മെയ്ഡ് ഇന്‍ ഇന്ത്യ കൊറോണ വാക്‌സിനെയും ലോകത്തിലെ ഏറ്റവും ബൃഹത്തായ കുത്തിവെപ്പ് പദ്ധതിയെയും കുറിച്ച് നാം വിശദമായി ചര്‍ച്ച ചെയ്തു. അവതരണത്തില്‍ പല കാര്യങ്ങളും വിശദീകരിക്കപ്പെട്ടു. നമ്മുടെ സംസ്ഥാനങ്ങളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി വിശദമായി ചര്‍ച്ച നടത്തുകയും ചില സംസ്ഥാനങ്ങളില്‍നിന്നു നല്ല അഭിപ്രായങ്ങള്‍ ലഭിക്കുകയും ചെയ്തു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഈ ആശയവിനിമയം കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. ഒരര്‍ഥത്തില്‍ ഈ പോരാട്ടത്തില്‍ നാം ഫെഡറലിസത്തിന്റെ ഉത്തമ മാതൃകയാണു പ്രദര്‍ശിപ്പിച്ചത്.
സുഹൃത്തുക്കളെ,
രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ജിയുടെ ജന്‍മദിനമാണ് ഇന്ന്. അദ്ദേഹത്തിനു ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. 1965ല്‍ ശാസ്ത്രിജി ഭരണ സേവന മേഖലയിലെ ഒരു യോഗത്തില്‍ പറഞ്ഞ പ്രധാനപ്പെട്ട കാര്യം പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു: 'ഭരണത്തിന്റെ അടിസ്ഥാന പരമായ ആശയമായി ഞാന്‍ കരുതുന്നത് സമൂഹത്തെ ഒന്നിപ്പിക്കുക എന്നതാണ്. അതുവഴി സമൂഹത്തിനു വികസിക്കാനും ചില ലക്ഷ്യങ്ങള്‍ നേടുന്നതിനായി മുന്നേറാനും സാധിക്കും. ഈ പരിണാമത്തിന് അവസരമൊരുക്കുക എന്നതാണു ഗവണ്‍മെന്റിന്റെ ദൗത്യം.' കൊറോണയുടെ ഈ പ്രതിസന്ധി നാളുകളില്‍ നാം ഐക്യത്തോടെ പ്രവര്‍ത്തിച്ചു എന്നതിലും ലാല്‍ ബഹാദൂര്‍ ശാസ്ത്രി ജി പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ പിന്‍തുടരാന്‍ ശ്രമിച്ചു എന്നതിലും എനിക്കു സംതൃപ്തിയുണ്ട്. ഈ കാലയളവില്‍ അവബോധത്തോടെ അതിവേഗം തീരുമാനങ്ങള്‍ കൈക്കൊള്ളപ്പെടുകയും അവശ്യമായ വിഭവങ്ങള്‍ സമാഹരിക്കപ്പെടുകയും ചെയ്തു. നാം രാജ്യത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതു തുടരുകയും തല്‍ഫലമായി മറ്റു രാജ്യങ്ങളിലേതുപോലെ കൊറോണ പടരുന്ന സാഹചര്യം ഇന്ത്യയില്‍ ഉണ്ടാവാതിരിക്കുകയും ചെയ്തു. ഏഴോ എട്ടോ മാസം മുന്‍പുണ്ടായിരുന്ന ഭയത്തില്‍നിന്നു ജനങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഇപ്പോള്‍ സാഹചര്യം മെച്ചപ്പെട്ടു എങ്കിലും അശ്രദ്ധ പുലര്‍ത്തുന്നില്ല എന്നു നാം ഉറപ്പാക്കേണ്ടതുണ്ട്. ജനങ്ങളുടെ ആത്മവിശ്വാസം ഉയരുന്നതു സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നതിനു സംസ്ഥാന ഭരണകൂടങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
ഇപ്പോള്‍ കൊറോണയ്‌ക്കെതിരായ പോരാട്ടത്തിലുള്ള നിര്‍ണായക ഘട്ടത്തിലേക്കു രാജ്യം കടക്കുകയാണ്. അതു കുത്തിവെപ്പിന്റെ ഘട്ടമാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ ജനുവരി 16നു നാം ലോകത്തിലെ ഏറ്റവും വലിയ കുത്തിവെപ്പു പദ്ധതിക്കു തുടക്കമിടുകയാണ്. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്ന രണ്ടു വാക്‌സിനുകളും ഇന്ത്യയില്‍ ഉണ്ടാക്കിയതാണ് എന്നതു നമുക്ക് അഭിമാനം പകരുന്നു. അതു മാത്രമല്ല, നാലു വാക്‌സിനുകള്‍ കൂടി വികസിപ്പിച്ചുവരികയാണ്. ആദ്യ റൗണ്ട് കുത്തിവെപ്പിന്റെ അറുപതോ എഴുപതോ ശതമാനം ജോലി പൂര്‍ത്തിയായാല്‍ നമുക്കു വീണ്ടും ചര്‍ച്ച ചെയ്യാം. അതിനുശേഷം കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാവുകയും ഭാവിപദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സാധ്യമാവുകയും ചെയ്യും. അതിലേറെ വാക്‌സിനുകള്‍ ലഭ്യമായേക്കാമെങ്കിലും രണ്ടാം ഘട്ടത്തില്‍ അന്‍പതിലേറെ വയസ്സുള്ളവര്‍ക്കു കുത്തിവെപ്പു നല്‍കാനാണു നാം ശ്രമിക്കുക.
സുഹൃത്തുക്കളെ,
ജനങ്ങള്‍ക്കു ഫലപ്രദമായ വാക്‌സിന്‍ നല്‍കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും നമ്മുടെ വിദഗ്ധര്‍ കൈക്കൊണ്ടിട്ടുണ്ട്. ഇപ്പോള്‍ അതേക്കുറിച്ചു ശാസ്ത്രലോകം വിശദമായി പറഞ്ഞുതന്നിട്ടുമുണ്ട്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഇതു സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി സംസാരിക്കുമ്പോഴെല്ലാം, നാം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതു ശാസ്ത്രലോകത്തിന്റെ ഉപദേശം അനുസരിച്ചായിരിക്കുമെന്നു ഞാന്‍ പറയാറുണ്ട്. ശാസ്ത്ര ലോകത്തെ അവസാന വാക്കായി കരുതി നിര്‍ദേശങ്ങള്‍ നാം പിന്‍തുടരും. പലരും ഇങ്ങനെ പറയുന്നുണ്ട്: 'ലോകത്തില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങി. ഇന്ത്യ എന്താണ് ചെയ്യുന്നത്? ഇന്ത്യ ഉറങ്ങുകയാണ്. രോഗബാധ ലക്ഷക്കണക്കിനായി.' ഇത്തരത്തിലുള്ള നിലവിളി ഉയരുന്നുണ്ടായിരുന്നു. എന്നാല്‍, ശാസ്ത്ര ലോകവും മറ്റ് ഉത്തരവാദിത്തപ്പെട്ടവരും നല്‍കുന്ന ഉപദേശങ്ങള്‍ പിന്‍തുടരുക എന്നതാണു നമ്മുടെ രീതി. ആ ദിശയിലാണു നാം നീങ്ങുന്നത്. എനിക്ക് ആവര്‍ത്തിക്കാനുള്ള ഒരു കാര്യം രണ്ടു വാക്‌സിനുകളും ലോകത്താകമാനമുള്ള മറ്റു വാക്‌സിനുകളെ അപേക്ഷിച്ച് ചെലവു കുറഞ്ഞതാണ് എന്നതാണ്. കൊറോണ പ്രതിരോധത്തിനായി വിദേശ വാക്‌സിനുകളെ ആശ്രയിക്കേണ്ടിവന്നിരുന്നു എങ്കില്‍ ഇന്ത്യ വലിയ പ്രതിസന്ധിയില്‍ പെട്ടേനെ എന്നു നിങ്ങള്‍ക്കു ചിന്തിക്കാവുന്നതേ ഉള്ളൂ. ഇന്ത്യന്‍ സാഹചര്യങ്ങള്‍ കണക്കാക്കിയാണ് ഈ വാക്‌സിനുകള്‍ വികസിപ്പിച്ചിരിക്കുന്നത്. വാക്‌സിനേഷനില്‍ ഇന്ത്യക്കുള്ള അനുഭവവും വിദൂര സ്ഥലങ്ങളില്‍ എത്തിക്കാനുള്ള സംവിധാനങ്ങളും കൊറോണ വാക്‌സിനേഷന്‍ പദ്ധതിയില്‍ വളരെയധികം സഹായകമാകും.
സുഹൃത്തുക്കളെ,
വാക്‌സിനേഷന്‍ പദ്ധതിക്കു തുടക്കമിടുമ്പോള്‍ ആര്‍ക്കൊക്കെ മുന്‍ഗണന നല്‍കണമെന്നു തീരുമാനിച്ചതു സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തശേഷമാണ്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി രാപകലില്ലാതെ തിരക്കിട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദ്യം കൊറോണ വാക്‌സിന്‍ ലഭ്യമാക്കാനാണു നമ്മുടെ ശ്രമം. ഗവണ്‍മെന്റ്, സ്വകാര്യ മേഖലകളിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദ്യം കുത്തിവെപ്പു നല്‍കും. ഇതോടൊപ്പം ശുചീകരണ തൊഴിലാളികള്‍, മറ്റു മുന്‍നിര പ്രവര്‍ത്തകര്‍, സേനാംഗങ്ങള്‍, പൊലീസ് സേനയിലുള്ളവര്‍, കേന്ദ്ര സുരക്ഷാ സേനാംഗങ്ങള്‍, ഹോം ഗാര്‍ഡുകള്‍, ദുരന്ത നിവാരണ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സിവില്‍ പ്രതിരോധ ജീവനക്കാര്‍, കണ്ടെയ്ന്‍മെന്റിലും നിരീക്ഷണത്തിലുമുള്ള റവന്യൂ ജീവനക്കാര്‍, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മൂന്നു കോടി പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ കുത്തിവെപ്പു നല്‍കും. ഇതിനുള്ള ചെലവു സംസ്ഥാന ഗവണ്‍മെന്റുകള്‍ വഹിക്കേണ്ടതില്ലെന്നും കേന്ദ്ര ഗവണ്‍മെന്റ് വഹിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
രണ്ടാം ഘട്ട വാക്‌സിനേഷനില്‍; ഒരര്‍ഥത്തില്‍ അതു മൂന്നാം ഘട്ടമാണ്. എന്നാല്‍, മൂന്നു കോടി പേര്‍ക്കു വാക്‌സിനേഷന്‍ നല്‍കുന്ന പ്രവര്‍ത്തനത്തെ ആദ്യഘട്ടമായി കാണുകയാണെങ്കില്‍ രണ്ടാം ഘട്ടമെന്നു വിളിക്കാം. ആ ഘട്ടത്തില്‍ 50നു മീതെ പ്രായമുള്ള എല്ലാവര്‍ക്കും അതോടൊപ്പം അതില്‍ കുറവു പ്രായമുള്ളവരില്‍ മറ്റു രോഗങ്ങള്‍ ഉള്ളവരെയും ഉള്‍പ്പെടുത്തും. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആവര്‍ത്തിച്ചു യോഗങ്ങള്‍ നടത്തി എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായു ആശയവിനിമയം നടത്തി അവശ്യമായ അടിസ്ഥാന സൗകര്യവും ഗതാഗത സംവിധാനവും ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയെന്നു നിങ്ങള്‍ക്ക് അറിയാം. ഇത്രയും വലിയ രാജ്യത്ത് എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ നടത്താന്‍ നമുക്കു സാധിച്ചു. ഇനി നമുക്കു വേണ്ടത് പുതിയ തയ്യാറെടുപ്പുകളും പ്രവര്‍ത്തന രീതിയും പഴയ അനുഭവവുമായി ബന്ധപ്പിക്കുക എന്നതാണ്. ഇന്ത്യയില്‍ വിജയകരമായി മുന്നോട്ടുപോകുന്ന സാര്‍വദേശീയ പ്രതിരോധ പദ്ധതികള്‍ പലതുണ്ട്. അഞ്ചാം പനി പോലുള്ള രോഗങ്ങള്‍ക്കെതിരെ സമഗ്ര പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നമുക്കു സാധിക്കുന്നുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു നടത്തുകയും രാജ്യത്തിന്റെ മുക്കിലും മൂലയിലും വോട്ടിങ് സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നതിന്റെ അനുഭവജ്ഞാനം നമുക്കുണ്ട്. ബൂത്ത് തലത്തില്‍ നാം നടപ്പാക്കിവരുന്ന തന്ത്രങ്ങള്‍ ഇക്കാര്യത്തിലും ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
ഈ വാക്‌സിനേഷന്‍ പദ്ധതിയില്‍ ഏറ്റവും പ്രധാനം കുത്തിവെപ്പു നല്‍കേണ്ടവരെ കണ്ടെത്തുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുക എന്നതാണ്. ഇതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കോ-വിന്‍ എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സജ്ജമാക്കിയിട്ടുണ്ട്. ആധാര്‍ ഉപയോഗപ്പെടുത്തി ഗുണഭോക്താക്കളെ കണ്ടെത്തും. രണ്ടാമത് ഡോസ് യഥാസമയം ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്യും. വാക്‌സിനേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അതതു സമയത്തു തന്നെ കോ-വിന്നില്‍ അപ്ലോഡ് ചെയ്യണമെന്നു നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. ഇക്കാര്യത്തില്‍ ചെറിയ വീഴ്ച സംഭവിക്കുന്നതുപോലും ദൗത്യം പരാജയപ്പെടാന്‍ ഇടയാക്കാം. ആദ്യത്തെ കുത്തിവെപ്പ് നടത്തുന്നതോടെ കോ-വിന്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. വാക്‌സിനേഷന്‍ കഴിഞ്ഞ ഉടന്‍ ഗുണഭോക്താവിന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. അതിനു വീണ്ടും വരേണ്ട സാഹചര്യമുണ്ടാവരുത്. ഇത് ആര്‍ക്കൊക്കെ കുത്തിവെപ്പു ലഭിച്ചു എന്നു ബോധ്യപ്പെടുത്തന്നതോടൊപ്പം രണ്ടാമതു കുത്തിവെപ്പു സംബന്ധിച്ച് ഓര്‍മപ്പെടുത്താന്‍ സഹായകമാവുകയും ചെയ്യും. രണ്ടാമത് ഡോസിനുശേഷം അന്തിമ സര്‍ട്ടിഫിക്കറ്റ് നല്‍കും.
