കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ അമിത് ഷാ, ഇന്റർപോൾ പ്രസിഡന്റ് അഹമ്മദ് നാസർ അൽ-റൈസി, ഇന്റർപോൾ സെക്രട്ടറിജനറൽ യൂർഗൻ സ്റ്റോക്ക്, സിബിഐ ഡയറക്ടർ എസ് കെ ജയ്സ്വാൾ, മറ്റു വിശിഷ്ടാതിഥികളേ,
ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിലേക്ക് ഏവരെയും ഞാൻ ഊഷ്മളമായി സ്വാഗതംചെയ്യുന്നു. ഇന്ത്യക്കും ഇന്റർപോളിനും പ്രാധാന്യമുള്ള കാലത്തു നിങ്ങൾ ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. 2022ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ഇതു നമ്മുടെ ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമാണ്. നാം എവിടെ നിന്നാണു വന്നത് എന്നു തിരിഞ്ഞുനോക്കേണ്ട സമയമാണിത്; മാത്രമല്ല, നാം എവിടേക്കാണു പോകേണ്ടതെന്നകാര്യത്തിൽ മുന്നോട്ടുനോക്കുന്നതിനും. ഇന്റർപോളും ചരിത്രപരമായ നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. 2023ൽ, ഇന്റർപോൾ സ്ഥാപിതമായതിന്റെ 100-ാം വർഷം ആഘോഷിക്കുകയാണ്. സന്തോഷിക്കാനും പര്യാലോചനയ്ക്കുമുള്ള മികച്ച സമയമാണിത്. തിരിച്ചടികളിൽനിന്നു പഠിക്കുക, വിജയങ്ങൾ ആഘോഷിക്കുക; ഒപ്പം, പ്രതീക്ഷയോടെ ഭാവിയിലേക്കു നോക്കുക.
സുഹൃത്തുക്കളേ,
ഇന്റർപോൾ എന്ന ആശയം ഇന്ത്യൻ തത്വചിന്തയുടെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇന്റർപോളിന്റെ ആപ്തവാക്യം ഇതാണ്: സുരക്ഷിതമായ ലോകത്തിനായി പൊലീസിനെ ബന്ധിപ്പിക്കുക. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഗ്രന്ഥങ്ങളിൽ ഒന്നായ വേദങ്ങളെക്കുറിച്ചു നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാകും. വേദങ്ങളിലെ ഒരു വാക്യം ഇങ്ങനെയാണ്: आ नो भद्राः क्रतवो यन्तु विश्वतः അതിനർഥം, ശ്രേഷ്ഠമായ ചിന്തകൾ എല്ലാ ദിശകളിൽ നിന്നുമെത്തട്ടെ എന്നാണ്. മികച്ച ഇടമാക്കി ലോകത്തെ മാറ്റുന്നതിനുള്ള സാർവത്രികസഹകരണത്തിനുള്ള ആഹ്വാനമാണിത്. ഇന്ത്യയുടെ ചേതനയിൽ സവിശേഷമായ ആഗോളവീക്ഷണമുണ്ട്. ഇക്കാരണത്താലാണ് ഐക്യരാഷ്ട്രസഭയുടെ സമാധാനപരിപാലനപ്രവർത്തനങ്ങളിലേക്കു ധീരരായ സ്ത്രീപുരുഷന്മാരെ അയക്കുന്നതിൽ ഏറ്റവും മികച്ച സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയത്. നാം സ്വാതന്ത്ര്യംനേടുന്നതിനുമുമ്പുതന്നെ, മികച്ച ഇടമാക്കി ലോകത്തെ മാറ്റാൻ ഞങ്ങൾ ത്യാഗങ്ങളനുഭവിച്ചു. ആയിരക്കണക്കിന് ഇന്ത്യക്കാർ ലോകമഹായുദ്ധങ്ങളിൽ പൊരുതിമരിച്ചു. കാലാവസ്ഥാലക്ഷ്യങ്ങൾമുതൽ കോവിഡ് പ്രതിരോധമരുന്നുകൾവരെ, ഏതുതരത്തിലുള്ള പ്രതിസന്ധിയിലും മുൻകൈ എടുക്കാനുള്ള സന്നദ്ധത ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ, രാഷ്ട്രങ്ങളും സമൂഹങ്ങളും ആഭ്യന്തരകാര്യങ്ങളിലേക്കു തിരിയുന്ന സമയത്ത്, കൂടുതൽ അന്താരാഷ്ട്രസഹകരണത്തിനാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. പ്രാദേശികക്ഷേമത്തിനായുള്ള ആഗോളസഹകരണമാണു ഞങ്ങളുടെ ആഹ്വാനം.
