നിങ്ങളോട് എല്ലാവരോടും സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. നിങ്ങളുടെ ചിന്തകളെക്കുറിച്ച് അറിയാന്‍ നിങ്ങളെപ്പോലുള്ള യുവ സുഹൃത്തുക്കളുമായി എല്ലാ വര്‍ഷവും ആശയവിനിമയത്തിനു ഞാന്‍ ശ്രമിക്കാറുണ്ട്. നിങ്ങളുടെ വാക്കുകളും ചോദ്യങ്ങളും ജിജ്ഞാസയും ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ എന്നെ സഹായിക്കുന്നു.
സുഹൃത്തുക്കളേ,
75 വര്‍ഷത്തെ സ്വാതന്ത്ര്യത്തിന്റെ 'അമൃത് മഹോത്സവം' ഇന്ത്യ ആഘോഷിക്കുന്ന സമയത്താണ് ഈ ചര്‍ച്ച നടക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 15 എന്ന തീയതി സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികം കൊണ്ടുവരികയാണ്. കഴിഞ്ഞ 75 വര്‍ഷം, മെച്ചപ്പെട്ട പൊലീസ് സേവനം കെട്ടിപ്പടുക്കാന്‍ ഇന്ത്യ ശ്രമിച്ചു. സമീപ വര്‍ഷങ്ങളില്‍ പൊലീസ് പരിശീലനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന്, ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍, അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ പങ്കെടുക്കുന്ന യുവാക്കളെ എനിക്ക് കാണാന്‍ കഴിയുന്നു. ഇതൊരു വലിയ ഉത്തരവാദിത്തമാണ്. അതിനാല്‍, ഒരു പുതിയ തുടക്കവും ഒരു പുതിയ ദൃഢനിശ്ചയവുമായി നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
നിങ്ങളില്‍ എത്ര പേര്‍ ദണ്ഡിയില്‍ പോയിട്ടുണ്ടെന്നോ സബര്‍മതി ആശ്രമം കണ്ടുവെന്നോ എനിക്കറിയില്ല. എന്നാല്‍ 1930ലെ ദണ്ഡി യാത്രയെക്കുറിച്ച് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഉപ്പ് സത്യാഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഇളക്കുന്നതിനെക്കുറിച്ച് ഗാന്ധിജി പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞു, 'മാര്‍ഗ്ഗങ്ങള്‍ ന്യായവും ശരിയും ആയിരിക്കുമ്പോള്‍, ദൈവവും കൂടെ നില്‍ക്കുന്നു'.
സുഹൃത്തുക്കളേ,
മഹാത്മാഗാന്ധി ഒരു ചെറിയ സംഘത്തോടൊപ്പമാണ് സബര്‍മതി ആശ്രമത്തില്‍ നിന്നു പുറപ്പെട്ടത്. ദിവസങ്ങള്‍ കഴിയുന്തോറും ആളുകള്‍, അവര്‍ എവിടെയായിരുന്നാലും ഉപ്പ് സത്യാഗ്രഹത്തില്‍ ചേരാന്‍ തുടങ്ങി. 24 ദിവസം കഴിഞ്ഞ് ഗാന്ധിജി ദണ്ഡിയില്‍ യാത്ര പൂര്‍ത്തിയാക്കിയപ്പോള്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നിന്നു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും അട്ടോക്ക് മുതല്‍ കട്ടക്ക് വരെയും ഇന്ത്യ മുഴുവന്‍ ഒരൊറ്റ ജീവനായി. ആ വികാരവും ഇച്ഛാശക്തിയും ഓര്‍ക്കുക. ഈ സ്വാതന്ത്ര്യബോധവും ഐക്യദാര്‍ഢ്യവുമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനു കൂട്ടായ്മയുടെ ശക്തി പകര്‍ന്നത്. മാറ്റത്തിന് യുവജനങ്ങളില്‍ നിന്നു രാജ്യം അതേ ഊര്‍ജ്ജസ്വലതയും ഇച്ഛാശക്തിയും ആവശ്യപ്പെടുന്നു. 1930 നും 1947 നും ഇടയില്‍ രാജ്യത്ത് ഉയര്‍ന്നുവന്ന വേലിയേറ്റവും രാജ്യത്തെ യുവാക്കള്‍ മുന്നോട്ടുവന്നതും മുഴുവന്‍ യുവതലമുറയും ഒരു ലക്ഷ്യത്തിനായി ഒന്നിച്ചതുമായ അതേ ഉല്‍സാഹമാണ് ഇന്ന് നിങ്ങളില്‍ നിന്നും അതേ രാജ്യം പ്രതീക്ഷിക്കുന്നത്. നാമെല്ലാവരും ഈ ഉല്‍സാഹത്തില്‍ ജീവിക്കുകയും ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും വേണം. അക്കാലത്ത് രാജ്യത്തെ ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍, സ്വരാജിനുവേണ്ടിയാണു (സ്വയംഭരണം) പോരാടിയത്. ഇന്ന് നിങ്ങള്‍ സുരാജ്യയ്ക്കായി (നല്ല ഭരണം) പൂര്‍ണ്ണഹൃദയത്തോടെ പ്രവര്‍ത്തിക്കണം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി മരിക്കാന്‍ ആളുകള്‍ അന്നു തയ്യാറായിരുന്നു. രാജ്യത്തിനായി ജീവിക്കാനുള്ള മനോഭാവത്തോടെയാണ് നിങ്ങള്‍ ഇന്ന് മുന്നോട്ട് പോകേണ്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നമ്മുടെ പൊലീസ് സേവനം എങ്ങനെയായിരിക്കും എന്നതും 25 വര്‍ഷങ്ങള്‍ക്ക് ശേഷം എത്ര ശക്തമായിരിക്കും എന്നതും നിങ്ങളുടെ ഇന്നത്തെ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും. 2047 ലെ മഹത്തായതും അച്ചടക്കമുള്ളതുമായ ഇന്ത്യയുടെ അടിത്തറ നിങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ഈ നിശ്ചയദാര്‍ഢ്യം നിറവേറ്റാന്‍ കാലം നിങ്ങളെപ്പോലുള്ള യുവാക്കളെ തിരഞ്ഞെടുത്തു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇത് ഒരു വലിയ പദവിയായി ഞാന്‍ കരുതുന്നു. എല്ലാ മേഖലയിലും എല്ലാ തലത്തിലും ഇന്ത്യ പരിവര്‍ത്തനത്തിന്റെ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു സമയത്താണ് നിങ്ങള്‍ നിങ്ങളുടെ കരിയര്‍ ആരംഭിക്കുന്നത്. നിങ്ങളുടെ കരിയറിന്റെ അടുത്ത 25 വര്‍ഷവും ഇന്ത്യയുടെ വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട 25 വര്‍ഷമായിരിക്കും. അതിനാല്‍, നിങ്ങളുടെ തയ്യാറെടുപ്പും നിങ്ങളുടെ മാനസികാവസ്ഥയും ഈ വലിയ ലക്ഷ്യത്തിന് അനുസൃതമായിരിക്കണം. അടുത്ത 25 വര്‍ഷങ്ങളില്‍, നിങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പദവികളില്‍ പ്രവര്‍ത്തിക്കുകയും വ്യത്യസ്ത ചുമതലകള്‍ വഹിക്കുകയും ചെയ്യും. ആധുനികവും ഫലപ്രദവും പ്രതികരണാത്മകവുമായ ഒരു പൊലീസ് സേവനം കെട്ടിപ്പടുക്കുന്നതില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. അതിനാല്‍, നിങ്ങള്‍ 25 വര്‍ഷത്തേക്ക് ഒരു പ്രത്യേക ദൗത്യത്തിലാണെന്ന് നിങ്ങള്‍ എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്, അതിനായി ഇന്ത്യ നിങ്ങളെ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നുവെന്നും.
സുഹൃത്തുക്കളേ,
ലോകമെമ്പാടുമുള്ള അനുഭവങ്ങള്‍ കാണിക്കുന്നത് ഒരു രാഷ്ട്രം വികസനത്തിന്റെ പാതയില്‍ മുന്നേറുമ്പോള്‍, രാജ്യത്തിന് പുറത്തുനിന്നും രാജ്യത്തിനകത്തു നിന്നുമുള്ള വെല്ലുവിളികള്‍ തുല്യമായി ഉയരുന്നു എന്നാണ്. അതിനാല്‍, സാങ്കേതിക തകരാറുകള്‍ നേരിടുന്ന വേളയിലും പൊലീസിനെ തുടര്‍ച്ചയായി സജ്ജമാക്കുക എന്നതാണ് നിങ്ങളുടെ വെല്ലുവിളി. കൂടുതല്‍ നൂതനമായ വഴികളിലൂടെ പുതിയ കുറ്റകൃത്യങ്ങള്‍ തടയുക എന്നതാണ് നിങ്ങള്‍ നേരിടുന്ന വെല്ലുവിളി. പുതിയ പരീക്ഷണങ്ങള്‍, ഗവേഷണം, രീതികള്‍ എന്നിവ വികസിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ടതുണ്ട്, പ്രത്യേകിച്ച് സൈബര്‍ സുരക്ഷ സംബന്ധിച്ച്.
സുഹൃത്തുക്കളേ,
ഭരണഘടനയും രാജ്യത്തിന്റെ ജനാധിപത്യവും ഏത് അവകാശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും, അവയുടെ പ്രതീക്ഷയ്‌ക്കൊത്തു കടമകള്‍ നിര്‍വഹിക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ നിങ്ങളുടെ പങ്ക് പ്രധാനമാണ്. അതിനാല്‍, നിങ്ങളില്‍ നിന്നുള്ള പ്രതീക്ഷകള്‍ ഉയര്‍ന്നതാണ്; നിങ്ങളുടെ പെരുമാറ്റം എപ്പോഴും നിരീക്ഷിക്കപ്പെടുന്നു. നിങ്ങളുടെമേലും വളരെയധികം സമ്മര്‍ദ്ദമുണ്ടാകും. നിങ്ങള്‍ പൊലീസ് സ്റ്റേഷന്റെയോ പൊലീസ് ആസ്ഥാനത്തിന്റെയോ പരിധിക്കുള്ളില്‍ മാത്രം ചിന്തിക്കേണ്ടതില്ല. സമൂഹത്തിലെ എല്ലാ ചുമതലകളും നിങ്ങള്‍ക്ക് പരിചിതമായിരിക്കണം. സൗഹൃദപരമായി പെരുമാറുകയും എല്ലായ്‌പ്പോഴും യൂണിഫോമിന്റെ അന്തസ്സ് ഉന്നതമായി നിലനിര്‍ത്തുകയും വേണം. ഒരു കാര്യം കൂടി നിങ്ങള്‍ എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. നിങ്ങള്‍ രാജ്യത്തെ വിവിധ ജില്ലകളിലും നഗരങ്ങളിലും സേവനം ചെയ്യും. അതിനാല്‍, നിങ്ങള്‍ എല്ലായ്‌പ്പോഴും ഒരു മന്ത്രം ഓര്‍ക്കണം. കര്‍മമേഖലയില്‍ ആയിരിക്കുമ്പോള്‍ നിങ്ങള്‍ എന്ത് തീരുമാനമെടുത്താലും അത് രാജ്യതാല്‍പ്പര്യത്തിന് അനുസൃതമായിരിക്കണം, അതിന് ഒരു ദേശീയ വീക്ഷണം ഉണ്ടായിരിക്കണം. നിങ്ങളുടെ ജോലിയുടെ വ്യാപ്തിയും പ്രശ്‌നങ്ങളും പലപ്പോഴും പ്രാദേശികമായിരിക്കും. അതിനാല്‍ അവ കൈകാര്യം ചെയ്യുമ്പോള്‍ ഈ മന്ത്രം വളരെ ഉപയോഗപ്രദമാകും. നിങ്ങള്‍ 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' (ഒരൊറ്റ ഇന്ത്യ, പരമാധികാര ഇന്ത്യ) യുടെയും പതാക വഹിക്കുന്നയാളാണെന്ന് എപ്പോഴും ഓര്‍ക്കണം. അതിനാല്‍, നിങ്ങളുടെ ഓരോ പ്രവര്‍ത്തനവും ആദ്യം രാഷ്ട്രത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കണം.
സുഹൃത്തുക്കളേ,
എന്റെ മുന്നില്‍ ഒരു പുതിയ തലമുറയിലെ മഹിമയുള്ള വനിതാ ഓഫീസര്‍മാരെയും കാണാന്‍ കഴിയും. വര്‍ഷങ്ങളായി, പൊലീസ് സേനയില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമം നടക്കുകയാണ്. നമ്മുടെ പെണ്‍മക്കള്‍ പൊലീസ് സേവനത്തില്‍ കാര്യക്ഷമതയ്ക്കും ഉത്തരവാദിത്തത്തിനുമൊപ്പം വിനയം, ദ്രുതപ്രതികരണശേഷി, സംവേദനക്ഷമത എന്നിവയുടെ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നു. അതുപോലെ, ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ കമ്മീഷണര്‍ സംവിധാനം നടപ്പിലാക്കകയാണു സംസ്ഥാനങ്ങള്‍. ഇതുവരെ, ഈ സംവിധാനം 16 സംസ്ഥാനങ്ങളിലെ പല നഗരങ്ങളിലും നടപ്പാക്കിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലും അനുകൂല നടപടികള്‍ സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
പൊലീസിനെ ഭാവിയിലേക്ക് ഉപകാരപ്രദമാക്കാനും ഫലപ്രദമാക്കാനും, കൂട്ടായ്മയോടും സംവേദനക്ഷമതയോടും കൂടി പ്രവര്‍ത്തിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ കൊറോണ കാലഘട്ടത്തില്‍ പോലും, പൊലീസിലെ നമ്മുടെ സഹപ്രവര്‍ത്തകര്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വലിയ പങ്കുവഹിച്ചത് എങ്ങനെയെന്ന് നാം കണ്ടു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നമ്മുടെ പൊലീസുകാര്‍ തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ശ്രമത്തില്‍ നിരവധി പൊലീസുകാര്‍ക്ക് അവരുടെ ജീവന്‍ ത്യജിക്കേണ്ടിവന്നു. എല്ലാ ജവാന്‍മാര്‍ക്കും പൊലീസ് സഖാക്കള്‍ക്കും ഞാന്‍ ആദരപൂര്‍വ്വം ആദരാഞ്ജലി അര്‍പ്പിക്കുന്നു, രാജ്യത്തിന് വേണ്ടി, അവരുടെ കുടുംബങ്ങളെ ഞാന്‍ അനുശോചനം അറിയിക്കുന്നു.
സുഹൃത്തുക്കളേ,
ഒരു വശം കൂടി നിങ്ങളുടെ മുന്നില്‍ വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ദിവസങ്ങളില്‍ പ്രകൃതിദുരന്തമോ വെള്ളപ്പൊക്കമോ ചുഴലിക്കാറ്റുകളോ ഉരുള്‍പൊട്ടലുകളോ ഉണ്ടാകുന്നിടത്തെല്ലാം നമ്മുടെ എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത നിവാരണ സേന) അംഗങ്ങള്‍ പൂര്‍ണ്ണ സന്നദ്ധതയോടെ ഉണ്ടെന്ന് നാം കാണുന്നു. ദുരന്തസമയത്ത് എന്‍ഡിആര്‍എഫിന്റെ പേര് ജനങ്ങളില്‍ ആത്മവിശ്വാസം പകരുന്നു. മികച്ച പ്രവര്‍ത്തനത്തിലൂടെയാണ് എന്‍ഡിആര്‍എഫ് ഈ വിശ്വാസ്യത സൃഷ്ടിച്ചത്. എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ അവരുടെ ജീവന്‍ പണയപ്പെടുത്തിപ്പോലും ദുരന്തസമയങ്ങളില്‍ തങ്ങളെ രക്ഷിക്കുമെന്ന് ഇന്ന് ആളുകള്‍ക്ക് വിശ്വാസമുണ്ട്. എന്‍ഡിആര്‍എഫിലും, കൂടുതലും, നിങ്ങളുടെ സ്വന്തം കൂട്ടാളികളായ പൊലീസ് സേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുണ്ട്. എന്നാല്‍ സമൂഹത്തില്‍ ഈ വികാരവും ബഹുമാനവും പൊലീസിനു കല്‍പ്പിക്കുന്നുണ്ടോ? എന്‍ഡിആര്‍എഫില്‍ പോലീസുകാരുണ്ട്. എന്‍ഡിആര്‍എഫിനെയും ബഹുമാനമുണ്ട്. എന്‍ഡിആര്‍എഫില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെയും ബഹുമാനിക്കുന്നു. എന്നാല്‍ സാമൂഹിക വ്യവസ്ഥ അങ്ങനെയാണോ? എന്തുകൊണ്ടാണ് അങ്ങനെ? ഇതിനുള്ള ഉത്തരവും നിങ്ങള്‍ക്കറിയാം. പൊലീസിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ മോശപ്പെട്ട ധാരണ വലിയ വെല്ലുവിളിയാണ്. കൊറോണ കാലഘട്ടത്തിന്റെ തുടക്കത്തില്‍, ഈ ധാരണ അല്പം മാറിയതായി തോന്നി. കാരണം പൊലീസുകാര്‍ പാവപ്പെട്ടവരെ സേവിക്കുന്നതും വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും പാവപ്പെട്ടവര്‍ക്ക് എത്തിക്കുന്നതുമായ വീഡിയോകള്‍ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ കാണുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പോലീസിനെക്കുറിച്ചു സമൂഹത്തിനുള്ള ധാരണയില്‍ ഒരു മാറ്റമുണ്ടായി. എന്നാല്‍ പഴയ അതേ സാഹചര്യം വീണ്ടും വന്നു. എല്ലാത്തിനുമുപരി, എന്തുകൊണ്ടാണ് ആളുകളുടെ വിശ്വാസം മെച്ചപ്പെടാത്തത്, എന്തുകൊണ്ടാണ് വിശ്വാസ്യത മെച്ചപ്പെടാത്തത്?
സുഹൃത്തുക്കളേ,
രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും ഭീകരപ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനുമായി നമ്മുടെ പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ ജീവന്‍ പോലും ബലിയര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ദിവസങ്ങളോളം വീട്ടില്‍ പോകാന്‍ കഴിയില്ല, ഉത്സവ സമയങ്ങളില്‍ പോലും നിങ്ങള്‍ പലപ്പോഴും നിങ്ങളുടെ കുടുംബത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. എന്നാല്‍ പൊലീസിന്റെ പ്രതിച്ഛായയിലേക്ക് വരുമ്പോള്‍ ആളുകളുടെ മനോഭാവം മാറുന്നു. ഈ പ്രതിച്ഛായ മാറ്റേണ്ടത് പൊലീസില്‍ ചേരുന്ന പുതിയ തലമുറയുടെ ഉത്തരവാദിത്തമാണ്; പൊലീസിനെക്കുറിച്ചുള്ള ഈ നിഷേധാത്മക ധാരണ അവസാനിപ്പിക്കണം. നിങ്ങള്‍ ഇത് ചെയ്യണം. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പൊലീസ് വകുപ്പിന്റെ സ്ഥാപിത പാരമ്പര്യങ്ങളുമായി പരിശീലനത്തിനിടെ നിങ്ങള്‍ എല്ലാ ദിവസവും മുഖാമുഖം വരേണ്ടതുണ്ട്. സംവിധാനം നിങ്ങളെ മാറ്റുമോ അതോ നിങ്ങള്‍ ഈ സംവിധാനത്തെ മാറ്റുമോ എന്നത് നിങ്ങളുടെ പരിശീലനം, ഇച്ഛാശക്തി, നിങ്ങളുടെ മനോവീര്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. എന്താണ് നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍? നിങ്ങള്‍ ഏത് ആദര്‍ശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു? ആ ആദര്‍ശങ്ങള്‍ നിറവേറ്റിക്കൊണ്ട് നിങ്ങള്‍ എന്ത് ദൃഢനിശ്ചയത്തോടെയാണോ മുന്നോട്ടുപോകുന്നത്? അത് നിങ്ങളുടെ പെരുമാറ്റത്തില്‍ മാത്രമാണ് പ്രകടമാവുക. ഒരു തരത്തില്‍, ഇത് നിങ്ങള്‍ക്ക് മറ്റൊരു പരീക്ഷണമായിരിക്കും. നിങ്ങള്‍ ഇതില്‍ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
നമ്മുടെ അയല്‍രാജ്യങ്ങളിലെ യുവ ഉദ്യോഗസ്ഥര്‍ക്ക് എന്റെ ആശംസകള്‍ അറിയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഭൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ്, മൗറീഷ്യസ് ഏതുമാകട്ടെ, നമ്മള്‍ അയല്‍ക്കാര്‍ മാത്രമല്ല, നമ്മുടെ ചിന്തയിലും സാമൂഹിക ഘടനയിലും പൊതുവായ നിരവധി കാര്യങ്ങളുണ്ട്. നാമെല്ലാവരും സന്തോഷത്തിലും ദു:ഖത്തിലും കൂട്ടാളികളാണ്. എന്തെങ്കിലും ദുരന്തമോ പ്രശ്‌നമോ ഉണ്ടാകുമ്പോള്‍, നാ പരസ്പരം സഹായിക്കുന്ന ആദ്യത്തെ ആലുകളാണ്. കൊറോണ കാലഘട്ടത്തിലും ഞങ്ങള്‍ ഇത് അനുഭവിച്ചിട്ടുണ്ട്. അതിനാല്‍, വരും വര്‍ഷങ്ങളില്‍ നമ്മുടെ പങ്കാളിത്തം വികസനത്തിനായി വളരും. പ്രത്യേകിച്ചും ഇന്ന് കുറ്റകൃത്യങ്ങളും കുറ്റവാളികളും അതിരുകള്‍ക്കപ്പുറമുള്ളപ്പോള്‍ പരസ്പര ഏകോപനം കൂടുതല്‍ പ്രധാനമാണ്. സര്‍ദാര്‍ പട്ടേല്‍ അക്കാദമിയില്‍ നിങ്ങള്‍ ചെലവഴിച്ച ദിവസങ്ങള്‍ നിങ്ങളുടെ കരിയര്‍, ദേശീയ- സാമൂഹിക പ്രതിബദ്ധത, ഇന്ത്യയുമായുള്ള സൗഹൃദം എന്നിവ ഉറപ്പിക്കാന്‍ നിങ്ങളെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു! നന്ദി!