''എന്നത്തെയും പോലെ ആകില്ല ഇന്ത്യ@100. വരുന്ന 25 വര്‍ഷത്തെ ഒന്നായി കാണണം. ഇപ്പോള്‍മുതല്‍ നമുക്ക് ഒരു കാഴ്ചപ്പാടുണ്ടാകണം. ഈ വര്‍ഷത്തെ ആഘോഷം നിര്‍ണായകമാകണം.''
''രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തില്‍ മാറ്റമുണ്ടാകണം. അവരുടെ ജീവിതം സുഗമമാകണം. ആ അനായാസത അവര്‍ക്ക് അനുഭവിക്കാനും കഴിയണം''
''സ്വപ്‌നത്തില്‍നിന്നു പരിഹാരത്തിലേക്കും പൂര്‍ത്തീകരണത്തിലേക്കുമുള്ള സാധാരണക്കാരന്റെ യാത്രയില്‍ ഓരോ ഘട്ടത്തിലും നാം കൈകോര്‍ക്കണം''
''ആഗോളതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നാം പിന്തുടരുന്നില്ലെങ്കില്‍, നമ്മുടെ മുന്‍ഗണനകളും കേന്ദ്രീകൃതമേഖലയും തിട്ടപ്പെടുത്തുന്നതിനു ബുദ്ധിമുട്ടനുഭവപ്പെടും. ഈ കാഴ്ചപ്പാടു മനസില്‍വച്ചാണു നമ്മുടെ പദ്ധതികളും ഭരണമാതൃകകളും വികസിപ്പിക്കേണ്ടത്.''
''സമൂഹത്തിന്റെ കഴിവുകളെ പരിപോഷിപ്പിക്കുകയും സ്വതന്ത്രമാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതു ഗവണ്‍മെന്റ് സംവിധാനത്തിന്റെ കടമയാണ്''
''ഭരണപരിഷ്‌കാരം നമ്മുടെ സ്വാഭാവികനിലപാടായിരിക്കണം''
''നമ്മുടെ തീരുമാനങ്ങളില്‍ 'രാഷ്ട്രം ആദ്യം' എന്നത് എപ്പോഴുമുണ്ടാകണം''
''ഇല്ലായ്മയുടെ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന നിയന്ത്രണങ്ങളും മാനസികാവസ്ഥയും നമ്മെ നിയന്ത്രിക്കരുത്; സമൃദ്ധിയുടെ മനോഭാവമാകണം നമുക്കുണ്ടാകേണ്ടത്''
''എനിക്കുള്ളതു രാജനീതിയുടെ സ്വഭാവവിശേഷങ്ങളല്ല; എന്നാല്‍ എനിക്കു സഹജമായുള്ളതു ജനനീതിയിലേക്കുള്ള ചായ്‌വാണ്''

മന്ത്രിസഭയില്‍ എന്റെ സഹപ്രവര്‍ത്തകരായ ഡോ. ജിതേന്ദ്ര സിംഗ് ജി, പി.കെ മിശ്ര ജി, രാജീവ് ഗൗബ ജി, ശ്രീ വി.ശ്രീനിവാസന്‍ ജി, ഇവിടെ സന്നിഹിതരായ എല്ലാ സിവില്‍ സര്‍വീസ് അംഗങ്ങള്‍, രാജ്യത്തുടനീളം ഈ പരിപാടിയില്‍ ചേരുന്ന മറ്റ് സഹപ്രവര്‍ത്തകര്‍, മഹതികളേ, മാന്യ രേ!  എല്ലാ കര്‍മ്മയോഗികള്‍ക്കും സിവില്‍ സര്‍വീസ് ദിനത്തില്‍ ആശംസകള്‍.  ഇന്ന് ഈ അവാര്‍ഡുകള്‍ ലഭിച്ച സുഹൃത്തുക്കള്‍ക്കും അവരുടെ മുഴുവന്‍ ടീമിനും അവര്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.

 പക്ഷേ, എന്റെ ഈ ശീലം നന്നല്ല! ഒരു കാര്യവുമില്ലാതെ ഞാന്‍ അഭിനന്ദിക്കാന്‍ പാടില്ല. നമുക്കു ചില പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുമോ? നിങ്ങളുടെ ഭരണസംവിധാനമനുസരിച്ച് നിങ്ങള്‍ തൂക്കിനോക്കേണ്ട ചില പ്രശ്നങ്ങള്‍ എന്റെ മനസ്സിലുണ്ട്, തിടുക്കത്തില്‍ പിന്തുടരരുത്.  വിദേശകാര്യ മന്ത്രാലയം, പൊലീസ് വകുപ്പ്, റവന്യൂ വകുപ്പ് എന്നിങ്ങനെ രാജ്യത്തുടനീളം സിവില്‍ സര്‍വീസുകളുമായി ബന്ധപ്പെട്ട നിരവധി പരിശീലന സ്ഥാപനങ്ങള്‍ ഉണ്ട്. അവാര്‍ഡ് ജേതാക്കള്‍ എല്ലാ ആഴ്ചയും കുറഞ്ഞത് ഒന്നോ ഒന്നര മണിക്കൂറോ ചെലവഴിക്കണം.  കൂടാതെ എല്ലാ സിവില്‍ സര്‍വീസ് ട്രെയിനികള്‍ക്കും അവരുടെ ആശയങ്ങള്‍, അവരുടെ തയ്യാറെടുപ്പുകള്‍, അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് ഒരു വെര്‍ച്വല്‍ അവതരണം നല്‍കുക.  എല്ലാ ആഴ്ചയും രണ്ട് അവാര്‍ഡ് ജേതാക്കളും ട്രെയിനികളും തമ്മില്‍ ഒരു ചോദ്യോത്തര വേള ഉണ്ടെങ്കില്‍, പുതിയ തലമുറയ്ക്ക് അവരുടെ പ്രായോഗിക അനുഭവങ്ങളില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു.  ഈ ജോലിയുമായി സഹകരിക്കുന്നത് നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്ക് സന്തോഷവും നല്‍കും.  ക്രമേണ, പുതുമകളും പുതിയ കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടാകും.  രണ്ടാമതായി, അവാര്‍ഡ് ലഭിച്ച 16 സഹപ്രവര്‍ത്തകര്‍ അവര്‍ പ്രതിനിധീകരിക്കുന്ന 16 ജില്ലകള്‍ക്കായി ഒരു പദ്ധതി തിരഞ്ഞെടുക്കണം.  ആരെയെങ്കിലും ചുമതലക്കാരനാക്കി മൂന്നോ ആറോ മാസത്തിനുള്ളില്‍ ആ സ്്കീം എങ്ങനെ നടപ്പാക്കാമെന്ന് ആലോചിക്കുക.  ഉദാഹരണത്തിന്, ഒരു പ്രത്യേക പദ്ധതിക്കു തിരഞ്ഞെടുത്ത 20 ജില്ലകള്‍ ഉണ്ടെങ്കില്‍ 20 ജില്ലകളിലും ആ പദ്ധതിയുടെ ചുമതലയുള്ളവരുമായി ഒരു വെര്‍ച്വല്‍ ഉച്ചകോടി നടത്തുകയും ആ പദ്ധതി നടപ്പിലാക്കുന്നതില്‍ ഏത് ജില്ലയാണ് മെച്ചപ്പെട്ടതെന്ന് കണ്ടെത്തുകയും വേണം.  എല്ലാ ജില്ലകളുടെയും സ്വഭാവമായി മാറുന്ന തരത്തില്‍ സ്ഥാപനവല്‍ക്കരണം നടത്തണം.  ഒരു സ്‌കീം, ഒരു ജില്ല എന്ന വിഷയത്തിലും മത്സരങ്ങള്‍ നടത്താം.  ഒരു വര്‍ഷത്തിനു ശേഷം നിങ്ങള്‍ കണ്ടുമുട്ടുമ്പോള്‍, ആ പദ്ധതിയെക്കുറിച്ച് ഒരു സംവാദം നടത്തണം.  ഇതിന് അവാര്‍ഡുകള്‍ വേണമെന്നില്ല.  എന്നാല്‍ 2022ലെ വിജയികള്‍ എങ്ങനെയാണ് ആ പദ്ധതി നടപ്പിലാക്കിയത് എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.  ഇത് സ്ഥാപനവല്‍ക്കരിക്കപ്പെടണമെന്ന് ഞാന്‍ കരുതുന്നു.  ഒരു കാര്യം രേഖപ്പെടുത്താത്തിടത്തോളം കാലം അത് മുന്നോട്ട് പോകില്ല എന്നതാണ് ഗവണ്‍മെന്റിന്റെ സ്വഭാവമെന്ന് ഞാന്‍ കണ്ടു.  അതിനാല്‍, ചിലപ്പോള്‍, എന്തെങ്കിലും സ്ഥാപനവല്‍ക്കരിക്കാന്‍ ഒരു സ്ഥാപനം സ്ഥാപിക്കേണ്ടിവരും. ആവശ്യമെങ്കില്‍, ഈ സംവിധാനവും സൃഷ്ടിക്കണം.  അല്ലെങ്കില്‍, എന്താണു സംഭവിക്കുന്നതെന്നു വച്ചാല്‍, ജീവിതത്തില്‍ എന്തെങ്കിലും നേടണമെന്ന് തീരുമാനിക്കുന്ന ചിലരുണ്ട്, അവര്‍ 365 ദിവസവും അതിനായി മനസ്സ് ചെലവഴിക്കുന്നു. നേട്ടങ്ങള്‍ കൈവരിക്കുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്യുന്ന ചിലരുണ്ട്. എന്നാല്‍ പിന്നാക്കം പോയവര്‍ വേറെയും. അത്തരം പോരായ്മകള്‍ ഉണ്ടാകരുത്.  ആരോഗ്യകരമായ മത്സരത്തിന്റെ അന്തരീക്ഷം ഉണ്ടാകണം.  നമ്മള്‍ ആ ദിശയില്‍ എന്തെങ്കിലും ചിന്തിച്ചാല്‍, ഒരുപക്ഷേ, നമുക്ക് ആവശ്യമുള്ള മാറ്റം കൊണ്ടുവരാന്‍ കഴിയും.

 സുഹൃത്തുക്കളേ,

 കഴിഞ്ഞ 20-22 വര്‍ഷമായി നിങ്ങളെപ്പോലുള്ള സഹപ്രവര്‍ത്തകരുമായി ഞാന്‍ ഈ വിനിമയങ്ങള്‍ നടത്തുന്നു. ഞാന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇത് ചെറിയ രൂപത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പ്രധാനമന്ത്രിയായ ശേഷം അത് വിപുലീകരിച്ചു. തല്‍ഫലമായി, നിങ്ങളില്‍ നിന്ന് ഞാന്‍ ചിലത് പഠിക്കുകയും എന്റെ ചിന്തകള്‍ നിങ്ങളുമായി പങ്കിടുകയും ചെയ്യുന്നു.  ഈ കൈമാറ്റങ്ങള്‍ ആശയവിനിമയത്തിനുള്ള ഒരു നല്ല മാര്‍ഗമായി മാറിയിരിക്കുന്നു, നിങ്ങളുമായുള്ള ഒരുതരം പാരസ്പര്യം.  കൊറോണ സമയത്ത് നിങ്ങളെ നേരില്‍ കാണുന്നതില്‍ എനിക്ക് കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും, ഞാന്‍ എപ്പോഴും നിങ്ങളെ വ്യക്തിപരമായി കാണാനും നിങ്ങളില്‍ നിന്ന് പഠിക്കാനും നിങ്ങളില്‍ നിന്ന് മനസ്സിലാക്കാനും കഴിയുമെങ്കില്‍ എന്റെ വ്യക്തിജീവിതത്തില്‍ അവ സ്വീകരിക്കാനും അല്ലെങ്കില്‍ സംവിധാനങ്ങളില്‍ പരിചയപ്പെടുത്താനും ശ്രമിക്കാറുണ്ട്. ഇത് നമ്മെ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു പ്രക്രിയയാണ്.  ആരില്‍ നിന്നും പഠിക്കാന്‍ എപ്പോഴും അവസരമുണ്ട്. എല്ലാവര്‍ക്കും എന്തെങ്കിലും അല്ലെങ്കില്‍ മറ്റെന്തെങ്കിലും വാഗ്ദാനം ചെയ്യാനുള്ള കഴിവുണ്ട്. നമ്മള്‍ ആ ശീലം വളര്‍ത്തിയെടുത്താല്‍ അത് സ്വാഭാവികമായി സ്വീകരിക്കാന്‍ നമുക്ക് തോന്നും.

 സുഹൃത്തുക്കളേ,

 ഇതൊരു പതിവ് കാര്യമല്ല. ഞാന്‍ ഇത് സവിശേഷമായി കരുതുന്നു, കാരണം രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷമായ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന സമയത്താണ് ഇക്കാര്യം നടക്കുന്നത്.  നമുക്ക് ഒരു കാര്യം ചെയ്യാന്‍ കഴിയുമോ? സ്വാഭാവികമായും പുതിയ ആവേശം ഉണര്‍ത്തുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ജില്ലയുടെ തലവനായി പ്രവര്‍ത്തിച്ച എല്ലാവരെയും ഈ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ നിങ്ങള്‍ക്ക് ക്ഷണിക്കാം. ചിലര്‍ ജീവിച്ചിരിപ്പുണ്ടാകാം, ചിലര്‍ ജീവിച്ചിരിപ്പുണ്ടായിരിക്കില്ല.  30-40 വര്‍ഷത്തിനു ശേഷം തിരികെ വരാനും അവരുടെ കാലത്തെ ഓര്‍മ്മപ്പെടുത്താനും അവര്‍ക്ക് നല്ലതായി തോന്നും.  30-40 വര്‍ഷം മുമ്പ് ആ ജില്ലയില്‍ ജോലി ചെയ്തിരുന്നവര്‍ നവോന്മേഷത്തോടെ മടങ്ങും.  ആ ജില്ലയില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഒരാള്‍ രാജ്യത്തിന്റെ ക്യാബിനറ്റ് സെക്രട്ടറിയായേക്കാം.  ആ ദിശയില്‍ നമ്മള്‍ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ കരുതുന്നു. ഗോഡ്‌ബോലെ ജി, അല്ലെങ്കില്‍ ദേശ്മുഖ് ജി അങ്ങനെ ഉണ്ടായിരുന്നതുകൊണ്ടാണ് ഈ ചിന്ത മനസ്സില്‍ വന്നത്. ഞാന്‍ പേര് മറന്നു. അദ്ദേഹം ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു. വിരമിച്ചതിനു ശേഷം രക്തദാന പ്രചാരണത്തിലാണ് ജീവിതം ചെലവഴിച്ചത്. ഒരിക്കല്‍ അദ്ദേഹം സമാനമായ പ്രചാരണത്തിനായി ഗുജറാത്തില്‍ വന്നു.  ഞാന്‍ അദ്ദേഹത്തെ കാണുമ്പോള്‍ ബോംബെ സംസ്ഥാനം ഉണ്ടായിരുന്നു. അന്ന് മഹാരാഷ്ട്രയും ഗുജറാത്തും വെവ്വേറെയായിരുന്നില്ല. താന്‍ ബനസ്‌കന്തയില്‍ ജില്ലാ കളക്ടര്‍ ആയിരുന്നുവെന്നും മഹാരാഷ്ട്ര രൂപീകരിച്ച ശേഷം മഹാരാഷ്ട്ര കേഡറിലേക്ക് പോയെന്നും അദ്ദേഹം എന്നോട് പറഞ്ഞു.  പിന്നീട് അദ്ദേഹം കേന്ദ്ര ഗവണ്‍മെന്റില്‍ ചേര്‍ന്നു. ഇത് കേട്ടപ്പോള്‍ തന്നെ എനിക്ക് അദ്ദേഹവുമായി അടുപ്പം തോന്നി.  അതിനാല്‍, ബനസ്‌കാന്ത കേഡറിലെ കാലം എങ്ങനെയായിരുന്നുവെന്നും അദ്ദേഹം എങ്ങനെയാണു ജോലി ചെയ്യാറുണ്ടായിരുന്നത് എന്നും ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.  ചില കാര്യങ്ങള്‍ ചെറുതായി തോന്നാം, പക്ഷേ അവയുടെ സാധ്യത വളരെ വലുതാണ്. ചിലപ്പോള്‍ ഏകതാനമായ വ്യവസ്ഥിതിയിലേക്ക് ജീവന്‍ കൊണ്ടുവരുന്നത് വളരെ പ്രധാനമാണ്.  സംവിധാനങ്ങള്‍ സജീവവും ചലനാത്മകവുമായിരിക്കണം. പ്രായമായവരെ കണ്ടുമുട്ടുമ്പോള്‍, അവരുടെ കാലത്ത് ഈ സംവിധാനങ്ങള്‍ എങ്ങനെ വികസിച്ചുവെന്ന് നാം മനസ്സിലാക്കുന്നു. പശ്ചാത്തല വിവരങ്ങളെക്കുറിച്ചും അതേ പാരമ്പര്യം തുടരണോ അതോ മാറ്റങ്ങള്‍ അവതരിപ്പിക്കണോ എന്നതിനെക്കുറിച്ചും അവര്‍ നമ്മെ വളരെയധികം പഠിപ്പിക്കുന്നു.  സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ നിങ്ങളുടെ ജില്ലയിലെ എല്ലാ മുന്‍ കളക്ടര്‍മാരെയും ക്ഷണിച്ചുകൊണ്ട് ഒരു ചടങ്ങ് നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  നിങ്ങളുടെ ജില്ലയ്ക്ക് ഇതൊരു പുതിയ അനുഭവമായിരിക്കും.  അതുപോലെ സംസ്ഥാന മുഖ്യമന്ത്രിമാര്‍ മുന്‍ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിക്കണം. മുന്‍ ക്യാബിനറ്റ് സെക്രട്ടറിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തണം. സിവില്‍ സര്‍വ്വീസുകളുടെ പതാകവാഹകര്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടാകാം. അവര്‍ രാജ്യത്തിന് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ ഈ യാത്രയില്‍ സര്‍ദാര്‍ പട്ടേലിന്റെ സമ്മാനമാണ് സിവില്‍ സര്‍വീസ്.  സ്വാതന്ത്ര്യത്തിന്റെ ഈ അമൃത മഹോത്സവത്തില്‍ അവരെ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നത് മുഴുവന്‍ സിവില്‍ സര്‍വീസുകളെയും ആദരിക്കുന്നതുപോലെയാകും. ഈ 75 വര്‍ഷത്തെ യാത്രയെ പ്രകീര്‍ത്തിച്ചുകൊണ്ടും പുതിയ ബോധത്തോടെ മുന്നേറിക്കൊണ്ടും സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ദിശയില്‍ നമുക്ക് പരിശ്രമിക്കാം.

 സുഹൃത്തുക്കളേ,

 ഈ അമൃത കാലം കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളെ മാത്രമല്ല പ്രകീര്‍ത്തിക്കുന്നത്. 60 കളില്‍ നിന്ന് 70കളിലേക്കും പിന്നീട് 75കളിലേക്കും നമ്മള്‍ കടക്കുമ്പോള്‍ ഇത് ഒരു പതിവ് കാര്യമായിരുന്നിരിക്കും. എന്നാല്‍ 2047-ല്‍ ഇന്ത്യ 100-ല്‍ എത്തുന്നു എന്നത് ഒരു പതിവ് ദിനചര്യയാക്കാന്‍ കഴിയില്ല.  ഈ അമൃത മഹോത്സവത്തിലെ അടുത്ത 25 വര്‍ഷം നിര്‍ബന്ധമായും ഒരു തുള്ളിയായല്ല, ഒരു ഏകകമായി കണക്കാക്കേണ്ട ജലസ്രോതസ്സിന്റേതായിരിക്കണം. നൂറിന്റെ കാഴ്ചപ്പാട് ഇന്ത്യയുടെ ജില്ലകളിലേക്ക് വ്യാപിക്കണം. 25 വര്‍ഷത്തിനു ശേഷം നിങ്ങളുടെ ജില്ല എങ്ങനെയായിരിക്കണം?  നേടേണ്ട എല്ലാ കാര്യങ്ങളുടെയും വിശദമായ പട്ടിക തയ്യാറാക്കുക, സാധ്യമെങ്കില്‍ അതു ജില്ലാ ഓഫീസുകളില്‍ ഒട്ടിക്കുക.  ഒരു പുതിയ പ്രചോദനവും പുതിയ ആവേശവും ഉണ്ടാകും.  ജില്ലയുടെ ഉന്നമനത്തിന് ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. കഴിഞ്ഞ 75 വര്‍ഷമായി, നമ്മുടെ സംസ്ഥാനത്തെ, നമ്മുടെ രാജ്യത്തെ, ഒരു പ്രത്യേക സ്ഥാനത്തേക്ക് കൊണ്ടുപോകാനുള്ള ലക്ഷ്യങ്ങളുമായി നാം മുന്നോട്ട് പോയി.  100-ല്‍ നമ്മുടെ ജില്ലകളെ എവിടേക്കാണ് കൊണ്ടുപോകേണ്ടത്? നിങ്ങളുടെ ജില്ലയെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ആക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം.  നിങ്ങളുടെ ജില്ല പിന്നാക്കം പോകുന്ന ഒരു സാഹചര്യവും ഉണ്ടാകരുത്.  നിങ്ങളുടെ ജില്ല എത്രമാത്രം പ്രകൃതി പ്രശ്നങ്ങളാല്‍ വലഞ്ഞിട്ടുണ്ടെങ്കിലും, ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതായിരിക്കണം നിങ്ങളുടെ ശ്രമം. ഈ പ്രചോദനവും സ്വപ്നവും പ്രതിജ്ഞയും ഉള്‍ക്കൊണ്ട് നമ്മള്‍ മുന്നോട്ട് പോയാല്‍, അത് സിവില്‍ സര്‍വീസുകള്‍ക്ക് പ്രചോദനമാകും.

 സുഹൃത്തുക്കളേ,

 ഓരോ ഇന്ത്യക്കാരനും നിങ്ങളെ പ്രതീക്ഷയോടെയാണ് നോക്കുന്നത്, അത് സാക്ഷാത്കരിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകരുത്.  സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രചോദനവും സന്ദേശവും ദൃഢനിശ്ചയവും നാം ആവര്‍ത്തിക്കേണ്ടതുണ്ട്.  ആ ദൃഢനിശ്ചയത്തില്‍ നാം സ്വയം പ്രതിജ്ഞാബദ്ധരായി ഇവിടെ നിന്ന് മുന്നോട്ട് പോകേണ്ടതുണ്ട്.  നമ്മള്‍ ഒരു ജനാധിപത്യ സംവിധാനത്തിലാണ്, നമുക്ക് മൂന്ന് ലക്ഷ്യങ്ങള്‍ വ്യക്തമായി ഉണ്ടായിരിക്കണം, അതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് മൂന്ന് ലക്ഷ്യങ്ങള്‍ മാത്രമാകരുത്; മറ്റ് ലക്ഷ്യങ്ങളും ഉണ്ടാകാം. പക്ഷേ ഇന്ന് ഈ മൂന്ന് ലക്ഷ്യങ്ങള്‍ മാത്രമേ  പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഒന്നാമതായി, നമ്മള്‍ ആര്‍ക്കുവേണ്ടിയാണ് രാജ്യത്തെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്, നമ്മള്‍ ചെലവഴിക്കുന്ന ബജറ്റും നമുക്ക് ലഭിക്കുന്ന പദവിയും? എന്തുകൊണ്ട്, എന്തിനു വേണ്ടിയാണ് ഈ കഠിനാധ്വാനം? നമ്മുടെ പ്രഥമ ലക്ഷ്യം നാട്ടിലെ സാധാരണക്കാരന്റെ ജീവിതത്തില്‍ ഒരു മാറ്റം കൊണ്ടുവരണം, അവരുടെ ജീവിതം സുഖകരമാകണം, അവരുും അത് തിരിച്ചറിയണം. രാജ്യത്തെ സാധാരണ പൗരര്‍ക്ക് അവരുടെ സാധാരണ ജീവിതത്തിനായി കഷ്ടപ്പെടേണ്ടി വരാന്‍ പാടില്ല. അവര്‍ക്ക് എല്ലാം എളുപ്പത്തില്‍ ലഭ്യമാകണം.  ഈ ലക്ഷ്യം എപ്പോഴും നമ്മുടെ മുന്‍ഗണനയായിരിക്കണം. രാജ്യത്തെ സാധാരണക്കാരന്റെ സ്വപ്നങ്ങളെ ദൃഢനിശ്ചയമാക്കി മാറ്റുക എന്നതായിരിക്കണം നമ്മുടെ ശ്രമങ്ങളുടെ ദിശ. അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് വ്യവസ്ഥിതിയുടെ ഉത്തരവാദിത്തമാണ്.  അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുംവരെ നമ്മള്‍ സഹപ്രവര്‍ത്തകരായി അവരോടൊപ്പം ഉണ്ടായിരിക്കണം.  ജീവിത സൗകര്യം മെച്ചപ്പെടുത്താന്‍ നമുക്ക് എന്ത് ചെയ്യാനാകുമോ, അത് ചെയ്യണം.  
 ഞാന്‍ രണ്ടാമത്തെ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, അത് ആഗോളവല്‍ക്കരണത്തെക്കുറിച്ചാണ്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി നമ്മള്‍ ആഗോളവല്‍ക്കരണം എന്ന വാക്ക് കേള്‍ക്കുന്നു. മുമ്പ്, ഒരുപക്ഷേ, ഇന്ത്യ ദൂര നിന്നേ ഇത്തരം കാര്യങ്ങള്‍ കണ്ടിരുന്നുള്ളു. എന്നാല്‍ ഇന്ന് സ്ഥിതി കുറച്ച് വ്യത്യസ്തമാണ്. ഇന്ന് ഇന്ത്യയുടെ സ്ഥാനം മാറുകയാണ്, ആഗോള സാഹചര്യത്തില്‍ എല്ലാം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.  നമുക്ക് എങ്ങനെ ലോകത്തിന്റെ നെറുകയില്‍ എത്താം?  ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ മനസ്സിലാക്കണം. അതുകൊണ്ട് തന്നെ മേഖലകള്‍ കണ്ടെത്തി താരതമ്യ പഠനം നടത്തി മുന്നോട്ടു പോകേണ്ടതുണ്ട്.  ഈ ദൃഢനിശ്ചയത്തോടെ നമ്മുടെ പദ്ധതികളും ഭരണ മാതൃകകളും രൂപപ്പെടുത്തണം.  നമ്മുടെ പ്രയത്‌നങ്ങളില്‍ എപ്പോഴും പുതുമയും ആധുനികതയും ഉണ്ടായിരിക്കണം എന്ന് നാം ഉറപ്പുവരുത്തണം.  കഴിഞ്ഞ നൂറ്റാണ്ടിലെ നിലപാടുകളില്‍ നിന്നും കഴിഞ്ഞ നൂറ്റാണ്ടിലെ നയങ്ങളില്‍ നിന്നും അടുത്ത നൂറ്റാണ്ടിന്റെ ശക്തി നമുക്ക് നിര്‍ണ്ണയിക്കാനാവില്ല.  നേരത്തെ, നമ്മുടെ സംവിധാനങ്ങളിലും നയങ്ങളിലും നമ്മുടെ പാരമ്പര്യങ്ങളിലും മാറ്റം കൊണ്ടുവരാന്‍ 30-40 വര്‍ഷമെടുത്തിരുന്നുവെങ്കില്‍, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനൊപ്പം നാം മുന്നേറേണ്ടതുണ്ട്.  അതാണ് എന്റെ അഭിപ്രായം.  
 ഞാന്‍ ആവര്‍ത്തിച്ച് പറയുന്ന മൂന്നാമത്തെ ലക്ഷ്യത്തെക്കുറിച്ച് പറഞ്ഞാല്‍, അത് നഷ്ടപ്പെടാതിരിക്കാന്‍ സിവില്‍ സര്‍വീസുദ്യോഗസ്ഥരും ശ്രദ്ധിക്കണം. നാം ഏത് പദവിയിലായാലും രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും വിട്ടുവീഴ്ച ചെയ്യരുത് എന്നത് നമ്മുടെ പ്രധാന ഉത്തരവാദിത്തമാണ്.  പ്രാദേശിക തലത്തില്‍ നമ്മള്‍ എടുക്കുന്ന ഏത് തീരുമാനമായാലും, അത് എത്ര ആകര്‍ഷകമായാലും പ്രശംസനീയമായാലും, അത്തരമൊരു തീരുമാനം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും തടസ്സമാകില്ലെന്ന് ഉറപ്പാക്കണം. ഇന്ന് അത് നല്ലതായി തോന്നാം, പക്ഷേ അത് വിലമതിക്കപ്പെടുന്നതായിരിക്കണം. മഹാത്മാഗാന്ധി എപ്പോഴും അത് ഊന്നിപ്പറഞ്ഞിരുന്നു. നമുക്ക് അദ്ദേഹത്തെ പിന്തുടരാം.  നിഷേധാത്മകത ഉപേക്ഷിച്ച്, നമ്മുടെ തീരുമാനങ്ങള്‍ രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്ന ഊര്‍ജ്ജത്തില്‍ ആയിരിക്കണമെന്ന് ഉറപ്പാക്കണം. വൈവിധ്യമാര്‍ന്ന ഇന്ത്യയില്‍ രാജ്യത്തിന്റെ ഐക്യം പരമപ്രധാനമായിരിക്കണം. അത് തലമുറതലമുറയായി നമ്മുടെ മന്ത്രമായിരിക്കണം. അതുകൊണ്ട്, നമ്മള്‍ എന്ത് ചെയ്താലും ഇന്ത്യ ആദ്യം എന്നതായിരിക്കണം നമ്മുടെ മുന്‍ഗണന എന്ന് ഞാന്‍ പണ്ട് പറഞ്ഞിട്ടുണ്ട്. ഇന്നും ആവര്‍ത്തിക്കുകയാണ്, ഭാവിയിലും പറയുകയും ചെയ്യും.  ജനാധിപത്യത്തില്‍ ഭരണസംവിധാനങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ ഉണ്ടാകാം, ജനാധിപത്യത്തില്‍ അത് ആവശ്യമാണ്.  എന്നാല്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുക എന്ന മന്ത്രം നാം തുടര്‍ച്ചയായി മുന്നോട്ട് കൊണ്ടുപോകണം, അത് ഭരണത്തിന്റെ വിവിധ ഘടകങ്ങളുടെ സത്തയായിരിക്കണം.

 സുഹൃത്തുക്കളേ,

 നാം ജില്ലയിലോ സംസ്ഥാനത്തിലോ ദേശീയ തലത്തിലോ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ തന്റെ ജില്ലയ്ക്കുള്ള ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിന്ന് താന്‍ എന്താണ് തിരഞ്ഞെടുക്കേണ്ടതെന്ന് പ്രത്യേക സര്‍ക്കുലര്‍ വേണോ? അവയില്‍ ഏതൊക്കെയാണ് നടപ്പിലാക്കേണ്ടത്?  ഈ ഒളിമ്പിക്സിന് ശേഷം രാജ്യത്ത് കായികരംഗത്ത് ഉണ്ടായിട്ടുള്ള അവബോധത്തെ തുടര്‍ന്ന് ജില്ലാതലത്തില്‍ താരങ്ങളെ ഒരുക്കുന്നതിന് ആരു നേതൃത്വം വഹിക്കും?  അത് ആരുടെ ഉത്തരവാദിത്തമായിരിക്കും: അത് കായിക വകുപ്പായാലും അല്ലെങ്കില്‍ മുഴുവന്‍ ഭരണകൂടത്തിനായാലും?  ജില്ലാതലത്തില്‍ ഡിജിറ്റല്‍ ഇന്ത്യയുടെ കാഴ്ചപ്പാട് എങ്ങനെ നടപ്പാക്കാം?  അതിന് ഇപ്പോള്‍ മാര്‍ഗനിര്‍ദേശങ്ങളൊന്നും ആവശ്യമില്ല.  ഇന്ന് രണ്ട് കോഫി ടേബിള്‍ പുസ്തകങ്ങള്‍ പുറത്തിറക്കി. എന്നാല്‍ ഈ കോഫി ടേബിള്‍ പുസ്തകങ്ങള്‍ ഹാര്‍ഡ് കോപ്പികളല്ല, ഇ-കോപ്പി രൂപത്തിലാണെന്ന കാര്യം മറക്കരുത്. ഹാര്‍ഡ് കോപ്പികളുടെ ശീലത്തില്‍ നിന്ന് നാം പുറത്തുവരണം.  അല്ലെങ്കില്‍, സംഭവിക്കുന്നത് നാം നിരവധി പകര്‍പ്പുകള്‍ പ്രസിദ്ധീകരിക്കുകയും വാങ്ങുന്നയാള്‍ ഇല്ലാതിരിക്കുകയും എന്നതാണ്.  ഇ-കോഫി ടേബിള്‍ പുസ്തകങ്ങള്‍ ഉണ്ടാക്കുന്ന ശീലം നാം വളര്‍ത്തിയെടുക്കണം. ഇത്തരം കാര്യങ്ങള്‍ പറയാതിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.  ഇത് പ്രാദേശിക തലത്തിലേക്ക് വ്യാപിക്കണം.  ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എല്ലാം ലഭ്യമാണ്, ജില്ലകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ആവശ്യമില്ല. എന്തെങ്കിലും നേട്ടത്തില്‍ ജില്ല മുഴുവനും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍, അത് മൊത്തത്തില്‍ നല്ല സ്വാധീനത്തിലേക്ക് നയിക്കുന്നു.

 സുഹൃത്തുക്കളേ,

 ഇതാണ് ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തിന്റെ പ്രത്യേകത, നമ്മുടെ രാജ്യം ഭരണകൂട സംവിധാനങ്ങളാല്‍ നിര്‍മ്മിച്ചതല്ലെന്നും നമ്മുടെ രാജ്യം രാജകീയ സിംഹാസനങ്ങളുടെ പാരമ്പര്യമല്ലെന്നും വളരെ ഉത്തരവാദിത്തത്തോടെയാണ് ഞാന്‍ ഇത് പറയുന്നത്.  ഈ നാടിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യം സാധാരണക്കാരന്റെ സാധ്യതകള്‍ ഉള്‍ക്കൊണ്ട് മുന്നേറുക എന്നതാണ്.  ഇന്ന് നമ്മള്‍ നേടിയതെന്തും പൊതുപങ്കാളിത്തവും സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ തലമുറതലമുറയായി നല്‍കുന്ന സംഭാവനയുമാണ്.  മാറ്റങ്ങളെ അംഗീകരിക്കുകയും പൗരാണിക പാരമ്പര്യങ്ങളില്‍ അന്ധമായി മുറുകെ പിടിക്കാതിരിക്കുകയും ചെയ്യുന്ന അഭിവൃദ്ധി പ്രാപിക്കുന്ന സമൂഹമാണ് നമ്മുടേത്.  കാലത്തിനനുസരിച്ച് മാറുന്ന മനുഷ്യരാണ് നമ്മള്‍.  വളരെക്കാലം മുമ്പ്, ഞാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു.  അന്ന് എനിക്ക് രാഷ്ട്രീയത്തില്‍ ഒരു ഐഡന്റിറ്റി പോലുമില്ലായിരുന്നു. ഞാനൊരു ചെറിയ തൊഴിലാളിയായിരുന്നു. ലോകത്തുള്ള ആരും, അവന്‍ വിശ്വാസിയോ നിരീശ്വരവാദിയോ ആകട്ടെ, മരണശേഷം മൂല്യങ്ങളില്‍ സമൂലമായ മാറ്റങ്ങളില്‍ വിശ്വസിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞു.  ശാസ്ത്രീയമോ അല്ലയോ, അനുയോജ്യമോ അല്ലയോ, അവന്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നില്ല.  മരണാനന്തരം അവന്‍ മൂല്യങ്ങളാലും പാരമ്പര്യങ്ങളാലും ബന്ധിക്കപ്പെട്ടിരിക്കുന്നു.  ഗംഗാനദിയുടെ തീരത്ത് ചന്ദനത്തിരിയില്‍ തീജ്വാലയില്‍ മൃതദേഹം അയക്കുമ്പോള്‍ മാത്രമേ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാകൂ എന്ന് ഹിന്ദു സമൂഹം വിശ്വസിക്കുന്നുവെന്ന് ഞാന്‍ പറഞ്ഞു.  എന്നാല്‍ അതേ സമൂഹം വൈദ്യുത ശ്മശാനങ്ങള്‍ വന്നപ്പോള്‍ മടിച്ചില്ല.  ഈ സമൂഹത്തില്‍ മാറ്റത്തെ അംഗീകരിക്കുന്നു എന്നതിന് ഇതിലും വലിയ തെളിവില്ല.  ലോകത്ത് ഒരു സമൂഹം എത്ര ആധുനികമായാലും മരണാനന്തര വിശ്വാസങ്ങളെ മാറ്റാന്‍ അതിന് ശക്തിയില്ല.  മരണാനന്തര ആധുനിക സംവിധാനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായ ഒരു സമൂഹമാണ് നമ്മള്‍.  അതിനാല്‍, ഈ രാജ്യം മാറ്റങ്ങള്‍ അംഗീകരിക്കാന്‍ എപ്പോഴും തയ്യാറാണെന്നും ആ മഹത്തായ പാരമ്പര്യത്തിന് ഊര്‍ജം പകരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ഞാന്‍ പറയുന്നു.  അത് വേഗത്തിലാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?  സുഹൃത്തുക്കളെ, ഫയലുകള്‍ തള്ളിക്കൊണ്ട് ജീവിതം മാറില്ല.  നിലവിലെ സാമൂഹിക വ്യവസ്ഥിതിയില്‍ ഭരണത്തിന് നേതൃത്വം നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.  അതൊരു രാഷ്ട്രീയ നേതാവിന്റെ മാത്രം ജോലിയല്ല.  സിവില്‍ സര്‍വീസിലെ എല്ലാവരും നേതൃത്വം നല്‍കണം.  സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ തയ്യാറാകണം.  എങ്കില്‍ മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ.  രാജ്യത്തിന് മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള കഴിവുണ്ട്, ലോകം നമ്മെ വലിയ പ്രതീക്ഷയോടെയാണ് നോക്കുന്നത്.  അത് നിറവേറ്റാന്‍ തയ്യാറാകേണ്ടത് നമ്മുടെ കടമയാണ്.  നിയമങ്ങളുടെയും നിയമങ്ങളുടെയും വലയില്‍ പുത്തന്‍ തലമുറയുടെ ധൈര്യവും സാധ്യതകളും മുറുകെ പിടിക്കുന്നില്ലേ എന്ന് കണ്ടറിയണം.  അങ്ങനെയാണെങ്കില്‍, ഇന്ത്യയുടെ ശോഭനമായ ഭാവിക്കായി നമ്മുടെ ചുവടുകള്‍ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള സമയത്തിനനുസരിച്ച് നീങ്ങാനുള്ള കഴിവ് നമുക്ക് നഷ്ടപ്പെട്ടിരിക്കാം.  ഇതില്‍ നിന്ന് കരകയറിയാല്‍ നമുക്ക് ഈ അവസ്ഥ മാറ്റാം.  ഐടി മേഖലയുടെ ലോകത്ത് ഇന്ത്യയുടെ പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ ആരെങ്കിലും പങ്കുവഹിച്ചിട്ടുണ്ടെങ്കില്‍ അത് 20-22-25 വയസ് പ്രായമുള്ള യുവാക്കളാണ്.  നമ്മള്‍ തടസ്സങ്ങള്‍ നിയമങ്ങളിലും ചട്ടങ്ങളിലും ബന്ധിപ്പിച്ചിരുന്നെങ്കില്‍, ഈ ഐടി മേഖല ഇത്രയധികം അഭിവൃദ്ധി പ്രാപിക്കുമായിരുന്നില്ല; മാത്രമല്ല ഇത് ലോകത്ത് നമുക്കായി ഒരു ഇടം സൃഷ്ടിക്കുമായിരുന്നില്ല.

 സുഹൃത്തുക്കളേ,

 നാം അതില്‍ നിന്ന് വിട്ടുനിന്നതിനാല്‍ അവര്‍ക്ക് മുന്നോട്ട് പോകാനാകും.  അതിനാല്‍, അവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് മാറിനിന്നാല്‍ ലോകത്തെ മാറ്റാന്‍ കഴിയുമോയെന്ന് നാം ആത്മപരിശോധന നടത്തേണ്ടതുണ്ട്.  നമ്മുടെ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് നമുക്ക് അഭിമാനിക്കാം. 2022-ന്റെ ആദ്യ പാദത്തില്‍ മാത്രം 14 സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണ്‍ ആയി. സുഹൃത്തുക്കളേ, ഇതൊരു വലിയ നേട്ടമാണ്.  ഈ വര്‍ഷം മൂന്ന് മാസത്തിനുള്ളില്‍ 14 യൂണികോണ്‍ എന്ന നേട്ടമാണ് രാജ്യത്തെ യുവാക്കള്‍ നേടിയത്.  എന്താണ് നമ്മുടെ പങ്ക്?  ചിലപ്പോള്‍, നമ്മുടെ ജില്ലയിലോ ടയര്‍-2 നഗരത്തിലോ ഒരു ചെറുപ്പക്കാരന്റെ നേട്ടങ്ങള്‍ പത്രങ്ങളിലൂടെ നാം അറിഞ്ഞുപോലുമില്ല.  ഭരണസംവിധാനത്തിന് പുറത്ത് പോലും സമൂഹത്തിന്റെ സാധ്യതകള്‍ വളരെ വലുതാണെന്ന് ഇത് കാണിക്കുന്നു.  നമ്മള്‍ അവനെ പ്രോത്സാഹിപ്പിക്കുകയും അവന്റെ ശ്രമങ്ങളെ തിരിച്ചറിയുകയും ചെയ്യുക എന്നതാണ് പ്രധാനം. എന്തുകൊണ്ടാണ് ഗവണ്‍മെന്റിലേക്ക് വരാത്തതെന്ന് അവനോട് ചോദിക്കേണ്ടത് അങ്ങനെയാകരുത്.  അവന്‍ നിങ്ങളുടെ സമയം പാഴാക്കാത്തതിനാലും നിങ്ങള്‍ക്ക് വളരെയധികം നല്‍കുന്നതിനാലും നിങ്ങള്‍ അവനെ അഭിനന്ദിക്കണം.

 സുഹൃത്തുക്കളേ,

 ഞാന്‍ രണ്ട് കാര്യങ്ങള്‍ മാത്രമാണ് സൂചിപ്പിച്ചത്, എന്നാല്‍ കാര്‍ഷിക മേഖലയില്‍ പോലും അത്തരം നിരവധി കാര്യങ്ങള്‍ നടക്കുന്നു.  നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ ആധുനികതയെ സ്വീകരിക്കുന്നത് ഞാന്‍ കാണുന്നു.  ഒരുപക്ഷേ, അവര്‍ എണ്ണത്തില്‍ കുറവായിരിക്കാം.  എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍, അവര്‍ സ്തംഭനാവസ്ഥയിലാണോ?

 എന്നാല്‍ സുഹൃത്തുക്കളെ,

 നമ്മള്‍ ഈ കാര്യങ്ങള്‍ ചെയ്താല്‍ ഒരു വലിയ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു.  ഒരു കാര്യം കൂടി ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, ചിലപ്പോള്‍ കാര്യങ്ങളെ നിസ്സാരമായി കാണുന്നത് മിക്കവരുടെയും സ്വഭാവത്തിന്റെ ഭാഗമാണ്.  'എത്ര ദിവസം ഞാന്‍ ഇവിടെ ഉണ്ടാകും?  രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാല്‍ ഞാന്‍ പുറത്തുപോകും.  ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല, എന്നാല്‍ ഒരു ഉറപ്പുള്ള ക്രമീകരണം ഉണ്ടെങ്കില്‍, ജീവിതത്തിന്റെ സുരക്ഷിതത്വം ഉറപ്പുനല്‍കുന്നുവെങ്കില്‍, മത്സര ബോധമില്ല.  ''എല്ലാം ഉണ്ട്, എന്തിനാണ് പുതിയ കുഴപ്പങ്ങള്‍?  കുട്ടികള്‍ വളരും, അവര്‍ക്ക് എവിടെയെങ്കിലും അവസരങ്ങള്‍ ലഭിക്കും.  നമ്മള്‍ എന്താണ് ചെയ്യേണ്ടത്?'  അവര്‍ സ്വയം നിസ്സംഗരായിത്തീരുന്നു.  വ്യവസ്ഥിതിയെ ഉപേക്ഷിക്കുക, അവര്‍ സ്വയം നിസ്സംഗരായിത്തീരുന്നു.  ജീവിതം ഇങ്ങനെയല്ല സുഹൃത്തുക്കളെ.  നിങ്ങളോട് ഒരിക്കലും നിസ്സംഗത കാണിക്കരുത്.  ഒരാള്‍ ജീവിതം പൂര്‍ണ്ണമായി ആസ്വദിക്കണം.  ഒരാള്‍ തന്റെ പ്രവൃത്തിയുടെ ഓരോ നിമിഷവും വിലയിരുത്തണം.  എങ്കിലേ ജീവിതത്തിന്റെ രസമുള്ളൂ.  ഭൂതകാലത്തില്‍ ഞാന്‍ എന്താണ് നേടിയത്?  പണ്ട് ഞാന്‍ എന്താണ് ചെയ്തത്?  ഈ കാര്യങ്ങളെല്ലാം കണക്കിലെടുക്കുന്നത് ആരുടെയെങ്കിലും സ്വഭാവമല്ലെങ്കില്‍, ജീവിതം ക്രമേണ അവനെ സങ്കടപ്പെടുത്തുകയും പിന്നീട് ജീവിക്കാനുള്ള ആത്മാവ് നഷ്ടപ്പെടുകയും ചെയ്യുന്നു.  സിത്താര്‍ വാദകനും ടൈപ്പിസ്റ്റും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ കണ്ടിട്ടുണ്ടോ?  ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തന്റെ വിരലുകള്‍ കൊണ്ട് കളിക്കുന്നു, എന്നാല്‍ അവന്‍ 45-50 വയസ്സ് എത്തുമ്പോള്‍, അവന്‍ വിരളമായേ അതു നോക്കുന്നുള്ളു. ഇടയ്ക്കിടയ്ക്ക് അവര്‍ കേള്‍ക്കുക പോലുമില്ല.  നിങ്ങള്‍ ഒരു അഭ്യര്‍ത്ഥന നടത്തുകയാണെങ്കില്‍, നിങ്ങളുടെ പ്രശ്‌നത്തെക്കുറിച്ച് അവന്‍ നിങ്ങളോട് ചോദിക്കും. പകുതി മരിച്ചവനെപ്പോലെയാണു ജീവിതം; ഒരു ഭാരമായി. അവന്‍ വിരലുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്.  അവന്‍ ടൈപ്പ്‌റൈറ്ററില്‍ വിരലുകള്‍ മാത്രം ചുഴറ്റുന്നു.  മറുവശത്ത്, ഒരു സിത്താര്‍ വാദകന്‍ തന്റെ വിരലുകള്‍ കൊണ്ട് കളിക്കുന്നു, പക്ഷേ 80 വയസ്സിലും അവന്‍ ഫ്രഷ് ആയി കാണപ്പെടുന്നു. ജീവിതം അയാള്‍ക്ക് നിറഞ്ഞതായി തോന്നുന്നു, സ്വപ്നങ്ങളുമായി ജീവിക്കുന്ന ഒരു വ്യക്തിയായി അദ്ദേഹം പ്രത്യക്ഷപ്പെടുന്നു.  രണ്ടുപേരും വിരലുകള്‍ ഉപയോഗിച്ച് സമയം ചെലവഴിച്ചു, എന്നാല്‍ ഒരാള്‍ക്ക് താല്‍പ്പര്യം നഷ്ടപ്പെടുന്നു, മറ്റൊരാള്‍ അവന്റെ ജീവിതം നയിക്കുന്നു.  ഉള്ളില്‍ നിന്ന് ജീവിതത്തെ മാറ്റാനുള്ള ദൃഢനിശ്ചയം ഇല്ലെങ്കില്‍ മാത്രമേ ജീവിതം മാറ്റാന്‍ കഴിയൂ.  അതിനാല്‍, ബോധം ഉണ്ടാകണം, കഴിവുണ്ടാകണം, എന്തെങ്കിലും ചെയ്യാനുള്ള ഇച്ഛാശക്തി ഉണ്ടായിരിക്കണം, എങ്കില്‍ മാത്രമേ ഒരാള്‍ക്ക് അവന്റെ ജീവിതം ആസ്വദിക്കാന്‍ കഴിയൂ എന്ന് രാജ്യത്തുടനീളമുള്ള എന്റെ ലക്ഷക്കണക്കിന് സഹജീവികളോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു.  ചിലപ്പോള്‍ ആളുകള്‍ എന്നോട് തളര്‍ന്നില്ലേ എന്ന് ചോദിക്കും.  ഞാന്‍ തളരാത്തതിന്റെ കാരണം ഇതാണ്.  ഓരോ നിമിഷവും മറ്റുള്ളവര്‍ക്കായി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

 സുഹൃത്തുക്കളേ,

 ഇതിന്റെ ഫലം എന്താണ്? ഒരു സ്ഥിരം പാറ്റേണിലേക്ക് നാം സ്വയം വാര്‍ത്തെടുക്കുന്നു. സ്വയം രൂപപ്പെടുത്തുന്നതില്‍ നിങ്ങള്‍ സമര്‍ത്ഥനാണ്.  ചിലര്‍ക്ക് ഇത് ഇഷ്ടപ്പെട്ടേക്കാം, പക്ഷേ ഇതല്ല ജീവിതമെന്ന് എനിക്ക് തോന്നുന്നു. ആവശ്യമുള്ളപ്പോള്‍ പരുവപ്പെടുത്തി എടുക്കുക, അല്ലാത്തപക്ഷം, ആവശ്യമുള്ളപ്പോള്‍ ഒരു കവചം. (സംവിധാനം) മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.  ഭരണത്തില്‍ നാം സഹജമായി പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടോ?  ചെറിയ പ്രശ്നങ്ങള്‍ക്ക് കമ്മീഷനുകള്‍ സ്ഥാപിക്കണോ?  ചെലവ് ചുരുക്കണമെങ്കില്‍ കുറച്ച് കമ്മീഷനുണ്ടാക്കുക!  ഭരണത്തില്‍ മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍, മറ്റൊരു കമ്മീഷനെ രൂപീകരിക്കുക.  6-12 മാസങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് വന്നാല്‍ ഒരു കമ്മിറ്റി രൂപീകരിക്കുക.  തുടര്‍ന്ന് ആ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മറ്റൊരു കമ്മറ്റി രൂപീകരിക്കുക.  തുടര്‍ന്ന് ആ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി മറ്റൊരു കമ്മീഷനെ രൂപീകരിക്കുക.  നമ്മള്‍ ഇത് ചെയ്തുകൊണ്ടിരുന്നു.  ഭരണത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തേണ്ടത് വളരെ പ്രധാനമാണ്. മുന്‍കാലങ്ങളില്‍ യുദ്ധസമയത്ത് ആനകള്‍ ഉണ്ടായിരുന്നു, പകരം കുതിരകള്‍ വന്നു.  ഇന്ന് ആനയും കുതിരയും ആവശ്യമില്ല.  മറ്റു പലതും ആവശ്യമാണ്.  ഈ പരിഷ്‌കരണം എളുപ്പമാണ്, കാരണം യുദ്ധത്തിന്റെ സമ്മര്‍ദ്ദം നമ്മെ പരിഷ്‌കരിക്കാന്‍ പ്രേരിപ്പിക്കുന്നു. രാജ്യത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളും നമ്മെ (മാറ്റങ്ങള്‍ കൊണ്ടുവരാന്‍) നിര്‍ബന്ധിക്കുന്നില്ലേ?  രാജ്യത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസ്സിലാക്കാത്തിടത്തോളം നമുക്ക് സ്വന്തം നിലയില്‍ ഭരണം പരിഷ്‌കരിക്കാനാവില്ല.  ഭരണത്തിലെ പരിഷ്‌കാരം ഒരു പതിവ് പ്രക്രിയയായിരിക്കണം, അത് സുഗമമായ ഒരു പ്രക്രിയയായിരിക്കണം, ഒരു പരീക്ഷണ സംവിധാനം ഉണ്ടാകണം.  പരീക്ഷണം വിജയിച്ചില്ലെങ്കില്‍, അത് ഉപേക്ഷിക്കാന്‍ ഒരാള്‍ക്ക് ധൈര്യമുണ്ടാകണം.  എന്റെ തെറ്റ് അംഗീകരിക്കാന്‍ എനിക്ക് കഴിയണം, പുതിയത് സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായിരിക്കണം.  അപ്പോള്‍ മാത്രമേ മാറ്റം ഉണ്ടാകൂ.  രാജ്യത്തെ പൗരന്മാര്‍ക്ക് ഭാരമായി മാറിയെന്ന് ഞാന്‍ വിശ്വസിച്ച നൂറുകണക്കിന് നിയമങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ ഇപ്പോള്‍ കാണുന്നു.  2013-ല്‍ എന്റെ പാര്‍ട്ടി ആദ്യമായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി എന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഡല്‍ഹിയിലെ ഒരു വ്യവസായ സമൂഹം എന്നെ വിളിച്ചു. 2014-ലെ തിരഞ്ഞെടുപ്പിന് 4-6 മാസങ്ങള്‍ ബാക്കിയുണ്ട്.  എന്റെ പ്ലാനിനെക്കുറിച്ച് അവര്‍ എന്നോട് ചോദിച്ചു. എല്ലാ ദിവസവും ഒരു നിയമം നിര്‍ത്തലാക്കുമെന്നും പുതിയ നിയമങ്ങള്‍ ഉണ്ടാക്കില്ലെന്നും ഞാന്‍ അവരോട് പറഞ്ഞു. അവര്‍ അത്ഭുതപ്പെട്ടു. ആദ്യത്തെ 5 വര്‍ഷത്തിനുള്ളില്‍ 1500 നിയമങ്ങള്‍ ഞാന്‍ നിര്‍ത്തലാക്കി.  എന്നോട് പറയൂ സുഹൃത്തുക്കളേ, എന്തുകൊണ്ടാണ് നമുക്ക് അത്തരം നിയമങ്ങള്‍ ആവശ്യമായി വന്നത്?  ഇന്നും, അത്തരം ഉപയോഗശൂന്യമായ നിരവധി നിയമങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.  അതുകൊണ്ട് സുഹൃത്തുക്കളേ, മുന്‍കൈയെടുത്ത് ആ നിയമങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്തെ ഈ കെണിയില്‍ നിന്ന് കരകയറ്റുക. അതുപോലെ, അത് പൊതുധാരണയിലൂടെയാണു ചെയ്യേണ്ടത് എന്നതും മാറ്റുക. ധാരണയുടെ പേരില്‍ പൗരന്മാരോട് നമ്മള്‍ എന്താണ് ചോദിക്കാത്തത്? എന്റെ കാബിനറ്റ് സെക്രട്ടറി എന്നോട് പറഞ്ഞു,രാജ്യത്തെ ഇത്തരം സമ്മതങ്ങളില്‍ നിന്ന് മോചിപ്പിക്കാനും പൗരന്മാരെ മോചിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ബാക്കി കാര്യങ്ങള്‍ അവര്‍ നോക്കും. സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷമായി, നിങ്ങള്‍ എന്തിനാണ് പൗരന്മാരെ ധാരണക്കുറവില്‍ കുടുങ്ങിക്കിടക്കുന്നത്?  ഒരു ഓഫീസില്‍ ആറ് പേര്‍ ഉണ്ടാകും, എല്ലാവര്‍ക്കും എല്ലാ വിവരങ്ങളും ഉണ്ടായിരിക്കും, എന്നിട്ടും, അവര്‍ അതേ വിവരങ്ങള്‍ വെവ്വേറെ ചോദിക്കും, അവരുടെ അടുത്തിരിക്കുന്ന ആളില്‍ നിന്ന് അത് എടുക്കില്ല.  ഞങ്ങള്‍ പൗരന്മാരോട് പലതും വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു.  ഇന്ന് സാങ്കേതികവിദ്യയുടെ യുഗമാണ്.  അനുസരണത്തിന്റെ ഭാരത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ എന്തുകൊണ്ടാണ് നമുക്ക് ഇത്തരം സംവിധാനങ്ങള്‍ വികസിപ്പിക്കാത്തത്?  ഞാന്‍ അത്ഭുതപ്പെട്ടു. നമ്മുടെ കാബിനറ്റ് സെക്രട്ടറി അടുത്തിടെ ഒരു മുന്‍കൈ എടുത്തിട്ടുണ്ട്.  ചെറിയ പ്രശ്നങ്ങള്‍ക്ക് ഒരാളെ ജയിലിലടക്കുന്നു.  ഫാക്ടറികളിലെ ശുചിമുറികള്‍ ആറുമാസം കൂടുമ്പോള്‍ പുതുതായി പെയിന്റടിച്ചില്ലെങ്കില്‍ തടവുശിക്ഷ ലഭിക്കുമെന്ന നിയമം ഞാന്‍ കണ്ടിട്ടുണ്ട്.  ഇനി പറയൂ, എങ്ങനെയാണ് ഇത്തരം നിയമങ്ങള്‍ കൊണ്ട് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ നമ്മള്‍ നിര്‍ദ്ദേശിക്കുന്നത്?  ഈ കാര്യങ്ങളില്‍ നിന്നെല്ലാം നാം മോചനം നേടേണ്ടതുണ്ട്.  സുഗമമായ നടപടികളുണ്ടാകണം, ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കേണ്ട ആവശ്യമില്ല.  നിങ്ങള്‍ അത്തരത്തിലുള്ള ഏതെങ്കിലും നിയമം കണ്ടാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക, അത് ആ സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലാണെങ്കില്‍.  അതുപോലെ, കേന്ദ്ര ഗവണ്‍മെന്റിന്റെ അധികാര പരിധിയില്‍ വന്നാല്‍ പറയൂ, മടിക്കരുത്, സഹോദരന്മാരേ. എത്രത്തോളം പൗരനെ ഈ ഭാരത്തില്‍ നിന്ന് മോചിപ്പിക്കുന്നുവോ അത്രത്തോളം അവന്‍ സന്തോഷിക്കും. ഒരു വലിയ മരത്തിന്റെ ചുവട്ടില്‍ ഒരു നല്ല പൂ ചെടി നട്ടാല്‍ ആ മരത്തിന്റെ നിഴല്‍ കാരണം അത് വളരില്ല.  ഇതേ ചെടി തുറന്ന ആകാശത്തിനു താഴെ വച്ചാല്‍ അത് ശക്തിയോടെ വളരും.  അതിനാല്‍, ഈ ഭാരത്തില്‍ നിന്ന് പൗരന്മാരെ മോചിപ്പിക്കുക.

 സുഹൃത്തുക്കളേ,

 ഇത് പൊതുവെ കണ്ടു, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, നിലവിലുള്ള ക്രമീകരണവുമായി പൊരുത്തപ്പെടാനും അവരുടെ ഭരണകാലം മുഴുവന്‍ അത് തുടരാനും ആളുകള്‍ ശ്രമിക്കുന്നു.  കഴിഞ്ഞ ഏഴു പതിറ്റാണ്ടുകള്‍ വിശകലനം ചെയ്താല്‍ ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിക്കും.  ഒരു പ്രതിസന്ധിയോ പ്രകൃതി ദുരന്തമോ മറ്റെന്തെങ്കിലും സമ്മര്‍ദ്ദമോ ഉണ്ടായപ്പോഴെല്ലാം ഞങ്ങള്‍ മാറി.  കൊറോണ ബാധിച്ചപ്പോള്‍, ഞങ്ങള്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി നിരവധി മാറ്റങ്ങള്‍ വരുത്തി.  എന്നാല്‍ അത് നല്ലതാണോ?  സമ്മര്‍ദം ഉണ്ടാകുമ്പോള്‍ മാത്രം നമ്മള്‍ മാറുന്നത് ഇങ്ങനെയാണോ?  നാം ഇല്ലായ്മയില്‍ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, നമ്മുടെ മിക്ക നിയമങ്ങളും അതിനനുസൃതമായി രൂപപ്പെടുത്തിയിരുന്നു.  എന്നാല്‍ ഇപ്പോള്‍ നമ്മള്‍ ദൗര്‍ലഭ്യത്തില്‍ നിന്ന് കരകയറുമ്പോള്‍, ആ നിയമങ്ങളെയെല്ലാം പുറത്താക്കുക. നാം ഇപ്പോള്‍ സമൃദ്ധിയെക്കുറിച്ച് ചിന്തിക്കുകയും അതിനനുസരിച്ച് നിയമങ്ങള്‍ രൂപപ്പെടുത്തുകയും വേണം.  ഉദാഹരണത്തിന്, നമ്മള്‍ ഇപ്പോള്‍ കാര്‍ഷികരംഗത്ത് മുന്നേറുകയാണ്.  ഭക്ഷ്യ സംസ്‌കരണ സംവിധാനം നമ്മള്‍ നേരത്തെ തന്നെ ഉണ്ടാക്കിയിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ഭാരമാകുന്ന ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.  പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ ഒരു വഴി കണ്ടെത്താമെന്ന് സര്‍ക്കാര്‍ പഠിച്ചു, പക്ഷേ നമുക്ക് സുസ്ഥിരമായ രീതിയില്‍ സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്.  സാധ്യമായ പ്രശ്‌നങ്ങള്‍ നാം ദൃശ്യവല്‍ക്കരിക്കുകയും അവയുടെ പരിഹാരത്തിനായി പ്രവര്‍ത്തിക്കുകയും വേണം.  അതുപോലെ വെല്ലുവിളികള്‍ക്ക് പിന്നാലെ ഓടാന്‍ നിര്‍ബന്ധിതരായാല്‍ അത് ശരിയല്ല.  വെല്ലുവിളികള്‍ നാം മുന്‍കൂട്ടി കാണണം.  സാങ്കേതികവിദ്യ ലോകത്തെ മാറ്റിമറിച്ചിട്ടുണ്ടെങ്കില്‍, ഭരണത്തില്‍ നിലനില്‍ക്കുന്ന വെല്ലുവിളികള്‍ അറിയുകയും അതിന് തയ്യാറാകുകയും വേണം.  അതിനാല്‍, ഭരണത്തിലെ പരിഷ്‌കാരങ്ങള്‍ ഒരു തുടര്‍ച്ചയായ പ്രക്രിയയായിരിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. നമ്മിലൊരാള്‍ വിരമിക്കുമ്പോഴെല്ലാം ഉള്ളില്‍ നിന്ന് അടുത്ത ഒരു ശബ്ദം ഉയരണമെന്ന് ഞാന്‍ പറയാറുണ്ട്. അടുത്ത 25-30 വര്‍ഷത്തേക്ക് രാജ്യത്തിന് ഉപയോഗപ്രദമാകാന്‍ പോകുന്ന നിരവധി പരിഷ്‌കാരങ്ങള്‍ എന്റെ കാലത്ത് ഞാന്‍ ഭരണത്തില്‍ വരുത്തിയിട്ടുണ്ട്.  ഇങ്ങനെയാണ് മാറ്റം സംഭവിക്കുന്നത്.

 സുഹൃത്തുക്കളേ,

 കഴിഞ്ഞ 8 വര്‍ഷത്തിനിടെ നിരവധി സുപ്രധാന സംഭവങ്ങളാണ് രാജ്യത്ത് നടന്നത്.  ഇത്തരം പല പ്രചാരണങ്ങളുടെയും കാതല്‍ സ്വഭാവമാറ്റമാണ്.  ഇവ ബുദ്ധിമുട്ടുള്ള ജോലികളാണ്, രാഷ്ട്രീയക്കാര്‍ ഒരിക്കലും അവയെ തൊടാന്‍ ധൈര്യപ്പെടുന്നില്ല.  പക്ഷെ ഞാന്‍ രാഷ്ട്രീയത്തില്‍ നിന്നും വളരെ ദൂരെയാണു സുഹൃത്തുക്കളേ.  പക്ഷേ, ജനാധിപത്യത്തില്‍ ഒരു സംവിധാനമുണ്ട്. ഞാന്‍ രാഷ്ട്രീയത്തിലൂടെയാണു വന്നത് എന്നതു മറ്റൊരു കാര്യം. എന്റെ സ്വഭാവം അടിസ്ഥാനപരമായി രാഷ്ട്രീയമല്ല.  ഞാന്‍ പൊതു നയവുമായി ബന്ധപ്പെട്ട ഒരു വ്യക്തിയാണ്.  ഞാന്‍ സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു വ്യക്തിയാണ്.

 സുഹൃത്തുക്കളേ,

 സ്വഭാവം മാറ്റാനുള്ള എന്റെ ശ്രമവും സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ മാറ്റം കൊണ്ടുവരാനുള്ള ശ്രമവും എന്റെ പ്രതീക്ഷയുടെയും അഭിലാഷത്തിന്റെയും ഭാഗമാണ്.  ഞാന്‍ സമൂഹത്തെക്കുറിച്ച് പറയുമ്പോള്‍, ഭരണത്തിലുള്ളവരും വ്യത്യസ്തരല്ല, അവര്‍ മറ്റൊരു ഗ്രഹത്തില്‍ നിന്ന് വന്നവരല്ല, അവരും അതിന്റെ ഭാഗമാണ്.  ചിലപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ വിവാഹ കാര്‍ഡുമായി എന്റെ അടുത്ത് വരാറുണ്ട്.  അവര്‍ വളരെ ചെലവേറിയ കാര്‍ഡുകള്‍ കൊണ്ടുവരുന്നില്ല.  ഇവ വളരെ നിലവാരം കുറഞ്ഞ കാര്‍ഡുകളാണെങ്കിലും അവയുടെ മേല്‍ സുതാര്യമായ പ്ലാസ്റ്റിക് കവറുകളാണുള്ളത്.  അതുകൊണ്ട്, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് തുടരണമെന്ന് ഞാന്‍ അവരോട് സഹജമായി ചോദിക്കുന്നു?  അവര്‍ക്ക് ലജ്ജ തോന്നുന്നു.  രാജ്യം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെങ്കില്‍, ഓഫീസിലായിരിക്കുമ്പോള്‍ ഞാന്‍ എന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നുണ്ടോ എന്നതാണ് എന്റെ കാര്യം.  ഞാന്‍ പൊതുവെ ചെറിയ പ്രശ്നങ്ങള്‍ ഏറ്റെടുക്കാറുണ്ട്, കാരണം നമ്മള്‍ വലിയ പ്രശ്നങ്ങളില്‍ മുഴുകിയിരിക്കുന്നതിനാല്‍ ചെറിയ പ്രശ്നങ്ങളിലേക്ക് നാം അകന്നുപോകും.  ഇത് സംഭവിക്കുമ്പോള്‍, ആളുകള്‍ക്കിടയില്‍ മതിലുകള്‍ സൃഷ്ടിക്കപ്പെടുന്നു, എനിക്ക് ഈ മതിലുകള്‍ പൊളിക്കേണ്ടതുണ്ട്.  ഇപ്പോള്‍ ശുചിത്വ പ്രചാരണത്തെ സംബന്ധിച്ചിടത്തോളം, എന്റെ വകുപ്പില്‍ ഓരോ 15 ദിവസം കൂടുമ്പോഴും ഞാന്‍ അത് നിരീക്ഷിക്കേണ്ടതുണ്ട്.  അഞ്ചുവര്‍ഷമായി ഈ പ്രചാരണം നടക്കുന്നതല്ലേ നമ്മുടെ വകുപ്പിന്റെ സ്വഭാവം?  അവര്‍ ഈ മനോഭാവം വളര്‍ത്തിയെടുത്തില്ലെങ്കില്‍, രാജ്യത്തെ സാധാരണ പൗരനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് വളരെ വലുതായിരിക്കും. നാം ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചും ഫിന്‍ടെക്കില്‍ ഇന്ത്യ കൊണ്ടുവന്ന ആവേഗത്തെക്കുറിച്ചും ഡിജിറ്റല്‍ പണമിടപാടില്‍ ലോകത്ത് സ്വീകരിച്ച നടപടികളെക്കുറിച്ചും സംസാരിക്കുന്നു. കാശിയില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരന് പ്രതിഫലം ലഭിക്കുമ്പോള്‍, ഞങ്ങളുടെ ഉദ്യോഗസ്ഥന് കൈയടിക്കാന്‍ തോന്നും, കാരണം ആ തെരുവ് കച്ചവടക്കാരന്‍ ഡിജിറ്റല്‍ പണമിടപാട് നടത്തുന്നു.  എന്നാല്‍ എന്റെ ഉദ്യോഗസ്ഥന്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നില്ലെങ്കില്‍, സംവിധാനത്തിനുള്ളില്‍ ഇരിക്കുന്ന വ്യക്തി ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നില്ലെങ്കില്‍, അതിനര്‍ത്ഥം അവര്‍ അതിനെ ഒരു ബഹുജന പ്രസ്ഥാനമാക്കുന്നതിന് തടസ്സമായിത്തീര്‍ന്നിരിക്കുന്നു എന്നാണ്. സിവില്‍ സര്‍വീസ് ദിനത്തില്‍ നമ്മള്‍ ഇത് ചര്‍ച്ച ചെയ്യേണ്ടതില്ലേ?  അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. രണ്ടു ദിവസമായി നിങ്ങള്‍ ഇവിടെ ഉള്ളതിനാല്‍ എന്നെയും ഇതിലേക്കു വലിച്ചിടുമെന്ന് എനിക്കറിയാം.  അതുകൊണ്ട് സുഹൃത്തുക്കളെ, സമൂഹത്തില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ സ്വയം ആരംഭിക്കാന്‍ ശ്രമിക്കണം.  ഇക്കാര്യത്തില്‍ നാം പരിശ്രമിച്ചാല്‍ വലിയ മാറ്റം കൊണ്ടുവരാനാകും.  ജെം പോര്‍ട്ടലിനെക്കുറിച്ച് വീണ്ടും വീണ്ടും സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കേണ്ടതുണ്ടോ, അതിന്റെ ഉപയോഗം 100% ആയി എങ്ങനെ കൊണ്ടുപോകാം?  സുഹൃത്തുക്കളേ, ഞങ്ങളുടെ യുപിഐ ഒരു ശക്തമായ മാധ്യമമായി മാറിയിരിക്കുന്നു, അത് ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.  എന്റെ മൊബൈല്‍ ഫോണില്‍ യുപിഐ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടോ?  എനിക്ക് യുുപിഐ ശീലമാണോ?  എന്റെ കുടുംബാംഗങ്ങള്‍ ഇത് ഉപയോഗിക്കുന്നുണ്ടോ?  നമ്മുടെ കയ്യില്‍ ഒരുപാട് അധികാരം ഉണ്ട്, എന്നാല്‍ യുപിഐയുടെ സാധ്യതകള്‍ നമ്മള്‍ അംഗീകരിച്ചില്ലെങ്കില്‍ അതുകൊണ്ടെന്തു കാര്യം. ഗൂഗിള്‍ വിദേശിയാണെന്ന് ഞാന്‍ പറയും. എന്നാല്‍ നമ്മള്‍ യുപിഐ സ്വീകരിച്ചാല്‍ ഗൂഗിളിനെ മറികടക്കാന്‍ കഴിയും.  അതിന് അത്രയും ശക്തിയുണ്ട്.  ഫിന്‍ടെക്കിന്റെ ലോകത്ത് ഇതിന് പേര് ഉണ്ടാക്കാന്‍ കഴിയും.  ഇത് സാങ്കേതികമായി സമ്പൂര്‍ണമാണെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു, ലോകബാങ്ക് ഇതിനെ പ്രശംസിക്കുന്നു.  എന്തുകൊണ്ടാണ് ഇത് നമ്മുടെ സ്വന്തം വ്യവസ്ഥിതിയുടെ ഭാഗമായി മാറാത്തത്?  സായുധ സേനകള്‍ അവരുടെ കാന്റീനുകളില്‍ ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത് ഞാന്‍ കണ്ടു.  അവര്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ മാത്രമാണ് നടത്തുന്നത്.  പക്ഷേ ഇന്നും അത് ഉപയോഗിക്കാത്ത കാന്റീനുകള്‍ നമ്മുടെ സെക്രട്ടേറിയറ്റിലുണ്ട്.  നമുക്ക് ഈ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ലേ?  ഈ പ്രശ്നങ്ങള്‍ ചെറുതായി തോന്നുമെങ്കിലും നമ്മള്‍ സുഹൃത്തുക്കളെ പരീക്ഷിച്ചാല്‍ വലിയ കാര്യങ്ങള്‍ നേടാനാകും.  അവസാനത്തെ വ്യക്തിക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഒരു തികഞ്ഞ തടസ്സമില്ലാത്ത സംവിധാനം നാം തുടര്‍ച്ചയായി സൃഷ്ടിക്കേണ്ടതുണ്ട്.  ഈ സംവിധാനം എത്രയധികം നാം നിര്‍മ്മിക്കുന്നുവോ അത്രയധികം അവസാനത്തെ വ്യക്തിയെ ശാക്തീകരിക്കുക എന്ന രാജ്യത്തിന്റെ ദൗത്യം കൈവരിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു.

 സുഹൃത്തുക്കളേ,

 ഞാന്‍ നിങ്ങളുടെ ഒരുപാട് സമയം എടുത്തു. പല വിഷയങ്ങളും ഞാന്‍ നിങ്ങളോട് സംസാരിച്ചിട്ടുണ്ട്.  എന്നാല്‍ ഈ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  ഈ സിവില്‍ സര്‍വീസ് ദിനം നമ്മുടെ ഉള്ളില്‍ പുതിയ ഊര്‍ജം പകരാനും പുതിയ തീരുമാനങ്ങള്‍ എടുക്കാനുമുള്ള അവസരമായി മാറണം. പുതിയ ഉദ്യോഗസ്ഥരെ പുതിയ ആവേശത്തോടെ കൈപിടിച്ചുയര്‍ത്തണം.  ഈ വ്യവസ്ഥിതിയുടെ ഭാഗമാകാന്‍ നാം അവരെ ആവേശം കൊള്ളിക്കണം. നമ്മുടെ ജീവിതം പൂര്‍ണ്ണമായി ജീവിക്കുമ്പോള്‍ സഹപ്രവര്‍ത്തകരെ മുന്നോട്ട് കൊണ്ടുപോകണം.  ഈ പ്രതീക്ഷയോടെ, നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. വളരെയധികം നന്ദി.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi