രാജസ്ഥാനിൽ നാല് പുതിയ മെഡിക്കൽ കോളേജുകളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു
'മഹാമാരിക്കലത്ത് ശക്തിയും സ്വാശ്രയവും വർദ്ധിപ്പിക്കാൻ ഇന്ത്യ ദൃഢനിശ്ചയം ചെയ്തു.
"രാജ്യത്തിന്റെ ആരോഗ്യ മേഖലയെ പരിവർത്തനവിധേയമാക്കാൻ ഒരു ദേശീയ സമീപനത്തിലും ദേശീയ ആരോഗ്യ നയത്തിലുമാണ് നാം പ്രവർത്തിച്ചത്
"കഴിഞ്ഞ 6-7 വർഷങ്ങളിൽ 170-ലധികം പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കപ്പെട്ടു, നൂറിലധികം പുതിയ മെഡിക്കൽ കോളേജുകളുടെ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നു"
"2014 ൽ രാജ്യത്തെ മെഡിക്കൽ ബിരുദ, ബിരുദാനന്തര സീറ്റുകൾ ഏകദേശം 82000 ആയിരുന്നു. ഇന്ന് അവയുടെ എണ്ണം 140,000 ആയി ഉയർന്നു"
"രാജസ്ഥാന്റെ വികസനം, ഇന്ത്യയുടെ വികസനം ത്വരിതപ്പെടുത്തുന്നു"

നമസ്‌കാരം!

രാജസ്ഥാന്റെ മകനും രാജ്യത്തെ ഏറ്റവും വലിയ പഞ്ചായത്തിന്റെ ചുമതലക്കാരനുമായ നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കര്‍ ശ്രീ. ഓം ബിര്‍ള ജീ, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ. അശോക് ഗെഹ്ലോട്ട് ജീ, കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ. മന്‍സൂഖ് മാണ്ഡവ്യ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. ഗജേന്ദ്ര സിങ് ഷെഖാവത് ജി, ഭൂപേന്ദ്ര യാദവ് ജി, അര്‍ജുന്‍ രാം മേഘ്വാള്‍ ജി, കൈലാഷ് ചൗധരി ജി, ഡോ. ഭാരതി പവാര്‍ ജി, ഭഗ്വന്ത് ഖുബ ജി, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ ജി, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കഠാരിയ ജി, രാജസ്ഥാന്‍ ഗവണ്‍മെന്റിലെ മറ്റു മന്ത്രിമാരെ, എം.പിമാരെ, എം.എല്‍.എമാരെ, പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റു വിശിഷ്ട വ്യക്തിത്വങ്ങളെ, രാജസ്ഥാനിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരേ, 
100 വര്‍ഷത്തെ ഏറ്റവും വലിയ പകര്‍ച്ചവ്യാധി ലോകത്തിലെ ആരോഗ്യമേഖലയ്ക്ക് നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്, ഇത് നമ്മെ ഒരുപാട് പഠിപ്പിച്ചു. ഓരോ രാജ്യവും ഈ പ്രതിസന്ധിയെ അതിന്റേതായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ ഒരു പശ്ചാത്തലത്തില്‍ ഭാരതം മഹാമാരിയെ നേരിടുന്നതിനുള്ള നിരവധി സജ്ജീകരണങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കയാണ്.  രാജസ്ഥാനില്‍ നാല് പുതിയ മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണവും ജയ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍ ടെക്‌നോളജിയുടെ ഉദ്ഘാടനവും ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്. ഈ അവസരത്തില്‍ രാജസ്ഥാനിലെ എല്ലാ പൗരന്മാരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ പ്രത്യേക പരിപാടിയില്‍ നിങ്ങളെ എല്ലാവരേയും കാണാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ വളരെയധികം സന്തോഷിമുണ്ട്. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാന നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച രാജസ്ഥാനിലെ പുത്രന്മാരെയും പുത്രിമാരെയും ഞാന്‍  അഭിനന്ദിക്കുന്നു. രാജസ്ഥാനിലെ എന്റെ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇന്ന് ഒരിക്കല്‍ക്കൂടി അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജയ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ 10 സിപെറ്റ് കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക്കിനെക്കുറിച്ചും അനുബന്ധ മാലിന്യ സംസ്‌കരണ നിയമങ്ങളെക്കുറിച്ചും ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. ഈ സംരംഭത്തിനു മുന്‍കയ്യെടുത്ത രാജ്യത്തെ എല്ലാ പ്രമുഖര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.

സഹോദരീ സഹോദരന്മാരെ,
2014 മുതല്‍ രാജസ്ഥാനിലെ 23 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് അനുമതി നല്‍കിയിരുന്നു. ഇതില്‍ ഏഴ് മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് ബന്‍സ്വാര, സിരോഹി, ഹനുമാന്‍ഗഢ്, ദൗസ എന്നിവിടങ്ങളില്‍ പുതിയ മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണം ആരംഭിച്ചു. ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു. ഇവിടെ നിന്നുള്ള ജനപ്രതിനിധികളും നമ്മുടെ ബഹുമാന്യരായ എം.പിമാരും എന്നെ കാണുമ്പോഴെല്ലാം മെഡിക്കല്‍ കോളേജിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കാറുണ്ട്. എംപിയും എന്റെ സുഹൃത്തുമായ 'കനക്-മാല്‍' കത്താര ജിയും നമ്മുടെ മുതിര്‍ന്ന എംപിയുമായ ജസ്‌കൗര്‍ മീനാ ജി, പണ്ടുമുതല്‍ക്കേ എനിക്കു സഹോദര തുല്യനായ നിഹല്‍ചന്ദ് ചൗഹാന്‍ ജി അല്ലെങ്കില്‍ പാതി ഗുജറാത്തിയും പാതി രാജസ്ഥാനിയുമായ ഭായിദേവ്ജി പട്ടേല്‍ എന്നിവരടങ്ങുന്ന നിങ്ങള്‍ എല്ലാവരും രാജസ്ഥാനിലുള്ള ചികില്‍സാ രംഗത്തെ അടിസ്ഥാന സൗകര്യത്തെക്കുറിച്ച് വളരെ ബോധവാന്മാരാണ്. ഈ പുതിയ മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണം സംസ്ഥാന ഗവണ്‍മെന്റിന്റെ സഹകരണത്തോടെ കൃത്യസമയത്ത് പൂര്‍ത്തിയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,
ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രാജ്യത്തുണ്ടായിരുന്ന ചികില്‍സാ സംവിധാനങ്ങളുടെ അവസ്ഥയെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. 2001ല്‍, അതായത് 20 വര്‍ഷം മുമ്പ്, മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കാന്‍ ഗുജറാത്ത് എനിക്ക് അവസരം നല്‍കിയപ്പോള്‍, ആരോഗ്യമേഖലയും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. വൈദ്യശാസ്ത്ര രംഗത്തെ അടിസ്ഥാന സൗകര്യം, വൈദ്യ പഠനം, അല്ലെങ്കില്‍ ചികില്‍സാ രംഗത്തെ സൗകര്യങ്ങള്‍ എന്നിവയിലെല്ലാം ജോലി വേഗത്തിലാക്കേണ്ടതുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് വെല്ലുവിളി ഏറ്റെടുത്ത് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചു. മുഖ്യമന്ത്രി അമൃതം യോജന പ്രകാരം ഗുജറാത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ സൗകര്യം ആരംഭിച്ചു. ചിരഞ്ജീവി യോജന പദ്ധതിയിലൂടെ ഗര്‍ഭിണികളെ പ്രസവത്തിനായി ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടു. ഇത് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ജീവന്‍ രക്ഷിക്കുന്നതില്‍ വലിയ വിജയമായിരുന്നു. വൈദ്യശാസ്ത്ര പഠനത്തിന്റെ കാര്യത്തിലും കഴിഞ്ഞ രണ്ട് ദശകങ്ങളിലെ അശ്രാന്ത പരിശ്രമം മൂലം ഗുജറാത്തില്‍് മെഡിക്കല്‍ സീറ്റുകളുടെ എണ്ണത്തില്‍ ആറ് മടങ്ങ് വര്‍ദ്ധന് രേഖപ്പെടുത്തി.

സുഹൃത്തുക്കളേ,
മുഖ്യമന്ത്രിയായിരിക്കെ ഞാന്‍ അനുഭവിച്ച ആരോഗ്യ മേഖലയിലെ പോരായ്മകള്‍ നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ആറ്-ഏഴ് വര്‍ഷമായി നടക്കുന്നു. നമ്മുടെ ഭരണഘടനയ്ക്ക് കീഴിലുള്ള ഫെഡറല്‍ ഘടനയെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. അതനുസരിച്ച്, ആരോഗ്യം ഒരു സംസ്ഥാന വിഷയമാണ്, അത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. ഞാന്‍ ദീര്‍ഘകാലം സംസ്ഥാന മുഖ്യമന്ത്രിയായിരുന്നതിനാല്‍ ബുദ്ധിമുട്ടുകള്‍ എനിക്ക് ബോധ്യപ്പെട്ടിരുന്നു. അതിനാല്‍, സംസ്ഥാന ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണെങ്കിലും ഞങ്ങള്‍ ആ ദിശയിലുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം രാജ്യത്തിന്റെ ആരോഗ്യ സംവിധാനം ഛിന്നഭിന്നമായിരുന്നു എന്നതാണ്. ഓരോ സംസ്ഥാനത്തെയും വൈദ്യശാസ്ത്ര സംവിധാനങ്ങള്‍ സംബന്ധിച്ചു ദേശീയതലത്തിലുള്ള കൂട്ടായ സമീപനം നഷ്ടപ്പെട്ടു. മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍ സംസ്ഥാന തലസ്ഥാനങ്ങളിലോ ഏതാനും മെട്രോ നഗരങ്ങളിലോ ആയി പരിമിതപ്പെടുത്തിയിരിക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത്, പാവപ്പെട്ട കുടുംബങ്ങള്‍ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് തൊഴില്‍ തേടിയെത്തുമ്പോള്‍, സംസ്ഥാന അതിര്‍ത്തികളില്‍ ഒതുങ്ങുന്ന ആരോഗ്യ പദ്ധതികള്‍ അത്ര പ്രയോജനകരമല്ല. അതുപോലെ, പ്രാഥമികാരോഗ്യവും വലിയ ആശുപത്രികളും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. നമ്മുടെ പരമ്പരാഗത വൈദ്യശാസ്ത്രവും ആധുനിക വൈദ്യശാസ്ത്രവും തമ്മിലുള്ള സമന്വയത്തിന്റെ അഭാവവും ഉണ്ടായിരുന്നു. ഭരണത്തിലെ ഈ പോരായ്മകള്‍ പരിഹരിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ആരോഗ്യ മേഖലയെ പരിവര്‍ത്തനം ചെയ്യുന്നതിന്, ഞങ്ങള്‍ ഒരു ദേശീയ സമീപനം വെച്ചും ഒരു പുതിയ ദേശീയ ആരോഗ്യ നയം വെച്ചും പ്രവര്‍ത്തിച്ചു. 
സ്വച്ഛ് ഭാരത് അഭിയാന്‍, ആയുഷ്മാന്‍ ഭാരത്, ഇപ്പോള്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ തുടങ്ങിയ സംരംഭങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഇതുവരെ, രാജസ്ഥാനിലെ 3.5 ലക്ഷത്തോളം ആളുകള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം സൗജന്യ ചികിത്സ നേടി. നാട്ടിന്‍പുറങ്ങളിലെ ആരോഗ്യ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്ന 2500 ഓളം ആരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് രാജസ്ഥാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രതിരോധ ആരോഗ്യ പരിപാലനത്തിനും ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നു. ഞങ്ങള്‍ ഒരു പുതിയ ആയുഷ് മന്ത്രാലയം സൃഷ്ടിക്കുക മാത്രമല്ല, ആയുര്‍വേദവും യോഗയും ഒരേസമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സഹോദരീ സഹോദരന്മാരെ,
ചികില്‍സാ രംഗത്ത് അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നതിലെ മന്ദഗതിയാണ് മറ്റൊരു പ്രധാന പ്രശ്‌നം. എയിംസ്, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ ശൃംഖല രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ആറ് എയിംസുകളെ അപേക്ഷിച്ച് 22 ലധികം എയിംസുകളുടെ ശക്തമായ ശൃംഖലയിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന് ഇന്ന് നമുക്ക് സംതൃപ്തിയോടെ പറയാന്‍ കഴിയും. ഈ ആറേഴു വര്‍ഷത്തിനിടയില്‍ 170ല്‍ അധികം പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുകയും നൂറിലധികം പുതിയ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയും ചെയ്യുന്നു. 2014 വരെ രാജ്യത്തെ മൊത്തം മെഡിക്കല്‍ ബിരുദ, ബിരുദാനന്തര സീറ്റുകള്‍ 82,000ത്തോളം ആയിരുന്നു. ഇന്ന് ഇത് 1.40 ലക്ഷം സീറ്റുകളിലേക്ക് അടുക്കുകയാണ്. അതായത്, ഇന്ന് കൂടുതല്‍ യുവാക്കള്‍ക്ക് ഡോക്ടര്‍മാരാകാനുള്ള അവസരം ലഭിക്കുന്നു. വൈദ്യശാസ്ത്ര പഠനത്തിന്റെ ഈ ദ്രുതഗതിയിലുള്ള മുന്നേറ്റത്തില്‍ രാജസ്ഥാനും വലിയ നേട്ടം ലഭിച്ചു. ഈ കാലയളവില്‍ രാജസ്ഥാനില്‍ മെഡിക്കല്‍ സീറ്റുകള്‍ ഇരട്ടിയിലധികം വര്‍ദ്ധിച്ചു. യുജി സീറ്റുകള്‍ 2,000ല്‍ നിന്ന് 4,000 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ പിജി സീറ്റുകള്‍ ആയിരത്തില്‍ താഴെയായിരുന്നു, അത് ഉടന്‍ 2100 ആകും.

