19,500 കോടിയിലേറെ രൂപ 9.75 കോടി ഗുണഭോക്തൃ കര്‍ഷക കുടുംബങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി
രാജ്യം സ്വാതന്ത്ര്യം നേടി 100 വര്‍ഷം പൂര്‍ത്തിയാകുന്ന 2047 -ല്‍ ഇന്ത്യയുടെ അവസ്ഥ നിര്‍ണയിക്കുന്നതില്‍ നമ്മുടെ കൃഷിക്കും കര്‍ഷകര്‍ക്കും വലിയ പങ്കുണ്ട്: പ്രധാനമന്ത്രി
താങ്ങുവിലയില്‍ കര്‍ഷകരില്‍ നിന്നുള്ള ഏറ്റവും വലിയ വാങ്ങല്‍, 1,70,000 കോടി രൂപ നേരിട്ട് നെല്‍കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ട്. ഗോതമ്പ് കര്‍ഷകര്‍ക്ക് 85,000 കോടിയും: പ്രധാനമന്ത്രി
കഴിഞ്ഞ 50 വര്‍ഷത്തെ പയര്‍വര്‍ഗ്ഗങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതിന് കര്‍ഷകര്‍ക്ക് നന്ദി
ദേശീയ ഭക്ഷ്യ ദൗത്യത്തിലൂടെ , ഭക്ഷ്യ എണ്ണയില്‍ സ്വാശ്രയത്വത്തിന് രാജ്യം പ്രതിജ്ഞയെടുത്തു, പാചക എണ്ണ യ്ക്കായി 11,000 കോടിയിലധികം രൂപ നിക്ഷേപിക്കും: പ്രധാനമന്ത്രി
കാര്‍ഷിക കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ ആദ്യമായി ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ എത്തി: പ്രധാനമന്ത്രി
രാജ്യത്തെ കാര്‍ഷിക നയങ്ങളില്‍ ചെറുകിട കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഏറ്റവുംവലിയ മുന്‍ഗണന നല്‍കുന്നു: പ്രധാനമന്ത്രി

നമസ്‌കാരം,

 കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാന്‍ ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികള്‍ ഗുണഭോക്താക്കളുമായി ചര്‍ച്ച ചെയ്യുകയായിരുന്നു. കാരണം ഗവണ്മെന്റു പദ്ധതികളുടെ പ്രയോജനങ്ങള്‍ എങ്ങനെയാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന് അറിയാനുള്ള മികച്ച മാര്‍ഗമാണിത്. ഇത് ആളുകളുമായുള്ള നേരിട്ടുള്ള ബന്ധത്തിന്റെ നേട്ടമാണ്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിസഭയില്‍ നിന്നുള്ള എന്റെ എല്ലാ സഹപ്രവര്‍ത്തകരും, ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാര്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, മറ്റ് പ്രമുഖര്‍, കര്‍ഷകര്‍, രാജ്യത്തുടനീളമുള്ള സഹോദരങ്ങളേ,

 ഇന്ന്, രാജ്യത്തെ ഏകദേശം 10 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 19,500 കോടി രൂപയിലധികം തുക കൈമാറിയിട്ടുണ്ട്.  നിങ്ങളില്‍ പലരും നിങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ തുക എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും പരസ്പരം കൈയിലെ അഞ്ചു വിരലുകള്‍ ഉയര്‍ത്തി അഭിവാദ്യം നല്‍കുകയും ചെയ്യുന്നത് എനിക്ക് കാണാന്‍ കഴിയും. വിത നടന്നുകൊണ്ടിരിക്കുന്ന ഈ മഴക്കാലത്ത്, ഈ തുക ചെറുകിട കര്‍ഷകര്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും. ഇന്ന് ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക അടിസ്ഥാനസൗകര്യ ഫണ്ടും ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ആയിരക്കണക്കിന് കര്‍ഷക സംഘടനകള്‍ ഈ ഫണ്ട് പ്രയോജനപ്പെടുത്തുന്നു.

 സഹോദരീ സഹോദരന്മാരേ,

 പുതിയ വിളകള്‍ പ്രോത്സാഹിപ്പിക്കാനും കര്‍ഷകര്‍ക്ക് അധിക വരുമാനം നല്‍കാനും ഗവണ്‍മെന്റു പൂര്‍ണമായി പ്രതിജ്ഞാബദ്ധമാണ്. മിഷന്‍ ഹണി ബീ അത്തരമൊരു പ്രചാരണമാണ്. മിഷന്‍ ഹണി ബീ കാരണം, കഴിഞ്ഞ വര്‍ഷം ഏകദേശം 700 കോടി രൂപയുടെ തേന്‍ ഞങ്ങള്‍ കയറ്റുമതി ചെയ്തു. ഇത് കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കി. ജമ്മു-കശ്മീരിലെ കുങ്കുമം ലോകപ്രശസ്തമാണ്.  ജമ്മു-കശ്മീരിലെ കുങ്കുമപ്പൂ രാജ്യത്താകെയുള്ള നാഫെഡ് ഷോപ്പുകളില്‍ ലഭ്യമാക്കുമെന്ന് ഗവണ്‍മെന്റ് തീരുമാനിച്ചു. ഇത് ജമ്മു-കശ്മീരില്‍ കുങ്കുമ കൃഷിക്ക് വളരെയധികം പ്രചോദനം നല്‍കും.

 സഹോദരീ സഹോദരന്മാരേ,

നാം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്ന സമയത്താണ് നിങ്ങളുമായുള്ള ഈ ആശയവിനിമയം നടക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം ഓഗസ്റ്റ് 15 ആണ്. ഇത്തവണ രാജ്യം 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പോകുന്നു. ഇത് നമുക്ക് അഭിമാനത്തിന്റെ പ്രശ്‌നം മാത്രമല്ല;  പുതിയ തീരുമാനങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും ഇത് ഒരു മികച്ച അവസരമാണ്.

 ഈ അവസരത്തില്‍, അടുത്ത 25 വര്‍ഷങ്ങളില്‍ ഇന്ത്യയെ എവിടെ കാണണമെന്ന് നമ്മള്‍ തീരുമാനിക്കേണ്ടതുണ്ട്. 2047ല്‍ സ്വാതന്ത്ര്യത്തിനു 100 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ അവസ്ഥ എന്തായിരിക്കുമെന്ന് നിര്‍ണ്ണയിക്കുന്നതില്‍ നമ്മുടെ കൃഷിക്കും ഗ്രാമങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഒരു പ്രധാന പങ്കുണ്ട്. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് ദിശാബോധം നല്‍കേണ്ടത് ആവശ്യമാണ്.  പുതിയ അവസരങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുക.

 സഹോദരീ സഹോദരന്മാരേ,

 കാലാവസ്ഥയും പ്രകൃതിയുമായി ബന്ധപ്പെട്ട മാറ്റങ്ങളോ ഭക്ഷണ ശീലങ്ങളുമായി ബന്ധപ്പെട്ട മാറ്റങ്ങളോ പകര്‍ച്ചവ്യാധികള്‍ കാരണം ലോകമെമ്പാടും സംഭവിക്കുന്ന മാറ്റങ്ങളോ ആകട്ടെ, ഈ കാലഘട്ടത്തില്‍ സംഭവിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് നാമെല്ലാവരും സാക്ഷികളാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കൊറോണ മഹാമാരിക്കാലത്ത് ഞങ്ങള്‍ ഇത് അനുഭവിച്ചിട്ടുണ്ട്. ഈ കാലയളവില്‍, രാജ്യത്ത് തന്നെ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ധാരാളം അവബോധം ഉണ്ടായിട്ടുണ്ട്. നാടന്‍ ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ജൈവ ഉല്‍പന്നങ്ങള്‍ എന്നിവയുടെ ആവശ്യം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  അതിനാല്‍, ഈ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യയിലെ കൃഷിയും മാറേണ്ടതുണ്ട്. നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ ഈ മാറ്റങ്ങള്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളുമെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു.

