സാറബ ജില്ലയിലെ പള്ളി പഞ്ചായത്തില്‍ നടന്ന ചടങ്ങിലൂടെ അദ്ദേഹം രാജ്യത്തെ എല്ലാ ഗ്രാമ സഭകളേയും അഭിസംബോധന ചെയ്തു
സംസ്ഥാനത്ത് 20,000 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു
ജമ്മു കശ്മീരിലെ പ്രദേശങ്ങളെ കൂടുതല്‍ അടുപ്പിക്കുന്ന ബനിഹാല്‍ ഖാസിഗുണ്ട് റോഡ് തുരങ്കം ഉദ്ഘാടനം ചെയ്തു
ഡല്‍ഹി-അമൃത്സര്‍-കത്ര അതിവേഗപ്പാത, രത്‌ലെ-ക്വാര്‍ ജലവൈദ്യുത പദ്ധതികള്‍ എന്നിവയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു
രാജ്യത്തെ ഓരോ ജില്ലകളിലേയും 75 ജല ഉറവിടങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന അമൃത് സരോവര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
''ജമ്മു കശ്മീരിലെ ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷം വലിയ മാറ്റത്തിന്റെ സൂചനയാകുന്നു''
''ജനാധിപത്യമായാലും വികസനത്തിനായുള്ള ദൃഢനിശ്ചയമായാലും, ഇന്ന് ജമ്മു കശ്മീര്‍ ഒരു പുതിയ മാതൃകയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ 2-3 വര്‍ഷങ്ങള്‍ക്കിടെ ജമ്മു കശ്മീരില്‍ വികസനത്തിന്റെ പുതിയ സാധ്യതകള്‍ സൃഷ്ടിക്കപ്പെട്ടു''
''വര്‍ങ്ങളായി ജമ്മു കശ്മീരില്‍ സംവരണാനുകൂല്യം ലഭിക്കാത്തവര്‍ക്കും ഇപ്പോള്‍ സംവരണം ലഭിക്കുന്നുണ്ട്''
''ദൂരമോ ഹൃദയങ്ങളോ ഭാഷകളോ ആചാരങ്ങളോ വിഭവങ്ങളോ ആകട്ടെ, അവയുടെ വ്യത്യാസങ്ങളെ ഇല്ലാതാക്കി ഒരുമിക്കുക എന്നതിനാണ് നാം ഇന്ന് പ്രധാന്യം കല്‍പ്പിക്കുന്നത്''
''സ്വാതന്ത്ര്യത്തിന്റെ ഈ 'അമൃത കാലം' ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടമായിരിക്കും''
''താഴ്‌വരയിലെ യുവജനങ്ങള്‍ തങ്ങളുടെ മാതാപിതാക്കളടക്കമുള്ള പഴയ തലമുറ നേരിട്ട പ്രശ്‌നങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നില്ല''
'നമ്മുടെ ഗ്രാമങ്ങള്‍ പ്രകൃതികൃഷിയിലേക്ക് നീങ്ങുകയാണെങ്കില്‍ അത് മുഴുവന്‍ മനുഷ്യരാശിക്കും ഗുണം ചെയ്യും''
''ഗ്രാമപഞ്ചായത്തുകള്‍ കൂട്ടായ പരിശ്രമത്തിന്റെ സഹായത്തോടെ പോഷകാഹാരക്കുറവ് നേരിടുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും''

ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!

ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഗിരിരാജ് സിംഗ് ജി, ഈ മണ്ണിന്റെ മകനും എന്റെ സഹപ്രവര്‍ത്തകനുമായ ഡോ. ജിതേന്ദ്ര സിംഗ് ജി, ശ്രീ കപില്‍ മൊരേശ്വര്‍ പാട്ടീല്‍ ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകന്‍ ശ്രീ ജുഗല്‍ കിഷോര്‍ ജി, ജമ്മു-കാശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം നിന്നുള്ള പഞ്ചായത്തീരാജ് ജനപ്രതിനിധികളെ, സഹോദരങ്ങളെ!
(പ്രാദേശിക ഭാഷകളില്‍ ആശംസകള്‍)

രാജ്യത്താകമാനമുള്ള എന്നാവര്‍ക്കും സന്തോഷപൂര്‍ണമായ ദേശീയ പഞ്ചായത്തീ രാജ് ദിനം നേരുന്നു!

ജമ്മു കശ്മീരിന്റെ വികസനത്തിന് ഊര്‍ജം പകരാനുള്ള വലിയ ദിനമാണ് ഇന്ന്. എന്റെ കണ്‍മുന്നില്‍ ആളുകളുടെ ഒരു മഹാസമുദ്രം കാണാം. ഒരുപക്ഷേ, ദശാബ്ദങ്ങള്‍ക്കുശേഷം ജമ്മു-കാശ്മീര്‍ ഭൂമിയില്‍ അത്തരമൊരു ഗംഭീരമായ കാഴ്ച കാണാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് കഴിഞ്ഞു. നിങ്ങളുടെ സ്‌നേഹത്തിനും ഉത്സാഹത്തിനും ഒപ്പം വികസനത്തിനും പുരോഗതിക്കുമുള്ള ദൃഢനിശ്ചയത്തിനുമായി ഇന്ന് ജമ്മു കശ്മീരിലെ സഹോദരീ സഹോദരന്മാര്‍ക്ക് എന്റെ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളെ,

ഈ ഭൂമി എനിക്കു പുതിയതല്ല. നിങ്ങള്‍ക്കാകട്ടെ, ഞാനും പുതിയതല്ല. കൂടാതെ, ഈ സ്ഥലത്തിന്റെ എല്ലാ മുക്കിലും മൂലയിലും വര്‍ഷങ്ങളായി എനിക്ക് ബന്ധമുണ്ട്, പരിചയമുണ്ട്. ഇന്ന് കണക്റ്റിവിറ്റിയും വൈദ്യുതിയുമായി ബന്ധപ്പെട്ട 20,000 കോടി രൂപയുടെ പദ്ധതികള്‍ ഒന്നുകില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ അല്ലെങ്കില്‍ തറക്കല്ലിടപ്പെടുകയോ ചെയ്തു എന്ന് പറയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ജമ്മു കാശ്മീര്‍ പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്തിന് ഇത് അസാധാരണമായ ഒരു തുകയാണ്. ജമ്മു കശ്മീരിന്റെ വികസനത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നതിനായി, സംസ്ഥാനത്ത് ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഈ ശ്രമങ്ങള്‍ ജമ്മു കശ്മീരിലെ ധാരാളം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും.

സുഹൃത്തുക്കളെ,

ഇന്ന് പല കുടുംബങ്ങള്‍ക്കും ഗ്രാമങ്ങളിലെ വീടുകള്‍ക്കുള്ള പ്രോപ്പര്‍ട്ടി കാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഈ 'സ്വമിത്വ' കാര്‍ഡുകള്‍ ഗ്രാമങ്ങളില്‍ പുതിയ സാധ്യതകളെ പ്രോത്സാഹിപ്പിക്കും. ഇന്ന് 100 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ജമ്മു കശ്മീരിലെ പാവപ്പെട്ടവര്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും വിലകുറഞ്ഞതും താങ്ങാനാവുന്നതുമായ മരുന്നുകളും ശസ്ത്രക്രിയാ വസ്തുക്കളും നല്‍കുന്ന ഒരു മാധ്യമമായി മാറും. 2070-ഓടെ രാജ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തിന് അനുസൃതമായി, ജമ്മു കശ്മീര്‍ ഇന്ന് ആ ദിശയില്‍ ഒരു വലിയ മുന്നേറ്റത്തിനു തുടക്കമിട്ടു. രാജ്യത്തെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്തായി മാറാനുള്ള നീക്കത്തിലാണ് പള്ളി പഞ്ചായത്ത്.

ലോകത്തെ പ്രമുഖര്‍ ഗ്ലാസ്ഗോയില്‍ ഒത്തുകൂടി. കാര്‍ബണ്‍ ന്യൂട്രല്‍ ആകുന്നതിനെക്കുറിച്ച് ധാരാളം പ്രസംഗങ്ങളും പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടത്തി. എന്നാല്‍ രാജ്യത്തെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്തുമായി കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത് ഇന്ത്യയാണ്. അതാകട്ടെ ജമ്മു കശ്മീരിലെ ഒരു ചെറിയ പഞ്ചായത്തായ പള്ളി പഞ്ചായത്താണ്. ഇന്ന് പള്ളി വില്ലേജില്‍ നാട്ടിലെ ഗ്രാമങ്ങളിലെ ജനപ്രതിനിധികളുമായി ബന്ധപ്പെടാനും അവസരം ലഭിച്ചിട്ടുണ്ട്. ഈ മഹത്തായ നേട്ടത്തിനും വികസന പദ്ധതികള്‍ക്കും ജമ്മു കശ്മീരിന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!

ഇവിടെ വേദിയിലെത്തുന്നതിന് മുമ്പ് ഞാന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കൊപ്പമായിരുന്നു. അവരുടെ സ്വപ്നങ്ങളും ദൃഢനിശ്ചയങ്ങളും ഉദാത്തമായ ഉദ്ദേശ്യങ്ങളും എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. ഡല്‍ഹിയിലെ ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഞാന്‍ ആഹ്വാനംചെയ്ത 'സബ്ക പ്രയാസ്' എന്താണെന്ന് ജമ്മു കശ്മീരിലെ പള്ളിയിലെ ജനങ്ങള്‍ കാണിച്ചുതന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇവിടെ പരിപാടി സംഘടിപ്പിക്കുമ്പോള്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥരും കരാറുകാരും ബില്‍ഡര്‍മാരും സ്ഥിരമായി ഇവിടെ വരാറുണ്ടെന്ന് ഇവിടുത്തെ പഞ്ച്-സര്‍പഞ്ച് എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ ധാബയോ ലങ്കറിന്റെ ക്രമീകരണമോ ഇല്ല. പിന്നെ ഇവിടെ വരുന്നവര്‍ക്ക് എങ്ങനെ ഭക്ഷണം നല്‍കും? അതിനായി അവര്‍ എല്ലാ വീടുകളില്‍ നിന്നും 20 റൊട്ടി അല്ലെങ്കില്‍ 30 റൊട്ടി ശേഖരിക്കാറുണ്ടായിരുന്നു, കഴിഞ്ഞ 10 ദിവസമായി ഇവിടെയെത്തിയ എല്ലാ ആളുകള്‍ക്കും ഗ്രാമവാസികള്‍ ഭക്ഷണം നല്‍കി. 'സബ്ക പ്രയാസ്' അല്ലെങ്കില്‍ 'എല്ലാവരുടെയും പരിശ്രമം' യഥാര്‍ത്ഥത്തില്‍ എന്താണെന്ന് നിങ്ങള്‍ കാണിച്ചുതന്നു! ഇവിടെയുള്ള എല്ലാ ഗ്രാമീണരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

സഹോദരീ സഹോദരന്‍മാരേ,

ഈ വര്‍ഷത്തെ പഞ്ചായത്ത് രാജ് ദിനം, ജമ്മു കശ്മീരില്‍ ആഘോഷിക്കുന്നത് ഒരു വലിയ മാറ്റത്തിന്റെ പ്രതീകമാണ്. ജമ്മു കാശ്മീരില്‍ ജനാധിപത്യം അടിത്തട്ടില്‍ എത്തിയിരിക്കുന്ന ഈ സമയത്ത് രാജ്യത്തുടനീളമുള്ള പഞ്ചായത്തുകളുമായി ഞാന്‍ സംവദിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. ഇന്ത്യയില്‍ പഞ്ചായത്തീരാജ് സമ്പ്രദായം നടപ്പിലാക്കിയപ്പോള്‍, അത് വന്‍തോതില്‍ പ്രചരിപ്പിക്കപ്പെടുകയും എല്ലാവരും ഈ സംരംഭത്തില്‍ അഭിമാനിക്കുകയും ചെയ്തു; അതും തെറ്റിയില്ല. പക്ഷേ നമ്മള്‍ ഒരു കാര്യം മറന്നു. ഇന്ത്യയില്‍ പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കി എന്ന് നമ്മള്‍ പറയാറുണ്ടെങ്കിലും ഇത്രയും നല്ല സംവിധാനം ഉണ്ടായിട്ടും എന്റെ ജമ്മു കാശ്മീരിലെ ജനങ്ങള്‍ക്ക് അത് ഇല്ലായിരുന്നു എന്ന് നാട്ടുകാര്‍ അറിയണം. അത് അവിടെ ഉണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ സേവനമനുഷ്ഠിക്കാന്‍ നിങ്ങള്‍ എനിക്ക് അവസരം നല്‍കിയപ്പോള്‍ ജമ്മു കശ്മീരിന്റെ മണ്ണില്‍ പഞ്ചായത്തിരാജ് സംവിധാനം നടപ്പാക്കി. ജമ്മു കശ്മീരിലെ ഗ്രാമങ്ങളില്‍ മാത്രം മുപ്പതിനായിരത്തിലധികം ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെട്ട് ഇന്ന് ഇവിടെ പ്രവര്‍ത്തിക്കുന്നു. അതാണ് ജനാധിപത്യത്തിന്റെ ശക്തി. ആദ്യമായി, ത്രിതല പഞ്ചായത്തീരാജ് സംവിധാനം - ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ഡിഡിസി എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് സമാധാനപരമായി ഇവിടെ നടന്നു. അ്തുവഴി ഗ്രാമത്തിലെ ജനങ്ങള്‍ ഗ്രാമത്തിന്റെ ഭാവി രൂപപ്പെടുത്തുന്നു.

സുഹൃത്തുക്കളെ,

ജനാധിപത്യമായാലും വികസനത്തിന്റെ പ്രമേയമായാലും ജമ്മു കശ്മീര്‍ ഇന്ന് രാജ്യത്തിനാകെ ഒരു പുതിയ മാതൃക സൃഷ്ടിക്കുകയാണ്. കഴിഞ്ഞ 2-3 വര്‍ഷങ്ങളില്‍ ജമ്മു കശ്മീരില്‍ വികസനത്തിന്റെ പുതിയ മാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ജനങ്ങളെ ശാക്തീകരിക്കുന്ന 175 കേന്ദ്ര നിയമങ്ങള്‍ ഇവിടെ നടപ്പാക്കിയിരുന്നില്ല. ജമ്മു കശ്മീരിലെ ഓരോ വ്യക്തിയെയും ശാക്തീകരിക്കുന്നതിനായി ഞങ്ങള്‍ ആ നിയമങ്ങള്‍ നടപ്പിലാക്കുകയും നിങ്ങളെ ശക്തരാക്കുകയും ചെയ്തു. സഹോദരിമാര്‍, പെണ്‍മക്കള്‍, ദരിദ്രര്‍, ദലിതര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, അധഃസ്ഥിതര്‍ എന്നിവര്‍ക്കാണ് ഇവിടെ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചത്.

സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കാശ്മീരില്‍ നിന്നുള്ള വാല്‍മീകി സമാജത്തിലെ എന്റെ സഹോദരീ സഹോദരന്മാര്‍ക്ക് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ പൗരന്മാര്‍ക്ക് തുല്യമാകാന്‍ നിയമപരമായ അവകാശം ലഭിച്ചതില്‍ ഇന്ന് ഞാന്‍ അഭിമാനിക്കുന്നു. പതിറ്റാണ്ടുകളായി വാല്‍മീകി സമാജത്തിന്റെ കാല്‍ക്കല്‍ വിലങ്ങുവെച്ചിരുന്ന ചങ്ങലകള്‍ ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അവര്‍ക്ക് 'സ്വാതന്ത്ര്യം' ലഭിച്ചത്. ഇന്ന് എല്ലാ സമൂഹത്തിലെയും പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയും.

ജമ്മു കശ്മീരില്‍ വര്‍ഷങ്ങളായി സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാത്തവര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചുതുടങ്ങി. മുമ്പ് ഇന്ത്യയില്‍ ഒരു ദരിദ്ര കോണുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ മോദി ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചതിനാല്‍ ബാബാസാഹെബിന്റെ ആത്മാവ് നമുക്കെല്ലാവര്‍ക്കും അനുഗ്രഹം ചൊരിയുന്നുണ്ടാകണം. ജമ്മു കശ്മീരിലെ ഗ്രാമങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികള്‍ ഇവിടെ അതിവേഗം നടപ്പാക്കുകയാണ്. എല്‍പിജി ഗ്യാസ് കണക്ഷനോ, വൈദ്യുതി കണക്ഷനോ, ജല കണക്ഷനോ, ജമ്മു കശ്മീരിലെ സ്വച്ഛ് ഭാരത് അഭിയാന്റെ കീഴിലുള്ള ശൗചാലയങ്ങളോ എല്ലാം വലിയ നേട്ടം കൊയ്തിട്ടുണ്ട്.

സുഹൃത്തുക്കളെ,

'ആസാദി കേ അമൃതകാല്‍' സമയത്ത്, അതായത്, വരുന്ന 25 വര്‍ഷത്തിനുള്ളില്‍ പുതിയ ജമ്മു കശ്മീര്‍ വികസനത്തിന്റെ ഒരു പുതിയ കഥ എഴുതും. കുറച്ച് മുമ്പ് യുഎഇയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘവുമായി സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ജമ്മു കശ്മീരിനെക്കുറിച്ച് അവര്‍ വളരെ ആവേശത്തിലായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള 7 പതിറ്റാണ്ടിനിടയില്‍ ജമ്മു കശ്മീരില്‍ 17,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം മാത്രമാണ് ഉണ്ടായതെങ്കില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 38,000 കോടി രൂപയിലെത്തി. 38,000 കോടി രൂപ നിക്ഷേപിക്കാനാണ് സ്വകാര്യ കമ്പനികള്‍ ഇവിടെ എത്തുന്നത്.

സുഹൃത്തുക്കളെ,

ഇന്ന്, കേന്ദ്രത്തില്‍ നിന്ന് അയയ്ക്കുന്ന ഓരോ പൈസയും ഇവിടെ സത്യസന്ധമായി വിനിയോഗിക്കപ്പെടുന്നു, നിക്ഷേപകരും തുറന്ന മനസ്സോടെ പണം നിക്ഷേപിക്കാന്‍ വരുന്നു. ജനസംഖ്യ കുറവുള്ള ഒരു ചെറിയ സംസ്ഥാനമായതിനാല്‍ മൂന്ന് വര്‍ഷം മുമ്പ് ലേ-ലഡാക്ക് ഉള്‍പ്പെടെയുള്ള എല്ലാ ജില്ലകള്‍ക്കും 5000 കോടി രൂപ മാത്രമാണ് ലഭിച്ചിരുന്നത് എന്ന് മനോജ് സിന്‍ഹ ജി എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വികസനത്തിന്റെ വേഗത പലമടങ്ങ് വര്‍ദ്ധിച്ചു. ഇത്തവണത്തെ ബജറ്റില്‍ ജില്ലകളുടെ വികസനത്തിന് 22,000 കോടി രൂപയാണ് പഞ്ചായത്തുകള്‍ക്ക് നേരിട്ട് നല്‍കുന്നത്. സംസ്ഥാനത്തെ താഴേത്തട്ടിലുള്ള ജനാധിപത്യ സംവിധാനം നടപ്പാക്കേണ്ട വികസന പദ്ധതികള്‍ക്ക് മുന്‍കാലങ്ങളില്‍ 5000 കോടി മാത്രമാണ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ 22,000 കോടി രൂപ അനുവദിച്ചു. ഇത്തരത്തിലുള്ള കാര്യങ്ങളാണു ചെയ്തതു സഹോദരങ്ങളെ.

റാറ്റില്‍ പവര്‍ പ്രോജക്റ്റും ക്വാര്‍ പവര്‍ പ്രോജക്ടും സജ്ജമാകുമ്പോള്‍ ജമ്മു കശ്മീരിന് ആവശ്യമായ വൈദ്യുതി ലഭിക്കുമെന്ന് മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള വലിയൊരു വഴി തുറക്കുമെന്നും അതു ജമ്മു കശ്മീരിനെ പുതിയ സാമ്പത്തിക മേഖലയിലേക്ക് കൊണ്ടുപോകുമെന്നും പറയാന്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ പറയുന്നതു മനസ്സിലാക്കാന്‍ ശ്രമിക്കുക. നേരത്തെ ഡല്‍ഹിയില്‍ നിന്നുള്ള ഗവണ്‍മെന്റ് ഫയല്‍ ജമ്മു കശ്മീരിലെത്താന്‍ രണ്ടോ മൂന്നോ ആഴ്ച എടുത്തിരുന്നു. ഇന്ന് ഈ 500 കിലോവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് വെറും 3 ആഴ്ചയ്ക്കുള്ളില്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയതില്‍ എനിക്ക് സന്തോഷമുണ്ട്. പള്ളി വില്ലേജിലെ എല്ലാ വീടുകളിലും ഇപ്പോള്‍ സൗരോര്‍ജ വൈദ്യുതി എത്തുന്നുണ്ട്. ഗ്രാമ ഊര്‍ജ സ്വരാജിന്റെ മഹത്തായ ഉദാഹരണം കൂടിയാണ് ഈ ഗ്രാമം. തൊഴില്‍ സംസ്‌കാരത്തിലെ ഈ മാറ്റം ജമ്മു കശ്മീരിനെ പുതിയ ഉയരങ്ങളിലെത്തിക്കും.

സുഹൃത്തുക്കളെ,

ജമ്മു കശ്മീരിലെ യുവാക്കളോട് എനിക്ക് ചിലത് പറയാനുണ്ട്. സുഹൃത്തുക്കളേ, എന്റെ വാക്കുകള്‍ രേഖപ്പെടുത്തുക. കാശ്മീര്‍ താഴ്വരയിലെ യുവാക്കള്‍ അവരുടെ മാതാപിതാക്കളെയും മുത്തശ്ശിമാരെയും പോലെ കഷ്ടപ്പെടില്ല. ഞാന്‍ ഇത് നിങ്ങള്‍ക്ക് തെളിയിച്ചു തരും. അത് നിങ്ങള്‍ക്ക് ഉറപ്പുനല്‍കാനാണ് ഞാന്‍ ഇവിടെ വന്നത്. 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന മന്ത്രം ശക്തിപ്പെടുത്താന്‍ കഴിഞ്ഞ 8 വര്‍ഷമായി നമ്മുടെ ഗവണ്‍മെന്റ് രാവും പകലും പ്രവര്‍ത്തിച്ചു. ഞാന്‍ 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, നമ്മുടെ ശ്രദ്ധ കണക്റ്റിവിറ്റിയിലും ദൂരങ്ങള്‍ മറികടക്കുന്നതിലുമാണ് - അത് ഹൃദയംകൊണ്ടോ ഭാഷകൊണ്ടോ പെരുമാറ്റംകൊണ്ടോ വിഭവങ്ങള്‍കൊണ്ടോ ആകട്ടെ. വിടവ് നികത്തുക എന്നതാണ് ഇന്നത്തെ നമ്മുടെ ഏറ്റവും വലിയ മുന്‍ഗണന. നമ്മുടെ ഡോഗ്രകളെക്കുറിച്ച് നാടോടി സംഗീതത്തില്‍ പറയുന്നത് പോലെ - ?????? ?? ????,. അത്തരത്തിലുള്ള മാധുര്യവും അര്‍ഥപൂര്‍ണമായ ചിന്തയും രാജ്യത്തിന്റെ ഏകതയുടെ കരുത്തായി മാറുകയും അകലം കുറയ്ക്കുകയും ചെയ്യുന്നു.

സഹോദരീ സഹോദരന്മാരേ,

നമ്മുടെ ഗവണ്‍മെന്റിന്റെ ശ്രമഫലമായി ബനിഹാല്‍-ഖാസിഗുണ്ട് തുരങ്കം പൂര്‍ത്തിയാക്കുക വഴി ജമ്മുവും ശ്രീനഗറും തമ്മിലുള്ള ദൂരം 2 മണിക്കൂര്‍ കുറച്ചു. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ളയെ ബന്ധിപ്പിക്കുന്ന ആകര്‍ഷകമായ കമാന പാലവും രാജ്യത്തിന് ഉടന്‍ ലഭിക്കാന്‍ പോകുന്നു. ഡല്‍ഹി-അമൃത്സര്‍-കത്ര ഹൈവേ ഡല്‍ഹിയില്‍ നിന്ന് മാ വൈഷ്‌ണോ ദേവിയുടെ കേന്ദ്രത്തിലേക്കുള്ള ദൂരം കുറയ്ക്കാന്‍ പോകുന്നു. കന്യാകുമാരി വൈഷ്‌ണോദേവിയുമായി ഒരു റോഡിലൂടെ ബന്ധിപ്പിക്കാന്‍ പോകുന്ന ദിവസം വിദൂരമല്ല. ജമ്മു കശ്മീരോ ലേ-ലഡാക്കോ ആകട്ടെ, ജമ്മു കശ്മീരിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വര്‍ഷത്തിലെ എല്ലാ മാസങ്ങളിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ ഭാഗത്തുനിന്നും ശ്രമങ്ങള്‍ നടക്കുന്നു.

അതിര്‍ത്തി ഗ്രാമങ്ങളുടെ വികസനത്തിനും മുന്‍ഗണനാടിസ്ഥാനത്തില്‍ നമ്മുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയുടെ അതിര്‍ത്തിയിലെ ഏറ്റവും വിദൂര ഗ്രാമത്തിനുള്ള വൈബ്രന്റ് വില്ലേജ് പദ്ധതിക്ക് ഇത്തവണത്തെ ബജറ്റില്‍ അംഗീകാരം ലഭിച്ചു. വൈബ്രന്റ് വില്ലേജ് പദ്ധതിക്കു കീഴില്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇന്ത്യയിലെ എല്ലാ വിദൂര ഗ്രാമങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും. പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും ഇതുവഴി വലിയ നേട്ടമുണ്ടാകും.

സുഹൃത്തുക്കളെ,

'ആസാദി കാ അമൃത് കാല്‍' ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടമാണ്. ഈ ദൃഢനിശ്ചയം എല്ലാവരുടെയും പ്രയത്‌നത്താല്‍ തെളിയിക്കപ്പെടാന്‍ പോകുന്നു. ഈ കാലഘട്ടത്തില്‍, താഴെത്തട്ടിലുള്ള ജനാധിപത്യ വേദിയായ ഗ്രാമപഞ്ചായത്തിന്റെ പങ്ക് വളരെ നിര്‍ണായകമാണ്. പഞ്ചായത്തുകളുടെ ഈ പങ്ക് മനസ്സിലാക്കിയാണ് 'ആസാദി കാ അമൃത് മഹോത്സവ'ത്തില്‍ അമൃത് സരോവര്‍ അഭിയാന്‍ ആരംഭിച്ചത്. അടുത്ത വര്‍ഷത്തോടെ, അതായത് 2023 ഓഗസ്റ്റ് 15-ഓടെ ഓരോ ജില്ലയിലും 75 അമൃത് സരോവരങ്ങളെങ്കിലും വികസിപ്പിക്കേണ്ടതുണ്ട്.

ആ പ്രദേശത്തെ രക്തസാക്ഷികളുടെ പേരില്‍ ഈ തടാകങ്ങള്‍ക്ക് ചുറ്റും വേപ്പ്, ബോധിവൃക്ഷം, ആല്‍മരം, മറ്റ് വൃക്ഷത്തൈകള്‍ എന്നിവ നട്ടുപിടിപ്പിക്കാനും നാം ശ്രമിക്കേണ്ടതുണ്ട്. കൂടാതെ, അമൃത് സരോവറിന് തറക്കല്ലിടുന്നത് ഒരു രക്തസാക്ഷിയുടെ കുടുംബമോ അല്ലെങ്കില്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബമോ ആണെന്ന് ഉറപ്പാക്കണം. ഈ അമൃത് സരോവര്‍ കാമ്പയിന്‍ മഹത്തായ ഒരു സംഭവമാകട്ടെ.

സഹോദരീ സഹോദരന്മാരേ,

സമീപ വര്‍ഷങ്ങളില്‍, കൂടുതല്‍ അധികാരവും കൂടുതല്‍ സുതാര്യതയും സാങ്കേതിക വിദ്യയും ഉപയോഗിച്ച് പഞ്ചായത്തുകളെ ശാക്തീകരിക്കാന്‍ അശ്രാന്ത പരിശ്രമം നടക്കുന്നുണ്ട്. പഞ്ചായത്തുമായി ബന്ധപ്പെട്ടു പണം അടയ്ക്കുന്നതിന് ആസൂത്രണം ചെയ്യുന്ന സംവിധാനം ഇ-ഗ്രാം സ്വരാജ് അഭിയാനുമായി ബന്ധിപ്പിക്കുന്നുണ്ട്. ഗ്രാമത്തില്‍ നിന്നുള്ള ഒരു ഗുണഭോക്താവിന് പഞ്ചായത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിന്റെ നിലയെക്കുറിച്ചും ബജറ്റിനെക്കുറിച്ചും ഇപ്പോള്‍ മൊബൈല്‍ ഫോണില്‍ വിവരങ്ങള്‍ ലഭിക്കും. പഞ്ചായത്തിന് ലഭിക്കുന്ന ഫണ്ട് ഓഡിറ്റ് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിറ്റിസണ്‍ ചാര്‍ട്ടര്‍ കാമ്പെയ്നിലൂടെ, ഗ്രാമപഞ്ചായത്ത് തലത്തില്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ലഭ്യമാക്കാനും സ്വത്തുമായി മറ്റു പല കാര്യങ്ങളും സംബന്ധിച്ച ജോലികള്‍ പൂര്‍ത്തിയാക്കാനുമായി സംസ്ഥാനങ്ങളെയും ഗ്രാമപഞ്ചായത്തുകളും പ്രോത്സാഹിപ്പിക്കുന്നു. നിരവധി ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രയോജനം ചെയ്യുന്ന സ്വമിത്വ പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തുകള്‍ക്ക് വസ്തുനികുതി നിര്‍ണയം എളുപ്പമായി.

പഞ്ചായത്തുകളില്‍ പരിശീലനത്തിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നയത്തിനും ഏതാനും ദിവസം മുമ്പ് അംഗീകാരം ലഭിച്ചിരുന്നു. അതേ മാസം, ഏപ്രില്‍ 11 മുതല്‍ 17 വരെ ഗ്രാമങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പഞ്ചായത്തുകളെ പുനഃസംഘടിപ്പിക്കുക എന്ന ദൃഢനിശ്ചയത്തോടെ ഐക്കോണിക് വീക്ക് ആചരിക്കുകയും ചെയ്തു. ഗ്രാമങ്ങളിലെ ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളുടെയും വികസനം ഉറപ്പാക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ ദൃഢനിശ്ചയം. ഗ്രാമത്തിന്റെ വികസനവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും പഞ്ചായത്ത് കൂടുതല്‍ പങ്ക് വഹിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഇതോടെ ദേശീയ തലത്തിലുള്ള ശക്തമായ തീരുമാനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രധാന കണ്ണിയായി പഞ്ചായത്ത് ഉയര്‍ന്നുവരും.

സുഹൃത്തുക്കളെ,

പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യം ശരിയായ അര്‍ത്ഥത്തില്‍ പഞ്ചായത്തുകളെ ശാക്തീകരണത്തിന്റെ കേന്ദ്രമാക്കി മാറ്റുക എന്നതാണ്. പഞ്ചായത്തുകളുടെ വര്‍ദ്ധിച്ചുവരുന്ന അധികാരവും പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന തുകയും ഗ്രാമങ്ങളുടെ വികസനത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നുവെന്നതും ഉറപ്പാക്കപ്പെടുന്നു. പഞ്ചായത്തീരാജ് സംവിധാനത്തില്‍ സഹോദരിമാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് നമ്മുടെ ഗവണ്‍മെന്റ് വളരെയധികം ഊന്നല്‍ നല്‍കുന്നുണ്ട്.

ഇന്ത്യയുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും എന്താണ് കഴിവുള്ളതെന്ന് കൊറോണ കാലഘട്ടത്തില്‍ ഇന്ത്യയുടെ അനുഭവം ലോകത്തെ കാണിക്കുകയും പഠിപ്പിക്കുകയും ചെയ്തു! നമ്മുടെ പെണ്‍മക്കളും അമ്മമാരും സഹോദരിമാരും ഓരോ ചെറിയ കാര്യങ്ങളും ചെയ്തുകൊണ്ട് കൊറോണയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി. ആശാ-അംഗന്‍വാടി പ്രവര്‍ത്തകര്‍ ട്രാക്കിംഗ് മുതല്‍ വാക്‌സിനേഷന്‍ വരെ ചെയ്തിട്ടുണ്ട്.

ഗ്രാമത്തിന്റെ ആരോഗ്യ-പോഷകാഹാര ശൃംഖല സ്ത്രീശക്തിയില്‍ നിന്നാണ് ഊര്‍ജം നേടുന്നത്. വനിതാ സ്വയം സഹായ സംഘങ്ങള്‍ ഗ്രാമങ്ങളില്‍ ഉപജീവനത്തിന്റെയും പൊതുബോധത്തിന്റെയും പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്നു. ജലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ - ഹര്‍ ഘര്‍ ജല്‍ അഭിയാനില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ദൗത്യം ഓരോ പഞ്ചായത്തും വേഗത്തിലാക്കണം.

രാജ്യത്തുടനീളം ഇതുവരെ 3 ലക്ഷം ജലകമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. ഈ കമ്മിറ്റികളില്‍ നിര്‍ബന്ധമായും 50 ശതമാനം സ്ത്രീകളും 25 ശതമാനം വരെ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ടവരും ആയിരിക്കണം. ഇപ്പോള്‍ പൈപ്പ് ജലവിതരണം ഗ്രാമങ്ങളില്‍ എത്തുന്നുണ്ട്. എന്നാല്‍ അതേ സമയം, അതിന്റെ പരിശുദ്ധിയും തുടര്‍ച്ചയായ വിതരണവും ഉറപ്പാക്കാന്‍ സ്ത്രീകളെ പരിശീലിപ്പിക്കുന്ന ജോലിയും രാജ്യത്തുടനീളം നടക്കുന്നു; അത് വേഗത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തുടനീളം ഇതുവരെ 7 ലക്ഷത്തിലധികം സഹോദരിമാരും പെണ്‍മക്കളും പരിശീലനം നേടിയിട്ടുണ്ട്. പക്ഷെ എനിക്ക് വേഗവും അളവും കൂട്ടണം. ഈ സംവിധാനം ഇതുവരെ നടപ്പിലാക്കാത്ത സ്ഥലങ്ങളില്‍ എത്രയും വേഗം നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്ന് രാജ്യത്തുടനീളമുള്ള പഞ്ചായത്തുകളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഞാന്‍ വളരെക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഗുജറാത്തിലെ സ്ത്രീകളുടെ കൈകളില്‍ വെള്ളവുമായി ബന്ധപ്പെട്ട ഏത് ഉത്തരവാദിത്തവും ഞാന്‍ ഏല്‍പ്പിച്ചപ്പോഴെല്ലാം ഗ്രാമങ്ങളില്‍ സ്ത്രീകള്‍ പ്രശംസനീയമായ ഒരു ജോലി ചെയ്തുവെന്ന് ഞാന്‍ മനസ്സിലാക്കി. കാരണം വെള്ളത്തിന്റെ അഭാവം എന്താണെന്ന് അവര്‍ക്കറിയാമായിരുന്നു. ആ സ്ത്രീകള്‍ അത് നന്നായി മനസ്സിലാക്കുകയും വളരെ  ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. അതുകൊണ്ടാണ് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്, എന്റെ രാജ്യത്തെ ഈ പഞ്ചായത്തുകള്‍ ജലവുമായി ബന്ധപ്പെട്ട ഈ ജോലിയില്‍ സ്ത്രീകളെ എത്രത്തോളം ഉള്‍പ്പെടുത്തുന്നുവോ, അവര്‍ എത്രത്തോളം സ്ത്രീകളെ പരിശീലിപ്പിക്കുന്നുവോ അത്രത്തോളം അവര്‍ സ്ത്രീകളെ വിശ്വസിക്കുന്നുവോ അത്രയും വേഗത്തിലും മികച്ചതായിരിക്കും ഫലം എന്ന്. എന്റെ വാക്കുകള്‍ രേഖപ്പെടുത്തുക. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും ശക്തിയില്‍ വിശ്വസിക്കുക. ഗ്രാമത്തിലെ എല്ലാ തലത്തിലും സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും വര്‍ദ്ധിപ്പിക്കുകയും വേണം.

സഹോദരീ സഹോദരന്മാരേ,

ഇന്ത്യയിലെ ഗ്രാമപഞ്ചായത്തുകള്‍ക്കും പ്രാദേശിക മാതൃകയിലുള്ള പണവും വരുമാനവും ആവശ്യമാണ്. പഞ്ചായത്തുകളുടെ വിഭവങ്ങള്‍ എങ്ങനെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാമെന്ന് നോക്കൂ. 'വേസ്റ്റ് ടു വെല്‍ത്ത്', ഗോബര്‍ദന്‍ യോജന അല്ലെങ്കില്‍ പ്രകൃതി കൃഷി പദ്ധതി എന്നിവ ഫണ്ടുകളുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. അതിനാല്‍, പുതിയ ഫണ്ടുകള്‍ സൃഷ്ടിക്കാന്‍ കഴിയും. ബയോഗ്യാസ്, ബയോ-സിഎന്‍ജി അല്ലെങ്കില്‍ ജൈവവളം എന്നിവയ്ക്കായി ചെറുകിട പ്ലാന്റുകളും സ്ഥാപിക്കണം. ഗ്രാമത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനും ഇതുവഴി സാധിക്കും. അതിനാല്‍, മാലിന്യ സംസ്‌കരണം മികച്ച രീതിയില്‍ നടത്തേണ്ടത് ആവശ്യമാണ്.

ഗ്രാമത്തിലെ ജനങ്ങളോടും പഞ്ചായത്തിലെ ജനങ്ങളോടും മറ്റ് എന്‍ജിഒകളുമായും സംഘടനകളുമായും സഹകരിച്ച് തന്ത്രങ്ങള്‍ മെനയാനും പുതിയ വിഭവങ്ങള്‍ വികസിപ്പിക്കാനും ഇന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മാത്രമല്ല, ഇന്ന് നമ്മുടെ രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലെയും 50 ശതമാനം പ്രതിനിധികളും സ്ത്രീകളാണ്. ചില സംസ്ഥാനങ്ങളില്‍ ഇത് 33 ശതമാനത്തിലധികമാണ്. ഒരു പ്രത്യേക അഭ്യര്‍ത്ഥന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ വീട്ടിലെ നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ വേര്‍തിരിക്കാന്‍ ശ്രമിക്കുക. ഈ ശീലം വളര്‍ത്തിയെടുത്താല്‍ വീട്ടിലെ മാലിന്യങ്ങള്‍ നിങ്ങള്‍ക്ക് സ്വര്‍ണ്ണമായി മാറും. ഗ്രാമതലത്തില്‍ ഈ പ്രചാരണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഇന്ന് രാജ്യത്തുടനീളമുള്ള പഞ്ചായത്തുകളിലെ ജനങ്ങളോട് എന്നോടൊപ്പം ചേരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളെ,

ജലം നമ്മുടെ കൃഷിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. കൃഷി നമ്മുടെ വെള്ളത്തിന്റെ ഗുണനിലവാരവുമായിക്കൂടി ബന്ധപ്പെട്ടിരിക്കുന്നു. നാം പറമ്പില്‍ ഇടുന്ന തരത്തിലുള്ള രാസവസ്തുക്കള്‍ നമ്മുടെ ഭൂമാതാവിന്റെ ആരോഗ്യം നശിപ്പിക്കുന്നു. നമ്മുടെ മണ്ണ് നശിക്കുന്നു. മഴവെള്ളം താഴേക്ക് ഒഴുകുമ്പോള്‍, അത് രാസവസ്തുക്കളെ കൂടുതല്‍ താഴേക്ക് കൊണ്ടുപോകുന്നു, നാമും നമ്മുടെ മൃഗങ്ങളും നമ്മുടെ കുട്ടികളും ഒരേ വെള്ളം കുടിക്കുന്നു. നാം നമ്മുടെ ശരീരത്തില്‍ രോഗങ്ങളുടെ വേരുകള്‍ പാകുകയാണ്. അതിനാല്‍ നമ്മുടെ ഭൂമിയെ രാസവസ്തുക്കളില്‍നിന്നും രാസവളങ്ങളില്‍നിന്നും മോചിപ്പിക്കണം. അതിനാല്‍, നമ്മുടെ ഗ്രാമങ്ങളും നമ്മുടെ കര്‍ഷകരും ജൈവകൃഷിയിലേക്ക് മാറിയാല്‍, മനുഷ്യരാശിക്ക് മുഴുവന്‍ പ്രയോജനം ലഭിക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ എങ്ങനെ ജൈവകൃഷി പ്രോത്സാഹിപ്പിക്കാം? അതിനായി യോജിച്ച ശ്രമങ്ങള്‍ ആവശ്യമാണ്.

സഹോദരീ സഹോദരന്‍മാരെ,

നമ്മുടെ ചെറുകിട കര്‍ഷകര്‍ക്ക് ജൈവകൃഷിയാണ് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടാന്‍ പോകുന്നത്. അവരുടെ ജനസംഖ്യ രാജ്യത്ത് 80 ശതമാനത്തിലധികമാണ്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം ലഭിക്കുമ്പോള്‍, ചെറുകിട കര്‍ഷകര്‍ക്ക് അത് വലിയ പ്രോത്സാഹനം നല്‍കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ ചെറുകിട കര്‍ഷകര്‍ക്കാണ് കേന്ദ്രഗവണ്‍മെന്റിന്റെ നയങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നുള്ള ആയിരക്കണക്കിന് കോടി രൂപ ചെറുകിട കര്‍ഷകര്‍ക്ക് പ്രയോജനകരമാണ്. കിസാന്‍ റെയിലിലൂടെ ചെറുകിട കര്‍ഷകരുടെ പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് രാജ്യത്തെ പ്രധാന വിപണികളില്‍ എത്തുന്നുണ്ട്. എഫ്പിഒ, അതായത് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ രൂപീകരിക്കുന്നതും ചെറുകിട കര്‍ഷകരുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ഈ വര്‍ഷം വിദേശ രാജ്യങ്ങളിലേക്ക് പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്ത് റെക്കോര്‍ഡ് നേട്ടമാണ് ഇന്ത്യ നേടിയത്. അതിനാല്‍, രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്നു.

സുഹൃത്തുക്കളെ,

എല്ലാവരുടെയും പങ്കാളിത്തത്തോടെ ഒരു പ്രവൃത്തി കൂടി ഗ്രാമപഞ്ചായത്തുകള്‍ ചെയ്യേണ്ടിവരും. പോഷകാഹാരക്കുറവില്‍ നിന്നും വിളര്‍ച്ചയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്. വിവിധ പദ്ധതികളില്‍പ്പെടുത്തി ഗവണ്‍മെന്റ് നടത്തിവരുന്നു അരിവിതരണം വര്‍ധിപ്പിക്കുകയോ പോഷക സമ്പുഷ്ടമാക്കുകയോ ചെയ്തിട്ടുണ്ട്. ഈ അരി ആരോഗ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന് ബോധവല്‍ക്കരണം നടത്തേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. 'ആസാദി കാ അമൃത് മഹോത്സവ'ത്തില്‍, പോഷകാഹാരക്കുറവില്‍ നിന്നും വിളര്‍ച്ചയില്‍ നിന്നും നമ്മുടെ സഹോദരിമാരെയും പെണ്‍മക്കളെയും കുട്ടികളെയും മോചിപ്പിക്കുമെന്ന് നാം പ്രതിജ്ഞയെടുക്കണം. ആഗ്രഹിച്ച ഫലം ലഭിക്കുന്നതുവരെ ഈ മനുഷ്യത്വപരമായ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കരുത്. നാം ഈ ദൗത്യവുമായി മുന്നോട്ട് പോകുകയും നമ്മുടെ ഭൂമിയില്‍ നിന്ന് പോഷകാഹാരക്കുറവ് ഇല്ലാതാക്കുകയും വേണം.

പ്രാദേശികതയ്ക്കായി ശബ്ദമുയര്‍ത്തുക എന്ന മന്ത്രത്തിലാണ് ഇന്ത്യയുടെ വികസനം ഒളിഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ വികസനത്തിന്റെ ചാലകശക്തി കൂടിയാണ് പ്രാദേശിക ഭരണം. നിങ്ങളുടെ ജോലിയുടെ വ്യാപ്തി പ്രാദേശികമായിരിക്കാം, എന്നാല്‍ അതിന്റെ കൂട്ടായ സ്വാധീനം ആഗോളമായിരിക്കും. പ്രാദേശികതയുടെ ഈ ശക്തി നാം തിരിച്ചറിയണം. ഇന്നത്തെ പഞ്ചായത്തീരാജ് ദിനത്തില്‍ എന്റെ ആഗ്രഹം ഇതാണ് - നിങ്ങളുടെ പഞ്ചായത്തില്‍ നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയിലൂടെയും രാജ്യത്തിന്റെ പ്രതിച്ഛായ കൂടുതല്‍ വര്‍ധിപ്പിക്കണം, രാജ്യത്തെ ഗ്രാമങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കപ്പെടണം.

വികസന പദ്ധതികള്‍ക്ക് ജമ്മു കശ്മീരിനെ ഒരിക്കല്‍ കൂടി ഞാന്‍ അഭിനന്ദിക്കുന്നു. പഞ്ചായത്തായാലും പാര്‍ലമെന്റായാലും ഒരു ജോലിയും ചെറുതല്ലെന്ന് രാജ്യത്തുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട ലക്ഷക്കണക്കിന് ജനപ്രതിനിധികളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 'പഞ്ചായത്തില്‍ പ്രവര്‍ത്തിച്ച് ഞാന്‍ എന്റെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകും' എന്ന ദൃഢനിശ്ചയവുമായി നിങ്ങള്‍ മുന്നോട്ട് പോയാല്‍, രാജ്യം അതിവേഗം പുരോഗമിക്കും. പഞ്ചായത്ത് തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ആവേശവും വീര്യവും നിശ്ചയദാര്‍ഢ്യവും ഇന്ന് എനിക്ക് കാണാന്‍ കഴിയും. നമ്മുടെ പഞ്ചായത്തീരാജ് സംവിധാനം ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള ശക്തമായ ഉപകരണമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആ പ്രതീക്ഷയോടെ, ഞാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു, ഒപ്പം വളരെ നന്ദി.

രണ്ടു കൈകളും ഉയര്‍ത്തി എനിക്കൊപ്പം ഉറക്കെ ആവര്‍ത്തിക്കുക: ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വളരെയധികം നന്ദി!!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi