ബഹുമാനപ്പെട്ട ചെയര്‍മാന്‍ ,
ഇന്ന് നമുക്കെല്ലാവര്‍ക്കും അവിസ്മരണീയമായ ദിവസമാണ്. അത് ചരിത്രപരവുമാണ്. ഇതിന് മുമ്പ് ലോക്സഭയില്‍ എന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍, അങ്ങ് എനിക്ക് ഇന്ന് രാജ്യസഭയില്‍ അവസരം തന്നു, ഞാന്‍ അങ്ങയോട് നന്ദിയുള്ളവനാണ്.
ബഹുമാനപ്പെട്ട ചെയര്‍മാന്‍ ,
രാജ്യസഭ എന്ന ആശയം പാര്‍ലമെന്റിന്റെ ഉപരിസഭയായി നമ്മുടെ ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ പ്രക്ഷുബ്ധതയ്ക്ക് അതീതമായി ഈ സഭ ഉയര്‍ന്നുവരണമെന്നും രാഷ്ട്രത്തിന് ദിശാബോധം നല്‍കാന്‍ പ്രാപ്തിയുള്ള ഗൗരവമേറിയ ബൗദ്ധിക വ്യവഹാരങ്ങളുടെ കേന്ദ്രമായി മാറണമെന്നും ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്തിരുന്നു. ഇത് ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ ഒരു പ്രതീക്ഷയാണ്, ഇത് ജനാധിപത്യത്തിന്റെ സമ്പുഷ്ടീകരണത്തിന് സംഭാവന നല്‍കും.
ബഹുമാനപ്പെട്ട ചെയര്‍മാന്‍ ,
ഈ സഭയില്‍ ഒരുപാട് മഹത് വ്യക്തികള്‍ ഉണ്ടായിട്ടുണ്ട്. അവരെയെല്ലാം പരാമര്‍ശിക്കാന്‍ എനിക്ക് കഴിയില്ലെങ്കിലും, ലാല്‍ ബഹദൂര്‍ ശാസ്ത്രി ജി, ഗോവിന്ദ് വല്ലഭ് പന്ത് സാഹേബ്, ലാല്‍ കൃഷ്ണ അദ്വാനി ജി, പ്രണബ് മുഖര്‍ജി സാഹേബ്, അരുണ്‍ ജെയ്റ്റ്ലി ജി തുടങ്ങി എണ്ണമറ്റ വ്യക്തികള്‍ ഈ സഭയെ അലങ്കരിക്കുകയും രാഷ്ട്രത്തിന് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ജ്ഞാനവും സംഭാവനകളും ഉപയോഗിച്ച് രാജ്യത്തിന് നേട്ടമുണ്ടാക്കാന്‍ കഴിവുള്ള, സ്വയം സ്ഥാപനങ്ങള്‍ പോലെ, ഒരു തരത്തില്‍, സ്വതന്ത്ര ചിന്താധാരകളായി പ്രവര്‍ത്തിച്ച നിരവധി അംഗങ്ങളുമുണ്ട്. പാര്‍ലമെന്റ് ചരിത്രത്തിന്റെ ആദ്യ നാളുകളില്‍, ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ ജി രാജ്യസഭയുടെ പ്രാധാന്യം ഊന്നിപ്പറയുകയും, പാര്‍ലമെന്റ് ഒരു നിയമനിര്‍മ്മാണം മാത്രമല്ല, ഒരു സംവാദ വേദിയാണെന്നും പ്രസ്താവിച്ചു. രാജ്യസഭ ജനങ്ങളുടെ ഉയര്‍ന്നതും ഉന്നതവുമായ നിരവധി പ്രതീക്ഷകള്‍ വഹിക്കുന്നു. അതിനാല്‍, പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടത്താനും ബഹുമാനപ്പെട്ട അംഗങ്ങള്‍ക്കിടയില്‍ അവ കേള്‍ക്കാനും കഴിയുന്നത് വളരെ സന്തോഷകരമാണ്. പുതിയ സന്‍സദ് ഭവന്‍ വെറുമൊരു പുതിയ കെട്ടിടമല്ല; അത് ഒരു പുതിയ തുടക്കത്തെ പ്രതീകവല്‍കരിക്കുന്നു. പുതിയ കാര്യങ്ങളുമായി ബന്ധപ്പെടുമ്പോള്‍ നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും ഇത് അനുഭവപ്പെടുന്നു, നമ്മുടെ മനസ്സ് സ്വാഭാവികമായും അതിനെ പരമാവധി പ്രയോജനപ്പെടുത്താനും അതിന്റെ ഏറ്റവും അനുകൂലമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാനും ശ്രമിക്കുന്നു. 'അമൃതകാലത്തിന്റെ' പ്രഭാതത്തില്‍ ഈ കെട്ടിടത്തിന്റെ നിര്‍മ്മാണവും അതിലേക്കുള്ള നമ്മുടെ പ്രവേശനവും ഒരു പുതിയ ഊര്‍ജ്ജത്തെ പ്രതിനിധീകരിക്കുന്നു, അത് നമ്മുടെ രാജ്യത്തെ 140 കോടി പൗരന്മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റും. അത് പുത്തന്‍ പ്രതീക്ഷയും പുതിയ ആത്മവിശ്വാസവും കൊണ്ട് നമ്മെ ഉത്തേജിപ്പിക്കും.
ബഹുമാനപ്പെട്ട ചെയര്‍മാന്‍ ,
ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ നാം നമ്മുടെ ലക്ഷ്യങ്ങള്‍ കൈവരിക്കണം, കാരണം ഞാന്‍ മുമ്പ് സൂചിപ്പിച്ചതുപോലെ, രാജ്യത്തിന് ഇനിയും കാത്തിരിക്കാനാവില്ല. കുഴപ്പമില്ല എന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു; നമ്മുടെ മാതാപിതാക്കള്‍ അത്തരം കഷ്ടപ്പാടുകളിലൂടെ കടന്നുപോയി, നമുക്കും കഴിയും. വിധി എങ്ങനെയെങ്കിലും നമ്മെ കടന്നുപോകുമെന്ന് വിശ്വസിക്കപ്പെട്ടു. ഇന്ന് സമൂഹത്തിന്റെ, പ്രത്യേകിച്ച് യുവതലമുറയുടെ ചിന്താഗതി വ്യത്യസ്തമാണ്. അതിനാല്‍, സാധാരണ പൗരന്മാരുടെ പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസൃതമായി ഒരു പുതിയ സമീപനത്തിലൂടെ നമ്മുടെ പ്രവര്‍ത്തനത്തിന്റെ വ്യാപ്തി വികസിപ്പിക്കണം. നമ്മുടെ ചിന്തയുടെ പരിധികള്‍ മറികടക്കുകയും നമ്മുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയും വേണം. നമ്മുടെ കഴിവുകള്‍ വളരുന്നതിനനുസരിച്ച് രാജ്യത്തിന്റെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നമ്മുടെ സംഭാവനയും വര്‍ദ്ധിക്കും.
ബഹുമാനപ്പെട്ട ചെയര്‍മാന്‍ ,
ഈ പുതിയ കെട്ടിടത്തില്‍, ഉപരിസഭയില്‍, നമ്മുടെ രാജ്യത്തിന്റെ നിയമനിര്‍മ്മാണ സഭകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മുഴുവന്‍ സംവിധാനത്തെയും പ്രചോദിപ്പിക്കുന്ന പാര്‍ലമെന്ററി പെരുമാറ്റത്തിന്റെ പ്രതീകങ്ങളായി വര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സ്ഥലത്തിന് അത്യധികം സാധ്യതയുണ്ടെന്നും അതിന്റെ നേട്ടം രാജ്യം കൊയ്യണമെന്നും ഞാന്‍ വിശ്വസിക്കുന്നു. 'ഗ്രാമപ്രധാന്‍' ആയി തിരഞ്ഞെടുക്കപ്പെട്ടാലും പാര്‍ലമെന്റില്‍ വന്നാലും ജനപ്രതിനിധികള്‍ക്ക് അത് പ്രയോജനപ്പെടണം. ഈ പാരമ്പര്യം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് നാം ചിന്തിക്കണം.
ബഹുമാനപ്പെട്ട ചെയര്‍മാന്‍ ,
കഴിഞ്ഞ ഒമ്പത് വര്‍ഷമായി നിങ്ങളുടെ സഹകരണത്തോടെ രാജ്യത്തെ സേവിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. പല സുപ്രധാന തീരുമാനങ്ങളും എടുത്തു, അവയില്‍ ചിലത് പതിറ്റാണ്ടുകളായി തീര്‍പ്പുകല്‍പ്പിക്കപ്പെട്ടിട്ടില്ലാത്തതാണ്. ഈ തീരുമാനങ്ങളില്‍ ചിലത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതും രാഷ്ട്രീയമായി വൈകാരികവുമാണ്. എന്നിരുന്നാലും, ഈ വെല്ലുവിളികള്‍ക്കിടയിലും, ആ ദിശയില്‍ മുന്നോട്ട് പോകാനുള്ള ധൈര്യം ഞങ്ങള്‍ കാണിച്ചു. രാജ്യസഭയില്‍ ഞങ്ങള്‍ക്ക് ആവശ്യമായ അംഗസംഖ്യ ഇല്ലായിരുന്നു, പക്ഷേ രാജ്യസഭ പക്ഷപാതപരമായ ചിന്തകള്‍ക്ക് അതീതമായി ഉയരുമെന്നും രാജ്യതാല്‍പ്പര്യത്തിന് വേണ്ടിയുള്ള തീരുമാനങ്ങള്‍ എടുക്കുമെന്നും ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അങ്ങയുടെ വിശാലമനസ്‌ക സമീപനത്തിന്റെയും ധാരണയുടെയും രാഷ്ട്രത്തോടുള്ള താങ്കളുടെ ഉത്തരവാദിത്ത ബോധത്തിന്റെയും സഹകരണത്തിന്റെയും ഫലങ്ങളാണ് ഇന്ന് രാജ്യസഭയുടെ മഹത്വം ഉയര്‍ത്തിയത് എന്ന് എനിക്ക് സംതൃപ്തിയോടെ പറയാന്‍ കഴിയും. സംഖ്യകളുടെ ശക്തിയിലൂടെയല്ല മറിച്ച്, വിവേകത്തിന്റെ കരുത്തിലൂടെ അതു സാധിച്ചത്. ഇതിലും വലിയ സംതൃപ്തി എന്താണുള്ളത്? അതിനാല്‍, ഈ സഭയില്‍ ഇപ്പോഴുള്ളതും മുമ്പുണ്ടായിരുന്നവരുമായ എല്ലാ ബഹുമാന്യരായ അംഗങ്ങള്‍ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു.
ബഹുമാനപ്പെട്ട ചെയര്‍മാന്‍ ,
ഒരു ജനാധിപത്യത്തില്‍, ആരാണ് അധികാരത്തില്‍ വരിക, ആരാണ് അധികാരത്തില്‍ വരാത്തത്, എപ്പോള്‍ അധികാരത്തില്‍ വരും എന്നതിന്റെയൊക്കെ സ്വാഭാവികമായ ഒരു ഗതിയുണ്ട്. അത് ജനാധിപത്യത്തിന്റെ സ്വഭാവത്തിലും സ്വഭാവത്തിലും സ്വാഭാവികവും അന്തര്‍ലീനവുമാണ്. എന്നിരുന്നാലും, രാഷ്ട്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം, രാഷ്ട്രീയത്തിന് അതീതമായി ഉയരാനും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും നാമെല്ലാവരും ശ്രമിച്ചിട്ടുണ്ട്.
ബഹുമാനപ്പെട്ട ചെയര്‍മാന്‍ ,
രാജ്യസഭ ഒരു വിധത്തില്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യമാണ്. ഇത് സഹകരണ ഫെഡറലിസത്തിന്റെ ഒരു രൂപമാണ്; ഇപ്പോള്‍ മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് നാം കാണുന്നു. നിരവധി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തപ്പോഴും രാജ്യം വളരെയധികം സഹകരണത്തോടെ മുന്നേറുന്നത് നമുക്ക് കാണാന്‍ കഴിയും. കൊവിഡ് പ്രതിസന്ധി നിര്‍ണായകമായിരുന്നു. ലോകവും ഈ പ്രതിസന്ധിയെ നേരിട്ടു. എന്നിരുന്നാലും, രാജ്യത്തെ കടുത്ത പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത് നമ്മുടെ ഫെഡറലിസത്തിന്റെ ശക്തിയാണ്. ഇത് നമ്മുടെ സഹകരണ ഫെഡറലിസത്തിന്റെ ശക്തിയാണ് കാണിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രമല്ല, ആഘോഷ വേളകളിലും നമ്മുടെ ഫെഡറല്‍ ഘടന നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്, എന്നാല്‍ നാം നമ്മുടെ ശക്തി ലോകത്തിന് മുന്നില്‍ പ്രകടമാക്കി. നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ഭാഷകള്‍, സംസ്‌കാരങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുന്ന ഭാരതത്തിന്റെ വൈവിധ്യം- ജി20 ഉച്ചകോടിയും വിവിധ സംസ്ഥാനതല ഉച്ചകോടികളും മറ്റും മുഖേന ലോകത്തെ സ്വാധീനിച്ചിട്ടുണ്ട്. അവസാന ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച നഗരമായ ഡല്‍ഹിക്ക് മുമ്പ്, 60 ലധികം നഗരങ്ങളില്‍ 220-ലധികം ഉച്ചകോടികള്‍ സംഘടിപ്പിച്ചിരുന്നു; അത് ലോകത്തില്‍ ചെലുത്തിയ സ്വാധീനം, നമ്മുടെ ആതിഥ്യമര്യാദയും ദിശാബോധം നല്‍കാനുള്ള നമ്മുടെ കഴിവും ലോകത്തിനു മുന്നില്‍ പ്രകടമാക്കി. ഇതാണ് ഇന്നു നമുക്കു പുരോഗതി നല്‍കുന്ന സഹകരണ ഫെഡറലിസത്തിന്റെ ശക്തി.
ബഹുമാനപ്പെട്ട ചെയര്‍മാന്‍ ,
ഈ പുതിയ സഭയിലും നമ്മുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലും ഫെഡറലിസത്തിന്റെ ഒരു ഘടകം നമുക്ക് കാണാന്‍ കഴിയും. ഇത് നിര്‍മ്മിക്കുമ്പോള്‍, അവയെ പ്രതിനിധീകരിക്കുന്ന വിവിധ ഘടകങ്ങള്‍ സംഭാവന ചെയ്യാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇവിടെ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. നമ്മുടെ ചുവരുകളെ അലങ്കരിക്കുന്ന വിവിധ കലാരൂപങ്ങളും നിരവധി ചിത്രങ്ങളും ഈ കെട്ടിടത്തിന്റെ മഹത്വം വര്‍ധിപ്പിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. സംസ്ഥാനങ്ങള്‍ അവരുടെ മികച്ച പുരാവസ്തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്തു. ഒരു തരത്തില്‍, സംസ്ഥാനങ്ങള്‍ ഇവിടെ പ്രതിനിധീകരിക്കപ്പെടുകയാണ്, അവയുടെ വൈവിധ്യം പ്രകടമാണ്; ഈ അന്തരീക്ഷത്തില്‍ ഫെഡറലിസത്തിന്റെ സത്ത അവ വര്‍ധിപ്പിക്കുന്നു.
ബഹുമാനപ്പെട്ട ചെയര്‍മാന്‍ ,
മുന്‍പൊരിക്കലുമുണ്ടായിട്ടില്ലാത്ത വേഗതയില്‍ സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചു. സാധാരണയായി 50 വര്‍ഷം എടുക്കുമായിരുന്ന സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ ഇപ്പോള്‍ ആഴ്ചകള്‍ക്കുള്ളില്‍ സംഭവിക്കുകയാണ്. ആധുനികത അത്യന്താപേക്ഷിതമായിത്തീര്‍ന്നിരിക്കുന്നു, അതിനോട് ചേര്‍ന്നുനില്‍ക്കാന്‍, ചലനക്ഷമതയോടെ നിരന്തരം നാം സ്വയം മുന്നേറണം. എങ്കില്‍ മാത്രമേ ആധുനികതയോടും പുരോഗതിയോടും പടിപടിയായി ഇണങ്ങി നമുക്ക് മുന്നേറാന്‍ കഴിയൂകയുള്ളു.
ബഹുമാനപ്പെട്ട മിസ്റ്റര്‍ ചെയര്‍മാന്‍ സര്‍,
സംവിധാന്‍ സദന്‍ എന്ന് താങ്കള്‍ വിശേഷിപ്പിച്ച ഈ പഴയ കെട്ടിടത്തില്‍, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം നാം അത്യാഡംബരത്തോടെയും പ്രൗഢിയോടെയും ആഘോഷിച്ചു. നമ്മുടെ 75 വര്‍ഷത്തെ യാത്രയിലേക്ക് നാം തിരിഞ്ഞുനോക്കുകയും, ഒരു പുതിയ ദിശയുടെ രൂപരേഖ തയാറാക്കുന്നതിനും പുതിയ പ്രതിജ്ഞകള്‍ എടുക്കുന്നതിനുമുള്ള പരിശ്രമങ്ങളും നാം ആരംഭിച്ചു. എന്നാലും, പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നാം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍, ഒരു വികസിത ഭാരതത്തിന്റെ സുവര്‍ണ്ണ ജൂബിലിയായിരിക്കുമതെന്നും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. പഴയ കെട്ടിടത്തില്‍, നാം ലോകത്തിലെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറി. പുതിയ സന്‍സദ് ഭവനില്‍ (പാര്‍ലമെന്റ് മന്ദിരം) ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി നാം മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പഴയ സന്‍സദ് ഭവനില്‍, പാവപ്പെട്ടവരുടെ ക്ഷേമത്തിനായി അനവധി സംരംഭങ്ങള്‍ ഏറ്റെടുക്കുകയും നിരവധി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. പുതിയ സന്‍സദ് ഭവനില്‍, ഇനി നാം 100% പരിപൂര്‍ണ്ണത കൈവരിക്കും, എല്ലാവര്‍ക്കും അവരുടെ ശരിയായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
ബഹുമാനപ്പെട്ട ചെയര്‍മാന്‍ ,
ഈ പുതിയ ഭവനത്തില്‍ അതിന്റെ മതിലുകള്‍ക്കൊപ്പം, സാങ്കേതികവിദ്യയുമായും സ്വയം നാം ക്രമീകരിക്കപ്പെടേണ്ടതുണ്ട്. എല്ലാം നമ്മുടെ മുന്നിലെ ഐപാഡുകളില്‍ ഉണ്ടാകും. സാദ്ധ്യമാകുമെങ്കില്‍, ബഹുമാന്യരായ അംഗങ്ങളില്‍ പലരും നാളെ കുറച്ച് സമയമെടുത്ത് സാങ്കേതികവിദ്യയുമായി പരിചയപ്പെടണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇരുന്നുകൊണ്ട് അവരുടെ സ്‌ക്രീനുകള്‍ കാണുന്നത്് അവര്‍ക്ക് സൗകര്യപ്രദമായിരിക്കും. ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ചില സഹപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ഞാന്‍ ഇന്ന് ലോക്‌സഭയില്‍ നിരീക്ഷിച്ചിരുന്നു. അതുകൊണ്ട്, ഇക്കാര്യത്തില്‍ എല്ലാവരേയും സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇതിനായി നാളെ നമുക്ക്് കുറച്ചു സമയം നീക്കിവയ്ക്കാന്‍ കഴിഞ്ഞാല്‍ അത് ഗുണകരമാകും.
ബഹുമാനപ്പെട്ട ചെയര്‍മാന്‍ ,
ഇത് ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ കാലമാണ്. ഈ സഭയിലും നാം ഈ കാര്യങ്ങളെ നമ്മുടെ ഭാഗമാകേണ്ടതുണ്ട്. തുടക്കത്തില്‍, ഇതിന് കുറച്ച് സമയമെടുത്തേയ്്ക്കാം, എന്നാല്‍ ഇപ്പോള്‍ പല കാര്യങ്ങളും വളരെ ഉപയോക്തൃ സൗഹൃദമാണ്, മാത്രമല്ല ഇവ എളുപ്പത്തില്‍ സ്വീകരിക്കാനും കഴിയും. ഇപ്പോള്‍, നമുക്ക് ഇത് ചെയ്യാം. 'മെയ്ക്ക് ഇന്‍ ഇന്ത്യ' ആഗോളതലത്തിലെ വലിയ മാറ്റത്തിന് കാരണമായിട്ടുണ്ട്, അത്് നമുക്ക് , വളരെയധികം പ്രയോജനവും ചെയ്തിട്ടുണ്ട്്. പുതിയ ചിന്ത, പുതിയ ഉത്സാഹം, പുതിയ ഊര്‍ജ്ജം, പുത്തന്‍ മനോബലം എന്നിവയോടെ നമുക്ക് മുന്നേറാനും മഹത്തായ നേട്ടങ്ങള്‍ കൈവരിക്കാനും കഴിയുമെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.
ബഹുമാനപ്പെട്ട ചെയര്‍മാന്‍ ,
രാജ്യത്തിന് വേണ്ടിയുള്ള സുപ്രധാനമായ ഒരു ചരിത്ര തീരുമാനത്തിനാണ് ഇന്ന് പുതിയ സന്‍സദ് ഭവന്‍ (പാര്‍ലമെന്റ് മന്ദിരം) സാക്ഷ്യം വഹിക്കുന്നത്. ലോക്‌സഭയില്‍ ഒരു ബില്‍ അവതരിപ്പിച്ചിട്ടുണ്ട്, അവിടുത്തെ ചര്‍ച്ചകള്‍ക്ക് ശേഷം അത് ഇവിടെയും വരും. സ്ത്രീ ശാക്തീകരണത്തിന്റെ ദിശയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി നിരവധി സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പ് ഇന്ന് നാം കൂട്ടായി നടത്തുകയുമാണ്. ജീവിതം സുഗമമാക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനുമായി ഗവണ്‍മെന്റ് പരിശ്രമിക്കുന്നുണ്ട്്. ജീവിത സുഗമമാക്കുന്നതിനെക്കുറിച്ചും ജീവിത ഗുണനിലവാരത്തെക്കുറിച്ചും നാം സംസാരിക്കുമ്പോള്‍, ഈ പരിശ്രമത്തിന്റെ ശരിയായ ഗുണഭോക്താക്കള്‍ നമ്മുടെ സഹോദരിമാരാണ്, നമ്മുടെ സ്ത്രീകളാണ്, എന്തെന്നാല്‍ അവര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവരുന്നു. അതുകൊണ്ട്, രാഷ്ട്രനിര്‍മ്മാണത്തില്‍ അവരെ പങ്കാളികളാക്കാനാണ് ഞങ്ങളുടെ ശ്രമം, അത് നമ്മുടെ ഉത്തരവാദിത്തവുമാണ്. സ്ത്രീകളുടെ ശക്തി, സ്ത്രീ പങ്കാളിത്തം, തുടര്‍ച്ചയായി ഉറപ്പുവരുത്തുന്ന നിരവധി പുതിയ മേഖലകളുണ്ട്. ഖനനത്തില്‍ സ്ത്രീകള്‍ക്കും ജോലി ചെയ്യാം എന്ന തീരുമാനം സാദ്ധ്യമായത് നമ്മുടെ എം.പിമാര്‍ കാരണമാണ്. നാം എല്ലാ സ്‌കൂളുകളുടെയും വാതിലുകള്‍ പെണ്‍കുട്ടികള്‍ക്കായി തുറന്നിരിക്കുന്നു എന്തെന്നാല്‍ നമ്മുടെ പെണ്‍മക്കള്‍ കാര്യശേഷിയുള്ളവരാണ്. ഈ കാര്യശേഷിയ്ക്ക് ഇനി അവസരങ്ങള്‍ ലഭിക്കണം. അവരുടെ ജീവിതത്തില്‍ 'ന്യായീകരണങ്ങളുടെ യുഗം' ഇനി, അവസാനിക്കണം. നാം കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്തോറും നമ്മുടെ പെണ്‍മക്കളും സഹോദരിമാരും കൂടുതല്‍ കാര്യശേഷി പ്രകടിപ്പിക്കും. 'ബേഠി ബച്ചാവോ, ബേഠി പഠാവോ' എന്നത് വെറുമൊരു ഗവണ്‍മെന്റ് പരിപാടി മാത്രമല്ല, സമുഹത്തില്‍ പെണ്‍മക്കളോടും സ്ത്രീകളോടും ഏതുതരത്തിലുള്ള ബഹുമാനബോധം വളര്‍ന്നതുവെന്നതിലൂടെ അത് സമൂഹത്തിന്റെ ഭാഗമായി മാറി. മുദ്ര യോജന ആയാലും ജന്‍ ധന്‍ യോജന ആയാലും, ഈ മുന്‍കൈകളില്‍ നിന്ന് സ്ത്രീകള്‍ വലിയതോതില്‍ പ്രയോജനം നേടിയിട്ടുണ്ട്. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ കാര്യത്തില്‍ സ്ത്രീകളുടെ സജീവ പങ്കാളിത്തത്തിന് ഭാരതം സാക്ഷ്യം വഹിക്കുന്നു. ഇതുതന്നെ, അവരുടെ കുടുംബങ്ങളുടെ ജീവിതത്തിലും അവരുടെ കാര്യശേഷികള്‍ വെളിപ്പെടുത്തുന്നതാണെന്ന് എന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ ഈ സാദ്ധ്യത ദേശീയ ജീവിതത്തിലും പ്രകടമാകേണ്ട സമയം എത്തിയിരിക്കുന്നു. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും ആരോഗ്യം കണക്കിലെടുത്ത് ഉജ്ജ്വല പദ്ധതിക്ക് ഞങ്ങള്‍ തുടക്കം കുറിച്ചു. മുന്‍കാലങ്ങളില്‍ ഒരു പാചകവാതക സിലിണ്ടറിനായി എംപിയുടെ വീട്ടില്‍ ഒരാള്‍ പലതവണ സന്ദര്‍ശനം നടത്തേണ്ടിയിരുന്നതായി നമുക്കറിയാം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇത് സൗജന്യമായി എത്തിക്കുകയെന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയാണെന്ന് എനിക്കറിയാം, എന്നാല്‍ സ്ത്രീകളുടെ ജീവിതം മനസ്സില്‍കണ്ടുകൊണ്ടാണ് ഞാന്‍ അത് ചെയ്തത്. രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഇരയായിരുന്നു വളരെ വൈകിപ്പോയ മുത്തലാഖ് എന്ന വിഷയം. നമ്മുടെ ബഹുമാനപ്പെട്ട എല്ലാ പാര്‍ലമെന്റ് അംഗങ്ങളുടെയും സഹായത്തോടെ മാത്രമേ അത്തരമൊരു സുപ്രധാന നടപടി സാദ്ധ്യമാക്കാന്‍ കഴിയുമായിരുന്നുള്ളു. സ്ത്രീ സുരക്ഷയ്ക്കായി കര്‍ശനമായ നിയമങ്ങള്‍ രൂപീകരിക്കാനും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം ജി-20 ചര്‍ച്ചകളിലെ മുന്‍ഗണനയായിരുന്നു, എന്നാല്‍ നിരവധി രാജ്യങ്ങളില്‍ സ്ത്രീകള്‍ നയിക്കുന്ന വികസനം എന്ന വിഷയം ഒരു പരിധിവരെ പുതിയ അനുഭവമായിരുന്നു. അതിനാല്‍ ആ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നപ്പോള്‍, അവരുടെ കാഴ്ചപ്പാടുകള്‍ അതിനോട് യോജിക്കുന്നതായിരുന്നില്ല. എന്നിരുന്നാലും, ജി 20 പ്രഖ്യാപനത്തില്‍, സ്ത്രീകള്‍ നയിക്കുന്ന വികസനം എന്ന വിഷയം ഭാരതത്തിലൂടെ ഇപ്പോള്‍ ലോകമെമ്പാടും എത്തിയിരിക്കുന്നു, ഇത് നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണ്.
ബഹുമാനപ്പെട്ട ചെയര്‍മാന്‍ ,
ഈ പശ്ചാത്തലത്തില്‍, സംവരണത്തിലൂടെ നിയമസഭകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും സഹോദരിമാരുടെ പങ്കാളിത്തം നേരിട്ട് ഉറപ്പാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെക്കാലമായി തുടരുകയാണ്. എല്ലാവരും മുന്‍കാലങ്ങളില്‍ ഇതിനായി പരിശ്രമിച്ചിട്ടുണ്ട്. 1996ലാണ് ഇതിന് തുടക്കമിട്ടത്, അടല്‍ജിയുടെ കാലത്ത് പലതവണ ബില്ലുകള്‍ കൊണ്ടുവന്നു. എന്നാല്‍ എണ്ണം കുറവായതും ബില്ലിനോട് എതിര്‍പ്പുള്ള അന്തരീക്ഷം ഉണ്ടായതും ഈ സുപ്രധാന ദൗത്യം നിര്‍വഹിക്കുന്നതിന്് വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍, ഇപ്പോള്‍ നാം പുതിയ സഭയിലേക്ക് വന്നു, പുതുമയുടെ ഒരു വികാരവും ഉണ്ട്, നിയമനിര്‍മ്മാണത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ വികസന യാത്രയില്‍ സ്ത്രീശക്തിയുടെ പങ്കാളിത്തം ഉറപ്പാക്കേണ്ട സമയം എത്തിയിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ഭരണഘടനാ ഭേദഗതിയിലൂടെ 'നാരി ശക്തി വന്ദന്‍ അധീനിയം' അവതരിപ്പിക്കുന്നത് ഗവണ്‍മെന്റ് പരിഗണിക്കുന്നു. ഇത് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചു, നാളെ ലോക്‌സഭയില്‍ ഇത് ചര്‍ച്ച ചെയ്യും, തുടര്‍ന്ന് രാജ്യസഭ ഇത് പരിഗണിക്കും. ഇന്ന്, നാം ഏകകണ്ഠമായി മുന്നോട്ട് പോയാല്‍, ഐക്യത്തിന്റെ ശക്തി ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്ന ഒരു വിഷയമാകും ഇതെന്ന് ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥതയോടെ അഭ്യര്‍ത്ഥിക്കുകയാണ്. വരും ദിവസങ്ങളില്‍ അവസരം ഉണ്ടാകുമ്പോള്‍ ബില്‍ നമ്മുടെ എല്ലാവരുടെയും മുമ്പാകെ വരുമ്പോള്‍, അത് സമവായത്തോടെ പരിഗണിക്കണമെന്ന് രാജ്യസഭയിലെ എന്റെ എല്ലാ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ വാക്കുകളോടെ ഞാന്‍ എന്റെ പ്രസംഗത്തിന് വിരാമമിടുന്നു.
വളരെ നന്ദി.