 സുഹൃത്തുക്കളേ,

 ഈ മഹാമാരിക്കാലത്തു പോലും ഇന്ത്യയിലെ കര്‍ഷകരുടെ സാധ്യതകള്‍ നാം കണ്ടു. റെക്കോര്‍ഡ് ഉല്‍പാദനത്തിനിടയില്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനും ഗവണ്‍മെന്റ് ശ്രമിച്ചിട്ടുണ്ട്. വിത്തുകളും രാസവളങ്ങളും മുതല്‍ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിപണികളിലേക്ക് കൊണ്ടുപോകുന്നതിനും യൂറിയയുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പുവരുത്തുന്നതിനും ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തി. കൃഷിക്കും അതുമായി ബന്ധപ്പെട്ട എല്ലാ മേഖലകള്‍ക്കും നടപടികള്‍ സ്വീകരിച്ചു.  അന്താരാഷ്ട്ര വിപണിയില്‍ കൊറോണ കാരണം വില പല മടങ്ങ് വര്‍ദ്ധിച്ച ഡയമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി) ഭാരം കര്‍ഷകരുടെ മേല്‍ വീഴാന്‍ ഞങ്ങളുടെ ഗവണ്‍മെന്റ് അനുവദിച്ചില്ല. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ഉടന്‍ തന്നെ 12,000 കോടി രൂപ അനുവദിച്ചു.

 സുഹൃത്തുക്കളേ,

 ഖാരിഫ്, റബി സീസണുകളില്‍ താങ്ങുവിലയില്‍ ഗവണ്‍മെന്റ് ഇതുവരെ കര്‍ഷകരില്‍ നിന്ന് ഏറ്റവും വലിയ വാങ്ങലാണു നടത്തിയത്.  ഏകദേശം 1.70 ലക്ഷം കോടി രൂപ നെല്‍ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കും ഏകദേശം 85,000 കോടി രൂപ ഗോതമ്പ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കും നേരിട്ട് കൈമാറുന്നതിനും ഇത് ഇടയാക്കി. കര്‍ഷകരും ഗവണ്‍മെന്റും തമ്മിലുള്ള ഈ പങ്കാളിത്തം കാരണം ഇന്ന് ഇന്ത്യയുടെ കളപ്പുരകള്‍ നിറയുകയാണ്.  എന്നാല്‍ സുഹൃത്തുക്കളേ, ഗോതമ്പ്, അരി, പഞ്ചസാര എന്നിവയില്‍ മാത്രം സ്വയംപര്യാപ്തത പോരെന്ന് ഞങ്ങള്‍ കണ്ടു. പയര്‍ വര്‍ഗ്ഗങ്ങളിലും ഭക്ഷ്യ എണ്ണയിലും നാം സ്വയംപര്യാപ്തത നേടേണ്ടതുണ്ട്. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് അത് ചെയ്യാനുള്ള കഴിവുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പയറുവര്‍ഗ്ഗങ്ങള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ പയര്‍വര്‍ഗ്ഗങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഞാന്‍ രാജ്യത്തെ കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചത് ഓര്‍ക്കുന്നു. രാജ്യത്തെ കര്‍ഷകര്‍ എന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു. തത്ഫലമായി, കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് പയര്‍വര്‍ഗ്ഗങ്ങളുടെ ഉത്പാദനം ഏകദേശം 50 ശതമാനം വര്‍ദ്ധിച്ചു.  പയറുവര്‍ഗ്ഗങ്ങളില്‍, അല്ലെങ്കില്‍ ഗോതമ്പും നെല്ലും ഉല്‍പാദിപ്പിക്കുന്നതില്‍ ചെയ്തതുപോലെ ഇപ്പോള്‍ ഭക്ഷ്യ എണ്ണയുടെ ഉല്‍പാദനത്തിനും നമ്മള്‍ അതേ തീരുമാനം എടുക്കേണ്ടതുണ്ട്. ഭക്ഷ്യ എണ്ണയില്‍ നമ്മുടെ രാജ്യത്തെ സ്വയംപര്യാപ്തമാക്കാന്‍ നാം വേഗത്തില്‍ പ്രവര്‍ത്തിക്കണം.

