നമസ്‌കാരം!
ബഹുമാനപ്പെട്ട യുഎന്‍ഇപി ഗ്ലോബല്‍ ഹെഡ് ഇംഗര്‍ ആന്‍ഡേഴ്‌സണ്‍, യുഎന്‍ഡിപി ഗ്ലോബല്‍ ഹെഡ് ബഹുമാനപ്പെട്ട അക്കിം സ്റ്റെയ്‌നര്‍, ലോക ബാങ്ക് പ്രസിഡന്റ് എന്റെ സുഹൃത്ത് ശ്രീ. ഡേവിഡ് മാല്‍പാസ്, നിക്കോളാസ് സ്റ്റേണ്‍ പ്രഭു, ശ്രീ. കാസ് സണ്‍സ്റ്റീന്‍, എന്റെ സുഹൃത്ത് ശ്രീ. ബില്‍ ഗേറ്റ്‌സ്, ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി ശ്രീ അനില്‍ ദാസ്ഗുപ്ത, ശ്രീ ഭൂപേന്ദര്‍ യാദവ് എന്നിവരുടെ ഉള്‍ക്കാഴ്ചയോടുകൂടിയ വീക്ഷണങ്ങള്‍ നാം കേട്ടുകഴിഞ്ഞു.
അവരുടെ കാഴ്ചപ്പാടുകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു.
മഹതികളെ മാന്യന്മാരെ,
പ്രിയ സുഹൃത്തുക്കളെ,
നമസ്‌തേ.
ഇന്നത്തെ ചടങ്ങും ചടങ്ങു നടക്കുന്ന തീയതിയും രണ്ടും വളരെ പ്രസക്തമാണ്. പരിസ്ഥിതി പ്രസ്ഥാനത്തിനായുള്ള ജീവിതശൈലിയായ ലൈഫിനു നാം തുടക്കമിടുകയാണ്. ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിന പ്രചാരണ മുദ്രാവാക്യം- ''ഒരു ഭൂമി മാത്രം'' എന്നതാണ്. ഊന്നല്‍ നല്‍കുന്നത് ''പ്രകൃതിയുമായി യോജിച്ച് സുസ്ഥിരമായി ജീവിക്കുക'' എന്നതിനും. ആശയം എത്രത്തോളം ഗൗരവമേറിയതാണ് എന്നതിനൊപ്പം പ്രശ്‌ന പരിഹാരവും ഈ വാക്യങ്ങളില്‍ മനോഹരമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
സുഹൃത്തുക്കളെ,
ഭൂമി നേരിടുന്ന വെല്ലുവിളികള്‍ നമുക്കെല്ലാവര്‍ക്കും സുപരിചിതമാണ്. മനുഷ്യ കേന്ദ്രീകൃതമായ കൂട്ടായ പരിശ്രമങ്ങളും സുസ്ഥിര വികസനം സാധ്യമാക്കുന്ന ശക്തമായ പ്രവര്‍ത്തനങ്ങളുമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. സി.ഒ.പി.-26ല്‍ കഴിഞ്ഞ വര്‍ഷം ഗ്ലാസ്ഗോയില്‍ നടന്ന ഉച്ചകോടിയില്‍ ഞാന്‍ മിഷന്‍ ലൈഫ്-ലൈഫ് സ്‌റ്റൈല്‍ ഫോര്‍ എന്‍വയേണ്‍മെന്റിനായി സംസാരിച്ചു. അത്തരമൊരു ദൗത്യത്തിനായുള്ള ശ്രമങ്ങള്‍ക്ക് ലോകമെമ്പാടുംനിന്നു പിന്തുണ ലഭിച്ചു. ലൈഫ് മൂവ്മെന്റിന്റെ ഈ പ്രമേയം ഇന്ന് യാഥാര്‍ത്ഥ്യമാകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അത്തരമൊരു റെക്കോര്‍ഡ് പിന്തുണയ്ക്ക് എന്റെ നന്ദി. പേര് സൂചിപ്പിക്കുന്നത് പോലെ, മിഷന്‍ ലൈഫ് ഒരു മികച്ച ഭൂമിക്കായി നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ വ്യക്തിപരവും കൂട്ടായതുമായ കടമകള്‍ നമുക്കെല്ലാവര്‍ക്കും നല്‍കുന്നു. നമ്മുടെ ഗ്രഹവുമായി ഇണങ്ങിച്ചേര്‍ന്ന് അതിനെ ദോഷകരമായി ബാധിക്കാത്ത ഒരു ജീവിതശൈലി നയിക്കുക എന്നതാണ് ലൈഫിന്റെ കാഴ്ചപ്പാട്. അത്തരം ജീവിതശൈലി നയിക്കുന്നവരെ 'പ്രോ-പ്ലാനറ്റ് പീപ്പിള്‍' എന്ന് വിളിക്കുന്നു. മിഷന്‍ ലൈഫ് ഭൂതകാലത്തില്‍ നിന്ന് കടമെടുക്കുന്നു, വര്‍ത്തമാനകാലത്ത് പ്രവര്‍ത്തിക്കുന്നു, ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സുഹൃത്തുക്കളെ,
ഭൂമിയുടെ ദീര്‍ഘായുസ്സിനു പിന്നിലെ രഹസ്യം നമ്മുടെ പൂര്‍വികര്‍ പ്രകൃതിയുമായി കാത്തുസൂക്ഷിച്ച ഇണക്കമാണ്. പാരമ്പര്യത്തിന്റെ കാര്യമാണെങ്കില്‍, ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ലളിതവും സുസ്ഥിരവുമായ പരിഹാരം സാധ്യമാക്കുന്ന പാരമ്പര്യങ്ങളുണ്ട്.
ഘാനയില്‍, പരമ്പരാഗത മാനദണ്ഡങ്ങള്‍ കടലാമ സംരക്ഷണത്തില്‍ സഹായിച്ചിട്ടുണ്ട്. ടാന്‍സാനിയയിലെ സെറെന്‍ഗെറ്റി മേഖലയില്‍ ആനകളും കുറ്റിക്കാടുകളും പവിത്രമാണ്.
അതിനാല്‍, നിയമവിരുദ്ധമായ വേട്ടയാടല്‍ നിമിത്തമുള്ള തിരിച്ചടി അവര്‍ക്കു കുറവാണ്. എത്യോപ്യയിലെ ഒക്പാഗ, ഒഗ്രിക്കി മരങ്ങള്‍ സവിശേഷമാണ്. ജപ്പാനില്‍ പ്ലാസ്റ്റിക്കിന് സുസ്ഥിരമായ ബദലായി പ്രവര്‍ത്തിക്കുന്ന ഫ്യൂറോഷികി ഉണ്ട്. സ്വീഡനിലെ ലാഗോം തത്ത്വചിന്ത സമതുലിതമായ ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയില്‍ നമ്മള്‍ പ്രകൃതിയെ ദൈവികതയുമായി തുലനം ചെയ്തിട്ടുണ്ട്. നമ്മുടെ ദേവീദേവന്‍മാരുമായി ബന്ധപ്പെട്ടുള്ള സസ്യങ്ങളും മൃഗങ്ങളുമുണ്ട്. ഞാന്‍ കുറച്ച് ഉദാഹരണങ്ങള്‍ മാത്രമാണ് നല്‍കിയത്. ഇത്തരം സമ്പ്രദായങ്ങള്‍ വേറെയുമുണ്ട്. ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനഃചംക്രമണം നടത്തുക എന്നിവയാണ് നമ്മുടെ ജീവിതത്തില്‍ നെയ്‌തെടുത്ത ആശയങ്ങള്‍. ചാക്രിക സമ്പദ്വ്യവസ്ഥ നമ്മുടെ സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും അവിഭാജ്യ ഘടകമാണ്.
സുഹൃത്തുക്കളെ,
നമ്മുടെ 1.3 ബില്യണ്‍ ഇന്ത്യക്കാര്‍ക്ക് നന്ദി; നമ്മുടെ രാജ്യത്ത് പരിസ്ഥിതിക്ക് വേണ്ടി നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു കഴിഞ്ഞു. നമ്മുടെ വനവിസ്തൃതി വര്‍ധിച്ചുവരികയാണ്, സിംഹം, കടുവ, പുള്ളിപ്പുലി, ആന, കാണ്ടാമൃഗം എന്നിവയുടെ എണ്ണവും വര്‍ധിക്കുകയാണ്. ജൈവേതര ഇന്ധനങ്ങളില്‍ അധിഷ്ഠിതമായ സ്രോതസ്സുകളില്‍ നിന്ന് സ്ഥാപിത വൈദ്യുത ശേഷിയുടെ 40% കണ്ടെത്താനുള്ള നമ്മുടെ ദൃഢനിശ്ചയം ഉദ്ദേശിച്ചതിനും ഒന്‍പതു വര്‍ഷം മുമ്പേ കൈവരിച്ചിരിക്കുന്നു. ഏകദേശം 370 ദശലക്ഷം എല്‍ഇഡി ബള്‍ബുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിതരണം ചെയ്തു. ഇത് പ്രതിവര്‍ഷം 50 ബില്യണ്‍ യൂണിറ്റ് വൈദ്യുതിയുടെ ഊര്‍ജ്ജ ലാഭത്തിന് കാരണമായി. പ്രതിവര്‍ഷം 40 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ കുറവും ഇതുവഴി ഉറപ്പാക്കിയിട്ടുണ്ട്. 2022 നവംബര്‍ എന്ന ലക്ഷ്യത്തിനും അഞ്ചു മാസം മുമ്പ് നാം പെട്രോളില്‍ 10% എത്തനോള്‍ മിശ്രിതം എന്ന നേട്ടം സ്വന്തമാക്കിയിയിട്ടുണ്ട്.
2013-14ല്‍ 1.5 ശതമാനവും 2019-20ല്‍ 5 ശതമാനവും മാത്രമായിരുന്നു മിശ്രിതം എന്നതിനാല്‍ ഇത് ഒരു പ്രധാന നേട്ടമാണ്. ഇത് ഇന്ത്യയുടെ ഊര്‍ജ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ക്രൂഡ് ഓയില്‍ ഇറക്കുമതി 5.5 ബില്യണ്‍ ഡോളറിലധികം കുറയാന്‍ ഇടയാക്കുകയും ചെയ്തു. പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവു 2.7 ദശലക്ഷം ടണ്‍ കുറയാനിടയാക്കുകയും ചെയ്തു. കര്‍ഷകരുടെ വരുമാനം ഏകദേശം 5.5 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു. പുനരുപയോഗിക്കാവുന്ന ഊര്‍ജം വ്യാപകമായി പ്രചാരത്തിലുണ്ട്. ഈ മേഖലയുടെ വികസനത്തിന് നമ്മുടെ ഗവണ്‍മെന്റ് വളരെ ഉയര്‍ന്ന ശ്രദ്ധ നല്‍കുന്നു.
സുഹൃത്തുക്കളെ,
മുന്നോട്ടുള്ള വഴി എല്ലാം പുതുമയും തുറന്ന മനസ്സും സംബന്ധിച്ചുള്ളതാണ്. എല്ലാ തലത്തിലും സുസ്ഥിര വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നവീന ആശയക്കാരെ നമുക്ക് പ്രോത്സാഹിപ്പിക്കാം. ഈ നേട്ടം സാധ്യമാക്കുന്നതിനു സാങ്കേതികവിദ്യയ്ക്ക് ഏറെ സഹായം ചെയ്യാന്‍ കഴിയും. പാരമ്പര്യവും സാങ്കേതികവിദ്യയും ഒത്തുചേരുമ്പോള്‍, ലൈഫ് എന്ന കാഴ്ചപ്പാട് കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. ഇതേക്കുറിച്ച് ചിന്തിക്കാന്‍ അക്കാദമിക ലോകത്തുള്ളവരോടും ഗവേഷകരോടും നമ്മുടെ ചലനാത്മക സ്റ്റാര്‍ട്ടപ്പുകളോടും ഞാന്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. ഈ നിര്‍ണായക സമയത്ത് ലോകത്തിന് വേണ്ടത് അവരുടെ യുവത്വപൂര്‍ണമായ ഊര്‍ജമാണ്. നമ്മുടെ മികച്ച സമ്പ്രദായങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും മറ്റുള്ളവരുടെ വിജയകരമായ സമ്പ്രദായങ്ങളില്‍ നിന്ന് പഠിക്കാനും നാം തുറന്ന മനസ്സോടെ പ്രവര്‍ത്തിക്കണം.
സീറോ കാര്‍ബണ്‍ ജീവിതശൈലിയെക്കുറിച്ച് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. നമ്മുടെ ദൈനംദിന ജീവിത തിരഞ്ഞെടുപ്പുകളില്‍, നമുക്ക് ഏറ്റവും സുസ്ഥിരമായ സാധ്യതകള്‍ തിരഞ്ഞെടുക്കാം. പുനരുപയോഗം, ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക എന്ന തത്വം നമുക്ക് പിന്തുടരാം. നമ്മുടെ ഭൂമി ഒന്നാണ്, എന്നാല്‍ നമ്മുടെ പരിശ്രമങ്ങള്‍ പലതായിരിക്കണം. ഒറ്റ ഭൂമിയില്‍ പല പരിശ്രമങ്ങള്‍.
സുഹൃത്തുക്കളെ,
മെച്ചപ്പെട്ട പരിസ്ഥിതിക്കും ആഗോള ക്ഷേമത്തിനും വേണ്ടിയുള്ള ഏതൊരു ശ്രമത്തെയും പിന്തുണയ്ക്കാന്‍ ഇന്ത്യ തയ്യാറാണ്. നമ്മുടെ ട്രാക്ക് റെക്കോര്‍ഡ് സ്വയം സംസാരിക്കുന്നു. യോഗയെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ മുന്‍കൈയെടുത്തതില്‍ നാം അഭിമാനിക്കുന്നു. രാജ്യാന്തര സൗരോര്‍ജ സഖ്യം പോലുള്ള മുന്നേറ്റങ്ങളും ഒറ്റ സൂര്യന്‍, ഒറ്റ ലോകം, ഒറ്റ ഗ്രിഡ് എന്നതിനുള്ള ഊന്നല്‍, ദുരന്തങ്ങളെ അതിജീവിക്കാന്‍ കെല്‍പുള്ള അടിസ്ഥാന സൗകര്യം എന്നിവ വലിയ സംഭാവന അര്‍പ്പിക്കുന്നു. ലോകം ഈ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ നമുക്ക് സന്തോഷമുണ്ട്. ലൈഫ് പ്രസ്ഥാനം നമ്മെ കൂടുതല്‍ ഒന്നിപ്പിക്കുമെന്നും വരും തലമുറകള്‍ക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഈ യാത്രയുടെ ഭാഗമാകാന്‍ ഞാന്‍ ലോകത്തെ ഒരിക്കല്‍ കൂടി ക്ഷണിക്കുന്നു. നമുക്ക് ഒരുമിച്ച് നമ്മുടെ ഭൂമിയെ മികച്ചതാക്കാം. നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. പ്രവര്‍ത്തനത്തിനുള്ള സമയമാണിത്. 'ലൈഫി'നായുള്ള പ്രവര്‍ത്തനം; പരിസ്ഥിതിക്കായുള്ള ജീവിത ശൈലിക്കായുള്ള പ്രവര്‍ത്തനം.
നന്ദി.
വളരെയധികം നന്ദി.