Quoteഇന്ന് രാമനാഥസ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ കഴിഞ്ഞതിൽ ഞാൻ അ‌നുഗൃഹീതനാണ്: പ്രധാനമന്ത്രി
Quoteരാമേശ്വരത്തേക്കുള്ള പുതിയ പാമ്പൻ പാലം സാങ്കേതികവിദ്യയും പാരമ്പര്യവും കൂട്ടിയിണക്കുന്നു: പ്രധാനമന്ത്രി
Quoteഇന്ന്, രാജ്യമെമ്പാടും ബൃഹദ് പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്: പ്രധാനമന്ത്രി
Quoteഇന്ത്യയുടെ വളർച്ചയെ നമ്മുടെ നീല സമ്പദ്‌വ്യവസ്ഥ ഗണ്യമായി മുന്നോട്ടുനയിക്കും; ഈ മേഖലയിൽ തമിഴ്‌നാടിന്റെ ശക്തി ലോകത്തിന് കാണാൻ കഴിയും: പ്രധാനമന്ത്രി
Quoteതമിഴ് ഭാഷയും പൈതൃകവും ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ നമ്മുടെ ഗവണ്മെന്റ് നിരന്തരം പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി

വണക്കം!

എന്റെ പ്രിയപ്പെട്ട തമിഴ് സഹോദരീ സഹോദരന്മാരേ!

തമിഴ്‌നാട് ഗവർണർ ശ്രീ ആർ.എൻ. രവി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, ശ്രീ അശ്വിനി വൈഷ്ണവ് ജി, ഡോ. എൽ. മുരുകൻ ജി, തമിഴ്‌നാട് ഗവണ്മെൻ്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റ് വിശിഷ്ടാതിഥികളേ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ!

നമസ്കാരം!

സുഹൃത്തുക്കളേ,

ഇന്ന് രാമനവമിയുടെ ശുഭകരമായ ഉത്സവമാണ്. കുറച്ചു മുമ്പ്, അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിൽ സൂര്യന്റെ ദിവ്യകിരണങ്ങൾ രാമലല്ലയെ തിലകം ചാർത്തി. ശ്രീരാമന്റെ ജീവിതവും അദ്ദേഹത്തിന്റെ രാജ്യത്ത് നിന്ന് ഉരുത്തിരിഞ്ഞ സദ്ഭരണത്തിന്റെ പ്രചോദനവും രാഷ്ട്രനിർമ്മാണത്തിന് ഒരു മികച്ച അടിത്തറയായി വർത്തിക്കുന്നു. ഇന്ന്, രാമനവമിയിൽ, നമുക്കെല്ലാവർക്കും ഒരുമിച്ച് ജപിക്കാം: ജയ് ശ്രീ റാം! ജയ് ശ്രീ റാം! ജയ് ശ്രീ റാം! തമിഴ്‌നാട്ടിലെ സംഘകാല സാഹിത്യത്തിൽ പോലും ശ്രീരാമനെക്കുറിച്ച് പരാമർശങ്ങളുണ്ട്. ഈ പുണ്യഭൂമിയായ രാമേശ്വരത്ത് നിന്നുള്ള എന്റെ എല്ലാ സഹപൗരന്മാർക്കും എന്റെ ഹൃദയംഗമമായ രാമനവമി ആശംസകൾ നേരുന്നു.

സുഹൃത്തുക്കളേ,

ഇന്ന് രാമനാഥസ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ കഴിഞ്ഞത് ഞാൻ ഭാഗ്യമായി കരുതുന്നു. ഈ പ്രത്യേക ദിനത്തിൽ, എണ്ണായിരത്തി മുന്നൂറ് കോടി രൂപയുടെ വികസന പദ്ധതികൾ കൈമാറാൻ എനിക്ക് അവസരം ലഭിച്ചു. ഈ റെയിൽ, റോഡ് പദ്ധതികൾ തമിഴ്‌നാട്ടിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. ഈ പദ്ധതികൾക്ക് തമിഴ്‌നാട്ടിലെ എന്റെ സഹോദരീ സഹോദരന്മാരെ ഞാൻ അഭിനന്ദിക്കുന്നു.

