ഹര്‍ ഹര്‍ മഹാദേവ്!
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, വേദിയിലുള്ള യുപി മന്ത്രിമാരെ, പ്രതിനിധികളെ, കായിക ലോകത്തെ വിശിഷ്ടാതിഥികളെ, കാശിയില്‍ നിന്നുള്ള എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ!
ഒരിക്കല്‍ കൂടി വാരണാസിയില്‍ വരാന്‍ അവസരം ലഭിച്ചിരിക്കുന്നു. വാരണാസിയില്‍ ആയിരിക്കുന്നതിന്റെ സന്തോഷം വിശദീകരിക്കാന്‍ എറെ ബുദ്ധിമുട്ടാണ്. ഒരിക്കല്‍ കൂടി പറയുന്നതില്‍ എന്നോടൊപ്പം ചേരൂ... ഓം നമഃ പാര്‍വതി പതയേ, ഹര്‍-ഹര്‍ മഹാദേവ്! ചന്ദ്രോപരിതലത്തിലെ ശിവശക്തി പോയിന്റില്‍ ഭാരതം എത്തി ഒരു മാസം തികയുന്ന ദിവസമാണ് ഞാന്‍ ഇന്ന് കാശിയിലെത്തിയത്. കഴിഞ്ഞ മാസം 23ന് നമ്മുടെ ചന്ദ്രയാന്‍ ഇറങ്ങിയ സ്ഥലമാണ് ശിവശക്തി. ഒരു ശിവശക്തി ചന്ദ്രനിലുണ്ട്, മറ്റേ ശിവശക്തി ഇവിടെ എന്റെ കാശിയിലാണ്. ഇന്ന്, ആ ശിവശക്തിയുടെ സ്ഥാനത്ത് ഭാരതം നേടിയ വിജയത്തിന് ഈ ശിവശക്തിയുടെ സ്ഥലത്ത് നിന്ന് ഒരിക്കല്‍ കൂടി ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ഇന്ന് നമ്മളെല്ലാവരും ഒത്തുകൂടിയ സ്ഥലം ഒരു പുണ്യസ്ഥലം പോലെയാണ്. മാതാ വിന്ധ്യവാസിനിയുടെ വസതിയെയും കാശി നഗരത്തെയും ബന്ധിപ്പിക്കുന്ന ഒരു ക്യാമ്പാണ് ഈ സ്ഥലം. ഭാരതത്തിന്റെ ജനാധിപത്യത്തിലെ പ്രമുഖനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജ് നരേന്‍ ജിയുടെ മോത്തി കോട്ട് ഗ്രാമം ഇവിടെ നിന്ന് വളരെ അകലെയല്ല. ഈ നാടിനെയും രാജ് നരേന്‍ ജിയുടെ ജന്മസ്ഥലത്തെയും ഞാന്‍ ആദരവോടെ നമിക്കുന്നു.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ഇന്ന് കാശിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ടു. ഈ സ്റ്റേഡിയം വാരണാസിക്ക് മാത്രമല്ല, പൂര്‍വാഞ്ചലിലെ യുവാക്കള്‍ക്കും അനുഗ്രഹമാകും. ഈ സ്റ്റേഡിയം പൂര്‍ത്തിയാകുമ്പോള്‍ 30,000-ത്തിലധികം പേര്‍ക്ക് ഒരുമിച്ച് മത്സരങ്ങള്‍ കാണാനാകും. ഈ സ്റ്റേഡിയത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത് മുതല്‍ കാശിയിലെ ഓരോ വ്യക്തിയും ആഹ്ലാദത്തിലാണെന്ന് എനിക്കറിയാം. മഹാദേവന്റെ നഗരത്തില്‍, ഈ സ്റ്റേഡിയം അതിന്റെ രൂപകല്പനയുടെ പേരിലും ഊര്‍ജത്തിന്റെ പേരിലും മഹാദേവനു സമര്‍പ്പിച്ചിരിക്കുന്നു. ഇത് ക്രിക്കറ്റ് മത്സരങ്ങള്‍ക്കു മാത്രമല്ല, പ്രാദേശിക യുവ കളിക്കാര്‍ക്ക് അന്താരാഷ്ട്ര തലത്തിലുള്ള സ്റ്റേഡിയത്തില്‍ പരിശീലനത്തിനുള്ള അവസരവും നല്‍കും. ഇത് എന്റെ കാശിക്ക് വളരെയധികം ഗുണം ചെയ്യും.
എന്റെ കുടുംബാംഗങ്ങളെ,
ലോകം ഇന്ന് ക്രിക്കറ്റിലൂടെ ഭാരതവുമായി ബന്ധപ്പെടുകയാണ്. ക്രിക്കറ്റ് കളിക്കാന്‍ പുതിയ രാജ്യങ്ങള്‍ ഉയര്‍ന്നുവരുന്നു, വരും ദിവസങ്ങളില്‍ ക്രിക്കറ്റ് മത്സരങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് വ്യക്തമാണ്. ക്രിക്കറ്റ് മത്സരങ്ങള്‍ കൂടുന്നതിനനുസരിച്ച് പുതിയ സ്റ്റേഡിയങ്ങളുടെ ആവശ്യം വരും. ബനാറസിലെ ഈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ആ ആവശ്യം നിറവേറ്റും, കൂടാതെ അത് പൂര്‍വാഞ്ചല്‍ മേഖലയുടെയാകെ താരമായി തിളങ്ങാന്‍ പോകുന്നു. നിര്‍മ്മാണത്തില്‍ ബിസിസിഐയുടെ ഗണ്യമായ പിന്തുണയുള്ള ഉത്തര്‍പ്രദേശിലെ ആദ്യ സ്റ്റേഡിയമാണിത്. കാശിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമെന്ന നിലയിലും നിങ്ങളുടെ പ്രതിനിധി എന്ന നിലയിലും ഞാന്‍ ബിസിസിഐ ഭാരവാഹികളോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
എന്റെ കുടുംബാംഗങ്ങളെ,
സ്പോര്‍ട്സ് അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയും ഈ വലിപ്പത്തിലുള്ള ഒരു സ്റ്റേഡിയം നിര്‍മ്മിക്കുകയും ചെയ്യുമ്പോള്‍, അത് സ്പോര്‍ട്സില്‍ മാത്രമല്ല, പ്രാദേശിക സമ്പദ്വ്യവസ്ഥയിലും നല്ല സ്വാധീനം ചെലുത്തുന്നു. ഇത്തരം വലിയ കായിക കേന്ദ്രങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ അവയില്‍ വലിയ കായിക മത്സരങ്ങള്‍ നടക്കും. വലിയ കായിക മത്സരങ്ങള്‍ നടക്കുമ്പോള്‍ കാണികളും കളിക്കാരും ധാരാളമായി ഉണ്ടാകും. ഇത് ഹോട്ടല്‍ ഉടമകള്‍ക്കും ചെറുതും വലുതുമായ ഭക്ഷണ വ്യാപാരികള്‍, റിക്ഷ-ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍, ബോട്ട് ഓടിക്കുന്നവര്‍ എന്നിവര്‍ക്കും ഗുണം ചെയ്യും. ഇത്രയും വലിയ സ്റ്റേഡിയത്തിന് നന്ദി; സ്പോര്‍ട്സ് മാനേജ്മെന്റ് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ നല്‍കുന്ന പുതിയ സ്പോര്‍ട്സ് കോച്ചിംഗ് സെന്ററുകള്‍ തുറക്കപ്പെടുന്നതിന് ഇതു സഹായകമാകും. ബനാറസിലെ നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഇപ്പോള്‍ പുതിയ സ്‌പോര്‍ട്‌സ് സ്റ്റാര്‍ട്ടപ്പുകളിലെ കരിയര്‍ പരിഗണിക്കാം. ഫിസിയോതെറാപ്പി ഉള്‍പ്പെടെ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകള്‍ ആരംഭിക്കും, കൂടാതെ കാര്യമായ കായിക വ്യവസായവും വാരണാസിയില്‍ വരും.
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
എല്ലാ സമയത്തും കളിക്കുന്നതിനു മക്കളെ രക്ഷിതാക്കള്‍ ശകാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവര്‍ എന്നേക്കും സ്‌പോര്‍ട്‌സില്‍ മുഴുകിയിരിക്കുയാണെങ്കില്‍ പഠിക്കുമോ എന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെട്ടിരുന്നു. കുട്ടികള്‍ ഇതൊക്കെ എപ്പോഴും കേട്ടുകൊണ്ടിരുന്നു. എന്നാല്‍, സമൂഹത്തിന്റെ കാഴ്ചപ്പാട് ഇപ്പോള്‍ മാറിയിരിക്കുന്നു. കുട്ടികള്‍ എപ്പോഴും സ്‌പോര്‍ട്‌സിനെക്കുറിച്ച് ഗൗരവമുള്ളവരായിരുന്നു, ഇപ്പോള്‍ മാതാപിതാക്കളും സ്‌പോര്‍ട്‌സിനെ ഗൗരവമായി കാണുന്നു. ആരു കളിച്ചാലും തിളങ്ങും എന്ന നിലയിലേക്ക് നാടിന്റെ അവസ്ഥ മാറിയിരിക്കുന്നു.
സുഹൃത്തുക്കളെ,
ഏകദേശം ഒന്നോ രണ്ടോ മാസം മുമ്പ്, ഞാന്‍ മധ്യപ്രദേശിലെ ഒരു ആദിവാസി മേഖല സന്ദര്‍ശിച്ചു. അവിടെ എനിക്ക് ചില യുവാക്കളെ കാണാന്‍ അവസരം ലഭിച്ചു. അവിടത്തെ അന്തരീക്ഷവും അവരുടെ വാക്കുകളും എന്നെ ശരിക്കും ആകര്‍ഷിച്ചു. ഇത് ഞങ്ങളുടെ മിനി ബ്രസീല്‍ ആണെന്ന് ചെറുപ്പക്കാര്‍ എന്നോട് പറഞ്ഞു. ഇത് എങ്ങനെ ഒരു മിനി ബ്രസീല്‍ ആണെന്ന് ഞാന്‍ അവരോട് ചോദിച്ചു, അവരുടെ ഗ്രാമത്തില്‍ എല്ലാ വീട്ടിലും ഒരു ഫുട്‌ബോള്‍ കളിക്കാരനുണ്ടെന്ന് അവര്‍ മറുപടി നല്‍കി. തങ്ങളുടെ കുടുംബത്തില്‍ മൂന്ന് തലമുറകള്‍ ദേശീയ ഫുട്‌ബോള്‍ കളിക്കാരാണെന്ന് ചിലര്‍ എന്നോട് പറഞ്ഞു. ഒരു കളിക്കാരന്‍ വിരമിക്കുകയും തന്റെ ജീവിതം കായികരംഗത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. ഇന്ന്, ആ പ്രദേശത്ത് ഓരോ തലമുറയുടെയും പ്രതിനിധികള്‍ ഫുട്‌ബോള്‍ കളിക്കുന്നത് നിങ്ങള്‍ും. തങ്ങളുടെക്കു കാണാം. വീടുകളിലെ വാര്‍ഷിക ചടങ്ങുകള്‍ നടക്കുമ്പോള്‍ ആരുംതന്നെ വീടുകൡ ഉണ്ടാവില്ലെന്ന് ഇവര്‍ പറയുന്നു. മുഴുവന്‍ പ്രദേശങ്ങളിലെയും നൂറുകണക്കിന് ഗ്രാമങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ആളുകള്‍ രണ്ടോ നാലോ ദിവസം വയലില്‍ ആയിരിക്കും. ഈ സംസ്‌കാരം കാണുമ്പോള്‍ രാജ്യത്തിന്റെ ശോഭനമായ ഭാവിയെക്കുറിച്ചുള്ള എന്റെ വിശ്വാസം വര്‍ദ്ധിക്കുന്നു. കാശിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഞാന്‍ ഇവിടെ ഈ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു.
ഇവിടെ സാന്‍സദ് കായിക മത്സരങ്ങള്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന ആവേശം ഞാന്‍ എപ്പോഴും അറിയാറുണ്ട്. കാശിയിലെ യുവാക്കള്‍ കായിക ലോകത്ത് പേരെടുക്കുന്നത് കാണണമെന്നാണ് എന്റെ ആഗ്രഹം. അതിനാല്‍, വാരാണസിയിലെ യുവാക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള കായിക സൗകര്യങ്ങള്‍ ഒരുക്കാനാണ് ഞങ്ങളുടെ ശ്രമം. ഇത് കണക്കിലെടുത്ത് ഏകദേശം 400 കോടി രൂപയാണ് പുതിയ സ്റ്റേഡിയത്തിനൊപ്പം സിഗ്ര സ്റ്റേഡിയത്തിനായി ചെലവഴിക്കുന്നത്. അമ്പതോളം കായിക ഇനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളോടെയാണ് സിഗ്ര സ്റ്റേഡിയം സജ്ജീകരിച്ചിരിക്കുന്നത്. ഈ സ്റ്റേഡിയത്തിന്റെ ഒരു പ്രത്യേക സവിശേഷത, ദിവ്യാംഗരായ വ്യക്തികളെ മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്ത രാജ്യത്തെ ആദ്യത്തെ മള്‍ട്ടി-ഡിസിപ്ലിനറി സ്പോര്‍ട്സ് കോംപ്ലക്സായിരിക്കും ഇത് എന്നതാണ്. ഇത് ഉടന്‍ കാശിയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. ബഡാ ലാല്‍പൂരിലെ ഒരു സിന്തറ്റിക് ട്രാക്കോ, സിന്തറ്റിക് ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടോ, വ്യത്യസ്ത 'അഖാഡ'(ഗുസ്തി കേന്ദ്രങ്ങള്‍)യ്ക്കുള്ള പ്രോത്സാഹനമോ ആകട്ടെ, നാം പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല, നഗരത്തിന്റെ നിലവിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
എന്റെ കുടുംബാംഗങ്ങളെ,
കായികരംഗത്ത് ഭാരതം ഇന്ന് അനുഭവിക്കുന്ന വിജയം രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ വന്ന മാറ്റത്തിന്റെ ഫലമാണ്. യുവാക്കളുടെ കായികക്ഷമതയുമായും അവരുടെ കരിയറുമായും കായിക വിനോദങ്ങളെ നാം ബന്ധിപ്പിച്ചിരിക്കുന്നു. ഒമ്പത് വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഈ വര്‍ഷം കേന്ദ്ര കായിക ബജറ്റ് മൂന്നിരട്ടി വര്‍ധിപ്പിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഖേലോ ഇന്ത്യ പദ്ധതി ബജറ്റ് ഏകദേശം 70% വളര്‍ച്ച കൈവരിച്ചു. സ്‌കൂളുകള്‍ മുതല്‍ ഒളിമ്പിക്സ് പോഡിയങ്ങള്‍ വരെ നമ്മുടെ കളിക്കാര്‍ക്കൊപ്പം ഗവണ്‍മെന്റ് നിലകൊള്ളുന്നുണ്ട്. ഖേലോ ഇന്ത്യ പ്രോഗ്രാമിന് കീഴില്‍, സ്‌കൂളുകള്‍ മുതല്‍ സര്‍വ്വകലാശാലകള്‍ വരെ രാജ്യത്തുടനീളം കായിക മത്സരങ്ങള്‍ നടന്നിട്ടുണ്ട്. അവയില്‍ നമ്മുടെ പെണ്‍മക്കളില്‍ ഗണ്യമായ എണ്ണം പങ്കെടുത്തിട്ടുമുണ്ട്. ഓരോ ഘട്ടത്തിലും കായികതാരങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഗവണ്‍മെന്റ് നല്‍കുന്നുണ്ട്. ഒളിമ്പിക് പോഡിയം പദ്ധതി അത്തരത്തിലുള്ള ഒരു ശ്രമമാണ്. ഈ പദ്ധതിക്കു കീഴില്‍, വര്‍ഷം മുഴുവനും നമ്മുടെ മികച്ച കായികതാരങ്ങള്‍ക്ക് ഭക്ഷണം, ഫിറ്റ്‌നസ്, പരിശീലനം എന്നിവയ്ക്കായി ഗവണ്‍മെന്റ് നിരവധി ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്നു. അതിന്റെ ഫലം ഇന്ന് എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും കാണാന്‍ കഴിയും. അടുത്തിടെ ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഭാരതം ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ ഗെയിമുകളില്‍, മത്സരത്തിന്റെ മുഴുവന്‍ ചരിത്രത്തില്‍, മുന്‍ ദശകങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം നമ്മുടെ കുട്ടികള്‍ കൂടുതല്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ് ഇന്ന് ആരംഭിക്കുന്നു, ഈ ഗെയിമുകളില്‍ പങ്കെടുക്കുന്ന ഭാരതത്തില്‍ നിന്നുള്ള എല്ലാ കായികതാരങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.
സുഹൃത്തുക്കളെ,
ഭാരതത്തിന്റെ ഗ്രാമങ്ങളുടെ ഓരോ കോണിലും പ്രതിഭകളുണ്ട്, കണ്ടെത്താനായി കാത്തിരിക്കുന്ന കായിക ചാമ്പ്യന്മാരുമുണ്ട്. അവരെ അന്വേഷിക്കുകയും അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇന്ന്, ഏറ്റവും ചെറിയ ഗ്രാമങ്ങളില്‍ നിന്നുമുള്ള ചെറുപ്പക്കാര്‍ രാജ്യത്തിനാകെ അഭിമാനമായി മാറിയിരിക്കുന്നു. നമ്മുടെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും നിലനില്‍ക്കുന്ന അസാമാന്യ പ്രതിഭയുടെ ഉദാഹരണങ്ങളാണ് അവ. അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിന് നാം ഈ പ്രതിഭയെ വളര്‍ത്തിയെടുക്കണം. വളരെ ചെറുപ്പത്തില്‍ തന്നെ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയില്‍ നിന്നും പ്രതിഭകളെ കണ്ടെത്തുന്നതില്‍ ഖേലോ ഇന്ത്യ കാമ്പയിന്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ കായികതാരങ്ങളെ തിരിച്ചറിഞ്ഞ് അവരെ അന്താരാഷ്ട്ര തലത്തിലുള്ള കായികതാരങ്ങളാക്കി മാറ്റാനുള്ള എല്ലാ നടപടികളും ഗവണ്‍മെന്റ് സ്വീകരിക്കുകയാണ്. ഇന്ന്, കായിക ലോകത്ത് രാജ്യത്തിന് മഹത്വം കൈവരിച്ച നിരവധി പ്രമുഖ കളിക്കാര്‍ ഈ പരിപാടിയില്‍ നമുക്കിടയിലുണ്ട്. കാശിയോടുള്ള സ്നേഹം പ്രകടിപ്പിച്ചതിന് അവര്‍ക്കെല്ലാം എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.
എന്റെ കുടുംബാംഗങ്ങളെ,
ഇന്ന്, നല്ല പരിശീലകരും പരിശീലന സൗകര്യങ്ങളും അത്‌ലറ്റുകള്‍ക്ക് ഒരുപോലെ പ്രധാനമാണ്. ഇവിടെ സന്നിഹിതരായ പ്രമുഖ കളിക്കാര്‍ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു, അവര്‍ക്ക് അത് നന്നായി അറിയാം. അതുകൊണ്ടാണ് അത്‌ലറ്റുകള്‍ക്ക് മികച്ച പരിശീലനം ഇന്ന് ഗവണ്‍മെന്റ് ഉറപ്പാക്കുന്നത്. പ്രധാന മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ദേശീയ അന്തര്‍ദേശീയ പരിചയമുള്ള കളിക്കാരെ പരിശീലകരായി പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. സമീപ വര്‍ഷങ്ങളില്‍, രാജ്യത്തെ യുവാക്കള്‍ വിവിധ കായിക മത്സരങ്ങളുമായി ബന്ധമുള്ളവരായി മാറും.
സുഹൃത്തുക്കളെ,
ഗവണ്‍മെന്റ് എല്ലാ ഗ്രാമങ്ങളിലും ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നു. ഇത് ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും കളിക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ പ്രദാനം ചെയ്യും. മുന്‍കാലങ്ങളില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങളില്‍ മാത്രമാണ് മികച്ച സ്റ്റേഡിയങ്ങള്‍ ലഭ്യമായിരുന്നത്. ഇപ്പോള്‍, രാജ്യത്തിന്റെ എല്ലാ കോണുകളിലും, വിദൂര പ്രദേശങ്ങളില്‍ പോലും ഈ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഖേലോ ഇന്ത്യ പദ്ധതിക്ക് കീഴില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കായിക അടിസ്ഥാന സൗകര്യങ്ങള്‍ നമ്മുടെ പെണ്‍മക്കള്‍ക്ക് കാര്യമായ പ്രയോജനം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍, പെണ്‍കുട്ടികള്‍ കളിക്കാനും പരിശീലനത്തിനുമായി വീട്ടില്‍ നിന്ന് വളരെ ദൂരം സഞ്ചരിക്കുന്നതിലുള്ള എതിര്‍പ്പു കുറവാണ്.
സുഹൃത്തുക്കളെ,
പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്പോര്‍ട്സിനെ സയന്‍സ്, കൊമേഴ്സ് അല്ലെങ്കില്‍ മറ്റേതെങ്കിലും പഠന വിഷയങ്ങള്‍ക്കു സമാനമാക്കി. മുമ്പ്, സ്‌പോര്‍ട്‌സ് ഒരു പാഠ്യേതര പ്രവര്‍ത്തനമായാണു കണക്കാക്കപ്പെട്ടിരുന്നത് എങ്കില്‍, ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ സ്‌കൂളുകളില്‍ കായികം ഒരു വിഷയമായി ഔപചാരികമായി പഠിപ്പിക്കുന്നു. മണിപ്പൂരില്‍ രാജ്യത്തെ ആദ്യത്തെ ദേശീയ കായിക സര്‍വകലാശാല സ്ഥാപിച്ചത് നമ്മുടെ സ്വന്തം ഗവണ്‍മെന്റാണ്. ഉത്തര്‍പ്രദേശിലും ആയിരക്കണക്കിന് കോടികളാണ് കായിക സൗകര്യങ്ങള്‍ക്കായി ചെലവഴിക്കുന്നത്. ഗോരഖ്പൂരിലെ സ്പോര്‍ട്സ് കോളേജിന്റെ വിപുലീകരണം മുതല്‍ മീററ്റിലെ മേജര്‍ ധ്യാന്‍ ചന്ദ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് വരെ നമ്മുടെ കളിക്കാര്‍ക്കായി പുതിയ കായിക കേന്ദ്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു.
സുഹൃത്തുക്കളെ,
കായിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് രാജ്യത്തിന്റെ വികസനത്തിന് നിര്‍ണായകമാണ്. ഇത് കായികരംഗത്ത് മാത്രമല്ല, കായികരംഗത്തുള്ള രാജ്യത്തിന്റെ അഭിമാനത്തിനും പ്രധാനമാണ്. നമ്മളില്‍ പലര്‍ക്കും ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളെക്കുറിച്ച് അറിയുന്നത് അവ പ്രധാന അന്താരാഷ്ട്ര കായിക മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചതുകൊണ്ടു മാത്രമാണ്. രാജ്യാന്തര കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന ഇത്തരം കേന്ദ്രങ്ങള്‍ ഭാരതത്തില്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഇന്ന് തറക്കല്ലിട്ട ഈ സ്റ്റേഡിയം കായികരംഗത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവായിരിക്കും. ഈ സ്റ്റേഡിയം വെറും ഇഷ്ടികയും കോണ്‍ക്രീറ്റും കൊണ്ടുള്ളതായിരിക്കില്ല; അത് ഭാരതത്തിന്റെ ഭാവിയുടെ മഹത്തായ പ്രതീകമായിരിക്കും. എല്ലാ വികസന പദ്ധതികള്‍ക്കും കാശി അതിന്റെ അനുഗ്രഹം എനിക്ക് ചൊരിയുന്നത് ഭാഗ്യമായി ഞാന്‍ കരുതുന്നു. കാശിയിലെ ഒരു ജോലിയും അവിടത്തെ ആളുകളില്ലാതെ നടക്കില്ല. നിങ്ങളുടെ അനുഗ്രഹത്തോടെ ഞങ്ങള്‍ കാശിയുടെ വികസനത്തിന്റെ പുതിയ അധ്യായങ്ങള്‍ എഴുതുന്നത് തുടരും. ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ കാശിയിലെ മുഴുവന്‍ പൂര്‍വാഞ്ചലിലെ ജനങ്ങളെയും ഒരിക്കല്‍ കൂടി ഞാന്‍ അഭിനന്ദിക്കുന്നു.
ഹര്‍ ഹര്‍ മഹാദേവ്! നന്ദി!