മലശേരി ദുംഗരി കീ ജയ്, മലശേരി ദുംഗരി കീ ജയ്!
സദു മാതാ കീ ജയ്, സദു മാതാ കീ ജയ്!
സവായ് ഭോജ് മഹാരാജ് കീ ജയ്, സവായ് ഭോജ് മഹാരാജ് കീ ജയ്!
ദേവനാരായണ ഭഗവാന്‍ കീ ജയ്, ദേവനാരായണ ഭഗവാന്‍ കീ ജയ്!
സദു മാതാവിന്റെ സന്യാസത്തിന്റെ നാടും ഭഗവാന്‍ ദേവനാരായണന്റെയും മലശേരി ദുംഗരിയുടെയും ജന്മസ്ഥലവും ബഗ്രാവത്തിന്റെ മഹാനായ സംരക്ഷകന്റെയും യോദ്ധാവിന്റെയും 'കര്‍മഭൂമി'യുമായ ഈ പ്രദേശത്തെ ഞാന്‍ നമിക്കുന്നു!
ശ്രീ ഹേംരാജ് ജി ഗുര്‍ജാര്‍, ശ്രീ സുരേഷ് ദാസ് ജി, ദീപക് പാട്ടീല്‍ ജി, രാം പ്രസാദ് ധാബായ് ജി, അര്‍ജുന്‍ മേഘ്വാള്‍ ജി, സുഭാഷ് ബഹേരിയ ജി, കൂടാതെ രാജ്യമെമ്പാടുമുള്ള എന്റെ പ്രിയ സഹോദരീസഹോദരന്മാരെ!
ഈ ശുഭമുഹൂര്‍ത്തത്തില്‍ ഭഗവാന്‍ ദേവനാരായണന്‍ ജിയുടെ വിളി വന്നു. ഭഗവാന്‍ ദേവനാരായണന്‍ വിളിക്കുമ്പോള്‍ ആരെങ്കിലും അവസരം നഷ്ടപ്പെടുത്തുമോ? അതിനാല്‍, ഇവിടെ നിങ്ങളുടെ ഇടയില്‍ ഞാനും ഉണ്ട്. ഇവിടെ വന്നിരിക്കുന്നത് പ്രധാനമന്ത്രിയല്ലെന്ന് നിങ്ങള്‍ ഓര്‍ക്കണം. നിങ്ങളെപ്പോലെ അനുഗ്രഹം തേടിയാണ് ഞാന്‍ വന്നിരിക്കുന്നത്. 'യജ്ഞശാല'യില്‍ വഴിപാട് നടത്താനുള്ള ഭാഗ്യവും ലഭിച്ചു. എന്നെപ്പോലുള്ള ഒരു സാധാരണക്കാരന് ഇന്ന് നിങ്ങളോടൊപ്പമുണ്ടായിരിക്കുന്നതിനും ഭഗവാന്‍ ദേവനാരായണന്‍ ജിയുടെയും അദ്ദേഹത്തിന്റെ എല്ലാ ഭക്തരുടെയും അനുഗ്രഹം നേടുന്നതിനും ഈ പുണ്യം ലഭിച്ചു എന്നതും വലിയ ഭാഗ്യമാണ്. ഇന്ന് ഭഗവാന്‍ ദേവനാരായണന്റെയും ജനങ്ങളുടെയും 'ദര്‍ശനം' ലഭിക്കാന്‍ ഞാന്‍ ഭാഗ്യവാനാണ്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെയെത്തിയ എല്ലാ ഭക്തരെയും പോലെ, രാഷ്ട്രസേവനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കാന്‍ ഭഗവാന്‍ ദേവനാരായണന്റെ അനുഗ്രഹം തേടി ഞാനും ഇവിടെ വന്നിരിക്കുന്നു.
സുഹൃത്തുക്കളെ,
ഭഗവാന്‍ ദേവനാരായണന്‍ ജിയുടെ 1111-ാമത് അവതാര മഹോത്സവമാണു നടക്കുന്നത്. ഇതോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന ആഘോഷങ്ങളാണ് ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്. അവസരത്തിനും മഹത്വത്തിനും ദൈവികതയ്ക്കും യോജിച്ച ജനപങ്കാളിത്തം ഗുര്‍ജാര്‍ സമൂഹം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാവരേയും ഞാന്‍ അഭിനന്ദിക്കുകയും സമൂഹത്തിലെ ഓരോ വ്യക്തിയും ഇതിനായി നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു.
സഹോദരീ സഹോദരന്മാരേ,
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നമ്മുടെ ചരിത്രത്തിലും നാഗരികതയിലും സംസ്‌കാരത്തിലും നാം, ഇന്ത്യയിലെ ജനങ്ങള്‍ അഭിമാനിക്കുന്നു. ലോകത്തിലെ പല നാഗരികതകളും കാലക്രമേണ അവസാനിച്ചു, മാറ്റങ്ങള്‍ക്കൊപ്പം സ്വയം രൂപപ്പെടുത്താന്‍ കഴിഞ്ഞില്ല. ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും സാമൂഹികമായും പ്രത്യയശാസ്ത്രപരമായും ഇന്ത്യയെ തകര്‍ക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നു. എന്നാല്‍ ഒരു ശക്തിക്കും അതിനു സാധിച്ചില്ല. ഇന്ത്യ ഒരു ഭൂപ്രദേശം മാത്രമല്ല, നമ്മുടെ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും ഐക്യത്തിന്റെയും സാധ്യതയുടെയും പ്രകടീകൃത ഭാവമാണ്. അതിനാല്‍, ഇന്ത്യ ഇന്ന് അതിന്റെ മഹത്തായ ഭാവിയുടെ അടിത്തറ പാകുകയാണ്. ഇതിനു പിന്നിലെ ഏറ്റവും വലിയ പ്രചോദനവും ശക്തിയും എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ആരുടെ ശക്തിയും അനുഗ്രഹവും കൊണ്ടാണ് ഇന്ത്യ ദൃഢവും അനശ്വരവും ആയിരിക്കുന്നത്?
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
ഈ ശക്തിയാണ് നമ്മുടെ സമൂഹത്തിന്റെ ശക്തി. ഇത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ശക്തിയാണ്. ആയിരക്കണക്കിന് വര്‍ഷത്തെ ഇന്ത്യയുടെ യാത്രയില്‍ സാമൂഹിക ശക്തിക്ക് വലിയ പങ്കുണ്ട്. ഓരോ സുപ്രധാന കാലഘട്ടത്തിലും നമ്മുടെ സമൂഹത്തിനുള്ളില്‍ നിന്ന് അത്തരം ഒരു ഊര്‍ജ്ജം ഉയര്‍ന്നുവരുന്നത് നമ്മുടെ ഭാഗ്യമാണ്, അതിന്റെ വെളിച്ചം എല്ലാവര്‍ക്കും ദിശ കാണിക്കുകയും എല്ലാവര്‍ക്കും ക്ഷേമം നല്‍കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തെയും സംസ്‌കാരത്തെയും അടിച്ചമര്‍ത്തുന്നവരില്‍ നിന്ന് സംരക്ഷിച്ച ഒരു അവതാരമായിരുന്നു ഭഗവാന്‍ ദേവനാരായണന്‍. 31-ാം വയസ്സില്‍ അദ്ദേഹം അനശ്വരനായി. സമൂഹത്തിലെ തിന്മകള്‍ നീക്കം ചെയ്യാനും സമൂഹത്തെ ഒന്നിപ്പിക്കാനും സൗഹാര്‍ദത്തിന്റെ ചൈതന്യം പ്രചരിപ്പിക്കാനും അദ്ദേഹം ധൈര്യപ്പെട്ടു. ഭഗവാന്‍ ദേവനാരായണന്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിച്ച് ഒരു ആദര്‍ശ സംവിധാനം സ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിച്ചു. അതുകൊണ്ടാണ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഭഗവാന്‍ ദേവനാരായണനോട് ആദരവും വിശ്വാസവും ഉള്ളത്. അതുകൊണ്ടാണ് ഭഗവാന്‍ ദേവനാരായണനെ ഇന്നും പൊതുജീവിതത്തില്‍ കുടുംബനാഥനെപ്പോലെ കാണുന്നതും കുടുംബത്തിന്റെ സന്തോഷവും സങ്കടവും പങ്കിടുന്നതും.
സഹോദരീ സഹോദരന്മാരേ,
ഭഗവാന്‍ ദേവനാരായണന്‍ എപ്പോഴും സേവനത്തിനും പൊതുജനക്ഷേമത്തിനും പരമമായ പ്രാധാന്യം നല്‍കി. ഈ പാഠവും പ്രചോദനവുമായി ഓരോ ഭക്തനും ഇവിടെ നിന്ന് പോകുന്നു. അവന്‍ ഉള്‍പ്പെട്ട കുടുംബത്തിന് ഒന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല. എന്നാല്‍ സുഖസൗകര്യങ്ങള്‍ക്കുപകരം സേവനത്തിന്റെയും പൊതുക്ഷേമത്തിന്റെയും ദുഷ്‌കരമായ പാതയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ജീവജാലങ്ങളുടെ ക്ഷേമത്തിനും അദ്ദേഹം തന്റെ ഊര്‍ജ്ജം ഉപയോഗിച്ചു.
സഹോദരീ സഹോദരന്മാരേ,
'ഭാലാ ജി ഭലാ, ദേവ് ഭലാ'. 'ഭാലാ ജി ഭാലാ, ദേവ് ഭലാ'. ഈ പ്രസ്താവനയില്‍, നീതിക്കുവേണ്ടിയുള്ള ഒരു ആഗ്രഹമുണ്ട്; ക്ഷേമത്തിനായി ഒരു ആഗ്രഹമുണ്ട്. 'സബ്കാ സാഥ്' (എല്ലാവര്‍ക്കുമൊപ്പം) വഴി 'സബ്കാ വികാസ്' (എല്ലാവരുടെയും വികസനം) ആണ് ഭഗവാന്‍ ദേവനാരായണന്‍ കാണിച്ച പാത. ഈ വഴിയിലൂടെയാണ് ഇന്ന് രാജ്യം സഞ്ചരിക്കുന്നത്. കഴിഞ്ഞ 8-9 വര്‍ഷമായി, അവഗണിക്കപ്പെടുകയും നിരാകരിക്കപ്പെടുകയും ചെയ്ത സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കാന്‍ രാജ്യം ശ്രമിക്കുന്നു. അധഃസ്ഥിതര്‍ക്ക് മുന്‍ഗണന നല്‍കുക എന്ന മന്ത്രവുമായാണ് നമ്മള്‍ നടക്കുന്നത്. റേഷന്‍ ലഭിക്കുമോ ഇല്ലയോ, അത് എത്ര കിട്ടും എന്നതായിരുന്നു പാവപ്പെട്ടവരുടെ പ്രധാന ആശങ്കയെന്ന് നിങ്ങള്‍ ഓര്‍ക്കുന്നു. ഇന്ന് എല്ലാ ഗുണഭോക്താക്കള്‍ക്കും മുഴുവന്‍ റേഷനും സൗജന്യമായി ലഭിക്കുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ ആശുപത്രിയിലെ ചികിത്സ സംബന്ധിച്ച പാവപ്പെട്ടവരുടെ ആശങ്കയും ഞങ്ങള്‍ പരിഹരിച്ചു. വീട്, ശുചിമുറി, വൈദ്യുതി, ഗ്യാസ് കണക്ഷന്‍ തുടങ്ങിയവയെക്കുറിച്ചുള്ള പാവപ്പെട്ടവരുടെ ആശങ്കകളും ഞങ്ങള്‍ ശ്രദ്ധിക്കുന്നു. ബാങ്കിംഗ് ഇടപാടുകള്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമായാണു നിലകൊണ്ടിരുന്നത്. ഇന്ന് രാജ്യത്തെ എല്ലാവര്‍ക്കുമായി ബാങ്കുകളുടെ വാതിലുകള്‍ തുറന്നിരിക്കുന്നു.
സുഹൃത്തുക്കളെ,
ജലത്തിന്റെ പ്രാധാന്യം രാജസ്ഥാനേക്കാള്‍ നന്നായി മറ്റാര്‍ക്കറിയാം? എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷവും പൈപ്പ് വെള്ളം ലഭിക്കുന്നത് രാജ്യത്തെ മൂന്ന് കോടി കുടുംബങ്ങള്‍ക്ക് മാത്രമായിരുന്നു. 16 കോടിയിലധികം ഗ്രാമീണ കുടുംബങ്ങള്‍ വെള്ളത്തിനായി കഷ്ടപ്പെടേണ്ടി വന്നു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നടത്തിയ ശ്രമങ്ങളുടെ ഫലമായി 11 കോടിയിലധികം കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ പൈപ്പ് വെള്ളം ലഭ്യമാണ്. കര്‍ഷകരുടെ വയലുകളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. പരമ്പരാഗത ജലസേചന പദ്ധതികളുടെ വിപുലീകരണമായാലും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ജലസേചനമായാലും ഇന്ന് കര്‍ഷകര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ട്. ഒരുകാലത്ത് സര്‍ക്കാര്‍ സഹായത്തിനായി കൊതിച്ചിരുന്ന ചെറുകിട കര്‍ഷകന് ആദ്യമായി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് നേരിട്ട് സഹായം ലഭിക്കുന്നു. ഇവിടെ രാജസ്ഥാനില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ 15,000 കോടിയിലധികം രൂപ കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
ഭഗവാന്‍ ദേവനാരായണന്‍ 'ഗോസേവ' (പശുക്കള്‍ക്കുള്ള സേവനം) സാമൂഹിക സേവനത്തിന്റെയും സമൂഹത്തിന്റെ ശാക്തീകരണത്തിന്റെയും മാധ്യമമാക്കി മാറ്റി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, 'ഗോസേവ' എന്ന ഈ വികാരം രാജ്യത്തും തുടര്‍ച്ചയായി ശക്തമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ കന്നുകാലികള്‍ക്ക് ഹൂഫ് ആന്‍ഡ് മൗത്ത്, ഫുട് ആന്‍ഡ് മൗത്ത് രോഗങ്ങള്‍ പോലുള്ള വലിയ പ്രശ്നങ്ങളുണ്ടെന്ന് നിങ്ങള്‍ക്കറിയാം. നമ്മുടെ പശുക്കളെയും കന്നുകാലികളെയും ഈ രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കോടിക്കണക്കിന് മൃഗങ്ങള്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ എന്ന വലിയ പ്രചാരണം രാജ്യത്ത് നടക്കുന്നു. രാജ്യത്ത് ആദ്യമായി പശു ക്ഷേമത്തിനായി രാഷ്ട്രീയ കാമധേനു കമ്മീഷന്‍ രൂപീകരിച്ചു. ശാസ്ത്രീയമായ രീതികളിലൂടെ മൃഗസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് രാഷ്ട്രീയ ഗോകുല്‍ മിഷന്റെ കീഴില്‍ ഊന്നല്‍ നല്‍കുന്നു. കന്നുകാലികള്‍ നമ്മുടെ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗം മാത്രമല്ല, നമ്മുടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ശക്തമായ ഭാഗവുമാണ്. അതിനാല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സൗകര്യം ആദ്യമായി ഇടയന്‍മാര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. ഇന്ന് ഗോവര്‍ധന്‍ യോജന രാജ്യത്തുടനീളം നടക്കുന്നു. ചാണകമുള്‍പ്പെടെയുള്ള കാര്‍ഷിക മാലിന്യങ്ങള്‍ സമ്പത്താക്കി മാറ്റാനുള്ള പ്രചാരണമാണിത്. നമ്മുടെ ഡയറി പ്ലാന്റുകള്‍ ചാണകത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ വര്‍ഷം, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഞാന്‍ 'പഞ്ച പ്രാണ' (അഞ്ച് പ്രതിജ്ഞകള്‍)ത്തിനായി ആഹ്വാനം ചെയ്തു. നാം ഓരോരുത്തരും നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കുകയും അടിമ മനോഭാവത്തില്‍ നിന്ന് പുറത്തുവരുകയും രാജ്യത്തോടുള്ള നമ്മുടെ കടമകള്‍ ഓര്‍ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. നമ്മുടെ ഋഷിമാര്‍ കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിക്കുക, പരമോന്നത ത്യാഗം സഹിച്ചവരുടെയും നമ്മുടെ ധീരമനസ്‌കരുടെയും വീരസ്മരണകളും ഈ ദൃഢനിശ്ചയത്തിന്റെ ഭാഗമാണ്. രാജസ്ഥാന്‍ പൈതൃകത്തിന്റെ നാടാണ്. സൃഷ്ടിയും ആവേശവും ആഘോഷവുമുണ്ട്. കഠിനാധ്വാനവും കാരുണ്യവുമുണ്ട്. ധീരത ഇവിടെ വീട്ടിലെ ആചാരമാണ്. കലയും സംഗീതവും രാജസ്ഥാന്റെ പര്യായമാണ്. അതുപോലെ പ്രധാനമാണ് ഇവിടുത്തെ ജനങ്ങളുടെ സമരവും സംയമനവും. പ്രചോദനാത്മകമായ ഈ സ്ഥലം ഇന്ത്യയുടെ പല മഹത്തായ നിമിഷങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിത്വങ്ങളുടേതാണ്. തേജാജി മുതല്‍ പാബുജി വരെ, ഗോഗാജി മുതല്‍ രാംദേവ്ജി വരെ, ബാപ്പ റാവല്‍ മുതല്‍ മഹാറാണാ പ്രതാപ് വരെ, മഹാന്മാരും ജന നായകന്മാരും നാട്ടുദൈവങ്ങളും സാമൂഹിക പരിഷ്‌കര്‍ത്താക്കളും രാജ്യത്തെ എക്കാലവും നയിച്ചിട്ടുണ്ട്. ഈ മണ്ണ് രാഷ്ട്രത്തെ പ്രചോദിപ്പിക്കാത്ത ഒരു കാലഘട്ടവും ചരിത്രത്തിലില്ല. ഗുര്‍ജാര്‍ സമൂഹം ധീരതയുടെയും വീര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും പര്യായമാണ്. രാഷ്ട്രത്തിന്റെ പ്രതിരോധമായാലും സംസ്‌കാരത്തിന്റെ സംരക്ഷണമായാലും, ഗുര്‍ജാര്‍ സമൂഹം എല്ലാ കാലഘട്ടത്തിലും ഒരു കാവല്‍ക്കാരന്റെ പങ്ക് വഹിച്ചിട്ടുണ്ട്. വിജയ് സിംഗ് പതിക് എന്നറിയപ്പെടുന്ന ക്രാന്തിവീര്‍ ഭൂപ് സിംഗ് ഗുര്‍ജറിന്റെ നേതൃത്വത്തിലുള്ള ബിജോലിയയുടെ കര്‍ഷക പ്രസ്ഥാനം സ്വാതന്ത്ര്യ സമരത്തിലെ പ്രധാന പ്രചോദനമായിരുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കോട്വാള്‍ ധന്‍ സിംഗ് ജി, ജോഗ്രാജ് സിംഗ് ജി തുടങ്ങി നിരവധി യോദ്ധാക്കളുണ്ട്. ഇതുമാത്രമല്ല. രാംപ്യാരി ഗുര്‍ജാര്‍, പന്നാ ദായ് തുടങ്ങിയ സ്ത്രീശക്തി ഓരോ നിമിഷവും നമ്മെ പ്രചോദിപ്പിക്കുന്നു. ഗുര്‍ജാര്‍ സമുദായത്തിലെ സഹോദരിമാരും പെണ്‍മക്കളും രാജ്യത്തിനും സംസ്‌കാരത്തിനും വേണ്ടിയുള്ള സേവനത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഇത് കാണിക്കുന്നു. ഈ പാരമ്പര്യം ഇന്നും തുടര്‍ച്ചയായി സമ്പന്നമായിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത പോരാളികള്‍ക്ക് നമ്മുടെ ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം നേടാന്‍ കഴിയാതെ പോയത് രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണ്. എന്നാല്‍ പുതിയ ഇന്ത്യ കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ചെയ്ത തെറ്റുകള്‍ തിരുത്തുകയാണ്. ഇന്ത്യയുടെ സംസ്‌കാരവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനും ഇന്ത്യയുടെ വികസനത്തിനും സംഭാവന നല്‍കിയവരെയാണ് ഇപ്പോള്‍ മുന്നില്‍ കൊണ്ടുവരുന്നത്.
സുഹൃത്തുക്കളെ,
നമ്മുടെ ഗുര്‍ജാര്‍ സമുദായത്തിലെ പുതിയ തലമുറയും യുവാക്കളും ഭഗവാന്‍ ദേവനാരായണന്റെ സന്ദേശങ്ങളും പാഠങ്ങളും മുന്നോട്ട് കൊണ്ടുപോകേണ്ടത് ഇന്ന് പ്രധാനമാണ്. ഇത് ഗുര്‍ജാര്‍ സമുദായത്തെ ശാക്തീകരിക്കുക മാത്രമല്ല, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
21-ാം നൂറ്റാണ്ടിലെ ഈ കാലഘട്ടം രാജസ്ഥാന്റെയും ഇന്ത്യയുടെയും വികസനത്തിന് വളരെ പ്രധാനമാണ്. നാടിന്റെ വികസനത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കണം. ഇന്ന് ലോകം മുഴുവന്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നത്. ഇന്ത്യ ലോകത്തിനുമുമ്പാകെ തങ്ങളുടെ കഴിവു പ്രകടമാക്കിയ രീതി പോരാളികളുടെ ഈ നാടിന്റെ അഭിമാനം വര്‍ധിപ്പിക്കുകയും ചെയ്തു. ഇന്ന് ലോകത്തെ എല്ലാ പ്രധാന വേദികളിലും ഇന്ത്യ ശക്തമായി അഭിപ്രായം പ്രകടിപ്പിക്കുന്നു. ഇന്ന് ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ്. അതുകൊണ്ട്, നമ്മുടെ നാട്ടുകാരുടെ ഐക്യത്തിന് എതിരായ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം നാം വിട്ടുനില്‍ക്കണം. നമ്മുടെ ദൃഢനിശ്ചയങ്ങള്‍ തെളിയിച്ചുകൊണ്ട് ലോകത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരണം. ഭഗവാന്‍ ദേവനാരായണന്‍ ജിയുടെ അനുഗ്രഹത്താല്‍ നാം തീര്‍ച്ചയായും വിജയിക്കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. നാം ഒരുമിച്ച് കഠിനാധ്വാനം ചെയ്യും, എല്ലാവരുടെയും പരിശ്രമം വിജയത്തിലേക്ക് നയിക്കും. ഇത് എന്തൊരു യാദൃശ്ചികതയാണെന്ന് നോക്കൂ. ഭഗവാന്‍ ദേവനാരായണന്റെ 1111-ാമത് അവതാര വര്‍ഷത്തിലാണ് ഇന്ത്യ ജി-20 അധ്യക്ഷസ്ഥാനത്ത് എത്തുന്നത്. ഭഗവാന്‍ ദേവനാരായണന്‍ താമരയിലാണു പ്രത്യക്ഷപ്പെട്ടത്. ജി-20 ലോഗോയില്‍ ഭൂമി മുഴുവന്‍ താമരയില്‍ സ്ഥാപിച്ചിരിക്കുന്നു. ഇതും ഒരു വലിയ യാദൃശ്ചികതയാണ്, നാം താമരയില്‍ ജനിച്ചവരാണ്. അതിനാല്‍, നിങ്ങളുമായി നമുക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. ഞങ്ങളെ അനുഗ്രഹിക്കുന്നതിനായി ഇവിടെ ഏറെ സന്യാസിമാര്‍ വന്നിട്ടുണ്ട്. ബഹുമാനപ്പെട്ട സന്യാസിമാരെ ഞാന്‍ വണങ്ങുന്നു. ഇന്ന് എന്നെ ഒരു ഭക്തനെന്ന നിലയില്‍ ക്ഷണിച്ചതിന് ഗുര്‍ജാര്‍ സമൂഹത്തിനു ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ഇത് ഗവണ്‍മെന്റ് പരിപാടിയല്ല. സമൂഹത്തിന്റെ ശക്തിയും അര്‍പ്പണബോധവും എന്നെ പ്രചോദിപ്പിച്ചു, ഞാന്‍ നിങ്ങളുടെ ഇടയില്‍ എത്തി. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് ആശംസകള്‍!
ജയ് ദേവ് ദര്‍ബാര്‍! ജയ് ദേവ് ദര്‍ബാര്‍! ജയ് ദേവ് ദര്‍ബാര്‍!