സുഹൃത്തുക്കളേ,
പ്രാചീന ഇന്ത്യൻ തത്വചിന്തകനായ ചാണക്യനാണു നിയമപാലകരുടെ തത്വശാസ്ത്രം ഏറ്റവും നന്നായി വിശദീകരിച്ചത്. आन्वीक्षकी त्रयी वार्तानां योग-क्षेम साधनो दण्डः। तस्य नीतिः दण्डनीतिः; अलब्धलाभार्था, लब्धपरिरक्षणी, रक्षितविवर्धनी, वृद्धस्य तीर्थेषु प्रतिपादनी च । സമൂഹത്തിന്റെ ഭൗതികവും ആത്മീയവുമായ ക്ഷേമം നിയമപാലനത്തിലൂടെയാണ് എന്നാണ് അതിനർഥം. ചാണക്യന്റെ അഭിപ്രായത്തിൽ, നിയമപാലകർ, നമുക്കില്ലാത്തതു നേടുന്നതിനും ഉള്ളതു സംരക്ഷിക്കുന്നതിനും, നമ്മൾ സംരക്ഷിച്ചിരിക്കുന്നതു മെച്ചപ്പെടുത്തുന്നതിനും, ഏറ്റവും അർഹതയുള്ളവർക്കു വിതരണം ചെയ്യുന്നതിനും സഹായിക്കുന്നു. ഇതു നിയമപാലകരെ ഉൾക്കൊള്ളുന്ന വീക്ഷണമാണ്. ലോകമെമ്പാടുമുള്ള പൊലീസ് സേന ജനങ്ങളെ സംരക്ഷിക്കുകമാത്രമല്ല, സാമൂഹ്യക്ഷേമം വർധിപ്പിക്കുകയും ചെയ്യുന്നു. ഏതു പ്രതിസന്ധിയിലും സമൂഹത്തിന്റെ പ്രതികരണത്തിന്റെ മുൻനിരയിൽ അവരുമുണ്ട്. കോവിഡ്-19 മഹാമാരിക്കാലത്താണ് ഇത് ഏറ്റവും കൂടുതൽ ദൃശ്യമായത്. ലോകമെമ്പാടുമുള്ള പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങളെ സഹായിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി. അവരിൽ പലരും ജനസേവനത്തിനായി ജീവത്യാഗംപോലുംചെയ്തു. ഞാൻ അവർക്കു ശ്രദ്ധാഞ്ജലികൾ അർപ്പിക്കുകയാണ്. ലോകം നിലച്ചാലും അതിനെ സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്വം ഇല്ലാതാകുന്നില്ല. മഹാമാരിക്കാലത്തുപോലും ഇന്റർപോൾ 24x7 എന്ന നിലയിൽ പ്രവർത്തിച്ചു.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ വൈവിധ്യവും വിശാലതയും അനുഭവിക്കാത്തവർക്ക് അതു സങ്കൽപ്പിക്കാൻ പ്രയാസമാണ്. ഏറ്റവും ഉയരമുള്ള പർവതനിരകളും ഏറ്റവും വരണ്ട മരുഭൂമികളിൽ ഒന്നും ഘോരവനങ്ങളിൽ ചിലതും ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പല നഗരങ്ങളും ഇവിടെയുണ്ട്. ഭൂഖണ്ഡങ്ങളുടെ സവിശേഷതകളെല്ലാം ഇന്ത്യ എന്ന ഒരു രാജ്യത്തുമാത്രമായി കാണാനാകും. ഉദാഹരണത്തിന്, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശ്, ബ്രസീലിന്റെ ജനസംഖ്യയോട് അടുത്താണുള്ളത്. നമ്മുടെ തലസ്ഥാനമായ ഡൽഹിയിൽ സ്വീഡനെക്കാൾ കൂടുതൽ ജനങ്ങളുണ്ട്.
സുഹൃത്തുക്കളേ,
900ലധികം ദേശീയനിയമങ്ങളും പതിനായിരത്തോളം സംസ്ഥാനനിയമങ്ങളും നടപ്പിലാക്കാൻ ഫെഡറൽ-സംസ്ഥാനതലങ്ങളിൽ ഇന്ത്യൻ പൊലീസ് സഹകരിക്കുന്നു. ഇതോടൊപ്പം ഇന്ത്യൻ സമൂഹത്തിന്റെ വൈവിധ്യവും പരിഗണിക്കാം. ലോകത്തിലെ എല്ലാ പ്രധാന മതങ്ങളിലെ വിശ്വാസികളും ഇവിടെ വസിക്കുന്നു. നൂറുകണക്കിനു ഭാഷകളും അവയുടെ വകഭേദങ്ങളും സംസാരിക്കുന്നു. വലിയ ഉത്സവങ്ങൾ ദശലക്ഷക്കണക്കിനു ഭക്തരെ ആകർഷിക്കുന്നു. ഉദാഹരണത്തിന്, ലോകത്തിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ ആത്മീയ കൂട്ടായ്മയായ കുംഭമേളയിൽ 240 ദശലക്ഷം തീർഥാടകർ ഉണ്ടായിരുന്നു. ഇതെല്ലാം ഉപയോഗിച്ച്, ഭരണഘടന വാഗ്ദാനംചെയ്യുന്ന ജനങ്ങളുടെ വൈവിധ്യത്തെയും അവകാശങ്ങളെയും മാനിച്ചുകൊണ്ടാണു നമ്മുടെ പൊലീസ് സേന പ്രവർത്തിക്കുന്നത്. അവർ ജനങ്ങളെ സംരക്ഷിക്കുക മാത്രമല്ല, നമ്മുടെ ജനാധിപത്യത്തെ സേവിക്കുകയുംചെയ്യുന്നു. ഇന്ത്യയുടെ സ്വതന്ത്രവും നീതിയുക്തവും ബൃഹത്തായതുമായ തെരഞ്ഞെടുപ്പുകളുടെ തോതു പരിശോധിക്കാം. 900 ദശലക്ഷം വോട്ടർമാർക്കുള്ള ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പിൽ ഉൾപ്പെടുന്നത്. ഇതു വടക്കൻ- തെക്കേ അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ജനസംഖ്യയോളംവരും. 2.3 ദശലക്ഷം പൊലീസുകാരെയാണു തിരഞ്ഞെടുപ്പിനു സഹായമേകാൻ വിന്യസിക്കുന്നത്. വൈവിധ്യവും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതിൽ ഇന്ത്യ ലോകത്തിനു പാഠ്യവിഷയമാണ്.
സുഹൃത്തുക്കളേ,
കഴിഞ്ഞ 99 വർഷമായി ഇന്റർപോൾ 195 രാജ്യങ്ങളിലായി ആഗോളതലത്തിൽ പൊലീസ് സംഘടനകളെ ബന്ധിപ്പിച്ചിട്ടുണ്ട്. നിയമചട്ടക്കൂടുകൾ, സംവിധാനങ്ങൾ, ഭാഷകൾ എന്നിവയിലെ വ്യത്യാസങ്ങൾക്കിടയിലും ഇതു സംഭവിച്ചു. ഇതിനുള്ള അംഗീകാരമായി ഇന്നു സ്മാരക സ്റ്റാമ്പും നാണയവും പുറത്തിറക്കിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
കഴിഞ്ഞ കാലങ്ങളിലെ വിജയങ്ങൾ എല്ലാം ഉണ്ടായിരുന്നിട്ടും, ഇന്ന്, ചില കാര്യങ്ങൾ ലോകത്തെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകം ആഗോളതലത്തിൽ അഭിമുഖീകരിക്കുന്ന ആപൽക്കരമായ നിരവധി ഭീഷണികളുണ്ട്. ഭീകരവാദം, അഴിമതി, മയക്കുമരുന്നുകടത്ത്, വേട്ടയാടൽ, സംഘടിത കുറ്റകൃത്യങ്ങൾ. ഈ അപകടങ്ങളുടെ മാറ്റത്തിന്റെ വേഗത മുമ്പത്തേതിനേക്കാൾ വേഗത്തിലാണ്. ഭീഷണികൾ ആഗോളതലത്തിലാകുമ്പോൾ, പ്രതികരണം പ്രാദേശികമായിരിക്കരുത്! ഈ ഭീഷണികൾ ചെറുക്കാൻ ലോകം ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സുഹൃത്തുക്കളേ,
പതിറ്റാണ്ടുകളായി ഇന്ത്യ അന്തർദേശീയ ഭീകരതയ്ക്കെതിരെ പോരാടുകയാണ്. ലോകം ഉണർന്നെഴുന്നേൽക്കുന്നതിനു വളരെമുമ്പുതന്നെ, സുരക്ഷയുടെയും സംരക്ഷണത്തിന്റെയും വില ഞങ്ങൾ അറിഞ്ഞിരുന്നു. ഈ പോരാട്ടത്തിൽ നമ്മുടെ ആയിരക്കണക്കിനുപേരാണു ജീവത്യാഗം നടത്തിയത്. എന്നാൽ ഭീകരതയെ ഭൗതിക ഇടത്തിൽമാത്രം ചെറുക്കുന്നതു മതിയാകില്ല. ഓൺലൈൻ സംവിധാനങ്ങളിലൂടെയും സൈബർ ഭീഷണികളിലൂടെയും ഇപ്പോൾ ഭീകരത സാന്നിധ്യം വ്യാപിപ്പിക്കുകയാണ്. ബട്ടണിന്റെ ഒറ്റ ക്ലിക്കിൽ ആക്രമണം നടപ്പാക്കാം. അല്ലെങ്കിൽ വ്യവസ്ഥിതികളെ മുട്ടുകുത്തിക്കാം. ഓരോ രാജ്യവും അവർക്കെതിരെ തന്ത്രങ്ങൾ മെനയുകയാണ്. എന്നാൽ നമ്മുടെ അതിർത്തിക്കുള്ളിൽ നാം ചെയ്യുന്നതു പോരാതെവരും. അന്താരാഷ്ട്രതലത്തിൽ തന്ത്രങ്ങൾ കൂടുതൽ വികസിപ്പിക്കേണ്ടതുണ്ട്. മുൻകൂട്ടി കണ്ടെത്തലും മുന്നറിയിപ്പു സംവിധാനങ്ങൾ സ്ഥാപിക്കലും, ഗതാഗതസേവനങ്ങൾ സംരക്ഷിക്കൽ, ആശയവിനിമയ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷ, നിർണായക അടിസ്ഥാനസൗകര്യങ്ങൾക്കുള്ള സുരക്ഷ, സാങ്കേതികവും സാങ്കേതികവിദ്യാപരവുമായ സഹായം, ബൗദ്ധികവിനിമയം തുടങ്ങി നിരവധി കാര്യങ്ങൾ പുതിയ തലത്തിലേക്കു കൊണ്ടുപോകേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
അഴിമതിയെ അപകടകരമായ ഭീഷണിയായി ഞാൻ പറഞ്ഞത് എന്തുകൊണ്ടാണെന്നു നിങ്ങളിൽ ചിലർ ചിന്തിച്ചേക്കാം. അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും പല രാജ്യങ്ങളിലെയും പൗരന്മാരുടെ ക്ഷേമത്തിനു ഹാനികരമായിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുറ്റകൃത്യങ്ങൾക്കായുള്ള വരുമാനം സംഭരിക്കാൻ അഴിമതിക്കാർ വഴികണ്ടെത്തുന്നു. ഈ പണം എവിടെനിന്നാണോ അവർ കൊണ്ടുപോയത്, ആ രാജ്യത്തെ പൗരന്മാർക്കുള്ളതാണ്. മിക്കപ്പോഴും, ഇതു ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങളിൽനിന്നാകും എടുത്തിണ്ടാകുക. മാത്രമല്ല, ഈ പണം ഹാനികരമായ പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നു. ഭീകരവാദ ധനസഹായത്തിന്റെ പ്രധാന സ്രോതസുകളിൽ ഒന്നാണിത്. യുവ ജീവിതങ്ങളെ നശിപ്പിക്കുന്ന നിയമവിരുദ്ധമായ മയക്കുമരുന്നുമുതൽ മനുഷ്യക്കടത്തുവരെ, ജനാധിപത്യം ദുർബലപ്പെടുത്തുന്നതുമുതൽ അനധികൃത