 സഹോദരീ സഹോദരന്മാരേ,

 നാഷണല്‍ എഡിബിള്‍ ഓയില്‍ മിഷനും ഓയില്‍ പാമുമായിച്ചേര്‍ന്ന് ഭക്ഷ്യ എണ്ണയില്‍ സ്വാശ്രയത്വത്തിനായി രാജ്യം പ്രതിജ്ഞയെടുത്തു.  ഇന്ത്യ ഇന്ന് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ അനുസ്മരിക്കുമ്പോള്‍, ഈ ദൃഢ നിശ്ചയം ഈ ചരിത്ര ദിനത്തില്‍ നമുക്ക് പുതിയ ഊര്‍ജ്ജം പകരുന്നു. ഈ ദൗത്യത്തിലൂടെ പാചക എണ്ണ ഉല്‍പ്പാദനത്തില്‍ 11000 കോടിയിലധികം രൂപ നിക്ഷേപം നടത്തും. ഗുണമേന്മയുള്ള വിത്തുകള്‍ മുതല്‍ സാങ്കേതികവിദ്യ വരെ എല്ലാ സൗകര്യങ്ങളും കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഗവണ്‍മെന്റ് റപ്പാക്കും. ഈ ദൗത്യത്തിന് കീഴില്‍, നമ്മുടെ മറ്റ് പരമ്പരാഗത എണ്ണവിത്ത് വിളകളുടെ കൃഷിയും പാമോയില്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിപുലീകരിക്കും.

 സുഹൃത്തുക്കളേ,

 കാര്‍ഷിക കയറ്റുമതിയുടെ കാര്യത്തില്‍ ആദ്യമായാണ് ഇന്ത്യ ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംപിടിച്ചത്. കൊറോണ കാലഘട്ടത്തില്‍ തന്നെ കാര്‍ഷിക കയറ്റുമതിയില്‍ രാജ്യം പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. ഇന്ത്യ ഒരു പ്രധാന കാര്‍ഷിക കയറ്റുമതി രാജ്യമായി അംഗീകരിക്കപ്പെടുമ്പോള്‍, നമ്മുടെ ഭക്ഷ്യ എണ്ണ ആവശ്യങ്ങള്‍ക്ക് ഇറക്കുമതിയെ ആശ്രയിക്കുന്നത് നമുക്ക് അനുയോജ്യമല്ല.  ഇതിലും ഇറക്കുമതി ചെയ്ത പാമോയിലിന്റെ പങ്ക് 55 ശതമാനത്തില്‍ കൂടുതലാണ്.  ഈ സ്ഥിതി നമ്മള്‍ മാറ്റണം. വിദേശത്ത് നിന്ന് ഭക്ഷ്യ എണ്ണ വാങ്ങാന്‍ നമ്മള്‍ ചെലവഴിക്കുന്ന ആയിരക്കണക്കിന് കോടി കര്‍ഷകര്‍ക്ക് ലഭിക്കണം. ഇന്ത്യയില്‍ പാമോയില്‍ കൃഷി ചെയ്യുന്നതിന് വലിയ സാധ്യതകളുണ്ട്.  വടക്കു കിഴക്കന്‍ മേഖലയിലും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ഇത് പ്രോത്സാഹിപ്പിക്കാവുന്നതാണ്.  എണ്ണപ്പന കൃഷിയും അതുവഴി പാമോയില്‍ ഉത്പാദിപ്പാദനവും എളുപ്പത്തില്‍ കഴിയുന്ന മേഖലകളാണിത്.

 സുഹൃത്തുക്കളേ,

 ഭക്ഷ്യ എണ്ണയില്‍ സ്വയം പര്യാപ്തത എന്ന ഈ ദൗത്യത്തിന് ധാരാളം ഗുണങ്ങളുണ്ട്. ഇത് കര്‍ഷകര്‍ക്ക് മാത്രമല്ല, പാവപ്പെട്ടവര്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും വിലകുറഞ്ഞതും ഗുണനിലവാരമുള്ളതുമായ എണ്ണ ലഭിക്കും. മാത്രമല്ല, ഈ ദൗത്യം വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്, പ്രത്യേകിച്ച് പഴവര്‍ഗ്ഗ സംസ്‌കരണ വ്യവസായങ്ങള്‍ക്ക് ഒരു ഊര്‍ജ്ജം നല്‍കുകയും ചെയ്യും.  പാമോയില്‍ കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലെ ഗതാഗത മേഖലയില്‍ മുതല്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളില്‍ വരെ യുവാക്കള്‍ക്ക് ജോലി ലഭിക്കും.

 സഹോദരീ സഹോദരന്മാരേ,

 പാമോയില്‍ കൃഷിയിലൂടെ രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ ലഭിക്കും. മറ്റ് എണ്ണ വിത്ത് വിളകളെ അപേക്ഷിച്ച് ഒരു ഹെക്ടറിലെ എണ്ണപ്പന ഉല്‍പാദനം വളരെ കൂടുതലാണ്. ചെറുകിട കര്‍ഷകര്‍ക്ക് വളരെ ചെറിയ അളവു ഭൂമിയിലും വലിയ ലാഭം നേടാന്‍ കഴിയും.

 സുഹൃത്തുക്കളേ,

 രാജ്യത്തെ 80 ശതമാനത്തിലധികം കര്‍ഷകര്‍ക്കും 2 ഹെക്ടര്‍ വരെ മാത്രമേ ഭൂമിയുള്ളൂ എന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. അടുത്ത 25 വര്‍ഷങ്ങളില്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ സമ്പന്നമാക്കുന്നതില്‍ ഈ ചെറുകിട കര്‍ഷകര്‍ക്ക് വലിയ പങ്കുണ്ട്. അതിനാല്‍, ഈ ചെറുകിട കര്‍ഷകര്‍ക്ക് ഇപ്പോള്‍ രാജ്യത്തെ കാര്‍ഷിക നയങ്ങളില്‍ മുന്‍ഗണന നല്‍കുന്നു. ഈ മനോഭാവത്തോടെ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചെറുകിട കര്‍ഷകര്‍ക്ക് സൗകര്യങ്ങളും സുരക്ഷയും നല്‍കുന്നതിന് ഗൗരവമേറിയ ശ്രമം നടന്നു.  പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ 1.60 ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കി.  ഇതില്‍, കൊറോണയുടെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തില്‍ മാത്രം ഒരു ലക്ഷം കോടി രൂപ ചെറുകിട കര്‍ഷകരിലേക്ക് എത്തിയിട്ടുണ്ട്.  മാത്രമല്ല, കൊറോണക്കാലത്ത് രണ്ട് കോടിയിലധികം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി. കൂടുതലും ചെറുകിട കര്‍ഷകര്‍ക്കാണ്.  ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ ആയിരക്കണക്കിന് കോടി രൂപയുടെ വായ്പയും എടുത്തിട്ടുണ്ട്. 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തത്തിനിടെ ചെറുകിട കര്‍ഷകര്‍ക്ക് ഈ സഹായം ലഭിക്കാതിരുന്നാല്‍ അവരുടെ അവസ്ഥ സങ്കല്‍പ്പിക്കുക. ചെറിയ ആവശ്യങ്ങള്‍ക്കായി അലഞ്ഞുതിരിയാന്‍ അവര്‍ നിര്‍ബന്ധിതരാകും.

 സഹോദരീ സഹോദരന്മാരേ,

 ഇന്ന് നിര്‍മ്മിക്കപ്പെടുന്ന കാര്‍ഷിക അല്ലെങ്കില്‍ കണക്റ്റിവിറ്റി അടിസ്ഥാനസൗകര്യങ്ങളില്‍ നിന്നോ അല്ലെങ്കില്‍ സ്ഥാപിക്കുന്ന വലിയ ഫുഡ് പാര്‍ക്കുകളില്‍ നിന്നോ ചെറിയ കര്‍ഷകര്‍ വലിയ നേട്ടങ്ങള്‍ കൊയ്യുന്നു. ഇന്ന് പ്രത്യേക കിസാന്‍ റെയിലുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു.  തല്‍ഫലമായി, ഗതാഗത ചെലവ് ലാഭിക്കുന്നതിനാല്‍ ആയിരക്കണക്കിന് കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ രാജ്യത്തെ വലിയ ചന്തകളില്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റു.  അതുപോലെ, പ്രത്യേക അടിസ്ഥാനസൗകര്യ ഫണ്ടിന് കീഴില്‍ ചെറുകിട കര്‍ഷകര്‍ക്കായി ആധുനിക സംഭരണ സൗസൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.  കഴിഞ്ഞ വര്‍ഷം 6,500 -ലധികം പദ്ധതികള്‍ അംഗീകരിച്ചു. ഈ പദ്ധതികള്‍ ലഭിച്ചവരില്‍ കര്‍ഷകര്‍, കര്‍ഷക സൊസൈറ്റികള്‍, കാര്‍ഷിക ഉല്‍പാദക സംഘടനകള്‍, സ്വയംസഹായ സംഘങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈയിടെയായി, ഗവണ്‍മെന്റ് ചന്തകള്‍ ഉള്ള സംസ്ഥാനങ്ങള്‍ക്കും ഈ ഫണ്ടില്‍ നിന്ന് സഹായം നല്‍കാമെന്ന് തീരുമാനിച്ചു. ഈ ഫണ്ട് വിനിയോഗിക്കുന്നതിലൂടെ നമ്മുടെ ഗവണ്‍മെന്റ് ചന്തകള്‍ മികച്ചതും കൂടുതല്‍ ശക്തവും ആധുനികവുമായിരിക്കും.

 സഹോദരീ സഹോദരന്മാരേ,

 അടിസ്ഥാനസൗകര്യ ഫണ്ടിലൂടെയോ 10,000 കര്‍ഷക ഉല്‍പാദക യൂണിയനുകളുടെ രൂപീകരണത്തിലൂടെയോ ചെറുകിട കര്‍ഷകരെ ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യം. അതിനാല്‍ അവര്‍ക്ക് കമ്പോളങ്ങളിലേക്ക് കൂടുതല്‍ പ്രവേശനവും മികച്ച വിലപേശല്‍ ഓപ്ഷനുകളും ലഭിക്കും.  നൂറുകണക്കിന് ചെറുകിട കര്‍ഷകര്‍ എഫ്പിഒ ( കര്‍ഷക ഉല്‍പ്പാദക സംഘടന)കളിലൂടെ, സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അവരുടെ ശക്തി നൂറിരട്ടി വര്‍ദ്ധിക്കും. ഇത് ഭക്ഷ്യ സംസ്‌കരണമായാലും കയറ്റുമതിയായാലും കര്‍ഷകര്‍ മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്ക്കും. വിദേശ വിപണിയില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. രാജ്യത്തെ കര്‍ഷകര്‍ക്ക് ചങ്ങലയില്‍ നിന്ന് മോചനം ലഭിച്ചാല്‍ മാത്രമേ വേഗത്തില്‍ മുന്നോട്ട് പോകാന്‍ കഴിയൂ.  ഈ മനോഭാവത്തോടെ, അടുത്ത 25 വര്‍ഷത്തേക്കുള്ള തീരുമാനങ്ങള്‍ നമ്മള്‍ നിറവേറ്റേണ്ടതുണ്ട്. ഇനി മുതല്‍ എണ്ണ വിത്തുകളില്‍ സ്വയം പര്യാപ്തത എന്ന ദൗത്യത്തില്‍ നാം പങ്കാളികളാകണം. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലെ എല്ലാ ഗുണഭോക്താക്കള്‍ക്കും ഒരിക്കല്‍ കൂടി എന്റെ ആശംസകള്‍. വളരെ നന്ദി!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi