നമസ്കാരം!
കഴിഞ്ഞ രണ്ട് വര്‍ഷമായി നാം ഒരു പുതിയ പാരമ്പര്യം ആരംഭിച്ചതായി നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഒന്ന്, ഞങ്ങള്‍ ബജറ്റ് ഒരു മാസം നേരത്തേയാക്കി. ഏപ്രില്‍ ഒന്നിനു ബജറ്റ് പ്രാബല്യത്തില്‍ വരും. അതിനാല്‍, തയ്യാറെടുപ്പിനു നമുക്കു രണ്ട് മാസം ലഭിക്കും. സ്വകാര്യ, പൊതു, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര ഗവണ്‍മെന്റ്, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തുടങ്ങി എല്ലാ പങ്കാളികള്‍ക്കും എങ്ങനെ കഴിയുന്നത്ര വേഗത്തില്‍ കാര്യങ്ങള്‍ നിലത്തുറപ്പിക്കാനാകുമെന്നു ബജറ്റിന്റെ വെളിച്ചത്തില്‍ ഉറപ്പാക്കാന്‍ നാം ശ്രമിക്കുന്നു. തടസ്സമില്ലാത്തതും മികച്ചതുമായ ഫലം എങ്ങനെ നേടാം? അതില്‍ നമുക്ക് എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാനാകും? അത് പൂര്‍ത്തീകരിക്കാന്‍ നിങ്ങളില്‍ നിന്നുള്ള എല്ലാ നിര്‍ദ്ദേശങ്ങളും തീരുമാന പ്രക്രിയ ലളിതമാക്കാന്‍ ഗവണ്‍മെന്റിനു സഹായകമാകും. നടപ്പാക്കലിന്റെ റോഡ് മാപ്പും മികച്ചതായിരിക്കും. ചിലപ്പോള്‍ പൂര്‍ണ വിരാമവും അല്ലെങ്കില്‍ അര്‍ധ വിരാമവും പോലുള്ള ചെറിയ കാര്യങ്ങള്‍ കാരണം ഫയലുകള്‍ മാസങ്ങളോളം ഒരുമിച്ച് കുടുങ്ങിക്കിടക്കും. ആ കാര്യങ്ങളെല്ലാം ഒഴിവാക്കാന്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ തേടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 'ഈ ചര്‍ച്ച ബജറ്റില്‍ നടക്കേണ്ടതായിരുന്നു അല്ലെങ്കില്‍ അത് ബജറ്റില്‍ ചെയ്യേണ്ടതായിരുന്നു' എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. അത് ഇപ്പോള്‍ സാധ്യമല്ല, കാരണം ആ ജോലി പാര്‍ലമെന്റ് ചെയ്തതാണ്. ബജറ്റില്‍ എന്ത് തീരുമാനമെടുത്താലും അതിനെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. എന്നാല്‍ ഇപ്പോള്‍, എങ്ങനെയാണ് പ്രയോജനം പൊതുജനങ്ങളിലേക്കും രാജ്യത്തിലേക്കും ഏറ്റവും മികച്ച രീതിയില്‍ എത്തിക്കേണ്ടതെന്നും എങ്ങനെയാണ് നമ്മള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതെന്നും സംബന്ധിച്ചാണു ഈ ചര്‍ച്ച. ഈ ബജറ്റില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങള്‍ നിങ്ങള്‍ കണ്ടിരിക്കണം. ഈ തീരുമാനങ്ങളെല്ലാം വളരെ പ്രധാനമാണ്. ബജറ്റ് പ്രഖ്യാപനങ്ങളുടെ നടപ്പാക്കലും വേഗത്തിലായിരിക്കണം. ഈ ദിശയിലുള്ള ഒരു കൂട്ടായ ശ്രമമാണ് ഈ വെബിനാര്‍.