സഹോദരീ സഹോദരന്മാരെ,
ഇന്ന് എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളേജോ അല്ലെങ്കില്‍ ബിരുദാനന്തര വൈദ്യശാസ്ത്ര പഠനം നല്‍കുന്ന ഒരു സ്ഥാപനമോ എങ്കിലും ഉണ്ടായിരിക്കാന്‍ നാം ശ്രമിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, വൈദ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട ഭരണത്തില്‍ നയങ്ങളും നിയമങ്ങളും സ്ഥാപനങ്ങളും സംബന്ധിച്ചു വലിയ പരിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുന്‍കാല മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ-എംസിഐയുടെ തീരുമാനങ്ങള്‍ എങ്ങനെ ചോദ്യം ചെയ്യപ്പെട്ടുവെന്നും അതിനെതിരെ വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും പാര്‍ലമെന്റ് മണിക്കൂറുകളോളം ചര്‍ച്ച ചെയ്യുന്നതു പണ്ട് നമ്മള്‍ കണ്ടിട്ടുണ്ട്. സുതാര്യതയെക്കുറിച്ചും സംശയമുണ്ടായിരുന്നു. രാജ്യത്തെ വൈദ്യശാസ്ത്ര പഠനത്തിന്റെ ഗുണനിലവാരത്തിലും ആരോഗ്യ സേവനങ്ങളുടെ വിതരണത്തിലും ഇത് വലിയ സ്വാധീനം ചെലുത്തി. വര്‍ഷങ്ങളായി, ഗവണ്‍മെന്റുകള്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ ആലോചിച്ചിരുന്നുവെങ്കിലും അത് നടപ്പായില്ല. ഞാനും ഒരുപാട് വെല്ലുവിളികള്‍ നേരിട്ടു. എന്റെ ആദ്യ ടേമിലും, ഞാന്‍ ആഗ്രഹിച്ചു, പക്ഷേ അത് ചെയ്യാന്‍ കഴിഞ്ഞില്ല. പല ഗ്രൂപ്പുകളും നിരവധി തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. അത് പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് ഒരുപാട് സഹിക്കേണ്ടി വന്നു. ഇപ്പോള്‍ ഈ ക്രമീകരണങ്ങളുടെ ഉത്തരവാദിത്തം ദേശീയ മെഡിക്കല്‍ കമ്മീഷനാണ്. അതിന്റെ പ്രകടമായ ഫലം ഇപ്പോള്‍ രാജ്യത്തിന്റെ ആരോഗ്യ പരിപാലനം, മാനവ വിഭവശേഷി, ആരോഗ്യ സേവനങ്ങള്‍ എന്നിവയില്‍ ദൃശ്യമാണ്.

സുഹൃത്തുക്കളേ,
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആരോഗ്യ സംവിധാനത്തില്‍ ഇന്നത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ ആവശ്യമാണ്. വൈദ്യശാസ്ത്ര പഠനവും ആരോഗ്യ സേവന വിതരണവും തമ്മിലുള്ള അന്തരം തുടര്‍ച്ചയായി നികത്തപ്പെടുന്നു. പുതിയ ഡോക്ടര്‍മാരെയും പാരാമെഡിക്കുകളേയും തയ്യാറാക്കുന്നതില്‍ അവരുടെ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഗവണ്‍മെന്റ് വലിയ സ്വകാര്യ ആശുപത്രികള്‍ക്കും ഗവണ്‍മെന്റ് ആശുപത്രികള്‍ക്കും വളരെയധികം ഊന്നല്‍ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍, മൂന്നു നാല് ദിവസം മുമ്പ് ആരംഭിച്ചു. ഇതു രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതില്‍ വളരെയധികം മുന്നോട്ട് നയിക്കും. നല്ല ആശുപത്രികള്‍, ടെസ്റ്റിംഗ് ലാബുകള്‍, ഫാര്‍മസികള്‍, ഡോക്ടര്‍മാര്‍ എന്നിവരുമായി ഒറ്റ ക്ലിക്കിലൂടെ ബന്ധപ്പെടാന്‍ കഴിയും. രോഗികള്‍ക്ക് അവരുടെ ആരോഗ്യ രേഖകള്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കും.

സഹോദരീ സഹോദരന്മാരെ,
ആരോഗ്യപരിപാലനത്തില്‍ നൈപുണ്യമുള്ള മനുഷ്യശക്തി ഫലപ്രദമായ ആരോഗ്യ സേവനങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നു. ഈ കൊറോണ കാലഘട്ടത്തില്‍ നാം ഇത് കൂടുതല്‍ അനുഭവിച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ 'സൗജന്യ വാക്‌സിന്‍, എല്ലാവര്‍ക്കും വാക്‌സിന്‍' കാമ്പയിനിന്റെ വിജയം ഇതിന്റെ പ്രതിഫലനമാണ്. ഇന്ന്, ഇന്ത്യയില്‍ 88 കോടിയിലധികം ഡോസ് കൊറോണ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. രാജസ്ഥാനിലും 5 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് കേന്ദ്രങ്ങളില്‍ നമ്മുടെ ഡോക്ടര്‍മാരും നഴ്‌സുമാരും മെഡിക്കല്‍ സ്റ്റാഫും നിരന്തരം വാക്‌സിനേഷനില്‍ ഏര്‍പ്പെടുന്നു. വൈദ്യശാസ്ത്ര മേഖലയിലെ ഈ ശേഷി നാം കൂടുതല്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഗ്രാമീണകുടുംബങ്ങളിലും പാവപ്പെട്ട കുടുംബങ്ങളിലുംപെട്ട യുവാക്കള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ മാത്രം വൈദ്യശാസ്ത്ര, സാങ്കേതിക വിദ്യാഭ്യാസം പഠിക്കുന്നത് മറ്റൊരു തടസ്സമായിരുന്നു. ഇപ്പോള്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ ഹിന്ദിയിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും വൈദ്യശാസ്ത്ര പഠനത്തിന് ഒരു അവസരമുണ്ട്.

രാജസ്ഥാനിലെ ഗ്രാമങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിലെ അമ്മമാര്‍ക്ക് അവരുടെ കുട്ടികളെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ഇപ്പോള്‍ എളുപ്പത്തില്‍ നിറവേറും. പാവപ്പെട്ടവരുടെ മക്കളും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിക്കാന്‍ അവസരം ലഭിക്കാത്തവരും ഇപ്പോള്‍ ഡോക്ടര്‍മാരാകുന്നതിലൂടെ മനുഷ്യരാശിയെ സേവിക്കും. വൈദ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട അവസരങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ ലഭ്യമാകേണ്ടതും ആവശ്യമാണ്. വൈദ്യശാസ്ത്ര പഠനത്തില്‍ ഒബിസിക്കാര്‍ക്കും സാമ്പത്തികമായി ദുര്‍ബലരായ പൊതുവിഭാഗത്തിലുള്ള യുവാക്കള്‍ക്കും സംവരണം നല്‍കുന്നതിനു പിന്നിലെ താല്‍പര്യം ഇതാണ്.

സുഹൃത്തുക്കളേ,
സ്വാതന്ത്ര്യത്തിന്റെ ഈ ശ്രദ്ധേയ കാലഘട്ടത്തില്‍, ഉയര്‍ന്ന നൈപുണ്യം ഇന്ത്യയെ ശക്തിപ്പെടുത്തുക മാത്രമല്ല, ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യും. അതിവേഗം വളരുന്ന വ്യവസായങ്ങളിലൊന്നായ പെട്രോ-കെമിക്കല്‍ വ്യവസായത്തിന് കാലഘട്ടത്തിന്റെ ആവശ്യമാണ് നൈപുണ്യമുള്ള മനുഷ്യശക്തി. രാജസ്ഥാനിലെ പുതിയ പെട്രോകെമിക്കല്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഈ മേഖലയില്‍ എല്ലാ വര്‍ഷവും നൂറുകണക്കിന് യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. കൃഷി, ആരോഗ്യ പരിപാലനം, ഓട്ടോമൊബൈല്‍ വ്യവസായം തുടങ്ങി ജീവിതത്തിന്റെ പല മേഖലകളിലും ഇക്കാലത്ത് പെട്രോകെമിക്കലുകളുടെ ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍, ഭാവിയില്‍ വിദഗ്ദ്ധരായ യുവാക്കള്‍ക്കായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

സുഹൃത്തുക്കളേ,
ഇന്ന് നാം ഈ പെട്രോകെമിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുമ്പോള്‍, ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 13-14 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെട്രോളിയം യൂണിവേഴ്‌സിറ്റി എന്ന ആശയവുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ സമയം ഞാന്‍ ഓര്‍ക്കുന്നു. ആ സമയത്ത്, ചിലര്‍ ഈ ആശയം കണ്ട് ചിരിക്കുകയും ഈ സര്‍വകലാശാലയുടെ ആവശ്യത്തെ ചോദ്യം ചെയ്യുകയും ചെയ്തു. അതിന് എന്ത് ചെയ്യാന്‍ കഴിയും, വിദ്യാര്‍ത്ഥികള്‍ എവിടെ നിന്ന് പഠിക്കാന്‍ വരും എന്നതായിരുന്നു പൊതുവായ പല്ലവി. എന്നാല്‍ ഞങ്ങള്‍ ഈ ആശയം ഉപേക്ഷിച്ചില്ല. തലസ്ഥാനമായ ഗാന്ധിനഗറില്‍ ഭൂമി വകയിരുത്തി, പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്‌സിറ്റി (പി.ഡി.പി.യു) ആരംഭിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, പി.ഡി.പി.യു. അതിന്റെ മൂല്യം കാണിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കാന്‍ മത്സരിച്ചു. ഇപ്പോള്‍ ഈ സര്‍വകലാശാലയുടെ കാഴ്ടപ്പാടു കൂടുതല്‍ വിപുലീകരിച്ചു. ഇപ്പോള്‍ ഇത് പണ്ഡിറ്റ് ദീന്‍ദയാല്‍ എനര്‍ജി യൂണിവേഴ്‌സിറ്റി (പി.ഡി.ഇ.യു) എന്നറിയപ്പെടുന്നു. യുവാക്കളുടെ ആവേശം വര്‍ധിപ്പിക്കുന്നതിനും വൈദഗ്ദ്ധ്യം വികസിപ്പിക്കുന്നതിനുമുള്ള നൂതനമായ പരിഹാരങ്ങള്‍ക്ക് അത്തരം സ്ഥാപനങ്ങള്‍ അടിത്തറയിടുകയാണ്.

സുഹൃത്തുക്കളേ,
രാജസ്ഥാന്‍ എണ്ണശുദ്ധീകരണ പദ്ധതി ബാര്‍മറില്‍ അതിവേഗം പുരോഗമിക്കുകയാണ്. ഈ പദ്ധതിയില്‍ 70,000 കോടിയിലധികം രൂപ നിക്ഷേപിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍ ടെക്‌നോളജിയില്‍ നിന്ന് ബിരുദം നേടുന്ന പ്രൊഫഷണലുകള്‍ക്ക് ഈ പദ്ധതി നിരവധി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. രാജസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന സിറ്റി ഗ്യാസ് വിതരണ ജോലികളിലും യുവാക്കള്‍ക്ക് ധാരാളം സാധ്യതകളുണ്ട്. 2014 വരെ, രാജസ്ഥാനിലെ ഒരു നഗരത്തിന് മാത്രമേ ഗ്യാസ് വിതരണത്തിന് അനുമതി ഉണ്ടായിരുന്നുള്ളൂ. ഇന്ന് രാജസ്ഥാനിലെ 17 ജില്ലകള്‍ക്ക് സിറ്റി ഗ്യാസ് വിതരണ ശൃംഖലയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. സമീപഭാവിയില്‍, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൈപ്പ്ഡ് ഗ്യാസ് ശൃംഖല ഉണ്ടാകും.

സഹോദരീ സഹോദരന്മാരെ,
രാജസ്ഥാനിലെ വലിയൊരു ഭാഗം മരുഭൂമിയാണ്, അത് അതിര്‍ത്തി പ്രദേശവുമാണ്. ബുദ്ധിമുട്ടേറിയ ഭൂമിശാസ്ത്രപരമായ അവസ്ഥ കാരണം, നമ്മുടെ അമ്മമാരും സഹോദരിമാരും നിരവധി വെല്ലുവിളികള്‍ നേരിടുന്നു. ഞാന്‍ വര്‍ഷങ്ങളായി രാജസ്ഥാനിലെ വിദൂര പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുകയാണ്. ടോയ്‌ലറ്റ്, വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍ എന്നിവയുടെ അഭാവത്തില്‍ അമ്മമാരും സഹോദരിമാരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഞാന്‍ കണ്ടു. പാവപ്പെട്ടവരില്‍ ടോയ്ലറ്റുകള്‍, വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍ എന്നിവ ലഭ്യമായതിനാല്‍ ഇന്ന് ജീവിതം വളരെ എളുപ്പമായിത്തീര്‍ന്നിരിക്കുന്നു. രാജസ്ഥാനില്‍ കുടിവെള്ളം ഒരു വിധത്തില്‍ അമ്മമാരുടെയും സഹോദരിമാരുടെയും ക്ഷമയുടെ ഒരു പരീക്ഷണമാണ്. ഇപ്പോള്‍ രാജസ്ഥാനിലെ 21 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ജല്‍ ജീവന്‍ മിഷന് കീഴില്‍ പൈപ്പ് വെള്ളം ലഭിക്കാന്‍ തുടങ്ങി. രാജസ്ഥാനിലെ അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും കാലിലെ കുമിളകള്‍ സുഖപ്പെടുത്താനുള്ള ഒരു ചെറിയ ആത്മാര്‍ത്ഥ ശ്രമമാണ് ഹര്‍ ഘര്‍ ജല്‍ അഭിയാന്‍.

