നമസ്കാരം സുഹൃത്തുക്കളെ,
ഇത് ശീതകാല സെഷനാണ്, അന്തരീക്ഷവും തണുത്തതായിരിക്കും. 2024-ൻ്റെ അവസാന ഘട്ടത്തിലാണ് നാം, രാജ്യം 2025-നെ വലിയ ഊർജ്ജത്തോടും ആവേശത്തോടും കൂടി വരവേൽക്കാൻ ആകാംഷാപൂർവ്വം തയ്യാറെടുക്കുകയാണ്.
സുഹൃത്തുക്കളേ,
പാർലമെൻ്റിൻ്റെ ഈ സമ്മേളനം പല തരത്തിൽ സവിശേഷമാണ്, ഏറ്റവും പ്രധാനപ്പെട്ട വശം നമ്മുടെ ഭരണഘടന 75-ാം വർഷത്തിലേക്ക് കടക്കുമ്പോൾ അതിന്റെ 75 വർഷത്തെ യാത്രയാണ്. ജനാധിപത്യത്തിൻ്റെ സുപ്രധാന സന്ദർഭമാണിത്. നാളെ, നമ്മുടെ ഭരണഘടനയുടെ 75-ാം വാർഷികാഘോഷം നമ്മൾ സംയുക്തമായി ഭരണഘടനാ ഹാളിൽ ആരംഭിക്കും. ഭരണഘടനയുടെ കരട് തയ്യാറാക്കുമ്പോൾ ഭരണഘടനാ ശിൽപികൾ ഓരോ പോയിന്റും വളരെ വിശദമായി ചർച്ച ചെയ്തു, ഇതിലൂടെ മികച്ച ഭരണഘടനാ സൃഷ്ടി സാധ്യമായി. ഇതിൻ്റെ പ്രധാന സ്തംഭം നമ്മുടെ പാർലമെൻ്റും അതിലെ അംഗങ്ങളുമാണ്. കഴിയുന്നത്ര ആളുകളുടെ സംഭാവന ഉണ്ടാകുന്ന തരത്തിൽ, ആരോഗ്യകരമായ ചർച്ചകളിൽ ഏർപ്പെടേണ്ടത് പാർലമെൻ്റിന് അത്യന്താപേക്ഷിതമാണ്. ദൗർഭാഗ്യവശാൽ, ജനങ്ങളാൽ തിരസ്കരിക്കപ്പെട്ട ചില വ്യക്തികൾ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി വിഘടിപ്പിക്കുന്ന തന്ത്രങ്ങളിലൂടെ പാർലമെൻ്റിനെ നിയന്ത്രിക്കാൻ തുടർച്ചയായി ശ്രമിക്കുന്നു. പാർലമെൻ്ററി നടപടികൾ നിർത്തിവയ്ക്കുക എന്ന അവരുടെ പ്രാഥമിക ലക്ഷ്യം അപൂർവ്വമായി മാത്രമേ വിജയിക്കുകയുള്ളൂ, ജനങ്ങൾ അവരുടെ പ്രവൃത്തികൾ ശ്രദ്ധിക്കുന്നു, പലപ്പോഴും സമയമാകുമ്പോൾ അവരെ ശിക്ഷിക്കുന്നു.
എന്നിരുന്നാലും, ഏറ്റവും വിഷമകരമായ വശം, അത്തരം പെരുമാറ്റം എല്ലാ പാർട്ടികളിൽ നിന്നും പുതിയ ആശയങ്ങളും ഊർജവും കൊണ്ടുവരുന്ന പുതിയ എംപിമാരുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നു എന്നതാണ്. ഈ പുതിയ അംഗങ്ങൾക്ക് പലപ്പോഴും സഭയിൽ സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. ഒരു ജനാധിപത്യ പാരമ്പര്യത്തിൽ, ഓരോ തലമുറയ്ക്കും വരും തലമുറകളെ ഒരുക്കാനുള്ള ഉത്തരവാദിത്തമുണ്ട്. എന്നാൽ ജനങ്ങളാൽ ആവർത്തിച്ച് നിരസിക്കപ്പെട്ടവർ - 80, 90 തവണ - പാർലമെൻ്റിൽ ചർച്ചകൾ നടക്കാൻ അനുവദിക്കുകയോ ജനാധിപത്യ തത്വങ്ങളെയോ ജനങ്ങളുടെ അഭിലാഷങ്ങളെയോ മാനിക്കുകയോ ചെയ്യുന്നില്ല. ജനങ്ങളോടുള്ള ഉത്തരവാദിത്തം അവർ തിരിച്ചറിയുന്നില്ല. തൽഫലമായി, പൊതു പ്രതീക്ഷകൾ നിറവേറ്റുന്നതിൽ അവർ തുടർച്ചയായി പരാജയപ്പെടുന്നു, ഇത് വോട്ടർമാരുടെ ആവർത്തിച്ചുള്ള തിരസ്കരണത്തിലേക്ക് നയിക്കുന്നു.
സുഹൃത്തുക്കളേ,
ഈ സഭ ജനാധിപത്യത്തിൻ്റെ സാക്ഷ്യപത്രമാണ്. 2024-ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിന് ശേഷം, രാജ്യത്തെ ജനങ്ങൾക്ക് അവരുടെ ചിന്തകളും കാഴ്ചപ്പാടുകളും പ്രതീക്ഷകളും പ്രകടിപ്പിക്കാൻ അതത് സംസ്ഥാനങ്ങളിൽ അവസരങ്ങളുണ്ട്. സംസ്ഥാനങ്ങളിലെ ഈ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും പിന്തുണയുടെ അടിത്തറ വിശാലമാക്കുകയും ജനാധിപത്യ പ്രക്രിയകളിൽ വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തു. ജനാധിപത്യത്തിൽ, ജനങ്ങളുടെ വികാരങ്ങളെ മാനിക്കുകയും അവരുടെ വിശ്വാസങ്ങളും പ്രതീക്ഷകളും നിറവേറ്റുന്നതിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഞാൻ പ്രതിപക്ഷത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്, ചില പ്രതിപക്ഷ അംഗങ്ങൾ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിക്കുന്നത്. സഭയുടെ സുഗമമായ പ്രവർത്തനവും അവർ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, ജനങ്ങളാൽ നിരസിക്കപ്പെട്ടവർ അവരുടെ സഹപ്രവർത്തകരുടെ ശബ്ദം പോലും അടിച്ചമർത്തുന്നു, അവരുടെ വികാരങ്ങളെ അനാദരിക്കുന്നു, ജനാധിപത്യത്തിൻ്റെ ആത്മാവിനെ തുരങ്കം വയ്ക്കുന്നു.
എല്ലാ പാർട്ടികളിൽ നിന്നുമുള്ള ഞങ്ങളുടെ പുതിയ അംഗങ്ങൾക്ക് അവസരങ്ങൾ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഭാരതത്തെ മുന്നോട്ട് കൊണ്ടുപോകാൻ അവർ പുത്തൻ ആശയങ്ങളും നൂതന ദർശനങ്ങളും കൊണ്ടുവരുന്നു. ഇന്ന് ലോകം ഭാരതത്തെ വലിയ പ്രതീക്ഷയോടെയാണ് നോക്കുന്നത്. പാർലമെൻ്റ് അംഗങ്ങൾ എന്ന നിലയിൽ ഭാരതത്തിൻ്റെ ആഗോള ആദരവും ആകർഷണവും കൂടുതൽ വർധിപ്പിക്കാൻ നാം നമ്മുടെ സമയം ഉപയോഗിക്കണം. ഭാരതത്തിന് ഇന്നുള്ളതുപോലുള്ള അവസരങ്ങൾ ലോകവേദിയിൽ വിരളമാണ്. ഭാരതത്തിൻ്റെ പാർലമെൻ്റിൽ നിന്നുള്ള സന്ദേശം ജനാധിപത്യത്തോടുള്ള വോട്ടർമാരുടെ സമർപ്പണവും ഭരണഘടനയോടുള്ള അവരുടെ പ്രതിബദ്ധതയും പാർലമെൻ്ററി പ്രവർത്തനങ്ങളിലുള്ള വിശ്വാസവും പ്രതിഫലിപ്പിക്കുന്നതായിരിക്കണം. അവരുടെ പ്രതിനിധികൾ എന്ന നിലയിൽ നാം ഈ വികാരങ്ങൾക്ക് അനുസൃതമായി ജീവിക്കണം. നമുക്ക് ഇതുവരെ നഷ്ടപ്പെട്ട സമയത്തെക്കുറിച്ച് ചിന്തിക്കാനും സഭയിൽ വിവിധ വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്ത് നഷ്ടപരിഹാരം നൽകാനും തീരുമാനിക്കേണ്ട സമയമാണിത്. വരും തലമുറകൾ ഈ ചർച്ചകൾ വായിക്കുകയും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുകയും ചെയ്യും. ഈ സെഷൻ അത്യധികം ഉൽപ്പാദനക്ഷമമാകുമെന്നും ഭരണഘടനയുടെ 75-ാം വർഷത്തിൻ്റെ യശസ്സ് വർധിപ്പിക്കുമെന്നും ഭാരതത്തിൻ്റെ ആഗോള നിലവാരം ശക്തിപ്പെടുത്തുമെന്നും പുതിയ എംപിമാർക്ക് അവസരങ്ങൾ നൽകുമെന്നും പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഈ ചൈതന്യത്തോടെ, ഈ സമ്മേളനത്തെ ആവേശത്തോടെയും ഊർജസ്വലതയോടെയും സമീപിക്കാൻ എല്ലാ ബഹുമാനപ്പെട്ട പാർലമെൻ്റ് അംഗങ്ങളേയും ഞാൻ ഒരിക്കൽ കൂടി ക്ഷണിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. എല്ലാവർക്കും വളരെ നന്ദി.
നമസ്കാരം!