ബഹുമാന്യരേ,

ഗ്ലോബൽ സൗത്ത്  നേതാക്കളേ, നമസ്കാരം! ഈ ഉച്ചകോടിയിലേക്കു നിങ്ങളെ സ്വാഗതം ചെയ്യാനായതിൽ ഞാൻ സന്തുഷ്ടനാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ഞങ്ങളോടൊപ്പം ചേർന്നതിനു ഞാൻ നിങ്ങളോടു നന്ദിപറയുന്നു. ഒരു പുതുവർഷപ്പുലരിയിലാണു നാം കണ്ടുമുട്ടുന്നത്; പുതിയ പ്രതീക്ഷകളും പുതിയ ഊർജവും പകരുന്നത്. 1.3 ബില്യൺ ഇന്ത്യക്കാർക്കുവേണ്ടി, നിങ്ങൾക്കും നിങ്ങളുടെ രാജ്യങ്ങൾക്കും സന്തോഷകരവും സംതൃപ്തവുമായ 2023 ഞാൻ ആശംസിക്കുന്നു.

യുദ്ധം, സംഘർഷം, ഭീകരവാദം, ഭൗമ-രാഷ്ട്രീയ പിരിമുറുക്കം: വർധിച്ചുവരുന്ന ഭക്ഷണ-രാസവള-ഇന്ധന വിലകൾ; കാലാവസ്ഥാവ്യതിയാനത്താലുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ, കോവിഡ് മഹാമാരി ഏൽപ്പിച്ച നീണ്ടുനിൽക്കുന്ന സാമ്പത്തിക ആഘാതം എന്നിവ കണ്ട, പ്രതിസന്ധി നിറഞ്ഞ വർഷത്തിന്റെ താളുകളാണു നാം കടന്നുവന്നത്. ലോകം പ്രതിസന്ധിയിലാണെന്നു വ്യക്തമാണ്. ഈ അസ്ഥിരത എത്രത്തോളം നിലനിൽക്കുമെന്നു പ്രവചിക്കുന്നതും അസാധ്യം.

ബഹുമാന്യരേ,

നമുക്കാണ്, ഗ്ലോബൽ സൗത്തിനാണ്, ഭാവിയിൽ ഏറ്റവുമധികം പങ്കാളിത്തം വഹിക്കാനുള്ളത്. മനുഷ്യരാശിയുടെ നാലിൽ മൂന്നും വസിക്കുന്നതു നമ്മുടെ രാജ്യങ്ങളിലാണ്. ഒപ്പംനിൽക്കുന്ന ശബ്ദവും നമുക്കുണ്ടായിരിക്കണം. അതുകൊണ്ടുതന്നെ, ആഗോള ഭരണനിർവഹണത്തിന്റെ എട്ടുപതിറ്റാണ്ടു പഴക്കമുള്ള മാതൃകയ്ക്കു സാവധാനം മാറ്റംവരുമ്പോൾ, ഉയർന്നുവരുന്ന ലോകക്രമം രൂപപ്പെടുത്തുന്നതിനു നാം ശ്രമിക്കണം.

ബഹുമാന്യരേ,

ആഗോള വെല്ലുവിളികളിലധികവും സൃഷ്ടിച്ചതു ഗ്ലോബൽ സൗത്തല്ല. എന്നാൽ അവ നമ്മെയാണു കൂടുതൽ ബാധിക്കുന്നുത്. കോവിഡ് മഹാമാരി, കാലാവസ്ഥാവ്യതിയാനം, ഭീകരവാദം, യുക്രൈൻ സംഘർഷം എന്നിവയുടെ ആഘാതങ്ങളിൽ നാം ഇതു കണ്ടു. പ്രതിവിധികൾക്കായുള്ള തെരയലും നമ്മുടെ പങ്കിനെ, നമ്മുടെ ശബ്ദത്തെ ബാധിക്കുന്നില്ല.

ബഹുമാന്യരേ,

ഗ്ലോബൽ സൗത്തിലെ നമ്മുടെ സഹോദരങ്ങളുമായി ഇന്ത്യ എപ്പോഴും വികസന അനുഭവങ്ങൾ പങ്കിട്ടിട്ടുണ്ട്. ഞങ്ങളുടെ വികസനപങ്കാളിത്തം എല്ലാ ഭൂഭാഗങ്ങളെയും വൈവിധ്യമാർന്ന മേഖലകളെയും ഉൾക്കൊള്ളുന്നു. മഹാമാരിക്കാലത്തു നൂറിലധികം രാജ്യങ്ങളിലേക്കു ഞങ്ങൾ മരുന്നുകളും വാക്സിനുകളും വിതരണംചെയ്തു. നമ്മുടെ കൂട്ടായ ഭാവി നിർണയിക്കുന്നതിൽ വികസ്വരരാജ്യങ്ങളുടെ വലിയ പങ്കിനായി ഇന്ത്യ എപ്പോഴും നിലകൊള്ളുന്നു.

ബഹുമാന്യരേ,

ഇന്ത്യ ഈ വർഷം ജി20 അധ്യക്ഷപദത്തിലേക്കു ചുവടുവയ്ക്കുമ്പോൾ, ഗ്ലോബൽ സൗത്തിന്റെ ശബ്ദം ഉയർത്തിപ്പിടിക്കുക എന്നതാണു ലക്ഷ്യമിടുന്നത്. ഞങ്ങളുടെ ജി20 അധ്യക്ഷപദത്തിന് “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്ന പ്രമേയമാണു ഞങ്ങൾ തെരഞ്ഞെടുത്തത്. ഇതു നമ്മുടെ നാഗരികതയുടെ ധർമചിന്തയുമായി പൊരുത്തപ്പെടുന്നതാണ്.  മനുഷ്യകേന്ദ്രീകൃത വികസനത്തിലൂടെയാണ് ‘ഏകത്വം’ തിരിച്ചറിയുന്നതിനുള്ള പാതയെന്നു ഞങ്ങൾ കരുതുന്നു. ഗ്ലോബൽ സൗത്തിലെ ജനങ്ങൾ വികസനഫലങ്ങളിൽനിന്ന് ഒഴിവാക്കപ്പെടരുത്. ആഗോള രാഷ്ട്രീയ-സാമ്പത്തികനടത്തിപ്പു പുനർരൂപകൽപ്പന ചെയ്യുന്നതിനു നാം കൂട്ടായി പര‌ിശ്രമിക്കണം. ഇതിന് അസമത്വങ്ങൾ നീക്കംചെയ്യാനും അവസരങ്ങൾ വർധിപ്പിക്കാനും വളർച്ചയെ പിന്തുണയ്ക്കാനും പുരോഗതിയും സമൃദ്ധിയും വ്യാപിപ്പിക്കാനും കഴിയും.

ബഹുമാന്യരേ,

ലോകത്തെ പുനരുജ്ജീവിപ്പിക്കാൻ, നാം ഒരുമിച്ച് ‘പ്രതികരിക്കുക, തിരിച്ചറിയുക, ബഹുമാനിക്കുക, പരിഷ്കരിക്കുക’ എന്ന ആഗോള അജൻഡയ്ക്കായി ശബ്ദമുയർത്തണം: ഉൾക്കൊള്ളുന്നതും സന്തുലിതവുമായ അന്താരാഷ്ട്ര അജൻഡയ്ക്കു രൂപംനൽകി ഗ്ലോബൽ സൗത്തിന്റെ മുൻഗണനകളോടു പ്രതികരിക്കുക; ‘പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്വങ്ങൾ’ എന്ന തത്വം ആഗോളവെല്ലുവിളികൾക്കെല്ലാം ബാധകമാണെന്നു തിരിച്ചറിയുക; എല്ലാ രാഷ്ട്രങ്ങളുടെയും പരമാധികാരം, നിയമവാഴ്ച, അഭിപ്രായവ്യത്യാസങ്ങളുടെയും തർക്കങ്ങളുടെയും സമാധാനപരമായ പരിഹാരം എന്നിവയെ ബഹുമാനിക്കുക; ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളെ കൂടുതൽ പ്രസക്തമാക്കുന്നതിനായി പരിഷ്കരിക്കുക.

