധതി പ്രകാരം ഇതുവരെ 3 കോടി 60 ലക്ഷം പാവപ്പെട്ട രോഗികള്‍ക്ക് രാജ്യത്തുടനീളം സൗജന്യ ചികിത്സ നല്‍കി. ഇതില്‍ 1.5 ലക്ഷം ഗുണഭോക്താക്കള്‍ ഹിമാചലില്‍ നിന്നുള്ളവരാണ്. ഇതുവരെ 45,000 കോടിയിലധികം രൂപയാണ് രാജ്യത്ത് ഇവരുടെയെല്ലാം ചികിത്സയ്ക്കായി ഗവണ്‍മെന്റ് ചെലവഴിച്ചത്. ആയുഷ്മാന്‍ ഭാരത് പദ്ധതി ഇല്ലായിരുന്നുവെങ്കില്‍, ഈ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അതിന്റെ ഇരട്ടിയോളം, അതായത് ഏകദേശം 90,000 കോടി രൂപ അവരുടെ പോക്കറ്റില്‍ നിന്ന് ചികിത്സയ്ക്കായി നല്‍കേണ്ടിവരുമായിരുന്നു. അതായത്, ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങള്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നു, ആരോഗ്യ സംരക്ഷണത്തിനായി ഇത്രയും പണം ലാഭിക്കുന്നു.
സുഹൃത്തുക്കളേ,
മറ്റൊരു കാരണത്താല്‍ ഞാന്‍ സന്തോഷിക്കുന്നു. ഇത്തരം ഗവണ്‍മെന്റ് പദ്ധതികള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം നേടിയത് നമ്മുടെ അമ്മമാരും സഹോദരിമാരും പെണ്‍മക്കളുമാണ്. ശരീരത്തില്‍ ഒരുപാട് വേദനകളും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടും നമ്മുടെ അമ്മയ്ക്കും സഹോദരിമാര്‍ക്കും അതിനെക്കുറിച്ച് മിണ്ടാതിരിക്കുന്ന സ്വഭാവമുണ്ടെന്ന് നമുക്കറിയാം. കുടുംബത്തില്‍ ആരോടും പറയാറില്ല. അവര്‍ വേദന സഹിക്കുന്നു, ജോലി തുടരുന്നു; അവര്‍ മുഴുവന്‍ കുടുംബത്തെയും പരിപാലിക്കുന്നു. വീട്ടുകാര്‍ രോഗവിവരം അറിയുകയോ കുട്ടികള്‍ അറിയുകയോ ചെയ്താല്‍ പിന്നെ കടം വാങ്ങി ചികിത്സ നല്‍കുമെന്ന തോന്നലാണ് കാരണം. അസുഖം സഹിക്കാമെന്നും എന്നാല്‍ മക്കളെ കടക്കെണിയിലാക്കാന്‍ അനുവദിക്കില്ലെന്നും അമ്മ കരുതുന്നു. അതിനാല്‍ അവള്‍ ആശുപത്രികളില്‍ പണം ചെലവഴിക്കില്ല. ഈ അമ്മമാരെക്കുറിച്ച് ആരു ചിന്തിക്കും? ഈ അമ്മമാര്‍ നിശ്ശബ്ദരായി ഇത്തരം ദുരിതങ്ങള്‍ അനുഭവിക്കണോ? പിന്നെ എന്നെപ്പോലൊരു മകനെക്കൊണ്ട് എന്ത് പ്രയോജനം? അതിനാല്‍, എന്റെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും രോഗങ്ങളുടെ ഭാരത്താല്‍ ജീവിക്കേണ്ടിവരാതിരിക്കാനാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയും അതേ ആവേശത്തില്‍ പിറന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 50 ശതമാനത്തിലധികം അമ്മമാരും സഹോദരിമാരുമാണ്.
സുഹൃത്തുക്കളേ,
കക്കൂസുകള്‍ നിര്‍മിക്കാനുള്ള ശുചിത്വഭാരത് അഭിയാന്‍ ആയാലും, സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കുന്ന ഉജ്ജ്വല പദ്ധതി ആയാലും, സൗജന്യ സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്ന പ്രചാരണമായാലും, മാതൃ വന്ദന യോജനയുടെ കീഴില്‍ എല്ലാ ഗര്‍ഭിണികള്‍ക്കും പോഷക സമൃദ്ധമായ ഭക്ഷണത്തിന് ആയിരക്കണക്കിന് രൂപയുടെ സഹായമായാലും, വീടുകളില്‍ ടാപ്പു വെള്ളം വിതരണം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രചാരണമായാലും, എന്റെ അമ്മമാരെയും സഹോദരിമാരെയും ശാക്തീകരിക്കുന്നതിനായി ഞങ്ങള്‍ ഈ ജോലികളെല്ലാം ഒന്നിനുപുറകെ ഒന്നായി ചെയ്യുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും സന്തോഷം, സൗകര്യം, ബഹുമാനം, സുരക്ഷ, ആരോഗ്യം എന്നിവയാണ് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ മുന്‍ഗണന.
ജയറാം ജിയും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘവും കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ വളരെ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കി. അത് നമ്മുടെ എല്ലാവരുടെയും മുന്നിലാണു ചെയ്തത്. എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കുന്ന ജോലികള്‍ അതിവേഗം പൂര്‍ത്തിയാക്കി. കഴിഞ്ഞ 7 പതിറ്റാണ്ടിനിടയില്‍ ഹിമാചലില്‍ നല്‍കിയിരുന്നതിന്റെ ഇരട്ടിയിലധികം ടാപ്പ് കണക്ഷനുകള്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മൂന്ന് വര്‍ഷത്തിനുള്ളില്‍ 8.5 ലക്ഷത്തിലധികം പുതിയ കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ള സൗകര്യം ലഭിച്ചു.
സഹോദരീ സഹോദരന്മാരേ,
മറ്റൊരു കാര്യത്തിന് രാജ്യം ജയറാം ജിയെയും അദ്ദേഹത്തിന്റെ ടീമിനെയും വളരെയധികം അഭിനന്ദിക്കുന്നു. അത് സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ വിപുലപ്പെടുത്തുന്നതിനാണ്. ഇന്ന്, ഒരാള്‍ക്ക് അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് പെന്‍ഷന്‍ സൗകര്യം ലഭിക്കാത്ത ഒരു കുടുംബവും ഹിമാചലില്‍ ഇല്ല. ഇത്തരം കുടുംബങ്ങള്‍ക്ക്, പ്രത്യേകിച്ച് അവശതയനുഭവിക്കുന്നവര്‍ക്കും ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും പെന്‍ഷന്‍, ചികിത്സാ ചെലവുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ പ്രശംസനീയമാണ്. ഹിമാചല്‍ പ്രദേശിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ 'വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍' നടപ്പാക്കിയതിലൂടെ വളരെയധികം പ്രയോജനം നേടിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
അവസരങ്ങളുടെ നാടാണ് ഹിമാചല്‍. ജയറാം ജിയെ ഒരിക്കല്‍ കൂടി അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തുടനീളം പ്രതിരോധ കുത്തിവയ്പു ജോലികള്‍ നടക്കുന്നുണ്ടെങ്കിലും നിങ്ങളുടെ സുരക്ഷയ്ക്കായി 100% വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഹിമാചല്‍. അതിനാല്‍, അശ്രദ്ധമായ ജോലികള്‍ക്ക് ഇടമില്ല. തീരുമാനിച്ചുകഴിഞ്ഞാല്‍ അത് ചെയ്യണം.
ഇവിടെ ജലവൈദ്യുതിയില്‍ നിന്നാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഫലഭൂയിഷ്ഠമായ ഭൂമിയുണ്ട്. ടൂറിസം ഇവിടെ അനന്തമായ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. മെച്ചപ്പെട്ട കണക്റ്റിവിറ്റിയുടെ അഭാവമായിരുന്നു ഈ അവസരങ്ങള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ തടസ്സം. 2014 മുതല്‍, ഹിമാചല്‍ പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇന്ന് ഹിമാചലിലെ റോഡുകളുടെ വീതി കൂട്ടുന്ന ജോലിയും എല്ലായിടത്തും നടക്കുന്നുണ്ട്. നിലവില്‍ 50,000 കോടി രൂപയാണ് ഹിമാചലിലെ കണക്ടിവിറ്റി പദ്ധതികള്‍ക്കായി ചെലവഴിക്കുന്നത്. പിഞ്ചോര്‍ മുതല്‍ നലഗഡ് വരെയുള്ള നാലുവരി പാതയുടെ പ്രവൃത്തി പൂര്‍ത്തിയാകുമ്പോള്‍, നലഗഡ്, ബഡ്ഡി തുടങ്ങിയ വ്യവസായ മേഖലകള്‍ക്ക് മാത്രമല്ല, ചണ്ഡീഗഡ്, അംബാല എന്നിവിടങ്ങളില്‍ നിന്ന് ബിലാസ്പൂര്‍, മാണ്ഡി, മണാലി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും പ്രയോജനം ലഭിക്കും. മാത്രമല്ല, വളഞ്ഞ റോഡുകളില്‍ നിന്ന് ഹിമാചലിലെ ജനങ്ങളെ മോചിപ്പിക്കാന്‍ തുരങ്കങ്ങളുടെ ഒരു ശൃംഖലയും സ്ഥാപിക്കുന്നുണ്ട്.
സുഹൃത്തുക്കളേ,
ഡിജിറ്റല്‍ കണക്ടിവിറ്റിയുടെ കാര്യത്തില്‍ ഹിമാചലിലും അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍, 'ഇന്ത്യയില്‍ നിര്‍മിച്ച' മൊബൈല്‍ ഫോണുകള്‍ക്കു വിലകുറഞ്ഞതു മാത്രമല്ല, നെറ്റ്വര്‍ക്ക് എല്ലാ ഗ്രാമങ്ങളിലും എത്തിയിട്ടുമുണ്ട്. മികച്ച 4ജി കണക്റ്റിവിറ്റി കാരണം ഹിമാചല്‍ പ്രദേശും ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തില്‍ വളരെ വേഗത്തില്‍ മുന്നേറുകയാണ്. 'ഡിജിറ്റല്‍ ഇന്ത്യ' പ്രചാരണപരിപാടിയുടെ പരമാവധി നേട്ടം ഹിമാചലിലെ എന്റെ സഹോദരീസഹോദരന്മാരാണ് കൊയ്യുന്നത്. ബില്ലുകള്‍ അടയ്ക്കുക, അല്ലെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട ജോലികള്‍, അഡ്മിഷന്‍, അപേക്ഷകള്‍ എന്നിങ്ങനെ എല്ലാ ചെറിയ ജോലികള്‍ക്കും ആളുകള്‍ക്ക് സമതലത്തില്‍ സ്ഥിതി ചെയ്യുന്ന ഓഫീസുകളില്‍ പോകേണ്ടി വന്നിരുന്നു. അതിന് ഒരു ദിവസമോ മറ്റോ സമയമെടുക്കുമായിരുന്നു. ചിലപ്പോള്‍ ഒരാള്‍ക്ക് രാത്രി താമസിക്കേണ്ടിവന്നു. ഇപ്പോള്‍ രാജ്യത്ത് ആദ്യമായി 'ഇന്ത്യന്‍ നിര്‍മിത' 5G സേവനങ്ങളും ആരംഭിച്ചു, ഇതിന്റെ പ്രയോജനം വളരെ വേഗം ഹിമാചലില്‍ എത്താന്‍ പോകുന്നു.
ഡ്രോണുകള്‍ സംബന്ധിച്ച് ഇന്ത്യ രൂപീകരിച്ചതും മാറ്റിയതുമായ നിയമങ്ങള്‍ക്ക് ഞാന്‍ ഹിമാചലിനെ അഭിനന്ദിക്കുന്നു. സംസ്ഥാനത്ത് ഡ്രോണ്‍ നയം രൂപീകരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഹിമാചല്‍. ഇപ്പോള്‍ ഗതാഗതത്തിനായി ഡ്രോണുകളുടെ ഉപയോഗം വന്‍തോതില്‍ വര്‍ധിക്കാന്‍ പോകുന്നു. ഉദാഹരണത്തിന്, നമുക്ക് കിന്നൗറില്‍ നിന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് ഉരുളക്കിഴങ്ങ് എടുത്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏതെങ്കിലും വലിയ വിപണിയില്‍ എത്തിക്കാം. നമ്മുടെ പഴങ്ങള്‍ നശിക്കുമായിരുന്നു. പക്ഷേ, ഇപ്പോള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് എടുക്കാം. വരുംദിവസങ്ങളില്‍ നിരവധി നേട്ടങ്ങള്‍ ഉണ്ടാകും. ഓരോ പൗരന്റെയും സൗകര്യം വര്‍ദ്ധിപ്പിക്കുകയും ഓരോ പൗരനെയും സമൃദ്ധിയുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്ന ഇത്തരത്തിലുള്ള വികസനത്തിനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. ഇത് 'വികസിത ഇന്ത്യ'യുടെയും വികസിത ഹിമാചല്‍ പ്രദേശിന്റെയും ദൃഢനിശ്ചയം നിറവേറ്റും.
വിജയദശമി മഹോത്സവത്തില്‍ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ക്ക് നടുവില്‍ വിജയത്തിന്റെ മുഴക്കങ്ങള്‍ മുഴക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. എയിംസ് ഉള്‍പ്പെടെയുള്ള എല്ലാ വികസന പദ്ധതികള്‍ക്കും ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. രണ്ട് മുഷ്ടികളും ചുരുട്ടി എന്നോട് ഉറക്കെ പറയൂ:
ഭാരത് മാതാ കീ ജയ്! ഉറക്കെ പറയൂ -
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വളരെയധികം നന്ദി!