ആയുധവിൽപ്പനവരെ, ഈ അധമധനം നിരവധി വിനാശകരമായ സംരംഭങ്ങൾക്കു സഹായകമാകുന്നു. അതെ, അവ കൈകാര്യം ചെയ്യുന്നതിനു വ്യത്യസ്തമായ നിയമപരവും നടപടിക്രമപരവുമായ ചട്ടക്കൂടുകൾ ഉണ്ട്. എന്നിരുന്നാലും, സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കാൻ ആഗോളസമൂഹം കൂടുതൽ വേഗത്തിൽ പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. അഴിമതിക്കാർക്കോ ഭീകരവാദികൾക്കോ, മയക്കുമരുന്നുസംഘങ്ങൾക്കോ, നായാട്ടുസംഘങ്ങൾക്കോ, സംഘടിത കുറ്റകൃത്യങ്ങൾക്കോ സുരക്ഷിത താവളങ്ങൾ ഉണ്ടാകരുത്. ഒരിടത്തെ ജനങ്ങൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ എല്ലാവർക്കും എതിരായ കുറ്റകൃത്യങ്ങളാണ്; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണ്. മാത്രമല്ല, ഇവ നമ്മുടെ വർത്തമാനകാലത്തെ ദോഷകരമായി ബാധിക്കുന്നതിനൊപ്പം നമ്മുടെ ഭാവി തലമുറയെയും ബാധിക്കുന്നു. പൊലീസും നിയമനിർവഹണ ഏജൻസികളും സഹകരണം വർധിപ്പിക്കുന്നതിനു നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്. ഒളിവിൽ കഴിയുന്ന കുറ്റവാളികൾക്കുള്ള റെഡ് കോർണർ നോട്ടീസ് വേഗത്തിലാക്കുന്ന കാര്യത്തിൽ ഇന്റർപോളിനു സഹായിക്കാനാകും.
സുഹൃത്തുക്കളേ,
സുരക്ഷിതവും സംരക്ഷണമാർന്നതുമായ ലോകം എന്നതു നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. നന്മയുടെ ശക്തികൾ സഹകരിക്കുമ്പോൾ, കുറ്റകൃത്യത്തിന്റെ ശക്തികൾ നിഷ്പ്രഭമാകും.
സുഹൃത്തുക്കളേ,
ഞാൻ പ്രസംഗം ഉപസംഹരിക്കുന്നതിനുമുമ്പ്, എല്ലാ അതിഥികളോടും ഒരു കാര്യം അഭ്യർഥിക്കുന്നു. ന്യൂഡൽഹിയിലെ ദേശീയ പൊലീസ് സ്മാരകവും ദേശീയ യുദ്ധസ്മാരകവും സന്ദർശിക്കുന്ന കാര്യം പരിഗണിക്കുക. ഇന്ത്യയെ സുരക്ഷിതമാക്കാൻ ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുക. ഈ സ്ത്രീപുരുഷന്മാർ, നിങ്ങളിൽ പലരെയും പോലെ, തങ്ങളുടെ രാജ്യത്തിനുവേണ്ടി എന്തുംചെയ്യാൻ തയ്യാറായിരുന്നു.
സുഹൃത്തുക്കളേ,
ആശയവിനിമയത്തിനും കൂട്ടായ പ്രവർത്തനത്തിനും സഹകരണത്തിനും, കുറ്റകൃത്യങ്ങളെയും അഴിമതിയെയും ഭീകരവാദത്തെയും പരാജയപ്പെടുത്താനാകട്ടെ. ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലി ഇതിനുള്ള ഫലപ്രദവും വിജയകരവുമായ വേദിയാണെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഒരിക്കൽകൂടി, ഈ സുപ്രധാന പരിപാടിയിലേക്കു നിങ്ങളെയേവരെയും ഞാൻ സ്വാഗതംചെയ്യുന്നു.
നന്ദി.