സുഹൃത്തുക്കളെ,
പല രാജ്യങ്ങളും ഇന്ത്യയെ പിന്‍തുടരുമെന്നതിനാല്‍ നമുക്കു വലിയ ഉത്തരവാദിത്തമുണ്ട്. നാം ഓര്‍ക്കേണ്ട മറ്റൊരു പ്രധാന കാര്യമുണ്ട്. ലോകത്ത് 50 രാജ്യങ്ങളില്‍ മൂന്നു നാല് ആഴ്ചകളായി വാക്‌സിനേഷന്‍ നടന്നുവരികയാണ്. ഒരു മാസത്തിനിടെ ലോകത്ത് രണ്ടര കോടി പേര്‍ക്കു കുത്തിവെപ്പു നടത്തി. അവര്‍ അവരുടേതായ രീതിയില്‍ തയ്യാറെടുപ്പു നടത്തി. അവര്‍ക്ക് അനുഭവജ്ഞാനമുണ്ട്, അവരുടേതായ കരുത്തുണ്ട്, അവര്‍ അവരുടേതായ വഴിയില്‍ ചെയ്യുകയുമാണ്. എന്നാല്‍, ഇന്ത്യയില്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കകം 30 കോടി പേര്‍ക്കു വാക്‌സിനേഷന്‍ നല്‍കുക എന്ന ലക്ഷ്യമാണു നമുക്കു നേടാനുള്ളത്. ഈ വെല്ലുവിളി മുന്നില്‍ക്കണ്ടു കഴിഞ്ഞ മാസങ്ങളില്‍ നാം വ്യാപകമായ തയ്യാറെടുപ്പുകള്‍ നടത്തി. കൊറോണ വാക്‌സിന്‍ നിമിത്തം അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നപക്ഷം കൈക്കൊള്ളേണ്ട നടപടികള്‍ക്കും സജ്ജീകരണമൊരുക്കി. സാര്‍വദേശീയ പ്രതിരോധ കുത്തിവെപ്പു പദ്ധതി പ്രകാരം ഇതിനു നിലവില്‍ സംവിധാനമുണ്ട്. കൊറോണ വാക്‌സിനേഷനായി അതു ശക്തിപ്പെടുത്തി.
സുഹൃത്തുക്കളെ,
വാക്‌സിനുകള്‍ക്കും വാക്‌സിനേഷനും ഇടയിലും കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കണമെന്നു നാം ഓര്‍ക്കണം. ചെറിയ ഉപേക്ഷ പോലും ദോഷകരമായിത്തീരാം. കുത്തിവെപ്പു ലഭിച്ചവരും രോഗബാധ ഇല്ലാതിരിക്കുന്നതിന് അവര്‍ക്കായി പറയുന്ന മുന്‍കരുതലുകള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. നാം ഗൗരവത്തോടെ ചെയ്യേണ്ട മറ്റൊരു കാര്യമുണ്ട്. വാക്‌സിന്‍ സംബന്ധിച്ച് ഊഹാപോഹങ്ങളോ തെറ്റായ പ്രചരണമോ ഉണ്ടാകുന്നില്ലെന്ന് എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും ഉറപ്പുവരുത്തണം. ആശങ്കകള്‍ ഉണ്ടാവരുത്. രാജ്യത്തെയും പുറത്തെയുമുള്ള സ്വാര്‍ഥതാല്‍പര്യ ചിന്തകള്‍ നമ്മുടെ പദ്ധതിയെ തളര്‍ത്താം. കോര്‍പറേറ്റുകള്‍ തമ്മിലുള്ള മല്‍സരമുണ്ടാകാം. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യത്തിന്റെ അഭിമാനത്തെ ചിലര്‍ ദുരുപയോഗം ചെയ്യാനിടയുണ്ട്. പലതും സംഭവിക്കാം. അത്തരം നീക്കങ്ങളെ പരാജയപ്പെടുത്തുന്നതിനായി രാജ്യത്തെ ഓരോ പൗരനും കൃത്യമായ വിവരങ്ങള്‍ നാം നല്‍കണം. മതപരവും എന്‍.വൈ.കെ., എന്‍.എസ്.എസ്. പോലുള്ള സാമൂഹികവുമായ സ്ഥാപനങ്ങളെയും സ്വാശ്രയ ഗ്രൂപ്പുകളെയും വിദഗ്ധരുടെ സംഘടനകളെയും റോട്ടറി, ലയണ്‍സ് ക്ലബ്ബുകളെയും റെഡ്‌ക്രോസിനെയും മറ്റും ഭാഗമാക്കേണ്ടതുണ്ട്. മറ്റു പതിവ് ആരോഗ്യ സേവനങ്ങളും വാക്‌സിനേഷന്‍ പദ്ധതികളും തടസ്സമില്ലാതെ നടക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതുമുണ്ട്. കൊറോണ വാക്‌സിനേഷന്‍ ജനുവരി 16നാണു തുടങ്ങുന്നത് എന്നു നമുക്കറിയാം. അടുത്ത ദിവസം, അതായത് ജനുവരി 17ന്, നേരത്തേ മുതലുള്ള വാക്‌സിനേഷന്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ അതു തടസ്സമില്ലാതെ നടക്കണം.
അവസാനമായി, മറ്റൊരു ഗൗരവമേറിയ കാര്യം പറയാനുണ്ട്. രാജ്യത്തെ ഒന്‍പതു സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കേരളം, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡെല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണു രോഗമുള്ളത്. പക്ഷിപ്പനി തടയാന്‍ തുടര്‍ച്ച നഷ്ടപ്പെടാത്ത വിധമുള്ള കര്‍മപദ്ധതി മൃഗ സംരക്ഷണ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും പ്രധാന പങ്കു വഹിക്കാനുണ്ട്. ചീഫ് സെക്രട്ടറിമാര്‍ വഴി എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാന്‍ സഹപ്രവര്‍ത്തകരായ മുഖ്യമന്ത്രിമാരോടു ഞാന്‍ ആഹ്വാനംചെയ്യുകയാണ്. പക്ഷിപ്പനി ബാധ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സംസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എല്ലാ സംസ്ഥാന, പ്രദേശിക ഭരണകൂടങ്ങളും ജലാശയങ്ങളും പക്ഷി വില്‍പന കേന്ദ്രങ്ങളും മൃഗശാലകളും കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളും മറ്റും സദാ നിരീക്ഷിക്കണം. പക്ഷികള്‍ക്കു രോഗം വരുന്നുണ്ടോ എന്നതു മുന്‍ഗണന കല്‍പിച്ചു മനസ്സിലാക്കണം. യഥാസമയം സാംപിളുകള്‍ അയക്കുന്നപക്ഷം പക്ഷിപ്പനി ബാധയുണ്ടോ എന്നു ലാബുകളില്‍നിന്നു പെട്ടെന്ന് അറിയാന്‍ സാധിക്കും. വേണ്ട നടപടികള്‍ താമസമില്ലാതെ കൈക്കൊള്ളാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കുകയും ചെയ്യും. വനംവകുപ്പും ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും തമ്മിലുള്ള ഏകോപനം ശക്തമാകുന്നതിനനുസരിച്ചു പക്ഷിപ്പനി നിയന്ത്രിക്കുന്നതിന്റെ വേഗം കൂടും. പക്ഷിപ്പനി സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ സാധിക്കണം. നാം യോജിച്ചു പ്രവര്‍ത്തിച്ചാല്‍ രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും അതിജീവിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.
നിങ്ങളോടെല്ലാം നന്ദിയുണ്ട്. 60 ശതമാനം പ്രവൃത്തി പൂര്‍ത്തിയാകുമ്പോള്‍ നമുക്കു വീണ്ടും ഒത്തുകൂടാം. പുതിയ വാക്‌സിനുകളെക്കുറിച്ച് അവലോകനം നടത്തി പുതിയ തന്ത്രങ്ങള്‍ നമുക്കു മെനയാം.
നിങ്ങള്‍ക്കു വളരെയധികം നന്ദി!