നമസ്കാരം!
ബഹുമാന്യരേ, രാഷ്ട്രത്തലവന്മാരേ, വിദ്യാഭ്യാസവിദഗ്ധരേ, വ്യവസായപ്രമുഖരേ, നയ ആസൂത്രകരേ, ലോകമെമ്പാടുമുള്ള എന്റെ പ്രിയ സുഹൃത്തുക്കളേ!
ഏവർക്കും എന്റെ ആശംസകൾ. ഇന്ത്യയിലേക്കു സ്വാഗതം! ഒന്നാമതായി, ദുരന്തനിവാരണ അടിസ്ഥാനസൗകര്യസഖ്യത്തെ (സിഡിആർഐ) അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനമായ ഐസിഡിആർഐ-2023ന്റെ അഞ്ചാം പതിപ്പിന്റെ ഈ വേള തീർച്ചയായും സവിശേഷമായ ഒന്നാണ്.
സുഹൃത്തുക്കളേ,
ആഗോള കാഴ്ചപ്പാടിൽ നിന്നാണ് സിഡിആർഐ ഉയർന്നുവന്നത്. അടുത്തബന്ധമുള്ള ലോകത്ത്, ദുരന്തങ്ങളുടെ ആഘാതം പ്രാദേശികം മാത്രമല്ല. ഒരു പ്രദേശത്തെ ദുരന്തങ്ങൾ തികച്ചും വ്യത്യസ്തമായ പ്രദേശത്ത് വലിയ സ്വാധീനം ചെലുത്തും. അതിനാൽ, നമ്മുടെ പ്രതികരണം ഏകീകരിക്കപ്പെടുകയാണു ചെയ്യേണ്ടത്; ഒറ്റപ്പെടുത്തുകയല്ല.
സുഹൃത്തുക്കളേ,
ഏതാനും വർഷങ്ങൾക്കുള്ളിൽ 40-ലധികം രാജ്യങ്ങൾ സിഡിആർഐയുടെ ഭാഗമായി. ഈ സമ്മേളനം ഒരു പ്രധാന വേദിയായി മാറുകയാണ്. വികസിത സമ്പദ്‌വ്യവസ്ഥകളും വികസ്വര സമ്പദ്‌വ്യവസ്ഥകളും, വലുതും ചെറുതുമായ രാജ്യങ്ങൾ, ഗ്ലോബൽ നോർത്ത്, ഗ്ലോബൽ സൗത്ത് എന്നിവ ഈ വേദിയിൽ ഒത്തുചേരുന്നു. ഇതിൽ ഗവൺമെന്റുകൾ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത് എന്നതും പ്രോത്സാഹജനകമാണ്. ആഗോള സ്ഥാപനങ്ങൾ, മേഖലയിലെ വിദഗ്ധർ, സ്വകാര്യ മേഖല എന്നിവയും ഇതിൽ പങ്കു വഹിക്കുന്നു.
സുഹൃത്തുക്കളേ,
അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചു നാം ചർച്ച ചെയ്യുമ്പോൾ, ചില മുൻഗണനകൾ ഓർക്കേണ്ടതുണ്ട്. ഈ വർഷത്തെ സമ്മേളനത്തിൽ സിഡിആർഐയുടെ പ്രമേയം അതിജീവനശേഷിയുള്ളതും സമഗ്രവുമായ അടിസ്ഥാനസൗകര്യ വിതരണവുമായി ബന്ധപ്പെട്ടതാണ്. അടിസ്ഥാനസൗകര്യങ്ങൾ എന്നത് വരുമാനം മാത്രമല്ല, എത്തിച്ചേരലും പുനരുജ്ജീവനവും കൂടിയാണ്. പ്രതിസന്ധിഘട്ടങ്ങളിൽപോലും അടിസ്ഥാനസൗകര്യങ്ങൾ ആരെയും കൈവിടാതെ സേവനങ്ങളേകണം. കൂടാതെ, അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചു സമഗ്ര കാഴ്ചപ്പാടും ആവശ്യമാണ്. ഗതാഗത അടിസ്ഥാനസൗകര്യങ്ങൾപോലെ പ്രധാനമാണ് സാമൂഹ്യ - ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും.
സുഹൃത്തുക്കളേ,
ദുരന്തസമയത്ത്, നമ്മുടെ ഹൃദയം ദുരിതമനുഭവിക്കുന്നവരിലേക്ക് ഒഴുകുന്നതു സ്വാഭാവികമാണ്. ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനും മുൻഗണനയേകുന്നു. അതാണു ശരിയും. പുനരുജ്ജീവനം എന്നത് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് എത്ര വേഗത്തിൽ സംവിധാനങ്ങൾക്ക് ഉറപ്പാക്കാൻ കഴിയും എന്നതിലാണ്. ഒരു ദുരന്തത്തിനും മറ്റൊന്നിനും ഇടയിലുള്ള കാലഘട്ടത്തിലാണു അതിജീവനശേഷി കെട്ടിപ്പടുക്കുന്നത്. മുൻകാല ദുരന്തങ്ങൾ പഠിക്കുകയും അവയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുക എന്നതാണ് വഴി. ഇവിടെയാണ് സിഡിആർഐയും ഈ സമ്മേളനവും പ്രധാന പങ്ക് വഹിക്കുന്നത്.
സുഹൃത്തുക്കളേ,
ഓരോ രാജ്യവും പ്രദേശവും വ്യത്യസ്ത തരത്തിലുള്ള ദുരന്തങ്ങളെ അഭിമുഖീകരിക്കുന്നു. ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക അറിവുകൾ സമൂഹങ്ങൾ വികസിപ്പിക്കുന്നു. അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുമ്പോൾ, അത്തരം അറിവുകൾ ബുദ്ധിപരമായി ഉപയോഗിക്കേണ്ടതുണ്ട്. പ്രാദേശിക ഉൾക്കാഴ്ചകളുള്ള ആധുനിക സാങ്കേതികവിദ്യ പുനരുജ്ജീവനത്തെ ഏറെ സഹായിക്കുന്നു. കൂടാതെ, നന്നായി രേഖപ്പെടുത്തപ്പെട്ടാൽ, പ്രാദേശിക വിജ്ഞാനം ആഗോളതലത്തിൽ മികച്ച സമ്പ്രദായമായി മാറിയേക്കാം!
സുഹൃത്തുക്കളേ,
സിഡിആർഐയുടെ ചില സംരംഭങ്ങൾ ഇതിനകം തന്നെ അതിന്റെ സമഗ്രമായ ഉദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്. ദ്വീപുരാഷ്ട്രങ്ങൾക്കായുള്ള ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സംരംഭം അഥവാ ഐആർഐഎസ് പല ദ്വീപുരാഷ്ട്രങ്ങൾക്കും പ്രയോജനപ്രദമാണ്. ഈ ദ്വീപുകൾ ചെറുതായിരിക്കാം, പക്ഷേ അവയിൽ ജീവിക്കുന്ന ഓരോ മനുഷ്യനും നമുക്ക് പ്രധാനമാണ്. കഴിഞ്ഞ വർഷമാണ് ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങൾ വേഗത്തിലാക്കുന്നതിനുള്ള ധനസഹായം പ്രഖ്യാപിച്ചത്. ഈ 50 ദശലക്ഷം ഡോളർ തുക വികസ്വര രാജ്യങ്ങൾക്കിടയിൽ വലിയ പ്രതികരണമുളവാക്കി. സാമ്പത്തിക സ്രോതസ്സുകളുടെ പ്രതിബദ്ധത സംരംഭങ്ങളുടെ വിജയത്തിന് പ്രധാനമാണ്.
സുഹൃത്തുക്കളേ,
സമീപകാല ദുരന്തങ്ങൾ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ വ്യാപ്തി നമ്മെ ഓർമിപ്പിക്കുന്നു. ഞാൻ ചില ഉദാഹരണങ്ങൾ നൽകാം. ഇന്ത്യയിലും യൂറോപ്പിലുടനീളവും നമുക്ക് ഉഷ്ണതരംഗങ്ങളുണ്ടായിരുന്നു. ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റുകൾ, അഗ്നിപർവതങ്ങൾ എന്നിവയാൽ പല ദ്വീപ് രാഷ്ട്രങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ ജീവനും സ്വത്തിനും വൻ നാശനഷ്ടമുണ്ടായി. നിങ്ങളുടെ ജോലി കൂടുതൽ പ്രസക്തമാവുകയാണ്. സിഡിആർഐയിൽ വലിയ പ്രതീക്ഷകളാണുള്ളത്.
സുഹൃത്തുക്കളേ,
ഈ വർഷം, ജി20 അധ്യക്ഷപദത്തിലൂടെ ഇന്ത്യയും ലോകത്തെ ഒന്നിപ്പിക്കുകയാണ്. ജി20 അധ്യക്ഷൻ എന്ന നിലയിൽ, ഞങ്ങൾ ഇതിനകം തന്നെ നിരവധി പ്രവർത്തകസമിതികളിൽ സിഡിആർഐ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ ഇവിടെ കണ്ടെത്തുന്ന പ്രതിവിധികൾ ആഗോള നയരൂപീകരണത്തിന്റെ ഉയർന്ന തലങ്ങളിൽ ശ്രദ്ധ നേടും. പ്രത്യേകിച്ച് കാലാവസ്ഥാ അപകടസാധ്യതകൾക്കും ദുരന്തങ്ങൾക്കുമെതിരെ അടിസ്ഥാനസൗകര്യ പുനരുജ്ജീവനത്തിന് സംഭാവന നൽകാൻ സിഡിആർഐക്കുള്ള അവസരമാണിത്. ഐസിഡിആർഐ 2023-ലെ ചർച്ചകൾ കൂടുതൽ അതിജീവനശേഷിയുള്ള ലോകത്തെക്കുറിച്ചുള്ള സമാന കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള പാത പ്രദാനം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.