ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,
വളരെ പ്രധാനപ്പെട്ട ചരിത്ര വിഷയവുമായി ബന്ധപ്പെട്ട വിവരം പങ്കുവെക്കുന്നതിനാണ് ഇന്നു ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്.
എനിക്കെന്ന പോലെ ഒപ്പമുള്ള കോടിക്കണക്കിനു സഹോദരീസഹോദര്‍ന്‍മാര്‍ക്കും ഹൃദയബന്ധമുള്ള വിഷയമാണിത്. ഇതേക്കുറിച്ചു സംസാരിക്കാന്‍ സാധിക്കുന്നത് അംഗീകാരമായി ഞാന്‍ കാണുന്നു.
ഇതു ശ്രീ രാമ ജന്മഭൂമിയുമായി ബന്ധപ്പെട്ടതും ജന്‍മസ്ഥലമായ അയോധ്യയില്‍ ഭഗവാന്‍ ശ്രീരാമന്റെ പ്രൗഢമായ ക്ഷേത്രം നിര്‍മിക്കുന്നതിനെ സംബന്ധിച്ചതും ആണ്.
ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,
ഗുരുനാനാക് ദേവ് ജിയുടെ 550ാം പ്രകാശ പര്‍വം പ്രമാണിച്ച് 2019 നവംബര്‍ ഒന്‍പതിന് കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നതിനായി ഞാന്‍ പഞ്ചാബിലായിരുന്നു. ദിവ്യമായ ആ സ്ഥലത്തിരുന്നാണ് രാമജന്മഭൂമി വിഷയത്തില്‍ രാജ്യത്തെ പരമോന്നത കോടതി പുറപ്പെടുവിച്ച ഉത്തരവിനെ കുറിച്ച് അറിഞ്ഞത്.
ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയില്‍ പറയുന്നത് രാമജന്മഭൂമിയിലെ തര്‍ക്കസ്ഥലവും ചുറ്റുപാടും ഭഗവാന്‍ ശ്രീ റാം ലല്ല വിരാജ്മാന്റേതാണ് എന്നാണ്.
കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ ചര്‍ച്ച ചെയ്ത് സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ സ്ഥലം നല്‍കണമെന്നും ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,
സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തി ഈ വിഷയത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇന്നു രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് മഹത്തായ ഈ സഭയോടും മുഴുവന്‍ രാജ്യത്തോടും പങ്കുവെക്കാന്‍ എനിക്കു സന്തോഷമുണ്ട്.
സുപ്രീം കോടതി നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഭഗവാന്‍ ശ്രീരാമന്റെ ജന്മസ്ഥലത്തു പ്രൗഢമായ അമ്പലം നിര്‍മിക്കാനും അനുബന്ധ കാര്യങ്ങള്‍ നടപ്പാക്കാനും എന്റെ ഗവണ്‍മെന്റ് വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവില്‍ നിര്‍ദേശിക്കുന്നതു പ്രകാരം ഒരു സ്വതന്ത്രമായ ട്രസ്റ്റ് ‘ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര’ എന്ന പേരില്‍ രൂപികരിക്കുന്നതിനുള്ള നിര്‍ദേശം പാസാക്കിയിട്ടുണ്ട്.
ഈ ട്രസ്റ്റിന് അയോധ്യയില്‍ ഭഗവാന്‍ രാമന്റെ ജന്‍മസ്ഥലത്തു പ്രൗഢവും ദൈവികവുമായ ശ്രീരാമ ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള സ്വതന്ത്രാധികാരം ഉണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളാനുള്ള അധികാരവും ഉണ്ടായിരിക്കും.
ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,
സുപീം കോടതി നിര്‍ദേശ പ്രകാരം നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്കും ആചോലനകള്‍ക്കും ശേഷം സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ ഭൂമി നല്‍കാന്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിനോട് അഭ്യര്‍ഥിച്ചിരുന്നു. സംസ്ഥാന ഗവണ്‍മെന്റ് ഇതു സമ്മതിച്ചിട്ടുമുണ്ട്.
ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,
ഇന്ത്യയുടെ ആത്മാവിന്റെയും ആദര്‍ശങ്ങളുടെയും ആചാരത്തിന്റെയും അവിഭാജ്യഘടകങ്ങളായ ഭഗവാന്‍ ശ്രീരാമന്റെ ദൈവികമായ മഹത്വം, അയോധ്യയുടെ ചരിത്ര പശ്ചാത്തലവും അയോധ്യാധാമത്തിലെ ഭക്തിയും എന്നിവ നമുക്കെല്ലാം പരിചിതമാണ്.
അയോധ്യയില്‍ ഉയരാന്‍ പോകുന്ന ഭഗവാന്‍ ശ്രീരാമന്റെ പ്രൗഢമായ അമ്പലവും ഒപ്പം രാം ലല്ലയില്‍ ദര്‍ശനത്തിന് ഇപ്പോള്‍ത്തന്നെ എത്തിച്ചേരുന്ന തീര്‍ഥാടകരും ഭാവിയില്‍ വരാന്‍ പോകുന്നവരുടെ ബാഹുല്യവും അവരുടെ വികാരവും കണക്കിലെടുത്ത് ഗവണ്‍മെന്റ് പ്രധാനപ്പെട്ട ഒരു തീരുമാനംകൂടി കൈക്കൊണ്ടിരിക്കുകയാണ്.
അകത്തെയും പുറത്തെയും ഭാഗങ്ങള്‍ ഉള്‍പ്പെടെ അയോധ്യ നിയമ പ്രകാരം ആകെ ഏറ്റെടുത്ത 67.703 ഭൂമി പൂര്‍ണമായും പുതുതായി രൂപീകരിച്ച ‘ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര’ത്തിനു കൈമാറാന്‍ എന്റെ ഗവണ്‍മെന്റ് തീരുമാനിച്ചു.
ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍,
2019 നവംബര്‍ ഒന്‍പതിനു രാമജന്‍മഭൂമി സംബന്ധിച്ച വിധി വന്നശേഷം നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ സമ്പൂര്‍ണമായ വിശ്വാസം അര്‍പ്പിക്കുക വഴി ഇന്ത്യന്‍ ജനത വലിയ പക്വതയാണു പ്രദര്‍ശിപ്പിച്ചത്.
നമ്മുടെ സഹ പൗരന്‍മാരുടെ പക്വമായ പെരുമാറ്റത്തെ ഇന്നു സഭയില്‍ ഞാന്‍ അഭിവാദ്യം ചെയ്യുകയാണ്.
നമ്മുടെ സംസ്‌കാരവും പാരമ്പര്യവും ഊന്നിനില്‍ക്കുന്നത് ‘വസുധൈവ കുടുംബക’ത്തിലും ‘സര്‍വേ ഭവന്തു സുഖിനഃ’യിലും ആണ്. ഈ ചിന്തയോടെ മുന്നേറാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ എല്ലാ മതവിശ്വാസികളും, അവര്‍ ഹിന്ദുക്കളാവട്ടെ, മുസ്ലിംകളാവട്ടെ, സിഖുകാരാവട്ടെ, ക്രിസ്ത്യാനികളാവട്ടെ, ബുദ്ധിസ്റ്റുകളാവട്ടെ, പാര്‍സികളോ ജൈനരോ ആവട്ടെ, ഒരു വലിയ കുടുംബത്തിലെ അംഗങ്ങളാണ്.
ഈ കുടുംബത്തിലെ ഓരോ അംഗവും വികസിക്കുകയും സന്തോഷവാന്‍മാരും ആരോഗ്യവാന്‍മാരും ആയി കഴിയുകയും അഭിവൃദ്ധി നേടുകയും രാജ്യം പുരോഗതി നേടുകയും ചെയ്യുന്നതിനായി ‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസം’ എന്ന മന്ത്രവുമായി എന്റെ ഗവണ്‍മെന്റ് മുന്നേറുകയാണ്.
ചരിത്രപരമായ ഈ നിമിഷത്തില്‍ അയോധ്യയിലെ ശ്രീ രാമധാമത്തിന്റെ നവീകരണത്തിനും പ്രൗഢമായ രാമക്ഷേത്ര നിര്‍മാണത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരേ ശബ്ദത്തില്‍ പിന്‍തുണ നല്‍കണമെന്ന് ഈ മഹനീയമായ സഭയിലെ എല്ലാ അംഗങ്ങളോടും ഞാന്‍ ആഹ്വാനം ചെയ്യുകയാണ്.