ബഹുമാനപ്പെട്ട എന്റെ സുഹൃത്ത്, പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ,
വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ,
വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ,
ടാറ്റ ട്രസ്റ്റ് ചെയർമാൻ ശ്രീ രത്തൻ ടാറ്റ,
ടാറ്റ സൺസ് ചെയർമാൻ ശ്രീ എൻ. ചന്ദ്രശേഖരൻ,
എയർ ഇന്ത്യ സിഇഒ മിസ്റ്റർ ക്യാംബെൽ വിൽസൺ,
എയർബസ് സിഇഒ മിസ്റ്റർ ഗില്ലൂം ഫൗറി,
ഈ സുപ്രധാന കരാറിന് എയർ ഇന്ത്യയെയും എയർബസിനെയും ഞാൻ ആദ്യം അഭിനന്ദിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുത്തതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിന് ഞാൻ പ്രത്യേകം നന്ദി പറയുന്നു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെയും ഇന്ത്യയുടെ വ്യോമയാന വ്യവസായത്തിന്റെ വിജയങ്ങളുടെയും അഭിലാഷങ്ങളുടെയും തെളിവാണ് ഈ കരാർ. ഇന്ന് ഇന്ത്യയുടെ വികസനത്തിന്റെ അവിഭാജ്യ ഘടകമാണ് നമ്മുടെ വ്യോമയാന മേഖല. വ്യോമയാന മേഖല ശക്തിപ്പെടുത്തുന്നത് നമ്മുടെ ദേശീയ അടിസ്ഥാന സൗകര്യ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ, ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം 74 ൽ നിന്ന് 147 ആയി ഉയർന്നു. ഏകദേശം ഇരട്ടി വർധന. ഞങ്ങളുടെ പ്രാദേശിക വ്യോമഗതാഗത വികസന പദ്ധതിയിലൂടെ (ഉഡാൻ), രാജ്യത്തിന്റെ വിദൂര ഭാഗങ്ങളും വ്യോമ മാർഗ്ഗം ബന്ധിപ്പിക്കുന്നു. ഇത് ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നു.
വ്യോമയാന മേഖലയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ സമീപഭാവിയിൽ മാറും. നിരവധി കണക്കുകൾ പ്രകാരം, അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ആവശ്യമായ വിമാനങ്ങളുടെ എണ്ണം 2000-ത്തിലധികമായിരിക്കും. വർദ്ധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റുന്നതിന് ഇന്നത്തെ ചരിത്രപരമായ പ്രഖ്യാപനം സഹായകമാകും. ഇന്ത്യയുടെ 'മേക്ക് ഇൻ ഇന്ത്യ - മേക്ക് ഫോർ ദ വേൾഡ്' എന്ന കാഴ്ചപ്പാടിന് കീഴിൽ, വ്യോമഗതാഗത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ നിരവധി പുതിയ അവസരങ്ങൾ തുറക്കുന്നു. ഗ്രീൻ ഫീൽഡ്, ബ്രൗൺ ഫീൽഡ് വിമാനത്താവളങ്ങൾക്കായി പ്രത്യേക അനുമതി ഇല്ലാതെ 100% വിദേശ നിക്ഷേപത്തിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സമാനമായി, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ, പരിപാലനം, അറ്റകുറ്റപ്പണി, പരിശോധന, അതായത് എംആർഒ (MRO) എന്നിവയിലും 100% വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു മുഴുവൻ മേഖലയുടെയും എംആർഒയുടെ കേന്ദ്രമായി മാറാനാകും. എല്ലാ ആഗോള വ്യോമയാന കമ്പനികളും ഇന്ന് ഇന്ത്യയിൽ ഉണ്ട്. ഈ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ഞാൻ അവരെ ക്ഷണിക്കുകയാണ്.
സുഹൃത്തുക്കളെ,
എയർ ഇന്ത്യയും എയർബസും തമ്മിലുള്ള കരാർ ഇന്തോ-ഫ്രഞ്ച് തന്ത്രപരമായ പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ല് കൂടിയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, 2022 ഒക്ടോബറിൽ, വഡോദരയിലെ പ്രതിരോധ ഗതാഗത വൈമാനിക പദ്ധതിയുടെ (Defence Transport Aircraft Project) തറക്കല്ലിടൽ ചടങ്ങിൽ ഞാൻ പങ്കെടുത്തു. 2.5 ബില്യൺ യൂറോ മുതൽമുടക്കിൽ നിർമിക്കുന്ന ഈ പദ്ധതിയിൽ ടാറ്റയ്ക്കും എയർബസിനും പങ്കാളിത്തമുണ്ട്. വിമാന എഞ്ചിനുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഫ്രഞ്ച് കമ്പനിയായ സഫ്രാൻ ഇന്ത്യയിലെ ഏറ്റവും വലിയ എംആർഒ സൗകര്യം സ്ഥാപിക്കുന്നു എന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം അന്താരാഷ്ട്ര ക്രമത്തിലും ബഹുമുഖ സംവിധാനത്തിലും, സ്ഥിരതയും സന്തുലിതാവസ്ഥയും ഉറപ്പാക്കുന്നതിൽ ഇന്ന് നേരിട്ട് പങ്ക് വഹിക്കുന്നു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയുടെയും സ്ഥിരതയുടെയും പ്രശ്‌നമായാലും, ആഗോള ഭക്ഷ്യസുരക്ഷ ആരോഗ്യ സുരക്ഷ എന്നിവയിലായാലും, ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് മികച്ച സംഭാവനകൾ നൽകുന്നു.
പ്രസിഡന്റ് മാക്രോൺ,
ഈ വർഷം നമ്മുടെ ഉഭയകക്ഷി ബന്ധം കൂടുതൽ ഉയരങ്ങളിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യയുടെ ജി 20 അധ്യക്ഷപദവിയ്ക്ക് കീഴിൽ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കും. എല്ലാവർക്കും ഒരിക്കൽ കൂടി, ഏറെ നന്ദിയും ആശംസകളും.