ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഉത്തരാഖണ്ഡിലെ ജനപ്രിയനായ യുവ മുഖ്യമന്ത്രി ഭായ് പുഷ്‌കര്‍ സിംഗ് ധാമി ജി, കേന്ദ്ര മന്ത്രി ശ്രീ അജയ് ഭട്ട് ജി, മുന്‍ മുഖ്യമന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ജി, ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര ഭട്ട് ജി, ഉത്തരാഖണ്ഡ് സംസ്ഥാന മന്ത്രിമാരെ, എംപിമാരെ, എംഎല്‍എമാരെ, മറ്റു വിശിഷ്ടാതിഥികളെ, ദേവഭൂമിയിലെ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍! ഇന്ന് ഉത്തരാഖണ്ഡ് അത്ഭുതങ്ങള്‍ ചെയ്തു. ഒരുപക്ഷെ ഇത്തരമൊരു രംഗം കണ്ടിരിക്കാനുള്ള ഭാഗ്യം ഇതുവരെ ആര്‍ക്കും ഉണ്ടായിട്ടുണ്ടാവില്ല. രാവിലെ മുതല്‍ ഉത്തരാഖണ്ഡില്‍ എവിടെ പോയപ്പോഴും എന്നിലേക്ക് അളവറ്റ സ്നേഹവും അനുഗ്രഹവും ചൊരിയപ്പെട്ടു; സ്നേഹത്തിന്റെ നദി (ഗംഗ) ഒഴുകുന്നത് പോലെ തോന്നി.
ആത്മീയതയുടെയും സമാനതകളില്ലാത്ത ധീരതയുടെയും ഈ നാടിനെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ധീരരായ അമ്മമാരെ ഞാന്‍ പ്രത്യേകം അഭിവാദ്യം ചെയ്യുന്നു. ബദരിനാഥ് ധാമില്‍ 'ജയ് ബദ്രി-വിശാല്‍' എന്ന യുദ്ധകാഹളമുയരുമ്പോള്‍, ഗര്‍വാള്‍ റൈഫിള്‍സിലെ ധീരചിത്തരുടെ ചൈതന്യവും വീര്യവും ഉയരുന്നു. ഗംഗോലിഹാട്ടിലെ കാളികാ ക്ഷേത്രത്തിലെ മണികള്‍ 'ജയ് മഹാകാളി' എന്ന യുദ്ധകാഹളവുമായി പ്രതിധ്വനിക്കുമ്പോള്‍, കുമയോണ്‍ റെജിമെന്റിലെ വീരന്മാര്‍ക്കിടയില്‍ അളവറ്റ ധൈര്യം പ്രവഹിക്കാന്‍ തുടങ്ങുന്നു. മനസ്ഖണ്ഡിലെ ബാഗേശ്വര്‍, ബൈജ്‌നാഥ്, നന്ദാദേവി, ഗോലു ദേവത, പൂര്‍ണഗിരി, കാസര്‍ ദേവി, കൈഞ്ചി ധാം, കടര്‍മല്‍, നാനക്മട്ട, റീത്ത സാഹിബ് തുടങ്ങി എണ്ണമറ്റ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പ്രഭ ഇവിടെയുണ്ട്. നമുക്ക് സമ്പന്നമായ ഒരു പൈതൃകമുണ്ട്. ദേശീയ പ്രതിരോധത്തിന്റെയും ആത്മീയതയുടെയും ഈ തീര്‍ഥാടന കേന്ദ്രത്തില്‍ വരുകയും നിങ്ങളെക്കുറിച്ചോര്‍ക്കുയും ചെയ്യുമ്പോഴൊക്കെ ഞാന്‍ അനുഗ്രഹിക്കപ്പെട്ടതായ തോന്നലുണ്ടാവുന്നു.
എന്റെ കുടുംബാംഗങ്ങളെ,
ഇവിടെ വരുന്നതിന് മുമ്പ് പാര്‍വതി കുണ്ഡിലും ജഗേശ്വര്‍ ധാമിലും ആരാധന നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. എല്ലാ ദേശവാസികളുടെയും ആരോഗ്യത്തിനും വികസിത ഭാരതത്തിനായുള്ള ദൃഢനിശ്ചയം ശക്തിപ്പെടുത്തുന്നതിനും എന്റെ ഉത്തരാഖണ്ഡിന്റെ എല്ലാ സ്വപ്നങ്ങളും ദൃഢനിശ്ചയങ്ങളും പൂര്‍ത്തീകരിക്കപ്പെടാനും ഞാന്‍ അനുഗ്രഹം തേടി. കുറച്ച് മുമ്പ്, ഞാന്‍ നമ്മുടെ അതിര്‍ത്തി കാവല്‍ക്കാരെയും നമ്മുടെ സൈനികരെയും കണ്ടു. പ്രാദേശിക കലകളുമായും സ്വാശ്രയ സംഘങ്ങളുമായും ബന്ധപ്പെട്ട ഞങ്ങളുടെ എല്ലാ സഹോദരീ സഹോദരന്മാരെയും കാണാനും എനിക്ക് അവസരം ലഭിച്ചു. ഈ രീതിയില്‍, എന്റെ പുതിയ തരത്തിലുള്ള യാത്ര ഭാരതത്തിന്റെ സംസ്‌കാരം, ഭാരതത്തിന്റെ സുരക്ഷ, ഭാരതത്തിന്റെ അഭിവൃദ്ധി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഒരൊറ്റ യാത്രയില്‍ എനിക്ക് എല്ലാം കാണാന്‍ കഴിഞ്ഞു. ഉത്തരാഖണ്ഡിന്റെ ഈ ശക്തി അതിശയകരവും സമാനതകളില്ലാത്തതുമാണ്. അതുകൊണ്ടാണ് ബാബ കേദാറിന്റെ കാല്‍ക്കല്‍ ഞാന്‍ വിശ്വാസം പ്രകടിപ്പിച്ചത്. ഈ ദശകം ഉത്തരാഖണ്ഡിന്റെ ദശകമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് ഞാന്‍ ആദി കൈലാസത്തിലേക്ക് പോയി. അതുകൊണ്ട് എന്റെ വിശ്വാസം ഒരിക്കല്‍ കൂടി ഞാന്‍ ഊ്ട്ടിയുറപ്പിക്കട്ടെ.
ഉത്തരാഖണ്ഡ് വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുന്നുവെന്ന് ഉറപ്പാക്കാനും നിങ്ങള്‍ക്ക് ജീവിതം എളുപ്പമാക്കാനും ഞങ്ങളുടെ ഗവണ്‍മെന്റ് ഇന്ന് തികഞ്ഞ ആത്മാര്‍ത്ഥതയോടും സമ്പൂര്‍ണ്ണ അര്‍പ്പണബോധത്തോടുംകൂടി ഒരേയൊരു ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ തന്നെ 4000 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ ഒന്നുകില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ അല്ലെങ്കില്‍ തറക്കല്ലിടപ്പെടുകയോ ചെയ്തിട്ടുണ്ട്. ഒറ്റ പരിപാടിയില്‍ 4000 കോടി രൂപ! ഉത്തരാഖണ്ഡിലെ എന്റെ സഹോദീ സഹോദരന്‍മാരെ, നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? ഈ പദ്ധതികള്‍ക്കായി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ,
ഈ പാതകള്‍ എനിക്കോ നിങ്ങള്‍ക്കെല്ലാവര്‍ക്കുമോ പുതിയതല്ല. ഉത്തരാഖണ്ഡിന്റെ ഭാഗമാണെന്ന ബോധം എപ്പോഴും എന്നില്‍ നിലനില്‍ക്കുന്നു. നിങ്ങള്‍ എന്നോടും അതേ സ്വത്വബോധത്തോടെയും വാത്സല്യത്തോടെയും ബന്ധപ്പെട്ടിരിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു. ഉത്തരാഖണ്ഡിലെ വിദൂര ഗ്രാമങ്ങളില്‍ നിന്നുപോലും ധാരാളം സുഹൃത്തുക്കള്‍ എനിക്ക് കത്തുകള്‍ എഴുതുന്നു. നല്ലതും ചീത്തയുമായ സമയങ്ങളില്‍ അവര്‍ എന്നോടൊപ്പം നില്‍ക്കുന്നു. കുടുംബത്തില്‍ ഒരു പുതിയ അംഗം ജനിച്ചാല്‍, അവര്‍ എന്നെ അറിയിക്കുന്നു; മകള്‍ പഠനത്തില്‍ മിടുക്കിയാണെങ്കില്‍ അവര്‍ കത്തെഴുതും. അതിനര്‍ത്ഥം, ഞാന്‍ സമ്പൂര്‍ണ ഉത്തരാഖണ്ഡ് കുടുംബത്തിലെ അംഗമാണെന്നപോലെ ഉത്തരാഖണ്ഡ് ഇപ്പോള്‍ എന്നോട് ബന്ധപ്പെട്ടിരിക്കുന്നു.
രാജ്യം വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിന്റെ സന്തോഷം നിങ്ങളും പങ്കിടുന്നു. മെച്ചപ്പെടുത്തുന്നതിനുള്ള എന്തെങ്കിലും സാധ്യത കാണുകയാണെങ്കില്‍, അത് എന്നോട് പറയുന്നതില്‍ നിന്ന് നിങ്ങള്‍ ഒരിക്കലും മടികാണിക്കുന്നതുമില്ല. ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്കായി 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യാനുള്ള ചരിത്രപരമായ തീരുമാനമാണ് അടുത്തിടെ രാജ്യം കൈക്കൊണ്ടത്. മുപ്പതോ നാല്‍പതോ വര്‍ഷമായി മുടങ്ങിക്കിടന്ന ജോലി എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹത്താല്‍ നിങ്ങളുടെ സഹോദരനോ മകനോ പൂര്‍ത്തിയാക്കി. രസകരമായ കാര്യം, ആ സമയത്തും ഇവിടെയുള്ള സഹോദരിമാര്‍ എനിക്ക് നിരവധി കത്തുകള്‍ അയച്ചിട്ടുണ്ട് എന്നതാണ്.
എന്റെ കുടുംബാംഗങ്ങളെ,
നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹത്താല്‍ ഇന്ന് ഭാരതം വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. ഭാരതവും ഇന്ത്യക്കാരും ലോകമെമ്പാടും പ്രശംസിക്കപ്പെടുകയാണ്. അത് സംഭവിക്കുന്നു, അല്ലേ? ഭാരതത്തിന്റെ ശബ്ദം ലോകമെമ്പാടും മുഴങ്ങുന്നു, അല്ലേ? ചുറ്റും നിരാശയുടെ അന്തരീക്ഷം നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. രാജ്യം മുഴുവന്‍ നിരാശയില്‍ മുങ്ങിയതുപോലെ തോന്നി. ഭാരതം അതിന്റെ വെല്ലുവിളികളില്‍ നിന്ന് എത്രയും വേഗം കരകയറാന്‍ അക്കാലത്ത്, നാം എല്ലാ ക്ഷേത്രങ്ങളിലും പോയി പ്രാര്‍ത്ഥിച്ചിരുന്നു. ആയിരക്കണക്കിന് കോടികളുടെ അഴിമതികളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഓരോ ഇന്ത്യക്കാരനും ആഗ്രഹിച്ചു. ഭാരതത്തിന് പ്രശസ്തിയും ജനപ്രീതിയും ലഭിക്കട്ടെ എന്ന് എല്ലാവരും ആഗ്രഹിച്ചു.
ഇന്ന്, ഈ ലോകം വിവിധ വെല്ലുവിളികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ അവസ്ഥ നിങ്ങള്‍ക്കു കാണാന്‍ കഴിയും. എന്നാല്‍ വെല്ലുവിളികളാല്‍ ചുറ്റപ്പെട്ട ലോകത്ത് ഭാരതത്തിന്റെ ശബ്ദം ശക്തമാവുകയാണ്. ഏതാനും ആഴ്ചകള്‍ക്കുമുമ്പ്, ജി-20 പോലൊരു മഹത്തായ പരിപാടി ഇവിടെ നടന്നിരുന്നു. അവിടെയും നമ്മള്‍ ഇന്ത്യക്കാരുടെ കരുത്ത് ലോകം തിരിച്ചറിഞ്ഞത് നിങ്ങള്‍ കണ്ടതാണ്. നിങ്ങള്‍ എന്നോട് പറയൂ, ലോകം ഭാരതത്തെ വാഴ്ത്തുന്നത്, ഭാരതത്തിന്റെ ശബ്ദം ലോകത്ത് പ്രതിധ്വനിക്കുന്നത്, നിങ്ങള്‍ക്ക് ഇഷ്ടമാണോ? എനിക്ക് ഉത്തരം തരുമോ? ഞാന്‍ നിങ്ങളോട് ചോദിക്കട്ടെ, നിങ്ങള്‍ എന്നോട് പറയുമോ? ഭാരതത്തിന്റെ പേര് ലോകത്ത് തിളങ്ങിനില്‍ക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാണോ? എന്നോട് ഉറക്കെ പറയൂ, നിങ്ങള്‍ക്കത് ഇഷ്ടമാണോ? ഭാരതം ലോകത്തിന് ദിശ കാട്ടുന്നതു നിങ്ങള്‍ക്ക് ഇഷ്ടമാണോ?
ആരാണ് ഇതെല്ലാം ചെയ്തത്? ആരാണ് ഇതെല്ലാം ചെയ്തത്? മോദി ഇത് ചെയ്തിട്ടില്ല. എല്ലാം നിങ്ങളും എന്റെ കുടുംബാംഗങ്ങളും ചെയ്തതാണ്. ഇതിന്റെ ക്രെഡിറ്റ് പൊതുജനങ്ങളായ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്ന് ഓര്‍ക്കുക! 30 വര്‍ഷത്തിന് ശേഷം, ഡല്‍ഹിയില്‍ സുസ്ഥിരവും ശക്തവുമായ ഒരു ഗവണ്‍മെന്റ് രൂപീകരിച്ച് നിങ്ങളെ സേവിക്കാന്‍ നിങ്ങള്‍ എനിക്ക് അവസരം നല്‍കി. നിങ്ങളുടെ വോട്ടില്‍ ശക്തിയുണ്ട്. ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട ആളുകളുമായി ഞാന്‍ ഹസ്തദാനം ചെയ്യുമ്പോള്‍ ഞാന്‍ അവരുടെ കണ്ണുകളിലേക്കു നോക്കുന്നത് നിങ്ങള്‍ കണ്ടിരിക്കണം. അവര്‍ എന്നെ നോക്കുമ്പോള്‍ കാണുന്നത് എന്നെയല്ല; അവര്‍ 140 കോടി ഇന്ത്യക്കാരെയാണു നോക്കുന്നത്.
എന്റെ കുടുംബാംഗങ്ങളെ,
ദൂരെയുള്ള പര്‍വതങ്ങളിലും രാജ്യത്തിന്റെ എല്ലാ വിദൂര കോണുകളിലും താമസിക്കുന്ന ആളുകളെ കുറിച്ചു ഞങ്ങള്‍ ചിന്തിച്ചു. അതുകൊണ്ട് തന്നെ വെറും 5 വര്‍ഷം കൊണ്ട് രാജ്യത്തെ 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. 13.5 കോടി ജനങ്ങള്‍- ഈ കണക്ക് നിങ്ങള്‍ ഓര്‍ക്കുമോ? ആ രൂപം നിങ്ങള്‍ ഓര്‍ക്കുമോ? അഞ്ച് വര്‍ഷത്തിനുള്ളില്‍ 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറുന്നത് ലോകത്തെ അത്ഭുതപ്പെടുത്തുന്നതാണ്. ആരാണ് ഈ 13.5 കോടി ജനങ്ങള്‍? ഇവരില്‍ പലരും നിങ്ങളെപ്പോലെ മലനിരകളിലും വിദൂര പ്രദേശങ്ങളിലുമാണ് താമസിക്കുന്നത്. ഈ 13.5 കോടി ജനങ്ങള്‍ ഭാരതത്തിന് ദാരിദ്ര്യം തുടച്ചുനീക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ്.
സുഹൃത്തുക്കളെ,
നേരത്തെ 'ഗരീബി ഹഠാവോ' മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. നിങ്ങള്‍ അത് ഉന്മൂലനം ചെയ്യണം എന്നാണ് അര്‍ത്ഥം; ദാരിദ്ര്യം തുടച്ചുനീക്കാന്‍ അവര്‍ നിങ്ങളോട് ആവശ്യപ്പെട്ടു. പക്ഷേ, ഒറ്റക്കെട്ടായി ദാരിദ്ര്യ നിര്‍മാര്‍ജനം തുടരുമെന്നാണ് മോദി പറയുന്നത്. ഞങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഞങ്ങളുടെ എല്ലാ ശ്രമങ്ങളും ആത്മാര്‍ത്ഥതയോടെ നടത്തുകയും ചെയ്യുന്നു. ഇന്ന് നമ്മുടെ ത്രിവര്‍ണ്ണ പതാക എല്ലാ മേഖലകളിലും ഉയരത്തില്‍ പറക്കുന്നു. ലോകത്ത് മറ്റൊരു രാജ്യത്തിനും എത്താന്‍ കഴിയാത്തിടത്ത് നമ്മുടെ ചന്ദ്രയാന്‍ എത്തിയിരിക്കുന്നു. ചന്ദ്രയാന്‍ സ്പര്‍ശിച്ച ആ സ്ഥലത്തിന് ഭരത് ശിവ-ശക്തി എന്ന് പേരിട്ടു. എന്റെ ഉത്തരാഖണ്ഡിലെ ജനങ്ങളേ, ശിവ-ശക്തി എന്ന ആശയത്തില്‍ നിങ്ങള്‍ സന്തുഷ്ടരാണോ അല്ലയോ? അതായത് എന്റെ ഉത്തരാഖണ്ഡിന്റെ സ്വത്വം അവിടെയും എത്തിയിരിക്കുന്നു. ഈ ശിവ-ശക്തി ഏകീകരണം എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് ഉത്തരാഖണ്ഡില്‍ പഠിപ്പിക്കേണ്ട ആവശ്യമില്ല. ഓരോ ഘട്ടത്തിലും അത് ഇവിടെ വ്യക്തമായി കാണാം.
സുഹൃത്തുക്കളെ,
ബഹിരാകാശത്ത് മാത്രമല്ല കായികരംഗത്തും ഭാരതത്തിന്റെ കരുത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നു. അടുത്തിടെയാണ് ഏഷ്യന്‍ ഗെയിംസ് അവസാനിച്ചത്. ഗെയിംസില്‍ ഭാരതം എല്ലാ ചരിത്ര റെക്കോര്‍ഡുകളും തകര്‍ത്തു. ആദ്യമായി ഇന്ത്യന്‍ താരങ്ങള്‍ സെഞ്ച്വറി നേടുകയും നൂറിലധികം മെഡലുകള്‍ നേടുകയും ചെയ്തു. ദയവായി അല്‍പ്പം ഉറക്കെ അഭിനന്ദിക്കുക. ഉത്തരാഖണ്ഡിന്റെ എട്ടു മക്കള്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തു. ഒപ്പം, നമ്മുടെ ലക്ഷ്യ സെന്നിന്റെ ടീം ഒരു മെഡല്‍ നേടി. വന്ദന കടാരിയയുടെ ഹോക്കി ടീമും രാജ്യത്തിന് ഒരു മെഡല്‍ കൊണ്ടുവന്നു. ഉത്തരാഖണ്ഡിലെ ഈ കുട്ടികള്‍ അത്ഭുതങ്ങള്‍ ചെയ്തു! ഒരു കാര്യം ചെയ്യുമോ? നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പുറത്തെടുത്ത് അവയുടെ ഫ്‌ളാഷ്ലൈറ്റുകള്‍ ഓണാക്കുക. നിങ്ങളുടെ ഫ്‌ളാഷ്‌ലൈറ്റുകള്‍ ഉപയോഗിച്ച് ഈ കളിക്കാരെയെല്ലാം അഭിനന്ദിക്കുക. എല്ലാവരും, നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ എടുത്ത് ഫ്‌ളാഷ്ലൈറ്റുകള്‍ ഓണാക്കുക; നന്നായി ചെയ്തു. ഇത് ഉത്തരാഖണ്ഡിലെ കുട്ടികള്‍ക്ക്, നമ്മുടെ കളിക്കാര്‍ക്ക് നമ്മുടെ അഭിനന്ദനങ്ങളാണ്. ദേവഭൂമിയിലെ എന്റെ യുവ പുത്രന്‍മാരെയും ഈ കളിക്കാരെയും ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. നിങ്ങളും ഇന്ന് തൊപ്പിയില്‍ ഒരു തൂവല്‍ ചേര്‍ത്തു.
സുഹൃത്തുക്കളെ,
ഇരിക്കുക; ഞാന്‍ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. ഭാരതത്തിന്റെ കളിക്കാര്‍ക്ക് രാജ്യത്തിനകത്തും ലോകമെമ്പാടുമുള്ള വിജയത്തിന്റെ വലിയ ഉയരങ്ങള്‍ തൊടാന്‍ ഗവണ്‍മെന്റ് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. ഭക്ഷണം മുതല്‍ കളിക്കാരുടെ ആധുനിക പരിശീലനം വരെ കോടിക്കണക്കിന് രൂപയാണ് ഗവണ്‍മെന്റ് ചെലവഴിക്കുന്നത്. ഇത് ശരിയാണ്, പക്ഷേ നേര്‍വിപരീതവും ശരിയാണ്. കളിക്കാര്‍ക്കായി ഗവണ്‍മെന്റ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നു, പക്ഷേ ലക്ഷ്യയുടെ കുടുംബവും ലക്ഷ്യയും വിജയിക്കുമ്പോഴെല്ലാം എനിക്ക് പ്രത്യേക മധുരപലഹാരങ്ങള്‍ കൊണ്ടുവരും. താരങ്ങള്‍ അധികദൂരം സഞ്ചരിക്കേണ്ടതില്ലെന്ന് ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് വിവിധ സ്ഥലങ്ങളില്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടുകളും നിര്‍മിക്കുന്നുണ്ട്. ഇന്ന് തന്നെ ഹല്‍ദ്വാനിയിലെ ഹോക്കി ഗ്രൗണ്ടിനും രുദ്രാപൂരിലെ വെലോഡ്‌റോം സ്റ്റേഡിയത്തിനും തറക്കല്ലിട്ടു. എന്റെ യുവാക്കളേ, ഒരു വലിയ കയ്യടി നല്‍കുക. നിങ്ങള്‍ക്കായാണ് ആ പ്രവൃത്തി. എന്റെ ഉത്തരാഖണ്ഡിലെ യുവാക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ദേശീയ ഗെയിംസിനായി ആവേശത്തോടെ തയ്യാറെടുക്കുന്ന ധാമി ജിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍!
എന്റെ കുടുംബാംഗങ്ങളെ,
ഉത്തരാഖണ്ഡിലെ എല്ലാ ഗ്രാമങ്ങളിലും രാജ്യത്തിന്റെ സംരക്ഷകരുണ്ട്. ഇവിടുത്തെ ധീരരായ അമ്മമാര്‍ എന്റെ രാജ്യത്തെ സംരക്ഷിക്കുന്ന ധീരരായ മക്കളെ പ്രസവിച്ചു. 'ഒരു റാങ്ക് ഒരു പെന്‍ഷന്‍' എന്ന അവരുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആവശ്യം നമ്മുടെ ഗവണ്‍മെന്റ് നിറവേറ്റി. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്ന പേരില്‍ വിമുക്തഭടന്മാര്‍ക്ക് ഇതുവരെ 70,000 കോടി രൂപയിലധികം നമ്മുടെ ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ 75,000-ത്തിലധികം വിമുക്തഭടന്മാരുടെ കുടുംബങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലെ വികസനവും നമ്മുടെ ഗവണ്‍മെന്റിന്റെ പ്രധാന മുന്‍ഗണനകളിലൊന്നാണ്. അതിര്‍ത്തി പ്രദേശങ്ങളിലെ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള നിര്‍മാണം ഇന്ന് വളരെ വേഗത്തിലാണ് നടക്കുന്നത്. നിങ്ങളുടെ തെറ്റ് എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിരിക്കണം; എന്തുകൊണ്ട് മുന്‍ ഗവണ്‍മെന്റുകള്‍ ഇത് ചെയ്തില്ല? അത് നിങ്ങളുടെ തെറ്റായിരുന്നില്ല. ശത്രുക്കള്‍ ഇത് മുതലെടുത്ത് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുമെന്ന ഭയം മൂലമാണ് മുന്‍കാല ഗവണ്‍മെന്റുകള്‍ അതിര്‍ത്തി പ്രദേശങ്ങള്‍ വികസിപ്പിക്കാതിരുന്നത്. ഇതായിരുന്നു ഇവര്‍ ഉന്നയിച്ച വാദം. മുന്‍ ഗവണ്മെന്റുകളുടെ പേടിപ്പെടുത്തുന്ന ഈ ചിന്തകള്‍ ഉപേക്ഷിച്ച് ഇന്നത്തെ പുതിയ ഭാരതം മുന്നേറുകയാണ്. ഞങ്ങള്‍ ആളുകളെ ഭയപ്പെടുകയോ ഭയപ്പെടുത്തുകയോ ഇല്ല.
ഭാരതത്തിന്റെ മുഴുവന്‍ അതിര്‍ത്തിയിലും ഞങ്ങള്‍ ആധുനിക റോഡുകളും തുരങ്കങ്ങളും പാലങ്ങളും നിര്‍മ്മിക്കുന്നു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രം 4200 കിലോമീറ്ററിലധികം റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ 250 പ്രധാന പാലങ്ങളും 22 തുരങ്കങ്ങളും ഞങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇന്നും നിരവധി പുതിയ പാലങ്ങള്‍ക്ക് ഈ പരിപാടിയില്‍ തറക്കല്ലിട്ടു. ഇപ്പോള്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്കും ട്രെയിനുകള്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. മാറിയ ഈ ചിന്താഗതിയുടെ ഗുണം ഉത്തരാഖണ്ഡിനും ലഭിക്കാന്‍ പോകുന്നു.
എന്റെ കുടുംബാംഗങ്ങളെ,
നേരത്തെ അതിര്‍ത്തി പ്രദേശങ്ങളും അതിര്‍ത്തി ഗ്രാമങ്ങളും രാജ്യത്തിന്റെ അവസാന ഗ്രാമങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. വികസനത്തിന്റെ കാര്യത്തിലും ഏറ്റവും ഒടുവിലത്തേതെന്നു കരുതുന്ന ഒന്നിന് മുന്‍ഗണന നല്‍കാറുണ്ട്. ഇതും പഴയ ചിന്തയായിരുന്നു. ഞങ്ങള്‍ അതിര്‍ത്തി ഗ്രാമങ്ങളെ വികസിപ്പിക്കാന്‍ തുടങ്ങിയത് അവസാനത്തെ ഗ്രാമങ്ങളല്ല, രാജ്യത്തിന്റെ ആദ്യ ഗ്രാമങ്ങളായിട്ടാണ്. വൈബ്രന്റ് വില്ലേജ് പദ്ധതിക്കു കീഴില്‍ സമാനമായ അതിര്‍ത്തി ഗ്രാമങ്ങള്‍ വികസിപ്പിക്കുന്നു. ഇവിടെ നിന്ന് കുടിയേറിയ ആളുകള്‍ തിരിച്ചെത്തണമെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം. ഈ ഗ്രാമങ്ങളില്‍ വിനോദസഞ്ചാരം വികസിക്കണമെന്നും തീര്‍ത്ഥാടനം വിപുലീകരിക്കപ്പെടണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ,
മലയോരങ്ങളിലെ ജലവും യുവത്വവും പൊതുവെ മലയോരമേഖലയ്ക്ക് പ്രയോജനപ്പെടാതെ കിടക്കുന്നു എന്നൊരു പഴഞ്ചൊല്ലുണ്ട്. ഈ ആശയവും മാറ്റാമെന്ന് ഞാന്‍ തീരുമാനിച്ചു. മുന്‍കാലങ്ങളിലെ തെറ്റായ നയങ്ങള്‍ കാരണം ഉത്തരാഖണ്ഡിലെ പല ഗ്രാമങ്ങളും വിജനമായതും നിങ്ങള്‍ കണ്ടിട്ടുണ്ട്. റോഡുകള്‍, വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം, വൈദ്യം, വരുമാനം, എല്ലാറ്റിന്റെയും അഭാവം ഉണ്ടായിരുന്നു, ഈ സൗകര്യങ്ങളുടെ അഭാവം കാരണം ആളുകള്‍ക്ക് വീട് വിട്ട് പോകേണ്ടിവന്നു. ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറുകയാണ്. ഉത്തരാഖണ്ഡില്‍ പുതിയ അവസരങ്ങളും പുതിയ സൗകര്യങ്ങളും വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍, നിരവധി സുഹൃത്തുക്കള്‍ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന്റെ ഫലമായാണ് ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ ആളുകളെ സഹായിക്കുന്ന ഈ പ്രവര്‍ത്തനം അതിവേഗം നടക്കുന്നത്. അതുകൊണ്ടാണ് ഈ റോഡുകള്‍, വൈദ്യുത പദ്ധതികള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, മൊബൈല്‍ ഫോണ്‍ ടവറുകള്‍ എന്നിവയില്‍ ഇത്രയും വലിയ നിക്ഷേപം നടക്കുന്നത്. ഇന്ന് ഇവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്.
ആപ്പിള്‍ തോട്ടങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വളര്‍ത്തുന്നതിന് ഇവിടെ ധാരാളം സാധ്യതകളുണ്ട്. ഇപ്പോള്‍ ഇവിടെ റോഡുകള്‍ പണിയുകയും വെള്ളം നല്‍കുകയും ചെയ്യുമ്പോള്‍ എന്റെ കര്‍ഷക സഹോദരങ്ങള്‍ക്കും പ്രോത്സാഹനം ലഭിക്കുന്നു. പോളിഹൗസ് നിര്‍മിക്കാനും ആപ്പിള്‍ തോട്ടം വികസിപ്പിക്കാനുമുള്ള പദ്ധതികള്‍ക്കും ഇന്ന് തുടക്കമായി. ഈ പദ്ധതികളില്‍ 1100 കോടി രൂപ നിക്ഷേപിക്കും. ഉത്തരാഖണ്ഡിലെ നമ്മുടെ ചെറുകിട കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താനാണ് ഇത്രയും പണം അനുവദിക്കുന്നത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ കീഴിലും ഉത്തരാഖണ്ഡിലെ കര്‍ഷകര്‍ക്ക് ഇതുവരെ ലഭിച്ചത് 2200 കോടിയിലധികം രൂപയാണ്.
സുഹൃത്തുക്കശളെ,
നാടന്‍ ധാന്യങ്ങള്‍ അല്ലെങ്കില്‍ 'ശ്രീ അന്ന' പോലും നിരവധി തലമുറകളായി ഇവിടെ വളരുന്നു. ഞാന്‍ ഇവിടെ താമസിക്കുമ്പോള്‍ ഒരുപാട് സമയം നിങ്ങളുടെ ഇടയില്‍ ചിലവഴിച്ചിട്ടുണ്ട്. അക്കാലത്ത് നാടന്‍ ധാന്യങ്ങള്‍ എല്ലാ വീട്ടിലും ധാരാളമായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഈ നാടന്‍ ധാന്യം ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു. ഇതിനായി രാജ്യത്തുടനീളം പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ നമ്മുടെ ചെറുകിട കര്‍ഷകര്‍ക്കും ഈ നടപടികളില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും.
എന്റെ കുടുംബാംഗങ്ങളെ,
അമ്മമാരുടെയും സഹോദരിമാരുടെയും എല്ലാ വെല്ലുവിളികളും എല്ലാ അസൗകര്യങ്ങളും ഇല്ലാതാക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ് നമ്മുടെ ഗവണ്‍മെന്റ് പാവപ്പെട്ട സഹോദരിമാര്‍ക്ക് നല്ല വീടുകള്‍ നല്‍കിയത്. സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും കക്കൂസുകള്‍ നിര്‍മിച്ചു നല്‍കി, ഗ്യാസ് കണക്ഷനും ബാങ്ക് അക്കൗണ്ടും സൗജന്യ ചികിത്സയും നല്‍കി. പാവപ്പെട്ടവരുടെ പാചകം മുടങ്ങാതിരിക്കാന്‍ ഇന്നും സൗജന്യ റേഷന്‍ പദ്ധതി തുടരുകയാണ്.
ഹര്‍ഘര്‍ ജല്‍ യോജനയ്ക്ക് കീഴില്‍ ഉത്തരാഖണ്ഡിലെ 11 ലക്ഷം കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് പൈപ്പ് ജല സൗകര്യം ലഭിക്കുന്നു. ഇപ്പോഴിതാ സഹോദരിമാര്‍ക്കായി മറ്റൊരു കാര്യംകൂടി ചെയ്യുകയാണ്. ഈ വര്‍ഷം, ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന്, വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ നല്‍കുമെന്ന് ഞാന്‍ പ്രഖ്യാപിച്ചു. കീടനാശിനികള്‍, വളങ്ങള്‍, വിത്തുകള്‍, അങ്ങനെ പലതും ഡ്രോണുകളുടെ സഹായത്തോടെ വയലുകളില്‍ ഉപയോഗിക്കാം. സമീപത്തെ പച്ചക്കറി അങ്ങാടിയില്‍ പഴങ്ങളും പച്ചക്കറികളും എത്തിക്കാന്‍ കഴിയുന്ന ഇത്തരം ഡ്രോണുകളും ഇപ്പോള്‍ നിര്‍മ്മിക്കുന്നുണ്ട്. പര്‍വതപ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് മരുന്നുകള്‍ വേഗത്തില്‍ എത്തിക്കാനാകും. അതായത്, വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് നല്‍കുന്ന ഈ ഡ്രോണുകള്‍ ഉത്തരാഖണ്ഡിനെ ആധുനികതയുടെ പുതിയ ഉയരങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്.
എന്റെ കുടുംബാംഗങ്ങളെ,
ഉത്തരാഖണ്ഡില്‍ എല്ലാ ഗ്രാമങ്ങളിലും ഗംഗയും ഗംഗോത്രിയും ഉണ്ട്. ഇവിടെ മഞ്ഞുമൂടിയ കൊടുമുടികളിലാണ് ശിവനും നന്ദയും വസിക്കുന്നത്. ഉത്തരാഖണ്ഡിലെ മേളകള്‍, കൗത്തിഗ്, തൗള്‍, പാട്ടുകള്‍, സംഗീതം, ഭക്ഷണം എന്നിവയ്ക്ക് അതിന്റേതായ തനതായ വ്യക്തിത്വമുണ്ട്. പാണ്ഡവ നൃത്തം, ചോളിയ നൃത്തം, മംഗള്‍ ഗീത്, ഫൂല്‍ ദേയ് ഉത്സവം, ഹരേല, ബാഗ്വാള്‍, റമ്മാന്‍ തുടങ്ങിയ സാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമാണ് ഈ നാട്. നാടോടി ജീവിതത്തിന്റെ രുചി ആര്‍ക്കാണ് മറക്കാന്‍ കഴിയുക: റോട്ട്, ആര്‍സെ, ഝംഗോര്‍ കി ഖീര്‍, കഫുലി, പക്കോറ, റൈത, അല്‍മോറയുടെ ബാല്‍ മിഠായി, സിങ്‌ഗോരി. കാളിഗംഗയുടെ ഈ നാടുമായി എനിക്ക് ശക്തമായ ബന്ധമുണ്ട്. ഇവിടെ ചമ്പാവത്ത് സ്ഥിതി ചെയ്യുന്ന അദ്വൈതാശ്രമവുമായും എനിക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. അത് എന്റെ ജീവിതത്തിലെ ഒരു അധ്യായമായിരുന്നു.
എന്റെ ഒട്ടനവധി ഓര്‍മ്മകള്‍ ഇവിടെ മണ്ണിന്റെ ഓരോ ഇഞ്ചിലും പതിഞ്ഞിട്ടുണ്ട്. ഇത്തവണ ഈ ദൈവിക മേഖലയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഞാന്‍ ശരിക്കും ആഗ്രഹിച്ചു. എന്നാല്‍ നാളെ ഡല്‍ഹിയില്‍ ജി-20യുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന സമ്മേളനം കൂടിയുണ്ട്. ലോകമെമ്പാടുമുള്ള ജി 20 രാജ്യങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റുകളുടെ സ്പീക്കര്‍മാര്‍ ഒരു പ്രധാന ഉച്ചകോടി നടത്താന്‍ പോകുന്നു. അതുമൂലം ചമ്പാവത്തിലെ അദ്വൈതാശ്രമത്തില്‍ പോകാന്‍ എനിക്ക് കഴിയില്ല. എത്രയും പെട്ടെന്ന് ഈ ആശ്രമം സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിക്കട്ടെ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ,
ഉത്തരാഖണ്ഡിലെ വിനോദസഞ്ചാരത്തിന്റെയും തീര്‍ഥാടനത്തിന്റെയും വികസനവുമായി ബന്ധപ്പെട്ട ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ഇപ്പോള്‍ ഫലം കാണുന്നു. ഈ വര്‍ഷം, ഉത്തരാഖണ്ഡില്‍ ചാര്‍ധാം യാത്രയ്ക്ക് വരുന്ന ഭക്തരുടെ എണ്ണം 50 ലക്ഷമായി ഉയര്‍ന്നു. എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു. ബാബ കേദാറിന്റെ അനുഗ്രഹത്താല്‍ കേദാര്‍നാഥ് ധാമിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആദ്യഘട്ടം പൂര്‍ത്തിയായി. നൂറുകണക്കിന് കോടി രൂപ ചെലവില്‍ ശ്രീ ബദരീനാഥ് ധാമിലും നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നുണ്ട്. കേദാര്‍നാഥ് ധാമിലെയും ശ്രീ ഹേമകുണ്ഡ് സാഹിബിലെയും റോപ്പ്വേയുടെ ജോലികള്‍ പൂര്‍ത്തിയാകുമ്പോള്‍, ദിവ്യാംഗര്‍ക്കും പ്രായമായ തീര്‍ത്ഥാടകര്‍ക്കും ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പോകുന്നു. കേദാര്‍ഖണ്ഡിന് പുറമെ മനസ്ഖണ്ഡിനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ നമ്മുടെ ഗവണ്‍മെന്റും ശ്രമിക്കുന്നു, അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെയെത്തിയത്. കേദാര്‍ഖണ്ഡിന്റെയും മനസ്ഖണ്ഡിന്റെയും ബന്ധത്തിന് നാം വലിയ ഊന്നല്‍ നല്‍കുന്നു. കേദാര്‍നാഥ്, ബദരീനാഥ് ധാമുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ജഗേശ്വര്‍ ധാം, ആദി കൈലാഷ്, ഓം പര്‍വ്വതം എന്നിവയും എളുപ്പത്തില്‍ സന്ദര്‍ശിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. മാനസ്ഖണ്ഡ് മന്ദിര്‍ മാല മിഷന്‍ കാരണം, കുമയൂണിലെ പല ക്ഷേത്രങ്ങളിലും എത്തിച്ചേരുന്നത് വളരെ എളുപ്പമായിരിക്കും.
എന്റെ അനുഭവം അനുസരിച്ച്, ബദരീനാഥിലേക്കും കേദാര്‍നാഥിലേക്കും വരുന്നവര്‍ തീര്‍ച്ചയായും ഭാവിയില്‍ ഈ പ്രദേശം സന്ദര്‍ശിക്കും. ഈ മേഖലയെക്കുറിച്ച് അവര്‍ക്ക് അറിവില്ല. ഇന്ന്, മോദി ഇവിടം സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ ടിവിയില്‍ കാണുമ്പോള്‍ ആളുകള്‍ വിചാരിക്കും, 'ആ സ്ഥലത്തിന് എന്തോ പ്രത്യേകതയുണ്ട്' എന്ന്. മനസ്ഖണ്ഡില്‍ തിരക്കേറാനും സന്ദര്‍ശകരുടെ എണ്ണം പലമടങ്ങ് വര്‍ദ്ധിക്കാനും പോകുന്നു. നിങ്ങള്‍ അതിനു തയ്യാറെടുക്കണം.
സുഹൃത്തുക്കളെ,
ഉത്തരാഖണ്ഡിന്റെ വര്‍ദ്ധിച്ചുവരുന്ന കണക്റ്റിവിറ്റി ഇവിടുത്തെ വികസനത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയാണ്. ചാര്‍ ധാം മഹാ പരിയോജനയില്‍ നിന്നും എല്ലാ കാലാവസ്ഥയ്ക്കും ഇണങ്ങുന്ന റോഡില്‍ നിന്നും നിങ്ങള്‍ക്ക് വളരെയധികം പ്രയോജനം ലഭിച്ചു. ഋഷികേശ്-കര്‍ണപ്രയാഗ് റെയില്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മേഖല മുഴുവന്‍ നവീകരിക്കും. ഉഡാന്‍ സ്‌കീമിന് കീഴില്‍ ഈ മേഖലയിലാകെ, താങ്ങാനാവുന്ന ചെലവുള്ള വിമാന സര്‍വീസുകള്‍ വിപുലീകരിക്കും. ഇന്ന് തന്നെ, ബാഗേശ്വര്‍ മുതല്‍ കനാലിചിന്ന വരെയും ഗംഗോലിഹാട്ടില്‍ നിന്ന് അല്‍മോറ വരെയും തനക്പൂര്‍ ഘട്ടില്‍ നിന്ന് പിത്തോരാഗഢ് വരെയും റോഡുകളുടെ പണി ആരംഭിച്ചു. ഇത് സാധാരണക്കാര്‍ക്ക് സൗകര്യം മാത്രമല്ല, ടൂറിസം വഴിയുള്ള വരുമാന സാധ്യതകളും വര്‍ദ്ധിപ്പിക്കും. ഇവിടെ ഗവണ്‍മെന്റ് ഹോംസ്റ്റേകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പരമാവധി തൊഴിലവസരങ്ങള്‍ ഉള്ളതും കുറഞ്ഞ മൂലധനം മാത്രം ആവശ്യമുള്ളതുമായ മേഖലയാണ് ടൂറിസം. ലോകമെമ്പാടും ഇന്ന് ഭാരതത്തിലേക്ക് വരാനും ഭാരതത്തില്‍ ചുറ്റിക്കറങ്ങാനും ഭാരതത്തെ അറിയാനും ആഗ്രഹിക്കുന്നതിനാല്‍ വരും കാലങ്ങളില്‍ ടൂറിസം മേഖല വളരെയധികം വിപുലീകരിക്കപ്പെടാന്‍ പോകുന്നു. ഭാരതം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉത്തരാഖണ്ഡില്‍ വരാതെ അവരുടെ യാത്ര പൂര്‍ത്തിയാകില്ല.
എന്റെ കുടുംബാംഗങ്ങളെ,
മുന്‍കാലങ്ങളില്‍ ഉത്തരാഖണ്ഡ് പ്രകൃതിദുരന്തങ്ങളാല്‍ വലയുന്നത് എനിക്ക് നന്നായി അറിയാം. നമ്മുടെ പ്രിയപ്പെട്ട പലരെയും നമുക്ക് നഷ്ടപ്പെട്ടു. പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ് നാം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കണം, ഞങ്ങള്‍ അത് തുടരും. ഇതിനായി 4-5 വര്‍ഷത്തിനുള്ളില്‍ 4000 കോടി രൂപ ഉത്തരാഖണ്ഡില്‍ ചെലവഴിക്കും. ദുരന്തമുണ്ടായാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാന്‍ കഴിയുന്ന തരത്തില്‍ ഉത്തരാഖണ്ഡില്‍ ഇത്തരം സൗകര്യങ്ങള്‍ വികസിപ്പിക്കും.
എന്റെ കുടുംബാംഗങ്ങളെ,
ഇതാണ് ഭാരതത്തിന്റെ 'അമൃതകാലം'. ഈ 'അമൃതകാലം' രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളെയും എല്ലാ വിഭാഗങ്ങളെയും സൗകര്യങ്ങളോടും ആദരവോടും സമൃദ്ധിയോടുംകൂടി ബന്ധിപ്പിക്കുന്നതിനുള്ള കാലഘട്ടമാണ്. ബാബ കേദാറിന്റെയും ബദ്രി വിശാലിന്റെയും അനുഗ്രഹത്താല്‍, ആദി കൈലാഷിന്റെ അനുഗ്രഹത്താല്‍, ഞങ്ങളുടെ തീരുമാനങ്ങള്‍ വേഗത്തില്‍ നിറവേറ്റാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. എനിക്ക് ഇത്രയധികം സ്‌നേഹം നല്‍കിയതിന് ഒരിക്കല്‍ കൂടി നന്ദി! ശരിക്കും, എനിക്ക് എന്താണു തോന്നുന്നത് എന്ന് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. ഹെലികോപ്ടറില്‍ നിന്ന് ഇറങ്ങി ഇവിടെ വരാന്‍ 7 കിലോമീറ്റര്‍ യാത്ര ചെയ്തു, ആ 7 കിലോമീറ്റര്‍ യാത്രയില്‍ ഇരുവശത്തും മനുഷ്യമതില്‍ ഇല്ലാതിരുന്നതിനാല്‍ ഞാന്‍ വൈകി. തറവാട്ടില്‍ ഒരു ഉത്സവം പോലെയുള്ള തിരക്കായിരുന്നു. എല്ലാവരും ഉത്സവ വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നു, അവിടെ ഒരു ഉത്സവ അന്തരീക്ഷം പോലെ തോന്നി. അമ്മമാര്‍ ആറാട്ടും കൈകളില്‍ പൂക്കളുമായി അനുഗ്രഹം ചൊരിയാന്‍ തയ്യാറായി. ഇത് എനിക്ക് വളരെ വൈകാരികമായ നിമിഷങ്ങളായിരുന്നു. ഇന്ന്, എന്റെ മനസ്ഖണ്ഡ് എന്നോട് അത്രയും സ്‌നേഹവും ഉത്സാഹവും കാണിച്ചിരിക്കുന്നു. അതിനാല്‍, പിത്തോരഗഢിനെയും പിത്തോരഗഢ് ജില്ലയിലെ എല്ലാ ജനങ്ങളെയും ഈ മുഴുവന്‍ പ്രദേശത്തെയും ഞാന്‍ അഭിവാദ്യം ചെയ്യുകയും ഹൃദയംഗമമായ നന്ദി അറിയിക്കുകയും ചെയ്യുന്നു.
ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍! എന്നോടുകൂടെ ഉറക്കെ പറയുക; നിങ്ങളുടെ രണ്ട് കൈകളും ഉയര്‍ത്തി നിങ്ങളുടെ എല്ലാ ശക്തിയോടെയും പറയുക -
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വളരെ നന്ദി!