 

|

സുഹൃത്തുക്കളേ,

ഭാരതരത്ന ഡോ. കലാമിന്റെ നാടാണിത്. ശാസ്ത്രവും ആത്മീയതയും പരസ്പരം പൂരകമാണെന്ന് അദ്ദേഹത്തിന്റെ ജീവിതം നമുക്ക് കാണിച്ചുതന്നു. അതുപോലെ, രാമേശ്വരത്തേക്കുള്ള പുതിയ പാമ്പൻ പാലം സാങ്കേതികവിദ്യയെയും പാരമ്പര്യത്തെയും ഒരുമിച്ച് കൊണ്ടുവരുന്നു. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു പട്ടണത്തെ 21-ാം നൂറ്റാണ്ടിലെ ഒരു എഞ്ചിനീയറിംഗ് വിസ്മയം ബന്ധിപ്പിക്കുന്നു. നമ്മുടെ എഞ്ചിനീയർമാരുടെയും തൊഴിലാളികളുടെയും കഠിനാധ്വാനത്തിന് ഞാൻ നന്ദി പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽ പാലമാണിത്. വലിയ കപ്പലുകൾക്ക് ഇതിനടിയിലൂടെ സഞ്ചരിക്കാൻ കഴിയും. ട്രെയിനുകൾക്കും ഇതിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. കുറച്ച് മുമ്പ് ഞാൻ ഒരു പുതിയ ട്രെയിൻ സർവീസും ഒരു കപ്പലും ഫ്ലാഗ് ഓഫ് ചെയ്തു. ഈ പദ്ധതിക്ക് തമിഴ്‌നാട്ടിലെ ജനങ്ങളെ വീണ്ടും ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

പതിറ്റാണ്ടുകളായി ഈ പാലത്തിനായുള്ള ആവശ്യം ഉയർന്നിരുന്നു. നിങ്ങളുടെ അനുഗ്രഹത്താൽ, ഈ പണി പൂർത്തിയാക്കാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചു. പാമ്പൻ പാലം വ്യാപാരം സുഗമമാക്കുന്നതിനും യാത്ര എളുപ്പമാക്കുന്നതിനും സഹായിക്കുന്നു. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ഇത് നല്ല സ്വാധീനം ചെലുത്തും. പുതിയ ട്രെയിൻ സർവീസ് രാമേശ്വരത്ത് നിന്ന് ചെന്നൈയിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. ഇത് തമിഴ്‌നാട്ടിലെ വ്യാപാരത്തിനും ടൂറിസത്തിനും ഗുണം ചെയ്യും. യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങളും ബിസിനസ് അവസരങ്ങളും സൃഷ്ടിക്കപ്പെടും.

സുഹൃത്തുക്കളേ,

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഭാരതം അതിന്റെ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കി. ഈ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ഒരു പ്രധാന കാരണം നമ്മുടെ ലോകോത്തര ആധുനിക അടിസ്ഥാന സൗകര്യങ്ങളാണ്. കഴിഞ്ഞ ദശകത്തിൽ, റെയിൽവേ, റോഡുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, വൈദ്യുതി, വെള്ളം, ഗ്യാസ് പൈപ്പ്‌ലൈനുകൾ എന്നിവയ്ക്കുള്ള ബജറ്റ് ഏകദേശം ആറ് മടങ്ങ് വർദ്ധിപ്പിച്ചു. ഇന്ന്, വൻ പദ്ധതികളിൽ രാജ്യം അതിവേഗ പുരോഗതി കൈവരിക്കുന്നു. വടക്കൻ മേഖലയിലേക്ക് നോക്കുകയാണെങ്കിൽ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലങ്ങളിലൊന്നായ ചെനാബ് പാലം ജമ്മു-കാശ്മീരിലാണ് നിർമ്മിച്ചിരിക്കുന്നത്. പടിഞ്ഞാറൻ മേഖലയിൽ,മുംബൈയിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലമായ അടൽ സേതു നിർമ്മിച്ചിരിക്കുന്നു. കിഴക്കൻ മേഖലയിൽ, അസമിലെ ബോഗിബീൽ പാലം ഒരു നാഴികക്കല്ലായി നിലകൊള്ളുന്നു. തെക്കൻ മേഖലയിൽ, ലോകത്തിലെ ചുരുക്കം ചില വെർട്ടിക്കൽ ലിഫ്റ്റ് പാലങ്ങളിൽ ഒന്നായ പാമ്പൻ പാലം പൂർത്തിയായി. അതുപോലെ, കിഴക്കൻ, പടിഞ്ഞാറൻ സമർപ്പിത ചരക്ക് ഇടനാഴികളും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന്റെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് തുടങ്ങിയ ആധുനിക ട്രെയിനുകൾ റെയിൽവേ ശൃംഖലയെ കൂടുതൽ വികസിതമാക്കുന്നു.

 

|

സുഹൃത്തുക്കളേ,

ഭാരതത്തിലെ ഓരോ പ്രദേശവും നന്നായി ബന്ധപ്പെട്ടിരിക്കുമ്പോൾ, ഒരു വികസിത രാഷ്ട്രമാകാനുള്ള പാത കൂടുതൽ ശക്തമാകുന്നു. ലോകമെമ്പാടുമുള്ള എല്ലാ വികസിത രാജ്യങ്ങളിലും വികസിത പ്രദേശങ്ങളിലും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന്, ഭാരതത്തിലെ ഓരോ സംസ്ഥാനവും കൂടുതൽ പരസ്പരം ബന്ധപ്പെട്ടിരിക്കുമ്പോൾ, മുഴുവൻ രാജ്യത്തിന്റെയും യഥാർത്ഥ സാധ്യതകൾ തുറക്കപ്പെടുന്നു. ഈ പുരോഗതി നമ്മുടെ തമിഴ്‌നാട് ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ മേഖലകൾക്കും പ്രയോജനം ചെയ്യുന്നു.

സുഹൃത്തുക്കളേ,

വികസിത ഭാരതം (വികസിത ഇന്ത്യ) എന്നതിലേക്കുള്ള യാത്രയിൽ തമിഴ്‌നാടിന് നിർണായക പങ്കുണ്ട്. തമിഴ്‌നാട് കൂടുതൽ ശക്തമാകുന്തോറും ഭാരതത്തിന്റെ വളർച്ചയും വേഗത്തിലാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, കേന്ദ്ര ഗവണ്മെൻ്റിൽ നിന്ന് തമിഴ്‌നാടിന് അനുവദിച്ച ഫണ്ട് 2014 ന് മുമ്പുള്ളതിനേക്കാൾ മൂന്നിരട്ടി കൂടുതലാണ്. മോദി ഗവണ്മെൻ്റ് തമിഴ്‌നാടിന് നൽകിയ തുക ഐഎൻഡിഐ സഖ്യം അധികാരത്തിലിരുന്നപ്പോൾ നൽകിയതിനേക്കാൾ മൂന്നിരട്ടിയാണ്, ഡിഎംകെ ആ ഗവണ്മെൻ്റിൻ്റെ ഭാഗമായിരുന്നു. ഇത് തമിഴ്‌നാടിന്റെ സാമ്പത്തിക, വ്യാവസായിക വളർച്ചയെ വളരെയധികം വർദ്ധിപ്പിച്ചു.

സുഹൃത്തുക്കളേ,

തമിഴ്‌നാടിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യാ ഗവണ്മെൻ്റിൻ്റെ മുൻ‌ഗണനയാണ്. കഴിഞ്ഞ ദശകത്തിൽ, തമിഴ്‌നാടിന്റെ റെയിൽവേ ബജറ്റ് ഏഴ് മടങ്ങ് വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, ചില ആളുകൾക്ക് കാരണമില്ലാതെ പരാതിപ്പെടുന്ന ഒരു ശീലമുണ്ട് - അവർ കാരണമില്ലാതെ കരയുന്നു. 2014 ന് മുമ്പ്, തമിഴ്‌നാട്ടിലെ റെയിൽവേ പദ്ധതികൾക്കുള്ള വാർഷിക വിഹിതം 900 കോടി രൂപ മാത്രമായിരുന്നു. ആ സമയത്ത് ഐഎൻഡിഐ  സഖ്യത്തിന്റെ ചുമതല വഹിച്ചിരുന്നത് ആരാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്നാൽ ഈ വർഷം, തമിഴ്‌നാടിന്റെ റെയിൽവേ ബജറ്റ് 6,000 കോടി രൂപ കവിഞ്ഞു. രാമേശ്വരം സ്റ്റേഷൻ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള 77 റെയിൽവേ സ്റ്റേഷനുകളും കേന്ദ്ര ഗവണ്മെൻ്റ് നവീകരിക്കുന്നു.

 

|

സുഹൃത്തുക്കളേ,

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന പ്രകാരം ഗ്രാമീണ റോഡുകളിലും ഹൈവേകളിലും വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. കേന്ദ്ര ഗവണ്മെൻ്റിൻ്റെ സഹായത്തോടെ, 2014 മുതൽ തമിഴ്‌നാട്ടിൽ 4,000 കിലോമീറ്റർ റോഡുകൾ നിർമ്മിച്ചു. ചെന്നൈ തുറമുഖത്തെ ബന്ധിപ്പിക്കുന്ന എലിവേറ്റഡ് ഇടനാഴി ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ ഒരു അത്ഭുതമായിരിക്കും. ഇന്ന്, ഏകദേശം 8,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ആരംഭിക്കുകയും ചെയ്തു. ഈ പദ്ധതികൾ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലുടനീളം കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ആന്ധ്രാപ്രദേശുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും.

സുഹൃത്തുക്കളെ,

ചെന്നൈ മെട്രോ പോലുള്ള ആധുനിക പൊതുഗതാഗത സംവിധാനങ്ങൾ തമിഴ്‌നാട്ടിൽ യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നു. ഇത്രയധികം അടിസ്ഥാന സൗകര്യ പദ്ധതികൾ വികസിപ്പിക്കുമ്പോൾ, അവ ഒന്നിലധികം മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് നാം ഓർക്കണം. ഈ പദ്ധതികൾ നമ്മുടെ യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറക്കുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തിൽ, ഭാരതം സാമൂഹിക അടിസ്ഥാന സൗകര്യങ്ങളിൽ റെക്കോർഡ് നിക്ഷേപം നടത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ദശലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നതിൽ ഞാൻ സന്തോഷിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ, രാജ്യത്തുടനീളമുള്ള ദരിദ്ര കുടുംബങ്ങൾക്ക് 4 കോടിയിലധികം പക്കാ (അടച്ചുറപ്പുള്ള) വീടുകൾ നൽകി. പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം, തമിഴ്‌നാട്ടിലെ എന്റെ ദരിദ്ര കുടുംബങ്ങൾക്ക് 12 ലക്ഷത്തിലധികം പക്കാ വീടുകൾ നൽകി. കഴിഞ്ഞ 10 വർഷത്തിനിടെ, ഏകദേശം 12 കോടി ഗ്രാമീണ കുടുംബങ്ങൾക്ക് ആദ്യമായി പൈപ്പ് ജല കണക്ഷൻ ലഭിച്ചു. ഇതിൽ എന്റെ തമിഴ്‌നാട്ടിലെ 1 കോടി 11 ലക്ഷം കുടുംബങ്ങളും ഉൾപ്പെടുന്നു. പൈപ്പ് വെള്ളം ആദ്യമായി അവരുടെ വീടുകളിൽ എത്തി. തമിഴ്‌നാട്ടിലെ അമ്മമാർക്കും സഹോദരിമാർക്കും ഇത് വലിയ ആശ്വാസമായി.


സുഹൃത്തുക്കളേ,

നമ്മുടെ പൗരന്മാർക്ക് ഗുണനിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം നൽകുക എന്നത് നമ്മുടെ ഗവൺമെന്റിന്റെ പ്രതിബദ്ധതയാണ്. ആയുഷ്മാൻ ഭാരത് യോജനയുടെ സ്വാധീനം നോക്കൂ - ഈ പദ്ധതി പ്രകാരം, തമിഴ്‌നാട്ടിൽ ഇതിനകം ഒരു കോടിയിലധികം ചികിത്സകൾ നൽകിയിട്ടുണ്ട്. ഇതിലൂടെ തമിഴ്‌നാട്ടിലെ കുടുംബങ്ങൾക്ക് 8,000 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞു - അല്ലാത്തപക്ഷം അവരുടെ പോക്കറ്റിൽ നിന്ന് ഈ പണം ചെലവഴിക്കേണ്ടിവരുമായിരുന്നു. എന്റെ തമിഴ്‌നാട്ടിലെ സഹോദരീ സഹോദരന്മാരുടെ പോക്കറ്റിൽ 8,000 കോടി രൂപ നിലനിൽക്കുന്നു എന്നത് ഒരു വലിയ കണക്കാണ്. തമിഴ്‌നാട്ടിലും 1,400-ലധികം ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്, അവിടെ മരുന്നുകൾ 80% കിഴിവിൽ ലഭ്യമാണ്. താങ്ങാനാവുന്ന ഈ മരുന്നുകൾ കാരണം, തമിഴ്‌നാട്ടിലെ എന്റെ സഹോദരീസഹോദരന്മാർ ആരോഗ്യ ചെലവുകളിൽ 700 കോടി രൂപ ലാഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ എന്റെ തമിഴ്‌നാട്ടിലെ സഹോദരീസഹോദരന്മാരോട് അഭ്യർത്ഥിക്കുന്നത് - നിങ്ങൾക്ക് മരുന്നുകൾ വാങ്ങണമെങ്കിൽ, എല്ലായ്പ്പോഴും ഒരു ജൻ ഔഷധി കേന്ദ്രം സന്ദർശിക്കുക. ഇവിടെ, മറ്റിടങ്ങളിൽ ഒരു രൂപ വിലയുള്ള മരുന്നുകൾ വെറും 20, 25, അല്ലെങ്കിൽ 30 പൈസയ്ക്ക് വാങ്ങാം.

 

|

സുഹൃത്തുക്കളേ,

ഇന്ത്യയിലെ യുവജനങ്ങൾക്ക് ഇനി ഡോക്ടറാകാൻ വിദേശത്തേക്ക് പോകേണ്ടതില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ്‌നാട്ടിന് 11 പുതിയ മെഡിക്കൽ കോളേജുകൾ ലഭിച്ചു.

സുഹൃത്തുക്കളേ,

രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങൾ പ്രാദേശിക ഭാഷകളിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ, ഇംഗ്ലീഷ് പഠിച്ചിട്ടില്ലാത്ത ഏറ്റവും ദരിദ്രരായ അമ്മമാരുടെ കുട്ടികൾക്കുപോലും ഡോക്ടറാകാം. പിന്നാക്ക കുടുംബങ്ങളിലെ കുട്ടികൾക്കുപോലും ഡോക്ടറാകാനുള്ള അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുന്ന തരത്തിൽ തമിഴിൽ മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കണമെന്ന് ഞാൻ തമിഴ്‌നാട് ഗവണ്മെൻ്റിനോട് അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളേ,

നികുതിദായകരുടെ ഓരോ രൂപയും ഏറ്റവും ദരിദ്രരായ പൗരന്മാർക്ക് പോലും പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക - ഇതാണ് നല്ല ഭരണത്തിന്റെ സത്ത. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം, തമിഴ്‌നാട്ടിലെ ചെറുകിട കർഷകർക്ക് ഏകദേശം 12,000 കോടി രൂപ ലഭിച്ചു. കൂടാതെ, പ്രധാനമന്ത്രി ഫസൽ ബീമ യോജന പ്രകാരം തമിഴ്‌നാട്ടിലെ കർഷകർക്ക് 14,800 കോടി രൂപയുടെ ക്ലെയിമുകളും ലഭിച്ചു.


സുഹൃത്തുക്കളേ,

ഭാരതത്തിന്റെ വളർച്ചയെ പ്രധാനമായും നയിക്കുന്നത് നമ്മുടെ നീല സമ്പദ്‌വ്യവസ്ഥയായിരിക്കും, ഈ മേഖലയിൽ തമിഴ്‌നാടിന്റെ ശക്തി ലോകത്തിന് കാണാൻ കഴിയും. തമിഴ്‌നാട്ടിലെ മത്സ്യബന്ധന സമൂഹം അവിശ്വസനീയമാംവിധം കഠിനാധ്വാനികളാണ്. തമിഴ്‌നാടിന്റെ മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്, കേന്ദ്ര ഗവണ്മെൻ്റ് സംസ്ഥാനത്തിന് പൂർണ്ണ പിന്തുണ നൽകുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പ്രകാരം തമിഴ്‌നാടിന് നൂറുകണക്കിന് കോടി രൂപ ലഭിച്ചു. മത്സ്യത്തൊഴിലാളികൾക്ക് പരമാവധി ആധുനിക സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് കടൽപ്പായൽ പാർക്കുകളോ, മത്സ്യബന്ധന തുറമുഖങ്ങളോ, ലാൻഡിംഗ് സെന്ററുകളോ ആകട്ടെ, കേന്ദ്ര ഗവണ്മെൻ്റ് കോടിക്കണക്കിന് രൂപ നിക്ഷേപിക്കുന്നു. നിങ്ങളുടെ സുരക്ഷയും ക്ഷേമവും ഞങ്ങൾ വളരെയധികം ശ്രദ്ധിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യാ ഗവണ്മെൻ്റ് മത്സ്യത്തൊഴിലാളികൾക്കൊപ്പം ഉറച്ചുനിൽക്കുന്നു. ഇന്ത്യൻ ഗവണ്മെൻ്റിന്റെ ശ്രമങ്ങൾ കാരണം, കഴിഞ്ഞ 10 വർഷത്തിനിടെ 3,700-ലധികം മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയിൽ നിന്ന് സുരക്ഷിതമായി തിരികെ കൊണ്ടുവന്നു. ഇതിൽ 600-ലധികം മത്സ്യത്തൊഴിലാളികളെ കഴിഞ്ഞ വർഷം മാത്രം മോചിപ്പിച്ചു. നമ്മുടെ ചില മത്സ്യത്തൊഴിലാളികൾക്ക് വധശിക്ഷ വിധിക്കപ്പെട്ടത് നിങ്ങൾ ഓർക്കുന്നുണ്ടാകും. എന്നാൽ അവരെ ജീവനോടെ തിരികെ കൊണ്ടുവന്ന് ഭാരതത്തിലെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാൻ ഞങ്ങൾ അക്ഷീണം പ്രയത്നിച്ചു.


സുഹൃത്തുക്കളേ,

ഇന്ന് ലോകത്തിന് ഭാരതത്തോടുള്ള ആകർഷണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതത്തെ അറിയാനും മനസ്സിലാക്കാനും ആളുകൾ എക്കാലത്തേക്കാളും ആഗ്രഹിക്കുന്നു. നമ്മുടെ സമ്പന്നമായ സംസ്കാരവും സോഫ്റ്റ് പവറും ഇതിന് ഒരു പ്രധാന കാരണമാണ്. തമിഴ് ഭാഷയും പൈതൃകവും ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഗവണ്മെൻ്റ് തുടർച്ചയായ ശ്രമങ്ങൾ നടത്തിവരികയാണ്. ചിലപ്പോൾ, തമിഴ്‌നാട്ടിലെ ചില നേതാക്കളിൽ നിന്ന് എനിക്ക് കത്തുകൾ ലഭിക്കുമ്പോൾ ഞാൻ അത്ഭുതപ്പെടുന്നു - ഒരാൾ പോലും തമിഴിൽ പേരെഴുതുന്നില്ല! തമിഴ് അഭിമാനകരമായ കാര്യമാണ്, ഈ മഹത്തായ ഭാഷയെ ബഹുമാനിക്കാൻ എല്ലാവരും കുറഞ്ഞത് തമിഴിൽ പേരെഴുതണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. 21-ാം നൂറ്റാണ്ടിലും ഈ മഹത്തായ പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. രാമേശ്വരത്തിന്റെയും തമിഴ്‌നാടിന്റെയും പുണ്യഭൂമി നമ്മെ പ്രചോദിപ്പിക്കുകയും ഊർജ്ജസ്വലമാക്കുകയും ചെയ്യുമെന്നതിൽ എനിക്ക് സംശയമില്ല. ഇന്നത്തെ അത്ഭുതകരമായ യാദൃശ്ചികത നോക്കൂ. രാമനവമിയുടെ ശുഭകരമായ അവസരമാണിത്. നമ്മൾ രാമേശ്വരം എന്ന പുണ്യഭൂമിയിലാണ്. ഇന്ന്, പുതിയ പാമ്പൻ പാലം ഉദ്ഘാടനം ചെയ്തു. നൂറു വർഷങ്ങൾക്ക് മുമ്പ്, ഗുജറാത്തിൽ ജനിച്ച ഒരാളാണ് പഴയ പാമ്പൻ പാലം നിർമ്മിച്ചത്. ഇന്ന് വീണ്ടും, 100 വർഷങ്ങൾക്ക് ശേഷം, പുതിയ പാമ്പൻ പാലം ഗുജറാത്തിൽ ജനിച്ച ഒരാൾ ഉദ്ഘാടനം ചെയ്തിരിക്കുന്നു.

 

|

സുഹൃത്തുക്കളേ,

രാമനവമിയുടെ ഈ ശുഭകരമായ വേളയിൽ, രാമേശ്വരം എന്ന പുണ്യഭൂമിയിൽ നമ്മൾ നിൽക്കുമ്പോൾ, എനിക്ക് അത്യധികം വൈകാരികമായ ഒരു നിമിഷമാണിത്. ഇന്ന് ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) സ്ഥാപക ദിനമാണ്. നമ്മൾ ലക്ഷ്യമിടുന്ന ശക്തവും, സമൃദ്ധവും, വികസിതവുമായ ഒരു ഭാരതം എന്ന ദർശനം ഓരോ ബിജെപി പ്രവർത്തകന്റെയും അക്ഷീണ പരിശ്രമത്താൽ നയിക്കപ്പെടുന്നു. മൂന്ന് നാല് തലമുറകൾ വരെ ഭാരതമാതാവിനെ സേവിക്കുന്നതിനായി ജീവിതം സമർപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ ആദർശങ്ങളും ദശലക്ഷക്കണക്കിന് ബിജെപി കാര്യകർത്താക്കളുടെ (പ്രവർത്തകരുടെ) കഠിനാധ്വാനവും ഇന്ന് രാജ്യത്തെ സേവിക്കാൻ നമുക്ക് അവസരം നൽകിയിട്ടുണ്ട് എന്നത് എനിക്ക് വളരെയധികം അഭിമാനകരമാണ്. ബിജെപി നേതൃത്വത്തിലുള്ള ഗവണ്മെൻ്റുകളുടെ സദ്ഭരണം രാജ്യത്തെ ജനങ്ങൾ കാണുന്നു. ദേശീയ താൽപ്പര്യത്തിനായി എടുത്ത ധീരമായ തീരുമാനങ്ങൾക്ക് അവർ സാക്ഷ്യം വഹിക്കുന്നു, ഓരോ ഇന്ത്യക്കാരനും അഭിമാനബോധം തോന്നുന്നു. എല്ലാ സംസ്ഥാനങ്ങളിലും, രാജ്യത്തിന്റെ എല്ലാ കോണുകളിലും, ബിജെപി പ്രവർത്തകർ ജനങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു, അടിസ്ഥാനപരമായി പ്രവർത്തിക്കുകയും ദരിദ്രരെ സേവിക്കുകയും ചെയ്യുന്നു. അവരുടെ സമർപ്പണം കാണുമ്പോൾ എനിക്ക് അതിയായ അഭിമാനം തോന്നുന്നു. ദശലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർക്ക് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുകയും അവർക്ക് എന്റെ ആശംസകൾ നേരുകയും ചെയ്യുന്നു. തമിഴ്‌നാട്ടിലെ ഈ വികസന പദ്ധതികൾക്ക് നിങ്ങളെയെല്ലാം ഞാൻ വീണ്ടും അഭിനന്ദിക്കുന്നു!

 

|

നന്ദി! വണക്കം! വീണ്ടും കാണാം!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian banks outperform global peers in digital transition, daily services

Media Coverage

Indian banks outperform global peers in digital transition, daily services
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഏപ്രിൽ 24
April 24, 2025

Citizens Appreciate PM Modi's Leadership: Driving India's Growth and Innovation