ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹര്‍ ലാല്‍ ജി, ഉപമുഖ്യമന്ത്രി ശ്രീ കൃഷ്ണ ചൗട്ടാല ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ സി ആര്‍ പാട്ടീല്‍, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാരുതി-സുസുക്കി, മറ്റു വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!
ആദ്യം തന്നെ, സുസുക്കിയെയും സുസുക്കി കുടുംബവുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഇന്ത്യയുമായും ഇന്ത്യയിലെ ജനങ്ങളുമായും സുസുക്കിയുടെ കുടുംബബന്ധത്തിന് ഇപ്പോള്‍ 40 വയസ്സായിരിക്കുന്നു. ഇന്ന്, ഗുജറാത്തില്‍ വൈദ്യുത വാഹന ബാറ്ററികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള മഹത്തായ പ്ലാന്റിന്റെ തറക്കല്ലിടുമ്പോള്‍, ഹരിയാനയിലും ഒരു പുതിയ കാര്‍ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നു.
ഈ വിപുലീകരണം സുസുക്കിയുടെ വലിയ ഭാവി സാധ്യതകളുടെ അടിസ്ഥാനമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സുസുക്കി മോട്ടോഴ്‌സിനും ഈ വലിയ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. പ്രത്യേകിച്ച്, മിസ്റ്റര്‍ ഒസാമു സുസുക്കിയെയും ശ്രീ തോഷിഹിറോ സുസുക്കിയെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ കാണുമ്പോഴെല്ലാം, ഇന്ത്യയില്‍ സുസുക്കിയുടെ ഒരു പുതിയ കാഴ്ചപ്പാട് നിങ്ങള്‍ അവതരിപ്പിക്കുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ ഞാന്‍ ശ്രീ ഒസാമു സുസുക്കിയെ കാണുകയും സുസുക്കിയുടെ ഇന്ത്യയിലെ 40 വര്‍ഷത്തെ ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം എന്നോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇത്തരം ഭാവി സംരംഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളേ,
മാരുതി-സുസുക്കിയുടെ വിജയം ശക്തമായ ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തി. ഇന്ന് ഗുജറാത്ത്-മഹാരാഷ്ട്ര ബുള്ളറ്റ് ട്രെയിന്‍ മുതല്‍ ഉത്തര്‍പ്രദേശിലെ ബനാറസിലെ രുദ്രാക്ഷ് കേന്ദ്രം വരെ ഇന്ത്യ-ജപ്പാന്‍ സൗഹൃദത്തിന്റെ ഉദാഹരണങ്ങളാണ് നിരവധി വികസന പദ്ധതികള്‍. ഈ സൗഹൃദത്തിന്റെ കാര്യം പറയുമ്പോള്‍, ഓരോ ഇന്ത്യക്കാരനും നമ്മുടെ സുഹൃത്ത് അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ ഓര്‍ക്കുന്നു. ഷിന്‍സോ ആബെ ഗുജറാത്തിലെത്തിയത് അവിടുത്തെ ജനങ്ങള്‍ സ്നേഹത്തോടെ സ്മരിക്കുന്നു. നമ്മുടെ രാജ്യങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള ഷിന്‍സോ ആബെയുടെ ശ്രമങ്ങള്‍ ഇന്ന് പ്രധാനമന്ത്രി (ഫ്യൂമിയോ) കിഷിദ മുന്നോട്ട് കൊണ്ടുപോകുകയാണ്. പ്രധാനമന്ത്രി കിഷിദയുടെ വീഡിയോ സന്ദേശവും നമ്മള്‍ ഇപ്പോള്‍ കേട്ടു. പ്രധാനമന്ത്രി കിഷിദയെയും ജപ്പാനിലെ എല്ലാ പൗരന്മാരെയും ഇന്ത്യയ്ക്ക് വേണ്ടി ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
സുഹൃത്തുക്കളേ,
രാജ്യത്തിന്റെ വ്യാവസായിക വികസനത്തിനും 'ഇന്ത്യയില്‍ നിര്‍മിക്കു' സംരംഭത്തിനും തുടര്‍ച്ചയായി ഊര്‍ജം പകരുന്ന ഗുജറാത്തിലെയും ഹരിയാനയിലെയും ജനങ്ങള്‍ക്ക് എന്റെ ആശംസകള്‍ അറിയിക്കാനും ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലെയും ഗവണ്‍മെന്റുകളുടെ വികസന, വ്യാവസായിക അധിഷ്ഠിത നയങ്ങളും 'വ്യാപാരം നടത്താനുള്ള എളുപ്പ'ത്തിനായുള്ള ശ്രമങ്ങളും സംസ്ഥാനങ്ങളിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് പ്രയോജനം ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഈ പ്രത്യേക പരിപാടിയില്‍, വളരെ പഴയതും സ്വാഭാവികവുമായ ഒരു കാര്യം ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. ഏകദേശം 13 വര്‍ഷം മുമ്പ് സുസുക്കി കമ്പനി അതിന്റെ നിര്‍മ്മാണ യൂണിറ്റ് നിര്‍മ്മിക്കാന്‍ ഗുജറാത്തില്‍ വന്നത് ഞാന്‍ ഓര്‍ക്കുന്നു. ആ സമയത്ത് ഞാന്‍ പറഞ്ഞു - 'നമ്മുടെ മാരുതി സുഹൃത്തുക്കള്‍ ഗുജറാത്തിലെ വെള്ളം കുടിക്കുമ്പോള്‍, വികസനത്തിന്റെ മികച്ച മാതൃക എവിടെയാണെന്ന് അവര്‍ മനസ്സിലാക്കും'. ഇന്ന്, ഗുജറാത്ത് സുസുക്കിക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയതില്‍ എനിക്ക് സന്തോഷമുണ്ട്, കൂടാതെ ഗുജറാത്തിന്റെ പ്രതിബദ്ധത സുസുക്കിയും മാനിച്ചു. ഇന്ന് ഗുജറാത്ത് രാജ്യത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള മികച്ച വാഹന നിര്‍മ്മാണ കേന്ദ്രമായി ഉയര്‍ന്നു.
സുഹൃത്തുക്കളേ,
ഗുജറാത്തും ജപ്പാനും തമ്മിലുള്ള ഉറ്റബന്ധത്തെക്കുറിച്ചു ഞാന്‍ കൂടുതല്‍ പറഞ്ഞാല്‍ കുറഞ്ഞുപോകും എന്ന വിധമുള്ളതാണ് ഇന്നത്തെ സന്ദര്‍ഭം. ഗുജറാത്തും ജപ്പാനും തമ്മിലുള്ള ബന്ധം നയതന്ത്ര വൃത്തങ്ങള്‍ക്ക് അതീതമാണ്.
2009-ല്‍ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ആരംഭിച്ചപ്പോള്‍, ജപ്പാന്‍ എപ്പോഴും ഒരു പങ്കാളി രാജ്യമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. ഒരു വശത്ത് ഒരു സംസ്ഥാനവും മറുവശത്ത് ഒരു വികസിത രാജ്യവും ഉള്ളപ്പോള്‍, രണ്ടും പരസ്പരം പിന്തുണയ്ക്കുമ്പോള്‍ അത് ഒരുപാട് അര്‍ത്ഥമാക്കുന്നു. ഇന്നും വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് ജപ്പാനില്‍ നിന്നാണ്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഞാന്‍ ഒരു കാര്യം പറയുമായിരുന്നു - 'എനിക്ക് ഗുജറാത്തില്‍ ഒരു മിനി-ജപ്പാന്‍ ഉണ്ടാക്കണം'. ജപ്പാനിലെ നമ്മുടെ അതിഥികള്‍ക്ക് ഗുജറാത്തിലെ ജപ്പാനെക്കുറിച്ചുള്ള ഒരു വികാരം ഉണ്ടാകണം എന്നതായിരുന്നു ഇതിന് പിന്നിലെ ആശയം. ജപ്പാനിലെ ജനങ്ങള്‍ക്കും കമ്പനികള്‍ക്കും ഇവിടെ ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചു.
ചെറിയ കാര്യങ്ങളില്‍ നമ്മള്‍ എത്രമാത്രം ശ്രദ്ധിച്ചിരുന്നുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. ജപ്പാനിലെ ജനങ്ങള്‍ക്ക് ഗോള്‍ഫ് കളിക്കാതെ ജീവിക്കാന്‍ കഴിയില്ലെന്ന് അറിയുമ്പോള്‍ പലരും ആശ്ചര്യപ്പെടും. ഗോള്‍ഫ് ഇല്ലാതെ നിങ്ങള്‍ക്ക് ജപ്പാനെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഗുജറാത്തിലെ ഗോള്‍ഫ് ലോകത്ത് ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയുണ്ട്. അന്നത്തെ സ്ഥിതിയില്‍ എനിക്ക് ജപ്പാനെ ഇവിടെ കൊണ്ടുവരണമെങ്കില്‍ ഞാന്‍ ഇവിടെ ഗോള്‍ഫ് കോഴ്സുകള്‍ വികസിപ്പിക്കണം. ഇന്ന് ഗുജറാത്തില്‍ ധാരാളം ഗോള്‍ഫ് ഫീല്‍ഡുകള്‍ ഉണ്ടെന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ഇവിടെ ജോലി ചെയ്യുന്ന നമ്മുടെ ജപ്പാന്‍കാര്‍ക്ക് അവരുടെ വാരാന്ത്യം ചെലവഴിക്കാന്‍ അവസരം ലഭിക്കുന്നു. ജാപ്പനീസ് പാചകരീതിയില്‍ വൈദഗ്ദ്ധ്യമുള്ള നിരവധി റെസ്റ്റോറന്റുകളും ഉണ്ട്. ജാപ്പനീസ് ഭക്ഷണവും ഞങ്ങള്‍ ശ്രദ്ധിച്ചു.
പല ഗുജറാത്തികളും ജാപ്പനീസ് ഭാഷ പഠിച്ചു, അതിനാല്‍ ജപ്പാനില്‍ നിന്നുള്ള അവരുടെ സുഹൃത്തുക്കള്‍ക്ക് ഒരു പ്രശ്നവും നേരിടേണ്ടിവരില്ല, ഈ ദിവസങ്ങളില്‍ ഗുജറാത്തില്‍ നിരവധി ജാപ്പനീസ് ഭാഷാ ക്ലാസുകള്‍ നടക്കുന്നു.
സുഹൃത്തുക്കളേ,
ജപ്പാനോടുള്ള ഞങ്ങളുടെ ശ്രമങ്ങളിലും വാത്സല്യത്തിലും എപ്പോഴും ഗൗരവമുണ്ട്. ഇതിന്റെ ഫലമായി സുസുക്കി ഉള്‍പ്പെടെ 125-ലധികം ജാപ്പനീസ് കമ്പനികള്‍ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നു. ജാപ്പനീസ് കമ്പനികള്‍ ഇവിടെ ഓട്ടോമൊബൈല്‍ മുതല്‍ ജൈവ ഇന്ധനം വരെ വികസിപ്പിക്കുന്നു. ജെട്രോ സ്ഥാപിച്ച അഹമ്മദാബാദ് ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍ ഒരേസമയം നിരവധി കമ്പനികള്‍ക്ക് പ്ലഗ് ആന്‍ഡ് പ്ലേ വര്‍ക്ക്-സ്‌പേസ് സൗകര്യങ്ങള്‍ നല്‍കാനുള്ള സൗകര്യമുണ്ട്. ഇന്ന്, ഗുജറാത്തില്‍ രണ്ട് ജപ്പാന്‍-ഇന്ത്യ നിര്‍മാണ പരിശീലന സ്ഥാപനങ്ങള്‍ ഉണ്ട്. അവ ഓരോ വര്‍ഷവും നൂറുകണക്കിന് യുവാക്കളെ പരിശീലിപ്പിക്കുന്നു.
പല ജാപ്പനീസ് കമ്പനികള്‍ക്കും ഗുജറാത്തിലെ സാങ്കേതിക സര്‍വകലാശാലകളുമായും ഐടിഐകളുമായും ബന്ധമുണ്ട്. അഹമ്മദാബാദില്‍ സെന്‍ ഗാര്‍ഡനും കൈസെന്‍ അക്കാദമിയും സ്ഥാപിക്കുന്നതില്‍ ഹ്യോഗോ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ നല്‍കിയ വിലപ്പെട്ട സംഭാവന ഗുജറാത്തിന് ഒരിക്കലും മറക്കാനാവില്ല. ഇപ്പോള്‍ ഏകതാപ്രതിമയ്ക്കു സമീപം പരിസ്ഥിതി സൗഹൃദ പൂന്തോട്ടം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. 18-19 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈസന്‍ സ്ഥാപിക്കുന്നതില്‍ ഗുജറാത്ത് ഗൗരവമായ ശ്രമങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് ഗുജറാത്തിന് വളരെയധികം പ്രയോജനപ്പെട്ടു. ഗുജറാത്തിന്റെ വികസന വിജയങ്ങള്‍ക്ക് പിന്നില്‍ കൈസണിന് തീര്‍ച്ചയായും ഒരു പ്രധാന പങ്കുണ്ട്.
ഞാന്‍ പ്രധാനമന്ത്രിയായി ഡല്‍ഹിയിലേക്ക് മാറിയപ്പോള്‍, പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്രഗവണ്‍മെന്റിന്റെ മറ്റ് വകുപ്പുകളിലും കൈസന്റെ അനുഭവങ്ങള്‍ ഞാന്‍ നടപ്പാക്കി. ഇപ്പോള്‍ കൈസന്‍ മൂലം രാജ്യത്തിന് കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കുന്നു. ഞങ്ങള്‍ ഗവണ്‍മെന്റില്‍ ജപ്പാന്‍-പ്ലസിന്റെ പ്രത്യേക ക്രമീകരണവും ചെയ്തിട്ടുണ്ട്. ഗുജറാത്തിന്റെയും ജപ്പാന്റെയും ഈ പങ്കിട്ട യാത്ര അവിസ്മരണീയമാക്കിയ ജപ്പാനില്‍ നിന്നുള്ള നിരവധി പഴയ സുഹൃത്തുക്കള്‍ ഇന്ന് ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ഇന്ന് വളരുന്ന രീതി കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയില്ലായിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ സവിശേഷതയാണ് അവ നിശബ്ദമാണ് എന്നത്. ഇരുചക്രവാഹനങ്ങളായാലും നാലുചക്രവാഹനങ്ങളായാലും അവ ശബ്ദമുണ്ടാക്കില്ല. ഈ നിശ്ശബ്ദത അതിന്റെ എഞ്ചിനീയറിംഗ് മാത്രമല്ല, രാജ്യത്ത് ഒരു നിശബ്ദ വിപ്ലവത്തിന്റെ തുടക്കം കൂടിയാണ്. ഇന്ന് ആളുകള്‍ ഇലക്ട്രോണിക് വാഹനത്തെ ഒരു അധിക വാഹനമായി കണക്കാക്കുന്നില്ല, മറിച്ച് ഒരു പ്രധാന മാര്‍ഗമായാണ്.
കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യം ഈ മാറ്റത്തിന് കളമൊരുക്കുകയായിരുന്നു. ഇന്ന്, ഇലക്ട്രിക് വാഹന നിര്‍മാണ വിപണന സേവന വ്യവസ്ഥയില്‍ വിതരണത്തിലും ആവശ്യത്തിലും ഞങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നു. വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഗവണ്‍മെന്റ് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്, അതിനാല്‍ ആവശ്യം വര്‍ദ്ധിക്കുന്നു. ആദായ നികുതി ഇളവ് മുതല്‍ എളുപ്പമുള്ള വായ്പകള്‍ വരെ, ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വര്‍ധിപ്പിക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അതുപോലെ, ഓട്ടോമൊബൈലുകളിലും ഓട്ടോ ഘടകങ്ങളിലും പിഎല്‍ഐ പദ്ധതിയിലൂടെ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പിഎല്‍ഐ പദ്ധതിയിലൂടെ ബാറ്ററി നിര്‍മാണ യൂണിറ്റുകള്‍ക്കും വലിയ ഉത്തേജനം ലഭിക്കുന്നുണ്ട്.
വൈദ്യുത വാഹനങ്ങള്‍ ചാര്‍ജുചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് രാജ്യം നിരവധി നയപരമായ തീരുമാനങ്ങളും എടുത്തിട്ടുണ്ട്. 2022 ബജറ്റില്‍ ബാറ്ററി സ്വാപ്പിംഗ് നയം അവതരിപ്പിച്ചു. സാങ്കേതികവിദ്യ പങ്കിടല്‍ പോലുള്ള നയങ്ങളില്‍ ഒരു പുതിയ തുടക്കം ഉണ്ടായിട്ടുണ്ട്. വിതരണം, ആവശ്യം, പ്രവര്‍ത്തന വ്യവസ്ഥ എന്നിവയുടെ കരുത്തോടെയാണ് ഇവി മേഖല മുന്നോട്ട് പോകുന്നത്. അതായത്, ഈ നിശ്ശബ്ദ വിപ്ലവം സമീപഭാവിയില്‍ വലിയൊരു മാറ്റത്തിന് തയ്യാറാണ്.
സുഹൃത്തുക്കളേ,
ഇന്ന്, ഇവി പോലുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, നമ്മുടെ രാജ്യത്തിന്റെ കാലാവസ്ഥാ പ്രതിബദ്ധതയും അതിന്റെ ലക്ഷ്യങ്ങളും മനസ്സില്‍ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. 2030 ഓടെ ഫോസില്‍ ഇതര സ്രോതസ്സുകളില്‍ നിന്ന് സ്ഥാപിതമായ ഇലക്ട്രിക്കല്‍ കപ്പാസിറ്റിയുടെ 50 ശതമാനം കൈവരിക്കുമെന്ന് ഇന്ത്യ കോപ് 26ല്‍ പ്രഖ്യാപിച്ചു. 2070-ല്‍ 'സമ്പൂര്‍ണ ശൂന്യം' എന്ന ലക്ഷ്യമാണ് ഞങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി, ഇവി ചാര്‍ജിംഗ് അടിസ്ഥാനസൗകര്യം ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറെടുക്കുകയാണ്. ഒപ്പം ഗ്രിഡ് സ്‌കെയില്‍ ബാറ്ററി സംവിധാനങ്ങളായ ഊര്‍ജ്ജ സംഭരണ അടിസ്ഥാന സൗകര്യങ്ങളുടെ യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കും. അതോടൊപ്പം, ബയോ ഗ്യാസ്, ഫ്‌ളെക്‌സ് ഇന്ധനം തുടങ്ങിയ ബദലുകളിലേക്കും നാം നീങ്ങേണ്ടതുണ്ട്.
ജൈവ ഇന്ധനം, എത്തനോള്‍ മിശ്രിതം, ഹൈബ്രിഡ് ഇവി തുടങ്ങിയ വിവിധ ഓപ്ഷനുകളിലും മാരുതി-സുസുക്കി പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കംപ്രസ്ഡ് ബയോ-മീഥെയ്ന്‍ ഗ്യാസ്, അതായത് സിബിജി പോലുള്ള സാധ്യതകളുമായി ബന്ധപ്പെട്ട പ്രോജക്ടുകളും സുസുക്കിക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയിലെ മറ്റ് കമ്പനികളും ഈ ദിശയില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ആരോഗ്യകരമായ മത്സരവും പരസ്പര പഠനത്തിനുള്ള മികച്ച അന്തരീക്ഷവും ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് രാജ്യത്തിനും വ്യവസായത്തിനും ഒരുപോലെ ഗുണം ചെയ്യും.
സുഹൃത്തുക്കളേ,
അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി സ്വയം പര്യാപ്തമാക്കുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇന്ന് ഊര്‍ജ ഇറക്കുമതിയുടെ വലിയൊരു ഭാഗം ഗതാഗതവുമായി ബന്ധപ്പെട്ടതാണെന്ന് നമുക്കറിയാം. അതിനാല്‍, ഈ ദിശയിലുള്ള നവീകരണവും പരിശ്രമവും നമ്മുടെ മുന്‍ഗണനയായിരിക്കണം.
നിങ്ങളുടെയും വാഹന മേഖലയിലെ എല്ലാ സഹപ്രവര്‍ത്തകരുടെയും സഹകരണത്തോടെ രാജ്യം തീര്‍ച്ചയായും ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന് നമ്മുടെ എക്സ്പ്രസ് വേകളില്‍ പ്രകടമായ അതേ വേഗതയില്‍ തന്നെ വളര്‍ച്ചയുടെയും സമൃദ്ധിയുടെയും ലക്ഷ്യത്തിലെത്തും.
ഈ ആത്മാര്‍ത്ഥതയോടെ, ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി അറിയിക്കുകയും സുസുക്കി കുടുംബത്തിന് എന്റെ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വിപുലീകരണ സ്വപ്നങ്ങള്‍ക്ക് ആക്കം കൂട്ടുന്നതില്‍ സംസ്ഥാന ഗവണ്‍മെന്റുകളോ കേന്ദ്ര ഗവണ്‍മെന്റോ ഒരിടത്തും പിന്നിലാകില്ലെന്നും ഞാന്‍ ഉറപ്പ് നല്‍കുന്നു.
വളരെ നന്ദി!