ആദരണീയരേ,

നമസ്കാരം!

ഇന്നത്തെ സെഷന്റെ വിഷയം വളരെ പ്രസക്തമാണ്. അത് അടുത്ത തലമുറയുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ന്യൂഡൽഹി ജി-20 ഉച്ചകോടിക്കിടെ, സുസ്ഥിര വികസനലക്ഷ്യങ്ങൾ​​ കൈവരിക്കൽ ത്വരിതപ്പെടുത്തുന്നതിന് ഞങ്ങൾ വാരാണസി കർമപദ്ധതി അംഗീകരിച്ചിരുന്നു.

പുനരുപയോഗ ഊർജ ഉൽപ്പാദനം മൂന്നിരട്ടിയാക്കാനും 2030ഓടെ ഊർജ കാര്യക്ഷമത നിരക്ക് ഇരട്ടിയാക്കാനും ഞങ്ങൾ തീരുമാനിച്ചിരുന്നു. ബ്രസീലിന്റെ അധ്യക്ഷതയ്ക്കു കീഴിൽ, ഈ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിന് മുൻഗണന നൽകിയിട്ടുണ്ട്; ഞങ്ങൾ ഇതിനെ സ്വാഗതം ചെയ്യുന്നു.

ഇക്കാര്യത്തിൽ, സുസ്ഥിര വികസന കാര്യപരിപാടി കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതകളും പരിശ്രമങ്ങളും നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ 40 ദശലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഞങ്ങൾ വീടുകൾ നിർമിച്ചു നൽകി.

കഴിഞ്ഞ 5 വർഷത്തിനിടെ 120 ദശലക്ഷം വീടുകൾക്ക് ശുദ്ധജല വിതരണം ഉറപ്പാക്കി. 100 ദശലക്ഷത്തിലധികം കുടുംബങ്ങൾക്ക് സംശുദ്ധ പാചക ഇന്ധനം നൽകുകയും 115 ദശലക്ഷത്തിലധികം കുടുംബങ്ങൾക്ക് ശൗചാലയങ്ങൾ നിർമിച്ചുനൽകുകയും ചെയ്തു.

സുഹൃത്തുക്കളേ,

ഞങ്ങളുടെ ശ്രമങ്ങൾ പുരോഗമനപരവും സന്തുലിതവുമായ പരമ്പരാഗത ഇന്ത്യൻ ചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭൂമിയെ അമ്മയായും നദികളെ ജീവദാതാക്കളും മരങ്ങളെ ദൈവതുല്യമായും കണക്കാക്കുന്ന വിശ്വാസ സമ്പ്രദായമാണത്.

പ്രകൃതിയെ പരിപാലിക്കുക എന്നത് ധാർമികവും മൗലികവുമായ കടമയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പാരീസ് ഉടമ്പടിക്ക് കീഴിലുള്ള പ്രതിജ്ഞാബദ്ധതകൾ മുൻകൂട്ടി നിറവേറ്റുന്ന ആദ്യത്തെ ജി-20 രാജ്യമാണ് ഇന്ത്യ.

ഇപ്പോൾ ഞങ്ങൾ കൂടുതൽ അഭിലഷണീയമായ ലക്ഷ്യങ്ങളിലേക്ക് അതിവേഗം നീങ്ങുകയാണ്. 2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജം കൈവരിക്കുക എന്ന ലക്ഷ്യം ഞങ്ങൾ സ്വയം നിശ്ചയിച്ചിരുന്നു. അതിൽ 200 ജിഗാവാട്ട് ഞങ്ങൾ ഇതിനകം നേടിയിട്ടുണ്ട്.

ഹരിത പരിവർത്തനത്തെ ഞങ്ങൾ ജനകീയ പ്രസ്ഥാനമാക്കി മാറ്റി. ലോകത്തിലെ ഏറ്റവും വലിയ പുരപ്പുറ സൗരോർജ പരിപാടിക്കായി ഏകദേശം 10 ദശലക്ഷം കുടുംബങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

 

ഞങ്ങൾ ഞങ്ങളെക്കുറിച്ച് മാത്രമല്ല ചിന്തിക്കുന്നത്. മനുഷ്യരാശിയുടെയാകെ താൽപ്പര്യങ്ങളാണ് ഞങ്ങളുടെ മനസ്സിലുള്ളത്. ആഗോള തലത്തിൽ സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി, ഞങ്ങൾ പരിസ്ഥിതിക്ക് വേണ്ടിയുള്ള മിഷൻ ലൈഫിന് അഥവാ ജീവിതശൈലിക്കു തുടക്കം കുറിച്ചു. ഭക്ഷണം പാഴാക്കുന്നത് കാർബൺ പാദമുദ്രകൾ മാത്രമല്ല വർധിപ്പിക്കുന്നത്; വിശപ്പും വർധിപ്പിക്കുന്നു. ഈ ആശങ്കയിലും നാം പ്രവർത്തിക്കേണ്ടതുണ്ട്.

ഞങ്ങൾ അന്താരാഷ്ട്ര സൗരസഖ്യത്തിനു തുടക്കമിട്ടു. നൂറിലധികം രാജ്യങ്ങൾ ഇതിന്റെ ഭാഗമായി. “ഒരു സൂര്യൻ ഒരു ലോകം ഒരു ശൃംഖല” എന്ന സംരംഭത്തിന് കീഴിൽ ഞങ്ങൾ ഊർജവിനിമയക്ഷമതയിൽ സഹകരിക്കുന്നു.

ഇന്ത്യ ഹരിത ഹൈഡ്രജൻ നൂതനാശയ കേന്ദ്രം സ്ഥാപിക്കുകയും ആഗോള ജൈവ ഇന്ധന സഖ്യം ആരംഭിക്കുകയും ചെയ്തു, ഞങ്ങൾ ഇന്ത്യയിൽ മാലിന്യത്തിൽനിന്ന് ഊർജം എന്ന വ്യാപകമായ യജ്ഞം നടത്തുന്നു. നിർണായക ധാതുക്കളുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടാൻ ഞങ്ങൾ ചാക്രിക സമീപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

അമ്മയ്‌ക്കായി ഒരു മരം എന്ന യജ്ഞത്തിനു കീഴിൽ ഈ വർഷം ഞങ്ങൾ ഇന്ത്യയിൽ ശതകോടി മരങ്ങൾ നട്ടുപിടിപ്പിച്ചു. ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യത്തിന് ഇന്ത്യ തുടക്കമിട്ടു. ഇതിന് കീഴിൽ, ദുരന്താനന്തര വീണ്ടെടുക്കലിലും പുനർനിർമാണത്തിലും ഞങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

സുഹൃത്തുക്കളേ,

ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് ചെറുദ്വീപ് വികസ്വര രാഷ്ട്രങ്ങൾക്ക്, സാമ്പത്തിക വികസനം മുൻഗണനയാണ്. ഡിജിറ്റൽ യുഗത്തിൽ, നിർമിതബുദ്ധിയുടെ വർധിച്ചുവരുന്ന സ്വാധീനം കണക്കിലെടുക്കുമ്പോൾ, സന്തുലിതവും ഉചിതവുമായ ഊർജമിശ്രണത്തിന്റെ ആവശ്യകത കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

അതിനാൽ ഗ്ലോബൽ സൗത്തിലെ ഊർജ പരിവർത്തനത്തിന് താങ്ങാനാകുന്നതും ഉറപ്പുള്ളതുമായ കാലാവസ്ഥാ ധനസഹായം കൂടുതൽ പ്രാധാന്യമർഹിക്കുന്നു. വികസിത രാജ്യങ്ങൾ സാങ്കേതികവിദ്യയും ധനസഹായവും സമയബന്ധിതമായി നൽകാനുള്ള അവരുടെ പ്രതിജ്ഞാബദ്ധത നിറവേറ്റേണ്ടത് അത്യാവശ്യമാണ്.

എല്ലാ സൗഹൃദ രാജ്യങ്ങളുമായും, പ്രത്യേകിച്ച് ഗ്ലോബൽ സൗത്ത് രാജ്യങ്ങളുമായി, ഇന്ത്യ വിജയകരമായ അനുഭവങ്ങൾ പങ്കിടുന്നു. ഇതിനായി, മൂന്നാമത് ‘ഗ്ലോബൽ സൗത്ത്’ ഉച്ചകോടിയിൽ, ഞങ്ങൾ ഒരു ആഗോളവികസന കരാർ പ്രഖ്യാപിച്ചിരുന്നു. ഈ സംരംഭത്തിൽ ഞങ്ങളോടൊപ്പം ചേരാനും ഞങ്ങളുടെ ശ്രമങ്ങളിൽ പങ്കാളികളാകാനും ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു.

നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Budget 2025: Startups cheer five-year extension for tax incentives

Media Coverage

Budget 2025: Startups cheer five-year extension for tax incentives
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 2
February 02, 2025

Appreciation for PM Modi's Visionary Leadership and Progressive Policies Driving India’s Growth