സുഹൃത്തുക്കളെ,
ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുടെ ഗവണ്‍മെന്റിന് വെറുമൊരു ഒറ്റപ്പെട്ട മേഖലയല്ല. ഇന്ന്, സമ്പദ്വ്യവസ്ഥയിലെ നമ്മുടെ കാഴ്ചപ്പാട് ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയും ഫിന്‍ടെക്കും പോലുള്ള അടിസ്ഥാനപരമായ അടിത്തറയുമായി ബന്ധപ്പെട്ടിരിക്കുന്നു. അടിസ്ഥാന സൗകര്യ മേഖലയിലെ നമ്മുടെ വികസന കാഴ്ചപ്പാട് നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണ്. പൊതു സേവനങ്ങളും അവസാന ഘട്ട വിതരണവും ഇപ്പോള്‍ ഡാറ്റ വഴി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. രാജ്യത്തെ സാധാരണ പൗരന്മാരെ ശാക്തീകരിക്കുന്നതിനുള്ള ശക്തമായ മാധ്യമമാണ് സാങ്കേതികവിദ്യ. ഞങ്ങളെ സംബന്ധിച്ചിടത്തോളം, രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള അടിസ്ഥാനം സാങ്കേതികവിദ്യയാണ്. ഇന്ത്യയുടെ സ്വാശ്രയത്വത്തെ കുറിച്ച് ഞാന്‍ പറയുമ്പോള്‍, ഇന്നും നിങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ പ്രസംഗം കേട്ടിട്ടുണ്ടാകും. അമേരിക്കയെ സ്വയം പര്യാപ്തമാക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'മേക്ക് ഇന്‍ അമേരിക്ക' എന്ന പദ്ധതിക്ക് അദ്ദേഹം ഇന്ന് വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്. അങ്ങനെ ലോകത്ത് സൃഷ്ടിക്കപ്പെടുന്ന പുതിയ സംവിധാനങ്ങള്‍ നമുക്കറിയാം. അതുകൊണ്ട് തന്നെ സ്വാശ്രയത്വത്തോടെ മുന്നേറേണ്ടത് നമുക്കും വളരെ പ്രധാനമാണ്. ഈ ബജറ്റില്‍ അക്കാര്യങ്ങള്‍ മാത്രമേ ഊന്നിപ്പറഞ്ഞിട്ടുള്ളൂ എന്ന് നിങ്ങള്‍ കണ്ടിരിക്കണം.
സുഹൃത്തുക്കള്‍,
ഇത്തവണത്തെ ബജറ്റില്‍ നവീനവും വളര്‍ച്ച നേടുന്നതുമായ മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. നിര്‍മിത ബുദ്ധി, ജിയോസ്പേഷ്യല്‍ സംവിധാനങ്ങള്‍, ഡ്രോണുകള്‍, സെമി കണ്ടക്ടറുകള്‍, സ്പേസ് ടെക്നോളജി, ജീനോമിക്സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ക്ലീന്‍ ടെക്നോളജികള്‍, 5ജി എന്നീ മേഖലകള്‍ക്കെല്ലാം ഇന്ന് രാജ്യം മുന്‍ഗണന നല്‍കിവരുന്നു. നവീനവും വളര്‍ച്ച നേടുന്നതുമായ മേഖലകള്‍ക്കുള്ള തീമാറ്റിക് ഫണ്ടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ബജറ്റ് 5ജി സ്‌പെക്ട്രം ലേലത്തിന് വളരെ വ്യക്തമായ ഒരു രൂപരേഖ നല്‍കിയിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാം. രാജ്യത്തെ ഡിസൈന്‍ നേതൃത്വത്തിലുള്ള നിര്‍മ്മാണവുമായി ബന്ധപ്പെട്ട ശക്തമായ 5ജി സാഹചര്യങ്ങള്‍ക്കായി ബജറ്റില്‍ ഉല്‍പാദനക്ഷമതയുമായി ബന്ധപ്പെടുത്തി പ്രോല്‍സാഹനം നല്‍കുന്ന പദ്ധതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ സാധ്യതകളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്താന്‍ ഞാന്‍ സ്വകാര്യ മേഖലയോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ കൃത്യമായ നിര്‍ദ്ദേശങ്ങളോടും നമ്മുടെ യോജിച്ച ശ്രമങ്ങളോടുകൂടി നാം മുന്നോട്ട് പോകും.
സുഹൃത്തുക്കളെ,
ശാസ്ത്രം സാര്‍വ്വലൗകികമാണെങ്കിലും സാങ്കേതികവിദ്യ പ്രാദേശികമായിരിക്കണം എന്നാണ് പറയപ്പെടുന്നത്. ശാസ്ത്ര തത്വങ്ങള്‍ നമുക്ക് പരിചിതമാണ്, എന്നാല്‍ ജീവിത സൗകര്യത്തിനായി സാങ്കേതികവിദ്യ പരമാവധി എങ്ങനെ ഉപയോഗിക്കാം? ഇക്കാര്യത്തിലും നാം ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഇന്ന് നാം അതിവേഗം വീടുകള്‍ നിര്‍മ്മിക്കുന്നു. റെയില്‍-റോഡ്, വ്യോമപാത-ജലപാത, ഒപ്റ്റിക്കല്‍ ഫൈബര്‍ എന്നിവയിലും അഭൂതപൂര്‍വമായ നിക്ഷേപമുണ്ട്. ഇതിന് കൂടുതല്‍ ഊര്‍ജം പകരാന്‍, പ്രധാനമന്ത്രി ഗതിശക്തിയുടെ കാഴ്ചപ്പാടുമായി നാം മുന്നോട്ട് പോവുകയാണ്. ഈ ദര്‍ശനത്തെ സാങ്കേതിക വിദ്യയ്ക്ക് എങ്ങനെ തടസ്സമില്ലാതെ സഹായിക്കാനാകും എന്നതിനെക്കുറിച്ച് നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. ഭവന നിര്‍മ്മാണ മേഖലയില്‍ രാജ്യത്തെ 6 പ്രധാന ലൈറ്റ് ഹൗസ് പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാം. വീടുകളുടെ നിര്‍മ്മാണത്തില്‍ നാം ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. സാങ്കേതികവിദ്യയിലൂടെ അത് എങ്ങനെ കൂടുതല്‍ ത്വരിതപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ സഹകരണവും സജീവമായ സംഭാവനയും നൂതന ആശയങ്ങളും ഞങ്ങള്‍ക്ക് ആവശ്യമാണ്. ഇന്ന് നമ്മള്‍ വൈദ്യശാസ്ത്രത്തിലേക്കു നോക്കുകയാണ്. വൈദ്യശാസ്ത്രവും ഏറെക്കുറെ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതായി മാറിയിരിക്കുന്നു. ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കണം. ഇന്ത്യയുടെ ആവശ്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട്, അതില്‍ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന് നാമെല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപക്ഷേ നിങ്ങള്‍ക്ക് അതില്‍ കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയും. ഇന്ന് നിങ്ങള്‍ കാണുന്നു, വളരെ വേഗത്തില്‍ വളര്‍ന്ന ഒരു മേഖല ഗെയിമിംഗ് ആണെന്ന്. ഇപ്പോള്‍ അത് ലോകത്തിലെ ഒരു വലിയ വിപണിയായി മാറിയിരിക്കുന്നു. യുവതലമുറ വളരെ വേഗത്തില്‍ അതിന്റെ ഭാഗമായി. ഈ ബജറ്റില്‍, ഞങ്ങള്‍ എ.വി.ഇ.ജി.സി. - ആനിമേഷന്‍ വിഷ്വല്‍ ഇഫക്റ്റ് ഗെയിമിംഗ് കോമിക്സിന് വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഈ ദിശയിലും ഇന്ത്യയുടെ ഐടി ഏകോപനം ലോകമെമ്പാടും അതിന്റെ ആദരവ് നേടിയിട്ടുണ്ട്. അത്തരമൊരു പ്രത്യേക മേഖലയില്‍ നമുക്ക് ഇപ്പോള്‍ നമ്മുടെ ശക്തി വളര്‍ത്തിയെടുക്കാന്‍ കഴിയും. ഈ ദിശയില്‍ നിങ്ങളുടെ ശ്രമങ്ങള്‍ ഉയര്‍ത്താനാകുമോ? അതുപോലെ ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ക്കും വലിയ വിപണിയുണ്ട്. ഇന്നത്തെ കുട്ടികള്‍ അവരുടെ കളിപ്പാട്ടങ്ങളില്‍ എന്തെങ്കിലും സാങ്കേതികവിദ്യ ഉണ്ടായിരിക്കാന്‍ ഇഷ്ടപ്പെടുന്നു. നമ്മുടെ രാജ്യത്തെ കുട്ടികള്‍ക്കുള്ള, സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കളിപ്പാട്ടങ്ങളെക്കുറിച്ചും അത് ലോകമെമ്പാടുമുള്ള വിപണിയില്‍ എത്തിക്കുന്നതിനെക്കുറിച്ചും നമുക്ക് ചിന്തിക്കാനാകുമോ? അതുപോലെ, വാര്‍ത്താവിനിമയ മേഖലയില്‍ പുതിയ സാങ്കേതികവിദ്യ കൊണ്ടുവരാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് നാമെല്ലാവരും കൂടുതല്‍ ഊര്‍ജം നല്‍കേണ്ടതുണ്ട്. സെര്‍വറുകള്‍ ഇന്ത്യയില്‍ മാത്രമായിരിക്കണം. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ആശയവിനിമയത്തിന്റെ കാര്യത്തില്‍ സുരക്ഷ കൂടുതല്‍ക്കൂടുതല്‍ കൂട്ടിച്ചേര്‍ക്കുകയും വേണം. വലിയ അവബോധത്തോടെ ഈ ദിശയിലുള്ള നമ്മുടെ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഫിന്‍ടെക്കിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ മുന്‍കാലങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് ഒരിക്കലും ഈ മേഖലകള്‍ സങ്കല്‍പ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ഇന്ന് നമ്മുടെ ഗ്രാമങ്ങളും മൊബൈല്‍ ഫോണിലൂടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്. ഫിന്‍ടെക്കില്‍ കൂടുതല്‍ കൂടുതല്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നാണ് ഇതിനര്‍ത്ഥം. ഇത് സുരക്ഷയും ഉറപ്പാക്കുന്നു. 2020 ഫെബ്രുവരിയില്‍, ജിയോ-സ്‌പേഷ്യല്‍ ഡാറ്റ കൈകാര്യം ചെയ്യുന്നതിനുള്ള പഴയ രീതികള്‍ രാജ്യം മാറ്റി. ഇത് ജിയോ സ്‌പേഷ്യലിന് അനന്തമായ പുതിയ സാധ്യതകളും പുതിയ അവസരങ്ങളും തുറന്നിട്ടു. നമ്മുടെ സ്വകാര്യമേഖലയും അത് പരമാവധി പ്രയോജനപ്പെടുത്തണം.
സുഹൃത്തുക്കളെ,
കോവിഡ് കാലത്ത് വാക്സിന്‍ ഉല്‍പ്പാദനത്തിലെ നമ്മുടെ സ്വയം സുസ്ഥിരതയ്ക്കും വിശ്വാസ്യതയ്ക്കും ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ വിജയം എല്ലാ മേഖലയിലും നമുക്ക് ആവര്‍ത്തിക്കണം. നമ്മുടെ വ്യവസായങ്ങള്‍ക്കും അതുപോലെ നിങ്ങള്‍ക്കും ഈ മേഖലയില്‍ വലിയ ഉത്തരവാദിത്തമുണ്ട്. ശക്തമായ ഡാറ്റാ സുരക്ഷാ ചട്ടക്കൂടും രാജ്യത്ത് അത്യന്താപേക്ഷിതമാണ്. ഡാറ്റ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഡാറ്റാ ഗവേണന്‍സും ആവശ്യമാണ്. അത്തരമൊരു സാഹചര്യത്തില്‍, നാം അതിന്റെ മാനദണ്ഡങ്ങളും സജ്ജമാക്കേണ്ടതുണ്ട്. ഈ ദിശയില്‍ എങ്ങനെ മുന്നോട്ട് പോകാം എന്നതിനെക്കുറിച്ചുള്ള ഒരു രൂപരേഖ നിങ്ങള്‍ക്ക് ഒരുമിച്ച് തയ്യാറാക്കവുന്നതാണ്.
സുഹൃത്തുക്കളെ,
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെയും അതിവേഗം വളരുന്നതുമായ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റമാണ് ഇന്ത്യക്കുള്ളത്. എല്ലാ കരുത്തോടെയും ഗവണ്‍മെന്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബജറ്റില്‍ യുവാക്കളുടെ നൈപുണ്യത്തിനും പുനര്‍ നൈപുണ്യത്തിനും നൈപുണ്യം മെച്ചപ്പെടുത്തുന്നതിനും ഒരു പോര്‍ട്ടലും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടെ, എ.പി.ഐ. അടിസ്ഥാനമാക്കിയുള്ള വിശ്വസനീയമായ നൈപുണ്യ ശേഷിയും മറ്റും വഴി യുവാക്കള്‍ക്ക് ശരിയായ ജോലികളും അവസരങ്ങളും ലഭിക്കും.
സുഹൃത്തുക്കളെ,
രാജ്യത്ത് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി 14 പ്രധാന മേഖലകളിലായി രണ്ടു ലക്ഷം കോടി രൂപയുടെ ഉല്‍പാദന ബന്ധിത പ്രോല്‍സാഹന പദ്ധതി നാം ആരംഭിച്ചിട്ടുണ്ട്. ഈ വെബിനാറില്‍ നിന്ന് ഈ ദിശയില്‍ മുന്നോട്ട് പോകുന്നതിനുള്ള പ്രായോഗിക ആശയങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. അതു തടസ്സങ്ങളില്ലാതെ നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്നു. പൗരസേവനങ്ങള്‍ക്കായി നമുക്ക് എങ്ങനെ ഒപ്റ്റിക് ഫൈബര്‍ നന്നായി ഉപയോഗിക്കാനാകും? നമ്മുടെ വിദൂര ഗ്രാമങ്ങളില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിക്ക് പോലും ഈ സാങ്കേതികവിദ്യയിലൂടെ വീട്ടിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെ പ്രയോജനപ്പെടുത്താനാകും? അദ്ദേഹത്തിന് എങ്ങനെ വൈദ്യശാസ്ത്ര സേവനങ്ങള്‍ ലഭിക്കും? എങ്ങനെ കര്‍ഷകര്‍ക്ക്, വിശേഷിച്ചു ചെറുകിട കര്‍ഷകര്‍ക്കു കൃഷിയിലെ നൂതനാശയങ്ങള്‍ മൊബൈല്‍ ഉപയോഗിച്ച് പ്രയോജനപ്പെടുത്താനാകും? ലോകത്ത് എല്ലാം ലഭ്യമാണ്. നാം അതിനെ തടസ്സമില്ലാതെ ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി, എനിക്ക് നിങ്ങളുടെ എല്ലാവരില്‍ നിന്നും നൂതനമായ നിര്‍ദേശങ്ങള്‍ ആവശ്യമാണ്.
സുഹൃത്തുക്കളെ,
ഇ-മാലിന്യം പോലുള്ള സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട് ലോകം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരം സാങ്കേതികവിദ്യയിലൂടെ കണ്ടെത്തണം. ഈ വെബിനാറില്‍ രാജ്യത്തിന് നിര്‍ണായക പരിഹാരം നല്‍കാന്‍ സര്‍ക്കുലര്‍ എക്കണോമി, ഇ-വേസ്റ്റ് മാനേജ്മെന്റ്, ഇലക്ട്രിക് മൊബിലിറ്റി തുടങ്ങിയ പരിഹാരങ്ങളിലും നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എനിക്ക് നിങ്ങളോട് ഒരു പ്രത്യേക അഭ്യര്‍ത്ഥനയുണ്ട്. നിങ്ങളുടെ പരിശ്രമത്തിലൂടെ രാജ്യം തീര്‍ച്ചയായും ലക്ഷ്യത്തിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വെബിനാര്‍ നിങ്ങളെ സേവിക്കുന്ന ഗവണ്‍മെന്റിനെ കുറിച്ചല്ലെന്ന് ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വെബിനാറില്‍, പകരം ഗവണ്‍മെന്റിനു നിങ്ങളില്‍ നിന്ന് ആശയങ്ങള്‍ ആവശ്യമാണ്. വേഗത കൂട്ടാന്‍ ഗവണ്‍മെന്റ് നിങ്ങളില്‍ നിന്ന് പുതിയ പ്രവര്‍ത്തന രീതികള്‍ പ്രതീക്ഷിക്കുന്നു. ബജറ്റ് സമയത്ത് നിക്ഷേപിച്ച പണം ഉപയോഗിച്ച് നമുക്ക് ബജറ്റവതരണം കഴിഞ്ഞുള്ള ആദ്യ പാദത്തില്‍ തന്നെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? സമയബന്ധിതമായി ഒരു പദ്ധതി ഉണ്ടാക്കാമോ? നിങ്ങള്‍ ഈ മേഖലയിയതിനാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെ എല്ലാ വിശദാംശങ്ങളും അറിയാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. സാധ്യമായ ഏറ്റവും മികച്ച രീതിയില്‍ എന്താണ് ചെയ്യാന്‍ കഴിയുക? വേഗത വര്‍ദ്ധിപ്പിക്കാന്‍ എന്തുചെയ്യാന്‍ കഴിയും? നിങ്ങള്‍ക്കെല്ലാവര്‍ക്കും അത് നന്നായി അറിയാം. നാം ഒരുമിച്ച് ഇരുന്ന് ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു. ഈ വെബിനാറിന് എല്ലാവിധ ആശംസകളും നേരുന്നു.
നന്ദി!