മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍ ജി, മാതൃഭൂമിയുടെ പ്രവര്‍ത്തകരേ, വായനക്കാരേ, വിശിഷ്ടാതിഥികളേ,
നമസ്കാരം!
മാതൃഭൂമിയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള ഈ പരിപാടിയെ അഭിസംബോധന ചെയ്യുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ഈ പത്രവുമായി ബന്ധപ്പെട്ടവരെ ഈയവസരത്തില്‍ എന്റെ ആശംസകള്‍ അറിയിക്കുകയാണ്. ഈ മാധ്യമസ്ഥാപനത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചവരുടെ സംഭാവനകളെക്കുറിച്ചും ഞാന്‍ ഓര്‍ക്കുന്നു. ശ്രീ കെ പി കേശവമേനോന്, കെ എ ദാമോദര മേനോന്, കേരള ഗാന്ധി ശ്രീ കെ കേളപ്പന്, കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാട് തുടങ്ങി നിരവധി പ്രമുഖര്‍ മാതൃഭൂമിയുടെ വഴിവിളക്കുകളായി പ്രവര്‍ത്തിച്ചു. മാതൃഭൂമിയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിച്ച എം.പി. വീരേന്ദ്രകുമാറിനെക്കുറിച്ച് ഓര്‍ക്കാനും ഞാനീ സമയത്ത് ആഗ്രഹിക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ നാം ഒരിക്കലും മറക്കില്ല. അദ്ദേഹം മികച്ച പ്രാസംഗികനും പണ്ഡിതനും പരിസ്ഥിതിസ്നേഹിയുമായിരുന്നു.
സുഹൃത്തുക്കളേ,
മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനു കരുത്തേകാനാണു മാതൃഭൂമി ജന്മമെടുത്തത്. കോളനിവാഴ്ചയ്ക്കെതിരെ നമ്മുടെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ ഇന്ത്യയിലുടനീളം സ്ഥാപിക്കപ്പെട്ട പത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും മഹത്തായ പാരമ്പര്യത്തിന്റെ സുപ്രധാന ഭാഗമാണ് മാതൃഭൂമി. നമ്മുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍, പല മഹാന്മാരും ഒന്നല്ലെങ്കില്‍ മറ്റൊരു പത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു കാണാം. ലോകമാന്യതിലകാണു 'കേസരി'യെയും 'മറാത്ത'യെയും വളര്‍ത്തി വലുതാക്കിയത്. ഗോപാലകൃഷ്ണ ഗോഖലെ 'ഹിതവാദ'യുമായി ബന്ധപ്പെട്ടുപ്രവര്ത്തിച്ചു. 'പ്രബുദ്ധ ഭാരത്' സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ടിരിക്കുന്നു. മഹാത്മാഗാന്ധിയെ സ്മരിക്കുമ്പോള്‍ 'യംഗ് ഇന്ത്യ', 'നവജീവന്‍', 'ഹരിജന്‍' എന്നിവയില്‍ അദ്ദേഹത്തിന്റെ സംഭാവനകളും നാം ഓര്‍ക്കുന്നു. 'ദി ഇന്ത്യന്‍ സോഷ്യോളജിസ്റ്റ്' എഡിറ്റ് ചെയ്തത് ശ്യാംജി കൃഷ്ണ വര്‍മ്മയാണ്. കുറച്ച് ഉദാഹരണങ്ങള്‍ മാത്രമാണു ഞാന്‍ നല്‍കിയത്. ഈ പട്ടിക അനന്തമാണ്.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്താണ് മാതൃഭൂമി പിറന്നതെങ്കില്‍, ഇന്ത്യ 'ആസാദി കാ അമൃത്' മഹോത്സവം ആഘോഷിക്കുമ്പോഴാണ് അതിന്റെ ശതാബ്ദി ആഘോഷങ്ങള്‍ നടക്കുന്നത്. 'സ്വരാജ്യ'ത്തിനായി സ്വാതന്ത്ര്യസമരം നടന്ന കാലത്ത് ജീവത്യാഗത്തിനു നമുക്ക് അവസരം ലഭിച്ചിരുന്നില്ല. എങ്കിലും, ശക്തവും വികസിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കാനുള്ള അവസരം ഈ അമൃതകാലം നമുക്ക് നല്കുന്നു. ഏതൊരു രാജ്യവും വികസിക്കണമെങ്കില്‍, മികച്ച നയങ്ങള്‍ വേണമെന്നത് ഒരു വശമാണ്. പക്ഷേ, നയങ്ങള്‍ വിജയിക്കുന്നതിനും വലിയ തോതിലുള്ള മാറ്റം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും, സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള സജീവ പങ്കാളിത്തം ആവശ്യമാണ്. അതില്‍ മാധ്യമങ്ങളും നിര്‍ണായക പങ്ക് വഹിക്കുന്നു. മാധ്യമങ്ങള്‍ക്ക് മികച്ച രീതിയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നാം കണ്ടു. ഏവര്‍ക്കുമറിയുന്ന സ്വച്ഛ് ഭാരത് ദൗത്യമെന്ന ഉദാഹരണമെടുക്കാം. വളരെ ആത്മാര്‍ത്ഥതയോടെയാണ് ഓരോ മാധ്യമസ്ഥാപനവും ഈ ദൗത്യം ഏറ്റെടുത്തത്. അതുപോലെ, യോഗ, കായികക്ഷമത, 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്നിവയെ ജനകീയമാക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രചോദനാത്മകമായ പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനും രാഷ്ട്രീയകക്ഷികള്‍ക്കും അതീതമായ വിഷയങ്ങളാണിവ. വരും വര്‍ഷങ്ങളില്‍ ഒരു മികച്ച രാഷ്ട്രം ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനൊപ്പം, 'ആസാദി കാ അമൃത്' മഹോത്സവം മുന്നില്‍ക്കണ്ട് ഇനിയും കാര്യങ്ങള്‍ ചെയ്യാനാകും. സ്വാതന്ത്ര്യസമരത്തിലെ അധികം അറിയപ്പെടാത്ത സംഭവങ്ങളെയും വാഴ്ത്തപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളെയും ഈ ദിവസങ്ങളില്‍ ജനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് നാം കാണുന്നു. ഇതിനു പ്രചാരമേകാന്‍ മാധ്യമങ്ങള്‍ക്കു കഴിയും. അതുപോലെ, ഓരോ പട്ടണത്തിലും ഗ്രാമത്തിലും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ച് അധികമാര്‍ക്കും അറിയുന്നുണ്ടാകില്ല. ആ സ്ഥലങ്ങളെ പരിചയപ്പെടുത്താനും അവ സന്ദര്‍ശിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനും നമുക്കു കഴിയും. മാധ്യമപശ്ചാത്തലമില്ലാത്ത എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും അവരുടെ രചനാവൈദഗ്ധ്യം പ്രകടിപ്പിക്കാനുള്ള ഒരു വേദി നല്‍കാനും നമുക്ക് കഴിയുമോ? ഇന്ത്യയുടെ ഏറ്റവും വലിയ ശക്തികളിലൊന്ന് നമ്മുടെ വൈവിധ്യമാണ്. നിങ്ങളുടെ മാധ്യമസംവിധാനങ്ങളിലൂടെ മറ്റുഭാഷകളിലെ പ്രധാന പദങ്ങള്‍ ജനപ്രിയമാക്കു ന്നതിനെക്കുറിച്ചു നമുക്കു ചിന്തിച്ചുകൂടേ?
സുഹൃത്തുക്കളേ,
ഇന്നത്തെ കാലഘട്ടത്തില്‍, ലോകം ഇന്ത്യയില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു. കോവിഡ്-19 മഹാമാരി നമ്മുടെ നാട്ടില്‍ ആഞ്ഞടിച്ചപ്പോള്‍, ഇന്ത്യക്ക് അതിനെ കൈകാര്യം ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു പലരും വിചാരിച്ചിരുന്നത്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തെളിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം നമ്മുടെ സമൂഹത്തിന്റെ ആരോഗ്യവും സമ്പദ്വ്യവസ്ഥയുടെ ആരോഗ്യവും മെച്ചപ്പെടുത്താന്‍ നാം ഉപയോഗിച്ചു. രണ്ട് വര്‍ഷമായി 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നു. 180 കോടി ഡോസ് വാക്സിന് നല്കി. വാക്സിന് വിമുഖത മറികടക്കാന്‍ പല രാജ്യങ്ങള്‍ക്കും കഴിയാതെ വന്ന ഒരു കാലത്ത്, ഇന്ത്യയിലെ ജനങ്ങള്‍ വഴികാട്ടിയായി. വിദഗ്ധരായ ഇന്ത്യന്‍ യുവാക്കളുടെ കരുത്തില്‍ നമ്മുടെ രാഷ്ട്രം ആത്മനിര്‍ഭരതയിലേക്ക്, സ്വയംപര്യാപ്തതയിലേക്കു നീങ്ങുകയാണ്. ആഭ്യന്തരവും ആഗോളവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു സാമ്പത്തിക ശക്തികേന്ദ്രമായി ഇന്ത്യയെ മാറ്റുക എന്നതാണ് ഈ നയത്തിന്റെ കാതല്‍. നടപ്പിലാക്കിയ അഭൂതപൂര്‍വമായ പരിഷ്കാരങ്ങള്‍ സാമ്പത്തിക പുരോഗതി വര്‍ധിപ്പിക്കും. പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മേഖലകളില്‍ ഉല്‍പ്പാദനബന്ധിത ആനുകൂല്യപദ്ധിതകള്ക്കു തുടക്കമിട്ടു. രാജ്യത്തെ സ്റ്റാര്‍ട്ട്-അപ്പ് ആവാസവ്യവസ്ഥ മുമ്പെങ്ങും ഇത്ര ഊര്‍ജ്ജസ്വലമായിരുന്നില്ല. രണ്ടാംനിര-മൂന്നാംനിര നഗരങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ള ചെറുപ്പക്കാര്‍ ഇന്നു മികച്ച രീതിയില്‍ ജോലി ചെയ്യുന്നു. സാങ്കേതിക പുരോഗതിയുടെ മേഖലയില്‍ ഇന്ത്യയിന്നു ലോകത്തെ നയിക്കുകയാണ്. കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍, യുപിഐ ഇടപാടുകളുടെ എണ്ണം 70 മടങ്ങ് വര്‍ദ്ധിച്ചു. നല്ല മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള നമ്മുടെ ജനങ്ങളുടെ വ്യഗ്രതയാണ് ഇത് കാണിക്കുന്നത്.
സുഹൃത്തുക്കളേ,
അടുത്ത തലമുറയ്ക്കായുള്ള അടിസ്ഥാനസൗകര്യങ്ങളുടെ പ്രാധാന്യം ഞങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈനിനായി 110 ലക്ഷം കോടി രൂപയാണു ചെലവഴിക്കുന്നത്. പിഎം ഗതിശക്തി, അടിസ്ഥാനസൗകര്യങ്ങളൊരുക്കലും ഭരണനിര്‍വഹണവും തടസ്സരഹിതമാക്കും. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഭാവിതലമുറകള്‍ ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച ജീവിതശൈലി നയിക്കുമെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ശ്രമങ്ങളുടെ മാര്‍ഗനിര്‍ദേശകതത്വം.
സുഹൃത്തുക്കളേ,
വര്‍ഷങ്ങള്‍ക്ക് മുമ്പ്, മഹാത്മാഗാന്ധി മാതൃഭൂമി സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാന്‍ ഉദ്ധരിക്കുകയാണ്: 'മാതൃഭൂമി സ്വന്തം കാലില്‍ ഉറച്ചുനിന്ന ഒരു സ്ഥാപനമാണ്. ഇന്ത്യയിലെ വളരെക്കുറച്ചു പത്രങ്ങള്‍ക്കേ ഇത് ചെയ്യാനാകൂ. അതിനാല്‍ ഇന്ത്യയിലെ പത്രങ്ങളില്‍ മാതൃഭൂമിക്ക് അതുല്യമായ സ്ഥാനമുണ്ട്.' ബാപ്പുവിന്റെ ഈ വാക്കുകള്‍ മാതൃഭൂമി പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ആശംസകള്‍ നേരുന്നു, വായനക്കാരെയും എന്റെ ആശംസകള്‍ അറിയിക്കുന്നു.
നന്ദി.
ജയ് ഹിന്ദ്.
നമസ്കാരം.