സുഹൃത്തുക്കളേ,
രാജസ്ഥാന്റെ വികസനവും ഇന്ത്യയുടെ വികസനത്തിന് ഊര്‍ജ്ജം നല്‍കുന്നു. രാജസ്ഥാനിലെ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ജീവിതം എളുപ്പമാകുന്നത് എനിക്ക് സംതൃപ്തി നല്‍കുന്നു. കഴിഞ്ഞ ആറേഴു വര്‍ഷങ്ങളില്‍, കേന്ദ്രത്തിലെ ഭവന പദ്ധതികളിലൂടെ രാജസ്ഥാനിലെ പാവപ്പെട്ടവര്‍ക്കായി 13 ലക്ഷത്തിലധികം നല്ല വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ രാജസ്ഥാനിലെ 74 ലക്ഷത്തിലധികം കര്‍ഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം 11,000 കോടി രൂപ കൈമാറിയിട്ടുണ്ട്. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പ്രകാരം സംസ്ഥാന കര്‍ഷകര്‍ക്കായി 15,000 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി.

സുഹൃത്തുക്കളേ,
അതിര്‍ത്തി സംസ്ഥാനമായതിനാല്‍, കണക്റ്റിവിറ്റി, അതിര്‍ത്തി പ്രദേശ വികസനം എന്നിവയെ സംബന്ധിച്ചിടത്തോളം രാജസ്ഥാനാണ് മുന്‍ഗണന നല്‍കുന്നത്. ദേശീയപാത നിര്‍മാണം, പുതിയ റെയില്‍വേ ലൈനുകള്‍, സിറ്റി ഗ്യാസ് വിതരണം തുടങ്ങി ഡസന്‍ കണക്കിന് പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്തെ റെയില്‍വേയെ മാറ്റാന്‍ പോകുന്ന സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ ഒരു പ്രധാന ഭാഗം രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നുമാണ്. നിരവധി പുതിയ തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കുന്നു.

സഹോദരീ സഹോദരന്മാരെ,
രാജസ്ഥാന്റെ സാധ്യതകള്‍ രാജ്യത്തിന് മുഴുവന്‍ പ്രചോദനം നല്‍കുന്നു. രാജസ്ഥാന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയും വേണം. നമ്മുടെ എല്ലാവരുടെയും പരിശ്രമത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. എല്ലാവരുടെയും പരിശ്രമങ്ങള്‍ എന്ന മന്ത്രത്തിലൂടെ ഈ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ പുതിയ ഊജ്ജസ്വലതയോടെ നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെ ഈ പുണ്യയുഗം രാജസ്ഥാന്റെ വികസനത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായി മാറണമെന്ന് നാം ആഗ്രഹിക്കുന്നു. ഞാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയപ്പോള്‍, അദ്ദേഹം ജോലികളുടെ ഒരു നീണ്ട പട്ടിക വായിച്ചു.
എന്നെ വളരെയധികം വിശ്വസിച്ചതിന് രാജസ്ഥാന്‍ മുഖ്യമന്ത്രിയോട് ഞാന്‍ നന്ദി പറയുന്നു. ഇത് ഒരു ജനാധിപത്യത്തില്‍ വലിയ ശക്തിയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്നില്‍ നിന്ന് വ്യത്യസ്തമാണ്, പക്ഷേ അശോക് ജി എന്നെ വിശ്വസിക്കുന്നു, അതിനാല്‍, അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ തുറന്ന ഹൃദയത്തോടെ പങ്കുവെച്ചു. ഈ സൗഹൃദവും വിശ്വാസവുമാണ് ജനാധിപത്യത്തിന്റെ വലിയ ശക്തി. രാജസ്ഥാനിലെ ജനങ്ങള്‍ക്ക് ഞാന്‍ ഒരിക്കല്‍ കൂടി എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു.
നന്ദി!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi