നമസ്‌കാര്‍ ജി!
മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ജി ചൗഹാന്‍, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, മധ്യപ്രദേശ് സര്‍ക്കാരിലെ മന്ത്രിമാരെ, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരെ, മധ്യപ്രദേശിലെ എംഎല്‍എമാരെ, മറ്റ് വിശിഷ്ട വ്യക്തികളെ, മധ്യപ്രദേശിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ!
ഇന്ന് മധ്യപ്രദേശിലെ 5.25 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്‌നങ്ങളിലുള്ള നല്ല വീട് ലഭിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, പുതുവര്‍ഷം, വിക്രം സംവത് 2079 ആരംഭിക്കാന്‍ പോകുന്നു. പുതുവര്‍ഷത്തിനു മുന്നോടിയായുള്ള 'ഗൃഹപ്രവേശം' ജീവിതത്തിലെ അമൂല്യമായ നിമിഷമാണ്. ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.
സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി നിരവധി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെങ്കിലും ദരിദ്രരെ ശാക്തീകരിക്കാന്‍ കാര്യമായൊന്നും ചെയ്തില്ല. ദരിദ്രര്‍ ശാക്തീകരിക്കപ്പെട്ടാല്‍, ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള ധൈര്യം അവര്‍ക്ക് ലഭിക്കുമെന്നാണ് എന്റെ വിശ്വാസം. സത്യസന്ധമായ ഒരു ഗവണ്‍മെന്റിന്റെയും ശാക്തീകരിക്കപ്പെട്ട പാവപ്പെട്ടവരുടെയും ശ്രമങ്ങള്‍ ഒന്നിക്കുമ്പോള്‍ ദാരിദ്ര്യം പരാജയപ്പെടുന്നു. അതുകൊണ്ട് കേന്ദ്രത്തിലെ ബി.ജെ.പി ഗവണ്‍മെന്റായാലും സംസ്ഥാനങ്ങളിലെ ബി.ജെ.പി ഗവണ്‍മെന്റുകളായാലും അവര്‍ 'സബ്കാ സാത്ത്-സബ്കാ വികാസ്' എന്ന മന്ത്രം പാലിച്ച് പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്നത്തെ പരിപാടി. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ ഗ്രാമങ്ങളില്‍ നിര്‍മ്മിച്ച ഈ 5.25 ലക്ഷം വീടുകള്‍ എണ്ണം മാത്രമല്ല. ഈ 5.25 ലക്ഷം വീടുകള്‍ രാജ്യത്തെ ശാക്തീകരിക്കപ്പെട്ട ദരിദ്രരുടെ മുഖമുദ്രയായി മാറി. ഈ 5.25 ലക്ഷം വീടുകള്‍ ബിജെപി ഗവണ്‍മെന്റിന്റെ സേവനബോധത്തിന്റെ ഉദാഹരണമാണ്. ഗ്രാമത്തിലെ പാവപ്പെട്ട സ്ത്രീകളെ 'ലക്ഷപതി' ആക്കാനുള്ള പ്രചാരണത്തിന്റെ പ്രതിഫലനമാണ് ഈ 5.25 ലക്ഷം വീടുകള്‍. മധ്യപ്രദേശിലെ വിദൂര ഗ്രാമങ്ങളിലെയും ആദിവാസി മേഖലകളിലെയും പാവപ്പെട്ടവര്‍ക്കാണ് ഈ വീടുകള്‍ നല്‍കുന്നത്. ഈ 5.25 ലക്ഷം വീടുകള്‍ യാഥാര്‍ഥ്യമായതിനു മധ്യപ്രദേശിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
പാവപ്പെട്ടവര്‍ക്ക് നല്ല വീട് നല്‍കാനുള്ള ഈ പ്രയത്‌നം ഗവണ്‍മെന്റ് പദ്ധതി മാത്രമല്ല. ഗ്രാമങ്ങളെയും ദരിദ്രരെയും വിശ്വാസത്തിലെടുക്കാനുള്ള പ്രതിബദ്ധതയാണിത്. പാവപ്പെട്ടവരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതിനും ദാരിദ്ര്യത്തിനെതിരെ പോരാടാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആദ്യപടിയാണിത്. പാവപ്പെട്ടവര്‍ക്ക് തലയ്ക്ക് മുകളില്‍ ഉറച്ച മേല്‍ക്കൂരയുള്ളപ്പോള്‍, അവരുടെ മുഴുവന്‍ ശ്രദ്ധയും മക്കളുടെ വിദ്യാഭ്യാസത്തിലും മറ്റ് ജോലികളിലും ചെലുത്താന്‍ അവര്‍ക്ക് കഴിയും. പാവപ്പെട്ടവര്‍ക്കു വീടു ലഭിക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ സ്ഥിരത കൈവരും. ഈ ചിന്തയോടെ, നമ്മുടെ ഗവണ്‍മെന്റ് പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. ഞാന്‍ ചുമതലയേല്‍ക്കുന്നതിനുമുമ്പ് മുന്‍ ഗവണ്‍മെന്റിലുള്ളവര്‍ അവരുടെ ഭരണകാലത്ത് ഏതാനും ലക്ഷം വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്. എന്നാല്‍ ഞങ്ങളുടെ ഗവണ്‍മെന്റ് ഏകദേശം 2.5 കോടി വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കി. അതില്‍ രണ്ട് കോടി വീടുകള്‍ ഗ്രാമങ്ങളില്‍ നിര്‍മ്മിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊറോണ വെല്ലുവിളികള്‍ നേരിട്ടിട്ടും ഈ പ്രവര്‍ത്തനം മന്ദഗതിയിലായില്ല. മധ്യപ്രദേശില്‍ അനുവദിച്ച 30.5 ലക്ഷം വീടുകളില്‍ 24 ലക്ഷത്തിലധികം എണ്ണം പൂര്‍ത്തിയായി. ബൈഗ, സഹരിയ, ഭാരിയ തുടങ്ങിയ സമൂഹത്തിലെ ഒരു നല്ല വീട് സ്വപ്നം കാണാന്‍ പോലും കഴിയാത്ത വിഭാഗങ്ങള്‍ക്കും ഇത് വളരെയധികം പ്രയോജനം ചെയ്യുന്നു.
സഹോദരീ സഹോദരന്മാരേ,
ബി.ജെ.പി ഗവണ്‍മെന്റുകളുടെ പ്രത്യേകത, അവര്‍ എവിടെയായിരുന്നാലും, പാവപ്പെട്ടവരുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും നിറവേറ്റുന്നതിനായി നിലയുറപ്പിക്കുകയും അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതാണ്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന വീടുകള്‍ അവരുടെ മറ്റ് ആവശ്യങ്ങളും നിറവേറ്റാന്‍ അനുയോജ്യമാകണമെന്നതില്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. എല്ലാ വീട്ടിലും കക്കൂസ്, സൗഭാഗ്യ പദ്ധതിയില്‍ വൈദ്യുതി കണക്ഷന്‍, ഉജാല പദ്ധതി പ്രകാരം എല്‍ഇഡി ബള്‍ബുകള്‍, ഉജ്ജ്വല പദ്ധതി പ്രകാരം ഗ്യാസ് കണക്ഷന്‍, ഹര്‍ ഘര്‍ ജല്‍ യോജന പ്രകാരം വാട്ടര്‍ കണക്ഷന്‍- അതായത്, പാവപ്പെട്ട ഗുണഭോക്താക്കള്‍ ഇനി ഈ സൗകര്യങ്ങള്‍ക്കായി ഗവണ്‍മെന്റ് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ല. ദരിദ്രരെ സേവിക്കുക എന്ന ഈ ചിന്ത ഇന്ന് എല്ലാ നാട്ടുകാരുടെയും ജീവിതം എളുപ്പമാക്കുന്നു.
സുഹൃത്തുക്കളെ,
ശക്തിയെ ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നവരാത്രി ആരംഭിക്കാന്‍ പോകുന്നു. നമ്മുടെ ദേവതകള്‍ ശത്രുക്കളെ നശിപ്പിക്കുകയും ആയുധങ്ങളെ ആരാധിക്കുകയും ചെയ്യുന്നു. അറിവിന്റെയും കലയുടെയും സംസ്‌കാരത്തിന്റെയും പ്രചോദനമാണ് നമ്മുടെ ദേവതകള്‍. അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്, 21-ാം നൂറ്റാണ്ടിലെ ഇന്ത്യ സ്വയം ശാക്തീകരിക്കാനും സ്ത്രീശക്തിയെ ശക്തിപ്പെടുത്താനുമുള്ള തിരക്കിലാണ്. പ്രധാന്‍ മന്ത്രി ആവാസ് യോജന ഈ പ്രചാരണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മ്മിച്ച രണ്ട് കോടിയോളം വീടുകളുടെ ഉടമസ്ഥാവകാശം സ്ത്രീകള്‍ക്കുണ്ട്. ഈ ഉടമസ്ഥാവകാശം കുടുംബത്തിലെ മറ്റ് സാമ്പത്തിക തീരുമാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതു ലോകത്തിലെ പ്രധാന സര്‍വകലാശാലകളുടെ പഠന വിഷയമാണ്. മധ്യപ്രദേശിലെ സര്‍വകലാശാലകളും ഇത് പഠിക്കണം.
സഹോദരീ സഹോദരന്മാരേ,
സ്ത്രീകളെ ബുദ്ധിമുട്ടുകളില്‍ നിന്ന് മോചിപ്പിക്കാനായി എല്ലാ വീട്ടിലും വെള്ളമെത്തിക്കാനും ഞങ്ങള്‍ മുന്‍കൈയെടുത്തു. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ രാജ്യത്തുടനീളം ആറ് കോടിയിലധികം കുടുംബങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം ശുദ്ധമായ കുടിവെള്ള കണക്ഷനുകള്‍ ലഭിച്ചു. പദ്ധതി ആരംഭിക്കുമ്പോള്‍, മധ്യപ്രദേശിലെ 13 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് മാത്രമാണ് അവരുടെ വീടുകളിലേക്ക് പൈപ്പ് വെള്ളം വിതരണം ചെയ്തിരുന്നത്. 50 ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം എത്തിക്കുക എന്ന നാഴികക്കല്ലിന് വളരെ അടുത്താണ് ഇന്ന് നാം. മധ്യപ്രദേശിലെ എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും പൈപ്പ് വെള്ളം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
സുഹൃത്തുക്കളെ,
ഇന്ന് മധ്യപ്രദേശില്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും വീടുകള്‍ നിര്‍മ്മിക്കാനുള്ള പ്രചരണ പദ്ധതി അതിവേഗം നടക്കുന്നുണ്ടെന്ന് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നിട്ടും ചിലര്‍ക്ക് നല്ല വീടുകള്‍ ലഭിച്ചിട്ടില്ല. എനിക്ക് ഇതിനെക്കുറിച്ച് പൂര്‍ണ്ണമായി അറിയാം. ഈ വര്‍ഷത്തെ ബജറ്റില്‍ രാജ്യത്തുടനീളം 80 ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിക്കുന്നതിന് പണം അനുവദിക്കാന്‍ വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ടെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മധ്യപ്രദേശിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവരെ 2.25 ലക്ഷം കോടി രൂപയിലധികം ഈ പദ്ധതിക്കായി ചെലവഴിച്ചു. ഈ പണം ഗ്രാമങ്ങളില്‍ ചെലവഴിക്കുകയും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്ത് പകരുകയും ചെയ്തു. ഒരു വീടു പണിയുമ്പോള്‍ ഇഷ്ടിക, മണല്‍, കമ്പി, സിമന്റ് എന്നിവയുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും തൊഴിലാളികളും നാട്ടുകാരാണ്. അതിനാല്‍, പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിനു ശേഷം പതിറ്റാണ്ടുകളായി നമ്മുടെ രാജ്യം നിരവധി ഗവണ്‍മെന്റുകളെ കണ്ടിട്ടുണ്ട്. പക്ഷേ, സന്തോഷത്തിലും കഷ്ടപ്പാടുകളിലും കൂട്ടാളിയായി മാറി തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ഇത്തരമൊരു ഗവണ്‍മെന്റിനെ രാജ്യത്തെ ജനങ്ങള്‍ ആദ്യമായാണ് കാണുന്നത്. കൊറോണ പ്രതിസന്ധി ഘട്ടത്തില്‍, ദരിദ്രര്‍ക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പുകളോ പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷനോ ആകട്ടെ, പാവപ്പെട്ടവര്‍ക്ക് വേണ്ടി എത്ര ഗൗരവത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ബിജെപി ഗവണ്‍മെന്റ് തെളിയിച്ചു. ഇപ്പോള്‍ ശിവരാജ് ജി അത് വളരെ വിശദമായി വിവരിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അടുത്ത ആറ് മാസത്തേക്ക് തുടരുമെന്ന് ഞങ്ങള്‍ തീരുമാനിച്ചത് രണ്ട് ദിവസം മുമ്പ് മാത്രമാണ്. അതിനാല്‍ പാവപ്പെട്ടവരുടെ വീടിന്റെ അടുപ്പ് കത്തിക്കൊണ്ടിരിക്കും. നേരത്തെ ലോകം കൊറോണ കാരണം പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ഇന്ന് ലോകം മുഴുവന്‍ യുദ്ധക്കളത്തിലാണ്. തല്‍ഫലമായി, വിവിധ സമ്പദ് വ്യവസ്ഥകളില്‍ ഒരു പുതിയ പ്രതിസന്ധിയുണ്ട്. എന്നിരിക്കെ, ഭാരം കുറയ്ക്കാനും ഇന്ത്യയിലെ പൗരന്മാര്‍ക്ക് കഴിയുന്നത്ര സഹായം നല്‍കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സഹോദരീ സഹോദരന്മാരേ,
100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഈ മഹാമാരിയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷനായി 2.60 ലക്ഷം കോടി രൂപ നമ്മുടെ ഗവണ്‍മെന്റ് ചെലവഴിച്ചു. അടുത്ത ആറ് മാസത്തിനുള്ളില്‍ 80,000 കോടി രൂപ ഇതിനായി ചെലവഴിക്കും. നേരത്തെ ജനങ്ങളുടെ സമ്പാദ്യം കൊള്ളയടിച്ച് ആ പണം കൊണ്ട് പണപ്പെട്ടി നിറച്ചവര്‍ കള്ളവും ആശയക്കുഴപ്പവും പ്രചരിപ്പിച്ച് ഈ പദ്ധതിയെ കളിയാക്കിക്കൊണ്ടേയിരിക്കുന്നു. ഇന്ന് ഞാന്‍ രാജ്യത്തോട് ചിലതു പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളും അത് ശ്രദ്ധയോടെ കേള്‍ക്കുക.
സുഹൃത്തുക്കളെ,
പാവപ്പെട്ടവരുടെ റേഷന്‍ കൊള്ളയടിക്കാനായി ജനിച്ചിട്ടില്ലാത്ത നാല് കോടി ഗുണഭോക്താക്കളുടെ വ്യാജ പേരുകള്‍ മുന്‍ ഗവണ്‍മെന്റുകളിലെ ആളുകള്‍ സൃഷ്ടിച്ചു. നാല് കോടി എന്നത് വലിയൊരു എണ്ണമാണ്. ഈ നാല് കോടി വ്യാജ പേരുകള്‍ കടലാസില്‍ സൃഷ്ടിച്ച് ഈ നാല് കോടി വ്യാജന്മാരുടെ പേരില്‍ സൗജന്യ റേഷന്‍ നേടിയെടുത്ത് പിന്‍വാതില്‍ വഴി വിപണിയില്‍ വിറ്റു. അനധികൃത മാര്‍ഗങ്ങളിലൂടെയുള്ള ഈ പണം ബ്ലാക്ക് അക്കൗണ്ടുകളിലേക്കാണ് പോകുന്നത്. 2014-ല്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചതുമുതല്‍, ഞങ്ങള്‍ ഈ വ്യാജ പേരുകള്‍ തിരയാന്‍ തുടങ്ങി. പാവപ്പെട്ടവര്‍ക്ക് അവരുടെ കുടിശ്ശിക ലഭിക്കുന്നതിനായി റേഷന്‍ കാര്‍ഡുകളില്‍ നിന്ന് വ്യാജ പേരുകള്‍ നീക്കം ചെയ്തു. പാവപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ടതു തട്ടിയെടുത്ത് അവര്‍ ഓരോ മാസവും കോടിക്കണക്കിന് രൂപ കൊള്ളയടിക്കുന്നു. പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ മോഷണം പോകാതിരിക്കാന്‍ റേഷന്‍ കടകളില്‍ ആധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ചു. നിങ്ങള്‍ക്കറിയാവുന്നതുപോലെ, റേഷന്‍ കടകളില്‍ ഈ മെഷീനുകള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ ആരംഭിച്ച പ്രചാരണത്തെയും അവര്‍ പരിഹസിച്ചു. ഈ യന്ത്രങ്ങളില്‍ ആളുകള്‍ തങ്ങളുടെ പെരുവിരല്‍ മുദ്ര പതിപ്പിച്ചാല്‍ സത്യം പുറത്തുവരുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഇത് തടയാനായി, ആളുകള്‍ തങ്ങളുടെ വിരലടയാളം ഉപയോഗിച്ചാല്‍ കൊറോണയുമായി ബന്ധപ്പെടുമെന്ന് അവര്‍ നുണ പ്രചരിപ്പിച്ചു. നമ്മുടെ ഗവണ്‍മെന്റ് ഈ കള്ളക്കളികളെല്ലാം അവസാനിപ്പിച്ചു. അതിനാല്‍ ഇക്കൂട്ടര്‍ ഇപ്പോള്‍ രോഷാകുലരാണ്. റേഷന്‍ കടകളില്‍ സുതാര്യത കൊണ്ടുവരികയും ഈ നാല് കോടി വ്യാജ പേരുകള്‍ നീക്കം ചെയ്യുകയും ചെയ്തില്ലായിരുന്നു എങ്കില്‍ കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ പാവപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാകുമോ? പാവപ്പെട്ടവര്‍ക്ക് വേണ്ടി അര്‍പ്പിതമായ ബിജെപി ഗവണ്‍മെന്റ് പാവങ്ങള്‍ക്കായി രാവും പകലും പ്രവര്‍ത്തിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
സ്വാതന്ത്ര്യത്തിന്റെ ഈ 'അമൃത് കാല'ത്തില്‍ ഓരോ ഗുണഭോക്താവിനും അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനാണ് ഞങ്ങളുടെ ശ്രമം. അത്തരം ശ്രമങ്ങളുടെ ബലത്തില്‍, പദ്ധതികള്‍ പൂര്‍ണമായി, അതായത് ഓരോ സ്‌കീമിന്റെയും 100% ഗുണഭോക്താക്കളില്‍ എത്തിക്കാനുള്ള ദൃഢനിശ്ചയത്തില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഏതൊരു പദ്ധതിയുടെയും ഓരോ ഗുണഭോക്താവിനും അവന്റെ വാതില്‍പ്പടിയില്‍ തന്നെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പരമവാധി ഗുണഭോക്താക്കള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഏറ്റവും വലിയ നേട്ടം, പദ്ധതികളുടെ ആനുകൂല്യങ്ങളില്‍ നിന്ന് ഒരു ദരിദ്രനും ഒഴിവാക്കപ്പെടില്ല, ഗവണ്‍മെന്റ് എല്ലാവരിലേക്കും എത്തും എന്നതാണ്. ഇത് ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിനോ അഴിമതിക്കോ സാധ്യതയുണ്ടാക്കില്ല. സമൂഹത്തിലെ അവസാന നിരയില്‍ ഇരിക്കുന്ന പാവപ്പെട്ടവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നയവും ഉദ്ദേശ്യവും ഉണ്ടാകുമ്പോള്‍ 'സബ്കാ സാത്തും സബ്കാ വികാസും' സാധ്യമാകും.
സുഹൃത്തുക്കളെ,
ഗ്രാമങ്ങളുടെ സ്ഥാനം ഞങ്ങള്‍ തുടര്‍ച്ചയായി വിപുലീകരിക്കുന്നു. ഗ്രാമത്തിന്റെ സമ്പദ്വ്യവസ്ഥ വളരെക്കാലം കൃഷിയില്‍ മാത്രം ഒതുങ്ങി. ഗ്രാമങ്ങളുടെ മറ്റു മികവുകള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഡ്രോണുകള്‍ പോലുള്ള ആധുനിക സാങ്കേതികവിദ്യകളിലേക്കും പ്രകൃതി കൃഷി പോലുള്ള പുരാതന സംവിധാനങ്ങളിലേക്കും നാം കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നു. വളരെക്കാലമായി, ഗ്രാമത്തിലെ വീടുകളിലും ഗ്രാമഭൂമിയിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വളരെ പരിമിതമാണ്, കാരണം ഗ്രാമ സ്വത്തിന്റെ രേഖ സംഘടിപ്പിക്കപ്പെട്ടിരുന്നില്ല. അതിനാല്‍, ഗ്രാമങ്ങളില്‍ വ്യവസായങ്ങളും സംരംഭങ്ങളും സ്ഥാപിക്കുന്നതിനും ബിസിനസ്സിനായി ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിനും വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഗ്രാമങ്ങളിലെ വീടുകളുടെ നിയമപരമായ രേഖകള്‍ സ്വമിത്വ യോജന പ്രകാരം തയ്യാറാക്കുന്നു. മധ്യപ്രദേശിലെ എല്ലാ ജില്ലകളിലുമായി 50,000 ഗ്രാമങ്ങളിലാണ് സര്‍വേ നടക്കുന്നത്. മൂന്ന് ലക്ഷത്തോളം പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ ഗ്രാമവാസികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത്തരം വ്യവസ്ഥകള്‍ ഭൂമിയും വീടും സംബന്ധിച്ച തര്‍ക്കങ്ങള്‍ കുറയാനിടയാക്കുകയും ആവശ്യമുള്ളപ്പോള്‍ ബാങ്കുകളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് എളുപ്പമാക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
ഇന്ന് മറ്റൊരു നാഴികക്കല്ലിന് ശിവരാജ് ജിയുടെ ഗവണ്‍മെന്റിനെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മധ്യപ്രദേശ് മികച്ച പ്രവര്‍ത്തനം നടത്തി, പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു, ഗവണ്‍മെന്റ് ഭക്ഷ്യധാന്യ സംഭരണത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളെയും പിന്നിലാക്കി. ഇന്ന് മധ്യപ്രദേശിലെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ പണം കൈമാറുന്നു, ഗവണ്‍മെന്‍ര് സംഭരണ കേന്ദ്രങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയും ചെറുകിട കര്‍ഷകര്‍ക്കു വളരെയധികം സഹായകമാണ്. മധ്യപ്രദേശിലെ 90 ലക്ഷത്തോളം ചെറുകിട കര്‍ഷകര്‍ക്ക് അവരുടെ ചെറിയ ചെലവുകള്‍ക്കായി 13,000 കോടിയിലധികം രൂപ അനുവദിച്ചു.
സുഹൃത്തുക്കളെ,
രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുകയാണ്. ഭാരത മാതാവിന്റെ ദശലക്ഷക്കണക്കിന് ധീരരായ പുത്രന്മാരും പുത്രിമാരും നമുക്ക് സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ തങ്ങളുടെ ജീവിതവും സുഖസൗകര്യങ്ങളും ബലിയര്‍പ്പിച്ചു. അവരുടെ ത്യാഗം നമുക്ക് സ്വതന്ത്രമായ ജീവിതം നല്‍കി. ഈ അമൃത് മഹോത്സവത്തില്‍ നമ്മുടെ വരും തലമുറകള്‍ക്ക് എന്തെങ്കിലും നല്‍കാനും നാം പ്രതിജ്ഞയെടുക്കണം. ഈ കാലഘട്ടത്തിലെ നമ്മുടെ പ്രയത്നങ്ങള്‍ ഭാവി തലമുറകള്‍ക്ക് പ്രചോദനമായി മാറുകയും അവരുടെ കടമകളെക്കുറിച്ച് അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, നമുക്ക് ഒരുമിച്ച് ഒരു കാര്യം ചെയ്യാന്‍ കഴിയും. മധ്യപ്രദേശിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുമായി സംസാരിക്കുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും ഒരു ദൃഢനിശ്ചയം ആവശ്യപ്പെടും. അടുത്ത രണ്ട്-നാലു ദിവസങ്ങളില്‍ ആരംഭിക്കുന്ന പുതുവര്‍ഷം മുതല്‍ അടുത്ത പുതുവര്‍ഷം വരെ നമ്മുടെ ഭാവിതലമുറയ്ക്കായി സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ച് എല്ലാ ജില്ലയിലും 75 അമൃത് സരോവര്‍ (കുളങ്ങള്‍) വികസിപ്പിക്കാന്‍ നമുക്ക് പ്രതിജ്ഞാബദ്ധരാകാം. നമുക്കു 12 മാസവും 365 ദിവസവും ഉണ്ട്. സാധ്യമെങ്കില്‍, എല്ലാ ജില്ലയിലും അമൃത് സരോവര്‍ പുതിയതും വലുതുമായിരിക്കണമെന്നും ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി പണം അവയുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കപ്പെടണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ എല്ലാ ജില്ലകളിലും 75 അമൃത സരോവരം നിര്‍മ്മിക്കുന്നത് വരും തലമുറകള്‍ക്ക് ഏറെ ഉപകാരപ്രദമാകും. അത് നമ്മുടെ മാതൃഭൂമിക്ക് വളരെയധികം ഗുണം ചെയ്യും. നമ്മുടെ മാതൃഭൂമി ദാഹിക്കുന്നു. ഈ ഭൂമിയുടെ മക്കള്‍ എന്ന നിലയില്‍ അവളുടെ ദാഹം ശമിപ്പിക്കുക എന്നത് നമ്മുടെ കടമയായി മാറും വിധം നമ്മള്‍ വെള്ളം വലിച്ചെടുത്തു. തല്‍ഫലമായി, പ്രകൃതിയുടെ ജീവിതത്തിലേക്ക് പുതിയ ഊര്‍ജ്ജം സന്നിവേശിപ്പിക്കപ്പെടും. ഇത് ചെറുകിട കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ഗുണം ചെയ്യും. കൂടാതെ മൃഗങ്ങളോടും പക്ഷികളോടും കാട്ടുന്ന കാരുണ്യ പ്രവര്‍ത്തനമായിരിക്കും. അതായത്, എല്ലാ ജില്ലയിലും 75 അമൃത് സരോവര്‍ നിര്‍മ്മിക്കുന്നത് മനുഷ്യത്വത്തിന്റെ മഹത്തായ ഒരു പ്രവൃത്തിയാണ്, അത് നമ്മള്‍ ചെയ്യണം. എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളോടും തദ്ദേശസ്ഥാപനങ്ങളോടും പഞ്ചായത്തുകളോടും ഈ ദിശയില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയ്ക്ക് ശോഭനമായ ഭാവി കെട്ടിപ്പടുക്കേണ്ട സമയമാണിത്. പാവപ്പെട്ട കുടുംബത്തിന് നല്ല ഭാവി ഉണ്ടാകുമ്പോള്‍ മാത്രമേ ഇന്ത്യയുടെ ശോഭനമായ ഭാവി സാധ്യമാകൂ. ഈ പുതിയ വീട് നിങ്ങളുടെ കുടുംബത്തിന് ഒരു പുതിയ ദിശ നല്‍കട്ടെ, ഒരു പുതിയ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ നിങ്ങള്‍ക്ക് ശക്തി നല്‍കട്ടെ, നിങ്ങളുടെ കുട്ടികളില്‍ അറിവും വൈദഗ്ധ്യവും ആത്മവിശ്വാസവും പകരട്ടെ! ഈ ആഗ്രഹത്തോടെ, 'ഗൃഹപ്രവേശ'ത്തിന് എല്ലാ ഗുണഭോക്താക്കളെയും ഞാന്‍ അഭിനന്ദിക്കുന്നു.
നന്ദി!