



മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ജിയുടെ വിയോഗം നമ്മുടെ ഹൃദയങ്ങളെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് തീരാനഷ്ടമാണ്. വിഭജനകാലത്ത് വളരെയധികം നഷ്ടങ്ങള്‍ സഹിച്ചു ഭാരതത്തിലേക്ക് വരികയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശ്രദ്ധേയമായ വിജയം നേടുകയും ചെയ്യുന്നതു ചെറിയ കാര്യമല്ല. ബുദ്ധിമുട്ടുകള്‍ക്കും വെല്ലുവിളികള്‍ക്കും അതീതമായി ഉയരങ്ങളിലെത്തുന്നത് എങ്ങനെയെന്നതിന് ഭാവി തലമുറകള്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം ഒരു പാഠമാണ്.
ദയാലുവായ ഒരു വ്യക്തി, പണ്ഡിതനായ സാമ്പത്തിക വിദഗ്ധന്‍, പരിഷ്‌കാരങ്ങള്‍ക്കായി സമര്‍പ്പിതനായ നേതാവ് എന്നീ നിലകളില്‍ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. ഒരു സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍, അദ്ദേഹം വിവിധ പദവികളില്‍ ഇന്ത്യാ ഗവണ്‍മെന്റിനെ സേവിച്ചു. വെല്ലുവിളി നിറഞ്ഞ കാലത്ത് അദ്ദേഹം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറുടെ വേഷമണിഞ്ഞു. മുന്‍ പ്രധാനമന്ത്രിയായ ഭാരതരത്ന ശ്രീ പി.വി.നരസിംഹ റാവു ജിയുടെ ഗവണ്‍മെന്റില്‍ ധനമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയും പുതിയ സാമ്പത്തിക ദിശയിലേക്കുള്ള വഴിയൊരുക്കുകയും ചെയ്തു. പ്രധാനമന്ത്രിയെന്ന നിലയില്‍ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും വിലമതിക്കുന്നതാണ്.
ജനങ്ങളോടും രാജ്യത്തിന്റെ വികസനത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എക്കാലവും ഒര്‍ക്കപ്പെടും. ഡോ. മന്‍മോഹന്‍ സിംഗ് ജിയുടെ ജീവിതം സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പ്രതിഫലനമായിരുന്നു. അദ്ദേഹം ഒരു അസാധാരണ പാര്‍ലമെന്റേറിയനായിരുന്നു. അദ്ദേഹത്തിന്റെ വിനയവും സൗമ്യതയും ബുദ്ധിശക്തിയും അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ജീവിതത്തെ നിര്‍വചിച്ചു. പാര്‍ലമെന്റ് അംഗമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ഈ വര്‍ഷം ആദ്യം രാജ്യസഭയിലെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചപ്പോള്‍ ഞാന്‍ പരാമര്‍ശിച്ചത് ഞാന്‍ ഓര്‍ക്കുന്നു. പാര്‍ലമെന്റ് സമ്മേളനങ്ങളുടെ നിര്‍ണായക നിമിഷങ്ങളില്‍ പോലും അദ്ദേഹം വീല്‍ചെയറില്‍ പങ്കെടുത്ത് പാര്‍ലമെന്റിന്റെ ചുമതലകള്‍ നിറവേറ്റുമായിരുന്നു.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നേടിയിട്ടും ഗവണ്‍മെന്റില്‍ നിരവധി ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടും, തന്റെ എളിയ പശ്ചാത്തലത്തിന്റെ മൂല്യങ്ങള്‍ അദ്ദേഹം ഒരിക്കലും മറന്നില്ല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്നുവന്ന അദ്ദേഹം എല്ലായ്പ്പോഴും കക്ഷിഭേദമന്യേ ആളുകളുമായി ബന്ധം പുലര്‍ത്തുകയും എല്ലാവരോടും അടുപ്പം പുലര്‍ത്തുകയും ചെയ്തു. ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദേശീയ അന്തര്‍ദേശീയ വിഷയങ്ങളില്‍ ഡോ. മന്‍മോഹന്‍ സിംഗ് ജിയുമായി തുറന്ന ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഡല്‍ഹിയില്‍ വന്നതിനു ശേഷവും ഞാന്‍ അദ്ദേഹത്തെ ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. രാജ്യത്തെക്കുറിച്ചുള്ള ഞങ്ങളുടെ ചര്‍ച്ചകളും യോഗങ്ങളും ഞാന്‍ എപ്പോഴും ഓര്‍ക്കും. അടുത്തിടെ, അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു.
ദുഃഖകരമായ നിമിഷത്തില്‍, ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വേണ്ടി ഞാന്‍ ഡോ. മന്‍മോഹന്‍ സിംഗ് ജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.