ബഹുമാന്യരേ,

വികസ്വരലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കിടയിലും, നമ്മുടെ സമയമാണു വരാനിരിക്കുന്നത് എന്നതിൽ എനിക്കു ശുഭാപ്തിവിശ്വാസമുണ്ട്. നമ്മുടെ സമൂഹങ്ങളെയും സമ്പദ്‌വ്യവസ്ഥകളെയും പരിവർത്തനം ചെയ്യാൻ കഴിയുന്ന, ലളിതവും പരിഷ്കരിക്കാവുന്നതും സുസ്ഥിരവുമായ പ്രതിവിധികൾ തിരിച്ചറിയുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. അത്തരമൊരു സമീപനത്തിലൂടെ, ദാരിദ്ര്യമായാലും, സാർവത്രിക ആരോഗ്യപരിപാലനമായാലും, മനുഷ്യശേഷീവർധനയായാലും, പ്രതിസന്ധിയുയർത്തുന്ന എല്ലാ വെല്ലുവിളികളെയും നാം മറികടക്കും. കഴിഞ്ഞ നൂറ്റാണ്ടിൽ, വിദേശഭരണത്തിനെതിരായ നമ്മുടെ പോരാട്ടത്തിൽ നാം പരസ്പരം തുണയായി. നമ്മുടെ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്ന പുതിയ ലോകക്രമത്തിനായി ഈ നൂറ്റാണ്ടിൽ നമുക്കതിനു വീണ്ടും കഴിയും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ശബ്ദം ഇന്ത്യയുടെ ശബ്ദംകൂടിയാണ്. നിങ്ങളുടെ മുൻഗണനകൾ ഇന്ത്യയുടെ മുൻഗണനകളാണ്. അടുത്ത രണ്ടുദിവസങ്ങളിൽ, ഈ ‘വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത്’ ഉച്ചകോടിയിൽ എട്ടു മുൻഗണനാമേഖലകളിൽ ചർച്ചകൾ നടക്കും. ഗ്ലോബൽ സൗത്തിന് ഒരുമിച്ച്, പുതിയതും ക്രിയാത്മകവുമായ ആശയങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. ഈ ആശയങ്ങൾ ജി20ലെയും മറ്റു ഫോറങ്ങളിലെയും ഞങ്ങളുടെ ശബ്ദത്തിന്റെ അടിസ്ഥാനമായി മാറും. ഇന്ത്യയിൽ, ഞങ്ങൾ ‘ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ’ എന്നു പ്രാർഥിക്കാറുണ്ട്.  അതിനർഥം, പ്രപഞ്ചത്തിന്റെ എല്ലാ ദിശകളിൽനിന്നും ഉദാത്തമായ ചിന്തകൾ നമ്മിലേക്കു വരട്ടെ എന്നാണ്. ഈ ‘വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത്’ ഉച്ചകോടി നമ്മുടെ കൂട്ടായ ഭാവിക്കായി ഉദാത്തമായ ആശയങ്ങൾ നേടുന്നതിനുള്ള കൂട്ടായ ശ്രമമാണ്.

ബഹുമാന്യരേ,

നിങ്ങളുടെ ആശയങ്ങൾക്കും ചിന്തകൾക്കുമായി ഞാൻ കാതോർക്കുകയാണ്. നിങ്ങളുടെ പങ്കാളിത്തത്തിന് ഒരിക്കൽകൂടി ഞാൻ നന്ദിപറയുന്നു. നന്ദി.

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi