നമസ്‌തേ,
എന്തൊക്കെയുണ്ട്? അതെ, ഇപ്പോള്‍ കുറച്ച് ആവേശമുണ്ട്.
ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ ആചാര്യ ദേവവ്രത് ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, ഗുജറാത്ത് ഗവണ്‍മെന്റിലെ മന്ത്രിമാര്‍, വിദ്യാഭ്യാസ മേഖലയെ പ്രമുഖര്‍, ഗുജറാത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികളേ, മറ്റു വിശിഷ്ട വ്യക്തികളേ, മഹതികളേ മാന്യരേ,
'അമൃതകാലത്തിന്റെ' അമൃത തലമുറയെ സൃഷ്ടിക്കുന്നതിലേക്ക് ഇന്ന് ഗുജറാത്ത് ഒരു വലിയ ചുവടുവെപ്പ് നടത്തുകയാണ്. വികസിത ഇന്ത്യക്ക് വേണ്ടി വികസിത ഗുജറാത്ത് കെട്ടിപ്പടുക്കുന്നതിനുള്ള നാഴികക്കല്ലായി ഇത് മാറും. മിഷന്‍ സ്‌കൂള്‍ ഓഫ് എക്സലന്‍സിന്റെ സമാരംഭത്തില്‍ ഗുജറാത്തിലെ എല്ലാ ജനങ്ങള്‍ക്കും അധ്യാപകര്‍ക്കും യുവ സഹപ്രവര്‍ത്തകര്‍ക്കും ഭാവി തലമുറകള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.
സുഹൃത്തുക്കളേ,
അടുത്തിടെ, രാജ്യം അഞ്ചാം തലമുറയുടെ അതായത് 5 ജി മാബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും യുഗത്തിലേക്ക് പ്രവേശിച്ചു. 1 ജി മുതല്‍ 4ജി വരെയുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ നാം ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴിതാ 5ജി രാജ്യത്ത് വലിയ മാറ്റമാണ് കൊണ്ടുവരാന്‍ പോകുന്നത്. ഓരോ തലമുറയിലും വേഗത വര്‍ദ്ധിച്ചുവെന്ന് മാത്രമല്ല, ഓരോ തലമുറയും സാങ്കേതികവിദ്യയെ ജീവിതത്തിന്റെ എല്ലാ മേഖലകളുമായും ബന്ധിപ്പിച്ചിരിക്കുന്നു.
സുഹൃത്തുക്കളേ,
അതുപോലെ, രാജ്യത്ത് വ്യത്യസ്ത തലമുറ സ്‌കൂളുകളും നമ്മള്‍ കണ്ടിട്ടുണ്ട്. സ്മാര്‍ട്ട് സൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്റൂം, സ്മാര്‍ട്ട് അധ്യാപനം എന്നിവയ്ക്കപ്പുറം 5ജി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും. ഇപ്പോള്‍ നമ്മുടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ യാഥാര്‍ത്ഥ്യത്തിന്റെയും ഇന്റര്‍നെറ്റിന്റെയും ശക്തി വളരെ എളുപ്പത്തില്‍ അനുഭവിക്കാന്‍ കഴിയും. മിഷന്‍ സ്‌കൂള്‍ ഓഫ് എക്സലന്‍സിന്റെ രൂപത്തില്‍ ഗുജറാത്ത് രാജ്യത്ത് വളരെ പ്രധാനപ്പെട്ടതും പ്രഥമവുമായ ഒരു ചുവടുവെപ്പ് നടത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഭൂപേന്ദ്രഭായിക്കും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനും ഞാന്‍ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ഗുജറാത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വന്ന മാറ്റം അഭൂതപൂര്‍വമാണ്. 20 വര്‍ഷം മുമ്പ് ഗുജറാത്തില്‍ 100ല്‍ 20 കുട്ടികളും സ്‌കൂളില്‍ പോകാത്ത അവസ്ഥയായിരുന്നു. അതായത്, അഞ്ചിലൊന്ന് വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസത്തിന് പുറത്തായിരുന്നു. മാത്രമല്ല, സ്‌കൂളില്‍ പോകുന്ന മിക്ക വിദ്യാര്‍ത്ഥികളും എട്ടാം ക്ലാസില്‍ എത്തുമ്പോഴേക്കും കൊഴിഞ്ഞുപോവുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍, പെണ്‍മക്കളുടെ അവസ്ഥ മോശമായിരുന്നു. പല ഗ്രാമങ്ങളിലെയും പെണ്‍മക്കളെ മൊത്തത്തില്‍ സ്‌കൂളില്‍ അയച്ചില്ല. ആദിവാസി മേഖലകളില്‍ നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ശാസ്ത്രം ഒരു വിഷയമായി പഠിപ്പിക്കാന്‍ വിഭവങ്ങള്‍ ഇല്ലായിരുന്നു. ഞാന്‍ സന്തോഷവാനാണ്, ജിത്തുഭായിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും ഭാവനയെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. നിങ്ങളില്‍ പലര്‍ക്കും യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയാത്തതിനാല്‍, അത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
2003ല്‍ ആദ്യമായി സ്‌കൂളില്‍ പ്രവേശനം നേടിയ കുട്ടികളാണ് ഇപ്പോള്‍ പരിചയപ്പെട്ട കുട്ടികള്‍. ഞാന്‍ അന്ന് ഒരു ആദിവാസി ഊരില്‍ പോയിരുന്നു. ജൂണ്‍ പകുതിയോടെയാണ് താപനില 40-45 ഡിഗ്രി സെന്റിഗ്രേഡ് വരെ ഉയരുന്നത്. കുട്ടികള്‍ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസമുള്ള ഒരു ഗ്രാമത്തിലേക്ക് ഞാന്‍ പോയിരുന്നു, പെണ്‍കുട്ടികളുടെ അവസ്ഥ വളരെ മോശമായിരുന്നു. ഞാന്‍ ഗ്രാമവാസികളോട് എന്തോ ചോദിക്കാന്‍ വന്നതാണെന്ന് പറഞ്ഞു. അവരുടെ പെണ്‍മക്കളെ പഠിപ്പിക്കാമെന്ന് ഞാന്‍ വാക്ക് ചോദിച്ചു. ഞാന്‍ ആദ്യമായി സ്‌കൂളില്‍ കൊണ്ടുപോയ കുട്ടികളെ ഇന്ന് കാണാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഈ അവസരത്തില്‍, എന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചതിന് അവരുടെ മാതാപിതാക്കളെ ഞാന്‍ നമിക്കുന്നു. ഞാന്‍ അവരെ സ്‌കൂളില്‍ കൊണ്ടുപോയി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ അവര്‍ കുട്ടികളെ തങ്ങളാല്‍ കഴിയുന്നത്ര പഠിപ്പിച്ചു, ഇന്ന് ആ കുട്ടികള്‍ സ്വതന്ത്രരായി. ഞാന്‍ സ്‌കൂളില്‍ പ്രവേശനം ഉറപ്പാക്കിയ കുട്ടികളെ കാണാന്‍ ഈ അവസരം നല്‍കിയതിന് ഗുജറാത്ത് ഗവണ്‍മെന്റിനെയും ജിത്തുഭായിയെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കള്‍,
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗുജറാത്തിലെ ജനങ്ങള്‍ തങ്ങളുടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിമറിച്ചു. ഈ രണ്ട് ദശാബ്ദങ്ങളില്‍ ഗുജറാത്തില്‍ 1.25 ലക്ഷത്തിലധികം പുതിയ ക്ലാസ് മുറികള്‍ നിര്‍മ്മിക്കുകയും 2 ലക്ഷത്തിലധികം അധ്യാപകരെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. 'ശാല പ്രവേശനോത്സവം' (പ്രൈമറി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിനുള്ള പ്രേരണ), 'കന്യാ കേളവാണി മഹോത്സവം' (പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി ഔപചാരിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക) തുടങ്ങിയ ദിവസം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. മക്കളും പെണ്‍മക്കളും ആദ്യമായി സ്‌കൂളില്‍ പോകുമ്പോള്‍ ഒരു ഉത്സവമായി ആഘോഷിക്കാനായിരുന്നു ആലോചന. കുടുംബത്തിലും നാട്ടിലും ഗ്രാമം മുഴുവനും ആഘോഷം ഉണ്ടാകണം, കാരണം രാജ്യത്തെ പുതിയ തലമുറയെ ബോധവല്‍ക്കരിക്കാന്‍ ഞങ്ങള്‍ തുടക്കം കുറിക്കുകയാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ ഞാന്‍ തന്നെ ഗ്രാമങ്ങളില്‍ പോയി എല്ലാവരോടും അവരുടെ പെണ്‍മക്കളെ സ്‌കൂളില്‍ അയക്കാന്‍ അഭ്യര്‍ത്ഥിച്ചു, അതിന്റെ ഫലം ഇന്ന് ഗുജറാത്തിലെ മിക്കവാറും എല്ലാ മകനും മകളും സ്‌കൂളുകളിലും കോളേജുകളിലും പോയിത്തുടങ്ങിയിരിക്കുന്നു.
സുഹൃത്തുക്കളേ,
ഇതോടൊപ്പം, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും ഫലത്തിലും ഞങ്ങള്‍ പരമാവധി ഊന്നല്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ 'പ്രവേശോത്സവം' എന്നതിനൊപ്പം 'ഗുണോത്സവം' (കുട്ടികളുടെ പഠന ഫലങ്ങള്‍ വിലയിരുത്തുന്നതിനുള്ള ഒരു സംരംഭം) തുടങ്ങിയത്. ഓരോ വിദ്യാര്‍ത്ഥിയെയും അവരുടെ കഴിവുകള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും താല്‍പര്യക്കുറവിനും അനുസൃതമായി വിശദമായി വിലയിരുത്തിയിരുന്നുവെന്ന് ഞാന്‍ നന്നായി ഓര്‍ക്കുന്നു. ഇവര്‍ക്കൊപ്പം അധ്യാപകരെയും വിലയിരുത്തി.
സ്‌കൂള്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ കൂടാതെ, നമ്മുടെ ഉന്നത ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും വരെ പ്രചാരണത്തിന്റെ ഭാഗമായി ഗ്രാമങ്ങളിലെ സ്‌കൂളുകളില്‍ മൂന്ന് ദിവസം പോയിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഗാന്ധിനഗറില്‍ വന്നപ്പോള്‍, 'വിദ്യാ സമീക്ഷ കേന്ദ്രങ്ങള്‍' (വിദ്യാഭ്യാസ അവലോകന കേന്ദ്രങ്ങള്‍) രൂപത്തില്‍ 'ഗുണോത്സവ'ത്തിന്റെ വളരെ നൂതനവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പതിപ്പ് കാണുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു. 'വിദ്യാ സമീക്ഷ കേന്ദ്രങ്ങളുടെ' പുതുമ കണ്ടാല്‍ ആശ്ചര്യപ്പെടും. കേന്ദ്ര ഗവണ്‍മെന്റും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും അടുത്തിടെ ഗാന്ധിനഗറിലേക്ക് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിമാരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിരുന്നു. 'വിദ്യാ സമീക്ഷ കേന്ദ്രങ്ങള്‍' എന്ന ആശയം മനസ്സിലാക്കാന്‍ അവരെല്ലാം തങ്ങളുടെ സമയത്തിന്റെ ഗണ്യമായ ഒരു ഭാഗം ചെലവഴിച്ചു. ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ 'വിദ്യാ സമീക്ഷ കേന്ദ്രങ്ങള്‍' പഠിക്കാന്‍ വരുന്നു, ആ മാതൃക അതത് സംസ്ഥാനങ്ങളില്‍ അനുകരിക്കാന്‍ ശ്രമിക്കുന്നു. ഈ സംരംഭത്തിന് ഗുജറാത്ത് അഭിനന്ദനം അര്‍ഹിക്കുന്നു.
സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെയും ലഘുവിവരങ്ങള്‍ പോലും ലഭിക്കാന്‍ കേന്ദ്രസംവിധാനം വിഭാവനം ചെയ്തു. ഇതൊരു നൂതന പരീക്ഷണമാണ്. ഗുജറാത്തിലെ ആയിരക്കണക്കിന് സ്‌കൂളുകളും ലക്ഷക്കണക്കിന് അധ്യാപകരും ഏകദേശം 1.25 കോടി വിദ്യാര്‍ത്ഥികളും ഇവിടെ അവലോകനം ചെയ്യുകയും അവര്‍ക്ക് ഫീഡ്ബാക്ക് നല്‍കുകയും ചെയ്യുന്നു. ബിഗ് ഡാറ്റ വിശകലനം, മെഷീന്‍ ലേണിംഗ്, നിര്‍മിതബുദ്ധി, വീഡിയോ വാള്‍സ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ വിശകലനം ചെയ്യുന്നത്. അതനുസരിച്ച്, മികച്ച പ്രകടനത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നു.
സുഹൃത്തുക്കളേ,
വിദ്യാഭ്യാസരംഗത്ത് പുതിയതും അതുല്യവും പരീക്ഷണാത്മകവുമായ എന്തെങ്കിലും ചെയ്യുക ഗുജറാത്തിന്റെ ഡിഎന്‍എയിലും സ്വഭാവത്തിലുമുണ്ട്. ആദ്യമായി അവരുടെ പരിശീലനത്തിനായി അധ്യാപക പരിശീലന സ്ഥാപനം ഗുജറാത്തില്‍ സ്ഥാപിച്ചു. ലോകത്തിലെ ഏക സര്‍വ്വകലാശാലയാണ് ഇവിടെയുള്ള ചില്‍ഡ്രന്‍സ് യൂണിവേഴ്‌സിറ്റി 'ഖേല്‍ മഹാകുംഭ്' എന്ന അനുഭവം നോക്കൂ. ഗവണ്‍മെന്റ് സംവിധാനത്തിലെ അച്ചടക്കമുള്ള തൊഴില്‍ സംസ്‌കാരവും, സ്പോര്‍ട്സിനോടുള്ള ഗുജറാത്തിലെ യുവാക്കളുടെ താല്‍പ്പര്യവും ഈ മുഴുവന്‍ ആവാസവ്യവസ്ഥയും 'ഖേല്‍ മഹാകുംഭ'ത്തിന്റെ ഫലമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗുജറാത്തില്‍ ദേശീയ ഗെയിംസ് നടന്നത്. കളികള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. കളിക്കാരുമായും അവരുടെ പരിശീലകരുമായും ഞാന്‍ ബന്ധപ്പെടുന്നതിനാല്‍, അവര്‍ പരിപാടിക്ക് എന്നെ അഭിനന്ദിച്ചു. എന്നെ അഭിനന്ദിക്കരുതെന്ന് ഞാന്‍ അവരോട് പറഞ്ഞു, കാരണം ഗുജറാത്ത് മുഖ്യമന്ത്രിയും ഗുജറാത്ത് ഗവണ്‍മെന്റും എല്ലാ അംഗീകാരങ്ങള്‍ക്കും അര്‍ഹരാണ്. അവരുടെ പ്രയത്‌നവും കഠിനാധ്വാനവുമാണ് ഗുജറാത്തില്‍ ഇത്രയും വലിയൊരു കായികോത്സവം നടന്നത്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ നടത്തിയ ആതിഥ്യമര്യാദയ്ക്കും ക്രമീകരണങ്ങള്‍ക്കും ഗുജറാത്ത് യോജിച്ചതായി എല്ലാ കളിക്കാരും പറഞ്ഞു. ഈ ഇവന്റ് വിജയകരമായി ആതിഥേയത്വം വഹിക്കുകയും കായിക ലോകത്തെ പ്രോത്സാഹിപ്പിക്കുകയും ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും ചെയ്തുകൊണ്ട് ഗുജറാത്ത് ശരിക്കും രാജ്യത്തിന് വലിയ സേവനമാണ് ചെയ്തത്. ഗുജറാത്ത് ഗവണ്‍മെന്റനെയും അതിലെ എല്ലാ ഉദ്യോഗസ്ഥരെയും കായിക ലോകത്തെ എല്ലാവരെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ഒരു പതിറ്റാണ്ട് മുമ്പ് ഗുജറാത്തിലെ 15,000 സ്‌കൂളുകളില്‍ ടിവി എത്തിയിരുന്നു. കംപ്യൂട്ടര്‍വല്‍കൃത പഠന ലാബുകളും അത്തരം നിരവധി സംവിധാനങ്ങളും ഗുജറാത്തിലെ 20,000-ലധികം സ്‌കൂളുകളുടെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. ഇന്ന് ഗുജറാത്തില്‍ ഒരു കോടിയിലധികം വിദ്യാര്‍ത്ഥികളും നാല് ലക്ഷം അധ്യാപകരും ഓണ്‍ലൈന്‍ ഹാജരുണ്ട്. ഈ പുതിയ പരീക്ഷണ പരമ്പരയുടെ ഭാഗമായി ഇന്ന് ഗുജറാത്തിലെ 20,000 സ്‌കൂളുകള്‍ വിദ്യാഭ്യാസത്തിന്റെ 5ജി യുഗത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നു. മിഷന്‍ സ്‌കൂള്‍ ഓഫ് എക്സലന്‍സിനു കീഴില്‍ 50,000 പുതിയ ക്ലാസ് മുറികളും ഒരു ലക്ഷത്തിലധികം സ്മാര്‍ട്ട് ക്ലാസ് മുറികളും ഈ സ്‌കൂളുകളില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കും. ഈ സ്‌കൂളുകളില്‍ ആധുനിക ഡിജിറ്റല്‍, ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല, കുട്ടികളുടെ ജീവിതത്തിലും അവരുടെ വിദ്യാഭ്യാസത്തിലും വലിയ മാറ്റമുണ്ടാക്കും. കുട്ടികളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള എല്ലാ മേഖലകളിലും ഇവിടെ പ്രവര്‍ത്തിക്കും. അതായത്, വിദ്യാര്‍ത്ഥിയുടെ ശക്തിയിലും അവരുടെ മെച്ചപ്പെടുത്തലിനുള്ള സാധ്യതയിലും ശ്രദ്ധ കേന്ദ്രീകരിക്കും.
സുഹൃത്തുക്കളേ,
5ജി സാങ്കേതികവിദ്യ പഠന സംവിധാനങ്ങള്‍ വളരെ എളുപ്പമാക്കാന്‍ പോകുന്നു. 2ജി, 4ജി, 5ജി എന്നിവ ലളിതമായി വിശദീകരിക്കുകയാണെങ്കില്‍ 4ജി ഒരു സൈക്കിള്‍ പോലെയാണ്, 5ജി ഒരു വിമാനമാണ്. ഇതാണ് വ്യത്യാസം. ഗ്രാമങ്ങളിലെ ഭാഷയില്‍ സാങ്കേതിക വിദ്യ വിശദീകരിക്കേണ്ടി വന്നാല്‍ ഞാന്‍ ഇങ്ങനെയാണ് വിശദീകരിക്കുന്നത്. 4ജി എന്നാല്‍ സൈക്കിള്‍ എന്നും 5ജി എന്നാല്‍ നിങ്ങള്‍ക്ക് ഒരു വിമാനമുണ്ടെന്നും അര്‍ത്ഥമാക്കുന്നു. അതിനുള്ള ശക്തി അങ്ങനെയാണ്.
ഗുജറാത്തിന് അഭിനന്ദനങ്ങള്‍, കാരണം അത് 5ജിയുടെ ശക്തി തിരിച്ചറിഞ്ഞു, ഗുജറാത്തിന്റെ ഭാഗ്യം മാറ്റുന്ന ആധുനിക വിദ്യാഭ്യാസത്തില്‍ മികവ് പ്രോത്സാഹിപ്പിക്കുന്നു. ഇത് ഓരോ കുട്ടിക്കും അവന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പഠിക്കാനുള്ള അവസരം നല്‍കും. പ്രത്യേകിച്ച് വിദൂര ഗ്രാമങ്ങളിലെ സ്‌കൂളുകളുടെ വിദ്യാഭ്യാസത്തിന് ഇത് വലിയ സഹായമാകും. വിദൂര പ്രദേശങ്ങളില്‍ മികച്ച അധ്യാപകരെ ഈ സേവനത്തിലൂടെ ലഭ്യമാകും. മികച്ച അധ്യാപകന്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയായിരിക്കും, പക്ഷേ അവന്‍ ക്ലാസ് മുറിയില്‍ ഉണ്ടെന്ന് തോന്നും. എല്ലാ വിഷയത്തിലെയും മികച്ച ഉള്ളടക്കം എല്ലാവര്‍ക്കും പ്രാപ്യമാണ്. ഇപ്പോള്‍ വ്യത്യസ്ത കഴിവുകള്‍ പഠിപ്പിക്കുന്ന മികച്ച അധ്യാപകര്‍ക്ക് വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലും വെര്‍ച്വല്‍ തത്സമയം കുട്ടികളെ പഠിപ്പിക്കാന്‍ കഴിയും. വിവിധ സ്‌കൂളുകളില്‍ കാണുന്ന വിടവ് വലിയൊരളവില്‍ ഇല്ലാതാക്കാനും ഇത് സഹായിക്കും.
ഈ അത്യാധുനിക സ്‌കൂളുകള്‍ അംഗന്‍വാടി, ബാലവാടി തുടങ്ങി തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങളും മത്സര പരീക്ഷാ തയ്യാറെടുപ്പും വരെയുള്ള വിദ്യാര്‍ത്ഥികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റും. കല, കരകൗശലവസ്തുക്കള്‍, ബിസിനസ്സ് മുതല്‍ കോഡിംഗ്, റോബോട്ടിക്‌സ് തുടങ്ങി എല്ലാത്തരം വിദ്യാഭ്യാസവും ചെറുപ്പം മുതല്‍ ഇവിടെ ലഭ്യമാകും. അതായത്, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എല്ലാ വശങ്ങളും ഇവിടെ നടപ്പാക്കും.
സഹോദരീ സഹോദരന്മാരേ,
ഇന്ന്, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ രാജ്യത്തുടനീളം സമാനമായ മാറ്റങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍, രാജ്യത്തുടനീളം 14,500 പിഎം ശ്രീ സ്‌കൂളുകള്‍ നിര്‍മ്മിക്കാനും കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്ന പരീക്ഷണ പദ്ധതിയാണിത്. ഒരു വര്‍ഷത്തോളം ഇത് നിരീക്ഷിക്കും. എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കിലോ മാറുന്ന സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തില്‍ എന്തെങ്കിലും പുതിയത് ചേര്‍ക്കേണ്ട ആവശ്യമുണ്ടെങ്കില്‍ അത് ചെയ്യും. മികച്ച മാതൃകയാക്കി രാജ്യത്തെ പരമാവധി സ്‌കൂളുകളില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഭാവിയില്‍ നടത്തും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ രാജ്യത്തുടനീളമുള്ള മാതൃകാ സ്‌കൂളുകളായിരിക്കും ഈ സ്‌കൂളുകള്‍.
27,000 കോടി രൂപയാണ് ഈ പദ്ധതിക്കായി കേന്ദ്ര ഗവണ്‍മെന്റ് ചെലവഴിക്കാന്‍ പോകുന്നത്. വിമര്‍ശനാത്മക ചിന്തകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും കുട്ടികള്‍ക്ക് അവരുടെ സ്വന്തം ഭാഷയില്‍ മികച്ച വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് ഈ സ്‌കൂളുകള്‍ പൂരകമാകും. ഒരു തരത്തില്‍ പറഞ്ഞാല്‍, ബാക്കിയുള്ള സ്‌കൂളുകള്‍ക്കുള്ള വഴികാട്ടിയായി അവര്‍ പ്രവര്‍ത്തിക്കും.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ അടിമ മനോഭാവം തുടച്ചുനീക്കുമെന്ന് രാജ്യം പ്രതിജ്ഞയെടുത്തു. രാജ്യത്തെ അടിമ മാനസികാവസ്ഥയില്‍ നിന്ന് കരകയറ്റാനും കഴിവും പുതുമയും മെച്ചപ്പെടുത്താനുമുള്ള ശ്രമമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. നോക്കൂ, രാജ്യത്തെ അവസ്ഥ എന്തായിരുന്നു? ഇംഗ്ലീഷ് ഭാഷയെക്കുറിച്ചുള്ള അറിവ് ബുദ്ധിയുടെ അളവുകോലായി കണക്കാക്കപ്പെട്ടിരുന്നു, അതേസമയം ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമം മാത്രമാണ്. പക്ഷേ, ഗ്രാമങ്ങളിലെയും പാവപ്പെട്ട കുടുംബങ്ങളിലെയും പ്രതിഭകളുടെ സമ്പത്തിന്റെ പ്രയോജനം രാജ്യത്തിന് ലഭിക്കാത്ത വിധം ദശാബ്ദങ്ങളായി ഭാഷ ഒരു തടസ്സമായി മാറിയിരുന്നു. കഴിവുള്ള എത്രയോ കുട്ടികള്‍ക്ക് അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പഠിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുകയാണ്. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രം, സാങ്കേതിവവിദ്യ, വൈദ്യശാസ്ത്രം മുതലായവ ഇന്ത്യന്‍ ഭാഷകളിലും പഠിക്കാനുള്ള അവസരം ലഭിച്ചു തുടങ്ങിയിരിക്കുന്നു.
കുട്ടിയെ ഇംഗ്ലീഷ് സ്‌കൂളില്‍ പഠിപ്പിക്കാന്‍ കഴിയാത്ത ഒരു പാവപ്പെട്ട അമ്മയ്ക്ക് പോലും മക്കളെ ഡോക്ടറാക്കാന്‍ സ്വപ്നം കാണാന്‍ കഴിയും. ഒരു കുട്ടിക്ക് മാതൃഭാഷയില്‍ ഡോക്ടറാകാം. ഒരു പാവപ്പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് പോലും ഡോക്ടറാകാന്‍ ഞങ്ങള്‍ ആ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി ഇന്ത്യന്‍ ഭാഷകളിലും ഗുജറാത്തി ഭാഷയിലും കോഴ്സുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വികസിത ഇന്ത്യക്കായി എല്ലാവരുടെയും ശ്രമങ്ങള്‍ നടക്കേണ്ട സമയമാണിത്. ഒരു കാരണവശാലും ഒഴിവാക്കപ്പെടേണ്ട ആരും രാജ്യത്ത് ഉണ്ടാകരുത്. ഇതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ആത്മാവ്, ഈ മനോഭാവം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
പ്രാചീനകാലം മുതലേ ഇന്ത്യയുടെ വികസനത്തിന്റെ നെടുംതൂണായിരുന്നു വിദ്യാഭ്യാസം.നമ്മള്‍ സ്വഭാവത്താല്‍ അറിവിന്റെ പിന്തുണക്കാരാണ്. അതിനാല്‍, നമ്മുടെ പൂര്‍വ്വികര്‍ അറിവിലും ശാസ്ത്രത്തിലും വ്യക്തിമുദ്ര പതിപ്പിക്കുകയും നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകള്‍ നിര്‍മ്മിക്കുകയും ഏറ്റവും വലിയ ലൈബ്രറികള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നിരുന്നാലും, അധിനിവേശക്കാര്‍ ഇന്ത്യയുടെ ഈ സമ്പത്ത് നശിപ്പിക്കാന്‍ ഒരു പ്രചാരണം ആരംഭിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച ശക്തമായ ഉദ്ദേശങ്ങള്‍ ഇന്ത്യ ഉപേക്ഷിച്ചില്ല. അത് ക്രൂരതകള്‍ അനുഭവിച്ചു, പക്ഷേ അത് വിദ്യാഭ്യാസത്തിന്റെ പാത വിട്ടുപോയില്ല.
അറിവിന്റെയും ശാസ്ത്രത്തിന്റെയും നവീകരണത്തിന്റെയും ലോകത്ത് ഇന്നും നമുക്ക് വ്യത്യസ്തമായ ഒരു വ്യക്തിത്വം ഉള്ളതിന്റെ കാരണം ഇതാണ്. സ്വാതന്ത്ര്യത്തിന്റെ 'അമൃതകാലിത്ത്' അതിന്റെ പുരാതന പ്രതാപം വീണ്ടെടുക്കാന്‍ അവസരമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വിജ്ഞാന സമ്പദ്വ്യവസ്ഥയാകാന്‍ ഇന്ത്യയ്ക്ക് അപാരമായ സാധ്യതകളുണ്ട്, അവസരങ്ങളും കാത്തിരിക്കുകയാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മിക്ക നവീകരണങ്ങളും നടക്കും
ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മിക്ക നവീകരണങ്ങളും 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നടക്കും. എന്റെ രാജ്യത്തെ യുവാക്കളിലുള്ള വിശ്വാസവും എന്റെ രാജ്യത്തെ യുവജനങ്ങളുടെ കഴിവും കൊണ്ടാണ് ഞാന്‍ ഇത് പറയാന്‍ ധൈര്യപ്പെടുന്നത്.
ഗുജറാത്തിനും ഇക്കാര്യത്തില്‍ വലിയ അവസരമുണ്ട്. നമ്മള്‍ കച്ചവടക്കാരും വ്യവസായികളുമായിരുന്നു എന്നതായിരുന്നു ഇതുവരെ ഗുജറാത്തിന്റെ സ്വത്വം. ഒരിടത്ത് നിന്ന് സാധനങ്ങള്‍ വാങ്ങുകയും മറ്റൊരിടത്ത് വില്‍ക്കുകയും ഇടനിലപ്പണത്തില്‍ നിന്ന് ഉപജീവനം കണ്ടെത്തുകയും ചെയ്യുന്നു. ഗുജറാത്ത് അതില്‍ നിന്ന് കരകയറി, ഉല്‍പ്പാദനരംഗത്ത് പതിയെ പേര് സമ്പാദിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഗുജറാത്ത് 21-ാം നൂറ്റാണ്ടില്‍ രാജ്യത്തിന്റെ വിജ്ഞാനത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രമായി വികസിക്കുകയാണ്. ഗുജറാത്ത് സര്‍ക്കാരിന്റെ മിഷന്‍ സ്‌കൂള്‍ ഓഫ് എക്സലന്‍സ് ഈ മനോഭാവം ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
ഇന്ന് വളരെ പ്രധാനപ്പെട്ട ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഒരു മണിക്കൂര്‍ മുമ്പ്, രാജ്യത്തിന്റെ സൈനിക ശക്തി എന്ന പരിപാടിയുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു, ഒരു മണിക്കൂറിന് ശേഷം ഗുജറാത്തിലെ ഈ രാജ്യത്തിന്റെ വിജ്ഞാന ശക്തി പരിപാടിയില്‍ ചേരാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ പരിപാടിക്ക് ശേഷം, ഞാന്‍ ജുനാഗഡിലേക്കും രാജ്കോട്ടിലേക്കും പോകുന്നു, അവിടെ സമൃദ്ധിയുടെ പ്രശ്‌നങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നു.
സുഹൃത്തുക്കളേ,
ഇന്നത്തെ ഈ സുപ്രധാന അവസരത്തില്‍ ഗുജറാത്തിലെ വിദ്യാഭ്യാസ ലോകത്തിനും ഭാവി തലമുറകള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഒരിക്കല്‍ കൂടി ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. ഭൂപേന്ദ്രഭായിക്കും സംഘത്തിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!
നന്ദി.